സാഹ ലോകത്തിലെ ഏറ്റവും മികച്ച കീപ്പർ!!! ഇന്ത്യ താരത്തെ ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കി ദിനേശ് കാര്‍ത്തിക്

വൃദ്ധിമന്‍ സാഹയെ താന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായാണ് കാണുന്നതെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. മികച്ച ഗ്ലൗ വര്‍ക്കും വേഗത്തിൽ നീങ്ങുകയും ചെയ്യുന്ന താരമാണ് സാഹയെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

എന്നാൽ ഏറെക്കാലമായി സാഹയെ പിന്തള്ളി ടെസ്റ്റിലും ഋഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കുകയായിരുന്നു. പിന്നീട് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന കീപ്പറായി പന്ത് മാറിയതോടെ രണ്ടാം കീപ്പറെന്ന നിലയിലേക്ക് സാഹ പരിഗണിക്കപ്പെടുകയായിരുന്നു.

രണ്ടാം കീപ്പറായി ഒരു യുവതാരം വേണമെന്ന ചിന്ത വന്നതോടെയാവും സാഹയ്ക്ക് പകരം ശ്രീകര്‍ ഭരതിനെ ഇന്ത്യ ടെസ്റ്റിൽ പരിഗണിച്ചതെന്നും കാര്‍ത്തിക് വ്യക്തമാക്കി. സാഹയോട് ഇക്കാര്യം ഇന്ത്യന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കി കഴിഞ്ഞ് കാണുമെന്നും അത് ഉള്‍ക്കൊള്ളുവാന്‍ ഏതൊരു ക്രിക്കറ്റര്‍ക്കും പ്രയാസമുണ്ടാകുമെന്നും കാര്‍ത്തിക് സൂചിപ്പിച്ചു.

സാഹയ്ക്കെതിരെയുള്ള വാട്സാപ്പ് ഭീഷണി ബിസിസിഐ അന്വേഷണ കമ്മിറ്റി പ്രഖ്യാപിച്ചു

വൃദ്ധിമന്‍ സാഹയ്ക്കെതിരെ വാട്സാപ്പിൽ ഭീഷണി മുഴക്കിയ ജേര്‍ണലിസ്റ്റാരെന്നത് കണ്ടെത്തുവാനായി ബിസിസിഐ അന്വേഷണ കമ്മിറ്റിയെ നിയമിച്ച് ബിസിസിഐ. കമ്മിറ്റിയിൽ മൂന്നംഗങ്ങളാണുണ്ടാകുക.

ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുൺ സിംഗ് ധുമാൽ, അപെക്സ് കൗണ്‍സിൽ അംഗം പ്രഭ്തേജ് സിംഗ് ഭാട്ടിയ എന്നിവരടങ്ങിയ കമ്മിറ്റി അടുത്താഴ്ച അന്വേഷണം ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.

സാഹ തന്റെ ട്വിറ്ററിലൂടെ വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് ഇട്ടുവെങ്കിലും പിന്നീട് ജേര്‍ണലിസ്റ്റ് ആരെന്ന് താന്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പേര് വെളിപ്പെടുത്തുവാൻ താല്പര്യമില്ല, പക്ഷേ ഇനി ഇത് ആവ‍‍ർത്തിക്കുവാന്‍ പാടില്ല – സാഹ

തനിക്ക് വാട്സാപ്പിലൂടെ ഭീഷണി സന്ദേശം അയയ്ച്ച ജേര്‍ണലിസ്റ്റിന്റെ പേര് വെളിപ്പെടുത്തുവാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് വൃദ്ധിമന്‍ സാഹ. എന്നാൽ ഇനി ഇത്തരത്തിലൊരു അനുഭവം തനിക്കുണ്ടായാൽ ഇതായിരിക്കില്ല തന്റെ സമീപനം എന്നും സാഹ വെളിപ്പെടുത്തി.

സാഹയുടെ അഭിമുഖം നൽകാത്തതിന് താരത്തെ ഭീഷണിപ്പെടുത്തുന്ന ഒരു ജേർണലിസ്റ്റിന്റെ വാട്സാപ്പ് സന്ദേശങ്ങള്‍ താരം പുറത്ത് വിട്ടിരുന്നു. ബിസിസിഐ താരത്തിനോട് സംസാരിച്ചുവെങ്കിലും പേര് വെളിപ്പെടുത്തുവാന്‍ അദ്ദേഹം തയ്യാറായില്ല എന്നാണ് അറിയുന്നത്.

തനിക്ക് ഈ വിഷയത്തിൽ പിന്തുണ അറിയിച്ച എല്ലാ വ്യക്തികള്‍ക്കും താന്‍ നന്ദി അറിയിക്കുന്നുവെന്നും സാഹ അറിയിച്ചു.

സാഹയ്ക്ക് വാട്സാപ്പ് സന്ദേശം അയയ്ച്ച ജേര്‍ണലിസ്റ്റിനെതിരെ വിലക്കിന് സാധ്യത

വൃദ്ധിമന്‍ സാഹയ്ക്ക് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായ ശേഷം താരത്തിന്റെ അഭിമുഖത്തിനായി ഭീഷണിയുടെ സ്വരം വരെ ഉപയോഗിച്ച ഇന്ത്യന്‍ ജേര്‍ണലിസ്റ്റിനെതിരെ ബിസിസിഐ വിലക്കിന് സാധ്യത.

താരത്തിന് ഈ ജേര്‍ണലിസ്റ്റ് അയയ്ച്ച സന്ദേശങ്ങള്‍ സാഹ തന്നെയാണ് പുറത്ത് വിട്ടത്. എന്നാൽ ജേര്‍ണലിസ്റ്റിന്റെ പേര് അദ്ദേഹം വ്യക്തമാക്കിയില്ല. ഈ സ്ക്രീന്‍ഷോട്ടുകള്‍ സാഹ പുറത്ത് വിട്ട ശേഷം മുന്‍ ക്രിക്കറ്റര്‍മാരും ജേര്‍ണലിസ്റ്റുകളും സോഷ്യൽ മീഡിയയുമെല്ലാം ഈ ജേര്‍ണലിസ്റ്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ ജേര്‍ണലിസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് കവര്‍ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അദ്ദേഹത്തിനതിരെ ബിസിസിഐ വിലക്ക് കൊണ്ടുവരുവാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ബിസിസിഐയുടെ ഒരു ടൂര്‍ണ്ണമെന്റുകളോ പിന്നീട് ഈ താരത്തിന് കവര്‍ ചെയ്യാനാകില്ല.

ഗാംഗുലിയുടെ ആ വാക്കിന് ഇപ്പോള്‍ വിലയില്ലാതായത് എങ്ങനെയെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു – വൃദ്ധിമന്‍ സാഹ

ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായ വൃദ്ധിമന്‍ സാഹയ്ക്ക് തന്നെ പുറത്താക്കിയത് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ലെന്നാണ് താരത്തിന്റെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നത്.

2021 നവംബറിൽ ന്യൂസിലാണ്ടിനെതിരെ കാൻപൂരിൽ താന്‍ നേടിയ 61 റൺസിന് ശേഷം ഗാംഗുലി തനിക്ക് വാട്സാപ്പിൽ ആശംസകള്‍ അറിയിച്ചിരുന്നുവെന്നും താന്‍ ബിസിസിഐയുടെ തലപ്പത്ത് ഇരിക്കുവോളം പേടിക്കേണ്ടെന്നും ഗാംഗുലി സന്ദേശം അയയ്ച്ചപ്പോള്‍ അത് തനിക്ക് വളരെ അധികം ആത്മവിശ്വാസം തന്നിരുന്നു.

എന്നാലിപ്പോള്‍ എന്താണ് ഇത്ര വേഗം മാറി മറിഞ്ഞതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സാഹ സൂചിപ്പിച്ചു.

സൺറൈസേഴ്സിനെ പിടിച്ചുകെട്ടി ധോണി പട

ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദ്രാബാദിന് നേടാനായത് വെറും 134 റൺസ്. 44 റൺസുമായി വൃദ്ധിമന്‍ സാഹ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സാഹയുടെ ഇന്നിംഗ്സിന് വേഗത പോരായിരുന്നു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുമായി ചെന്നൈ പിടിമുറുക്കിയപ്പോള്‍ സൺറൈസേഴ്സ് ഇന്നിംഗ്സിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും താളം കണ്ടെത്താനായില്ല. അഭിഷേക് ശര്‍മ്മ, അബ്ദുള്‍ സമദ് എന്നിവര്‍ വേഗത്തിൽ 18 റൺസ് നേടിയെങ്കിലും ഇരുവരെയും ഹാസൽവുഡ് പുറത്താക്കുകയായിരുന്നു. ജേസൺ റോയിയുടെ വിക്കറ്റും ഹാസൽവുഡിനായിരുന്നു.

റഷീദ് ഖാന്‍ നേടിയ 17 റൺസിന്റെ ബലത്തിൽ 133/7 എന്ന സ്കോറാണ് സൺറൈസേഴ്സ് നേടിയത്. ചെന്നൈയ്ക്കായി ഹാസൽവുഡ് മൂന്നും ഡ്വെയിന്‍ ബ്രാവോ രണ്ടും വിക്കറ്റ് നേടി.

സാഹയും അഭിമന്യു ഈശ്വരനും സ്ക്വാഡിനൊപ്പം ചേരുന്നു

ഐസൊലേഷന്‍ കാലം കഴിഞ്ഞ് വൃദ്ധിമന്‍ സാഹ, അഭിമന്യു ഈശ്വരന്‍, ബൗളിംഗ് കോച്ച് ഭരത് അരുൺ എന്നിവര്‍ ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. മൂന്ന് പേരും ഇന്നലെ ഡര്‍ഹത്തിലേക്ക് യാത്ര ആരംഭിച്ച് ഇന്ന് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

അതേ സമയം രണ്ട് താരങ്ങള്‍ പരിക്കിന്റെ പിടിയിലായത് ഇന്ത്യന്‍ ടീമിന് തലവേദനയായിട്ടുണ്ട്. സന്നാഹ മത്സരത്തിൽ കൗണ്ടി ഇലവന് വേണ്ടി കളിച്ച അവേശ് ഖാനും വാഷിംഗ്ടം സുന്ദറും ആണ് പരിക്കിന്റെ പിടിയിലായത്.

നേരത്തെ ശുഭ്മന്‍ ഗില്ലും പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്ത് പോയിരുന്നു.

പന്തിന്റെയും സാഹയുടെയും അഭാവത്തിൽ കെഎൽ രാഹുല്‍ സന്നാഹ മത്സരത്തിൽ കീപ്പിംഗ് ചെയ്യും

കൗണ്ടി സെലക്ട് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിൽ കെഎൽ രാഹുല്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുക്കും. ഋഷഭ് പന്തും വൃദ്ധിമന്‍ സാഹയും ഐസൊലേഷനിലായതിനാലാണ് ഇത്. ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ റിസള്‍ട്ട് നെഗറ്റീവെങ്കിലും സാഹയെ കരുതലെന്ന നിലയിലാണ് ഐസൊലേഷനിലേക്ക് നീക്കിയിരിക്കുന്നത്.

ജൂലൈ 4ന് ആണ് പന്ത് കോവിഡ് പോസിറ്റീവായത്. ഡര്‍ഹത്തിലേക്ക് സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ ടീം നീങ്ങിയപ്പോള്‍ ഐസൊലേഷനിലെ താരങ്ങള്‍ ടീമിനപ്പം യാത്ര ചെയ്തിട്ടില്ല. ജൂലൈ 20ന് ആണ് സന്നാഹ മത്സരം ആരംഭിക്കുക. ഞായറാഴ്ച പന്തിന്റെ ക്വാറന്റീന്‍ കഴിയുമെങ്കിലും താരം മത്സരത്തിനിറങ്ങില്ല.

സാഹയും അഭിമന്യുവും നെഗറ്റീവെങ്കിലും ഐസൊലേഷനിൽ, ഒപ്പം ഭരത് അരുണും

ഇന്ത്യന്‍ താരങ്ങളായ വൃദ്ധിമന്‍ സാഹയും അഭിമന്യു ഈശ്വരനും ഐസൊലേഷനിലാണെന്ന് വിവരം. കോവിഡ് ബാധിച്ച ഋഷഭ് പന്തിന് പുറമെ ഇന്ത്യന്‍ ടീമിലിപ്പോള്‍ ഐസൊലേഷനിൽ കഴിയുന്നവരിൽ ഈ താരങ്ങളും ബൗളിംഗ് കോച്ച് ഭരത് അരുണും ഉണ്ട്. ഈ മൂന്ന് പേരുടെയും ടെസ്റ്റ് ഫലം നെഗറ്റീവാണ്.

ഇന്ത്യന്‍ ടീമിലെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റായ ദയാനന്ദ് ആണ് പോസിറ്റീവായ സപ്പോര്‍ട്ട് സ്റ്റാഫെന്ന വിവരവും പുറത്ത് വരികയാണ്. ഇത് കൂടാതെ രണ്ട് സപ്പോര്‍ട്ട് സ്റ്റാഫുകളും ഐസൊലേഷനിലാണ്.

ധോണി വിരമിച്ച ശേഷമാണ് തനിക്ക് സ്ഥിരമായി കളിക്കുവാൻ അവസരം ലഭിച്ചത് – സാഹ

എംഎസ് ധോണി വിരമിച്ച ശേഷമാണ് തനിക്ക് ഇന്ത്യൻ ടീമിന് വേണ്ടി സ്ഥിരമായി കളിക്കുവാനുള്ള അവസരം ലഭിച്ചതെന്ന് പറഞ്ഞ് വൃദ്ധിമൻ സാഹ. എംഎസ് ധോണി ടീമിലുണ്ടായിരുന്നപ്പോൾ അദ്ദേഹമായിരിക്കും എല്ലാ മത്സരങ്ങളും കളിക്കുക എന്നത് ഏവർക്കും വ്യക്തമായി അറിയാവുന്ന കാര്യമായിരുന്നു. എന്നാൽ താൻ തന്റെ തയ്യാറെടുപ്പുകൾ തുടർന്ന് പോന്നുവെന്നും സാഹ പറഞ്ഞു.

തന്റെ അരങ്ങേറ്റ ടെസ്റ്റ് പോലും തനിക്ക് അവസാന നിമിഷം മാത്രമാണ് വിവരം ലഭിച്ചതെന്നും തന്നോട് ആദ്യം താൻ കളിക്കുന്നില്ലെന്നായിരുന്നു അറിയിച്ചതെന്നും സാഹ പറഞ്ഞു. 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു വൃദ്ധിമൻ സാഹ തന്റെ അരങ്ങേറ്റം നടത്തിയത്. അതിന് ശേഷം എന്നും താൻ പരിശീലനം മുറയ്ക്ക് ചെയ്യുമായിരുന്നുവെന്നും അവസരം ലഭിയ്ക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

താൻ കളിക്കില്ല എന്ന് ഉറപ്പായ സന്ദർഭങ്ങളിലും അവസാന നിമിഷം കളിക്കേണ്ടി വന്നാലോ എന്ന് കരുതി താൻ എന്നും തയ്യാറെടുത്തിരുന്നുവെന്നും സാഹ പറഞ്ഞു. 2014 മുതലാണ് താൻ സ്ഥിരമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുവാൻ തുടങ്ങിയതെന്നും മഹേന്ദ്ര സിംഗ് ധോണി റിട്ടയർ ചെയ്ത ശേഷം 2018 വരെ താൻ സ്ഥിരമായി കളിച്ചുവെന്നും സാഹ വ്യക്തമാക്കി.

ഇന്ത്യയിലെ ബയോ ബബിള്‍ അത്ര സുരക്ഷിതമല്ലായിരുന്നു, ഐപിഎല്‍ തുടക്കത്തില്‍ തന്നെ യുഎഇയിലായിരുന്നു നടത്തേണ്ടിയിരുന്നത് – സാഹ

ഐപിഎല്‍ 2021 ബയോ ബബിളില്‍ കോവിഡ് വന്നതോടെ ബിസിസിഐ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം വന്നിരുന്നു. കൊറോണ ബാധിച്ച താരങ്ങളില്‍ ഒരാളായിരുന്നു സണ്‍റൈസേഴ്സിന്റെ വിക്കറ്റ് കീപ്പര്‍ താരം വൃദ്ധിമന്‍ സാഹ. യുഎഇയിലെ ബയോ ബബിളിനെ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ സംവിധാനം അത്ര കാര്യക്ഷമമല്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് വൃദ്ധിമന്‍ സാഹ.

ഐപിഎല്‍ ആദ്യം മുതലെ യുഎഇയില്‍ നടത്തണമായിരുന്നുവെന്നാണ് സാഹ പറഞ്ഞത്. ഐപിഎല്‍ 13ാം പതിപ്പ് യുഎഇയിലാണ് നടത്തിയത്. അത് വളരെ ഭംഗിയായ രീതിയില്‍ പൂര്‍ത്തീകരിക്കുവാനും ബിസിസിഐയ്ക്ക് സാധിച്ചുവെങ്കിലും 14ാം പതിപ്പ് പാതി വഴിയ്ക്ക് നിര്‍ത്തി വയ്ക്കേണ്ടി വരികയായിരുന്നു.

എവിടെയാണ് പിഴച്ചതെന്ന് അധികാരികള്‍ പരിശോധിക്കണമെന്നും കഴിഞ്ഞ തവണ പരിശീലനത്തില്‍ ഗ്രൗണ്ട് സ്റ്റാഫിനും പോലും അനുമതിയില്ലായിരുന്നുവെന്നും എന്നാല്‍ ഇത്തവണ പരിശീലന സ്ഥലങ്ങളില്‍ കുട്ടികള്‍ പോലും എത്തി നോക്കുന്നത് കാണാനാകുമായിരുന്നുവെന്ന് സാഹ പറഞ്ഞു.

തനിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും 2020 സീസണ്‍ ഒരു പ്രശ്നവുമില്ലാത പൂര്‍ത്തിയാക്കിയത് മാത്രം പരിഗണിച്ചാല്‍ മതിയെന്നും സാഹ വ്യക്തമാക്കി.

പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ചോയിസ്, ഞാന്‍ എന്റെ അവസരങ്ങള്‍ക്കായി കാത്തിരിക്കും – വൃദ്ധിമന്‍ സാഹ

ഋഷഭ് പന്താണ് ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറെന്ന് പറഞ്ഞ് വൃദ്ധിമന്‍ സാഹ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പന്ത് ആ പ്രകടനം തുടരുമെന്നാണ് താന്‍ കരുതുന്നതെന്നും ഇംഗ്ലണ്ടില്‍ താരത്തിനാണ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയെന്നും ഒരു കാലത്ത് ഇന്ത്യ ടെസ്റ്റില്‍ ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിച്ചിരുന്ന സാഹ പറഞ്ഞു.

താന്‍ തന്റെ അവസരങ്ങള്‍ക്കായി കാത്തിരിക്കുമെന്നും എന്തെങ്കിലും അവസരം ലഭിച്ചാല്‍ അത് പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുമെന്നും താരം പറഞ്ഞു. ഇംഗ്ലണ്ടിലേക്കുള്ള സ്ക്വാഡില്‍ കോവിഡ് മോചിതനായ സാഹയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരത്തിന് കവര്‍ എന്ന നിലയില്‍ കെഎസ് ഭരതിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version