തുടക്കത്തിലെ തകര്‍ച്ച വിനയായി, 64 റണ്‍സിനു തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ്

ബംഗ്ലാദേശിനെ 125 റണ്‍സിനു പുറത്താക്കിയെങ്കിലും ലക്ഷ്യമായ 204 റണ്‍സ് നേടുവാനിറങ്ങിയ വിന്‍ഡീസിനു വിനയായി ടോപ് ഓര്‍ഡര്‍ തകര്‍ച്ച. ലഞ്ചിനു പിരിയുമ്പോള്‍ 11/4 എന്ന നിലയിലേക്ക് വീണ ടീം പിന്നീട് കരകയറുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു. മധ്യനിരയില്‍ സുനില്‍ ആംബ്രിസും(43) വാലറ്റത്തില്‍ ജോമല്‍ വാരിക്കന്‍ നേടിയ 41 റണ്‍സാണ് ടീമിനെ 139 റണ്‍സിലേക്ക് എത്തിച്ചതും തോല്‍വിയുടെ ആഘാതം കുറച്ചതും. എന്നാല്‍ ജയിക്കാവുന്ന മത്സരം കൈവിട്ടതിനു ടീമിനെ സ്വയം പഴിക്കുകയെ നിവര്‍ത്തിയുള്ളു. 11 റണ്‍സ് എടുക്കുന്നതിനിടെ നാല് മുന്‍ നിര താരങ്ങള്‍ പുറത്തായാല്‍ ലക്ഷ്യം ചെറുതാണെങ്കിലും നേടുക ശ്രമകരമാകുമെന്നത് ഓര്‍ക്കാതെയാണ് പല വിന്‍ഡീസ് താരങ്ങളും ബാറ്റ് വീശിയത്. മൂന്നാം ദിവസം രണ്ടാം സെഷനില്‍ തന്നെ മത്സരം അവസാനിക്കുകയാണുണ്ടായത്.

സുനില്‍ ആംബ്രിസ് അവസാന വിക്കറ്റായി പുറത്തായപ്പോള്‍ ബംഗ്ലാദേശ് 64 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. ഒമ്പതാം വിക്കറ്റില്‍ വാരിക്കന്‍-ആംബ്രിസ് കൂട്ടുകെട്ട് 63 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ഒന്ന് അമ്പരന്നെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു.

41 റണ്‍സ് നേടിയ ജോമല്‍ വാരിക്കനെ മെഹ്ദി ഹസന്‍ പുറത്താക്കിയപ്പോള്‍ സുനില്‍ ആംബ്രിസിന്റെ വിക്കറ്റ് ഉള്‍പ്പെടെ 6 വിക്കറ്റ് നേടിയ തൈജുല്‍ ഇസ്ലാം ആണ് ബംഗ്ലാദേശിന്റെ വിജയം ഒരുക്കിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ 27 റണ്‍സ് നേടി പുറത്തായി. ഷാക്കിബും മെഹ്ദി ഹസനും രണ്ട് വിക്കറ്റ് നേടി.

ബംഗ്ലാദേശ്: 324, 125
വിന്‍ഡീസ്: 246, 139

Exit mobile version