റൺ മഴ കണ്ട മത്സരത്തിൽ 20 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്

അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ 20 റൺസിന്റെ വിജയവുമായി വെസ്റ്റിന്‍ഡീസ്. ഇന്നലെ ഇരു ഇന്നിംഗ്സിലും 200ന് മേലെ റൺസ് കണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് റോവ്മന്‍ പവലിന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ 224/5 എന്ന സ്കോര്‍ നേടി.

റോവ്മന്‍ പവൽ പത്ത് സിക്സുകളുടെ സഹായത്തോടെ 53 പന്തിൽ 107 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 43 പന്തിൽ 70 റൺസാണ് നേടിയത്.

ടോപ് ഓര്‍ഡറിൽ ടോം ബാന്റണും മധ്യ നിരയിൽ ഫിലിപ്പ് സാള്‍ട്ടും കസറിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് മാത്രമേ ഇംഗ്ലണ്ടിന് നേടാനായുള്ളു. ബാന്റൺ 39 പന്തിൽ 73 റൺസ് നേടിയപ്പോള്‍ സാള്‍ട്ട് 24 പന്തിൽ 57 റൺസാണ് നേടിയത്.

വെസ്റ്റിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് 3 വിക്കറ്റും കീറൺ പൊള്ളാര്‍ഡ് 2 വിക്കറ്റും നേടി.

ടോം ബാന്റണിന് പകരം ടോം ആബെല്ലിനെ സ്വന്തമാക്കി ബ്രിസ്ബെയിൻ ഹീറ്റ്

ബിഗ് ബാഷിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ താരം ടോം ബാന്റണിന് പകരം സോമര്‍സെറ്റിന്റെ ടോം ആബെല്ലിനെ സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ബയോ-സുരക്ഷിതമായ സാഹചര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുവാന്‍ സാധിക്കില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ടോം ബാന്റൺ ബിഗ് ബാഷിൽ നിന്ന് പിന്മാറിയത്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ടി20 ലീഗുകളില്‍ കളിച്ചിട്ടുള്ള താരമാണ് ടോം ആബെല്‍. 53 ടി20 മത്സരങ്ങളിൽ നിന്ന് 144.94 എന്ന സ്ട്രൈക്ക് റേറ്റിലാണ് സോമര്‍സെറ്റ് ക്യാപ്റ്റന്റെ സ്കോറിംഗ്.

ശ്രീലങ്കയ്ക്കെതിരെയുള്ള അവസാന ഏകദിനത്തിൽ ടോം ബാന്റണിനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് താരം ടോം ബാന്റണിനെ ശ്രീലങ്കയ്ക്കെതിരെയുള്ള അവസാനത്തെയും മൂന്നാമത്തെയും ഏകദിനത്തിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തി. ദാവിദ് മലന്‍ വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ചതും ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ പരിക്കിന്റെ പിടിയിലായതുമാണ് ഇംഗ്ലണ്ടിനെ കരുതൽ താരമെന്ന നിലയിൽ ബാന്റണിനെ ടീമിലുള്‍പ്പെടുത്തുവാനെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

ഇംഗ്ലണ്ടിനായി ആറ് ഏകദിനങ്ങളും 9 ടി20 മത്സരങ്ങളുമാണ് ബാന്റണിന് കളിച്ചിട്ടുള്ളത്. ഈ ആഴ്ച സോമര്‍സെറ്റിന് വേണ്ടി ടി20 ബ്ലാസ്റ്റിൽ 47 പന്തിൽ ശതകം നേടി താരം മികച്ച ഫോമിലുമാണ്. ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ 1-0ന് മുന്നിലാണ്.

ടോം ബാന്റണ്‍ കോവിഡ് പോസിറ്റീവ്

ഇംഗ്ലണ്ട് താരം ടോം ബാന്റണ്‍ കോവിഡ് പോസിറ്റീവായി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ രണ്ട് വിദേശ താരങ്ങളില്‍ ഒരാള്‍ ടോം ബാന്റണ്‍ ആണെന്നാണ് ലഭിയ്ക്കുന്ന വിവരം. ഔദ്യോഗിക റിലീസില്‍ പേര് വ്യക്തമാക്കിയില്ലെങ്കിലും ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരത്തിനാണ് കോവിഡ് എന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

കറാച്ചി കിംഗ്സിന്റെ ഫീല്‍ഡിംഗ് കോച്ച് കമ്രാന്‍ ഖാന് ആണ് കോവിഡ് വന്ന മറ്റൊരു സപ്പോര്‍ട്ട് സറ്റാഫ്.

ടോം ബാന്റണ് കൊല്‍ക്കത്ത നിരയില്‍ അരങ്ങേറ്റം, കോഹ്‍ലിയ്ക്ക് ടോസ്

ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തില്‍ ടോസ് നേടി വിരാട് കോഹ്‍ലി. ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റമാണ് ബാംഗ്ലൂര്‍ നിരയിലുള്ളത്. ഗുര്‍കീരത്ത് സിംഗ് മന്നിന് പകരം മുഹമ്മദ് സിറാജ് ടീമിലേക്ക് എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ ടോം ബാന്റണ്‍ തന്റെ അരങ്ങേറ്റം നടത്തുകയാണ്. സുനില്‍ നരൈന് പകരമാണ് ടോം ബാന്റണ്‍ ഇറങ്ങുന്നത്. ഇന്ന് ജയം നേടുകയാണെങ്കിലും ഇരു ടീമുകള്‍ക്കും പോയിന്റ് പട്ടികയില്‍ പത്ത് പോയിന്റ് നേടാനാകും. കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Washington Sundar, Shivam Dube, Chris Morris, Isuru Udana, Navdeep Saini, Mohammed Siraj, Yuzvendra Chahal

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Rahul Tripathi, Shubman Gill, Nitish Rana, Eoin Morgan, Dinesh Karthik(w/c), Tom Banton, Andre Russell, Pat Cummins, Kamlesh Nagarkoti, Prasidh Krishna, Varun Chakravarthy

മൂന്നാം മത്സരത്തില്‍ ടോം ബാന്റണ്‍ ഓപ്പണ്‍ ചെയ്തേക്കാമെന്ന് സൂചന നല്‍കി ഓയിന്‍ മോര്‍ഗന്‍

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് ഓപ്പണിംഗില്‍ പരീക്ഷിച്ചത് ടോം ബാന്റണെയും ജോണി ബൈര്‍സ്റ്റോയെയും ആയിരുന്നു. പരമ്പരയില്‍ ജോസ് ബട്‍ലറിന് വിശ്രമം നല്‍കിയതിനാല്‍ കൂടിയായിരുന്നു ടോം ബാന്റണിനെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്. താരം മികച്ച ഫോമില്‍ കളിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയന്‍ പരമ്പരയില്‍ ജോസ് ബട്‍ലര്‍ തിരികെ എത്തിയതോടെ ടോം ബാന്റണ്‍ മൂന്നാം നമ്പറിലേക്ക് ഇറങ്ങി. താരത്തിനാകട്ടെ അവിടെ അധികം ശോഭിക്കാനും ആയില്ല. ഇപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ നല്‍കിയ സൂചന ശരിയെങ്കിലും ടോം ബാന്റണെ മൂന്നാം മത്സരത്തില്‍ ഓപ്പണിംഗില്‍ പരീക്ഷിച്ചേക്കുമെന്നാണ് പറയുന്നത്.

ഇംഗ്ലണ്ട് ഓപ്പണിംഗില്‍ തങ്ങളുടെ വേറെ അവസരങ്ങളും പരീക്ഷിക്കുമെന്നാണ് പരമ്പര വിജയത്തിന് ശേഷമുള്ള പ്രസന്റേഷന്‍ സെറിമണിയില്‍ മോര്‍ഗന്‍ പറഞ്ഞത്. ഫോമിലില്ലാത്ത ജോണി ബൈര്‍സ്റ്റോയെ മാറ്റിയാകുമോ ഇംഗ്ലണ്ട് ബാന്റണ് ഓപ്പണിംഗില്‍ അവസരം നല്‍കുകക. അതോ ഫോമിലുള്ള ജോസ് ബട്‍ലര്‍ക്ക് വിശ്രമം നല്‍കിയിട്ടാകുമോ എന്നത് മാത്രമേ ഇനി ആലോചിക്കേണ്ടതുള്ളളു.

ഇംഗ്ലണ്ടിനെതിരെ അഞ്ച് റണ്‍സ് വിജയം, പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി20യില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയിരുന്നു. 86 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസിന്റെയും തന്റെ അരങ്ങേറ്റ ടി20 മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഹൈദര്‍ അലിയുടെയും പ്രകടനങ്ങളുടെ മികവിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.

ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മധ്യനിര പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സേ ടീമിന് നേടാനായുള്ളു. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വിജയത്തിനായി നേടേണ്ടിയിരുന്നത്. അവസാന ഓവറിന് മുമ്പ് 33 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മോയിന്‍ അലി പുറത്തായതോടെയാണ് ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്തമിക്കുന്നത്.

ടോപ് ഓര്‍ഡറില്‍ ടോം ബാന്റണ്‍ 46 റണ്‍സ് നേടിയെങ്കിലും ഒരു വശത്ത് വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് 69/4 എന്ന നിലയിലേക്ക് വീണു. ഈ സ്കോറില്‍ 46 റണ്‍സും ബാന്റണിന്റെ സംഭാവനയായിരുന്നു. പിന്നീട് മോയിന്‍ അലി-സാം ബില്ലിംഗ്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 57 റണ്‍സാണ് ഇംഗ്ലണ്ട് പ്രതീക്ഷകളെ വീണ്ടുമുണര്‍ത്തിയത്. എന്നാല്‍ കൂട്ടുകെട്ട് തകര്‍ത്ത് വഹാബ് റിയാസ് പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

ഒരു വശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും മോയിന്‍ അലി മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്നു. 4 വീതം സിക്സും ഫോറും നേടിയ താരം 7 പന്ത് അവശേഷിക്കെ പുറത്തായതോടെ ഇംഗ്ലണ്ട് പിന്നില്‍ പോയി. വിജയത്തോടെ ടി20 പരമ്പര 1-1ന് സമനിലയിലാക്കുവാന്‍ പാക്കിസ്ഥാനായി.

പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസും ഷഹീന്‍ അഫ്രീദിയും രണ്ട് വീതം വിക്കറ്റ് നേടി.

ടെസ്റ്റിന് പിന്നാലെ ടി20യിലും മഴയുടെ വെല്ലുവിളി, ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

ടെസ്റ്റ് പരമ്പര ഭൂരിഭാഗവും കവര്‍ന്ന ശേഷം ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ ടി20 മത്സരത്തിലും മഴയുടെ ഇടപെടല്‍. ഇംഗ്ലണ്ട് ഇന്നിംഗ്സ് പുരോഗമിക്കവെ കളി തടസ്സപ്പെടുത്തിയ മഴ കാരണം പിന്നീട് മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടോം ബാന്റണ്‍ നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന് ശേഷം പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിനിടെയാണ് മഴ വില്ലനായി എത്തിയത്.

ടോം ബാന്റണ്‍ 4 ഫോറും 5 സിക്സും അടക്കം 42 പന്തില്‍ നിന്ന് നേടിയ 71 റണ്‍സാണ് ഇംഗ്ലണ്ട് നിരയിലെ മിന്നും പ്രകടനം. പാക്കിസ്ഥാന് വേണ്ടി ഷദബ് ഖാനും ഇമാദ് വസീമും രണ്ട് വീതം വിക്കറ്റ് നേടി. 16.1 ഓവറില്‍ 131/6 എന്ന നിലയില്‍ നില്‍ക്കവെയാണ് മത്സരം കളി തടസ്സപ്പെടുത്തിയത്.

സംഹാരതാണ്ഡവവുമായി ടോം ബാന്റണ്‍, താരത്തെ പുറത്താക്കിയ ശേഷം മത്സരത്തിലേക്ക് പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ ആദ്യ ടി20 മത്സരം തടസ്സപ്പെടുത്തി മഴ. ഒരു ഘട്ടത്തില്‍ 200ന് മേലുള്ള സ്കോര്‍ ഇംഗ്ലണ്ട് നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇംഗ്ലണ്ട് മധ്യനിരയെ തകര്‍ത്തെറിഞ്ഞ് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. 16.1 ഓവറില്‍ 131/6 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായി അവതരിച്ചത്. മൂന്ന് റണ്‍സുമായി സാം ബില്ലിംഗ്സും 2 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദനമാണ് ക്രീസിലുള്ളത്.

ഇന്ന് ടോസ് നേടിയ പാക്കിസ്ഥാന്‍ എതിരാളികളോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയെ(2) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ടോം ബാന്റണും ദാവീദ് മലനും കൂടി മിന്നും തുടക്കം ടീമിന് നല്‍കുകയായിരുന്നു. 23 റണ്‍സ് നേടിയ മലന്‍ റണ്ണൗട്ടാവുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടി ചേര്‍ത്തിരുന്നു.

ടോം ബാന്റണ് കൂട്ടായി ഓയിന്‍ മോര്‍ഗന്‍ കൂടിയെത്തിയപ്പോള്‍ സ്കോറിംഗ് വേഗത വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. ആദ്യ 19 പന്തില്‍ നിന്ന് 20 റണ്‍സ് മാത്രം നേടിയ ബാന്റണ്‍ 33 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. താരത്തിന്റെ കരിയറിലെ ആദ്യ ടി20 അന്താരാഷ്ട്ര അര്‍ദ്ധ ശതകം കൂടിയായിരുന്നു ഇത്.

42 പന്തില്‍ 71 റണ്‍സ് നേടിയ ടോം ബാന്റണെ ഇംഗ്ലണ്ടിന് നഷ്ടമാകുമ്പോള്‍ ടീം സ്കോര്‍ 109/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് പാക്കിസ്ഥാന്‍ താരങ്ങളുടെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് മത്സരത്തില്‍ കണ്ടത്. ഇഫ്തിക്കാര്‍ അഹമ്മദ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ(14) പുറത്താക്കിയപ്പോള്‍ മോയിന്‍ അലിയെ പുറത്താക്കി ഷദബ് ഖാന്‍ തന്റെ രണ്ടാമത്തെ വിക്കറ്റും നേടി.

ഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തി മോര്‍ഗന്‍-ബാന്റണ്‍ കൂട്ടുകെട്ട്, വാലറ്റത്തില്‍ തിളങ്ങി ഡേവിഡ് വില്ലിയും ടോം കറനും

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ ശതകത്തിന്റെയും ടോം ബാന്റണ്‍ തന്റെ കന്നി ഏകദിന അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ബലത്തില്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഈ കൂട്ടുകെട്ട് തകര്‍ന്നതോടെ ഇംഗ്ലണ്ടിന് തകര്‍ച്ച നേരിട്ടെങ്കിലും വാലറ്റത്തില്‍ ഡേവിഡ് വില്ലി നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം ടോം കറനും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ മുന്നൂറ് കടക്കുകയായിരുന്നു. അയര്‍ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 49.5 ഓവര്‍ 328 റണ്‍സാണ് നേടിയത്.

ആദ്യ ഓവറില്‍ തന്നെ ജേസണ്‍ റോയിയെ നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീട് ജോണി ബൈര്‍സ്റ്റോ, ജെയിംസ് വിന്‍സ് എന്നിവരെ നഷ്ടമായി 44/3 എന്ന നിലയില്‍ ആയ ശേഷം നാലാം വിക്കറ്റില്‍ മോര്‍ഗന്‍-ബാന്റണ്‍ കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.

അതി വേഗം സ്കോറിംഗ് നടത്തിയ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 186 റണ്‍സാണ് നേടിയത്. 84 പന്തില്‍ നിന്ന് 15 ഫോറും നാല് സിക്സും അടക്കം 106 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനാണ് ആദ്യം പുറത്തായത്. അധികം വൈകാതെ ടോം ബാന്റണും മടങ്ങി. താരം 51 പന്തില്‍ നിന്ന് 58 റണ്‍സാണ് നേടിയത്.

ഓയിന്‍ മോര്‍ഗനും ടോം ബാന്റണും പുറത്താകുന്നതിന് മുമ്പ് 190/3 എന്ന നിലയില്‍ നിന്ന് 216/7 എന്ന നിലയിലേക്കാണ് ഇംഗ്ലണ്ട് പൊടുന്നനെ വീണത്. പിന്നീട് എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഡേവിഡ് വില്ലിയും ടോം കറനും ആണ് ഇംഗ്ലണ്ട് സ്കോറിന് മാന്യത പകര്‍ന്നത്.

വില്ലിയും ടോം കറനും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 73 റണ്‍സാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഡേവിഡ് വില്ലി 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ടോം കറന്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. 12 റണ്‍സാണ് അവസാന വിക്കറ്റായി വീണ് സാഖിബ് മഹമ്മൂദ് നേടിയത്.

അയര്‍ലണ്ടിന് വേണ്ടി ക്രെയിഗ് യംഗ് മൂന്നും കര്‍ടിസ് കാംഫെര്‍, ജോഷ്വ ലിറ്റില്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടുകയായിരുന്നു.

ബ്രിസ്ബെയിന്‍ ഹീറ്റുമായി രണ്ട് വര്‍ഷത്തെ കരാര്‍ പുതുക്കി ടോം ബാന്റണ്‍

ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ നീട്ടി ടോം ബാന്റണ്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 223 റണ്‍സ് നേടിയ താരത്തിന്റെ കന്നി ബിഗ് ബാഷ് സീസണ്‍ മികച്ചതായിരുന്നു. മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയ താരം ഇതില്‍ സിഡ്നി തണ്ടറിനെതിരെ 16 പന്തില്‍ നിന്ന് നേടിയ അര്‍ദ്ധ ശതകം ടൂര്‍ണ്ണമെന്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വേഗതയേറിയ അര്‍ദ്ധ ശതകമാണ്.

ടോം ബാന്റണ്‍ സ്പെഷ്യലാണെന്നാണ് ഹീറ്റ് കോച്ച് ഡാരെന്‍ ലീമാന്‍ അഭിപ്രായപ്പെട്ടത്. അത് ഈ ഏഴ് മത്സരങ്ങളില്‍ നിന്ന് താരം തെളിയിച്ചുവെന്നും ലീമാന്‍പറഞ്ഞു. എന്നാല്‍ ടീമെന്ന നിലയില്‍ ഹീറ്റിന് ഏഴാം സ്ഥാനത്ത് മാത്രമേ എത്തുവാനായിരുന്നുള്ളു.

സ്റ്റാര്‍സിന് 22 റണ്‍സ് വിജയം, ആഡം സംപയ്ക്ക് 3 വിക്കറ്റ്, വിഫലമായി ടോം ബാന്റണിന്റെ ഇന്നിംഗ്സ്

ആഡം സംപയും ഹാരിസ് റൗഫും ഡാനിയേല്‍ വോല്ലും വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന് മികച്ച വിജയം. ഇന്ന് നടന്ന ബിഗ് ബാഷ് മത്സരത്തില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിനെയാണ് ടീം 22 റണ്‍സിന് പരാജയപ്പെടുത്തിയത്. ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 167/7 എന്ന സ്കോര്‍ നേടിയ സ്റ്റാര്‍സിനെതിരെ ചേസിംഗിനിറങ്ങിയ ഹീറ്റിന് 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമേ നേടാനായുള്ളു.

64 റണ്‍സ് നേടിയ ടോം ബാന്റണ്‍ ടോപ് ഓര്‍ഡറില്‍ ഭീഷണി സൃഷ്ടിച്ചുവെങ്കിലും ആഡം സംപ താരത്തെ പുറത്താക്കുകയായിരുന്നു. 39 റണ്‍സ് നേടിയ മാറ്റ് റെന്‍ഷാ ആണ് പൊരുതി നോക്കിയ മറ്റൊരു താരം. 36 പന്തില്‍ നിന്ന് 6 ഫോറും 4 സിക്സും അടക്കമായിരുന്നു ബാന്റണിന്റെ ഇന്നിംഗ്സ്.

സ്റ്റാര്‍സിന് വേണ്ടി ആഡം സംപ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഡാനിയേല്‍ വോറെല്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version