വിവാദങ്ങളെ മറക്കു, ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കൂ – റസ്സൽ ഡൊമിംഗോ

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ടതിനെത്തുടര്‍ന്നും പിന്നീട് സൂപ്പര്‍ 12 ഉറപ്പാക്കിയതിന് ശേഷവും ബംഗ്ലാദേശ് ബോര്‍ഡും താരങ്ങളും തമ്മിലുണ്ടായ വിവാദ പരാമര്‍ശങ്ങള്‍ക്ക് അവസാനം കുറിയ്ക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. ഈ വിവാദങ്ങള്‍ക്ക് പകരം ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇതെന്നും ഡൊമിംഗോ വ്യക്തമാക്കി.

ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസനും ടീം ക്യാപ്റ്റന്‍ മഹമ്മുദുള്ളയും ആണ് വാക് പോരിൽ ഏര്‍പ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലേക്ക് എത്തിച്ചത്. സ്കോട്‍ലാന്‍ഡിനോടേറ്റ പരാജയത്തിന് ശേഷമാണ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പരാമര്‍ശവുമായി എത്തിയത്.

അതിനെതിരെ സൂപ്പര്‍ 12 യോഗ്യത നേടിയ ശേഷം മഹമ്മുദുള്ള തിരിച്ചടിക്കുകയും ചെയ്തു. മഹമ്മുദുള്ളയുടെ വൈകാരിക പ്രതികരണമായി ആണ് താന്‍ കണക്കാക്കുന്നതെന്ന് ഹസന്‍ പ്രതികരിച്ചു.

ടീം ഒറ്റക്കെട്ടായി ക്രിക്കറ്റിൽ മാത്രം ശ്രദ്ധ ചെലുത്തേണ്ട സമയം ആണെന്നും സൂപ്പര്‍ 12ൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ അതാണ് ഏറ്റവും അനുയോജ്യമായ കാര്യമെന്നും ഡൊമിംഗോ വ്യക്തമാക്കി.

Exit mobile version