Hardikpandya

രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ഗുജറാത്തിനെ പൂട്ടി ലക്നൗ, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഹാര്‍ദ്ദിക്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 135 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിന് രണ്ടാം ഓവറിൽ ശുഭ്മന്‍ ഗില്ലിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ വെറും 4 റൺസായിരുന്നു. പിന്നീട് വൃദ്ധിമന്‍ സാഹയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് 68 ൺസാണ് ഗുജറാത്തിനായി നേടിയത്.

47 റൺസ് നേടിയ സാഹയെ പുറത്താക്കി ക്രുണാൽ തന്റെ രണ്ടാം വിക്കറ്റ് നേടുകയായിരുന്നു. ക്രുണാലിനായിരുന്നു ഗില്ലിന്റെ വിക്കറ്റും ലഭിച്ചത്. അടുത്തതായി ക്രീസിലെത്തിയ അഭിനവ് മനോഹറിനെ വേഗത്തിൽ തന്നെ അമിത് മിശ്ര പുറത്താക്കിയപ്പോള്‍ ഗുജറാത്ത് 77/3 എന്ന നിലയിൽ പ്രതിരോധത്തിലായി.

പിന്നീട് ലക്നൗ ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ ഗുജറാത്ത് ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചില്ല. ഇതിനിടെ 10 റൺസ് നേടിയ വിജയ് ശങ്കറിനെ നവീന്‍-ഉള്‍-ഹക്ക് പുറത്താക്കി.

അവസാന ഓവറിൽ സ്റ്റോയിനിസിനെ ഹാര്‍ദ്ദിക്ക് ആദ്യ പന്തിൽ സിക്സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ സ്റ്റോയിനിസ് താരത്തിനെ പുറത്താക്കി. 50 പന്തിൽ 66 റൺസ് നേടിയ ഹാര്‍ദ്ദിക് നാല് സിക്സുകളാണ് അടിച്ചത്. അതേ ഓവറിൽ മില്ലറും പുറത്തായപ്പോള്‍ ഗുജറാത്ത് 135/6 എന്ന സ്കോറില്‍ ഒതുങ്ങി.

ലക്നൗവിനായി ക്രുണാൽ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതം വിക്കറ്റ് നേടി.

 

Exit mobile version