സഞ്ജു പോയാൽ പരാഗ് അല്ല ജയ്‌സ്വാൾ ആണ് രാജസ്ഥാൻ ക്യാപ്റ്റൻ ആകേണ്ടത് എന്ന് മുഹമ്മദ് കൈഫ്


മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്, വരാനിരിക്കുന്ന ഐ.പി.എൽ. 2026 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ (ആർ.ആർ.) ക്യാപ്റ്റനാകാൻ ഏറ്റവും അനുയോജ്യൻ യശസ്വി ജയ്‌സ്വാളാണെന്ന് അഭിപ്രായപ്പെട്ടു. ജയ്‌സ്വാളിന്റെ വിപുലമായ അന്താരാഷ്ട്ര പരിചയവും സമ്മർദ്ദഘട്ടങ്ങളിലെ സ്ഥിരതയുള്ള പ്രകടനവുമാണ് കൈഫ് എടുത്തുപറഞ്ഞത്.

ഐ.പി.എൽ. 2025-ൽ റിയാൻ പരാഗ് എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമാണ് നേടിയതെന്നും, അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി റെക്കോർഡ് അത്ര മികച്ചതല്ലെന്നും കൈഫ് താരതമ്യം ചെയ്തു. പരാഗിനെ ക്യാപ്റ്റനായി നിലനിർത്തിയാലും വളരാൻ കൂടുതൽ സമയം നൽകണമെന്നും, എന്നാൽ ആഗോള തലത്തിലുള്ള പരിചയം കാരണം റോയൽസിനെ നയിക്കാൻ ജയ്‌സ്വാളാണ് ശക്തനായ സ്ഥാനാർത്ഥിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഐ.പി.എൽ. 2026-ലെ മെഗാ ലേലത്തിന് മുന്നോടിയായി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെ ഒഴിവാക്കിയ രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തെയും കൈഫ് വിമർശിച്ചു. 2024-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതടക്കമുള്ള ദ്രാവിഡിന്റെ മികച്ച പരിശീലക റെക്കോർഡുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സഞ്ജു സാംസൺ, രാഹുൽ ദ്രാവിഡ് തുടങ്ങിയ പരിചയസമ്പന്നരായ വ്യക്തികളെ ടീമിന് നഷ്ടപ്പെടുന്നത് ടീമിന്റെ സ്ഥിരതയെയും പ്രകടനത്തെയും എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.


സഞ്ജു സാംസൺ രാജസ്ഥാൻ വിടാൻ കാരണം റിയാൻ പരാഗ് എന്ന് ബദരിനാഥ്


രാജസ്ഥാൻ റോയൽസ് (ആർആർ) വിടാൻ സഞ്ജു സാംസൺ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്ക് ഇടയിൽ ഇതിന്റെ കാരണം എന്താണെന്ന് പറഞ്ഞ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം ബദ്രിനാഥ്. റിയാൻ പരാഗിന് ആർആറിൽ വർദ്ധിച്ചുവരുന്ന പ്രാധാന്യമാണ് സാംസൺ ഫ്രാഞ്ചൈസി വിടാൻ ആവശ്യപ്പെടാൻ കാരണമെന്ന് മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ് അഭിപ്രായപ്പെട്ടു.

2025 ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളിൽ പരിക്കുമൂലം സഞ്ജുവിന് കളിക്കാൻ സാധിക്കാതിരുന്നപ്പോൾ, ആർആറിനെ നയിച്ചത് പരാഗായിരുന്നു. ഇത് യുവതാരത്തിലുള്ള ഫ്രാഞ്ചൈസിയുടെ വിശ്വാസം വ്യക്തമാക്കുന്നു. നായകസ്ഥാനത്തെ ചൊല്ലിയുള്ള ഈ മാറ്റങ്ങൾ സഞ്ജുവിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.


സഞ്ജു ചെന്നൈയിലേക്ക് വരുമെന്ന അഭ്യൂഹങ്ങളെ കുറിച്ചും ബദ്രിനാഥ് പ്രതികരിച്ചു. ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ കളിക്കാർ സിഎസ്കെയുടെ മുൻനിര ബാറ്റിംഗ് നിരയിൽ ശക്തമായി നിലകൊള്ളുന്നതിനാൽ, അവിടെ സഞ്ജുവിന് ഒരു സ്ഥാനം കണ്ടെത്താൻ പ്രയാസമാകുമെന്ന് ബദ്രിനാഥ് അഭിപ്രായപ്പെട്ടു.

ആദ്യ മൂന്ന് അല്ലെങ്കിൽ നാല് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന സഞ്ജുവിന്, സിഎസ്കെയുടെ ശക്തികേന്ദ്രമായ മധ്യനിരയിൽ കളിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു.

ഈഡൻ ഗാർഡൻസിൽ ത്രില്ലർ; ഒരു റൺസിന് രാജസ്ഥാനെ വീഴ്ത്തി കെകെആർ


ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഒരു റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. റിയാൻ പരാഗിൻ്റെ തകർപ്പൻ 95 റൺസ് പ്രകടനം ഉണ്ടായിട്ടും, രാജസ്ഥാന് കെകെആറിൻ്റെ 206/4 എന്ന സ്കോർ പിന്തുടർന്ന് 205/8 എന്ന നിലയിൽ എത്താനേ കഴിഞ്ഞുള്ളൂ.


ആദ്യം ബാറ്റ് ചെയ്ത കെകെആറിന് വേണ്ടി ആൻഡ്രെ റസ്സൽ 25 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയപ്പോൾ, ഗുർബാസ് (35), രഹാനെ (30), യുവ താരം അംഗ്രിഷ് രഘുവൻഷി (44) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളിൽ റിങ്കു സിംഗ് (6 പന്തിൽ 19*) നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് കെകെആറിനെ 200 കടത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ പ്രതിസന്ധി നേരിട്ടു. പവർപ്ലേയിൽ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ക്യാപ്റ്റൻ റിയാൻ പരാഗ് വെറും 45 പന്തിൽ 6 ഫോറുകളും 8 സിക്സറുകളുമായി 95 റൺസ് നേടി കളി തിരിച്ചുപിടിച്ചു. ഈ എട്ടു സിക്സിൽ 6 സിക്സുകൾ തുടർച്ചയായ പന്തുകളിൽ ആണ് വന്നത്. ഷിംറോൺ ഹെറ്റ്മെയർ (29), ശുഭം ദുബെ (പുറത്താകാതെ 25) എന്നിവരിൽ നിന്ന് പിന്തുണ ലഭിച്ചെങ്കിലും വിജയം നേടാൻ അവർക്ക് സാധിച്ചില്ല.


അവസാന ഓവറുകളിൽ വരുൺ ചക്രവർത്തി (2/32), ഹർഷിത് റാണ (2/41) എന്നിവർ മികച്ച ബോളിംഗ് കാഴ്ചവെച്ചു. അവസാന പന്തിൽ ജോഫ്ര ആർച്ചറെ റിങ്കു സിംഗ് റണ്ണൗട്ടാക്കിയതോടെ കെകെആർ വിജയം ഉറപ്പിച്ചു.


ഈ ജയം പോയിന്റ് പട്ടികയിൽ കെകെആറിൻ്റെ സ്ഥാനം മെച്ചപ്പെടുത്തി അവരുടെ പ്ലേ ഓഫ് പ്രതീക്ഷയും കാത്തു

ഐപിഎല്ലിൽ ചരിത്രം കുറിച്ച് റിയാൻ പരാഗ്; തുടർച്ചയായി 6 സിക്സറുകൾ!


കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഇന്നത്തെ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ചരിത്രമെഴുതി. തുടർച്ചയായ ആറ് സിക്സറുകൾ നേടി താരം റെക്കോർഡ് കുറിച്ചു.


മത്സരത്തിൻ്റെ പതിമൂന്നാം ഓവറിലായിരുന്നു പരാഗിൻ്റെ വെടിക്കെട്ട് പ്രകടനം. കെകെആർ ബൗളർ മൊയിൻ അലിയുടെ അവസാന അഞ്ച് പന്തുകളും പരാഗ് സിക്സറിലേക്ക് പറത്തി. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തി തനിക്ക് എറിഞ്ഞ ആദ്യ പന്തും സിക്സറിലേക്ക് പായിച്ച് താരം റെക്കോർഡ് നേട്ടം പൂർത്തിയാക്കി.


മുൻപ് യുവരാജ് സിംഗ് ഒരോവറിൽ ആറ് സിക്സറുകൾ നേടിയതിൻ്റെ ഓർമ്മപ്പെടുത്തൽ പോലെയായിരുന്നു പരാഗിൻ്റെ ഓരോ സിക്സറുകളും.

ലഖ്‌നൗവിനോട് തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരാഗ്


ജയ്പൂരിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് രാജസ്ഥാൻ റോയൽസ് രണ്ട് റൺസിന് തോറ്റിരുന്നു. 181 റൺസ് പിന്തുടർന്ന രാജസ്ഥാന് 2 റൺസിന്റെ തോൽവി ആണ് ഏറ്റുവാങ്ങിയത്‌. സഞ്ജു സാംസണിന്റെ അഭാവത്തിൽ ടീമിനെ നയിച്ച റിയാൻ പരാഗ് 26 പന്തിൽ 39 റൺസ് നേടി എങ്കിലും വിജയത്തിലേക്ക് ടീമിനെ എത്തിക്കാൻ ആയില്ല.

“ഞാൻ ഈ പരാജയത്തിൽ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു. 19-ാം ഓവറിൽ ഞാൻ ആ കളി ഫിനിഷ് ചെയ്യേണ്ടതായിരുന്നു,” മത്സരം കഴിഞ്ഞ ശേഷം പരാഗ് പറഞ്ഞു.


അവസാന രണ്ട് ഓവറിൽ 20 റൺസ് വേണ്ടിയിരുന്നപ്പോൾ, 19-ാം ഓവറിൽ പ്രിൻസ് യാദവിനെതിരെ 11 റൺസ് നേടാൻ രാജസ്ഥാന് കഴിഞ്ഞു. ഇതോടെ അവസാന ഓവറിൽ 9 റൺസായി വിജയലക്ഷ്യം. എന്നാൽ ആവേശ് ഖാൻ മികച്ച രീതിയിൽ പന്തെറിഞ്ഞു, ആറ് റൺസ് മാത്രം വഴങ്ങി ടീമിനെ ജയത്തിൽ എത്തിച്ചു.

“ഞങ്ങൾക്ക് അവരെ 165-170 റൺസിൽ ഒതുക്കാൻ കഴിയുമെന്ന് കരുതിയിരുന്നു, പക്ഷേ ഞങ്ങൾ കൂടുതൽ റൺസ് വിട്ടുകൊടുത്തു,” അദ്ദേഹം പറഞ്ഞു.
റോയൽസ് ഇപ്പോൾ പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന് പിഴ

ഗുവാഹത്തിയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് രാജസ്ഥാൻ റോയൽസിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ റിയാൻ പരാഗിന് 12 ലക്ഷം രൂപ പിഴ ചുമത്തി. സഞ്ജു സാംസണിന്റെ അഭാവത്തിൽ പരാഗ് ആയിരുന്നു ആദ്യ മൂന്ന് മത്സരങ്ങളിലും ടീമിനെ ലീഡ് ചെയ്തു, ആർ‌ആർ ഇന്നലെ ആറ് റൺസിന്റെ വിജയം നേടിയിരുന്നു‌.

ആർ.ആറിന്റെ സീസണിലെ ആദ്യ വിജയമായിരുന്നു ഇത്‌. ഇനി ഏപ്രിൽ 5 ന് മുള്ളൻപൂരിൽ പഞ്ചാബ് കിംഗ്‌സിനെയാണ് രാജസ്ഥാൻ നേരിടേണ്ടത്‌. അന്ന് സഞ്ജു ക്യാപ്റ്റൻ ആയി തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌.

നിതീഷ് റാണയുടെ വെടിക്കെട്ടിന് ശേഷം രാജസ്ഥാൻ പതറി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റു ചെയ്തു പൊരുതാവുന്ന സ്കോർ നേടി. 20 ഓവറിൽ അവർ 182/9 റൺസ് ആണ് എടുത്തത്. നിതീഷ് റാണയുടെ മികച്ച ഇന്നിംഗ്സ് ആണ് രാജസ്ഥാൻ റോയൽസിന് കരുത്തായത്.

അവർക്ക് ഇന്ന് തുടക്കത്തിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ നഷ്ടമായിരുന്നു. 20 റൺസ് എടുത്ത് സഞ്ജു സാംസണും നിരാശ നൽകി. നിതീഷ് 36 പന്തിൽ നിന്നാണ് 81 റൺസ് അടിച്ചു കൂട്ടിയത്. 5 സിക്സും 10 ഫോറും നിതീഷ് അടിച്ചു. നിതീഷ് പുറത്തായ ശേഷം നല്ല കൂട്ടുകെട്ട് പടുക്കാൻ അവർക്ക് ആയില്ല.

പരാഗ് നേടിയ 37 റൺസ് ആണ് രാജസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്.

പരിക്കിൽ നിന്ന് മുക്തനായി റിയാൻ പരാഗ് തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ അസമിനെ നയിക്കും

സൗരാഷ്ട്രയ്‌ക്കെതിരായ അവസാന രഞ്ജി ട്രോഫി ലീഗ് മത്സരത്തിൽ അസമിനെ നയിച്ചുകൊണ്ട് റിയാൻ പരാഗ് തിരിച്ചുവരും. 2024 ഒക്ടോബർ മുതൽ 23 കാരനായ ഓൾറൗണ്ടർ പരിക്ക് കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മൂന്നാം ടി20 മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പ്രധാന പരമ്പരകളും ചാമ്പ്യൻസ് ട്രോഫിയും അദ്ദേഹത്തിന് നഷ്ടമായി.

എലൈറ്റ് ഗ്രൂപ്പ് ഡി പട്ടികയിൽ നിലവിൽ ഏറ്റവും താഴെ സ്ഥാനത്തുള്ള അസമിന് പരാഗിന്റെ തിരിച്ചുവരവ് ഒരു ആശ്വാസമാണ്.

പരാഗിന് 3 വിക്കറ്റ്, ഇന്ത്യക്ക് എതിരെ 248 റൺസ് ഉയർത്തി ശ്രീലങ്ക

ഇന്ത്യക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യക്ക് മുന്നിൽ 248 എന്ന വിജയ ലക്ഷ്യം വെച്ചു. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് എടുത്തു. അവർക്ക് ഇന്ന് നല്ല തുടക്കം ലഭിച്ചു എങ്കിലും വലിയ സ്കോറിലേക്ക് എത്താതെ അവരെ തടയാൻ ഇന്ത്യക്ക് ആയി.

ഒരു ഘട്ടത്തിൽ 35 ഓവറിൽ 171-1 എന്ന നിലയിൽ ആയിരുന്നു ശ്രീലങ്ക. അവിടെ നിന്ന് അവർക്ക് 248ലേക്ക് മാത്രമെ എത്താനായുള്ളൂ. ശ്രീലങ്കയ്ക്ക് ആയി അവിഷ്ക ഫെർണാണ്ടോ 96 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. പതും നിസങ്ക 46 റൺസും കുശാൽ മെൻഡിസ് 59 റൺസും എടുത്തു‌.

ഇന്ത്യക്ക് ആയി അരങ്ങേറ്റക്കാരൻ പരാഗ് വിക്കറ്റുമായി തിളങ്ങി.സിറാജ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി.

റിയാൻ പരാഗിന് അരങ്ങേറ്റം, മൂന്നാം ഏകദിനത്തിൽ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യും

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യും. ടോസ് വിജയിച്ച ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. അവസാന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് വിജയിക്കാൻ ശ്രീലങ്കയ്ക്ക് ആയിരുന്നു. ശ്രീലങ്ക ഇപ്പോൾ പരമ്പരയിൽ 1-0ന് മുന്നിൽ ആണ്.

ഇന്ന് ഇന്ത്യൻ ടീമിൽ റിഷഭ് പന്തും റിയാൻ പരാഗും ഇടം നേടി. പരാഗിന്റെ ഏകദിന അരങ്ങേറ്റം ആണിത്.

India XI: R. Sharma (c), S. Gill, V. Kohli, S. Iyer, R. Pant (wk), R. Parag, S. Dube, W. Sundar, A. Patel, K. Yadav, M. ശിരജ്

Sri Lanka XI: P. Nissanka, A. Fernando, K. Mendis (wk), S. Samarawickrama, C. Asalanka (c), K. Mendis, J. Liyanage, D. Wellalage, M. Theekshana, A. Fernando, J. Vandersay.

ബാറ്റിംഗ് മറന്ന് രാജസ്ഥാന്‍, പൊരുതിയത് പരാഗ് മാത്രം

പ്ലേ ഓഫ് ഉറപ്പിച്ചുവെങ്കിലും രാജസ്ഥാന്റെ ടോപ് 2 സ്ഥാനമോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ടീമിന്റെ ബാറ്റിംഗ് പ്രകടനം. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയൽസിന് 144 റൺസ് മാത്രമാണ് നേടാനായത്. റിയാന്‍ പരാഗ് നേടിയ 48 റൺസ് മാത്രമാണ് രാജസ്ഥാനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ആദ്യ ഓവറിൽ തന്നെ യശസ്വി ജൈസ്വാളിനെ നഷ്ടമായ രാജസ്ഥാന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 38 റൺസ് മാത്രമാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ സഞ്ജു സാംസണെയും നഷ്ടമായ രാജസ്ഥാന്റെ നില പരുങ്ങലിലായി. 15 പന്തിൽ നിന്ന് സഞ്ജു വെറും 18 റൺസ് നേടിയപ്പോള്‍ ടോം കോഹ്‍ലര്‍-കാഡ്മോറുമായി താരം രണ്ടാം വിക്കറ്റിൽ 36 റൺസാണ് നേടിയത്. എന്നാൽ ഈ കൂട്ടുകെട്ടിന് പഞ്ചാബ് ബൗളര്‍മാര്‍ക്കുമേൽ സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല.

തൊട്ടടുത്ത ഓവറിൽ ടോം കോഹ്‍ലര്‍-കാഡ്മോറിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായത്. താരം 23 പന്തിൽ നിന്ന് വെറും 18 റൺസാണ് നേടിയത്. ഇതോടെ 40/1 എന്ന നിലയിൽ നിന്ന് 42/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ പ്രതിരോധത്തിലായി.

അശ്വിനും റിയാന്‍ പരാഗും ചേര്‍ന്ന് 50 റൺസ് നാലാം വിക്കറ്റിൽ നേടിയെങ്കിലും ഈ കൂട്ടുകെട്ടിനെ അര്‍ഷ്ദീപ് സിംഗ് തകര്‍ത്തു. 19 പന്തിൽ 28 റൺസ് നേടിയ അശ്വിനെയാണ് രാജസ്ഥാന് നഷ്ടമായത്. ധ്രുവ് ജുറേലിനെ സാം കറനും റോവ്മന്‍ പവലിനെ രാഹുല്‍ ചഹാറും പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 102/6 എന്ന നിലയിൽ പരുങ്ങലിലായി.

34 പന്തിൽ 48 റൺസ് നേടിയ റിയാന്‍ പരാഗ് അവസാന ഓവറിൽ പുറത്താകുകയായിരുന്നു. 9 വിക്കറ്റുകളാണ് രാജസ്ഥാന്‍ റോയൽസിന് നഷ്ടമായത്. പഞ്ചാബിന് വേണ്ടി സാം കറന്‍, ഹര്‍ഷൽ പട്ടേൽ, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ആവേശ ഫിനിഷ്!! 1 റണ്ണിന് രാജസ്ഥാനെ വീഴ്ത്തി സൺറൈസേഴ്സ്!!

രാജസ്ഥാൻ റോയൽസിന്റെ വിജയ പരമ്പര അവസാനിപ്പിച്ച് സൺറൈസേഴ്സ്. ഇന്ന് 202 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത രാജസ്ഥാൻ 200 റൺസ് ആണ് എടുത്തത്. അവസാന പന്തിൽ ജയിക്കാൻ 2 റൺസ് എടുക്കേണ്ടിരുന്ന സമയത്ത് പവൽ എൽ ബി ഡബ്ല്യു ആവുക ആയിരുന്നു. അവസാന 17 പന്തിൽ 21 റൺസ് മാത്രമെ രാജസ്ഥാന് ജയിക്കാൻ വേണ്ടിയുരുന്നുള്ളൂ. എന്നാൽ അത് നേടാൻ അവർക്ക് ആയില്ല.

ഇന്ന് സൺറൈസസിനെതിരെ 202 എന്ന ലക്ഷ്യം പിന്തുടർന്ന് രാജസ്ഥാന് തുടക്കത്തിൽ തന്നെ അവരുടെ ഓപ്പണർ ബട്ലറെയും ക്യാപ്റ്റൻ സഞ്ജു സാംസണയും നഷ്ടപ്പെട്ടിരുന്നു. ഇരുവരും ഡക്കിലാണ് ഇന്ന് പുറത്തായത്. ഇരുവരെയും ആദ്യ ഓവറിൽ ഭുവനേശ്വർ കുമാർ ആണ് പുറത്താക്കിയത്‌. എന്നാൽ ഇതിൽ പതറാതെ യശസ്വി യസ്വാളും റിയാൻ പരാഗും കൂടി ടീമിനെ മുന്നോട്ടേക്ക് നയിച്ചു.

ഇരുവരും റൺറേറ്റ് കുറയാതെ സൂക്ഷിച്ചത് രാജസ്ഥാൻ വലിയ സമ്മർദ്ദത്തിലേക്ക് പോകാതെ അവരെ കാത്തു. ജയസ്വാൾ 30 പന്തിൽ 50 പൂർത്തിയാക്കിയപ്പോൾ, പരാഗ് 31 പന്തിൽ 50 റൺസിൽ എത്തി. 13 ഓവറിൽ 132 എന്ന സ്കോറിൽ രാജസ്ഥാൻ എത്തി. അവർക്ക് അവസാന 7 ഓവറിൽ 70 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.

40 പന്തിൽ 67 റൺസ് എടുത്താണ് ജയ്സ്വാൾ പുറത്തായത്. 2 സിസ്കും 7 ഫോറും ജയ്സ്വാൾ അടിച്ചു. അവസാന 5 ഓവറിൽ 45 റൺസ് ആയിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടത്. 16ആം ഓവറിൽ പരാഗിനെ കമ്മിൻസ് പുറത്താക്കി. 49 പന്തിൽ നിന്ന് 77 റൺസ് ആണ് പരാഗ് എടുത്തത്‌. 4 സിക്സും എട്ടു ഫോറും അടിച്ചു.

പവലും ഹെറ്റ്മയറും ആയിരുന്നു ക്രീസിൽ. അവസാന 4 ഓവറിൽ 42 ആയിരുന്നു ടാർഗറ്റ്. ഇത് 3 ഓവറിൽ 27 ആയി കുറഞ്ഞു. 18ആം ഓവറിൽ ഹെറ്റ്മയറിനെ രാജസ്ഥാന് നഷ്ടമായി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 20 റൺസ്.

കമ്മിൻസ് എറിഞ്ഞ 19ആം ഓവറിലെ ആദ്യ പന്തിൽ ജുറൽ പുറത്ത്. രാജസ്ഥാൻ സമ്മർദ്ദത്തിൽ ആയ നിമിഷം. അശ്വിൻ പവലിനൊപ്പം ചേർന്നു. പവൽ അവസാന പന്തിൽ സിക്സ് അടിച്ചു എങ്കിലും കമ്മിൻസ് ആ ഓവറിൽ നൽകിയത് ആകെ 7 റൺസ്. അവസാന ഓവറിൽ ജയിക്കാൻ 13 റൺസ്.

ഭുവനേശ്വർ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ അശ്വിൻ സിംഗിൾ എടുത്തു. 5 പന്തിൽ 12 റൺസ്. രണ്ടാം പന്തിൽ 2. 4 പന്തിൽ ജയിക്കാൻ 10 റൺസ്. 3ആം പന്തിൽ 4. ജയിക്കാൻ 3 പന്തിൽ 6 റൺസ്. അടുത്ത പന്തിൽ വീണ്ടും 2. ജയിക്കാൻ 2 പന്തിൽ 4 റൺസ്. അഞ്ചാം പന്തിലും 2. ഒരു പന്തിൽ ജയിക്കാൻ 2.

ആവേശകരമായ ഫിനിഷ്. അവസാന പന്തിൽ പവൽ എൽ ബി ഡബ്ല്യു. രാജസ്ഥാൻ റിവ്യൂ ചെയ്തു എങ്കിലും ഔട്ട് തന്നെ ആയിരുന്നു. 1 റണ്ണിന് സൺറൈസേഴ്സ് വിജയം.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദ്രാബാദ് 201 റൺസ് ആയിരുന്നു എടുത്തത്. നിതിഷ് റെഡ്ഡിയും ട്രാവിസ് ഹെഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 19 പന്തിൽ 42 റൺസ് നേടി ക്ലാസ്സനും തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് സൺറൈസേഴ്സ് നേടിയത്.

അഭിഷേക് ശര്‍മ്മയെ അവേശ് ഖാനും അന്മോൽപ്രീത് സിംഗിനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 35/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. പിന്നീട് സൺറൈസേഴ്സിനെ ട്രാവിസ് ഹെഡും നിതീഷ് റെഡ്ഡിയും മുന്നോട്ട് നയിക്കുകയായിരുന്നു. 37 പന്തിൽ നിന്ന് ട്രാവിസ് ഹെഡ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

58 റൺസ് നേടിയ ട്രാവിസ് ഹെഡിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ 96 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രാജസ്ഥാന്‍ തകര്‍ത്തു.  ചഹാലിനെ തുടരെയുള്ള ഓവറുകളിൽ നിതീഷ് റെഡ്ഡി കടന്നാക്രമിച്ചപ്പോള്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 131/3 എന്ന നിലയിലായിരുന്നു. 30 പന്തിൽ നിന്ന് നിതീഷ് റെഡ്ഢി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അതേ ഓവറിൽ അശ്വിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് താരം റൺറേറ്റ് ഉയര്‍ത്തി.

തന്റെ അവസാന ഓവര്‍ എറിയാനെത്തിയ ചഹാലിനെ ഹെയിന്‍റിച്ച് ക്ലാസ്സന്‍ തുടരെയുള്ള സിക്സുകളോടെ വരവേറ്റപ്പോള്‍ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്. അതിന് മുമ്പ് അശ്വിന്‍ എറിഞ്ഞ ഓവറിൽ നിന്ന് 15 റൺസ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയിരുന്നു.

അവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിൽ നിതീഷ് റെഡ്ഡി ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് വന്നു. അവേശ് ഖാന്‍ തന്റെ നാലോവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടുകയായിരുന്നു. 19ാം ഓവറിൽ രണ്ട് ബൗണ്ടറിയുമായി ക്ലാസ്സനും റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ബോള്‍ട്ടിന്റെ ഓവറിൽ നിന്ന് 12 റൺസ് വന്നു.

32 പന്തിൽ 70 റൺസാണ് നിതീഷ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയത്. റെഡ്ഡി 42 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറുകളിൽ ക്ലാസ്സന്‍ താണ്ഡവമാടുകയായിരുന്നു. അവസാന 5 ഓവറിൽ 70 റൺസാണ് സൺറൈസേഴ്സ് നേടിയത്.

Exit mobile version