ജോ റൂട്ടിന്റെ ഓള്‍റൗണ്ട് പ്രകടനം, ആധികാരിക വിജയവുമായി ഇംഗ്ലണ്ട്

ബൗളിംഗില്‍ നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍ ബാറ്റിംഗില്‍ തകര്‍പ്പന്‍ ശതകം, ജോ റൂട്ടിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ഇംഗ്ലണ്ടിനു ആധികാരിക വിജയം. 212 റണ്‍സിനു വിന്‍ഡീസിനെ പുറത്താക്കിയ ശേഷം ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണിംഗ് ഇറങ്ങിയ ജോ റൂട്ട് നേടിയ 100 റണ്‍സിന്റെ ബലത്തില്‍ ആതിഥേയര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 33.1 ഓവറിലാണ് 8 വിക്കറ്റ് വിജയം ഉറപ്പാക്കിയത്.

ജേസണ്‍ റോയ് പരിക്കേറ്റ് ഇംഗ്ലണ്ടിന്റെ ഫീല്‍ഡിംഗില്‍ ബഹുഭൂരിഭാഗം പുറത്ത് നിന്നതിനാല്‍ ബാറ്റിംഗില്‍ താരത്തിനു ഓപ്പണ്‍ ചെയ്യാനാകില്ലെന്ന നിയമമുള്ളതിനാലാണ് ഇംഗ്ലണ്ട് ജോ റൂട്ടിനെ ഓപ്പണിംഗില്‍ പരീക്ഷിച്ചത്. ഒന്നാം വിക്കറ്റില്‍ 95 റണ്‍സാണ് ബൈര്‍സ്റ്റോ-റൂട്ട് കൂട്ടുകെട്ട് നേടിയത്. ഷാനണ്‍ ഗബ്രിയേല്‍ ബൈര്‍സ്റ്റോയെ പുറത്താക്കുമ്പോള്‍ 45 റണ്‍സാണ് താരം നേടിയത്.

ബൈര്‍സ്റ്റോയ്ക്ക് പകരം ക്രിസ് വോക്സിനെയാണ് ഇംഗ്ലണ്ട് മൂന്നാം നമ്പറില്‍ പരീക്ഷിച്ചത്. താരവും യഥേഷ്ടം റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ എളുപ്പമായി. രണ്ടാം വിക്കറ്റില്‍ 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതിനിടെ ജോ റൂട്ട് 93 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 100 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രിസ് വോക്സ് 40 റണ്‍സാണ് നേടിയത്.

വിന്‍ഡീസിനു വേണ്ടി ഷാനണ്‍ ഗബ്രിയേലാണ് രണ്ട് വിക്കറ്റ് നേടിയത്.

Exit mobile version