മെൽബേൺ റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ കരാറിലൊപ്പുവെച്ച് നഥാന്‍ ലയൺ

ബിഗ് ബാഷിൽ നഥാന്‍ ലയണിന് മൂന്ന് വര്‍ഷത്തെ കരാര്‍. താരം മെൽബേൺ റെനഗേഡ്സുമായാണ് കരാറിലെത്തിയിരിക്കുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ സിഡ്നി സിക്സേഴ്സിൽ നിന്നാണ് ലയൺ റെനഗേഡ്സിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓസ്ട്രേലിയയ്ക്കായി ടി20 ഫോര്‍മാറ്റിൽ കളിച്ചിട്ടില്ലാത്ത താരത്തിന് ഇത്തവണ മെൽബേൺ സ്റ്റാര്‍സിൽ നിന്നെത്തുന്ന ആഡം സംപയുമായി കളിക്കാനുള്ള അവസരം റെനഗേഡ്സിലുണ്ട്.

ഗപ്ടിലിനെ സ്വന്തമാക്കി മെൽബേൺ റെനഗേഡ്സ്

ന്യൂസിലാണ്ടിന്റെ അടുത്തിടെ കേന്ദ്ര കരാര്‍ പട്ടികയിൽ നിന്ന് പുറത്തായ ഓപ്പണിംഗ് താരം മാര്‍ട്ടിന്‍ ഗപ്ടിലിനെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെൽബേൺ റെനഗേഡ്സ്. തന്നെ കരാറിൽ നിന്ന് റിലീസ് ചെയ്യുവാന്‍ ഗപ്ടിൽ തന്നെയാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. ഗപ്ടിലിനെ ലിയാം ലിവിംഗ്സ്റ്റണിന് പകരം ആണ് റെനഗേഡ്സ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനിലേക്കുള്ള ടെസ്റ്റ് സംഘത്തിൽ ലിയാം ലിവിംഗ്സ്റ്റണിന് ഇടം ലഭിച്ചതാണ് താരം ബിഗ് ബാഷിൽ നിന്ന് പിന്മാറുവാന്‍ കാരണമായത്.

ഗപ്ടിൽ റെനഗേഡ്സിന്റെ പത്ത് ലീഗ് മത്സരങ്ങളിൽ കളിക്കുമെന്നാണ് അറിയുന്നത്. 10 സീസണുകള്‍ക്ക് മുമ്പ് സിഡ്നി തണ്ടറിന് വേണ്ടി ഒരു മത്സരം കളിച്ചതാണ് ഗപ്ടില്‍ ബിഗ് ബാഷിൽ മുമ്പ് കളിച്ച ഏക മത്സരം.

മെൽബേൺ റെനഗേഡ്സുമായി കരാര്‍ പുതുക്കി ഹര്‍മന്‍പ്രീത് കൗര്‍

വനിത ബിഗ് ബാഷിൽ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ വീണ്ടും എത്തുന്നു. താരം മെൽബേൺ റെനഗേഡ്സുമായി തന്റെ കരാര്‍ പുതുക്കുകയായിരുന്നു. ഏഴാം സീസണിൽ റെനഗേഡ്സിന്റെ ടോപ് റൺ സ്കോററും(406 റൺസും) ഏറ്റവും അധികം വിക്കറ്റ് നേടിയതും(15) ഹര്‍മന്‍പ്രീത് കൗര്‍ ആയിരുന്നു. ആ സീസണിലെ ടൂര്‍ണ്ണമെന്റിലെ താരമായതും ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്നു.

തന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് പ്രകടനം പുറത്തെടുക്കുവാനായത് കഴിഞ്ഞ സീസണിൽ റെനഗേഡ്സിനൊപ്പം ആയിരുന്നുവെന്നും അവിടേക്ക് തിരികെ എത്തുവാന്‍ സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും ഹര്‍മന്‍പ്രീത് കൗര്‍ വ്യക്തമാക്കി.

ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് ജെയിംസ് പാറ്റിന്‍സൺ

മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സൺ ബിഗ് ബാഷിൽ നിന്ന് പിന്മാറി. മെൽബേൺ റെനഗേഡ്സ് താരത്തിന്റെ ഈ തീരുമാനത്തിന് കാരണം ലീഗിൽ ഉയര്‍ന്ന് വന്ന കൊറോണ കേസുകളുടെ എണ്ണം ആണെന്നാണ് സൂചന.

താരം ബബിള്‍ ഫറ്റീഗും ഫിസിക്കൽ സോറ്‍നെസ്സും ആണ് കാരണമായി പറഞ്ഞിരിക്കുന്നത്. നേരത്തെ മാത്യു വെയിഡ്, പീറ്റര്‍ നെവിൽ എന്നീ മറ്റ് ഫ്രാഞ്ചൈസി താരങ്ങളും പിന്മാറുവാന്‍ തീരുമാനിച്ചിരുന്നു.

ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ആരോൺ ഫിഞ്ച്, മെൽബേൺ റെനഗേഡ്സിന് കനത്ത തിരിച്ചടി

ബിഗ് ബാഷിന്റെ ഈ സീസണിന് മുമ്പ് മെൽബേൺ റെനഗേഡ്സിന് തിരിച്ചടി. ക്യാപ്റ്റന്‍ ആരോൺ ഫിഞ്ച് ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയുകയായിരുന്നു. 9 സീസണുകളോളം ടീമിനെ നയിച്ച ശേഷമാണ് ഫി‍ഞ്ചിന്റെ വിടവാങ്ങൽ.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുവാനാണ് തീരുമാനം എന്നാണ് ഫിഞ്ച് അറിയിച്ചത്. അടുത്ത സീസൺ അവസാനം വരെയാണ് ഫിഞ്ചിന്റെ റെനഗേഡ്സുമായുള്ള ബിഗ് ബാഷ് കരാര്‍. പകരം നിക് മാഡിസൺ ആണ് ടീമിനെ നയിക്കുക.

അഞ്ചാം സീസണില്‍ കളിക്കാനായി നബി റെനഗേഡ്സിലേക്ക് എത്തുന്നു

അഫ്ഗാനിസ്ഥാന്‍ ടി20 നായകന്‍ മുഹമ്മദ് നബി മെൽബേൺ റെനഗേഡ്സിനായി ഈ സീസണിലും കളിക്കും. അഞ്ചാം സീസണിലാണ് നബി റെനഗേഡ്സ് നിരയില്‍ ബിഗ് ബാഷ് കളിക്കാനായി എത്തുന്നത്.

റെനഗേഡ്സ് കുടുംബത്തിലെ അംഗമായാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും മുമ്പ് നാല് സീസണുകളിൽ താരം 34 മത്സരങ്ങള്‍ ടീമിനായി കളിച്ചിട്ടുണ്ട്. ബിഗ് ബാഷ് എട്ടാം സീസൺ വിജയിച്ച ടീമിൽ അംഗവുമായിരുന്നു നബി.

ബിഗ് ബാഷിന്റെ പതിനൊന്നാം സീസണിൽ ടീമിന് കരുത്തേകുന്ന സൈനിംഗ് ആണ് നബിയുടേതെന്നാണ് കോച്ച് ഡേവിഡ് സാക്കര്‍ അഭിപ്രായപ്പെട്ടത്.

ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം ആയി മാറുവാന്‍ ഉന്മുക്ത് ചന്ദ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെൽബേൺ റെനഗേഡ്സുമായി കരാറിലെത്തി ഇന്ത്യന്‍ താരം ഉന്മുക്ത് ചന്ദ്. ഇതോടെ ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരമായി ഉന്മുക്ത് മാറും.

ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്ത 28 വയസ്സുകാരന്‍ താരം ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന് വേണ്ടിയാണ് കളിക്കുന്നത്. ഇതോടെ താരത്തിന് ബിഗ് ബാഷ് പോലുള്ള വിദേശ ലീഗുകളില്‍ കളിക്കുവാനുള്ള അവസരം ലഭിയ്ക്കുകയായിരുന്നു.

ജെമീമയ്ക്കൊപ്പം ഹര്‍മ്മന്‍പ്രീതും റെനഗേഡ്സിനായി കളിക്കാനെത്തുന്നു

വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേൺ റെനഗേഡ്സ് ഇന്ത്യന്‍ വനിത ടി20 ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന് സ്വന്തമാക്കി. നേരത്തെ ജെമീമ റോഡ്രിഗസിനെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു.

ഇതോടെ ബിഗ് ബാഷിൽ 6 ഇന്ത്യന്‍ വനിത താരങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. മുമ്പ് സിഡ്നി തണ്ടറിന് വേണ്ടി ബിഗ് ബാഷിൽ കളിച്ച് പരിചയമുള്ള താരമാണ് ഹര്‍മ്മന്‍പ്രീത് കൗര്‍.

ബിഗ് ബാഷിലേക്ക് ജെമീമയും എത്തുന്നു

വനിത ബിഗ് ബാഷ് ലീഗിൽ ഇന്ത്യയുടെ ജെമീമ റോഡ്രിഗസും എത്തുന്നു. 21 വയസ്സുള്ള താരം അടുത്തിടെ നടന്ന ദി ഹണ്ട്രെഡിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് മെല്‍ബേൺ റെനഗേഡ്സ് ആണ് ജെമീമയെ ടീമിലേക്ക് എത്തിചിരിക്കുന്നത്.

വനിതകളുടെ ദി ഹണ്ട്രെഡിൽ ഏഴ് ഇന്നിംഗ്സിൽ നിന്ന് 249 റൺസ് നേടിയ ജെമീമ ടൂര്‍ണ്ണമെന്റിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന താരമായിരുന്നു.

മെല്‍ബേൺ റെനഗേഡ്സിന് പുതിയ ക്യാപ്റ്റനായി സോഫി മോളിനക്സ് എത്തുന്നു

വനിത ബിഗ് ബാഷിൽ മെല്‍ബേൺ റെനഗേഡ്സിന് പുതിയ ക്യാപ്റ്റന്‍. സോഫി മോളിനക്സിനെയാണ് ടീം ക്യാപ്റ്റന്‍സി ദൗത്യം ഏല്പിച്ചിരിക്കുന്നത്. ന്യൂസിലാണ്ടിന്റെ ആമി സാത്തെര്‍ത്ത്‍വൈറ്റിൽ നിന്നാണ് സോഫി ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുന്നത്.

2020-21 സീസണിൽ ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. കോച്ചായി സൈമൺ ഹെല്‍മോട്ടിനെയും നിയമിക്കുവാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിരുന്നു. ലാച്ചാലൻ സ്റ്റീവന്‍സിന് പകരക്കാരനായാണ് സൈമൺ കോച്ചായി എത്തുന്നത്.

കഴിഞ്ഞ സീസണിൽ മോളിനക്സ് ടീമിന് വേണ്ടി 221 റൺസും 11 വിക്കറ്റും നേടിയിരുന്നു. ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടത് വലിയ ബഹുമതിയാണെന്നും താരം വെളിപ്പെടുത്തി. ഓസ്ട്രേലിയയ്ക്കായി 24 അന്താരാഷ്ട്ര ടി20കളിലും 6 ഏകദിനങ്ങളിലും 1 ടെസ്റ്റിലും കളിച്ചിട്ടുള്ള താരമാണ് മോളിനക്സ്.

മെൽബേൺ റെനഗേഡ്സിന് പുതിയ പരിശീലകൻ

മെൽബേൺ റെനഗേഡ്സിന്റെ പരിശലനായി മുൻ ഓസ്ട്രേലിയൻ പേസ് ബൗളിംഗ് കോച്ച് ഡേവിഡ് സാക്ക‍ര്‍ എത്തുന്നു. ഓസ്ട്രേലിയയ്ക്ക് പുറമെ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ബൗളിംഗ് കോച്ചായി സാക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് 2015-16 സീസണിൽ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സാക്കര്‍. കഴിഞ്ഞ രണ്ട് സീസണിലെ മോശം പ്രകടനത്തിന് ശേഷം ആണ് റെനഗേഡ്സ് വീണ്ടും സാക്കറിനെ ദൗത്യം ഏല്പിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് സാക്ക‍ര്‍ ടീമിന്റെ പരിശീലകനായി എത്തുന്നത്. ക്ലബ് നിലനിര്‍ത്തിയ താരങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ടോപ് ഓര്‍ഡര്‍ അതിശക്തമാണെന്നാണ് തന്റെ വിലയിരുത്തലെന്നും സാക്കര്‍ പറഞ്ഞു. വരും മാസങ്ങളിലും പുതിയ താരങ്ങളെയും ടീമിലേക്ക് എത്തിച്ച് ടീമിനെ കരുത്തരാക്കുകയാണ് ലക്ഷ്യമെന്നും സാക്കര്‍ സൂചിപ്പിച്ചു.

റെനഗേഡ്സ് കോച്ച് ക്ലിംഗര്‍ പടിയിറങ്ങുന്നു, ഇനി പുതിയ ദൗത്യം ന്യൂ സൗത്ത് വെയില്‍സില്‍

മെല്‍ബേണ്‍ റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ സ്ഥാനം ഒഴിയുന്നു. താരം ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവനെന്ന സ്ഥാനം വഹിക്കുവാനാണ് ഇപ്പോളത്തെ റോളില്‍ നിന്ന് രാജി വയ്ക്കുന്നത്. റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ആയിരുന്നു ക്ലിംഗറിനുണ്ടായിരുന്നതെങ്കിലും രണ്ട് മോശം സീസണുകള്‍ക്ക് ശേഷം 40 വയസ്സുകാരന്‍ പടിയിറങ്ങുകയാണ്.

ഈ രണ്ട് സീസണുകളിലും റെനഗേഡ്സ് അവസാന സ്ഥാനക്കാരായാണ് പോയിന്റ് പട്ടികയില്‍ അവസാനിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് റെനഗേഡ്സിന് ഈ സീസണില്‍ വെറും 4 മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കുവാനായത്.

ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവന്‍ എന്ന പുതിയ ദൗത്യം താന്‍ ഏറെ ഉറ്റുനോക്കുന്നതാണെന്ന് മൈക്കല്‍ ക്ലിംഗര്‍ വ്യക്തമാക്കി.

Exit mobile version