ദേശീയ ടീമിനോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ? ഷാക്കിബിനോട് ചോദിച്ച് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകുവാന്‍ താന്‍ മാനസികമായും ശാരീരികമായും തയ്യാറല്ലെന്ന് കഴിഞ്ഞ് ദിവസം പറഞ്ഞ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ബംഗ്ലാദേശിനോട് ഒരു പ്രതിബദ്ധതയും അര്‍പ്പണബോധവും ഇല്ലെന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍.

ഐപിഎലില്‍ കളിക്കുവാനായി താരം നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനില്ലെന്ന് അറിയിച്ചുവെങ്കിലും മെഗാ ലേലത്തിൽ താരത്തെ ആരും സ്വന്തമാക്കിയില്ല. ഇതോടെ ബംഗ്ലാദേശ് ബോര്‍ഡ് ടെസ്റ്റ് ടീമിൽ ഷാക്കിബിനെ ഉള്‍പ്പെടുത്തി.

ഐപിഎലില്‍ ഏതെങ്കിലും ടീം താരത്തെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ ഇത്തരം പ്രതികരണം താരത്തിൽ നിന്നുണ്ടാകുമായിരുന്നുവോ എന്നാണ് നസ്മുള്‍ ഹസന്‍ ചോദിച്ചത്. താരം കളിക്കുന്നില്ലെങ്കിൽ അത് അവസാന നിമിഷം അല്ല നേരത്തെ അറിയിക്കേണ്ടതുണ്ടെന്നും ഹസന്‍ സൂചിപ്പിച്ചു.

ഐപിഎൽ കരാര്‍ ലഭിയ്ക്കാത്തതിനാൽ ഷാക്കിബ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് സീരീസിൽ കളിക്കാതിരിക്കേണ്ട കാര്യമില്ല – നസ്മുൾ ഹസൻ

ഷാക്കിബ് അല്‍ ഹസന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര കളിക്കാതിരിക്കുവാന്‍ കാരണം ഒന്നുമില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. നേരത്തെ താരത്തോട് ചോദിച്ചപ്പോള്‍ ഐപിഎൽ കാരണം ദക്ഷിണാഫ്രിക്ക, ശ്രീലങ്ക പരമ്പരകളിൽ കളിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ശ്രീലങ്കന്‍ പര്യടനത്തിൽ കളിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ഷാക്കിബ് അതിന് സമ്മതം മൂളിയതാണ്.

ഇപ്പോള്‍ ഐപിഎൽ കരാര്‍ ലഭിയ്ക്കാത്തതിനാൽ തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിൽ നിന്ന് താരം വിട്ട് നില്‍ക്കേണ്ട സാഹര്യം ഇല്ലെന്നും നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

വിവാദങ്ങളെ മറക്കു, ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കൂ – റസ്സൽ ഡൊമിംഗോ

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ടതിനെത്തുടര്‍ന്നും പിന്നീട് സൂപ്പര്‍ 12 ഉറപ്പാക്കിയതിന് ശേഷവും ബംഗ്ലാദേശ് ബോര്‍ഡും താരങ്ങളും തമ്മിലുണ്ടായ വിവാദ പരാമര്‍ശങ്ങള്‍ക്ക് അവസാനം കുറിയ്ക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. ഈ വിവാദങ്ങള്‍ക്ക് പകരം ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇതെന്നും ഡൊമിംഗോ വ്യക്തമാക്കി.

ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസനും ടീം ക്യാപ്റ്റന്‍ മഹമ്മുദുള്ളയും ആണ് വാക് പോരിൽ ഏര്‍പ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലേക്ക് എത്തിച്ചത്. സ്കോട്‍ലാന്‍ഡിനോടേറ്റ പരാജയത്തിന് ശേഷമാണ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പരാമര്‍ശവുമായി എത്തിയത്.

അതിനെതിരെ സൂപ്പര്‍ 12 യോഗ്യത നേടിയ ശേഷം മഹമ്മുദുള്ള തിരിച്ചടിക്കുകയും ചെയ്തു. മഹമ്മുദുള്ളയുടെ വൈകാരിക പ്രതികരണമായി ആണ് താന്‍ കണക്കാക്കുന്നതെന്ന് ഹസന്‍ പ്രതികരിച്ചു.

ടീം ഒറ്റക്കെട്ടായി ക്രിക്കറ്റിൽ മാത്രം ശ്രദ്ധ ചെലുത്തേണ്ട സമയം ആണെന്നും സൂപ്പര്‍ 12ൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ അതാണ് ഏറ്റവും അനുയോജ്യമായ കാര്യമെന്നും ഡൊമിംഗോ വ്യക്തമാക്കി.

മഹമ്മദുള്ളയ്ക്കെതിരെ ബംഗ്ലാദേശ് ചീഫ്

താരങ്ങളുടെ അര്‍പ്പണബോധത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ചീഫ് നസ്മുള്‍ ഹസന്‍. സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ട ശേഷം സീനിയര്‍ താരങ്ങളെ നസ്മുള്‍ ഹസന്‍ വിമര്‍ശിച്ചിരുന്നു. സൂപ്പര്‍ ലീഗ് ഉറപ്പാക്കിയ ശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചു.

മഹമ്മദുള്ളയുടേത് വൈകാരിക പ്രക്ഷോഭം മാത്രമായാണ് താന്‍ കരുതുന്നതെന്നും താന്‍ ഒരിക്കലും താരങ്ങളുടെ അര്‍പ്പണബോധത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും തനിക്ക് ആദ്യ മത്സരത്തിലെ ടീമിന്റെ സമീപനത്തോടാണ് അതൃപ്തിയുള്ളതെന്നും ആ നിലപാടിൽ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നസ്മുള്‍ പറഞ്ഞു.

ഡൊമിംഗോയുടെ കരാര്‍ 2022 ടി20 ലോകകപ്പ് വരെ നീട്ടിയേക്കുമെന്ന് സൂചന

ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയുടെ കരാര്‍ 2022 ടി20 ലോകകപ്പ് വരെ നീട്ടുമെന്ന് സൂചന. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നസ്മുള്‍ ഹസന്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. 2022 ടി20 ലോകകപ്പ് ഓസ്ട്രേലിയയിലാണ് നടക്കുന്നത്.

ഓഗസ്റ്റ് 2019ൽ ആണ് ബംഗ്ലാദേശിന്റെ കോച്ചായി ഡൊമിംഗോ രണ്ട് വര്‍ഷത്തെ കരാറില്‍ എത്തിയത്. പിന്നീട് അത് 2021 ടി20 ലോകകപ്പ് വരെ നീട്ടുകയായിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ബോര്‍ഡ് കരാര്‍ നീട്ടുവാന്‍ സന്നദ്ധരാണെന്നാണ് അറിയുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് ഡൊമിംഗോയുമായി സംസാരിച്ചിട്ടില്ലെന്നും അതിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

പരമ്പര വിജയകരമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട്, ബയോ ബബിള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും

ശ്രീലങ്കന്‍ ടീമില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചുവെങ്കിലും പിന്നീട് രണ്ട് താരങ്ങളുടെ ഫലം നെഗറ്റീവായതിനാല്‍ തന്നെ പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പറയുന്നത് പരമ്പര വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന വിശ്വാസമാണ് ബോര്‍ഡിനുള്ളതെന്നാണ്.

ബയോ ബബിള്‍ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അതിനാല്‍ തന്നെ ആരും ഭയപ്പെടേണ്ടതില്ലെന്നുമാണ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കിയത്. പ്രൊട്ടോക്കോള്‍ പ്രകാരമുള്ള പരിശോധനകള്‍ക്ക് ശേഷമാണ് പരമ്പരയിലെ ആദ്യ മത്സരവുമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. ഷിരന്‍ ഫെര്‍ണാണ്ടോ നേരത്തെ കോവിഡില്‍ നിന്ന് മുക്തനായതാണെന്നും ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഡെഡ് ആര്‍എന്‍എ കണ്ടത്തിയത് ആകാമെന്നും ചില വ്യക്തികളില്‍ അത് 28 ദിവസം വരെയും ഉണ്ടാകാമെന്ന് ഹസന്‍ വ്യക്തമാക്കി.

ഷാക്കിബ് ഐപിഎലിന് മുന്‍ഗണന നല്‍കിയത് ദുഖകരമായ കാര്യം

ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പരമ്പരയെക്കാള്‍ മുന്‍ഗണന ഐപിഎലിന് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ നല്‍കിയത് ഏറെ സങ്കടകരമായ കാര്യമാണെന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബും മുസ്തഫിസുറും ആണ് ഐപിഎല്‍ കളിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് താരങ്ങള്‍ ഇരുവര്‍ക്കും ഐപിഎല്‍ കളിക്കുവാനുള്ള അനുമതി ബോര്‍ഡ് നല്‍കുകയും ചെയ്തു.

ഒരു താരങ്ങളെയും ബംഗ്ലാദേശ് അമിതമായി ആശ്രയിക്കുന്നില്ല എന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്ന് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി. ഒരാളെ സമ്മര്‍ദ്ദത്തിലാക്കി രാജ്യത്തിന് വേണ്ടി കളിപ്പിച്ചാലും അതിന്റെ ഗുണം ഇരു കൂട്ടര്‍ക്കും ഉണ്ടാകില്ലെന്ന് നസ്മുള്‍ വ്യക്തമാക്കി.

താരങ്ങളില്‍ 10-15 വര്‍ഷം ബോര്‍ഡ് നിക്ഷേപം നടത്തി, പരിക്കിന്റെ സമയത്തും അവര്‍ക്കൊപ്പം നിന്ന ശേഷം അവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് ദുഖമുണ്ടാകുന്നുണ്ടെന്നും നസ്മുള്‍ സൂചിപ്പിച്ചു.

ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ബോര്‍ഡിനോട് ഇവര്‍ ഉത്തരം പറയേണ്ടതുണ്ട് – നസ്മുള്‍ ഹസന്‍

വെസ്റ്റിന്‍ഡീസിനോട് ഇരു ടെസ്റ്റുകളിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന സൂചന നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ടെസ്റ്റിലെ ബംഗ്ലാദേശിന്റെ മോശം പ്രകടനം ഇങ്ങനെ തുടരാനാകില്ലെന്നും ഇതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തിയേ മതിയാകൂ എന്ന് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

2-0 എന്ന നിലയിലാണ് ബംഗ്ലാദേശിന്റെ പരാജയം. അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം താന്‍ ഒന്നും പറഞ്ഞില്ലെന്ന് പറഞ്ഞ നസ്മുള്‍ എന്നാല്‍ ഇനി ടീം പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ആദ്യം അവരുടെ പ്രശ്നം താന്‍ മനസ്സിലാക്കണമെന്നും അതിന് ശേഷം നിങ്ങളോട് പറയാമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം വ്യക്തമാക്കി.

ന്യൂസിലാണ്ട് പരമ്പരയും അതിന് ശേഷം ശ്രീലങ്കന്‍ പരമ്പരയുമുള്ളതിനാല്‍ ഇതിനെല്ലാം വളരെക്കുറച്ച് സമയം മാത്രമേയുള്ളുവെന്നും നസ്മുള്‍ സൂചിപ്പിച്ചു. ഈ ചെറിയ കാര്യങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരാനാകില്ലെങ്കിലും ഇക്കാര്യമെല്ലാം ടീമിനെ അറിയിക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഇല്ല – നസ്മുള്‍ ഹസന്‍

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തുക അസാധ്യം എന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. രാജ്യം കൊറോണയ്ക്കെതിരെ പൊരുതുന്ന ഘട്ടത്തില്‍ ഇത്തരം ഒരു ടൂര്‍ണ്ണമെന്റ് നടത്തുക സാധ്യമല്ലെന്ന് ഹസന്‍ വ്യക്തമാക്കി.

ഷേര്‍-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ മൂന്ന് ടീമുകളുടെ 50 ഓവര്‍ ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഹസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ടൂര്‍ണ്ണമെന്റ് നടത്താനാകുമോ എന്നത് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

വിദേശ താരങ്ങളുടെ പങ്കാളിത്തം ഉണ്ടാകേണ്ട ടൂര്‍ണ്ണമെന്റാണ് ബിപിഎല്‍ എന്നും അതിനാല്‍ തന്നെ ഇപ്പോള്‍ അത് സാധ്യമല്ലെന്നും അവരുടെ സാന്നിദ്ധ്യമില്ലാതെ ടൂര്‍ണ്ണമെന്റ് നടത്തേണ്ടതില്ലെന്നാണ് ബോര്‍‍ഡ് തീരുമാനം എന്നും നസ്മുള്‍ സൂചിപ്പിച്ചു.

ഐപിഎല്‍ പോലെ ഒരു വിദേശ വേദിയില്‍ ഈ ടൂര്‍ണ്ണമെന്റ് നടത്തുകയും അസാധ്യമാണെന്നും ബോര്‍ഡിന് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും നസ്മുള്‍ അഭിപ്രായപ്പെട്ടു.

14 ദിവസത്തെ ക്വാറന്റീനെങ്കില്‍ പരമ്പര മറന്നേക്കു – ബംഗ്ലാദേശ്

14 ദിവസത്തെ ക്വാറന്റീന്‍ എന്ന് ലങ്കന്‍ അധികാരികള്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ ശ്രീലങ്കയിലോട്ട് യാത്ര ചെയ്യുവാന്‍ ബംഗ്ലാദേശിന് താല്പര്യമില്ലെന്നും പരമ്പര ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അറിയിച്ച് ബംഗ്ലാദേശ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ക്വാറന്റീന്‍ നിയമാവലി ലങ്കന്‍ ബോര്‍ഡ് അറിയിച്ചതോടെയാണ് തങ്ങള്‍ കരുതിയത് പോലെയല്ല കാര്യങ്ങളെന്ന് ബംഗ്ലാദേശ് ബോര്‍ഡിന് മനസ്സിലാവുന്നത്.

ക്വാറന്റീന്‍ കാലത്താണെങ്കിലും ടീമംഗങ്ങള്‍ക്ക് പരിശീലനം ആവാമെന്നാണ് ബോര്‍ഡ് കരുതിയിരുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നാണ് പിന്നീട് ലഭിച്ച വിവരം. പൂര്‍ണ്ണമായും റൂം ക്വാറന്റീനിലേക്ക് താരങ്ങള്‍ പോകേണ്ടി വരുമെന്നാണ് പിന്നീട് ലങ്കന്‍ ബോര്‍ഡ് ബംഗ്ലാദേശിനെ അറിയിച്ചത്.

എന്നാല്‍ ഏഴ് ദിവസം വരെയാണെങ്കില്‍ ഇത് സ്വീകാര്യമാണെന്നും അതിനപ്പുറമുള്ള നിയമമാണെങ്കില്‍ പരമ്പര ഉപേക്ഷിക്കുന്നതാവും നല്ലതെന്നാണ് ബംഗ്ലാദേശിന്റെ ഇപ്പോളത്തെ നിലപാട്.

വാക്സിനെത്തിയാലും ഡിസംബറില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടക്കുമെന്ന് തോന്നുന്നില്ല – നസ്മുള്‍ ഹസന്‍

ബംഗ്ലാദേശില്‍ ക്രിക്കറ്റിന്റെ സാധ്യത ഇപ്പോള്‍ തീരെ ഇല്ലെന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. കോവിഡ് വാക്സിന്‍ വരുന്നത് വരെയോ അല്ലെങ്കില്‍ ഇപ്പോളത്തെ സ്ഥിതി മെച്ചപ്പെടുന്നത് വരെയോ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ പറയുന്നത്.

ഡിസംബര്‍-ജനുവരി സമയത്ത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്താനാകുമെന്നാണ് ആദ്യം ബംഗ്ലാദേശ് കരുതിയത്. എന്നാലിപ്പോള്‍ വാക്സിന്‍ വന്നെത്തി സ്ഥിതി മെച്ചപ്പെട്ടാലും ഡിസംബറില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടക്കുമെന്ന് യാതൊരുവിധ പ്രതീക്ഷയുമില്ലെന്നാണ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയത്.

വാക്സിന്‍ എത്തിയാലും ട്രയല്‍ കഴിഞ്ഞ് ആളുകള്‍ അത് ഉപയോഗിച്ച് വിജയകരമായി എന്ന് ഉറപ്പാക്കി വരുവാന്‍ തന്നെ ഒരു സമയം എടുക്കുമെന്നും നസ്മുള്‍ ഹസന്‍ വ്യക്തമാക്കി. അത് കൂടാതെ വിദേശ താരങ്ങളെ ടൂര്‍ണ്ണമെന്റിന് എത്തിക്കാനാകുമോ എന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് ബോര്‍ഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ശ്രീലങ്കന്‍ ടൂര്‍ നടക്കുവാന്‍ സാധ്യത കുറവെന്ന് പറഞ്ഞ് ബംഗ്ലാദേശ് പ്രസിഡന്റ്

ശ്രീലങ്കയിലേക്കുള്ള ബംഗ്ലാദേശിന്റെ ടൂര്‍ നടക്കുവാനുള്ള സാധ്യത വളരെ കുറവാണെനും അതിനുള്ള സാഹചര്യങ്ങളില്‍ നിലവിലുണ്ടെന്ന ബോധ്യം തനിക്ക് വന്നിട്ടില്ലെന്നും പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് ബോര്‍ഡിന് താരങ്ങളുടെ സുരക്ഷയാണ് വലുതെന്നും അതിനാല്‍ തന്നെ എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്നും ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

ശ്രീലങ്കന്‍ ബോര്‍ഡ് ബംഗ്ലാദേശില്‍ നിന്ന് ഒരു അറിയിപ്പ് വരുന്നതിനായി കാത്തിരിക്കുന്നതിനാല്‍ ജൂലൈയില്‍ നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇതുവരെ നീട്ടി വെച്ചിട്ടില്ല. സമാനമായ സ്ഥിതിയില്‍ ഇന്ത്യന്‍ ബോര്‍ഡില്‍ നിന്നും ശ്രീലങ്ക പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

ഇന്ത്യ ജൂണിലാണ് ലങ്കയില്‍ പരമ്പര കളിക്കുവാന്‍ എത്തേണ്ടിയിരുന്നത്. ശ്രീലങ്കയില്‍ വൈറസ് വ്യാപനം കുറവാണെന്നതിനാലാണ് ബോര്‍ഡ് ജൂണ്‍ ആവുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് അത് അംഗീകരിക്കുന്ന ഒരു ഘട്ടത്തില്‍ എത്തിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്.

ഇന്ന് സുരക്ഷിതമായ സ്ഥലം നാളെയും അത്തരത്തിലായിരിക്കുമെന്നത് നമുക്ക് ഇപ്പോള്‍ പറയാനാകില്ലെന്നും കാരണം വൈറസ് വ്യാപനം വീണ്ടും നടക്കുന്ന സംഭവമാണെന്നും നസ്മുള്‍ വ്യക്തമാക്കി. ഇപ്പോള്‍ സ്ഥിതി എന്താകുമെന്ന് പ്രവചിക്കാനാകുന്ന ഒരു ഘട്ടമല്ലെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

Exit mobile version