വിജയ് ഹസാരെ ട്രോഫിയിൽ കേരളം ബിഹാറിനെ 133 റൺസിന് തോൽപ്പിച്ചു

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 133 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 33 റൺസെടുക്കുന്നതിനിടെ കേരളത്തിന് ആനന്ദ് കൃഷ്ണൻ്റെയും രോഹൻ കുന്നുമ്മലിൻ്റെയും കൃഷ്ണപ്രസാദിൻ്റെയും വിക്കറ്റുകൾ നഷ്ടമായി. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ്റെ പ്രകടനമാണ് കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അബ്ദുൾ ബാസിദിനും ക്യാപ്റ്റൻ സൽമാൻ നിസാറിനുമൊപ്പം അസറുദ്ദീൻ ഉയർത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. അബ്ദുൾ ബാസിദ് 35ഉം സൽമാൻ നിസാർ 52ഉം റൺസെടുത്തു. മുഹമ്മദ് അസറുദ്ദീൻ 88 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ 45 പന്തുകളിൽ നിന്ന് 54 റൺസെടുത്ത അഖിൽ സ്കറിയയും കേരള ബാറ്റിങ് നിരയിൽ തിളങ്ങി. ബിഹാറിന് വേണ്ടി പ്രശാന്ത് കുമാർ സിങ്ങും ക്യാപ്റ്റൻ സക്കീബുൾ ഗാനിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിന് സ്കോർ ബോർഡ് തുറക്കും മുൻപെ ഓപ്പണർ ബിപിൻ സൌരഭിൻ്റെ വിക്കറ്റ് നഷ്ടമായി. 13കാരനായ കൌമാര വിസ്മയം വൈഭവ് സൂര്യവംശി 18 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ വന്നതോടെ 41.2 ഓവറിൽ 133 റൺസിന് ബിഹാർ ഓൾ ഔട്ടായി. 31 റൺസെടുത്ത ക്യാപ്റ്റൻ സക്കീബുൾ ഗാനിയാണ് ബിഹാറിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ആദിത്യ സർവാടെയും അബ്ദുൾ ബാസിദും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി

രഞ്ജി ട്രോഫി, സൽമാൻ നിസാറും അസറുദ്ദീനും തിളങ്ങി, കേരളം ഡിക്ലയർ ചെയ്തു

കൊൽക്കത്തയിലെ ജെ യു സെക്കൻഡ് കാമ്പസിൽ നടക്കുന്ന കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി പോരാട്ടത്തിൽ കേരളം 120 ഓവറിൽ 356/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിംഗ്സിൽ സൽമാൻ നിസാറും 95* മുഹമ്മദ് അസ്ഹറുദ്ദീനും 84 മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. ജലജ് സക്‌സേന 84 റൺസും നേടി.

ബംഗാളിൻ്റെ ഇഷാൻ പോറൽ 103 റൺസിന് 6 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ ജാഗ്രതയോടെ തുടങ്ങി. ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 14/0 എന്ന നിലയിലാണ് ടീം. ഷുവം ഡേ (7), സുദീപ് ചാറ്റർജി (7) എന്നിവർ ആണ് ക്രീസിൽ ഉള്ളത്.

ബംഗാൾ ഇപ്പോൾ 342 റൺസിന് പിന്നിലാണ്.

രണ്ട് താരങ്ങളെ ലോകകപ്പ് ടീമിൽ എടുക്കാത്തത് ശരിയായില്ല എന്ന് അസ്ഹറുദ്ദീൻ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ദീൻ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ തിരഞ്ഞെടുപ്പിലെ തന്റെ അതൃപ്തി അറിയിച്ചു. ബാറ്റ്സ്മാൻ ശ്രേയസ് അയ്യരെയും ബൗളർ മൊഹമ്മദ് ഷമിയെയും ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്ന് അസ്ഹറുദ്ദീൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അസ്ഹർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

ശ്രേയസ് അയ്യരെയും മുഹമ്മദ് ഷമിയെയും പ്രധാന ടീമിൽ നിന്ന് ഒഴിവാക്കിയതിൽ താൻ ആശ്ചര്യപ്പെടുന്നു. ദീപക് ഹൂഡയ്ക്ക് പകരം ശ്രേയസ് അയ്യരും ഹർഷൽ പട്ടേലിന് പകരം ഷമിയുമാണ് വരേണ്ടിയുരുന്നത്‌. മുൻ ക്രിക്കറ്റ് താരം ട്വിറ്ററിൽ കുറിച്ചു.

ശ്രേയസ് അയ്യറിനെ ഒഴിവാക്കിയതിൽ വലിയ വിമർശനങ്ങൾ ഇല്ലായെങ്കിലും ഷമി ടീമിൽ വേണമായിരുന്നു എന്ന് പല ക്രിക്കറ്റ് നിരീക്ഷകരുൻ വിലയിരുത്തുന്നുണ്ട്.

വത്സല്‍ ഗോവിന് ശതകം നഷ്ടം, അഞ്ച് വിക്കറ്റ് നേട്ടവുമായി അഭിമന്യു മിഥുന്‍, 33 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് അസ്ഹറുദ്ദീന്‍

കര്‍ണ്ണാടകയ്ക്കെതിരെ ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റ 8 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ്. ഇന്നിംഗ്സിലെ ആദ്യ ഓവറുകളില്‍ തന്നെ റോബിന്‍ ഉത്തപ്പയെയും സഞ്ജുവിനെയും നഷ്ടമായ കേരളം 4/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് വത്സല്‍ ഗോവിന്ദും വിഷ്ണു വിനോദും ചേര്‍ന്ന് 56 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും 29 റണ്‍സ് നേടിയ വിഷ്ണു വിനോദിനെയും കേരളത്തിന് നഷ്ടമായി. അതിന് ശേഷം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയ്ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് നേടിയാണ് വത്സല്‍ ഗോവിന്ദ് കേരളത്തെ മുന്നോട്ട് നയിച്ചത്.

114 റണ്‍സ് കൂട്ടുകെട്ടിനെ അഭിമന്യു മിഥുന്‍ ആണ് തകര്‍ത്തത്. 63 റണ്‍സില്‍ നിന്ന് 54 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് മിഥുന്‍ നേടിയത്. നേരത്തെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പയെയും മിഥുന്‍ പുറത്താക്കിയിരുന്നു.

അഞ്ചാം വിക്കറ്റില്‍ 50 റണ്‍സ് നേടി വത്സല്‍ ഗോവിന്ദും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് കേരളത്തെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 95 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദിനെ കേരളത്തിന് നഷ്ടമായത്. അഭിമന്യു മിഥുനിനായിരുന്നു വത്സലിന്റെ വിക്കറ്റ്. 46ാം ഓവറില്‍ ജലജ് സക്സേനയെയും നിധീഷിനെയും പുറത്താക്കി അഭിമന്യു മിഥുന്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയായിരുന്നു.

33 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിന്റെ സ്കോര്‍ ഉയര്‍ത്തുവാന്‍ സഹായിച്ചു. 38 പന്തില്‍ നിന്ന് 2 ഫോറും 3 സിക്സും സഹിതം 59 റണ്‍സ് നേടി അസ്ഹര്‍ ആണ് കേരളത്തെ 277 റണ്‍സിലേക്ക് എത്തിച്ചത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍, വിഷ്ണു വിനോദ് ‍ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം

മലയാളിത്താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ഐപിഎല്‍ കരാര്‍. മുഹമ്മദ് അസ്ഹറുദ്ദീനെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ വിഷ്ണു വിനോദ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം കളിക്കാനെത്തും.

20 ലക്ഷത്തിന്റെ അടിസ്ഥാന വിലയില്‍ മലയാളി താരം വിഷ്ണു വിനോദിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. കേരളത്തിന്റെ വെടിക്കെട്ട് താരം മുമ്പ് ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സ്ക്വാഡില്‍ ഇടം പിടിച്ചിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പര്‍ താരം ഷെല്‍ഡണ്‍ ജാക്സണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ലക്ഷത്തിന് സ്വന്തമാക്കി.

Exit mobile version