ഓ സഞ്ജു!!! താരത്തിന്റെ സൂപ്പര്‍ ശതകത്തിനും കേരളത്തെ വിജയത്തിലേക്ക് എത്തിക്കാനായില്ല

വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ റെയിൽവേസ് ഉയര്‍ത്തിയ 256 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 18 റൺസ് തോൽവി. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ശതകം കേരളത്തിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് മാത്രമേ നേടിയുള്ളു. സഞ്ജു 139 പന്തിൽ 128 റൺസ് നേടിയപ്പോള്‍ അര്‍ദ്ധ ശതകം നേടിയ ശ്രേയസ്സ് ഗോപാലാണ് മറ്റൊരു പ്രധാന സ്കോറര്‍.

59/4 എന്ന നിലയിലേക്ക് വീണ കേരളത്തെ സഞ്ജു സാംസണും ശ്രേയസ്സ് ഗോപാലും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 53 റൺസ് നേടിയ ശ്രേയസ്സ് ഗോപാൽ പുറത്താകുമ്പോള്‍ കേരളം 138 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. എന്നാൽ രാഹുല്‍ ശര്‍മ്മ തൊട്ടടുത്ത ഓവറിൽ അബ്ദുള്‍ ബാസിത്തിനെയും അഖിൽ സ്കറിയയെും പുറത്താക്കിയപ്പോള്‍ കേരളത്തിന്റെ വിജയ പ്രതീക്ഷ അവസാനിച്ചു.

സഞ്ജു സാംസൺ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം സ്കോറിംഗ് വേഗത്തിലാക്കിയെങ്കിലും വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ‍താരത്തിനായില്ല. അവസാന ഓവറിൽ സഞ്ജു വീണപ്പോള്‍ സഞ്ജുവിന്റെ ഉള്‍പ്പെടെ നാല് നിര്‍ണ്ണായക വിക്കറ്റുകളുമായി രാഹുല്‍ ശര്‍മ്മ റെയിൽവേസ് ബൗളിംഗിൽ തിളങ്ങി.

റെയിൽവേസിനെതിരെ കേരളത്തിന് 256 റൺസ് വിജയ ലക്ഷ്യം

വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ഇന്ന് റെയിൽവേസിനെതിരെ ടോസ് നേടി ബൗളിംഗ് എടുത്തപ്പോള്‍ എതിരാളികളെ 255 റൺസിലൊതുക്കുവാന്‍ സഞ്ജുവിനും സംഘത്തിനും സാധിച്ചു. സാഹബ് യുവരാജ് സിംഗിന്റെ പുറത്താകാതെയുള്ള 121 റൺസാണ് റെയിൽവേസിനെ മുന്നോട്ട് നയിച്ചത്. 5 വിക്കറ്റ് നഷ്ടത്തിൽ ആണ് റെയിൽവേസ് ഈ സ്കോര്‍ നേടിയത്.

പ്രഥം സിംഗ് 61 റൺസും ഉപേന്ദ്ര യാദവ് 31 റൺസും നേടിയാണ് റെയിൽവേസ് സ്കോറിന് മാന്യത പകര്‍ന്നത്. പ്രഥം സിംഗ് – സാഹബ് യുവരാജ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 148 റൺസ് നേടിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഉപേന്ദ്ര യാദവിനൊപ്പം സാഹബ് 62 റൺസ് നേടി.

കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റ് നേടി.

സീനിയര്‍ വനിത ടി20 ട്രോഫി, ശക്തരായ റെയിൽവേസിനെതിരെ ക്വാര്‍ട്ടറിൽ കേരളത്തിന് പരാജയം

സീനിയര്‍ വനിത ടി20 ട്രോഫിയിൽ കേരളത്തിന് ക്വാര്‍ട്ടറിൽ പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റെയിൽസേവ് 166/6 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 20 ഓവറിൽ 95 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. ഇതോടെ 71 റൺസ് വിജയം റെയിൽവേസ് സ്വന്തമാക്കി.

64 റൺസ് നേടിയ ഹേമലതയും 39 റൺസ് നേടിയ സ്നേഹ് റാണയും ആണ് റെയിൽവേസിനായി തിളങ്ങിയത്. സ്വാഗതിക റഥ് 22 റൺസും മേഘന 18 റൺസും നേടി. കേരളത്തിനായി നിത്യ ലൂര്‍ഥ്, ദര്‍ശന മോഹനന്‍, മിന്നു മണി, സൗരഭ്യ പി എന്നിവര്‍ വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

25 റൺസ് നേടിയ സജന ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ദൃശ്യ ഐവി(20), മൃദുല(20) എന്നിവരും രണ്ടക്ക സ്കോര്‍ നേടിയെങ്കിലും ആര്‍ക്കും തന്നെ ടി20യുടെ ശൈലിയിൽ ബാറ്റ് വീശുവാന്‍ കഴിയാതെ പോയത് കേരളത്തിന് തിരിച്ചടിയായി. ആശ എസ് റെയിൽവേസിനായി 3 വിക്കറ്റ് നേടി.

നിരവധി ഇന്ത്യന്‍ താരങ്ങളടങ്ങിയ കരുതുറ്റ ടീമാണ് റെയിൽവേസിന്റേത്.

ബാറ്റിംഗ് തകര്‍ന്നു, വിഷ്ണു വിനോദിന്റെ അര്‍ദ്ധ ശതകം വിഫലം, റെയില്‍വേസിനെതിരെ കേരളത്തിന് 6 റൺസ് തോല്‍വി

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ റെയിൽവേസിനെതിരെ കേരളത്തിന് തോൽവി. ഇന്ന് ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിനെതിരെ 20 ഓവറിൽ 144/6 എന്ന സ്കോറാണ് റെയിൽവേസ് നേടിയത്.

39 റൺസുമായി പുറത്താകാതെ നിന്ന ഉപേന്ദ്ര യാദവ് ടോപ് സ്കോറര്‍ ആയപ്പോള്‍ പ്രഥം സിംഗ്(22), ശിവം ചൗധരി(22) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനായി മിഥുന്‍ മൂന്ന് വിക്കറ്റ് നേടി.

കേരളത്തിന്റെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ടീം 24/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റോബിന്‍ ഉത്തപ്പയുടെ അഭാവവും കേരള ടോപ് ഓര്‍ഡറിനെ ബാധിച്ചു.

പിന്നീട് വിഷ്ണു വിനോദിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കേരളത്തിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. 62 റൺസാണ് 43 പന്തിൽ നിന്ന് വിഷ്ണു നേടിയത്. സച്ചിന്‍ ബേബി 25 റൺസ് നേടി.

അവസാന രണ്ടോവറിൽ 30 റൺസ് വീണ്ടിയിരുന്ന കേരളത്തിനായി വിഷ്ണുവും മനുവും ചേര്‍ന്ന് 23 റൺസ് നേടിയെങ്കിലും റെയില്‍വേസിന്റെ സ്കോറിന് 6 റൺസ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. 10 പന്തിൽ 21 റൺസ് നേടി മനു കൃഷ്ണനും മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്.

കേരളത്തിന് 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ചേസിംഗിൽ നേടാനായത്.

ആവേശം അവസാന ഓവര്‍ വരെ, റെയില്‍വേസിനെതിരെ കേരളത്തിന് 7 റണ്‍സ് വിജയം

കേരളം നല്‍കിയ 352 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ റെയില്‍വേസ് മറികടക്കുമെന്നാണ് കരുതിയതെങ്കിലും നിധീഷ് എംഡിയുടെ ഓവറില്‍ അപകടകാരിയായ ഹര്‍ഷ് ത്യാഗി – അമിത് മിശ്ര കൂട്ടുകെട്ടിനെ തകര്‍ത്ത് 344 റണ്‍സിന് റെയില്‍വേസിനെ ഓള്‍ഔട്ട് ആക്കി കേരളം 7 റണ്‍സിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു.

ഇന്ന് റെയില്‍വേസിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ ടീമിന്റെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു. 20 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ റെയില്‍വേസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൃണാള്‍ ദേവ്ദര്‍(79) – അരിന്ദം ഘോഷ്(64) കൂട്ടുകെട്ടായിരുന്നു.

ഇരുവരും ചേര്‍ന്ന് 117 റണ്‍സ് മൂന്നാം വിക്കറഅറില്‍ നേടിയെങ്കിലും അരിന്ദത്തെ പുറത്താക്കി സച്ചിന്‍ ബേബി മത്സരത്തില്‍ കേരളത്തിന്റെ തിരിച്ചുവരവ് സാധ്യമാക്കി. അധികം വൈകാതെ ദിനേശ് മോറിനെയും സച്ചിന്‍ ബേബി പുറത്താക്കി. മൃണാള്‍ പുറത്താകുമ്പോള്‍ റെയില്‍വേസ് 30.3 ഓവറില്‍ 177/5 എന്ന നിലയിലായിരുന്നു.

പ്രധാന ബാറ്റ്സ്മാന്മാരെല്ലാം പുറത്തായെങ്കിലും പരാജയം സമ്മതിക്കാതെ റെയില്‍വേസ് പൊരുതുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. സൗരഭ് സിംഗ്(50), കരണ്‍ ശര്‍മ്മ(37) എന്നിവര്‍ റെയില്‍വേസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സൗരഭിനെ ബേസില്‍ എന്‍പി പുറത്താക്കിയപ്പോള്‍ കരണ്‍ ശര്‍മ്മയെ ജലജ് സക്സേന മടക്കി. നിധീഷ് എംഡി പ്രദീപ് പോഞ്ഞാറിനെ പുറത്താക്കിയപ്പോള്‍ റെയില്‍വേസ് 285/5 എന്ന നിലയിലായിരുന്നു.

എന്നാല്‍ ഹര്‍ഷ് ത്യാഗിയും അമിത് മിശ്രയും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുവാന്‍ തുടങ്ങിയപ്പോള്‍ കേരളം തോല്‍വി വഴങ്ങുമെന്നാണ് ഏവരും കരുതിയത്. ഹര്‍ഷ് ത്യാഗി 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ അമിത് മിശ്ര 10 പന്തില്‍ നിന്ന് 23 റണ്‍സ് നേടി.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 11 റണ്‍സായിരുന്നു റെയില്‍വേസിന് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് നേടുവാന്‍ ടീമിന് സാധിച്ചുവെങ്കിലും മൂന്നാം പന്തില്‍ അമിത് മിശ്രയെയും അടുത്ത പന്തില്‍ ഹര്‍ഷ് ത്യാഗിയെയും(58) നഷ്ടമായതോടെ റെയില്‍വേസ് ഇന്നിംഗ്സ് 49.4 ഓവറില്‍ 344 റണ്‍സില്‍ അവസാനിക്കുകായയിരുന്നു.

കേരളത്തിനായി നിധീഷ് മൂന്നും ശ്രീശാന്ത്, എന്‍പി ബേസില്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ടൂര്‍ണ്ണമെന്റിലെ കേരളത്തിന്റെ മൂന്നാമത്തെ വിജയം ആണിത്.

ഓപ്പണര്‍മാരുടെ ശതകത്തിന് ശേഷം 25 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്

റെയില്‍വേസിനെതിരെ കേരളത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ഇന്ന് വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ 351 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും(100) വിഷ്ണു വിനോദും(107) ശതകം നേടിയപ്പോള്‍ സഞ്ജു സാംസണ്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ കേരളം റെയില്‍വേസിനെതിരെ റണ്‍ മല സൃഷ്ടിക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 193 റണ്‍സാണ് ഉത്തപ്പയും വിഷ്ണു വിനോദും നേടിയതെങ്കില്‍ ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു അതിവേഗം സ്കോറിംഗ് ആരംഭിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ 70 റണ്‍സാണ് വിഷ്ണു വിനോദും സഞ്ജുവും നേടിയത്. ഭൂരിഭാഗം സ്കോറിംഗും സഞ്ജു സാംസണ്‍ ആണ് നടത്തിയത്.

25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ സഞ്ജു പുറത്താകുമ്പോള്‍ 29 പന്തില്‍ നിന്ന് 61 റണ്‍സാണ്. സച്ചിന്‍ ബേബിയെയും സഞ്ജു സാംസണെയും ഒരേ ഓവറില്‍ പുറത്താക്കി പ്രദീപ് പൂജാര്‍ ആണ് കേരളത്തിന്റെ കുതിപ്പിന് തടയിട്ടത്. അടുത്തടുത്ത പന്തുകളില്‍ ആണ് ഇരുവരെയും കേരളത്തിന് നഷ്ടമായത്.

അവസാന പത്തോവറില്‍ തുടരെ വിക്കറ്റുകള്‍ വീണതോടെ കേരളത്തിന്റെ സ്കോറിംഗിന് തടയിടുവാന്‍ റെയില്‍വേസിന് സാധിച്ചു. വത്സല്‍ ഗോവിന്ദ് 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടി കേരളത്തെ 6 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.അവസാന നാലോവറില്‍ വത്സല്‍ ഗോവിന്ദും ജലജ് സക്സേനയും ചേര്‍ന്ന് 53 റണ്‍സാണ് നേടിയത്.

ജലജ് സക്സേന പുറത്താകാതെ 13 റണ്‍സ് നേടി ക്രീസില്‍ നിന്നു.

 

ഉത്തപ്പയ്ക്ക് പിന്നാലെ വിഷ്ണു വിനോദിനും ശതകം, കേരളം കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു

റെയില്‍വേസിനെതിരെയുള്ള വിജയ് ഹസാരെ ട്രോഫിയില്‍ വിഷ്ണു വിനോദിനും ശതകം. ഇന്ന് ബാംഗ്ലൂരില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ഒന്നാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും 193 റണ്‍സാണ് നേടിയത്.

തന്റെ ശതകം പൂര്‍ത്തിയാക്കിയ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റ് സ്വന്തം ബൗളിംഗില്‍ ശിവം ചൗധരി സ്വന്തമാക്കിയപ്പോള്‍ വിഷ്ണു വിനോദും സഞ്ജു സാംസണും ചേര്‍ന്ന് കേരളത്തിന്റെ സ്കോര്‍ മുന്നോട്ട് നയിച്ചു. 98 പന്ത് നേരിട്ടാണ് വിഷ്ണു വിനോദ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്. അഞ്ച് ഫോറും നാല് സിക്സും അടക്കമായിരുന്നു ഈ സ്കോര്‍.

37 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 240 എന്ന നിലയില്‍ ആണ്.

വീണ്ടും ശതകം നേടി റോബിന്‍ ഉത്തപ്പ, റെയില്‍വേസിനെതിരെ മിന്നും തുടക്കവുമായി കേരളം

റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 32 ഓവറില്‍ കേരളം 193 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ കേരളത്തിനോട് ടോസ് നേടിയ റെയില്‍വേസ് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയ 193 റണ്‍സാണ് കേരളത്തിന്റെ മികച്ച തുടക്കത്തിന് കാരണം. റോബിന്‍ ഉത്തപ്പ 104 പന്തില്‍ 100 റണ്‍സ് നേടി പുറത്തായപ്പോള്‍ വിഷ്ണു വിനോദ് 86 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുയാണ്.

മുംബൈ നേടിയത് ഇന്ത്യയില്‍ ലിസ്റ്റ് എ മത്സരങ്ങളിലെ രണ്ടാമത്തെ മികച്ച സ്കോര്‍

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ 400/5 എന്ന സ്കോര്‍ അടിച്ച് കൂട്ടിയപ്പോള്‍ മുംബൈ സ്വന്തമാക്കിയത് ഇന്ത്യയിലെ ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. ശ്രേയസ്സ് അയ്യരുടെയും(144), പൃഥ്വി ഷായുടെയും(129) സ്കോറിംഗ് മികവില്‍ മുംബൈ 400 റണ്‍സാണ് 50 ഓവറില്‍ നിന്ന് നേടിയത്. 67 റണ്‍സ് നേടി സൂര്യ കുമാര്‍ യാദവും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

2009/10 സീസണില്‍ റെയില്‍വേസിനെതിരെ മധ്യ പ്രദേശ് നേടിയ 412/6 എന്ന സ്കോറാണ് ഏറ്റവും ഉയര്‍ന്ന ലിസ്റ്റ് എ സ്കോര്‍. 2007/08 സീസണില്‍ മുംബൈ മഹാരാഷ്ട്രയ്ക്കെതിരെ നേടിയ 398/3 എന്ന സ്കോറാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനം ബംഗാളിനാണ്. 2003/04 സീസണില്‍ ആസമിനെതിരെ നേടിയ 397/5 എന്ന സ്കോറാണ് ബംഗാളിനു ഈ നേട്ടം സമ്മാനിച്ചത്.

Exit mobile version