ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കരാറിലെത്തി സ്റ്റാര്‍ സ്പോര്‍ട്സ്

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംപ്രേക്ഷണ കരാറിലെത്തി സ്റ്റാര്‍ ഇന്ത്യ. ദക്ഷിണാഫ്രിക്കയുടെ ഏഷ്യ, മിഡില്‍ – ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ പ്രദേശങ്ങളുടെ സംപ്രേക്ഷണമാണ് സ്റ്റാര്‍ സ്വന്തമാക്കിയിട്ടുള്ളത്. നേരത്തെ തന്നെ ഇന്ത്യ, ഐസിസിയുടെ ഗ്ലോബല്‍ ഇവന്റുകള്‍,ഐപിഎല്‍, ബംഗ്ലാദേശ് എന്നിവരുടെ സംപ്രേക്ഷണാവകാശവും സ്വന്തമാക്കിയിട്ടുള്ളത് സ്റ്റാര്‍ സ്പോര്‍ട്സ് ആണ്.

ദക്ഷിണാഫ്രിക്കയുമായി മൂന്ന് വര്‍ഷത്തെ കരാറാണ് സ്റ്റാര്‍ എത്തിയിരിക്കുന്നത്. ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള പരമ്പര സംപ്രേക്ഷണം ചെയ്താവും കരാര്‍ ആരംഭിക്കുന്നത്. നവംബര്‍ 27നാണ് പരമ്പര ആരംഭിക്കുന്നത്.

2023-2024 സീസണിന്റെ അവസാനം വരെയാണ് കരാറിന്റെ കാലാവധി. ഇതില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് പരമ്പരകളും ഉള്‍പ്പെടുന്നു. ഇത് കൂടാതെ വനിത ക്രിക്കറ്റിന്റെയും പ്രാദേശിക ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെയും കരാര്‍ സ്റ്റാര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎലില്‍ പത്ത് സെക്കന്‍ഡ് പരസ്യത്തിന് സ്റ്റാര്‍ സ്പോര്‍ട്സ് വാങ്ങുക 10 ലക്ഷം രൂപ

ഐപിഎല്‍ 2020നിടെയുള്ള പരസ്യത്തിലൂടെ കോടികള്‍ കൊയ്യാനൊരുങ്ങി സ്റ്റാര്‍ സ്പോര്‍ട്സ്. മത്സരത്തിനിടെ കാണിക്കുന്ന പരസ്യത്തിന് പത്ത് സെക്കന്‍ഡിന് പത്ത് ലക്ഷം രൂപയാണ് വാങ്ങിക്കുവാന്‍ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ
സ്റ്റാര്‍ സ്പോര്‍ട്സ് ഒരുങ്ങുന്നതെന്നാണ് അറിയുവാന്‍ കഴിയുന്നത്. കൊറോണ ഭീതിയില്‍ ആളുകളെല്ലാം വീടിനുള്ളില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ പരസ്യങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കാം എന്നാണ് കമ്പനിയുടെ തീരുമാനം.

ഐടി കമ്പനികളെല്ലാം വര്‍ക്ക് ഫ്രം ഹോമിലായതിനാല്‍ ഐപിഎല്‍ സമയത്ത് കൂടുതല്‍ ആളുകള്‍ മത്സരം കാണുമെന്നാണ് അറിയുന്നത്. 3000 കോടി രൂപയാണ് കഴിഞ്ഞ തവണ പരസ്യത്തിലൂടെ സ്റ്റാര്‍ സ്പോര്‍ട്സ് നേടിയത്. വമ്പന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെല്ലാം കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും യാതൊരു ഇളവും പരസ്യ നിരക്കില്‍ വേണ്ടെന്നാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ തീരുമാനം.

8-10 ലക്ഷം രൂപ വരെയാണ് ഓരോ പത്ത് സെക്കന്‍ഡ് പരസ്യത്തിനും സ്റ്റാര്‍ സ്പോര്‍ട്സ് ഈടാക്കാന്‍ പോകുന്നത്. പ്രതിവര്‍ഷം 3270 കോടി രൂപയാണ് സ്റ്റാര്‍ ബിസിസിഐക്ക് സംപ്രേക്ഷണാവകാശമായി നല്‍കുന്നത്. നേരത്തെ ലോകകപ്പിലെ ഇന്ത്യ പാക് മത്സരത്തിന് 25 ലക്ഷം ആണ് സ്റ്റാര്‍ വാങ്ങിയത്. മറ്റു മത്സരങ്ങള്‍ക്ക് 16-18 ലക്ഷവുമാണ് 10 സെക്കന്‍ഡിനായി വാങ്ങിയത്.

ഇത് പരിഗണിക്കുമ്പോള്‍ ഐപിഎലിന്റെ പരസ്യ നിരക്ക് താരതമ്യേന കുറവാണെന്ന് പറയാവുന്നതാണ്.

സ്റ്റാര്‍ സ്പോര്‍ട്സ് എല്ലാ ടീമുകളെയും ഒരു പോലെ കാണണം, ഇന്ത്യയുടെ ബ്രോഡ്കാസ്റ്റര്‍ അല്ല ലോകകപ്പിന്റെ ബ്രോഡ്കാസ്റ്റര്‍ ആണെന്ന് മറക്കരുത് എന്ന് എഹ്സാന്‍ മാനി

സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യയുടെ ഇന്ത്യ-പാക് മത്സരത്തിന്റെ ഔദ്യോഗിക പരസ്യത്തില്‍ പാക്കിസ്ഥാനെ കളിയാക്കുന്നതില്‍ ആ നാട്ടില്‍ വന്‍ പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ ഐസിസി ചീഫും നിലവിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ എഹ്സാന്‍ മാനി രംഗത്തെത്തിയിരിക്കുകയാണ്. പാക്കിസ്ഥാനെതിരെയുള്ള പരസ്യം തയ്യാറാക്കിയ സ്റ്റാര്‍ സ്പോര്‍ട്സ് ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ ആണെന്നത് മറക്കരുതെന്നും ഇന്ത്യയുടെ ബ്രോഡ്കാസ്റ്റര്‍ അല്ലെന്ന് ഓര്‍ക്കണമെന്നും മാനി പറഞ്ഞു.

ഐസിസി ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ എല്ലാ ടീമുകളെയും സ്റ്റാര്‍ സ്പോര്‍ട്സ് ഒരു പോലെ പരിഗണിക്കേണ്ടതുണ്ടെന്നും പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ഈ കാര്യം ഐസിസി ശ്രദ്ധയില്‍ എടുക്കേണ്ടതാണെന്നും എഹ്സാന്‍ മാനി പറഞ്ഞു.

ഐപിഎല്‍ വ്യൂവര്‍ഷിപ്പ്, സ്റ്റാര്‍ സ്പോര്‍ട്സില്‍ 12 ശതമാനം അധിക വര്‍ദ്ധന

ഐപിഎല്‍ 2019ന്റെ ഈ സീസണില്‍ സ്റ്റാര്‍ നെറ്റ്‍വര്‍ക്കില്‍ മത്സരം കണ്ടവരില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവെന്ന് വെളിപ്പെടുത്തി റിപ്പോര്‍ട്ടുകള്‍. എട്ട് ഭാഷകളിലായാണ് ഇത്തവണ സ്റ്റാര്‍ ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. ടിവിയില്‍ മാത്രം 27.3 മില്യണ്‍ ശരാശരി ഇംപ്രഷനുകളാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.

അതെ സമയം ഐപിഎലില്‍ ആകെ ഉണ്ടായിരിക്കുന്ന ഇംപ്രഷനുകള്‍ 462 മില്യണ്‍ ആണെന്നാണ് അറിയുന്നത്. മിനുട്ടുകള്‍ വെച്ചുകള്ള കണക്കാണെങ്കില്‍ കഴിഞ്ഞ തവണ അത് 300 ബില്യണ്‍ മിനുട്ടുകളാണെങ്കില്‍ ഇത്തവ അത് 338 ബില്യണ്‍ മിനുട്ടുകളായി ഉയര്‍ന്നു.

ഐപിഎല്‍ മത്സരക്രമം മാറ്റിയേക്കില്ല

ഐപിഎല്‍ മത്സരക്രമം പൂര്‍വ്വ സ്ഥിതിയില്‍ നിലനിര്‍ത്തുവാന്‍ സാധ്യത. നേരത്തെ റേറ്റിംഗ് കൂടുമെന്ന് കാരണം പറഞ്ഞ സ്റ്റാര്‍ സ്പോര്‍ട്സ് ഐപിഎല്‍ സീസണ്‍ 11 ന്റെ മത്സരക്രമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പല ഫ്രാഞ്ചൈസികളും ഇതില്‍ അതൃപ്തി അറിയിച്ച് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

സമയക്രമം 5.30(നാല് മണി മത്സരം), 7(8 മണി മത്സരം) ആക്കി മാറ്റണമെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്റെ ആവശ്യം. ഇത് കൂടുതല്‍ റേറ്റിംഗിനു ഇടയാക്കുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐപിഎല്‍ സമയക്രമങ്ങളില്‍ മാറ്റം

ഐപിഎല്‍ 2018 സീസണില്‍ മത്സരങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം. 8 മണി മത്സരങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തെയായി രാത്രി ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ 4 മണിയുടെ മത്സരങ്ങള്‍ വൈകിയാവും തുടങ്ങുക. നാല് മണി മത്സരങ്ങള്‍ വൈകുന്നേരം 5.30നാവും ഇനി മുതല്‍ ആരംഭിക്കുക. ഐപിഎല്‍ സംപ്രേക്ഷണാവകാശം നേടിയ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‍വര്‍ക്ക് ആണ് ഈ ആവശ്യം ഉന്നയിച്ചത്. ആവശ്യം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

ആവശ്യത്തിനു ചാനലുകള്‍ ഉള്ളതിനാല്‍ 5.30യ്ക്കും 7 മണിയ്ക്കും മത്സരങ്ങള്‍ തുടങ്ങുന്നത് പ്രശ്നമല്ലെന്നാണ് സ്റ്റാറിന്റെ പക്ഷം. ഏപ്രില്‍ ഏഴ് മുതല്‍ മേയ് 27 വരെയാണ് ഐപിഎല്‍ 11ാം പതിപ്പ് അരങ്ങേറുക. മുംബൈയില്‍ ഏപ്രില്‍ 6നാണ് ഉദ്ഘാടന ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐപിഎല്‍: താരങ്ങളെ നിലനിര്‍ത്തല്‍ തത്സമയം കാണാം

ഐപിഎലും അതുമായി ബന്ധപ്പെട്ട ഏതൊരു സംഭവും ആരാധകരില്‍ അതിരു കവിഞ്ഞ ആവേശമാണ് സൃഷ്ടിക്കുന്നത്. ഇത് കൃത്യമായി മനസ്സിലാക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ വ്യക്തമായ പ്ലാനിംഗോടു കൂടി കാര്യങ്ങള്‍ നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ ചിലത്. ഐപിഎല്‍ മെഗാ ലേലം ഈ മാസം അവസാനം നടക്കാനിരിക്കേയാണ് മറ്റൊരു ഐപിഎല്‍ അനുബന്ധ ഇവന്റുമായി സ്റ്റാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

ജനുവരി 4നു ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസാന തീയ്യതിയാണെന്നിരിക്കെ അതൊരു പ്രത്യേകം ലൈവ് ഇവന്റായി തന്നെ സ്റ്റാര്‍ ആരാധകരുടെ മുന്നില്‍ എത്തിക്കുകയാണ്. ജനുവരി 4നു ഇന്ത്യന്‍ സമയം 6.50നു ആരംഭിക്കുന്ന സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി 1 എന്നിവയില്‍ പ്രേക്ഷകര്‍ക്ക് കാണാം. ഇതിനു പുറമേ ഹോട്ട്സ്റ്റാറിലും നിലനിര്‍ത്തല്‍ പ്രക്രിയ വീക്ഷിക്കാവുന്നതാണ്.

2018-2022 സീസണിലേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശം 16347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ സ്വന്തമാക്കിയത്. കൊടുത്ത പൈസ മുതലാക്കുവാനുള്ള സ്റ്റാറിന്റെ ശ്രമങ്ങളാണ് ഐപിഎല്‍ നിലനിര്‍ത്തല്‍ നടപടികള്‍ വരെ നമ്മുടെ തീന്മേശയിലേക്ക് എത്തിക്കുന്നതില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

എല്ലാ ടീമുകള്‍ക്കും മൂന്ന് താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസരം ലഭിക്കും. കൂടാതെ ലേല സമയത്ത് “റൈറ്റ് ടു മാച്ച്” കാര്‍ഡ് ഉപയോഗിച്ച് രണ്ട് താരങ്ങളെയും നിലനിര്‍ത്തുവാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version