ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുമ്പ് ഫിറ്റ്നെസ്സ് തെളിയിച്ചില്ലെങ്കില്‍ മാര്‍ക്കസ് സ്റ്റോയിനസ് ലോകകപ്പില്‍ നിന്ന് പുറത്ത്

പരിക്കേറ്റ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ഇലവനില്‍ നിന്ന് പുറത്തിരിക്കുന്ന മാര്‍ക്കസ് സ്റ്റോയിനിസിന്റെ ലോകകപ്പ് സ്വപ്നങ്ങളഅ‍ അവസാനിക്കാതിരിക്കണമെങ്കില്‍ താരം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുമ്പ് പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തണം. ജൂണ്‍ 20ന് നടക്കുന്ന മത്സരത്തിനകം താരം മാച്ച് ഫിറ്റായില്ലെങ്കില്‍ കരുതല്‍ താരമായ മിച്ചല്‍ മാര്‍ഷിനെ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തേണ്ടി വരും ഓസ്ട്രേലിയയ്ക്ക്.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിലെ ബൗളിംഗിനിടെയാണ് സ്റ്റോയിനിസിന് പരിക്കേറ്റത്. പിന്നീട് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ താരം വിട്ട് നിന്നപ്പോള്‍ ഇന്ന് ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിലും താരത്തിന്റെ സേവനം ടീമിന് നഷ്ടമാകും. കരുതലെന്ന നിലയില്‍ മിച്ചല്‍ മാര്‍ഷ് ടീമിനൊപ്പം ചേര്‍ന്ന് കഴിഞ്ഞതിനാല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനു മുമ്പ് സ്റ്റോയിനിസ് മാച്ച് ഫിറ്റായില്ലെങ്കില്‍ താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കും.

താരം വീണ്ടും ബൗളിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അടുത്ത നാല് ദിവസം താരത്തിന് ഏറെ നിര്‍ണ്ണായകമാണെന്നും ഓസ്ട്രേലിയയുടെ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. അടുത്ത നാല് ദിവസത്തിനുള്ള താരത്തിന്റെ സ്ഥിതി അവലോകനം ചെയ്ത് താരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം മാനേജ്മെന്റ് കൈക്കൊള്ളുമെന്നും ഓസീസ് നായകന്‍ പറഞ്ഞു.

Exit mobile version