ആഷസിലെ മിന്നും പ്രകടനം, കോഹ്‍ലിയില്‍ നിന്ന് ടെസ്റ്റിലെ ഒന്നാം റാങ്ക് തിരിച്ച് പിടിച്ച് സ്മിത്ത്

വിരാട് കോഹ്‍ലിയില്‍ നിന്ന് ടെസ്റ്റ് റാങ്കിംഗിലെ ബാറ്റ്സ്മാന്മാരുടെ ഒന്നാം റാങ്ക് തിരിച്ച് പിടിച്ച് സ്റ്റീവന്‍ സ്മിത്ത്. ആഷസിലെ തന്റെ മൂന്ന് ഇന്നിംഗ്സുകളിലെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് സ്റ്റീവ് സ്മിത്ത് ഒന്നാം റാങ്ക് പിടിച്ചെടുത്തത്. 144, 142, 92 എന്നിങ്ങനെയായിരുന്നു സ്മിത്തിന്റെ സ്കോറുകള്‍. ലോര്‍ഡ്സില്‍ 92 റണ്‍സ് നേടി പുറത്തായ സ്മിത്ത് കണ്‍ക്ഷന്‍ കാരണം രണ്ടാം ഇന്നിംഗ്സിലും ലീഡ്സ് ടെസ്റ്റിലും കളിച്ചിരുന്നില്ല.

ജമൈക്കയില്‍ രണ്ടാം ഇന്നിംഗ്സില്‍ വിരാട് കോഹ്‍ലി പൂജ്യത്തിന് പുറത്തായതാണ് താരത്തിന് ഒന്നാം റാങ്ക് നഷ്ടമാകുവാന്‍ കാരണമായത്. ഇരു താരങ്ങളും തമ്മിലുള്ള പോയിന്റുകളുടെ വ്യത്യാസം ഒരു പോയിന്റാണ്. സ്റ്റീവ് സ്മിത്തിന് 904 പോയിന്റുള്ളപ്പോള്‍ വിരാട് കോഹ്‍ലിയ്ക്ക് 903 പോയിന്റിന്റാണുള്ളത്. ആഷസിലെ അവശേഷിക്കുന്ന ടെസ്റ്റുകളില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയാല്‍ സ്മിത്തിന് തന്റെ ലീഡ് ഉയര്‍ത്താനാകും.

2020 ഐപിഎല്‍ നേടുവാന്‍ ഏറ്റവും മികച്ച സാധ്യത രാജസ്ഥാന്‍ റോയല്‍സിന് – ആകാശ് ചോപ്ര

2020 ഐപിഎല്‍ കിരീടം സ്വന്തമാക്കുവാനുള്ള ഏറ്റവും അധികം സാധ്യത രാജസ്ഥാന്‍ റോയല്‍സിനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലോക ക്രിക്കറ്റില്‍ ഈ ഫ്രാഞ്ചൈസിയിലെ താരങ്ങള്‍ പുറത്തെടുക്കുന്ന മികവാണ് ചോപ്രയെ ഈ നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബെന്‍ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, അജിങ്ക്യ രഹാനെ എന്നിവരാണ് തങ്ങളുടെ രാജ്യത്തിനായി മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത്.

സ്റ്റീവ് സ്മിത്തും ബെന്‍ സ്റ്റോക്സും തങ്ങളുടെ ടീമുകള്‍ക്കായി മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ തന്റെ രണ്ടാം ടെസ്റ്റിനുള്ളില്‍ തന്നെ അവിഭാജ്യ ഘടകമാകുവാന്‍ ജോഫ്ര ആര്‍ച്ചറിനും സാധിച്ചിട്ടുണ്ട്.

ഇത് കൂടാതെ ടീമിലെ താരം കൃഷ്ണപ്പ ഗൗതം കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയമായ ഓള്‍റൗണ്ട് പ്രകടനം നടത്തിയിരുന്നു. 56 പന്തില്‍ നിന്ന് 134 റണ്‍സും എട്ട് വിക്കറ്റുമാണ് താരം നേടിയത്. 2019ല്‍ മോശം ഐപിഎല്‍ ആയിരുന്നു ഗൗതമിന്. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റില്‍ മികച്ച ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് താരം ലിയാം ലിവിംഗ്സ്റ്റണ്‍ കളിയ്ക്കുന്നത്. ദുലീപ് ട്രോഫിയില്‍ ശ്രദ്ധേയമായ പ്രകടനം ജയ്ദേവ് ഉനഡ്കടും നടത്തുന്നുണ്ട്.

തന്റെ കഴുത്തില്‍ പന്ത് കൊണ്ടപ്പോള്‍ ശേഷം ഫില്‍ ഹ്യൂജ്സിന്റെ ഓര്‍മ്മകള്‍ വന്നെത്തിയെന്ന് സ്റ്റീവ് സ്മിത്ത്

ജോഫ്ര എറിഞ്ഞ പന്ത് തന്റെ കഴുത്തില്‍ വന്ന് കൊണ്ട ശേഷം താന്‍ ലീഡ്സ് ടെസ്റ്റില്‍ നിന്ന് കണ്‍കഷന്‍ കാരണം പുറത്തിരുന്നപ്പോള്‍ ഫില്‍ ഹ്യൂജ്സിന്റെ ഓര്‍മ്മകളാണ് വന്നെത്തിയതെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴുത്തിന് ഏതാണ്ടിതേ ഭാഗത്താണ് ഫില്‍ ഹ്യൂജ്സിന് പന്ത് കൊണ്ടത്. സ്മിത്തിനും പന്ത് കൊണ്ടപ്പോള്‍ ഇതേ ചിന്തകളാണ് വന്നതെന്ന് താരം പറഞ്ഞു. തനിക്ക് അപ്പോള്‍ വളരെ വിഷമമുണ്ടായെങ്കിലും പിന്നീട് താന്‍ മാനസ്സികമായി ആ ദിവസത്തെ അതിജീവിച്ചിരുന്നുവെന്നും ലോര്‍ഡ്സ് ടെസ്റ്റിലെ ആ സംഭവത്തെ ഓര്‍ത്ത് സ്മിത്ത് പറഞ്ഞു.

താന്‍ ആദ്യം ചിന്തിച്ചത് തനിക്കും ഫില്‍ ഹ്യൂജ്സിനെ പോലെ സംഭവിക്കുമോ എന്നതായിരുന്നു, ഇല്ല താന്‍ ഓക്കെയാണെന്ന് താന്‍ തന്നെ പറഞ്ഞു. സ്റ്റെം ഗാര്‍ഡുകള്‍ ഉപയോഗിക്കാത്തതാണ് സ്മിത്തിന്റെ പരിക്കിന് ശേഷമുള്ള പ്രധാന ചര്‍ച്ച വിഷയമായത്. ഹ്യൂജ്സിന്റെ മരണ ശേഷമാണ് സ്റ്റെം ഗാര്‍ഡുകള്‍ പ്രയോഗത്തില്‍ വന്നത്, എന്നാല്‍ സ്മിത്തിന് അത് ധരിച്ച് ബാറ്റ് ചെയ്യുവാന്‍ സാധിക്കുന്നില്ലെന്നതിനാല്‍ താരം അത് ഒഴിവാക്കുകയായിരുന്നു.

അവ ധരിക്കുന്നത് നിര്‍ബന്ധമാവുന്ന സാഹചര്യത്തില്‍ തനിക്ക് വേറെ മാര്‍ഗ്ഗമില്ലെന്ന് സ്മിത്ത് പറഞ്ഞു. താന്‍ അത് ധരിച്ച് ബാറ്റ് ചെയ്യുമ്പോള്‍ തന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നുവെന്നു സ്മിത്ത് പറഞ്ഞു. താന്‍ ഒരു എംആര്‍ഐ സ്കാനിംഗ് മെഷീന്റെ ഉള്ളില്‍ അകപ്പെട്ടത് പോലെയാണ് തനിക്ക് തോന്നിയതെന്ന് സ്മിത്ത് പറഞ്ഞു. എന്നാല്‍ ജോഫ്ര ആര്‍ച്ചറുട പന്ത് ഇടിച്ച സ്ഥലത്തെ സ്റ്റെം ഗാര്‍ഡ് ഉണ്ടെങ്കിലും പ്രതിരോധിക്കുവാന്‍ സാധിക്കില്ലെന്നാണ് സ്റ്റീവ് സ്മിത്ത് പറഞ്ഞത്.

താന്‍ ഇനി കൂടുതല്‍ സമയം സ്റ്റെം ഗാര്‍ഡ് ഉപയോഗിച്ച് പരിശീലിച്ച് അതിന്റെ ബുദ്ധിമുട്ട് മറികടക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സ്മിത്ത് പറഞ്ഞു. ലീഡ്സില്‍ കളിക്കാനായില്ലെങ്കിലും മാഞ്ചെസ്റ്ററില്‍ താരം വീണ്ടും ഓസ്ട്രേലിയയ്ക്ക് കരുത്തായി മടങ്ങിയെത്തുമെന്നാണ് ലഭിയ്ക്കുന്ന സൂചന.

സ്റ്റീവ് സ്മിത്തിനെ കൂവുന്നത് ഇംഗ്ലണ്ട് ആരാധകർ നിർത്തണമെന്ന് ബ്രിട്ടീഷ് കായിക മന്ത്രി

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെതിരെ കൂവുന്നത് ഇംഗ്ലണ്ട് ആരാധകർ നിർത്തണമെന്ന് ബ്രിട്ടീഷ് കായിക മന്ത്രി നിഗെൽ ആഡംസ്. സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ബോൾ ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റിൽ നിന്ന് ഒരു വർഷം ലഭിച്ചിരുന്നു. സ്റ്റീവ് സ്മിത്തിനെ കൂടാതെ മറ്റൊരു ഓസ്‌ട്രേലിയൻ താരമായ വാർണറിനും വിലക്കുണ്ടായിരുന്നു.

എന്നാൽ താരത്തിനെതിരെ കൂവുന്നത് വെറുപ്പുളവാക്കുന്നതാണെന്നും താരം ചെയ്തതിനുള്ള ശിക്ഷ ഒരു വർഷം ക്രിക്കറ്റിൽ നിന്ന് വിലക്കിയതോടെ താരം സേവിച്ചെന്നും ബ്രിട്ടീഷ് കായിക മന്ത്രി പറഞ്ഞു.ലോർഡ്‌സിലുള്ള ഒട്ടു മിക്ക ആരാധകരും സ്റ്റീവ് സ്മിത്തിന്റെ പ്രകടനത്തിന് കയ്യടിച്ചെങ്കിലും ചെറിയ വിഭാഗം ആരാധകർ കൂവിയതാണ് വർത്തയായതെന്നും നിഗെൽ ആഡംസ് പറഞ്ഞു. ആദ്യ ടെസ്റ്റിൽ രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ജയം നേടികൊടുത്തിരുന്നു.

തുടർന്ന് രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജോഫ്ര ആർച്ചറുടെ പന്ത് തട്ടി പരിക്കേറ്റ സ്റ്റീവ് സ്മിത്ത് മൂന്നാം ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് പുറത്തുപോയിരുന്നു.

സ്റ്റീവ് സ്മിത്തിനെ പ്രശംസകൊണ്ട് മൂടി സച്ചിൻ ടെണ്ടുൽക്കർ

ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ വിജയത്തിന് ചുക്കാൻ പിടിച്ച സ്റ്റീവ് സ്മിത്തിനെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് സച്ചിൻ ടെണ്ടുൽക്കർ സ്റ്റീവ് സ്മിത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.  സ്റ്റീവ് സ്മിത്ത് നന്നായി കളിച്ചുവെന്നും ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഉജ്ജ്വലമാക്കിയെന്നുമാണ് സച്ചിൻ പറഞ്ഞത്.

ബൗൾ ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട വിലക്ക് കഴിഞ്ഞതിന് ശേഷമുള്ള സ്റ്റീവ് സ്മിത്തിന്റെആദ്യ ടെസ്റ്റ് ആയിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ആഷസ് ടെസ്റ്റ്. രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ആണ് ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 8 വിക്കറ്റിന്‌ 122 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുമ്പോഴാണ് വാലറ്റത്തെ കൂട്ടുപിടിച്ച് സ്മിത്ത് ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി കൊടുത്തത്. ആദ്യ ഇന്നിഗ്‌സിൽ 144 റൺസും രണ്ടാം ഇന്നിങ്സിൽ 142 റൺസുമാണ് സ്മിത്ത് നേടിയത്. മത്സരത്തിൽ 251 റൺസിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആദ്യ ആഷസ് ടെസ്റ്റ് സ്വന്തമാക്കിയത്.

ആഷസിന്റെ ഒരു ടെസ്റ്റിൽ രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം മാത്രമാണ് സ്റ്റീവ് സ്മിത്ത്. ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത നാഥൻ ലയണിന്റെ പ്രകടനത്തെയും സച്ചിൻ അഭിനന്ദിച്ചു. രണ്ടാം ഇന്നിങ്സിലെ 6 വിക്കറ്റ് അടക്കം ലയൺ മത്സരത്തിൽ 9 വിക്കറ്റും സ്വന്തമാക്കിയിരുന്നു.

സ്മിത്തിനൊപ്പം ഐപില്‍ കളിച്ച അനുഭവം ഗുണകരമാകുമെന്ന് ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ടും ഓസ്ട്രേലിയയും അടുത്ത മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ സ്റ്റീവ് സ്മിത്തിനെ മെരുക്കുവാന്‍ തങ്ങളുടെ ഐപിഎല്‍ അനുഭവം ഗുണം ചെയ്യുമെന്ന് പറഞ്ഞ് ജോഫ്ര ആര്‍ച്ചര്‍. താനും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും സ്മിത്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ ഒപ്പം കളിച്ചപ്പോളുള്ള അനുഭവം നിര്‍ണ്ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ഗുണമാകുമെന്നാണ് ജോഫ്രയുടെ പ്രതീക്ഷ.

സാധാരണയായി താരങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ അവര്‍ക്കൊപ്പം കളിയ്ക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടും. സ്റ്റോക്സിനും തനിയ്ക്കും സ്മിത്ത് വരുമ്പോള്‍ ഈ നിരീക്ഷണങ്ങള്‍ പ്രാവര്‍ത്തികം ആക്കാനാകുമെന്നാണ് ജോഫ്ര ആര്‍ച്ചര്‍ പ്രതീക്ഷിക്കുന്നത്. ഒരു ഘട്ടത്തില്‍ ഞാനും സ്റ്റോക്സും ഒരുമിച്ച് പന്തെറിയേണ്ടി വന്നേക്കാം, അപ്പോള്‍ സ്മിത്ത് ബാറ്റിംഗിനെത്തുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമുണ്ടെന്ന് ജോഫ്ര വ്യക്തമാക്കി.

ക്രിക്കറ്റ് ഫീല്‍ഡില്‍ സൗഹൃദപരമായ അന്തരീക്ഷമായിരിക്കില്ലെന്നും സുഹൃത്ത് ബന്ധം പുതുക്കുവാന്‍ ക്രിക്കറ്റിനു ശേഷം സമയം ഉണ്ടെന്നും ജോഫ്ര പറഞ്ഞു. സ്മിത്ത് വളരെ നല്ല വ്യക്തിയാണ്, പക്ഷേ ക്രിക്കറ്റ് ക്രിക്കറ്റാണെന്നും മത്സരം കഴിയുന്നത് വരെ സൗഹൃദത്തിന് സ്ഥാനമില്ലെന്നും ജോഫ്ര ആര്‍ച്ചര്‍. രാജസ്ഥാനില്‍ കളിക്കുമ്പോളും സ്മിത്തിന് തന്നെ നെറ്റ്സില്‍ നേരിടുവാന്‍ വലിയ താല്പര്യം ഉണ്ടായിരുന്നില്ലെന്ന് ജോഫ്ര പറഞ്ഞു. രാജസ്ഥാന്‍ ക്യാംപിലെ പല താരങ്ങള്‍ക്കും തന്നെയും ഒഷെയ്ന്‍ തോമസിനെയും നേരിടുവാന്‍ അത്ര താല്പര്യം ഇല്ലായിരുന്നു. അവര്‍ക്ക് പൊതുവേ സൈഡ്-ആം ബൗളിംഗും ത്രോ ഡൗണുകളുമാണ് പ്രിയമെന്നും ജോഫ്ര പറഞ്ഞു.

ആതിഥേയര്‍ക്കും കാലിടറി, ഇംഗ്ലണ്ടിനെതിരെ 12 റണ്‍സ് വിജയം നേടി ഓസ്ട്രേലിയ, സ്മിത്തിനു ശതകം

ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ. ഇന്ന് സൗത്താംപ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനു 285 റണ്‍സ് മാത്രമേ നേടാനായുള്ളു. 49.3 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്താണ് ശതകവുമായി കളം നിറഞ്ഞ് നിന്നത്. ഡേവിഡ് വാര്‍ണര്‍ 43 റണ്‍സ് നേടിയപ്പോള്‍ ഷോണ്‍ മാര്‍ഷ് (30), ഉസ്മാന്‍ ഖവാജ(31), അലെക്സ് കാറെ(30) എന്നിവരും പ്രധാന സ്കോറര്‍മാരായി. റണ്‍സ് ഏറെ വഴങ്ങിയെങ്കിലും 4 വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റാണ് ഇംഗ്ലണ്ട് വേണ്ടി ബൗളര്‍മാരില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് വിന്‍സ് 64 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ജോസ് ബട്‍ലര്‍ 52 റണ്‍സ് നേടി. ക്രിസ് വോക്സ് 40 റണ്‍സും ജേസണ്‍ റോയ് 32 റണ്‍സും നേടി. ക്രിസ് വോക്സ് ക്രീസില്‍ നിന്നപ്പോള്‍ ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും താരം ഇന്നിംഗ്സിന്റെ അവസാനത്തോടെ റണ്ണൗട്ട് ആയത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും കെയിന്‍ റിച്ചാര്‍ഡ്സണും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

സ്മിത്തിനെയും സഞ്ജുവിനെയും നിലനിര്‍ത്തി രാജസ്ഥാന്‍, ജയ്ദേവ് ഉനഡ്കടിനു വിട

വിവാദ താരം സ്റ്റീവ് സ്മത്തിനെ ടീമില്‍ നിലനിര്‍ത്തി രാജസ്ഥാന്‍. അത്ര മികച്ച ഫോമിലല്ലാത്ത സഞ്ജു സാംസണെയും ടീമില്‍ നിലനിര്‍ത്തുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ഡാര്‍സി ഷോര്‍ട്ട്, ബെന്‍ ലൗഗ്ലിന്‍, ഹെയിന്‍റിച്ച് ക്ലാസെന്‍ എന്നീ വിദേശ താരങ്ങളെയും കഴിഞ്ഞ തവണ വലിയ വില കൊടുത്ത് വാങ്ങിയ ജയ്ദേവ് ഉനഡ്കടിനെയും ടീം റിലീസ് ചെയ്തിട്ടുണ്ട്.

16 താരങ്ങളെ ടീം നിലനിര്‍ത്തുവാന്‍ തീരുമാനിച്ചപ്പോള്‍ ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ടീമില്‍ വീണ്ടും സ്ഥാനം പിടിച്ചു. 10 താരങ്ങളെയാണ് ടീം റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചത്.

സ്മിത്തിനെ മറികടന്ന് കോഹ്‍ലി, 24ാം ശതകം

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ 23 ശതകങ്ങളുടെ റെക്കോര്‍ഡ് മറികടന്ന് വിരാട് കോഹ്‍ലി. രാജ്കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം ദേവേന്ദ്ര ബിഷുവിനെ ബൗണ്ടറി പായിച്ചാണ് തന്റെ 24ാം ശതകത്തിലേക്ക് വിരാട് കുതിച്ചത്. ഡോണ്‍ ബ്രാഡ്മാന് ശേഷം 24 ശതകത്തിലേക്ക് വേഗത്തില്‍ എത്തുന്ന താരമാണ് വിരാട് കോഹ്‍ലി.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് 2019 ഫെബ്രുവരി വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിടുകയാണ്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പേര് ചേര്‍ത്ത് സ്റ്റീവ് സ്മിത്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പില്‍ കളിക്കുവാന്‍ പേര് ചേര്‍ത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് മൂലം ഓസ്ട്രേലിയയ്ക്ക് കളിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ലോകകപ്പ് 2019നു മുമ്പ് വിലക്ക് തീര്‍ന്ന് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുവാന്‍ ശ്രമിക്കുന്ന സ്മിത്തിനു പിഎസ്എലിലെ മത്സര പരിചയും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.

സ്റ്റീവ് സ്മിത്തിനു പുറമേ ഡേവിഡ് വാര്‍ണറും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. വരും ദിവസങ്ങളില്‍ വാര്‍ണറുടെ കാര്യത്തിലും കൂടുതല്‍ വ്യക്തത വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

കോഹ്‍ലിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം

ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് കൈവിട്ട് വിരാട് കോഹ്‍ലി. എഡ്ജ്ബാസ്റ്റണിലെ പ്രകടനത്തിന്റെ ബലത്തില്‍ വിരാട് കോഹ്‍ലി സ്റ്റീവ് സ്മിത്തില്‍ നിന്ന് ഒന്നാം റാങ്ക് പിടിച്ചെടുത്തുവെങ്കിലും ലോര്‍ഡ്സിലെ പരാജയം താരത്തിന്റെ ഒന്നാം സ്ഥാനം കൈമോശം വരുത്തുവാന്‍ ഇടയാക്കി. ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റില്‍ കോഹ്‍ലി 23, 17 എന്നീ സ്കോറുകളാണ് നേടിയത്. ഇതോടെ വിരാട് കോഹ്‍ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും സ്റ്റീവ് സ്മിത്ത് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തി.

കോഹ്‍ലിയ്ക്ക് 919 റേറ്റിംഗ് പോയിന്റും സ്റ്റീവ് സ്മിത്തിനു 929 റേറ്റിംഗ് പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 851 പോയിന്റുമായി നിലകൊള്ളുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്മിത്തല്ല, കോഹ്‍ലി ഇനി ഒന്നാമന്‍, ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരം സച്ചിന്‍

ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് ഒന്നാം റാങ്ക് സ്വന്തമാക്കി വിരാട് കോഹ്‍ലി. സ്റ്റീവന്‍ സ്മിത്തിനെ മറികടന്നാണ് കോഹ്‍ലി ഈ നേട്ടം സ്വന്തമാക്കിയത്. ഏഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിംഗ്സില്‍ ശതകവും രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധശതകവും നേടിയ കോഹ്‍ലിയെ ഒന്നാം റാങ്കിലേക്ക് എത്തുവാന്‍ സഹായിച്ചതില്‍ സ്മിത്തിന്റെ വിലക്കിനും പ്രധാന പങ്കുണ്ട്.

934 റേറ്റിംഗ് പോയിന്റാണ് നിലവില്‍ കോഹ്‍ലി സ്വന്തമാക്കിയിട്ടുള്ളത്. ജൂണ്‍ 2011നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. എഡ്ജ്ബാസ്റ്റണില്‍ കോഹ്‍ലി 149, 51 എന്ന സ്കോറുകളാണ് നേടിയത്. ഇന്ത്യ 31 റണ്‍സിനു മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ കോഹ്‍ലിയുടെ റേറ്റിംഗ് പോയിന്റ് 31 പോയിന്റുകളുടെ വര്‍ദ്ധനവുണ്ടായി.

67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് കോഹ്‍ലി ഈ നേട്ടത്തിലേക്ക് എത്തിയത്. 2015 മുതല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്മിത്തിനെക്കാള്‍ 5പോയിന്റ് മുന്നിലാണ് സ്മിത്ത് ഇപ്പോള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version