കാര്‍ഡിഫില്‍ കളി തടസ്സപ്പെടുത്തി മഴ

കാര്‍ഡിഫില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാന്‍ മത്സരം മുടക്കി മഴ. മത്സരത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗ് പുരോഗമിക്കവെയാണ് മഴ വില്ലനായി എത്തിയത്. 5.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 33 റണ്‍സെന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തുടരവേയാണ് മഴയെത്തിയത്.

16 റണ്‍സ് വീതം നേടി നൂര്‍ അലി സദ്രാനും ഹസ്രത്തുള്ള സാസായിയുമാണ് ക്രീസിലുള്ളത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ 4 മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.

റിഷഭ് പന്ത് ഇംഗ്ലണ്ടിൽ, ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പർ പോരാട്ടത്തിന് മുന്നോടിയായി റിഷഭ് പന്ത് ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തി. കഴിഞ്ഞ ദിവസമാണ് ശിഖർ ധവാൻ ഇംഗ്ലണ്ടിൽ എത്തിയത്.ഓസ്‌ട്രേലിക്കെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ശിഖർ ധവാന് പകരക്കാരനായാണ് റിഷഭ് പന്ത് ഇംഗ്ലണ്ടിൽ എത്തിയത്. ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിനിടെയാണ് ശിഖർ ധവാന് വിരലിന് പൊട്ടലേറ്റത്. താരം കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്തു.

ഔദ്യോഗികമായി ശിഖർ ധവാന്റെ പകരക്കാരനെ ഇന്ത്യൻ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താരം പരിക്കിൽ നിന്ന് പെട്ടന്ന് മോചിതനായില്ലെങ്കിൽ റിഷഭ് പന്തിനെ ശിഖർ ധവാന്റെ പകരക്കാരനായി ഇന്ത്യ പ്രഖ്യാപിക്കും.  ഇന്ത്യൻ ടീം സെമിയിൽ എത്തുകയാണെങ്കിൽ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

ഈ കാലയളവിൽ ശിഖർ ധവാന്റെ പരിക്ക് മാറിയില്ലെങ്കിൽ റിഷഭ് പന്തിനെ പകരക്കാരനായി ഇന്ത്യ പ്രഖ്യാപിക്കും. ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ റിഷഭ് പന്തിനെ പുറത്തിരുത്തിയതിന് എതിരെ പല മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് ബൗളിംഗ്, ലുംഗിസാനി ഗിഡി ഈ മത്സരത്തിലുമില്ല

അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ മത്സരത്തില്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ട വിന്‍ഡീസിനെതിരെയുള്ള ടീമില്‍ നിന്ന് യാതൊരു മാറ്റവുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. പരിക്കേറ്റ് താരം ലുംഗിസാനി ഗിഡി തിരികെ എത്തുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. അതേ സമയം അഫ്ഗാന്‍ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ ടീമിലേക്ക് തിരികെ എത്തുന്നു. നജീബുള്ള സദ്രാന് പകരമാണ് താരം എത്തുന്നത്.

ജോഫ്ര ആര്‍ച്ചറുടെ ക്യാപ്റ്റനായി നില്‍ക്കുക ഏറെ ആഹ്ലാദകരമായ കാര്യം

ഇംഗ്ലണ്ട് ടീമിലെ ഏറ്റവും പുതിയ താരമായ ജോഫ്ര ആര്‍ച്ചറുടെ ക്യാപ്റ്റനായി നില്‍ക്കുക ഏറ്റവും ആഹ്ലാദകരമായ കാര്യമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. താരം മത്സര സ്ഥിതി എന്ത് തന്നെ ആയാലും യാതൊരുവിധ സമ്മര്‍ദ്ദത്തിനും അടിപ്പെടാതെ കളിയ്ക്കുന്ന താരമാണ്. എന്ത് തന്നെ വന്നാലും ഒരു കുലുക്കവുമില്ലാതെയാണ് താരം മത്സരങ്ങളെ സമീപിക്കുന്നത്.

ലോകകപ്പ് ടീമിലേക്ക് എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്താനാകില്ല. ജോഫ്ര കടന്നെത്തിയപ്പോള്‍ തങ്ങള്‍ക്കൊപ്പം ഏറെ കാലമായി നിന്നിരുന്ന ചില താരങ്ങളെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത് ഈ ഫോര്‍മാറ്റിന്റെ ഭാഗമാണ്. നാളുകളേറെയായി ഇംഗ്ലണ്ടിന്റെ നയം ആക്രമോത്സുകത പ്രകടിപ്പിക്കുക എന്നതാണ്, ആളുകള്‍ മാറിയാലും ആ നയം മാറില്ലെന്നും ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

അടുത്ത മത്സരം അഫ്ഗാനിസ്ഥാനെതിരെയാണെങ്കിലും തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ അവര്‍ക്കെതിരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ അവരെ ഒരിക്കലും വില കുറച്ച് കാണില്ലെന്നും ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു, കൂട്ടുകെട്ടുകള്‍ക്ക് ശ്രമിച്ചില്ല, ബാറ്റ്സ്മാന്മാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം

ഇംഗ്ലണ്ടിനോട് ഏറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ബാറ്റ്സ്മാന്മാര്‍ക്കാണെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ആവശ്യത്തിനു റണ്‍സ് ടീം നേടിയിട്ടില്ലായിരുന്നുവെന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതും മോശം ഷോട്ടുകള്‍ വഴി വിക്കറ്റ് നഷ്ടമായതുമാണ് ടീമിന്റെ തിരിച്ചടിയ്ക്ക് കാരണം. കൂട്ടുകെട്ടുകള്‍ നേടുവാന്‍ ബാറ്റ്സ്മാന്മാര്‍ ശ്രമിക്കാതിരുന്നതും തിരിച്ചടിയായി. അവസാന ഓവര്‍ വരെ ടീം ബാറ്റ് ചെയ്യാന്‍ ശ്രമിക്കേണ്ടതായിരുന്നു, ആ ഉത്തരവാദിത്വം ബാറ്റ്സ്മാന്മാര്‍ നിറവേറ്റിയില്ലെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു. മധ്യ ഓവറുകളിലാണ് ടീം കളി വൈകിട്ടത്.

ഇതിപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ഇത്തരം സാഹചര്യമുണ്ടായി. വിക്കറ്റ് പഠിക്കുന്നതിലും തന്റെ ടീമിനു പിഴവ് സംഭവിച്ചുവെന്ന് ഹോള്‍ഡര്‍ പറഞ്ഞു. ടീമിലെ ചിലര്‍ക്ക് ചെറിയ പരിക്കിന്റെ പ്രശ്നമുണ്ടെന്നും ബംഗ്ലാദേശിനെതിരെ അടുത്ത മത്സരത്തിന് മുമ്പ് ഇവര്‍ തിരിച്ചവരവ് നടത്തുമെന്നാണ് കരുതുന്നതെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ഇനിയങ്ങോട്ട് ടീം മൂന്ന് മേഖലകളിലും മെച്ചപ്പെടേണ്ടതുണ്ടെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി.

ഓപ്പണിംഗും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല

ഓപ്പണിംഗ് ഇറങ്ങുന്നതോ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതോ തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് പറഞ്ഞ് ജോ റൂട്ട്. ഇന്നലെ വിന്‍ഡീസിനെതിരെ തന്റെ പതിവ് മൂന്നാം നമ്പറിനു പകരം ഓപ്പണറായാണ് ജോ റൂട്ട് ഇറങ്ങിയത്. 100 റണ്‍സ് നേടി താരം പുറത്താകാതെ നിന്ന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുകയായിരുന്നു. ജേസണ്‍ റോയിയുടെ പരിക്കാണ് റൂട്ടിനെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാന്‍ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചത്.

എന്നാല്‍ ഓപ്പണിംഗും തനിയ്ക്ക് വഴങ്ങുമെന്നാണ് താരം കാണിച്ചത്. താന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കളിച്ചതെന്നും ഓപ്പണിംഗും വണ്‍ ഡൗണും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ജോ റൂട്ട് പറഞ്ഞു.

ശ്രീലങ്കയ്ക്ക് ടോസ്, ഓസ്ട്രേലിയയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. തങ്ങളുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും മഴ മൂലം നഷ്ടപ്പെട്ട ശ്രീലങ്കയ്ക്ക് ഇന്ന് വിജയം ഏറെ അനിവാര്യമായ മത്സരമാണ്. ശ്രീലങ്കയുടെ ടീമിലേക്ക് ഒരു മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. സുരംഗ ലക്മലിനു പകരം മിലിന്‍ഡ സിരിവര്‍ദ്ധനേ ടീമിലേക്ക് എത്തുന്നു. ഓസ്ട്രേലിയയുടം ഒരു മാറ്റമാണ് ടീമില്‍ വരുത്തിയത്. നഥാന്‍ കോള്‍ട്ടര്‍ നൈലിനു പകരം ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് ടീമിലേക്ക് എത്തുന്നു.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, അലെക്സ് കാറെ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്

ശ്രീലങ്ക: ദിമുത് കരുണാരത്നേ, കുശല്‍ പെരേര, ലഹിരു തിരിമന്നേ, കുശല്‍ മെന്‍ഡിസ്, ആഞ്ചസോ മാത്യൂസ്, ധനന്‍ജയ ഡി സില്‍വ, തിസാര പെരേര, ഇസ്രു ഉഡാന, മിലിന്‍ഡ സിരിവര്‍ദ്ധനേ, ലസിത് മലിംഗ, നുവാന്‍ പ്രദീപ്

ഷോര്‍ട്ട്-പിച്ചഡ് പന്തുകളെ നേരിടുവാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു

കഴിഞ്ഞ കുറച്ച് ദിവസമായി സൗത്താംപ്ടണില്‍ മഴ പരിശീലനത്തെ ബാധിച്ചുവെങ്കിലും ഇംഗ്ലണ്ട് വിന്‍ഡീസിനെ നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് പറഞ്ഞ് ജോ റൂട്ട്. ഇന്‍ഡോര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് വിന്‍ഡീസിന്റെ ഷോര്‍ട്ട് ബോള്‍ ആക്രമണത്തെ നേരിടുവാനുള്ള പരിശീലനം തങ്ങള്‍ രണ്ട് ദിവസമായി നടത്തി വരികയായിരുന്നുവെന്ന് ജോ റൂട്ട് പറഞ്ഞു. ഇന്നലെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം വാങ്ങിയ ശേഷം സംസാരിക്കുകായിയരുന്നു താരം.

ആ ശ്രമങ്ങള്‍ വിജയം കണ്ടു എന്നത് ഏറെ സന്തോഷം തരുന്നുവെന്നും ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ പറഞ്ഞു. തനിക്ക് വ്യക്തിപരമായും ഏറെ സന്തോഷം മത്സരം നല്‍കിയെന്നും ശതകം നേടാനായത് ഏറെ ഗുണകരമായെന്നും റൂട്ട് പറഞ്ഞു. ടോസ് നേടാനായത് ഏറെ നിര്‍ണ്ണായകമായി. ലഭിച്ച തുടക്കം ശതകത്തിലേക്ക് മാറ്റുക എന്നത് ഏതൊരു ബാറ്റ്സ്മാനും ആഹ്ലാദ നിമിഷമാണ്. പവര്‍പ്ലേയില്‍ അവസരം കിട്ടുക എന്നത് വളരെ നല്ല കാര്യമാണെന്നും റൂട്ട് പറഞ്ഞു.

ശ്രീലങ്കയുടെ പരാതിയില്‍ ഐസിസിയുടെ പ്രസ്താവന

തങ്ങള്‍ക്ക് ലഭിച്ച പിച്ചിനും സൗകര്യങ്ങളിലും പരാതി പറഞ്ഞ ശ്രീലങ്കയ്ക്ക് ഐസിസിയുടെ മറുപടി. ഐസിസി ഒരു ടീമുകളെയും വേര്‍തിരിച്ച് കാണുന്നില്ലെന്നും മറ്റു ടീമുകളെ പോലെ ശ്രീലങ്കയ്ക്കും ഒരു സ്വതന്ത്ര പിച്ച് അഡ്വൈസറെ നിയമിച്ചിട്ടുണ്ടെന്നും അവര്‍ ഗ്രൗണ്ടിലെ ക്യുറേറ്ററുമായി ചര്‍ച്ച നടത്തിയാണ് പിച്ച് തയ്യാറാക്കുന്നതെന്നും അതിനാല്‍ തന്നെ വേര്‍തിരിവുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നും ഐസിസി പറഞ്ഞു.

മുന്‍ ഐസിസി ഇവന്റുകളിലേത് പോലെ 2019 ലോകകപ്പിലും പിച്ചുകളില്‍ ഈ സ്വതന്ത്ര അഡ്വൈസറുടെ നിയമനം ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇതുവരെ ഒരുക്കിയ പിച്ചുകളില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ടെന്നും ഐസിസി തങ്ങളുടെ പ്രസ്താവനയില്‍ അറിയിച്ചു. 10 ടീമുകളെയും ഒരു പോലെ പരിഗണിച്ച് കൊണ്ടുള്ള തയ്യാറെടുപ്പുകളാണ് ഐസിസി നടത്തുന്നത്.

എന്നാല്‍ താമസ, പരിശീലന, യാത്ര സൗകര്യങ്ങളെക്കുറിച്ചുള്ള ശ്രീലങ്കയുടെ പരാതിയിന്മേലുള്ള പ്രതികരണം ഐസിസിയുടെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല.

ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ഖവാജയ്ക്കും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍

ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ഖവാജയ്ക്കും പിന്തുണയുമായി ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഷോണ്‍ മാര്‍ഷിന്റെ ടി20 റെക്കോര്‍ഡിനെയും ഉസ്മാന്‍ ഖവാജയുടെ ഏത് പൊസിഷനിലും കളിയ്ക്കുവാനുള്ള കഴിവുമാണ് ലാംഗര്‍ എടുത്ത് പറഞ്ഞ് ഇരുവരുടെയും മോശം ഫോമില്‍ പിന്തുണയുമായി ലാംഗര്‍ എത്തിയത്. മാര്‍ഷ് വെടിക്കെട്ട് ബാറ്റിംഗിനു പേര് കേട്ട താരമാണ്, ബിഗ് ബാഷില്‍ ഒരോവറില്‍ നിന്ന് 28 റണ്‍സ് നേടുന്നത് ഒരു സെമി ഫൈനലില്‍ താന്‍ കണ്ടിട്ടുള്ളതാണ്. അത് പോലുള്ള ഒരു താരത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ കളിപ്പിക്കുക എന്നത് ഏറെ ആവേശകരമായ കാര്യമാണ്. ലോകത്തില്‍ ഏത് മികച്ച വെടിക്കെട്ട് ബാറ്റിംഗ് താരത്തെപ്പോലെ തന്നെ അടിച്ച് തകര്‍ക്കുവാന്‍ കഴിവുള്ള താരമാണ് ഷോണ്‍ മാര്‍ഷെന്ന് ലാംഗര്‍ പറഞ്ഞു.

അതുപോലെ തന്നെ തന്റെ ഇഷ്ട സ്ഥാനങ്ങള്‍ ടീമിനു വേണ്ടി വിട്ട് നല്‍കി ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്ത് റണ്‍സ് കണ്ടെത്താനാകുന്ന താരമാണ് ഉസ്മാന്‍ ഖവാജ. മത്സര സാഹചര്യങ്ങളനുസരിച്ച് താരം ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ബാറ്റ് ചെയ്യാനെത്തുന്ന അവസരവുമുണ്ടാകാം, താന്‍ അത് നടക്കല്ലേയെന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും എന്നും ലാംഗര്‍ പറഞ്ഞു.

ഓള്‍റൗണ്ടറുടെ പരിക്ക് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും

ഓള്‍റൗണ്ടര്‍മാരുടെ പരിക്ക് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് പറഞ്ഞ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് പരിക്കേറ്റതിനാല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് തന്നെ പുറത്തായേക്കുമെന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കവെയാണ് ആരോണ്‍ ഫിഞ്ചിന്റെ ഈ അഭിപ്രായം.

താരങ്ങള്‍ക്ക് പരിക്ക് വന്നാല്‍ അത് വളരെ പ്രയാസകരമായ കാര്യമാണ്, പ്രത്യേകിച്ച് ഓള്‍റൗണ്ടര്‍മാരാണെങ്കില്‍. ഓള്‍റൗണ്ടര്‍മാര്‍ ഒരു ഫാസ്റ്റ് ബൗളിംഗ് ഓപ്ഷനും ടോപ് സിക്സില്‍ ബാറ്റ് ചെയ്യുവാനും കഴിയുന്നയാളാണെങ്കില്‍ ആ നഷ്ടം ഏറെ വലുതാണ്. ഈ നഷ്ടം നികത്തുവാനായി അധിക ബൗളറെ ടീമിലുള്‍പ്പെടുത്തണോ അധിക ബാറ്റ്സ്മാനെ ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യം തീരുമാനിക്കുക തന്നെ കഷ്ടമാണ്.

സാഹചര്യങ്ങള്‍ക്കനുസരിച്ചാവും ഈ തീരുമാനം അതിനാല്‍ തന്നെ സ്റ്റോയിനിസിന്റെ നഷ്ടം ഏറെ വലുതാണ്. അതിനാല്‍ തന്നെ ഇത് നല്ല കാര്യമല്ല എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം കൂടുതല്‍ വ്യക്ത വരുമെന്നും കരുതല്‍ താരമായി മിച്ചല്‍ മാര്‍ഷിനെ എത്തരത്തില്‍ ഉപയോഗിക്കാനാകുമെന്നും വിലയിരുത്തുമെന്നും ഫിഞ്ച് പറഞ്ഞു.

ഐസിസിയ്ക്ക് പരാതി നല്‍കി ശ്രീലങ്ക, പിച്ച് മുതല്‍ സ്വിമ്മിംഗ് പൂള്‍ ഇല്ലെന്ന് വരെ പരാതി

ലോകകപ്പില്‍ തങ്ങള്‍ക്ക് നേരെയുള്ള രണ്ടാം തരം പരിഗണനയ്ക്കെതിരെ ഐസിസിയ്ക്ക് പരാതി നല്‍കി ശ്രീലങ്ക. തങ്ങളുടെ മത്സരങ്ങള്‍ക്ക് ഗ്രീന്‍ ട്രാക്കുകള്‍ നല്‍കിയതും ടീമിനു നല്‍കിയ പരിശീലന, താമസ, യാത്ര സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും പറഞ്ഞായിരുന്നു ശ്രീലങ്ക ഐസിസിയ്ക്ക് ഔദ്യോഗിക പരാതി നല്‍കിയത്. ന്യൂസിലാണ്ടിനെതിരെ ആദ്യ മത്സരത്തില്‍ കനത്ത പരാജയമാണ് ബൗളിംഗ് അനുകൂല പിച്ചില്‍ ടീം നേരിട്ടത്. ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് പരാജയത്തിനു ശേഷം നുവാന്‍ പ്രദീപിന്റെ മികവില്‍ മത്സരം ജയിച്ച് കയറിയെങ്കിലും അടുത്ത രണ്ട് മത്സരങ്ങളില്‍ ടീമിനു മഴ മൂലം നഷ്ടമാകുകയായിരുന്നു. ഇപ്പോള്‍ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ അഞ്ചാം മത്സരത്തിനെത്തുന്ന ടീമിനെ കാത്തിരിക്കുന്നത് മറ്റൊരു ബൗളിംഗ് പിച്ചാണെന്നാണ് റിപ്പോര്‍ട്ട്.

ഐസിസിയ്ക്ക് നാല് ദിവസം മുമ്പാണ് ശ്രീലങ്കയുടെ മാനേജര്‍ അശാന്ത് ഡി മെല്‍ കത്തെഴുതുന്നത്. തങ്ങള്‍ കളിച്ചതും കളിക്കാനിരുന്നതുമായ നാല് മത്സരങ്ങളിലും സമാനമായ പിച്ചാണ് ഒരുക്കിയതെന്നും അതേ സമയം ഇതേ വേദികളില്‍ മറ്റ് രാജ്യങ്ങള്‍ കളിച്ചപ്പോള്‍ അവിടെ ഉയര്‍ന്ന സ്കോറുകള്‍ നേടാനാകുന്ന ബ്രൗണ്‍ പിച്ചുകളാണ് തയ്യാറാക്കിതയെന്നും മെല്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്ത് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റാണ് ലോകകപ്പ്. എല്ലാ രാജ്യങ്ങളെയും ഒരു പോലെ പരിഗണിക്കണമെന്നും മെല്‍ ആവശ്യപ്പെട്ടു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പിച്ചും ഇപ്പോള്‍ ഇത് പോലുള്ളതാണ്, കിട്ടാത്ത മുന്തിരി പുളിയ്ക്കും എന്ന തരത്തിലുള്ള പരാതിയല്ല ഇത്, എന്നാല്‍ ഐസിസിയുടെ ഭാഗത്ത് നിന്നുള്ള ഈ നടപടി തീര്‍ത്തും അപലപനീയമാണെന്നും അശാന്ത പറഞ്ഞു. അത് പോലെ തന്നെ ടീമിനു ആവശ്യത്തിന് പ്രാക്ടീസ് നെറ്റുകള്‍ നല്‍കിയിട്ടില്ലെന്നും മറ്റു ടീമുകള്‍ക്ക് നല്‍കിയ സംവിധാനങ്ങളുടെ ഏഴയലത്ത് വരുന്നതല്ല ശ്രീലങ്കയ്ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഡിഫിലെ സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. മൂന്ന് നെറ്റ്സിനു പകരം ലഭിച്ചത് രണ്ട് നെറ്റ്സ്. താമസ സൗകര്യം ഒരുക്കിയ ഹോട്ടലില്‍ സ്വിമ്മിംഗ് പൂളില്ലെന്നും അത് ഫാസ്റ്റ് ബൗളര്‍മാരുടെ പേശികള്‍ക്ക് അയവ് വരുത്തുവാന്‍ ഏറെ ആവശ്യമായ ഒരു കാര്യമാണെന്നും അശാന്ത പറഞ്ഞു. പാക്കിസ്ഥാനും ബംഗ്ലാദേശിനു സ്വിമ്മിംഗ് പൂള്‍ ഉള്ള ഹോട്ടലുകളാണ് ലഭിച്ചതെന്നും അശാന്ത പറഞ്ഞു.

തങ്ങള്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഐസിസിയില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നായിരുന്നു അശാന്ത വ്യക്തമാക്കിയത്.

Exit mobile version