മുന്നൂറ് കടന്ന് ഇന്ത്യ, സിഡ്നിയില്‍ മികച്ച തുടക്കം

സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിവസം ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ഇന്ത്യ. നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ചേതേശ്വര്‍ പുജാരയുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ ഇന്ത്യ 303 റണ്‍സാണ് ഒന്നാം ദിവസം നേടിയത്. പുജാരയ്ക്കൊപ്പം 77 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളും തിളങ്ങി. വിരാട് കോഹ്‍ലി(23), അജിങ്ക്യ രഹാനെ(18), കെഎല്‍ രാഹുല്‍(9) എന്നിവരാണ് പുറത്തായ താരങ്ങള്‍.

130 റണ്‍സ് നേടി നില്‍ക്കുന്ന പുജാരയ്ക്കൊപ്പം 39 റണ്‍സുമായി ഹനുമ വിഹാരിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹാസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മയാംഗിനു പിന്നാലെ പൂജാരയ്ക്കും അര്‍ദ്ധ ശതകം, ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുന്നു

സിഡ്നി ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. മയാംഗ് അഗര്‍വാളിനു പിന്നാലെ ചേതേശ്വര്‍ പുജാരയും അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഇന്ത്യ ഒന്നാം ദിവസം ചായ സമയത്ത് 177/2 എന്ന നിലയിലാണ്. 61 റണ്‍സ് നേടിയ പുജാരയ്ക്കൊപ്പം 23 റണ്‍സുമായി ഇന്ത്യന്‍ നായകനാണ് ക്രീസില്‍ നില്‍ക്കുന്നത്. 77 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളും 9 റണ്‍സ് നേടിയ കെഎല്‍ രാഹുലിനെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ജോഷ് ഹാസല്‍വുഡ്, നഥാന്‍ ലയണ്‍ എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

മൂന്ന് ഇന്നിംഗ്സ്, രണ്ട് അര്‍ദ്ധ ശതകം, ഇത് മയാംഗ് സ്റ്റൈല്‍, രാഹുലിനും മുരളി വിജയ്‍യ്ക്കും ഇനി ടെസ്റ്റ് ടീമില്‍ നിന്ന് ഗുഡ് ബൈ

ഇന്ത്യയുടെ ഏറെ കാലത്തെ ഓപ്പണിംഗ് തലവേദനയ്ക്ക് പരിഹാരമായി മയാംഗ് അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിച്ച വര്‍ഷങ്ങളില്‍ പോലും ഇന്ത്യന്‍ ടീമിലേക്ക് ഇടം ലഭിയ്ക്കാതിരുന്ന താരത്തെ ഓസ്ട്രേലിയയിലേക്കും ആദ്യം പരിഗണിച്ചിരുന്നില്ല. തന്റെ അരങ്ങേറ്റം നടത്തി ഒരു ഓപ്പണറുടെ സ്ഥാനം കൈക്കലാക്കിയ പൃഥ്വി ഷായ്ക്കൊപ്പം പരമ്പരയില്‍ കെഎല്‍ രാഹുലോ മുരളി വിജയ്‍യോ ആവും ഇന്ത്യയുടെ രണ്ടാം ഓപ്പണറെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ടീം സെലക്ഷനാണ് സെലക്ടര്‍മാര്‍ നടത്തിയത്.

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പൃഥ്വി ഷായ്ക്ക് പരിക്കേല്‍ക്കുകയും രാഹുലും മുരളി വിജയും ഇന്ത്യയുടെ ഓപ്പണര്‍മാരുടെ റോളിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് ഓപ്പണിംഗ് ഇന്ത്യയ്ക്ക് തലവേദനയായ നിമിഷങ്ങളിലാണ് പൃഥ്വി ടൂര്‍ണ്ണമെന്റില്‍ കളിയ്ക്കില്ലെന്ന വാര്‍ത്ത എത്തുന്നത്. താരത്തിന്റെ പരിക്ക് ഭേദമായി മത്സര സജ്ജമാകുമെന്ന പ്രതീക്ഷയാണ് ടീം മാനേജ്മെന്റ് ഉടനീളം പുലര്‍ത്തിയിരുന്നത്.

മയാംഗ് അഗര്‍വാളിനെ ടീമില്‍ പൃഥ്വിയ്ക്ക് പകരക്കാരനായി ഉള്‍പ്പെടുത്തിയാണ് മെല്‍ബേണിലേക്ക് ഇന്ത്യ എത്തിയത്. മുരളി വിജയ്‍-കെഎല്‍ രാഹുല്‍ കൂട്ടുകെട്ടിനെ മാറ്റി മയാംഗ് അഗര്‍വാല്‍-ഹനുമ വിഹാരി കൂട്ടുകെട്ടിനെ ഇന്ത്യ പരീക്ഷിച്ചു. ന്യൂ ബോളിനെ നേരിടുക എന്ന ശ്രമകരമായ ദൗത്യം പാലിച്ച ശേഷം വിഹാരി മടങ്ങിയെങ്കിലും ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ തന്റെ ഇന്നിംഗ്സ് അര്‍ദ്ധ ശതകമാക്കി മാറ്റുകയായിരുന്നു.

മെല്‍ബേണില്‍ ആദ്യ ഇന്നിംഗ്സില്‍ 76 റണ്‍സ് നേടിയ മയാംഗിനു രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടാനായില്ലെങ്കിലും ടീമില്‍ റണ്‍സ് കണ്ടെത്തിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരുന്നു മയാംഗ്. 42 റണ്‍സാണ് മയാംഗിനു രണ്ടാം ഇന്നിംഗ്സില്‍ നേടാനായത്. ഇരു ഇന്നിംഗ്സുകളിലും അര്‍ദ്ധ ശതകം നേടുവാനുള്ള അവസരം താരത്തിനു നഷ്ടമായെങ്കിലും അതിന്റെ കടം സിഡ്നിയില്‍ അഗര്‍വാള്‍ വീട്ടി.

മെല്‍ബേണിലെ അപേക്ഷിച്ച് ബാറ്റിംഗ് ദുഷ്കരമായിരുന്ന സ്ഥിതിഗതികളിലാണ് മയാംഗിന്റെ രണ്ടാം അര്‍ദ്ധ ശതകം. 96 പന്തുകള്‍ നേരിട്ടാണ് മയാംഗ് തന്റെ രണ്ടാം അര്‍ദ്ധ ശതകം നേടിയത്. 77 റണ്‍സ് നേടി പുറത്താകുമ്പോള്‍ മയാംഗ് തന്റെ കഴിഞ്ഞ തവണത്തെ മികച്ച സ്കോറായ 76 റണ്‍സിനെയാണ് മറികടന്നത്. 112 പന്തുകളാണ് മയാംഗ് തന്റെ 77 റണ്‍സിനായി നേരിട്ടത്. 7 ഫോറും 2 സിക്സും അടങ്ങിയതായിരുന്നു അഗര്‍വാളിന്റെ ഇന്നിംഗ്സ്.

പൃഥ്വി ഷായോടൊപ്പം ഇന്ത്യയുടെ വരുംകാല ഓപ്പണറായി തന്റെ പേര് കുറിച്ചിട്ട് കഴിഞ്ഞിരിക്കുകയാണ് മയാംഗ് തന്റെ ചെറിയ ടെസ്റ്റ് കരിയറിലെ ഈ പ്രകടനങ്ങളിലൂടെ.

ഓസ്ട്രേലിയയുടെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തെ ഇന്ത്യ അതിജീവിച്ച ആദ്യ സെഷന്‍

സിഡ്നിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ വരവേറ്റത് ഷോര്‍ട്ട് ബോളുകളിലൂടെയാണ്. ആദ്യ സെഷനില്‍ ചേതേശ്വര്‍ പുജാരയെയും മയാംഗ് അഗര്‍വാളിനെയും തുടരെ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് പരീക്ഷിക്കുന്ന നയമാണ് ഇന്ന് മത്സരത്തിന്റെ ആദ്യ സെഷന്‍ ഓസ്ട്രേലിയ കൈക്കൊണ്ടത്. ആദ്യ ദിവസത്തിനു ശേഷം ബാറ്റിംഗ് എളുപ്പമാവുമെന്നത് കണക്കിലെടുക്കുകയും സ്പിന്നിനു അനുകൂലമാകുന്ന പിച്ചില്‍ ഇന്ത്യ മികവ് പുലര്‍ത്തുവാന്‍ സാധ്യതയുണ്ടെന്നതുമാണ് ആദ്യ ദിവസം പേസര്‍മാര്‍ക്ക് ലഭിയ്ക്കുന്ന ആനുകൂല്യം മുതലാക്കുവാന്‍ ഓസ്ട്രേലിയയെ പ്രേരിപ്പിച്ചത്.

എന്നാല്‍ നിരവധി തവണ ഹെല്‍മറ്റില്‍ പന്തിടിച്ചുവെങ്കിലും ആദ്യ സെഷന്‍ വിജയകരമായി അതിജീവിക്കുവാന്‍ ഇന്ത്യന്‍ ജോഡിയ്ക്കായി. രണ്ടാം വിക്കറ്റില്‍ 59 റണ്‍സ് നേടിയാണ് ആദ്യ സെഷന്‍ മയാംഗു പുജാരയും അതിജീവിച്ചത്. ഇന്നിംഗ്സ് മെല്ലെയായിരുന്നുവെങ്കിലും ആദ്യ സെഷനില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നീങ്ങുക എന്ന നയമാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര കൈക്കൊണ്ടത്.

സിഡ്നിയില്‍ മെല്ലെ നിലയുറപ്പിച്ച് ഇന്ത്യ

സിഡ്നിയില്‍ ഇന്ത്യയ്ക്ക് ആദ്യ ദിവസം ആദ്യ സെഷനില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടം. 9 റണ്‍സ് നേടിയ കെഎല്‍ രാഹുലിനെ നഷ്ടമായെങ്കിലും മയാംഗ് അഗര്‍വാലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യയെ തുടര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ കരയ്ക്കെത്തിയ്ക്കുകയായിരുന്നു. ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ 69/1 എന്ന നിലയിലാണ്.

മയാംഗ് അഗര്‍വാല്‍ 42 റണ്‍സുമായി മികച്ച സ്ട്രൈക്ക് റേറ്റോടു കൂടി തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ ചേതേശ്വര്‍ പുജാര പതിവു ശൈലിയില്‍ ഓസീസ് ബൗളര്‍മാരെ ചെറുത്ത് തോല്പിക്കുകയായിരുന്നു. 24 ഓവറുകളാണ് ഇന്ന് ആദ്യ സെഷനില്‍ എറിഞ്ഞത്. ജോഷ് ഹാസല്‍വുഡാണ് വീണ ഒരു വിക്കറ്റിന്റെ ഉടമ.

106/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, മത്സരത്തില്‍ 9 വിക്കറ്റ് നേടി കമ്മിന്‍സ്

രണ്ടാം ഇന്നിംഗ്സ് 106/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. നാലാം ദിവസം മത്സരം ആരംഭിച്ചപ്പോള്‍ 54/5 എന്ന നിലയിലായിരുന്ന ഇന്ത്യ ഋഷഭ് പന്ത് പുറത്തായപ്പോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആറാം വിക്കറ്റില്‍ 39 റണ്‍സ് നേടിയ ശേഷം മയാംഗ്-പന്ത് കൂട്ടുകെട്ടിനെ ഓസ്ട്രേലിയ തകര്‍ക്കുകയായിരുന്നു. 42 റണ്‍സ് നേടിയ മയാംഗിനെയും പാറ്റ് കമ്മിന്‍സ് തന്നെയാണ് പുറത്താക്കിയത്.

രവീന്ദ്ര ജഡേജയുടെ വിക്കറ്റും കമ്മിന്‍സ് നേടിയപ്പോള്‍ 33 റണ്‍സ് നേടിയ പന്തിനെ പുറത്താക്കി ഹാസല്‍വുഡ് മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 399 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വിജയം സ്വന്തമാക്കുവാന്‍ നല്‍കിയത്. പാറ്റ് കമ്മിന്‍സ് ഇന്നിംഗ്സിലെ വിക്കറ്റ് നേട്ടം ആറാക്കി മാറ്റി.

പാറ്റ് കമ്മിന്‍സിനു മുന്നില്‍ പതറി ഇന്ത്യ, മയാംഗ് മാത്രം പിടിച്ചു നില്‍ക്കുന്നു

ഓസ്ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റഅ ചെയ്യുവാനുള്ള ഇന്ത്യയുടെ തീരുമാനം പാളി. പാറ്റ് കമ്മിന്‍സിന്റെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പതറിയപ്പോള്‍ ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്സില്‍ വീണ അഞ്ച് വിക്കറ്റുകളില്‍ നാലും നേടി പാറ്റ് കമ്മിന്‍സ് ഓസീസ് നിരയിലെ സുവര്‍ണ്ണ താരമായി മാറി.

മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 54/5 എന്ന നിലയിലാണ്. വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും പൂജ്യത്തിനു പുറത്തായപ്പോള്‍ ഓപ്പണര്‍മാര്‍ മാത്രമാണ് ടീമില്‍ ഇതുവരെ രണ്ടക്കം കടന്നത്. 13 റണ്‍സ് നേടിയ ഹനുമ വിഹാരി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 28 ആയിരുന്നു. 28/0 എന്ന നിലയില്‍ നിന്ന് രണ്ട് ഓവറുകളുടെ വ്യത്യാസത്തില്‍ ഇന്ത്യ 28/3 എന്ന നിലയിലേക്കും പിന്നീട് 44/5 എന്ന നിലയിലേക്കും കൂപ്പ് കുത്തുകയായിരുന്നു.

ഇന്ത്യയ്ക്കായി 28 റണ്‍സുമായി മയാംഗ് അഗര്‍വാലും 6 റണ്‍സ് നേടി ഋഷഭ് പന്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിനു പുറമെ ജോഷ് ഹാസല്‍വുഡ് ആണ് വിക്കറ്റ് നേടിയ മറ്റൊരു താരം. ഇന്ത്യയ്ക്ക് നിലവില്‍ മത്സരത്തില്‍ 346 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

നഷ്ടം രണ്ട് വിക്കറ്റ് മാത്രം, മെല്ലെയെങ്കിലും മെല്‍ബേണില്‍ ഇന്ത്യ മികച്ച നിലയിലേക്ക്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം. നേടാനായത് 215 റണ്‍സ് മാത്രമാണെങ്കിലും ആദ്യ ദിവസം രണ്ട് വിക്കറ്റിന്റെ നഷ്ടം മാത്രം സംഭവിച്ചുവെന്നതില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാം. മയാംഗ് അഗര്‍വാല്‍ തന്റെ അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ നിലവില്‍ ഇന്ത്യയ്ക്കായി 92 റണ്‍സ് നേടി മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

പുജാരയും(68*) മയാംഗ് അഗര്‍വാലും(76) അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ വിരാട് കോഹ്‍ലി തന്റെ അര്‍ദ്ധ ശതകത്തിനു മൂന്ന് റണ്‍സ് അകലെയാണ്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റ് നേടി.

ശതകമില്ലാതെ മയാംഗിനു മടക്കം, ഓസ്ട്രേലിയയ്ക്കായി ഇരു വിക്കറ്റുകളും നേടി പാറ്റ് കമ്മിന്‍സ്

ചായയ്ക്ക് തൊട്ടുമുമ്പ് പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ ക്യാപ്റ്റന്‍ ടിം പെയിന്‍ പിടിച്ച് മയാംഗ് പുറത്താകുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ നേടിയത് 76 റണ്‍സായിരുന്നു. 161 പന്തില്‍ നിന്ന് 8 ഫോറുകളും ഒരു സിക്സും അടക്കം വളരെ പക്വമായ ഒരിന്നിംഗ്സാണ് ഇന്ന് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ മയാംഗ് സ്വന്തമാക്കിയത്. ചായയ്ക്ക് പിരിയുന്നതിനു മുമ്പുള്ള അവസാന ഓവറിലെ അഞ്ചാം പന്തിലാണ് മയാംഗിന്റെ മടക്കം.

നേരത്തെ ഇന്ത്യയുടെ പകരക്കാരന്‍ ഓപ്പണര്‍ ഹനുമ വിഹാരിയെ പുറത്താക്കിയ പാറ്റ് കമ്മിന്‍സ് തന്നെയാണ് മയാംഗിന്റെയും അന്തകനായത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 54.5 ഓവറില്‍ 123/2 എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാര 33 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

എംസിജിയില്‍ മാസ്മരിക പ്രകടനവുമായി മയാംഗ്, മെല്‍ബേണില്‍ ഇന്ത്യ മുന്നോട്ട് കുതിയ്ക്കുന്നു

ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ മയാംഗ് അഗര്‍വാലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ മെല്‍ബേണ്‍ ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. പുതിയ ഓപ്പണര്‍മാരുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഹനുമ വിഹാരിയെ(8) നഷ്ടമായെങ്കിലും 18.5 ഓവര്‍ വരെ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച് നില്‍ക്കുവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിനായി. 66 പന്തുകള്‍ നേരിട്ട വിഹാരി ഓസീസ് ബൗളിംഗിന്റെ മൂര്‍ച്ച കളഞ്ഞ ശേഷമാണ് പാറ്റ് കമ്മിന്‍സിനു വിക്കറ്റ് നല്‍കി മടങ്ങിയത്. ഹനുമ വിഹാരി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് 40 റണ്‍സായിരുന്നു.

പിന്നീട് മത്സരത്തില്‍ മെല്ലെ മെല്ലെ ഇന്ത്യ പിടി മുറുക്കുന്ന കാഴ്ചയാണ് രണ്ടത്. മയാംഗ് അഗര്‍വാലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. 49 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 112/1 എന്ന നിലയിലാണ്. 72 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി മയാംഗും(65*) ചേതേശ്വര്‍ പുജാരയുമാണ്(33*) ക്രീസില്‍ നില്‍ക്കുന്നത്.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ഓസ്ട്രേലിയന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്.

മയാംഗ് അഗര്‍വാല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും, രാഹുലും മുരളി വിജയ്‍യും പുറത്ത്

മെല്‍ബേണില്‍ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ മയാംഗ് അഗര്‍വാല്‍ അരങ്ങേറ്റം കുറിയ്ക്കും. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, മുരളി വിജയ് എന്നിവരെ പുറത്താക്കിയ ഇന്ത്യ പകരം ആ സ്ഥാനത്തേക്ക് മയാംഗിനെയും ഹനുമ വിഹാരിയെയും ഇറക്കുമെന്ന് വേണം മനസ്സിലാക്കുവാന്‍. അതേ സമയം ഉമേഷ് യാദവിനു പകരം ഇന്ത്യ രവീന്ദ്ര ജഡേജയെ ടീമിലെത്തിച്ചു.

ഇതോടെ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന 295ാമത്തെ കളിക്കാരനായി മയാംഗ് അഗര്‍വാല്‍ മാറും. രോഹിത് ശര്‍മ്മ ടെസ്റ്റ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോള്‍ അശ്വിന്‍ പുറത്ത് തന്നെയാണ്.

ഇന്ത്യ: വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, മയാംഗ് അഗര്‍വാല്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ

പൃഥ്വി ഷാ പരമ്പരയില്‍ കളിയ്ക്കില്ല പകരം മയാംഗ് അഗര്‍വാല്‍, ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍

ഇന്ത്യന്‍ ടീമിലേക്ക് രണ്ട് പുതിയ താരങ്ങള്‍ എത്തിച്ചേരും. സന്നാഹ മത്സരത്തില്‍ പരിക്കേറ്റ് പൃഥ്വി ഷാ പരമ്പരയില്‍ കളിയ്ക്കില്ല എന്നത് വ്യക്തമായതോടെ മയാംഗ് അഗര്‍വാളിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. മെല്‍ബേണ്‍ സിഡ്നി ടെസ്റ്റുകളിലേക്കായി ഇന്ത്യന്‍ ടീമിലേക്ക് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിക്കേറ്റ് ഏറെക്കാലം ഇന്ത്യന്‍ ടീമിനു പുറത്തായ ഹാര്‍ദ്ദിക് ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തി ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയിരുന്നു. മുംബൈയ്ക്കെതിരായ മത്സരത്തില്‍ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റും ബാറ്റിംഗില്‍ 73 റണ്‍സും നേടിയിരുന്നു. മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് പാണ്ഡ്യയുടെ നേട്ടം.

Exit mobile version