ഡൊമിംഗോയോട് വിശദീകരണം ആവശ്യപ്പെടുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ്

ബംഗ്ലാദേശ് ബോര്‍ഡ് അനാവശ്യമായ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ടെസ്റ്റ് ഏകദിന മുഖ്യ കോച്ചിന്റെ പരാമര്‍ശത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്തിടെ ടി20 കോച്ചിംഗ് സംവിധാനത്തിൽ നിന്ന് റസ്സൽ ഡൊമിംഗോയെ ബംഗ്ലാദേശ് ബോര്‍ഡ് മാറ്റി നിര്‍ത്തിയിരുന്നു.

ബോര്‍ഡ് അംഗങ്ങള്‍ താരങ്ങളോട് ഡ്രസ്സിംഗ് റൂമിൽ ആക്രോശിക്കുകയാണെന്നും കൂടാതെ അനാവശ്യ പരാമര്‍ശങ്ങളും നടത്തി താരങ്ങളിലും കോച്ചിംഗ് സ്റ്റാഫിലും ബോര്‍ഡ് സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടി20 ടീമിന്റെ ചുമതല പുതുതായി നിയമിച്ച ടെക്നിക്കൽ ഡയറക്ടര്‍ ശ്രീധര്‍ ശ്രീറാമിന് ലോകകപ്പ് വരെ നൽകുകയായിരുന്നു.

ഡൊമിംഗോ പറഞ്ഞ പോലെ ആരാണ് താരങ്ങളോട് ആക്രോശിക്കുന്നതെന്ന് ഡൊൊമിംഗോ തന്നെ വെളിപ്പെടുത്തട്ടേ എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാൽ യൂനുസ് വ്യക്തമാക്കി. അദ്ദേഹം ക്രിക്കറ്റ് ഡയറക്ടര്‍ എന്നാണ് പറഞ്ഞതെന്നും അത് താനാണെന്നും ടീം ഡയറക്ടറെ ആണോ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും യൂനുസ് പറഞ്ഞു.

ഏത് ബോര്‍ഡ് അംഗങ്ങളാണ് താരങ്ങളോട് കയര്‍ത്ത് സംസാരിച്ചതെന്ന് അവരും വ്യക്തമാക്കണമെന്നും ബോര്‍ഡ് അംഗങ്ങള്‍ക്ക് ടീം മാനേജ്മെന്റിനോട് സംസാരിക്കുവാന്‍ അനുമതി ഇല്ലെന്നും അതിനാൽ തന്നെ അതിന് സാധ്യതയില്ലെന്നുമാണ് യൂനുസ് പറയുന്നത്.

 

സിംബാബ്‍വേയ്ക്കെതിരെയുള്ള തോൽവി, ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിന്റെ അവലോകന യോഗം വിളിച്ച് ബോര്‍ഡ്

ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിനോട് സിംബാബ്‍വേ പരമ്പരയ്ക്ക് ശേഷം ധാക്കയിൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ബോര്‍ഡ്. സിംബാബ്‍വേയോട് ടി20, ഏകദിന പരമ്പര കൈവിട്ട ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ അവലോകനം ആണ് ലക്ഷ്യമെന്നാണ് അറിയുന്നത്.

നാട്ടിൽ ഓസ്ട്രേലിയയെയും ന്യൂസിലാണ്ടിനെയും സ്പിന്‍ സൗഹൃദ പിച്ചൊരുക്കി വിജയിച്ച ശേഷം ടി20യിൽ യാതൊരുവിധ ഫലവും ടീമിന് കൊണ്ട് വരുവാനായിട്ടില്ല. 19 മത്സരങ്ങളിൽ 15ലും ടീം തോൽക്കുകയായിരുന്നു.

മുന്‍ കോച്ച് ചന്ദിക ഹതുരുസിംഗ കൊണ്ടു വന്ന ശൈലിയിൽ നിന്ന് പുതിയ കോച്ചിംഗ് സ്റ്റാഫിലെ റസ്സൽ ഡൊമിംഗോയും മറ്റു കോച്ചുമാരും പിന്നോട്ട് പോയി എന്നാണ് ബോര്‍ഡിന്റെ വിലയിരുത്തൽ.

സപ്പോര്‍ട്ട് സ്റ്റാഫ് എല്ലാവരും ആത്മാര്‍ത്ഥതയോടെയാണ് ജോലിയെ സമീപിക്കുന്നതെന്നും എന്നാൽ ചിലര്‍ ആക്രമോത്സുക ശൈലിയും ചിലര്‍ അതില്ലാതെയും ആണ് എത്തുന്നതെന്നും ഹതുരുസിംഗ ആക്രമോത്സുക ശൈലിയുള്ള കോച്ചായിരുന്നു പക്ഷേ റസ്സൽ ഡൊമിംഗോ അത്തരത്തിൽ അല്ല എന്നും ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ ജലാൽ യൂനുസ് വ്യക്തമാക്കി.

ബാറ്റ്സ്മാന്മാര്‍ക്ക് ആത്മവിശ്വാസം തീരെയില്ല – റസ്സൽ ഡൊമിംഗോ

ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് ആത്മവിശ്വാസം തീരെയില്ലെന്ന് തുറന്ന് സമ്മതിച്ച് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് പരാജയത്തിനാൽ തോല്‍വിയെ അഭിമുഖീകരിക്കുകയാണ് ബംഗ്ലാദേശ്. ആദ്യ ഇന്നിംഗ്സിൽ 103 റൺസിനാണ് ടീം ഓള്‍ഔട്ട് ആയത്.

രണ്ടാം ഇന്നിംഗ്സിലും സമാനമായ രീതിയിൽ ടീം തകര്‍ന്നുവെങ്കിലും ഷാക്കിബും നൂറുള്‍ ഹസനും ചേര്‍ന്ന് ടീമിനെ 245 റൺസ് എത്തുവാന്‍ സഹായിക്കുകയായിരുന്നു. 109/6 എന്ന നിലയിൽ നിന്ന് 123 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

വളരെ അധികം സോഫ്ട് ഡിസ്മിസ്സലുകള്‍ ഈ മത്സരത്തിൽ ഉണ്ടായി എന്നാണ് ഡൊമിംഗോ പറഞ്ഞത്. മോമിനുള്‍ ഹക്ക്, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ എന്നീ വലിയ താരങ്ങളുടെ ആത്മവിശ്വാസം ഇപ്പോള്‍ കുറഞ്ഞ നിലയിലാണെന്നും ആത്മവിശ്വാസം എന്നത് ഏറെ വലിയ കാര്യമാണെന്നും ഡൊമിംഗോ സൂചിപ്പിച്ചു.

താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ട് – റസ്സൽ ഡൊമിംഗോ

ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 253 റൺസ് നേടിയ ലിറ്റൺ ദാസ് – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ടിന വാനോളം പുകഴ്ത്തി റസ്സൽ ഡൊമിംഗോ. താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഇതെന്ന് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ വ്യക്തമാക്കി.

24/5 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ തിരികെ ട്രാക്കിലേക്ക് എത്തിച്ചത് ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ടെസ്റ്റിൽ താന്‍ കോച്ചായി കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത് എന്നും മികച്ച ക്യാരക്ടര്‍ ആണ് ഇരു താരങ്ങളും നേടിയത് എന്നും ഡൊമിംഗോ വ്യക്തമാക്കി.

ഡൊമിംഗോയ്ക്ക് തിരികെ മടങ്ങുവാന്‍ സമയമായോ? എല്ലാം ജനുവരിയിൽ അറിയാമെന്ന് ബോര്‍ഡ്

ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയുടെ ഭാവിയെക്കുറിച്ച് ജനുവരിയിൽ തീരുമാനം എടുക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഫാക്ട്-ഫൈന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഈ തീരുമാനം.

ഡൊമിംഗോയുടെ കരാര്‍ ഒക്ടോബറിൽ ബംഗ്ലാദേശ് ബോര്‍ഡ് ദീര്‍ഘിപ്പിച്ചുവെങ്കിലും ടി20 ലോകകപ്പിലെ മോശം പ്രകടനം അദ്ദേഹത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൂപ്പര്‍ 12 ൽ ഒരു മത്സരം പോലും വിജയിക്കാനാകാതെ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ടാണ് ഡൊമിംഗോയുടെ പരിശീലനത്തിലുള്ള ബംഗ്ലാദേശ് മടങ്ങിയത്.

ഷാക്കിബ് ഇല്ലെങ്കിലും ടീമിന് സാധ്യതയുണ്ട് – ഡൊമിംഗോ

ഷാക്കിബിന്റെ അഭാവത്തിലും ബംഗ്ലാദേശിന് മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ് കോച്ച് റസ്സൽ ഡൊമിംഗോ. മൂന്ന് മത്സരങ്ങളിൽ മൂന്നിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് മത്സരത്തിനിറങ്ങുന്നത്.

ബംഗ്ലാദേശിന് ഷാക്കിബിന്റെ നഷ്ടം വളരെ വലുതാണെന്നും ടീമിന് ഷാക്കിബിന്റെ നേതൃത്വ പാടവവും നഷ്ടമാകുമെന്നതും ഡൊമിംഗോ പറഞ്ഞു. ടീമിന്റെ സന്തുലിതാവസ്ഥ വലിയ തോതിൽ ഷാക്കിബിന്റെ അഭാവം കാരണം ബാധിക്കുമെന്നും ലോകകപ്പിൽ ടീമിന്റെ സാധ്യത ഇല്ലാതായെങ്കിലും ടീമിന് ഇനിയും മികച്ച പ്രകടനം ആരാധകര്‍ക്ക് വേണ്ടി പുറത്തെടുക്കുവാനുണ്ടെന്നും ഡൊമിംഗോ വ്യക്തമാക്കി.

വിവാദങ്ങളെ മറക്കു, ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കൂ – റസ്സൽ ഡൊമിംഗോ

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ടതിനെത്തുടര്‍ന്നും പിന്നീട് സൂപ്പര്‍ 12 ഉറപ്പാക്കിയതിന് ശേഷവും ബംഗ്ലാദേശ് ബോര്‍ഡും താരങ്ങളും തമ്മിലുണ്ടായ വിവാദ പരാമര്‍ശങ്ങള്‍ക്ക് അവസാനം കുറിയ്ക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. ഈ വിവാദങ്ങള്‍ക്ക് പകരം ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇതെന്നും ഡൊമിംഗോ വ്യക്തമാക്കി.

ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസനും ടീം ക്യാപ്റ്റന്‍ മഹമ്മുദുള്ളയും ആണ് വാക് പോരിൽ ഏര്‍പ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലേക്ക് എത്തിച്ചത്. സ്കോട്‍ലാന്‍ഡിനോടേറ്റ പരാജയത്തിന് ശേഷമാണ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പരാമര്‍ശവുമായി എത്തിയത്.

അതിനെതിരെ സൂപ്പര്‍ 12 യോഗ്യത നേടിയ ശേഷം മഹമ്മുദുള്ള തിരിച്ചടിക്കുകയും ചെയ്തു. മഹമ്മുദുള്ളയുടെ വൈകാരിക പ്രതികരണമായി ആണ് താന്‍ കണക്കാക്കുന്നതെന്ന് ഹസന്‍ പ്രതികരിച്ചു.

ടീം ഒറ്റക്കെട്ടായി ക്രിക്കറ്റിൽ മാത്രം ശ്രദ്ധ ചെലുത്തേണ്ട സമയം ആണെന്നും സൂപ്പര്‍ 12ൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ അതാണ് ഏറ്റവും അനുയോജ്യമായ കാര്യമെന്നും ഡൊമിംഗോ വ്യക്തമാക്കി.

ഡൊമിംഗോയുടെ കരാര്‍ 2022 ടി20 ലോകകപ്പ് വരെ നീട്ടിയേക്കുമെന്ന് സൂചന

ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയുടെ കരാര്‍ 2022 ടി20 ലോകകപ്പ് വരെ നീട്ടുമെന്ന് സൂചന. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നസ്മുള്‍ ഹസന്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. 2022 ടി20 ലോകകപ്പ് ഓസ്ട്രേലിയയിലാണ് നടക്കുന്നത്.

ഓഗസ്റ്റ് 2019ൽ ആണ് ബംഗ്ലാദേശിന്റെ കോച്ചായി ഡൊമിംഗോ രണ്ട് വര്‍ഷത്തെ കരാറില്‍ എത്തിയത്. പിന്നീട് അത് 2021 ടി20 ലോകകപ്പ് വരെ നീട്ടുകയായിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ബോര്‍ഡ് കരാര്‍ നീട്ടുവാന്‍ സന്നദ്ധരാണെന്നാണ് അറിയുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് ഡൊമിംഗോയുമായി സംസാരിച്ചിട്ടില്ലെന്നും അതിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ കളിക്കും, തമീം കളിച്ചേക്കില്ല

സിംബാബ്‍‍വേയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ റഹീം കളിക്കും. അതേ സമയം തമീം ഇക്ബാല്‍ കളിക്കുമെന്നത് ഉറപ്പില്ല. ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു താരങ്ങളും പരിക്കിന്റെ പിടിയലാണ്. ഇതിൽ മുഷ്ഫിക്കുര്‍ ജൂലൈ ഏഴിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുമ്പ് ഫിറ്റായി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

സന്നാഹ മത്സരങ്ങളിലും ഇരു താരങ്ങളെയും ബംഗ്ലാദേശ് ടീം മാനേജ്മെന്റ് കളിപ്പിച്ചിരുന്നില്ല. പരിക്ക് കാരണം ഇരു താരങ്ങളും ധാക്ക പ്രീമിയര്‍ ലീഗിലെ അവസാന റൗണ്ട് മത്സരത്തിലും പങ്കെടുത്തില്ല. തമീമിനോട് ദൈര്‍ഘ്യമേറിയ വിശ്രമമാണ് ഓസ്ട്രേലിയക്കാരന്‍ കൺസള്‍ട്ടന്റ് ഡേവിഡ് യംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. താരത്തിന്റെ മുട്ടിനും മുഷ്ഫിക്കുറിന്റെ വിരലുകള്‍ക്കുമാണ് പരിക്ക്.

മുഷ്ഫിക്കുര്‍ കളിക്കുമെന്ന് ഉറപ്പാണെങ്കിലും തമീമിന്റെ കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്നും റസ്സൽ ഡൊമിംഗോ വ്യക്തമാക്കി.

ഫീല്‍ഡര്‍മാര്‍ അവസരത്തിനൊത്തുയരണം – റസ്സല്‍ ഡൊമിംഗോ

തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ അവസരത്തിനൊത്തുയരണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ. ന്യൂസിലാണ്ട് പര്യടനത്തില്‍ ടീമിന്റെ കൂറ്റന്‍ തോല്‍വികളില്‍ വലിയ പങ്ക് മോശം ഫീല്‍ഡിംഗ് ആയിരുന്നു. നിരവധി ക്യാച്ചുകള്‍ കൈവിട്ട ടീം ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലും ആ തെറ്റുകള്‍ ആവര്‍ത്തിച്ചു.

എന്നാല്‍ ഫീല്‍ഡിംഗില്‍ ഇനിയും പാളിച്ചകള്‍ പാടില്ലെന്നും മികച്ച ക്യാച്ചുകളും റണ്ണൗട്ടുകളും സാധ്യമാക്കുന്ന ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ ആത്മവിശ്വാസത്തോടെ ഫീല്‍ഡിലിറങ്ങണമെന്ന് ഡൊമിംഗോ ആവശ്യപ്പെട്ടു. തെറ്റുകളെക്കുറിച്ച് കൂടുതല്‍ ഓര്‍ക്കാതെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയാണ് ബംഗ്ലാദേശ് താരങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

ശ്രീലങ്കയിലെ മോശം പ്രകടനം ഡൊമിംഗോയെ ബലിയാടാക്കരുത് – ഖാലിദ് മഹമ്മുദ്

ബംഗ്ലാദേശിന്റെ മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോയ്ക്ക് പിന്തുണയുമായി ഖാലിദ് മഹമ്മൂദ്. ശ്രീലങ്കയിലെ മോശം പ്രകടനത്തിന് താരത്തെ ബലിയാടാക്കരതുെന്നാണ് മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബംഗ്ലാദേശ് ടീമിന്റെ ടീം ലീഡറുമായി പ്രവര്‍ത്തിക്കുന്ന ഖാലിദ് പറഞ്ഞത്.

വെസ്റ്റിന്‍ഡീസിനെതിരെ നാട്ടില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെട്ട ബംഗ്ലാദേശിന് ലങ്കയില്‍ ചെന്നും പരമ്പര കൈവിടാനായിരുന്നു യോഗം. ടീമിന്റെ പ്രകടനത്തെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ട് ബോര്‍ഡിന് കൈമാറുന്നതിന് മുമ്പാണ് താരം റസ്സിലിനെ ബലിയാടാക്കരുതെന്ന അഭിപ്രായം പങ്കുവെച്ചത്.

റസ്സലിന് ഭാഗ്യമില്ലാത്തതാണ് കാരണമെന്നും അല്ലാതെ അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ ഒരു പാളിച്ചയും ഇല്ലെന്ന് ഖാലിദ് പറഞ്ഞു. താന്‍ ഒരു പരമ്പരയില്‍ ആണ് അദ്ദേഹത്തോടൊപ്പം സഹകരിച്ചതെന്നും അതില്‍ നിന്ന് തനിക്ക് മനസ്സിലായതാണ് താന്‍ പറയുന്നതെന്നും മഹമ്മുദ് വ്യക്തമാക്കി.

ലക്ഷ്യമെന്തെന്ന് കളിക്കാര്‍ക്ക് അറിയാത്ത ഒരു മത്സരത്തില്‍ താന്‍ ഒരിക്കലും ഭാഗമായിട്ടില്ല – ബംഗ്ലാദേശ് കോച്ച്

ഡക്ക്വര്‍ത്ത് ലൂയിസ് കണക്ക് കൂട്ടുന്നതിലെ പിഴവായിരുന്നു ഇന്നലെ നടന്ന ബംഗ്ലാദേശ് ന്യൂസിലാണ്ട് ടി20 മത്സരത്തില്‍ രസംകൊല്ലിയായി മാറിയത്. ന്യൂസിലാണ്ട് 173/5 എന്ന നിലയില്‍ 17.5 ഓവറില്‍ എത്തി നില്‍ക്കവെയാണ് മത്സരത്തെ മഴ തടസ്സപ്പെടുത്തിയത്.

പിന്നീട് ബംഗ്ലാദേശ് ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ടീമിന് ലക്ഷ്യം എത്രയാണെന്ന് നിശ്ചയമില്ലായിരുന്നു. ആദ്യം 16 ഓവറില്‍ 148 റണ്‍സാണ് ലക്ഷ്യമെന്ന് അറിയിച്ചുവെങ്കിലും 1.3 ഓവറുകള്‍ക്ക് ശേഷം അത് 170 റണ്‍സാക്കി മാറ്റി. പിന്നെ 13 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 171 ആണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.

സാധാരണ മത്സരം തുടങ്ങി ഒന്നോ രണ്ടോ പന്തില്‍ ഇത്തരത്തില്‍ ഡിഎല്‍എസ് സ്കോര്‍ ടീമുകള്‍ക്ക് ലഭിയ്ക്കുന്നതാണ് എന്നാല്‍ ഇത്തവണ ഇത് വളരെ അധികം വൈകിയെന്നും ഇത് വളരെ അരോചകമായ ഒരു കാര്യമായിരുന്നുവെന്നും ബംഗ്ലാദേശ് കോച്ച് റസ്സല്‍ ഡൊമിംഗോ പറഞ്ഞു.

തന്റെ കരിയറില്‍ ഇത്തരത്തില്‍ ലക്ഷ്യം അറിയാതെ കളിക്കാര്‍ കളത്തിലിറങ്ങിയ ഒരു സാഹചര്യം ഒരിക്കലും അനുഭവപ്പെട്ടില്ലെന്നും ഇത്ര ഓവറുകള്‍ക്ക് ശേഷം ടീം എത്ര സ്കോര്‍ നേടേണമെന്നതിന്റെ കാര്യങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും റസ്സല്‍ വ്യക്തമാക്കി.

Exit mobile version