തിരുവനന്തപുരത്ത് ഇന്ത്യന്‍ ആധിപത്യം, രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

സെയിന്റ് സേവിയേഴ്സ് കോളേജ് കെസിഎ ഗ്രൗണ്ടില്‍ ഇന്ന് അണ്ടര്‍ 19 ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം വ്യക്തമായ ആധിപത്യം പുലര്‍ത്തി ഇന്ത്യ. തലേ ദിവസത്തെ സ്കോറായ 95/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ദിവ്യാന്‍ഷിന്റെ ശതകത്തിന്റെയും അഹൂജ നേടിയ അര്‍ദ്ധ ശതകത്തിന്റെയും മികവില്‍ 330 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ദിവ്യാന്‍ഷ് 122 റണ്‍സ് നേടിയപ്പോള്‍ അഹൂജ 57 റണ്‍സ് നേടി പുറത്തായി. 41 റണ്‍സ് നേടിയ ഹംഗാര്‍ഗേക്കാര്‍ ഇന്ത്യയ്ക്കായി അവസാനം തകര്‍ത്തടിക്കുകയായിരുന്നു. 133 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ബ്രൈസ് പാര്‍സണ്‍സ് 6 വിക്കറ്റും ലിഫി റ്റാന്‍സിയും മാര്‍കോ ജാന്‍സെനും രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ 15 ഓവറുകള്‍ നേരിട്ട ദക്ഷിണാഫ്രിക്കയ്ക്ക് 34 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റ് നേടി. 7/3 എന്ന നിലയില്‍ നിന്ന് ആന്‍ഡിലെ മോഗാകെയിന്‍(16*) ബോംഗ മഖാഖ(11*) എന്നിവരാണ് ടീമിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

തിളങ്ങാനാകാതെ വരുണ്‍ നായനാരുടെ മടക്കം, ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്ക U-19 ടീമിന്റെ സ്കോറായ 197 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മലയാളി താരങ്ങളായ വരുണ്‍ നായനാരുടെയും വത്സല്‍ ഗോവിന്ദിന്റെയും ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 95/3 എന്ന നിലയിലാണ്. 44 റണ്‍സ് നേടിയ ദിവ്യാന്‍ഷാണ് ക്രീസില്‍ നില്‍ക്കുന്നത്. വത്സല്‍ ഗോവിന്ദ്(23), വരുണ്‍ നായനാര്‍(0), യശസ്വി ഭൂപേന്ദ്ര ജൈസ്വാല്‍(24) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഇന്ത്യ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ ആദ്യ ഓവറില്‍ വരുണ്‍ പുറത്താകുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഇന്ത്യയ്ക്ക് വത്സല്‍ ഗോവിന്ദിനേയും നഷ്ടമായി. കൂടുതല്‍ നഷ്ടമില്ലാതെ ദിവ്യാന്‍ഷും യശസ്വിയും ഇന്ത്യയെ ഒന്നാം ദിവസം അനവസാനിപ്പിക്കുമെന്ന് തോന്നിയപ്പോളാണ് ബ്രൈസ് പാര്‍സണ്‍സ് റിട്ടേണ്‍ ക്യാച്ചിലൂടെ യശസ്വിയെ പുറത്താക്കിയത്. അതോടെ ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ 102 റണ്‍സ് കൂടി ഇന്ത്യ നേടേണ്ടതുണ്ട്.

197 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീം, ഹൃതിക് ഷൗക്കീനു നാല് വിക്കറ്റ്

ചായയ്ക്ക് 173/7 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമിനെ 197 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യന്‍ യുവനിര. 58 റണ്‍സ് നേടിയ ബ്രൈസ് പാര്‍സണ്‍സ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാത്യൂ മോന്റഗോമറി 57 റണ്‍സ് നേടി. ചായയ്ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച് 24 റണ്‍സ് കൂടി നേടി 197 റണ്‍സിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന മൂന്ന് വിക്കറ്റും അതേ സ്കോറില്‍ നഷ്ടമാകുകയായിരുന്നു.

ഹൃതിക് ഷൗക്കീന്‍ നാലും അന്‍ഷുല്‍ കാംബോജ്, സബീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ എംജെ സുതാര്‍ ഒരു വിക്കറ്റ് നേടി.

തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയെ വെള്ളംകുടിപ്പിച്ച് ഇന്ത്യയുടെ യുവ ബൗളര്‍മാര്‍

ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമിനു മേല്‍ വ്യക്തമായ മേല്‍ക്കൈ നേടി ഇന്ത്യ. ഹൃതിക് ഷൗക്കീനും അന്‍ഷുല്‍ കാംബോജും സബീര്‍ ഖാനും മികവ് പുലര്‍ത്തിയ മത്സരത്തില്‍ ഒന്നാം ദിവസം തന്നെ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കുകയായിരുന്നു ഇന്ത്യ. ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാത്യൂ മോണ്ടോഗോമറിയുടെ അര്‍ദ്ധ ശതകവും ബോംഗ മഖാക്ക(31) എന്നിവരുടെ പ്രകടനത്തിനൊപ്പം ബ്രൈസ് പാര്‍സണ്‍സ്(36*) അച്ചില്ലേ ക്ലോട്ടേ(13*) എന്നിവരുടെ ചെറുത്ത് നില്പുമാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ചായ സമയത്ത് 173/7 റണ്‍സില്‍ എത്തിച്ചത്.

ഇന്ത്യയ്ക്കായി ഹൃതിക് മൂന്നും അന്‍ഷുല്‍, സബീര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മത്സരത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് മലയാളി താരങ്ങള്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ചതുര്‍ദിന മത്സരത്തില്‍ മലയാളി താരങ്ങള്‍ ടീമില്‍. വത്സല്‍ ഗോവിന്ദും വരുണ്‍ നായനാരുമാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ഫെബ്രുവരി 20നു തിരുവനന്തപുരത്താണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഫെബ്രുവരി 26നു നടക്കും. ഇത് കൂടാതെ ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ അണ്ടര്‍ 19 എ, ബി ടീമുകളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും അണ്ടര്‍ 19 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ താരം സൂരജ് അഹൂജയാണ് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ നയിക്കുന്നത്.

Exit mobile version