റിയാന്‍ പരാഗ് മാസ്റ്റര്‍ ക്ലാസ്!!! കൂറ്റന്‍ സ്കോര്‍ നേടിയ ജമ്മുവിനെ വീഴ്ത്തി ആസാമിന്റെ തകര്‍പ്പന്‍ ചേസിംഗ്

വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം കരസ്ഥമാക്കി ആസാം. ആദ്യം ബാറ്റ് ചെയ്ത ജമ്മു & കാശ്മീര്‍ ശുഭം ഖജൂറിയ(120), ഹെനന്‍ നസീര്‍(124) എന്നിവര്‍ നേടിയ ശതകങ്ങള്‍ക്കൊപ്പം 53 റൺസ് നേടിയ ഫാസിൽ റഷീദും തിളങ്ങിയ മികവിൽ 350/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ 46.1 ഓവറിൽ ലക്ഷ്യം മറികടന്ന് ആസാം എതിരാളികളെ ഞെട്ടിക്കുകയായിരുന്നു.

116 പന്തിൽ 174 റൺസ് നേടിയ റിയാന്‍ പരാഗിന്റെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്സാണ് ആസാമിന് 7 വിക്കറ്റ് വിജയം നൽകിയത്. റിഷവ് ദാസ് 114 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ സെമിയിലേക്ക് എത്തിക്കുകയായിരുന്നു.

ഒരോവറിൽ ഏഴ് സിക്സ്!!!! മൊത്തം 16 സിക്സ്, റുതുരാജിന്റെ ഇരട്ട ശതകം ഉത്തര്‍ പ്രദേശ് ബൗളിംഗിനെ തകര്‍ത്തു

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍ പ്രദേശിനെതിരെ 330/5 എന്ന കൂറ്റന്‍ സ്കോര്‍ നേടി മഹാരാഷ്ട്ര. പുറത്താകാതെ 220 റൺസ് നേടിയ റുതുരാജ് ഗായക്വാഡിന്റെ ബാറ്റിംഗ് മികവിലാണ് മഹാരാഷ്ട്ര ഈ സ്കോര്‍ നേടിയത്. ഇന്നിംഗ്സിലെ 49ാം ഓവറിൽ ശിവ സിംഗിനെ ഏഴ് സിക്സുകള്‍ക്ക് പായിച്ചാണ് റുതുരാജ് തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്.

159 പന്തിൽ 220 റൺസ് നേടിയ റുതുരാജ് 10 ഫോറും 16 സിക്സും ആണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. അങ്കിത് ഭാവനെയും കാസിയും 37 റൺസ് വീതം നേടി. ഉത്തര്‍ പ്രദേശിനായി കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റ് നേടി.

അഭിഷേക് ശര്‍മ്മയ്ക്ക് ശതകം, കര്‍ണ്ണാടകയ്ക്കെതിരെ 235 റൺസ് നേടി പഞ്ചാബ്

വിജയ് ഹസാരെ ട്രോഫി ആദ്യ ക്വാര്‍ട്ടറിൽ 235 റൺസ് നേടി പഞ്ചാബ്. ഇന്ന് കര്‍ണ്ണാടകയ്ക്കെതിരെ ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ടീമിന് ആദ്യ പന്തിൽ തന്നെ പ്രഭ്സിമ്രാന്‍ സിംഗിനെ നഷ്ടമായി. പിന്നീട് അന്മോൽപ്രീത് സിംഗിനെയും മന്‍പ്രീത് സിംഗിനെയും നഷ്ടമായി 34/3 എന്ന നിലയിലേക്ക് വീണ ടീമിനെ അഭിഷേക് ശര്‍മ്മ നേടിയ 109 റൺസാണ് മുന്നോട്ട് നയിച്ചത്.

സന്‍വീര്‍ സിംഗ്(39), അന്മോൽ മൽഹോത്ര(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കര്‍ണ്ണാടകയ്ക്കായി റോണിത് മോര്‍ രണ്ടും വിദ്വത് കവേരപ്പ നാലും വിക്കറ്റ് നേടി.

ചെറുത്ത്നില്പില്ലാതെ കേരളം കീഴടങ്ങി, ക്വാര്‍ട്ടറിലേക്ക് ഇല്ല

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ തോല്പിച്ച് പ്രീക്വാര്‍ട്ടറിൽ കടന്ന് ജമ്മു കാശ്മീര്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം 174 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ജമ്മു കാശ്മീര്‍ 3 വിക്കറ്റ് നഷ്ടത്തിൽ 37.5 ഓവറിൽ വിജയം കുറിച്ചു.

113 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ ശുഭം ഖജൂറിയയും – ഖമ്രാന്‍ ഇക്ബാലും ചേര്‍ന്ന് നേടിയത്. 76 റൺസ് നേടിയ ശുഭം റണ്ണൗട്ടായതാണ് കൂട്ടുകെട്ട് തകരുവാന്‍ കാരണം. സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റുകള്‍ കൂടി നേടിയെങ്കിലും 51 റൺസ് നേടിയ ഇക്ബാൽ ജമ്മുവിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

51 റൺസ് നേടിയ താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുമ്പോള്‍ ജമ്മുവിന് ജയം 24 റൺസ് അകലെയായിരുന്നു.

ജമ്മു കാശ്മീരിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത കേരളം 174 റൺസാണ് നേടിയത്. ടീം 47.4 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ന് പ്രീലിമിനറി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ജമ്മു കാശ്മീര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹന്‍ ‍കുന്നുമ്മൽ ഇന്ത്യ എ ടീമില്‍ സെലക്ഷന്‍ ലഭിച്ചതിനാൽ ഇന്നത്തെ മത്സരത്തിൽ കേരളത്തിനായി കളിച്ചിരുന്നില്ല.

 

പകരം ടീമിലെത്തിയ വിനൂപ് മനോഹരന്‍ പൊരുതി നിന്നുവെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. വിനൂപ് മനോഹരന്‍ 62 റൺസും സിജോമോന്‍ ജോസഫ് 32 റൺസ് നേടിയാണ് കേരളത്തിനായി തിളങ്ങിയത്.

അവസാന വിക്കറ്റായി അഖിൽ സ്കറിയ പുറത്താകുമ്പോള്‍ താരം 23 റൺസാണ് നേടിയത്. ജമ്മു കാശ്മീരിനായി അക്വിബ് നബി 4 വിക്കറ്റും യുവധീര്‍ സിംഗ് 2 വിക്കറ്റും നേടി.

വിജയ് ഹസാരെ ട്രോഫി, കേരളം ഇന്ന് ജമ്മു കാശ്മീരിനെതിരെ

വിജയ് ഹസാരെ ട്രോഫി പ്രീലിമിനറി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ഇന്ന് ജമ്മു & കാശ്മീരിനെ നേരിടും. എലൈറ്റ് ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് എത്തിയത്. മികച്ച ഫോമിൽ കളിക്കുന്ന ടീം ഗ്രൂപ്പ് ഘട്ടത്തിൽ ആന്ധ്ര പ്രദേശിനോട് മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്. തമിഴ്നാടിനെതിരെയുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ ആന്ധ്ര അവസാന മത്സരത്തിൽ ചത്തീസ്ഗഢിനോട് പരാജയപ്പെട്ടത് കേരളത്തിന് തുണയായി.

അതേ സമയം ജമ്മു രഞ്ജി ചാമ്പ്യന്മാരായ മധ്യ പ്രദേശ് ബറോഡ എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്നാണ് അടുത്ത റൗണ്ടിലെത്തിയത്. പഞ്ചാബാണ് ആ ഗ്രൂപ്പിലെ ചാമ്പ്യന്മാര്‍. രാവിലെ 9 മണിയ്ക്ക് അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനൽ, കേരളത്തിന് എതിരാളികള്‍ ജമ്മു ആന്‍ഡ് കാശ്മീര്‍

വിജയ് ഹസാരെ ട്രോഫി പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് കേരളം. ജമ്മു ആന്‍ഡ് കാശ്മീര്‍ ആണ് കേരളത്തിന്റെ എതിരാളികള്‍. തമിഴ്നാടിന് പിന്നിലായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം അടുത്ത റൗണ്ടിലേക്ക് കടന്നത്. ഈ മത്സരം വിജയിച്ചാൽ പഞ്ചാബ് ആണ് കേരളത്തിന്റെ ക്വാര്‍ട്ടറിലെ എതിരാളി.

മറ്റു പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങളിൽ ഉത്തര്‍ പ്രദേശും മുംബൈയും കര്‍ണ്ണാടകയും ജാര്‍ഖണ്ഡും ഏറ്റുമുട്ടും. മത്സരങ്ങളെല്ലാം അഹമ്മദാബാദിലാണ് നടക്കുന്നത്. മഹാരാഷ്ട്ര, ആസാം എന്നിവര്‍ മേൽപ്പറഞ്ഞ മത്സരത്തിലെ വിജയികളെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടും.

നാലാം ക്വാര്‍ട്ടറിൽ തമിഴ്നാടും സൗരാഷ്ട്രയും ഏറ്റുമുട്ടും.

തമിഴ്നാടുമായുള്ള മത്സരം ഉപേക്ഷിച്ചു, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കേരളം

എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി കേരളം. ഇന്ന് തമിഴ്നാടുമായുള്ള അവസാന മത്സരത്തിൽ കേരളം ആദ്യം ബാറ്റ് ചെയ്ത് 287/8 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് 7 ഓവറിൽ 43/1 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

23 റൺസ് എന്‍ ജഗദീഷന്‍ ക്രീസില്‍ നിന്നപ്പോള്‍ വൈശാഖ് ചന്ദ്രന്‍ സായി സുദര്‍ശനെ പുറത്താക്കിയാണ് കേരളത്തിനായി വിക്കറ്റ് നേടിയത്. ഇതോടെ ഇരു ടീമുകളും രണ്ട് പോയിന്റ് വീതം പങ്കുവെച്ചു.

കേരളത്തിന് 20 പോയിന്റും തമിഴ്നാടിന് 24 പോയിന്റും ലഭിച്ചപ്പോള്‍ തങ്ങളുടെ അവസാന മത്സരത്തിൽ ചത്തീസ്ഗഢുമായി എട്ട് വിക്കറ്റ് തോൽവിയേറ്റ് വാങ്ങിയത് ആന്ധ്രയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

തമിഴ്നാടിനെതിരെ 287 റൺസ് നേടി കേരളം, നിര്‍ണ്ണായക ഇന്നിംഗ്സുമായി വത്സൽ ഗോവിന്ദ്

മികച്ച ഫോമിലുള്ള തമിഴ്നാടിനെതിരെ 287 റൺസ് നേടി കേരളം. വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. വത്സൽ ഗോവിന്ദ്  പുറത്താകാതെ 95 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷ്ണു വിനോദ് 45 റൺസും രോഹന്‍ എസ് കുന്നുമ്മൽ 39 റൺസും നേടി.

അവസാന ഓവറുകളിൽ അബ്ദുള്‍ ബാസിത്ത് 41 റൺസുമായി വത്സലിന് മികച്ച പിന്തുണ നൽകിയാണ് കേരളത്തിന്റെ സ്കോര്‍ 287 റൺസിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്.

കേരളത്തിനായി ബേസിൽ എന്‍പി 4 പന്തിൽ 15 റൺസ് നേടി അവസാന ഓവറിൽ മികച്ച രീതിയിൽ ബാറ്റ് വീശി. വൈശാഖ് ചന്ദ്രനും വാലറ്റത്തിൽ 12 റൺസിന്റെ നിര്‍ണ്ണായക സംഭാവന നൽകി. തമിഴ്നാടിന് വേണ്ടി സന്ദീപ് വാര്യര്‍, എം മൊഹമ്മദ്, സോനു യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കേരളത്തിനെതിരെ ടോസ് നേടി തമിഴ്നാട്, ഫീൽഡിംഗ് തിരഞ്ഞെടുത്തു

വിജയ് ഹസാരെ ട്രോഫിയിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്ന കേരളത്തിന് ഇന്ന് എതിരാളികള്‍ തമിഴ്നാട്. കഴിഞ്ഞ മത്സരത്തിൽ അരുണാചലിനെതിരെ റൺ മല തീര്‍ത്താണ് ഇന്നത്തെ മത്സരത്തിലേക്ക് തമിഴ്നാട് എത്തുന്നത്. ജഗദീഷനും സായി സുദര്‍ശനും റെക്കോര്‍ഡുകളുടെ പെരുമഴയാണ് മത്സരത്തിൽ തീര്‍ത്തത്.

തമിഴ്നാട് ഗ്രൂപ്പ് സിയിൽ 22 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ കേരളത്തിനും ആന്ധ്രയ്ക്കും 18 പോയിന്റാണുള്ളത്. ആന്ധ്രയുടെ അവസാന മത്സരത്തിലെ എതിരാളികള്‍ ചത്തീസ്ഗഢ് ആണ്.

435 റൺസ് വിജയവുമായി തമിഴ്നാട്, അരുണാചലിനെ പുറത്താക്കിയത് 71 റൺസിന്

ആദ്യം ബാറ്റ് ചെയ്ത് എന്‍ ജഗദീഷന്റെയും സായി സുദര്‍ശന്റെയും ബാറ്റിംഗ് മികവിൽ 506/2 എന്ന സ്കോര്‍ നേടിയ തമിഴ്നാട് വിജയ് ഹസാരെ ട്രോഫിയിൽ തകര്‍പ്പന്‍ വിജയം നേടി. അരുണാച്ചൽ പ്രദേശിനെ 71 റൺസിന് ഓള്‍ഔട്ട് ആക്കി 435 റൺസിന്റെ പടുകൂറ്റന്‍ വിജയം ആണ് തമിഴ്നാട് ഇന്ന് നേടിയത്.

സിദ്ദാര്‍ത്ഥ് 5 വിക്കറ്റും രഘുപതി സിലംബരസനും മൊഹമ്മദും രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ 28.4 ഓവറിൽ അരുണാച്ചല്‍ ഇന്നിംഗ്സ് അവസാനിച്ചു.

കേരളത്തിന് 9 വിക്കറ്റ് വിജയം, രോഹന്‍ കുന്നുമ്മലിന് ശതകം

ബിഹാറിനെതിരെ 9 വിക്കറ്റിന്റെ വിജയം നേടി കേരളം 201 റൺസിന് ബിഹാറിനെ എറിഞ്ഞിട്ട ശേഷം 24.4 ഓവറിൽ 205 റൺസാണ് കേരളം നേടിയത്. രോഹന്‍ കുന്നുമ്മലും രാഹുലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 183 റൺസാണ് നേടിയത്.

രാഹുല്‍ 63 പന്തിൽ 83 റൺസ് നേടി പുറത്തായപ്പോള്‍ രോഹന്‍ 75 പന്തിൽ 107 റൺസ് നേടി പുറത്താകാതെ നിന്നു. 12 ഫോറും 4 സിക്സും ആണ് രോഹന്‍ നേടിയതെങ്കില്‍ രാഹുല്‍ 9 ഫോറും 3 സിക്സും നേടി.

Exit mobile version