ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വൃദ്ധിമാൻ സാഹ

പ്രഫഷണൽ ക്രിക്കറ്റിലെ തൻ്റെ അവസാന കാമ്പെയ്‌നായിരിക്കും ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫി സീസൺ എന്ന് മുതിർന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ വൃദ്ധിമാൻ സാഹ പ്രഖ്യാപിച്ചു. 2010-ൽ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ച 40-കാരൻ ഈ സീസണോടെ പ്രൊഫഷണൽ ക്രിക്കറ്റ് വിടും.

“ഈ സീസൺ എൻ്റെ അവസാന സീസണായിരിക്കും. അവസാന തവണ ബംഗാളിനെ പ്രതിനിധീകരിക്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നമുക്ക് ഈ സീസൺ ഓർമ്മയിൽ സൂക്ഷിക്കാം!” സാഹ പോസ്റ്റ് ചെയ്തു.

40 ടെസ്റ്റുകളിൽ നിന്ന് 1353 റൺസും ഒമ്പത് ഏകദിനങ്ങളിൽ നിന്ന് 41 റൺസും നേടിയ സാഹ തൻ്റെ കരിയറിൽ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഒന്നിലധികം ഫ്രാഞ്ചൈസികളിലായി 170 മത്സരങ്ങൾ ഐ പി എല്ലിൽ കളിച്ച സാഹ 2934 റൺസ് നേടി. ഐപിഎൽ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായാണ് കളിച്ചത്.

ഗില്ലുമല്ല സാഹയുമല്ല, ഫൈനലില്‍ ചെന്നൈയെ ഞെട്ടിച്ച് സായി സുദര്‍ശന്‍, ഗുജറാത്തിന് 214 റൺസ്

ചെന്നൈയ്ക്കെതിരെ ഫൈനലില്‍ 214 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. സായി സുദര്‍ശന്‍ 47 പന്തിൽ 96 റൺസുമായി ഗുജറാത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നാല് വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്.

ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കം നൽകിയപ്പോള്‍ ഗുജറാത്ത് തുടക്കം മുതൽ കുതിയ്ക്കുകയായിരുന്നു. ഗില്ലിനെ ചഹാര്‍ കൈവിട്ടപ്പോള്‍ താരം 2 റൺസായിരുന്നു നേടിയത്. ചഹാര്‍ തന്നെ സാഹയുടെ ക്യാച്ചും കൈവിട്ടപ്പോള്‍ താരം 21 റൺസായിരുന്നു നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 62 റൺസാണ് ഗുജറാത്ത് നേടിയത്.

20 പന്തിൽ 39 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ മഹേന്ദ്ര സിംഗ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 67 റൺസാണ് ഗിൽ – സാഹ കൂട്ടുകെട്ട് നേടിയത്.

ഗില്ലിന് പകരമെത്തിയ സായി കിഷോറിന് വേഗത്തിൽ റൺ സ്കോര്‍ ചെയ്യുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഗുജറാത്ത് പത്തോവറിൽ 86 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പത്തോവറിന് ശേഷം സാഹയ്ക്കൊപ്പം സായി സുദര്‍ശനും ഇന്നിംഗ്സിന് വേഗത നൽകിയപ്പോള്‍ സാഹ തന്റെ അര്‍ദ്ധ ശതകം 36 പന്തിൽ പൂര്‍ത്തിയാക്കി.

സ്കോര്‍ ബോര്‍ഡിൽ 131 റൺസുള്ളപ്പോള്‍ വൃദ്ധിമന്‍ സാഹയെ ഗുജറാത്തിന് നഷ്ടമായി. 39 പന്തിൽ 54 റൺസ് നേടിയ താരത്തെ ചഹാര്‍ ആണ് പുറത്താക്കിയത്. 64 റൺസാണ് സാഹ – സായി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. സായി സുദര്‍ശനും ഹാര്‍ദ്ദിക്കും ചേര്‍ന്ന് 23 പന്തിൽ തങ്ങളുടെ ഫിഫ്റ്റി കൂട്ടുകെട്ട് നേടിയപ്പോള്‍ അതിൽ ഹാര്‍ദ്ദിക് നേടിയത് 7 റൺസായിരുന്നു.

33 പന്തിൽ 81 റൺസ് നേടിയ കൂട്ടുകെട്ടിനെ ചെന്നൈയ്ക്ക് തകര്‍ക്കാനായത് അവസാന ഓവറിൽ മാത്രമാണ്. 47 പന്തിൽ 96 റൺസ് നേടിയ സായിയെ മതീഷ പതിരാന വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തിൽ 21 റൺസ് നേടി.

സാഹയുടെയും ഗില്ലിന്റെയും വെടിക്കെട്ട്, ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ

ലഖ്നൗവിന് എതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. ഇന്ന് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് ആണ് എടുത്തത്. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ഗുജറാത്തിന് ഗംഭീര തുടക്കം നൽകി. സാഹയാണ് തുടക്കത്തിൽ ലഖ്നൗ ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ചത്. 41 പന്തിൽ 83 റൺസ് അടിക്കാൻ സാഹക്ക് ആയി. 10 ഫോറും നാലു സിക്സും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.

സാഹ പുറത്തായതിനു ശേഷം ഹാർദ്ദികും ഗില്ലും ചേർന്ന് നല്ല കൂട്ടുകെട്ട് പടുത്തു. 15 പന്തിൽ നുന്ന് 25 റൺസ് എടുത്ത ഹാർദ്ദികിനെ മൊഹസിൻ പുറത്താക്കി. ഗിൽ ഒരു ഭാഗത്ത് തുടർന്നു. ഗിൽ 51 പന്തിൽ 94 റൺസ് എടുത്തു പുറത്താകാതെ നിന്നു. 2 ഫോറും 7 സിക്സും അടങ്ങുന്നത് ആയിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഗില്ലിന് ഒപ്പം മില്ലറും ആക്രമണത്തിൽ ചേർന്നതോടെ സ്കോർ 227ൽ എത്തി. മില്ലർ 12 പന്തിൽ നിന്ന് 23 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ലഖ്നൗ സൂപ്പർ ജയന്റ്സിനായി മൊഹ്സിൻ ഖാനും ആവേശ് ഖാനും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

അനായാസം ഗുജറാത്ത്, ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിൽ

രാജസ്ഥാന്‍ റോയൽസിനെ നാണംകെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. 119 റൺസ് വിജയ ലക്ഷ്യം വെറും 13.5 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ആണ് ഗുജറാത്ത് ലക്ഷ്യം കണ്ടത്. ആദ്യ വിക്കറ്റിൽ സാഹ – ഗിൽ കൂട്ടുകെട്ട് 71 റൺസ് നേടിയപ്പോള്‍ പിന്നീടെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ അതിവേഗത്തിൽ സ്കോര്‍ ചെയ്തപ്പോള്‍ രാജസ്ഥാന്‍ വലിയ വിജയം നേടുകയായിരുന്നു.

പത്താം ഓവറിൽ 36 റൺസ് നേടി ഗില്ലിനെ യൂസുവേന്ദ്ര ചഹാലിന്റെ ബൗളിംഗിൽ സ‍ഞ്ജു സാംസൺ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ 71 റൺസായിരുന്നു ഒന്നാം വിക്കറ്റിൽ നേടിയത്. രണ്ടാം വിക്കറ്റിൽ 48 റൺസാണ് ഹാര്‍ദ്ദിക് – സാഹ കൂട്ടുകെട്ട് നേടിയത്.

ഹാര്‍ദ്ദിക് 15 പന്തിൽ 39 റൺസ് നേടിയപ്പോള്‍ വൃദ്ധിമന്‍ സാഹ 34 പന്തിൽ 41 റൺസ് നേടി ഹാര്‍ദ്ദിക്കിനൊപ്പം പുറത്താകാതെ നിന്നു.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ഗുജറാത്തിനെ പൂട്ടി ലക്നൗ, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഹാര്‍ദ്ദിക്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 135 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിന് രണ്ടാം ഓവറിൽ ശുഭ്മന്‍ ഗില്ലിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ വെറും 4 റൺസായിരുന്നു. പിന്നീട് വൃദ്ധിമന്‍ സാഹയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് 68 ൺസാണ് ഗുജറാത്തിനായി നേടിയത്.

47 റൺസ് നേടിയ സാഹയെ പുറത്താക്കി ക്രുണാൽ തന്റെ രണ്ടാം വിക്കറ്റ് നേടുകയായിരുന്നു. ക്രുണാലിനായിരുന്നു ഗില്ലിന്റെ വിക്കറ്റും ലഭിച്ചത്. അടുത്തതായി ക്രീസിലെത്തിയ അഭിനവ് മനോഹറിനെ വേഗത്തിൽ തന്നെ അമിത് മിശ്ര പുറത്താക്കിയപ്പോള്‍ ഗുജറാത്ത് 77/3 എന്ന നിലയിൽ പ്രതിരോധത്തിലായി.

പിന്നീട് ലക്നൗ ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ ഗുജറാത്ത് ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചില്ല. ഇതിനിടെ 10 റൺസ് നേടിയ വിജയ് ശങ്കറിനെ നവീന്‍-ഉള്‍-ഹക്ക് പുറത്താക്കി.

അവസാന ഓവറിൽ സ്റ്റോയിനിസിനെ ഹാര്‍ദ്ദിക്ക് ആദ്യ പന്തിൽ സിക്സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ സ്റ്റോയിനിസ് താരത്തിനെ പുറത്താക്കി. 50 പന്തിൽ 66 റൺസ് നേടിയ ഹാര്‍ദ്ദിക് നാല് സിക്സുകളാണ് അടിച്ചത്. അതേ ഓവറിൽ മില്ലറും പുറത്തായപ്പോള്‍ ഗുജറാത്ത് 135/6 എന്ന സ്കോറില്‍ ഒതുങ്ങി.

ലക്നൗവിനായി ക്രുണാൽ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതം വിക്കറ്റ് നേടി.

 

സാഹയ്ക്ക് അനുമതി നൽകി ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ്, താരം ഇനി തൃപുരയുടെ ക്യാപ്റ്റനും മെന്ററും

വൃദ്ധിമന്‍ സാഹയ്ക്ക് അനുമതി പത്രം നൽകി ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ താരം തൃപുരയുടെ ക്യാപ്റ്റനും മെന്ററും ആയി അടുത്ത ആഭ്യന്തര സീസണിലെത്തും. ബംഗാള്‍ ജോയിന്റ് സെക്രട്ടറി താരത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് സാഹയെ തൃപുരയിലേക്ക് എത്തിച്ചത്.

ബംഗാളിനെ 15 വര്‍ഷത്തോളം പ്രതിനിധാനം ചെയ്ത താരം 122 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 102 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 40 ടെസ്റ്റിലും 9 ഏകദിനങ്ങളിലും കളിച്ച താരത്തോട് അടുത്തിടെയാണ് രാഹുല്‍ ദ്രാവിഡ് താരത്തെ ഇനി അന്താരാഷ്ട്ര ക്രിക്കറ്റിൽ പരിഗണിക്കുകയില്ലെന്ന് വ്യക്തമാക്കിയത്.

വൃദ്ധിമന്‍ സാഹ ത്രിപുരയ്ക്ക് വേണ്ടി കളിക്കുവാന്‍ തയ്യാറെടുക്കുന്നു, മെന്റര്‍ റോളും ആവശ്യപ്പെടും

ത്രിപുരയ്ക്ക് വേണ്ടി മെന്ററായും കളിക്കാരനായും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുവാന്‍ വൃദ്ധിമന്‍ സാഹ ശ്രമിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ത്രിപുരയിലെ അപെക്സ് കൗൺസിൽ അംഗങ്ങളുമായി ഇത് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നുവെന്നാണ് അറിയുവാന്‍ സാധിക്കുന്നത്.

ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് ബംഗാളിൽ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് താരം അപേക്ഷിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ബംഗാല്‍ അസോസ്സിയേഷനുമായി താരം തെറ്റിപ്പിരിഞ്ഞതിന് ശേഷം രഞ്ജിയിൽ കളിക്കുവാന്‍ താരം വിസ്സമ്മതിച്ചിരുന്നു.

ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷനിൽ നിന്നുള്ള അനുമതി ലഭിച്ചാൽ മാത്രമേ ത്രിപുരയുമായുള്ള താരത്തിന്റെ സഹകരണം പൂര്‍ത്തിയാകുകയുള്ളഉവെന്നാണ് അറിയുന്നത്.

തന്റെ ശ്രദ്ധ ഇനി ഐപിഎലിലും പ്രാദേശിക ക്രിക്കറ്റിലും – സാഹ

ഇന്ത്യന്‍ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട വൃദ്ധിമന്‍ സാഹ താന്‍ ഇനി ഐപിഎലിലും പ്രാദേശിക ക്രിക്കറ്റിലും ആവും കൂടുതൽ ശ്രദ്ധ ചെലുത്തുക എന്ന് പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഐപിഎല്‍ കിരീടം നേടിയ താരം ടീമിനായി പല ശ്രദ്ധേയമായ ഇന്നിംഗ്സുകളും കളിച്ചിരുന്നു.

തന്നോട് ഇന്ത്യന്‍ മാനേജ്മെന്റ് ഇനി ടീമിലേക്ക് പരിഗണിക്കല്ലെന്ന് അറിയിച്ചതിനാൽ തന്നെ പ്രാദേശിക ക്രിക്കറ്റിലും ഐപിഎലിലും ആവും ഇനി കൂടുതൽ ശ്രദ്ധിക്കുക. തനിക്ക് തന്റെ കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കണം എന്നാണ് ഇപ്പോളത്തെ ആഗ്രഹം എന്നും താരം വ്യക്തമാക്കി.

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ താന്‍ കളിക്കില്ലെന്ന് സാഹ അറിയിച്ചിരുന്നു.

രഞ്ജി ട്രോഫിയിൽ സാഹ ബംഗാളിന് വേണ്ടി കളിക്കില്ല

രഞ്ജി ട്രോഫി നോക്ഔട്ട് മത്സരങ്ങളിൽ ബംഗാളിന് വേണ്ടി കളിക്കില്ലെന്ന് ഉറപ്പിച്ച് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ഇത് താരം ഔദ്യോഗികമായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. നേരത്തെ വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് താരം ബംഗാളിന്റെ രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷന് സാഹ ബംഗാളിന് വേണ്ടി കളിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ താരം കളിക്കില്ലെന്ന് തീരുമാനം എടുക്കുകയായിരുന്നെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അവിഷേക് ഡാൽമിയ പറഞ്ഞു. ബംഗാളിന് വേണ്ടി കളിക്കില്ലെന്ന താരത്തിന്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടെങ്കിലും താരം അത് നിരാകരിക്കുകയായിരുന്നെയും ഡാൽമിയ പറഞ്ഞു.

താരത്തെ ബംഗാൾ ടീമിലേക്ക് തിരിച്ചെത്തിക്കാൻ താരത്തിന്റെ കുട്ടികാലത്തെ പരിശീലകൻ വഴി ശ്രമിച്ചെങ്കിലും നടന്നില്ലെന്നും താരം ബംഗാളിന് വേണ്ടി കളിക്കില്ലെന്ന് ഉറപ്പിച്ചെന്നും ഡാൽമിയ പറഞ്ഞു. നിലവിൽ താരം വേറെ ടീമിന് വേണ്ടി കളിക്കാൻ NOC ആവശ്യപെട്ടിട്ടില്ലെന്നും താരം ആവശ്യപ്പെട്ടാൽ അത് നൽകുമെന്നും ഡാൽമിയ പറഞ്ഞു.

സൂപ്പര്‍ സാഹ!!! ഗുജറാത്തിന് 7 വിക്കറ്റ് വിജയം

വൃദ്ധിമന്‍ സാഹയുടെ 67 റൺസിന്റെ ബലത്തിൽ 5 പന്ത് അവശേഷിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 7 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഇതോടെ ഐപിഎലില്‍ ഒന്നാം സ്ഥാനം ആര്‍ക്കും വിട്ട് നൽകില്ല എന്ന പ്രഖ്യാപനം കൂടിയാണ് ഗുജറാത്ത് നടത്തിയിരിക്കുന്നത്.

ചെന്നൈയുടെ സ്കോറായ 133 റൺസ് പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് വേണ്ടി സാഹ പുറത്താകാതെ 67 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ(18), മാത്യു വെയ്ഡ്(20), ഡേവിഡ് മില്ലര്‍(15*) എന്നിവരാണ് റൺസ് കണ്ടെത്തിയത്.

ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരാന രണ്ട് വിക്കറ്റ് നേടി.

സാഹ വിവാദം, ബോറിയ മജൂംദാറിനെ വിലക്കി ബിസിസിഐ

അഭിമുഖം ആവശ്യപ്പെട്ടതിന് മറുപടി നൽകാത്തതിന് വൃദ്ധിമന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിനെ വിലക്കി ബിസിസിഐ. സാഹയെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് പ്രതികരണം ആവശ്യപ്പെട്ട് ബോറിയ താരത്തോട് അഭിമുഖം ആവശ്യപ്പെട്ടുവെങ്കിലും താരം അതിന് അനുകൂല മറുപടിയല്ല നൽകിയത്.

ഇത് ബോറിയയെ ചൊടിപ്പിച്ചപ്പോള്‍ അദ്ദേഹം ഭീഷണിയുമായി പ്രതികരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പേര് വെളിപ്പെടുത്താതെ സാഹ തന്നെ ഈ വിഷയം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തേക്കാണ് ബോറിയയെ ബിസിസിഐ വിലക്കുന്നത്. ഇതോടെ ബോറിയയ്ക്ക് ബിസിസിഐ സംഘടിപ്പിക്കുന്ന ഒരു മത്സരത്തിലും റിപ്പോര്‍ട്ടിംഗിനായി എത്തുവാനാകില്ല.

ഇത് കൂടാതെ ഇന്ത്യയിലെ രജിസ്റ്റര്‍ ചെയ്ത ഒരു താരവുമായി അദ്ദേഹത്തിന് അഭിമുഖം നടത്തുവാനാകില്ല, കൂടാതെ ബിസിസിഐയുടെ കീഴിലുള്ള ഒരു അസോസ്സിയേഷന്‍ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് സൗകര്യങ്ങളും ഇദ്ദേഹത്തിന് ഉപയോഗിക്കുവാനും ആകില്ല.

സാഹയുടെ തീപാറും ഇന്നിംഗ്സിനെ വെല്ലുന്ന 5 വിക്കറ്റ് നേട്ടവുമായി ഉമ്രാന്‍ മാലിക്!!! പക്ഷേ ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിച്ച് റഷീദ് ഖാന്‍ – തെവാത്തിയ കൂട്ടുകെട്ട്

ഐപിഎലില്‍ ഇന്ന് നടന്ന തകര്‍പ്പന്‍ പോരാട്ടത്തിൽ 5 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ഓവറിൽ 22 റൺസ് വേണ്ടപ്പോള്‍ റഷീദ് ഖാനും രാഹുല്‍ തെവാത്തിയയും ചേര്‍ന്ന് 25 റൺസ് നേടിയാണ് ലക്ഷ്യം മറികടക്കുവാന്‍ ഗുജറാത്തിനെ സഹായിച്ചത്. ഓവറിലെ ആദ്യ പന്തിൽ തെവാത്തിയ സിക്സര്‍ നേടിയപ്പോള്‍ മൂന്നും അഞ്ചും ആറും പന്തിൽ സിക്സ് നേടി റഷീദ് ഖാന്‍ ആണ് ഹീറോ ആയി മാറിയത്.

റഷീദ് 11 പന്തിൽ 31 റൺസ് നേടിയപ്പോള്‍ തെവാത്തിയ 21 പന്തിൽ 40 റൺസ് നേടി വിജയം ഉറപ്പാക്കി.

ഉമ്രാന്‍ മാലിക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഗുജറാത്തിന്റെ നടുവൊടിച്ചത്. വൃദ്ധിമന്‍ സാഹ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ലക്ഷ്യം ഗുജറാത്ത് സ്വന്തമാക്കുമെന്ന് തോന്നിയ നിമിഷത്തിൽ നിന്നാണ് ഉമ്രാന്‍ മാലിക്കിന്റെ തകര്‍പ്പന്‍ സ്പെൽ. 4 ഓവറിൽ 25 റൺസ് വിട്ട് നൽകിയാണ് 5 വിക്കറ്റ് ഉമ്രാന്‍ മാലിക് നേടിയത്. ഇതിൽ സാഹയുടെ വിക്കറ്റും ഉള്‍പ്പെടുന്നു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. സാഹയായിരുന്നു ഈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ സൺറൈസേഴ്സ് ഹൈദ്രാബാദ് ബൗളര്‍മാരെ കടന്നാക്രമിച്ചത്. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് ഉമ്രാന്‍ മാലികിലൂടെ സൺറൈസേഴ്സ് നടത്തുകയായിരുന്നു.

22 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഉമ്രാന്‍ മാലിക് പുറത്താക്കിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 85/2 എന്ന നിലയിലേക്ക് വീണു. ഇതിനിടെയും സാഹ തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 38 പന്തിൽ 68 റൺസ് നേടി സാഹയെ തകര്‍പ്പന്‍ ഒരു പന്തിലൂടെ മാലിക് പുറത്താക്കുകയായിരുന്നു.

ഡേവിഡ് മില്ലറെയും അഭിനവ് മനോഹരെയും കൂടി മാലിക് പുറത്താക്കിയപ്പോള്‍ 5 വിക്കറ്റിൽ 4 വിക്കറ്റും ബൗള്‍ഡായിരുന്നു. 18 പന്തിൽ 47 റൺസ് ഗുജറാത്തിന് വേണ്ട ഘട്ടത്തിൽ 20 റൺസ് നേടിയ രാഹുല്‍ തെവാത്തിയ ആണ് ഗുജറാത്തിന്റെ പ്രതീക്ഷയായി ക്രീസിലുള്ളത്.

അടുത്ത രണ്ടോവറിൽ 25 റൺസ് രാഹുല്‍ തെവാത്തിയയും റഷീദ് ഖാനും ചേര്‍ന്ന് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 22 റൺസ് ആയിരുന്നു. അവസാന ഓവറിൽ 4 സിക്സ് പിറന്നപ്പോള്‍ വിജയം സൺറൈസേഴ്സിൽ നിന്ന് ഗുജറാത്ത് തട്ടിയെടുക്കുന്നതാണ് കണ്ടത്.

Exit mobile version