ഇന്ത്യ കൈവിട്ട ക്യാച്ചുകള്‍ മുതലാക്കി ലാബൂഷാനെയുടെ ശതകം

ബ്രിസ്ബെയിനില്‍ ആദ്യ ദിവസം തുടക്കത്തില വിക്കറ്റ് നഷ്ടത്തിന് ശേഷം മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. 63 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 198/3 എന്ന നിലയിലാണ്. ലാബൂഷാനെയും മാത്യു വെയിഡും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. 17/2 എന്ന നിലയില്‍ നിന്ന് സ്മിത്തും ലാബൂഷാനെയും ചേര്‍ന്ന് ഓസ്ട്രേലിയയെ 70 റണ്‍സ് നേടി വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 36 റണ്‍സ് നേടിയ സ്മിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ തന്നെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേടി.

Washingtonsundar

പിന്നീട് ലാബൂഷാനെ വെയിഡ് കൂട്ടുകെട്ട് മത്സരത്തില്‍ പിടിമുറുക്കുന്നതാണ് കണ്ടത്. ഇത് കൂടാതെ ലാബൂഷാനെയുടെ ക്യാച്ചുകള്‍ രഹാനെയും പുജാരയും കൈവിട്ടപ്പോള്‍ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ലാബൂഷാനെ 195 പന്തില്‍ 101 റണ്‍സും മാത്യു വെയിഡ് 83 പന്തില്‍ 43 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇരുവരുടെയും കൂട്ടുകട്ട് ഇപ്പോള്‍ 111 റണ്‍സ് ആണ് സ്കോര്‍ ചെയ്തിട്ടുള്ളത്.

നാലാം ടെസ്റ്റ് ഗാബയില്‍ തന്നെ നടത്തണം -മാത്യു വെയിഡ്

ഗാബയിലേക്ക് നാലാം ടെസ്റ്റിനായി യാത്ര ചെയ്യുവാന്‍ ഇന്ത്യ വിമുഖത കാട്ടുമ്പോളും പരമ്പര നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകണമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം മാത്യു വെയിഡ്. 1988ന് ശേഷം ഓസ്ട്രേലിയ പരാജയം അറിയാത്ത വേദിയാണ് ഗാബ. ഷെഡ്യൂള്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണെന്നും അതിന്‍ പ്രകാരം മത്സരങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ഓസ്ട്രേലിയ അറിയിച്ചു.

സിഡ്നി ടെസ്റ്റ് സംശയത്തിലായപ്പോള്‍ മെല്‍ബേണില്‍ തന്നെ തുടരുമെന്നൊരു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഷെഡ്യൂള്‍ പ്രകാരം സിഡ്നിയിലേക്ക് ടീമുകള്‍ യാത്രയായി. അപ്രകാരം ഗാബയിലേക്കും ടീമുകള്‍ അവസാന ടെസ്റ്റിനായി പോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും വെയിഡ് വ്യക്തമാക്കി.

എസ്‍സിജിയില്‍ തുടരെ രണ്ട് മത്സരങ്ങള്‍ കളിക്കുവാന്‍ തങ്ങള്‍ക്ക് താല്പര്യമില്ല. ഗാബ ഓസ്ട്രേലിയയ്ക്ക് പ്രിയ്പെട്ട വേദിയാണ് എന്നതില്‍ രു രഹസ്യവുമില്ലെന്നും ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അഭിപ്രായപ്പെട്ടു.

ആര് ഓപ്പണ്‍ ചെയ്യണമെന്നത് തന്റെ തലവേദനയല്ല, അത് സെലക്ടര്‍മാരുടേത്

ഓസ്ട്രേലിയയ്ക്ക് വേണ്ടി വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നത് ഏറെ കാലമായി ടീം മാനേജ്മെന്റിനെയും സെലക്ടര്‍മാരെയും അലട്ടുന്ന പ്രശ്നമായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാര്‍ണര്‍ക്കൊപ്പം വില്‍ പുകോവസ്കിയാകുമോ അതോ ജോ ബേണ്‍സ് ആകുമോ ഓപ്പണ്‍ ചെയ്യുക എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാല്‍ വാര്‍ണര്‍ പരിക്കേറ്റ് പുറത്താകുകയും വില്‍ പുകോവസ്കിയും കണ്‍കഷന്‍ ഭീഷണി കാരണം ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് പുറത്ത് പോയതോടെ ജോ ബേണ്‍സും മാത്യു വെയിഡും ആണ് ഓപ്പണിംഗ് ദൗത്യം ഏറ്റെടുത്തത്.

മോശം ഫോം കാരണം ഓസ്ട്രേലിയ ജോ ബേണ്‍സിനെ ഡ്രോപ് ചെയ്യുകയും വാര്‍ണറും പുകോവസ്കിയും വീണ്ടും ടീമിലേക്ക് എത്തിയതോടെ ആരായിരിക്കും സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കായി വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യം വീണ്ടും ഉയര്‍ന്ന് വന്നിട്ടുണ്ട്.

മാത്യു വെയിഡിന് അവസരം നല്‍കണോ അതോ പുകോവസ്കിയ്ക്ക് അരങ്ങേറ്റം നല്‍കണോ എന്നത് സെലക്ടര്‍മാര്‍ ഉത്തരം നല്‍കേണ്ട ഒന്നാണന്നും താന്‍ ഉത്തരം പറയേണ്ട ഒരു ചോദ്യമല്ല അതെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

ട്രാവിസ് ഹെഡിന് പകരം മാത്യു വെയിഡിനെ മധ്യ നിരയില്‍ ഇറക്കിയ ശേഷം വില്‍ പുകോവസ്കിയ്ക്ക് ഓപ്പണറായി അവസരം നല്‍കുവാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ആര് തന്നെ ഓപ്പണ്‍ ചെയ്താലും ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരിക്കണം ഓസ്ട്രേലിയയുടെ തന്ത്രമെന്നും ഡേവിഡ് വാര്‍ണര്‍ സൂചിപ്പിച്ചു.

സ്മിത്തും വീണു, ഓസ്ട്രേലിയയ്ക്കായി മാത്യു വെയിഡ് പൊരുതുന്നു

മെല്‍ബേണ്‍ ടെസ്റ്റില്‍ മൂന്നാം ദിവസം ഓസ്ട്രേലിയയുടെ ബാറ്റിംഗ് പുരോഗമിയ്ക്കുമ്പോള്‍ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടം. 36 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 83/3 എന്ന നിലയിലാണ്. മാത്യു വെയിഡ് 34 റണ്‍സുമായി ഒരറ്റത്ത് നങ്കൂരമിട്ട് കളിക്കുവാനുള്ള ശ്രമത്തിലാണ്. മറുവശത്ത് എട്ട് റണ്‍സുമായി ട്രാവിസ് ഹെഡാണ് ക്രീസില്‍ വെയിഡിന് കൂട്ടായുള്ളത്.

ജോ ബേണ്‍സിനെ ഉമേഷ് യാദവ് നേരത്തെ മടക്കിയ ശേഷം മാത്യു വെയിഡും മാര്‍നസ് ലാബൂഷാനെയും ചേര്‍ന്ന് 38 റണ്‍സ് നേടി ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന തോന്നിപ്പിച്ച നിമിഷത്തില്‍ ലാബൂഷാനെയെ പുറത്താക്കി അശ്വിന്‍ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. അധികം വൈകാതെ സ്റ്റീവ് സ്മിത്തിനെ ജസ്പ്രീത് ബുംറ പുറത്താക്കിയതോടെ ഓസ്ട്രേലിയ 71/3 എന്ന നിലയിലായി.

സ്മിത്തും ജോ ബേണ്‍സും പൂജ്യത്തിന് പുറത്ത്, ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ

മെല്‍ബേണ്‍ ടെസ്റ്റിലെ ആദ്യ ദിവസത്തിന്റെ ഒന്നാം സെഷനില്‍ മികച്ച തുടക്കുവുമായി ഇന്ത്യ. 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയയെ 65/3 എന്ന നിലയില്‍ തളച്ചിടുവാന്‍ ഇന്ത്യയ്ക്ക് ആയിട്ടുണ്ട്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ചെറിയൊരു മേല്‍ക്കൈ ഇന്ത്യ നേടിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയുടെ പുതിയ റണ്‍ മെഷിനായ മാര്‍നസ് ലാബൂഷാനെയാണ് ഇന്ത്യയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

മാത്യു വെയിഡ് 30 റണ്‍സ് നേടിയെങ്കിലും ജോ ബേണ്‍സും സ്റ്റീവന്‍ സ്മിത്തും പൂജ്യത്തിന് പുറത്തായതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലാകുകയായിരുന്നു. ബേണ്‍സിനെ ബുംറ പുറത്താക്കിയപ്പോള്‍ വെയിഡും സ്മിത്തും അശ്വിന് വിക്കറ്റ് നല്‍കി മടങ്ങി.

ഒരു ഘട്ടത്തില്‍ 38/3 എന്ന നിലയിലായിരുന്ന ടീമിനെ മാര്‍നസ് ലാബൂഷാനെയാണ് തിരികെ കൊണ്ടുവന്നത്. ട്രാവിസ് ഹെഡുായി ചേര്‍ന്ന് താരം 27 റണ്‍സ് ആണ് ഇതുവരെ നേടിയിട്ടുള്ളത്. ലാബൂഷാനെ 26 റണ്‍സും ട്രാവിസ് ഹെഡ് 4 റണ്‍സും നേടിയാണ് ലഞ്ചിന് പിരിയുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ലഞ്ചിന് തൊട്ടുമുമ്പുള്ള ഓവറില്‍ താരത്തെ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് വിധിച്ചുവെങ്കിലും ഉടനടി ഈ തീരുമാനത്തെ റിവ്യൂ ചെയ്ത് ലാബൂഷാനെ തന്റെ വിക്കറ്റ് രക്ഷിയ്ക്കുകയായിരുന്നു.

8 വിക്കറ്റ് വിജയവുമായി അഡിലെയ്ഡ് ടെസ്റ്റ് സ്വന്തമാക്കി ഓസ്ട്രേലിയ

ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ ഇന്ത്യയ്ക്കെതിരെ മികച്ച വിജയവുമായി ഓസ്ട്രേലിയ. 90 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 21 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ടീം 36 റണ്‍സിന് ഓള്‍ഔട്ട് ആയി ദയനീയ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

90 റണ്‍സെന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് യാതൊരു തരത്തിലുമുള്ള വെല്ലുവിളി ഉയര്‍ത്തുവാന്‍ ഇന്ത്യയ്ക്ക് ആയിരുന്നില്ല. മാത്യു വെയിഡ്(33) റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ജോ ബേണ്‍സ് 51 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാര്‍നസ് ലാബൂഷാനെയുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് രണ്ടാമത് നഷ്ടമായത്. അശ്വിനായിരുന്നു വിക്കറ്റ്.

ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ, വിജയം 75 റണ്‍സ് അകലെ

അഡിലെയ്ഡ് ടെസ്റ്റിലെ മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയെ 36 റണ്‍സിന് എറിഞ്ഞിട്ട ശേഷം 5 ഓവര്‍ നേരിട്ട ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സ് നേടി. 14 റണ്‍സുമായി മാത്യൂ വെയിഡും റണ്ണൊന്നുമെടുക്കാതെ ജോ ബേണ്‍സുമാണ് ക്രീസിലുള്ളത്.

ആദ്യ ടെസ്റ്റ് വിജയിക്കുവാന്‍ 75 റണ്‍സ് കൂടി മാത്രമാണ് ഓസ്ട്രേലിയയ്ക്ക് നേടേണ്ടത്.

വെയിഡ് ഓപ്പണര്‍ ആയി എത്തിയേക്കുമെന്ന് സൂചന നല്‍കി ടിം പെയിന്‍

അഡിലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കായി ഓപ്പണിംഗിനിറങ്ങുക ജോ ബേണ്‍സും മാത്യു വെയിഡും ആയിരിക്കുമെന്ന് സൂചന നല്‍കി ടിം പെയിന്‍. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന പ്രതിസന്ധി ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയന്‍ ക്യാമ്പ് നേരിട്ടിരുന്നുവെങ്കിലും പിന്നീട് താരത്തിന് പരിക്കേറ്റതോടെ വില്‍ പുകോവസ്കിയും ജോ ബേണ്‍സും ഓപ്പണിംഗ് ദൗത്യം ഏറ്റെടുക്കുമെന്നാണ് കരുതിയത്. സന്നാഹ മത്സരത്തില്‍ വില്‍ പുകോവസ്കിയ്ക്കം പരിക്കേറ്റതോടെ ഇപ്പോള്‍ ജോ ബേണ്‍സിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന പ്രതിസന്ധിയാണ് ഓസ്ട്രേലിയ നേരിടുന്നത്.

മാത്യു വെയിഡ് ടീമിന് വേണ്ടി ഓപ്പണിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ സമ്മതിച്ചത് വളരെ വലിയ കാര്യമാണെന്ന് ടിം പെയിന്‍ വ്യക്തമാക്കി. ഫസ്റ്റ് ക്ലാസ്സില്‍ ഇതുവരെ താരം അത് ചെയ്തിട്ടില്ലെങ്കിലും ഇപ്പോള്‍ ടീമിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണയുമായി താരം മുന്നോട്ട് വരികയായിരുന്നുവെന്നും പെയിന്‍ സൂചിപ്പിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഷോര്‍ട്ട്-ബോള്‍ ഫോര്‍മാറ്റില്‍ താരം ഓപ്പണിംഗിറങ്ങി മികവ് പുലര്‍ത്തിയിട്ടുള്ളതാണെന്നും ഓസ്ട്രേലിയന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

വെയിഡിന്റെ മികവില്‍ ഓസ്ട്രേലിയ, മാക്സ്വെല്ലിനും അര്‍ദ്ധ ശതകം

മാത്യൂ വെയിഡിന്റെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും അര്‍ദ്ധ ശതകങ്ങളുടെ മികവില്‍ ഇന്ത്യയ്ക്കെതിരെ മൂന്നാം ടി20യില്‍ 186 റണ്‍സ് നേടി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീമിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ പൂജ്യത്തിന് നഷ്ടമായ ശേഷം മാത്യു വെയിഡും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍  65 റണ്‍സ് നേടുകയായിരുന്നു. സ്മിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് ഇന്ത്യയ്ക്ക് വിക്കറ്റ് നേടിക്കൊടുത്തത്. ഫിഞ്ചിന്റെ വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് നേടിയത്.

23 റണ്‍സ് നേടിയ സ്മിത്ത് പുറത്തായ ശേഷം തന്റെ അര്‍ദ്ധ ശതകം നേടിയ മാത്യു വെയിഡും മാക്സ്വെല്ലും ചേര്‍ന്നാണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. 53 പന്തില്‍ 80 റണ്‍സ് നേടിയ വെയിഡ് 19ാം ഓവറില്‍ പുറത്താകുമ്പോള്‍ 53 പന്തില്‍ നിന്ന് 90 റണ്‍സാണ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ശര്‍ദ്ധുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്.

അതേ ഓവറില്‍ മാക്സ്വെല്ലിന്റെ ക്യാച്ച് ചഹാല്‍ കൈവിട്ടുവെങ്കിലും തൊട്ടടുത്ത ഓവറില്‍ നടരാജന്‍ മാക്സ്വെല്ലിനെ പുറത്താക്കി. 36 പന്തില്‍ നിന്ന് 54 റണ്‍സാണ് മാക്സ്വെല്‍ നേടിയത്.

 

ഭയപ്പെടേണ്ട താന്‍ ധോണിയല്ല, ധവാനോട് മാത്യു വെയിഡ്

രണ്ടാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിംഗിനിടെ രസകരമായ ഒരു സംഭാഷണവുമായി ഓസ്ട്രേലിയന്‍ കീപ്പറും ഈ മത്സത്തിലെ ക്യാപ്റ്റനുമായ മാത്യു വെയിഡ്. മത്സരത്തിന്റെ 9ാം ഓവറില്‍ മിച്ചല്‍ സ്വെപ്സണിന്റെ ഓവറില്‍ ശിഖര്‍ ധവാനെ സ്റ്റംപ് ചെയ്ത ശേഷം അമ്പയര്‍ തേര്‍ഡ് അമ്പയറിലേക്ക് തീരുമാനം വിട്ടപ്പോള്‍ ആണ് വിക്കറ്റിന് പിന്നില്‍ നിന്ന് മാത്യു വെയിഡില്‍ നിന്ന് രസകരമായ സംഭാഷണം വന്നത്.

ശിഖര്‍ ധവാനോട് പേടിക്കേണ്ട താന്‍ ധോണിയല്ല, ധോണിയുടെ അത്രയും വേഗത തനിക്കില്ലെന്നാണ് ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞത്. ധോണിയുടെ മിന്നില്‍ വേഗത്തിലുള്ള സ്റ്റംപിംഗുകളുടെ അത്രയും വേഗത തനിക്കില്ലെന്നും ധവാന്‍ ഔട്ട് ആയിട്ടില്ല പേടിക്കേണ്ട എന്ന സൂചനയാണ് വെയിഡ് നല്‍കിയത്.

ആ സമയത്ത് 39 റണ്‍സ് നേടിയിരുന്ന ധവാന്‍ പിന്നീട് അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്താകുകയായിരുന്നു.

വെയിഡും സ്മിത്തും കസറി, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. 32 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ മാത്യൂ വെയിഡും 38 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തും തിളങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലും(22) മോയിസസ് ഹെന്‍റിക്സുമെല്ലാം(26) നിര്‍ണ്ണായക പ്രകടനങ്ങളാണ് പുറത്തെടുത്തത്. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ്(16*), ഡാനിയേല്‍ സാംസ്(8*) എന്നിവരും അവസാന ഓവറുകളില്‍ റണ്‍ വാരിക്കൂട്ടുകയായിരുന്നു.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഡാര്‍സി ഷോര്‍ട്ടിനെ കാഴ്ചക്കാരനാക്കി മാത്യൂ വെയിഡ് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. 47 റണ്‍സ് ആണ് കൂട്ടുകെട്ട് നേടിയത്. വെയിഡ് പുറത്തായ ശേഷം സ്മിത്തിനായിരുന്നു ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുവാനുള്ള ദൗത്യം.

9 പന്തില്‍ നിന്ന് 23 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനിസും ഡാനിയേല്‍ സാംസും ഒപ്പം കൂടിയപ്പോള്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സ്കോര്‍ നേടുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ നാലോവറില്‍ വെറും 20 റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ നടരാജന്റെ പ്രകടനമാണ് മികച്ച് നിന്നത്.

വെയ്ഡിന്റെ പരിക്ക്, കൗണ്ടിയില്‍ താരം കളിക്കില്ല

സോമര്‍സെറ്റിന് വേണ്ടി ഈ സീസണ്‍ കൗണ്ടിയില്‍ ഓസ്ട്രേലിയന്‍ താരം മാത്യു വെ്ഡ് കളിക്കില്ലെന്ന് അറിയിച്ച് കൗണ്ടി. ക്ലബ്ബിനായി ഏഴ് മത്സരങ്ങള്‍ കളിക്കേണ്ടിയിരുന്ന താരത്തിന്റെ പങ്കാളിത്തം കൊറോണ വ്യാപനത്തെ തുടര്‍ന്ന് നേരത്തെ തന്നെ സംശയത്തിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ മുട്ടിനേറ്റ പരിക്കാണ് താരം ഈ സീസണില്‍ ടീമിനൊപ്പം ചേരില്ലെന്ന കാര്യത്തില്‍ സ്ഥിരീകരണത്തിലെത്തുവാന്‍ കാരണമായത്.

ഈ നഷ്ടമാകുന്നത് തനിക്ക് വലിയ തിരിച്ചടിയാണെന്ന് വെയ്ഡ പറഞ്ഞു. ഈ സമ്മറില്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നതിനെക്കുറിച്ച് താന്‍ ഉറ്റു നോക്കുകയായിരുന്നുവെന്നും വെയ്ഡ് പറഞ്ഞു. ഏപ്രില്‍ 12ന് ആരംഭിക്കേണ്ട കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കൊറോണ കാരണം വൈകുവാനാണ് സാധ്യത.

Exit mobile version