തെവാത്തിയയുടെ മികവിൽ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം, മില്ലറുടെയും നിര്‍ണ്ണായക സംഭാവന

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആവേശകരമായ വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. 19.4 ഓവറിൽ വിജയം നേടുവാന്‍ ഗുജറാത്തിനായപ്പോള്‍ രാഹുല്‍ തെവാത്തിയ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് മത്സരത്തിൽ വഴിത്തിരിവായത്.

ദുഷ്മന്ത ചമീരയുടെ ഇരട്ട പ്രഹരങ്ങള്‍ ഗുജറാത്തിന്റെ തുടക്കം പിഴയ്ക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലിനെയും വിജയ് ശങ്കറെയും താരം പുറത്താക്കിയപ്പോള്‍ മൂന്നാം ഓവറിനുള്ളിൽ ഗുജറാത്ത് 15/2 എന്ന നിലയിലേക്ക് വീണു.

പിന്നീട് മാത്യു വെയ്ഡും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 57 റൺസ് കൂട്ടിചേര്‍ത്ത് ഗുജറാത്തിനെ മുന്നോട്ട് നയിച്ചു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഗുജറാത്തിന് ഇരുവരെയും നഷ്ടമാകുകയായിരുന്നു.

ഹാര്‍ദ്ദിക്കിനെ ക്രുണാൽ പുറത്താക്കിയപ്പോള്‍ മാത്യു വെയ്ഡിനെ ദീപക് ഹൂഡ മടക്കിയയച്ചു. ഹാര്‍ദ്ദിക് 33 റൺസും മാത്യു വെയ്ഡ് 30 റൺസുമാണ് നേടിയത്.

പിന്നീട് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും വീണ്ടും ഗുജറാത്തിനെ ട്രാക്കിലാക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഗുജറാത്തിന് അവസാന മൂന്നോവറിൽ 29 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

34 പന്തിൽ 64 റൺസ് ആണ് ഈ കൂട്ടുകെട്ട് നേടിയത്. അവേശ് ഖാന്‍ 30 റൺസ് നേടി മില്ലറെ പുറത്താക്കുമ്പോള്‍ 21 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. തെവാത്തിയയ്ക്ക് പിന്തുണയായി അഭിനവ് മനോഹര്‍ 7 പന്തിൽ 15 റൺസ് നേടിയപ്പോള്‍ 19.4 ഓവറിൽ ഗുജറാത്ത് 5 വിക്കറ്റ് വിജയം ഉറപ്പാക്കി.

ലങ്കയുടെ മികച്ച ബൗളിംഗിൽ താളം തെറ്റി ഓസ്ട്രേലിയ, രക്ഷകനായി മാത്യു വെയിഡ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 154/6 എന്ന സ്കോര്‍. ഒരു ഘട്ടത്തിൽ 82/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ മാത്യു വെയിഡും ഡാനിയേൽ സാംസും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് നൂറ് കടത്തിയത്.

Srilanka2

64 റൺസ് നേടിയ കൂട്ടുകെട്ടിൽ സാംസ്(18) പുറത്തായെങ്കിലും മാത്യു വെയിഡ് തന്റെ ബാറ്റിംഗ് തുടര്‍ന്ന് ടീമിനെ 154 റൺസിലേക്ക് എത്തിച്ചു. വെയിഡ് 27 പന്തിൽ നിന്ന് 43 റൺസാണ് നേടിയത്.

ശ്രീലങ്കയ്ക്കായി ചമീര കരുണാരത്നേയും ലഹിരു കുമരയും രണ്ട് വീതം വിക്കറ്റ് നേടി. മാര്‍ക്കസ് സ്റ്റോയിനിസിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും ഒരേ ഓവറിൽ പുറത്താക്കി കുമരയാണ് ഓസ്ട്രേലിയയെ 82/5 എന്ന നിലയിലേക്ക് തള്ളിയിട്ടത്.

 

 

മാത്യു വെയിഡിന് പകരം അസ്ഹർ അലി വോർസ്റ്റർഷയറിൽ

കൗണ്ടി സീസണിൽ നിന്ന് പിന്മാറിയ മാത്യു വെയിഡിന് പകരം അസ്ഹർ അലിയെ ടീമിലെത്തിച്ച് വോർസ്റ്റർഷയര്‍. 2022 കൗണ്ടി സീസണിൽ മുഴുവൻ പാക്കിസ്ഥാൻ താരം അസ്ഹർ അലി കളിക്കും. ഐപിഎൽ കളിക്കുവാനുള്ളതിനാലാണ് മാത്യു വെയിഡ് കൗണ്ടിയൽ നിന്ന് പിന്മാറിയത്.

താരത്തിനെ ഗുജറാത്ത് ടൈറ്റൻസ് ആണ് സ്വന്തമാക്കിയത്. പാക്കിസ്ഥാന് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം 2010ൽ നടത്തിയ അസ്ഹര്‍ അലി 91 ടെസ്റ്റ് മത്സരങ്ങളിൽ ടീമിനായി കളിച്ചിട്ടുണ്ട്. 18 ശതകങ്ങളാണ് താരം സ്വന്തമാക്കിയത്.

മുമ്പ് സോമ‍ർസെറ്റിനായി മൂന്ന് സീസണുകളിൽ താരം കളിച്ചിട്ടുണ്ട്.

തന്റെ ക്യാച്ച് കൈവിട്ടതല്ല ടേണിംഗ് പോയിന്റ്, റൗഫിനെതിരെയുള്ള സ്റ്റോയിനിസിന്റെ പവര്‍ ഹിറ്റിംഗാണ് മത്സരം തിരികെ ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് മാറ്റിയത് – മാത്യു വെയിഡ്

ഓസ്ട്രേലിയയ്ക്കായി ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിൽ 3 സിക്സ് അടിച്ച് വിജയം ഉറപ്പാക്കിയെങ്കിലും മാത്യു വെയിഡ് പറയുന്നത് മത്സരത്തിൽ നിര്‍ണ്ണായകമായത് ഹാരിസ് റൗഫിനെതിരെ മാര്‍ക്കസ് സ്റ്റോയിനിസ് നടത്തിയ പവര്‍ ഹിറ്റിംഗ് ആണെന്നാണ്.

തന്റെ ക്യാച്ച് കൈവിട്ടതല്ല മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്നും മാര്‍ക്കസ് സ്റ്റോയിനിസ് റൗഫിനെതിരെ 17ാം ഓവറിലെ താരത്തിന്റെ ബാറ്റിംഗ് ആണ് മത്സരം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് തിരിച്ചതെന്നും വെയിഡ് പറഞ്ഞു.

നേരിട്ട ആദ്യ പന്ത് തന്നെ ഷദബ് ഖാനെ സിക്സര്‍ പറത്തിയ സ്റ്റോയിനിസിന്റെ ആത്മവിശ്വാസവും താരം അവസാനം വരെ ബാറ്റ് ചെയ്തതതും ഏറെ പ്രാധാന്യമുള്ള കാര്യമാണെന്നും വെയിഡ് വ്യക്തമാക്കി.

16 മത്സരങ്ങള്‍ക്ക് ശേഷം യുഎഇയിൽ പാക്കിസ്ഥാന്റെ ടി20 തോല്‍വി

യുഎഇയിൽ 2015 നവംബര്‍ 30ന് ശേഷം ആദ്യമായി ടി20 തോല്‍വിയേറ്റ് വാങ്ങി പാക്കിസ്ഥാന്‍. എന്നാൽ അത് സംഭവിച്ചത് ലോകകപ്പിന്റെ സെമി ഫൈനലിലാണെന്നുള്ളത് പാക്കിസ്ഥാന്റെ തകര്‍പ്പനൊരു ലോകകപ്പ് ജൈത്രയാത്രയ്ക്ക് അവസാനം കുറിയ്ക്കുക കൂടിയാണ് ചെയ്തത്.

96/5 എന്ന നിലയിൽ ഓസ്ട്രേലിയയെ ഷദബ് ഖാന്റെ മാന്ത്രിക സ്പെല്ലിന്റെ ബലത്തിൽ പ്രതിരോധത്തിലാക്കിയെങ്കിലും മാത്യു വെയിഡിന്റെയും സ്റ്റോയിനിസിന്റെയും ആറാം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാന്റെ ലോകകപ്പിലെയും യുഎഇയിലെയും ജൈത്രയാത്രയ്ക്ക് അവസാനം കുറിയ്ക്കുകയായിരുന്നു.

സെന്‍സേഷണൽ ഷദബ് ഖാന്‍, പക്ഷേ പാക്കിസ്ഥാന് മടക്ക ടിക്കറ്റ് നല്‍കി സ്റ്റോയിനിസും വെയിഡും

ഷദബ് ഖാന്റെ സ്പെല്ലിന് മുന്നിൽ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയ്ക്ക് അപ്രതീക്ഷിത ജയം നല്‍കി ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ മാത്യു വെയിഡും മാര്‍ക്കസ് സ്റ്റോയിനിസും. മത്സരം കൈക്കലാക്കിയെന്ന് കരുതിയ നിമിഷത്തിൽ നിന്നാണ് പാക്കിസ്ഥാന് റിട്ടേൺ ടിക്കറ്റ് ഈ കൂട്ടുകെട്ട് നല്‍കിയത്.

ഒരോവര്‍ അവശേഷിക്കെയാണ് പാക്കിസ്ഥാനെതിരെ 176 റൺസ് ചേസ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് വിജയം നേടിയത്.

ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചിനെ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് വേണ്ടി തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും നേടിക്കൊടുത്തത്. എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷമുള്ള രണ്ടാമത്തെ പന്തിൽ മിച്ചൽ മാര്‍ഷിനെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് ബ്രേക്ക്ത്രൂ നല്‍കി.

തന്റെ അടുത്തടുത്ത ഓവറുകളിൽ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കി ഷദബ് ഖാന്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. മാര്‍ഷ് 28 റൺസ് നേടിയപ്പോള്‍ അപകടകാരിയായ ഡേവിഡ് വാര്‍ണര്‍ 30 പന്തിൽ 49 റൺസാണ് നേടിയത്.

തന്റെ സ്പെല്ലിലെ അവസാന ഓവറിൽ ഷദബ് ഖാന്‍ മാക്സ്വെല്ലിനെയും പുറത്താക്കിയതോടെ മത്സരം പാക്കിസ്ഥാന്റെ കൈപ്പിടിയിലായി. എന്നാൽ പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസും മാത്യു വെയിഡും ചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് സ്കോറിംഗ് മെച്ചപ്പെടുത്തിയപ്പോള്‍ അവസാന രണ്ടോവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 22 റൺസ് വേണ്ട സ്ഥിതിയിലേക്ക് മത്സരം മാറി.

എന്നാൽ ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിൽ മാത്യു വെയിഡിന്റഎ ക്യാച്ച് ഹസന്‍ അലി കൈവിടുകയും തൊട്ടടുത്ത പന്തുകളിൽ താരം രണ്ട് സിക്സുകള്‍ നേടുകയും ചെയ്തതോട് പാക് പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുയായിരുന്നു. 17 പന്തിൽ 41 റൺസ് നേടി വെയിഡും 31 പന്തിൽ 40 റൺസ് നേടി സ്റ്റോയിനിസും ആണ് ടീമിന്റെ വിജയ ശില്പിയായി മാറിയത്.

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 81 റൺസാണ് നേടിയത്.

പോസിറ്റീവുകളുണ്ടെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ – മാത്യൂ വെയിഡ്

ഈ പരമ്പരയ്ക്ക് ശേഷം പോസിറ്റീവുകളുണ്ടെന്ന് പറയുന്നത് വളരെ പ്രയാസകരമായ കാര്യമാണെന്നും അത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ ടി20 നായകന്‍ മാത്യു വെയിഡ്. ബംഗ്ലാദേശിനോട് പരമ്പര 1-4ന് പരാജയപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു മാത്യു വെയിഡ്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലാണ് പരമ്പര നടന്നതെന്നും എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുക്കുവാന്‍ തന്റെ ടീമിനായില്ലെന്നും വെയിഡ് പറഞ്ഞു. മിച്ചൽ മാര്‍ഷും സ്പിന്നര്‍മാരും മികച്ച നിന്നുവെന്നത് സത്യമാണെന്നും വെയിഡ് കൂട്ടിചേര്‍ത്തു.

ഇന്നത്തെ മത്സരം ഒഴിച്ച് നിര്‍ത്തിയാൽ ടീം വലിയ മാര്‍ജിനിലല്ല തോറ്റതെന്നുള്ളതും ഈ യുവ ടീമിന് ഈ സാഹചര്യത്തില്‍ മത്സര പരിചയം ലഭിച്ചുവെന്നതുമാണ് ശരിയായ പോസിറ്റീവുകളെന്നും വെയിഡ് സൂചിപ്പിച്ചു.

വോര്‍സ്റ്റര്‍ഷയറുമായി പുതിയ കരാര്‍, 2022ൽ മൂന്ന് ഫോര്‍മാറ്റിലും കളിക്കും

2022 സീസണിൽ വോര്‍സ്റ്റര്‍ഷയറുമായി കരാറിലെത്തി മാത്യൂ വെയിഡ്. താരം മൂന്ന് ഫോര്‍മാറ്റിൽ കൗണ്ടിയ്ക്ക് വേണ്ടി കളിക്കാനുണ്ടാകും. ടോപ് അഞ്ചിൽ എവിടെയും ബാറ്റ് ചെയ്യുവാനുള്ള ശേഷി മാത്യു വെയിഡിനുണ്ടെന്നാണ് വോര്‍സ്റ്ററിന്റെ ക്രിക്കറ്റ് സ്റ്റിയറിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ പോള്‍ പ്രിഡ്ജോൺ വ്യക്തമാക്കിയത്.

യുവതാരങ്ങള്‍ക്കും താരത്തിനൊപ്പം കളിക്കുന്നത് ഗുണം ചെയ്യുമെന്നും പ്രിഡ്ജോൺ പറഞ്ഞു. വെയിഡിന് ക്യാപ്റ്റന്‍സി പരിചയവുമുണ്ടെന്നും അത് ടീമിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആതിഥേയരെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, 152 റൺസിന് പുറത്താക്കിയ ശേഷം 6 വിക്കറ്റ് വിജയം

ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ടീം 45.1 ഓവറിൽ വെറും 152 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ടോപ് ഓര്‍ഡറിൽ 55 റൺസുമായി പുറത്താകാതെ നിന്ന എവിന്‍ ലൂയിസ് ഒഴിച്ച് മറ്റാര്‍ക്കും 20ന് മേലെയുള്ള സ്കോര്‍ നേടുവാന്‍ സാധിച്ചിരുന്നില്ല.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹാസൽവുഡ്, ആഷ്ടൺ അഗര്‍, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മാത്യു വെയിഡ് പുറത്താകാതെ 51 റൺസ് നേടിയപ്പോള്‍ ഓസ്ട്രേലിയ 30.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു. അലെക്സ് കാറെ 35 റൺസും മിച്ചല്‍ മാര്‍ഷ് 29 റംസും നേടി.

ടോപ് ഓര്‍ഡറില്‍ മിന്നും പ്രകടനവുമായി ഗപ്ടില്‍, പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലാണ്ട് ജയിച്ചുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ഒപ്പമെത്തി. എന്നാല്‍ അവസാന ടി20യില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ബാറ്റിംഗ് മികവില്‍ ന്യൂസിലാണ്ട് ഓസ്ട്രേലിയ നല്‍കിയ 143 റണ്‍സെന്ന വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 15.3 ഓവറില്‍ മറികടക്കുകയായിരുന്നു.

ഗപ്ടില്‍ 46 പന്തില്‍ 71 റണ്‍സ് നേടുകയായിരുന്നു. 7 ഫോറും 4 സിക്സും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ഡെവണ്‍ കോണ്‍വേ 36 റണ്‍സ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സ് പുറത്താകാതെ 16 പന്തില്‍ നിന്ന് 34 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി റൈലി മെറിഡിത്ത് രണ്ടും ജൈ റിച്ചാര്‍ഡ്സണ്‍ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സ് നേടിയത്. 29 പന്തില്‍ 44 റണ്‍സ് നേടിയ മാത്യു വെയിഡ് ടോപ് സ്കോറര്‍ ആയപ്പോള്‍ ആരോണ്‍ ഫിഞ്ച്(36), മാര്‍ക്കസ് സ്റ്റോയിനിസ്(26) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

ന്യൂസിലാണ്ടിന് വേണ്ടി ഇഷ് സോധി മൂന്ന് വിക്കറ്റും ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

ഓപ്പണിംഗിലേക്ക് നീങ്ങിയതല്ല തനിക്ക് തിരിച്ചടിയായത്, താന്‍ അവസരങ്ങള്‍ മുതലാക്കിയില്ല – മാത്യൂ വെയിഡ്

ഇന്ത്യയ്ക്കെതിരെ ഓപ്പണിംഗ് സ്ഥാനത്തേക്ക് മാറിയതല്ല ഓസ്ട്രേലിയയുടെ ടെസ്റ്റ് സ്ക്വാഡില്‍ തന്റെ സ്ഥാനം നഷ്ടപ്പെടുവാന്‍ കാരണമെന്ന് പറഞ്ഞ് മാത്യൂ വെയിഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ താരത്തിന് സ്ഥാനമില്ലായിരുന്നു. പരമ്പര പിന്നീട് ഉപേക്ഷിക്കുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

പരമ്പരയില്‍ 45 റണ്‍സാണ് വെയിഡിന്റെ ഉയര്‍ന്ന സ്കോര്‍. തനിക്ക് വലിയ സ്കോറുകള്‍ നേടുവാനുള്ള അവസരങ്ങള്‍ ഇഷ്ടം പോലെയുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ചെയ്യാന്‍ സാധിക്കാതെ പോയതാണ് തന്റെ വിഷമ സ്ഥിതിയ്ക്ക് കാരണമെന്ന് വെയിഡ് പറഞ്ഞു. 30കളും 40കളും വളരെ അധികം തനിക്ക് നേടാനായി. എന്നാല്‍ ഒന്നും ശതകത്തിലേക്കോ 80കളിലേക്കോ 90കളിലേക്കോ എത്തിക്കുവാന്‍ തനിക്ക് സാധിച്ചില്ല. അതാണ് തിരിച്ചടിയായതെന്നും വെയിഡ് സൂചിപ്പിച്ചു.

ഐപിഎല്‍ വേണ്ടെന്ന് വെച്ചത് കുടുംബത്തിനും ഇംഗ്ലണ്ടിനും വേണ്ടി – മാര്‍ക്ക് വുഡ്

ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പാണ് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് ലേലത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കുവാനും ഇംഗ്ലണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുമാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് മാര്‍ക്ക് വുഡ് വ്യക്തമാക്കി.

ലേലത്തില്‍ പങ്കെടുത്ത് തന്നെ ഒരു ടീം തിരഞ്ഞെടുക്കുകയാണെങ്കില്‍ പിന്നീട് ടീമിനോട് താന്‍ ഈ വര്‍ഷത്തെ ഐപിഎലില്‍ ഉണ്ടാകില്ലെന്ന് അറിയിക്കുന്നത് ശരിയായ കാര്യമല്ലെന്ന് തനിക്ക് തോന്നിയെന്നും അതാണ് വൈകിയ വേളയില്‍ ആണെങ്കിലും തന്റെ തീരുമാനം ഉചിതമായെന്ന് തനിക്ക് തോന്നുന്നതെന്നും മാര്‍ക്ക് വുഡ് അറിയിച്ചു.

തനിക്ക് വലിയ ഒരു അവസരവും വലിയ തുകയുമായിരിക്കാം നഷ്ടപ്പെട്ടതെങ്കിലും താന്‍ തന്റെ തീരുമാനത്തില്‍ സംതൃപ്തനാണെന്ന് മാര്‍ക്ക് വുഡ് വ്യക്തമാക്കി.

Exit mobile version