മൂന്ന് ഇന്നിംഗ്സ്, രണ്ട് അര്‍ദ്ധ ശതകം, ഇത് മയാംഗ് സ്റ്റൈല്‍, രാഹുലിനും മുരളി വിജയ്‍യ്ക്കും ഇനി ടെസ്റ്റ് ടീമില്‍ നിന്ന് ഗുഡ് ബൈ

ഇന്ത്യയുടെ ഏറെ കാലത്തെ ഓപ്പണിംഗ് തലവേദനയ്ക്ക് പരിഹാരമായി മയാംഗ് അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിച്ച വര്‍ഷങ്ങളില്‍ പോലും ഇന്ത്യന്‍ ടീമിലേക്ക് ഇടം ലഭിയ്ക്കാതിരുന്ന താരത്തെ ഓസ്ട്രേലിയയിലേക്കും ആദ്യം പരിഗണിച്ചിരുന്നില്ല. തന്റെ അരങ്ങേറ്റം നടത്തി ഒരു ഓപ്പണറുടെ സ്ഥാനം കൈക്കലാക്കിയ പൃഥ്വി ഷായ്ക്കൊപ്പം പരമ്പരയില്‍ കെഎല്‍ രാഹുലോ മുരളി വിജയ്‍യോ ആവും ഇന്ത്യയുടെ രണ്ടാം ഓപ്പണറെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ടീം സെലക്ഷനാണ് സെലക്ടര്‍മാര്‍ നടത്തിയത്.

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പൃഥ്വി ഷായ്ക്ക് പരിക്കേല്‍ക്കുകയും രാഹുലും മുരളി വിജയും ഇന്ത്യയുടെ ഓപ്പണര്‍മാരുടെ റോളിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് ഓപ്പണിംഗ് ഇന്ത്യയ്ക്ക് തലവേദനയായ നിമിഷങ്ങളിലാണ് പൃഥ്വി ടൂര്‍ണ്ണമെന്റില്‍ കളിയ്ക്കില്ലെന്ന വാര്‍ത്ത എത്തുന്നത്. താരത്തിന്റെ പരിക്ക് ഭേദമായി മത്സര സജ്ജമാകുമെന്ന പ്രതീക്ഷയാണ് ടീം മാനേജ്മെന്റ് ഉടനീളം പുലര്‍ത്തിയിരുന്നത്.

മയാംഗ് അഗര്‍വാളിനെ ടീമില്‍ പൃഥ്വിയ്ക്ക് പകരക്കാരനായി ഉള്‍പ്പെടുത്തിയാണ് മെല്‍ബേണിലേക്ക് ഇന്ത്യ എത്തിയത്. മുരളി വിജയ്‍-കെഎല്‍ രാഹുല്‍ കൂട്ടുകെട്ടിനെ മാറ്റി മയാംഗ് അഗര്‍വാല്‍-ഹനുമ വിഹാരി കൂട്ടുകെട്ടിനെ ഇന്ത്യ പരീക്ഷിച്ചു. ന്യൂ ബോളിനെ നേരിടുക എന്ന ശ്രമകരമായ ദൗത്യം പാലിച്ച ശേഷം വിഹാരി മടങ്ങിയെങ്കിലും ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ തന്റെ ഇന്നിംഗ്സ് അര്‍ദ്ധ ശതകമാക്കി മാറ്റുകയായിരുന്നു.

മെല്‍ബേണില്‍ ആദ്യ ഇന്നിംഗ്സില്‍ 76 റണ്‍സ് നേടിയ മയാംഗിനു രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടാനായില്ലെങ്കിലും ടീമില്‍ റണ്‍സ് കണ്ടെത്തിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരുന്നു മയാംഗ്. 42 റണ്‍സാണ് മയാംഗിനു രണ്ടാം ഇന്നിംഗ്സില്‍ നേടാനായത്. ഇരു ഇന്നിംഗ്സുകളിലും അര്‍ദ്ധ ശതകം നേടുവാനുള്ള അവസരം താരത്തിനു നഷ്ടമായെങ്കിലും അതിന്റെ കടം സിഡ്നിയില്‍ അഗര്‍വാള്‍ വീട്ടി.

മെല്‍ബേണിലെ അപേക്ഷിച്ച് ബാറ്റിംഗ് ദുഷ്കരമായിരുന്ന സ്ഥിതിഗതികളിലാണ് മയാംഗിന്റെ രണ്ടാം അര്‍ദ്ധ ശതകം. 96 പന്തുകള്‍ നേരിട്ടാണ് മയാംഗ് തന്റെ രണ്ടാം അര്‍ദ്ധ ശതകം നേടിയത്. 77 റണ്‍സ് നേടി പുറത്താകുമ്പോള്‍ മയാംഗ് തന്റെ കഴിഞ്ഞ തവണത്തെ മികച്ച സ്കോറായ 76 റണ്‍സിനെയാണ് മറികടന്നത്. 112 പന്തുകളാണ് മയാംഗ് തന്റെ 77 റണ്‍സിനായി നേരിട്ടത്. 7 ഫോറും 2 സിക്സും അടങ്ങിയതായിരുന്നു അഗര്‍വാളിന്റെ ഇന്നിംഗ്സ്.

പൃഥ്വി ഷായോടൊപ്പം ഇന്ത്യയുടെ വരുംകാല ഓപ്പണറായി തന്റെ പേര് കുറിച്ചിട്ട് കഴിഞ്ഞിരിക്കുകയാണ് മയാംഗ് തന്റെ ചെറിയ ടെസ്റ്റ് കരിയറിലെ ഈ പ്രകടനങ്ങളിലൂടെ.

Exit mobile version