പാകിസ്ഥാൻ സൂപ്പർ ലീഗ് നടത്താനുള്ള പിസിബിയുടെ അഭ്യർത്ഥന യുഎഇ നിരസിക്കാൻ സാധ്യത

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) വലിയ തിരിച്ചടി. പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025 ൻ്റെ ശേഷിക്കുന്ന മത്സരങ്ങൾക്ക് യുഎഇയിൽ ആതിഥേയത്വം വഹിക്കാനുള്ള പാകിസ്ഥാൻ്റെ അഭ്യർത്ഥന എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇസിബി) നിരസിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.

വർധിച്ചുവരുന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷവും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. പിടിഐ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ഈ സമയത്ത് പിസിബിയുമായി സഹകരിക്കുന്നതായി തോന്നുന്നത് ഇസിബിക്ക് താൽപ്പര്യമില്ല. ക്രിക്കറ്റിലെ വലിയ ശക്തിയായ ബി സി സി ഐയെ വെറുപ്പിക്കാൻ അവർ യു എ ഇ തുനിഞ്ഞേക്കില്ല.



ഇതിനാൽ, പിസിബിക്ക് ഇപ്പോൾ പ്ലേ ഓഫുകൾ ഉൾപ്പെടെയുള്ള ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചി, ലാഹോർ, മുൾട്ടാൻ തുടങ്ങിയ നഗരങ്ങളിൽ നടത്തേണ്ടതായി വന്നേക്കാം.

ഇന്ത്യ-പാക് സംഘർഷം; പാകിസ്ഥാൻ സൂപ്പർ ലീഗ് യുഎഇയിലേക്ക് മാറ്റി


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025 ന്റെ ശേഷിക്കുന്ന മത്സരങ്ങൾ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് (യുഎഇ) മാറ്റിയതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഔദ്യോഗികമായി അറിയിച്ചു. റാവൽപിണ്ടിയിൽ മെയ് 8 ന് നടക്കാനിരുന്ന കറാച്ചി കിംഗ്‌സും പെഷവാർ സൽമിയും തമ്മിലുള്ള മത്സരം മാറ്റിവച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.


റാവൽപിണ്ടി, മുൾട്ടാൻ, ലാഹോർ എന്നിവിടങ്ങളിലായി നടത്താൻ നിശ്ചയിച്ചിരുന്ന നാല് ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫുകളും ഇനി യുഎഇയിൽ നടക്കും. പുതുക്കിയ ഷെഡ്യൂൾ ഉടൻ പുറത്തിറക്കും.


സുരക്ഷാ ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കളിക്കാരുടെ സുരക്ഷയും മാനസികാരോഗ്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വി വ്യക്തമാക്കി.


അതേസമയം, ഐപിഎൽ 2025 നെക്കുറിച്ചുള്ള തീരുമാനം പുനഃപരിശോധനയിലാണ്. ബിസിസിഐ സർക്കാർ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ്.

പാകിസ്താൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരം മാറ്റിവെച്ചു


പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പിഎസ്എൽ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ലീഗിന്റെ ഭാവി അവലോകനം ചെയ്യാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അടിയന്തര യോഗം വിളിച്ചു.


ഇന്ന്, വ്യാഴാഴ്ച, രാത്രി നടക്കാനിരുന്ന പെഷവാർ സൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരം പുനഃക്രമീകരിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും എന്ന് പി സി ബി അറിയിച്ചു.


പിഎസ്എൽ സിഇഒ സൽമാൻ നസീർ വിദേശ കളിക്കാരെ കണ്ടുമുട്ടുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ തീരുമാനങ്ങൾ സർക്കാർ ഉപദേശത്തെ ആശ്രയിച്ചിരിക്കുമെന്നും പിസിബി അറിയിച്ചു. ലീഗിൽ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങൾ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂർ, പിസിബി അടിയന്തര യോഗം വിളിച്ചു, പിഎസ്എൽ ഭാവി അനിശ്ചിതത്വത്തിൽ


അതിർത്തിയിലെ സംഘർഷം വർധിക്കുന്നതിനിടെ, നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025 ൻ്റെ ഭാവി തീരുമാനിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അടിയന്തര യോഗം വിളിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.


നിലവിൽ റാവൽപിണ്ടിയിൽ മത്സരങ്ങൾ നടക്കുകയും മെയ് 18 ന് ലാഹോറിൽ ഫൈനൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്ന പിഎസ്എൽ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ലീഗ് തുടരണമോ എന്ന് തീരുമാനിക്കുന്നതിൽ സർക്കാർ ഉപദേശം പിന്തുടരുമെന്നും പിസിബി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.


പിഎസ്എൽ സിഇഒ സൽമാൻ നസീർ വിദേശ കളിക്കാരുമായി ചർച്ച നടത്തി. ഡേവിഡ് വാർണർ, ജേസൺ ഹോൾഡർ, റാസ്സി വാൻ ഡെർ ഡസ്സൻ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളുടെ സുരക്ഷയെക്കുറിച്ച് അദ്ദേഹം ഉറപ്പ് നൽകി. പിസിബി വക്താവ് ആമിർ മിറിൻ്റെ അഭിപ്രായത്തിൽ, കളിക്കാർക്ക് പാകിസ്ഥാൻ ആർമി ശക്തമായ സുരക്ഷ നൽകുന്നുണ്ട്.


ടൂർണമെൻ്റ് തുടരാൻ പിസിബി ഉദ്യോഗസ്ഥർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സ്ഥിതി വഷളായാൽ ശേഷിക്കുന്ന മത്സരങ്ങൾ നിർത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വരുമെന്ന് അവർ സമ്മതിക്കുന്നു. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പ്രതികരണമായാണ് ഇന്ത്യയുടെ ആക്രമണങ്ങൾ.
പിസിബിയുടെ അന്തിമ തീരുമാനം വ്യാഴാഴ്ചത്തെ അടിയന്തര യോഗത്തിന് ശേഷം ഉണ്ടാകും.

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഫാൻകോഡ് പിഎസ്എൽ ടെലികാസ്റ്റ് അവസാനിപ്പിച്ചു


ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 മനുഷ്യരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ് അവരുടെ വെബ്‌സൈറ്റിൽ നിന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഉള്ളടക്കം നീക്കം ചെയ്തു. 2024 സീസണിലെ ആദ്യ 13 മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തുകൊണ്ട് പിഎസ്എൽ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേക്ഷകർ ഫാൻകോഡ് ആയിരുന്നു.


വെള്ളിയാഴ്ച രാവിലെയാണ് പിഎസ്എൽ ഉള്ളടക്കം നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും ആദ്യം എറർ പേജുകളിലേക്ക് നയിക്കുകയും പിന്നീട് പൂർണ്ണമായും നീക്കം ചെയ്യുകയും ചെയ്തു.

ലഷ്കർ-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന പൊതു വിമർശനങ്ങളും ആവശ്യങ്ങളും ശക്തമാകുന്നതിനിടയിലാണ് ഈ നടപടി.
സംഭവത്തെത്തുടർന്ന് ഇന്ത്യൻ സർക്കാർ നിരവധി നയതന്ത്രപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മെഡിക്കൽ വിസകൾ ഉൾപ്പെടെ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയിട്ടുള്ള എല്ലാ സാധുവായ വിസകളും ഏപ്രിൽ 27 നകം റദ്ദാക്കും. കൂടാതെ, പുതിയ വിസകളൊന്നും നൽകില്ലെന്നും നിലവിൽ ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാർ അവരുടെ വിസ കാലാവധിക്ക് മുമ്പ് രാജ്യം വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


പാകിസ്താൻ സൂപ്പർ ലീഗിൽ ഒരോ സിക്സിനും ഒരോ വിക്കറ്റിനും 1 ലക്ഷം രൂപ ഫലസ്തീൻ കുട്ടികൾക്ക്


കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) ടീമായ മുൾട്ടാൻ സുൽത്താൻസ് ഫലസ്തീൻ പിന്തുണയുമായി ഒരു സവിശേഷമായ കാമ്പെയ്‌ന് തുടക്കം കുറിച്ചു. ഈ സീസണിൽ തങ്ങളുടെ കളിക്കാർ നേടുന്ന ഓരോ സിക്സറിനും വിക്കറ്റിനും ഒരു ലക്ഷം രൂപ (ഏകദേശം 356 ഡോളർ) പാലസ്തീൻ ചാരിറ്റികൾക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു.

ഫ്രാഞ്ചൈസി ഉടമ അലി ഖാൻ തരീൻ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ഈ ക്യാമ്പയിൻ പ്രഖ്യാപിച്ചത്. പാലസ്തീനിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഫൗണ്ടേഷനുകളെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


റാവൽപിണ്ടിയിൽ നടന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെ പിഎസ്എൽ സീസൺ കഴിഞ്ഞ ദിവസം ആരംഭിച്ചു. ആദ്യ മത്സരങ്ങളിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് പെഷവാർ സൽമിക്കെതിരെ 80 റൺസിൻ്റെ തകർപ്പൻ വിജയം നേടി. മറ്റൊരു ആവേശകരമായ മത്സരത്തിൽ ജെയിംസ് വിൻസിൻ്റെ തകർപ്പൻ സെഞ്ചുറിയുടെ (101) ബലത്തിൽ കറാച്ചി കിംഗ്സ് മുൾട്ടാൻ സുൽത്താൻസ് ഉയർത്തിയ 234/3 എന്ന വലിയ സ്കോർ മറികടന്നു.

പാകിസ്താൻ സൂപ്പർ ലീഗിന് പകരം ഐപിഎൽ തിരഞ്ഞെടുത്തതിന് ദക്ഷിണാഫ്രിക്കൻ താരത്തിന് PCB നോട്ടീസ്

പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) നിന്ന് പിന്മാറി ഐ പി എൽ കളിക്കാൻ തീരുമാനിച്ചതിന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കോർബിൻ ബോഷിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വക്കീൽ നോട്ടീസ് അയച്ചു. ഇതാദ്യമായാണ് പിഎസ്എൽ വിൻഡോ ഐപിഎല്ലിന്റെ അതേ സമയത്ത് വരുന്നത്. മുംബൈ ഇന്ത്യൻസ് ആണ് പകരക്കാരനായി ബോഷിനെ കഴിഞ്ഞ മാസം സൈൻ ചെയ്തത്.

ജനുവരിയിൽ പിഎസ്എൽ ഡ്രാഫ്റ്റിനിടെ ഡയമണ്ട് വിഭാഗത്തിൽ പെഷവാർ സാൽമി ബോഷിനെ തിരഞ്ഞെടുത്തെങ്കിലും, പരിക്കേറ്റ ലിസാദ് വില്യംസിന് പകരക്കാരനായി മുംബൈ ഇന്ത്യൻസുമായി താരം ഒപ്പുവച്ചു. പിസിബി അദ്ദേഹത്തിൻ്റെ പിൻമാറ്റത്തിന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പ്രതികരണം ഉണ്ടാകുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിയും മറ്റ് അന്താരാഷ്ട്ര പ്രതിബദ്ധതകളും കാരണം, പിഎസ്എല്ലിന് അതിൻ്റെ ഷെഡ്യൂൾ ഏപ്രിൽ-മെയ് മാസത്തേക്ക് മാറ്റേണ്ടി വന്നിരുന്നു.

പാകിസ്താൻ സൂപ്പർ ലീഗ് ഫിക്സ്ചർ പ്രഖ്യാപിച്ചു, ഐ പി എല്ലിന്റെ അതേ സമയം

പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025 ഏപ്രിൽ 11 മുതൽ മെയ് 18 വരെ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ഥിരീകരിച്ചു, മാർച്ച് 22 മുതൽ മെയ് 25 വരെ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) നേരിട്ട് ക്ലാഷ് വരുന്ന രീതിയിൽ ആണ് ഫിക്സ്ചർ. നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡ് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലാഹോർ ഖലന്ദേഴ്‌സിനെതിരെ കളിച്ച് കൊണ്ട് ടൂർണമെന്റ് ആരംഭിക്കും.

ടൂർണമെന്റിൽ ആകെ 30 ലീഗ് മത്സരങ്ങൾ ഉൾപ്പെടും, തുടർന്ന് മെയ് 18 ന് ലാഹോറിൽ പ്ലേഓഫുകളും ഫൈനലും നടക്കും. റാവൽപിണ്ടി, ലാഹോർ, കറാച്ചി, മുൾട്ടാൻ എന്നീ നാല് നഗരങ്ങളിലായി മത്സരങ്ങൾ നടക്കും.

ഐപിഎല്ലുമായുള്ള ഷെഡ്യൂൾ ഏറ്റുമുട്ടൽ പിഎസ്എൽ ടീമുകൾക്ക് മികച്ച അന്താരാഷ്ട്ര കളിക്കാരെ കിട്ടുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.

പാകിസ്താൻ സൂപ്പർ ലീഗിൽ 2 പുതിയ ടീമുകൾ കൂടെ

2026 മുതൽ പിഎസ്എല്ലിൽ (പാകിസ്താൻ സൂപ്പർ ലീഗ്) രണ്ട് പുതിയ ഫ്രാഞ്ചൈസികൾ കൂടെ ഉണ്ടാകും. എട്ട് ടീമുകളുടെ ലീഗായി പി എസ് എൽ മാറും എന്ന് ഔദ്യോഗികമായി പി സി ബി അറിയിച്ചു. 2025-ലെ വരാനിരിക്കുന്ന സീസൺ ആകും ആറ് ടീമുകളുള്ള അവസാന സീസൺ. ആദ്യ പത്തു സീസണു ശേഷം മാത്രമെ ടീൻ വർധിപ്പിക്കൂ എന്ന് പി സി ബി തുടക്കത്തിൽ തന്നെ കരാർ വെച്ചിരുന്നു.

പുതിയ ടീമുകൾ ഏതൊക്കെ നഗരങ്ങളെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് തീരുമാനിക്കാനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അടുത്ത വർഷം ആകും ബിഡിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുക. പി എസ് എൽ വിൻഡോ മാറ്റുന്നതും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നുണ്ട്.

അടുത്ത സീസൺ മുതൽ പിഎസ്എൽ എപ്പോൾ കളിക്കും എന്നത് പാകിസ്താന് ആശങ്ക നൽകുന്നുണ്ട്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ആണ് ഇപ്പോൾ PSL വിൻഡോ. എന്നാൽ അടുത്ത വർഷം ചാമ്പ്യൻസ് ട്രോഫി നടക്കുന്നത് കൊണ്ട് പി എസ് എല്ലിനായി പുതിയ സമയം കണ്ടെത്തേണ്ട അവസ്ഥയിലാണ് പാകിസ്താൻ ഉള്ളത്.

പാകിസ്താൻ സൂപ്പർ ലീഗ് ഐ പി എല്ലിനേക്കാൾ ആളുകളിൽ എത്തി എന്ന് പി സി ബി

പാകിസ്താൻ സൂപ്പർ ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗിനെക്കാൾ കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പിസിബി മേധാവി സേത്തു എന്ന് പറഞ്ഞു, “ഡിജിറ്റൽ കണക്കിനെ കുറിച്ച് സംസാരിച്ചാൽ. പി‌എസ്‌എൽ ഹാഫ് സ്റ്റേജിൽ മാത്രമായിരുന്നപ്പോൾ പി എസ് എൽ 11-ൽ കൂടുതൽ റേറ്റിംഗ് നേടിയിരുന്നു. പി എസ് എൽ പൂർത്തിയാകുമ്പോഴേക്ക് അത് 18 അല്ലെങ്കിൽ 20 ആയിരിക്കും.” പി സി ബി ചെയർമാൻ പറഞ്ഞു.

150 ദശലക്ഷത്തിലധികം ആളുകൾ ഇത്തവണത്തെ പി എസ് എൽ ഡിജിറ്റലായി കണ്ടു. അതൊരു ചെറിയ കാര്യമല്ല. അതേ ഘട്ടത്തിൽ, ഐ‌പി‌എല്ലിന്റെ ഡിജിറ്റൽ റേറ്റിംഗ് 130 ദശലക്ഷം ആയിരുന്നു. പി‌എസ്‌എല്ലിന് 150 ദശലക്ഷത്തിലേറെയുമാണ്. അതിനാൽ ഇത് പാകിസ്ഥാന്റെ വിജയമാണ്,” നജാം സേത്തി കൂട്ടിച്ചേർത്തു. പി എസ് എൽ രണ്ട് ദിവസം മുമ്പ് അവസാനിച്ചിരുന്നു.

വരാനിരിക്കുന്ന ഐപിഎൽ 16-ാം പതിപ്പ് മാർച്ച് 31 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആരംഭിക്കാൻ ഇരിക്കുകയാണ്.

ഒരൊറ്റ റൺ!! പാകിസ്താൻ സൂപ്പർ ലീഗ് കിരീടം ലാഹോറിന്!!

പാകിസ്താൻ സൂപ്പർ ലീഗ് കിരീടം വീണ്ടും ലാഹോർ ഖലന്ദേഴ്സ് സ്വന്തമാക്കി. ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയുടെ ഓൾ റൗണ്ട് മികവിൽ 1 റൺസിനാണ് ലാഹോർ ഖലന്ദേഴ്സ് മുൾത്താൻ സുൽത്താൻസിനെ പരാജയപ്പെടുത്തിയത്. അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്ന മുൾത്താ‌ൻ സുൽത്താൻസ് ഒരു റൺസിനാണ് പരജായപ്പെട്ടത്‌. അവസാന പന്തിൽ നാലു റൺസെടുക്കേണ്ടിയിരുന്നവർ മൂന്നാം റൺസിനു വേണ്ടി ഓടുമ്പോൾ റണ്ണ് ഔട്ട് ആയതോടെ വിജയം ഉറപ്പാവുക ആയിരുന്നു. ഷഹീൻ അഫ്രീദി ഇന്ന് 15 പന്തിൽ 45 റൺസ് അടിക്കുകയും ഒപ്പം ബൗൾ ചെയ്തപ്പോൾ നാലു വിക്കറ്റ് എടുക്കുകയും ചെയ്തു.

201 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന മുൾത്താനായി റിലി റുസോ 32 പന്തിൽ നിന്ന് 52 റൺസും ക്യാപ്റ്റൻ റിസ്വാൻ 34 റൺസും എടുത്തു. ഇന്ന് ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ലാഹോർ ഖലന്ദർസ് മികച്ച സ്കോർ നേടി. 20 ഓവറിൽ 200/6 എന്ന മികച്ച സ്‌കോറിലാണ് അവർ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഓപ്പണിംഗ് ജോഡികളായ മിർസ താഹിർ ബെയ്‌ഗും ഫഖർ സമാനും അവരുടെ ടീമിന് നല്ല തുടക്കം ഇന്ന് നൽകി, ആദ്യ അഞ്ച് ഓവറിൽ 38 റൺസ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, 40 പന്തിൽ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 65 റൺസ് നേടിയ അബ്ദുള്ള ഷഫീഖിന്റെ മിന്നുന്ന പ്രകടനമാണ് ലാഹോറിനെ മുന്നോട്ട് നയിച്ചത്.

അവസാനം 15 പന്തിൽ 44 റൺസെടുത്ത ഷഹീൻ അഫ്രീദിയുടെ ബാറ്റിംഗ് ലാഹോറിന്റെ ഇന്നിംഗ്‌സ് 200ൽ എത്തിച്ചു. 5 സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഷഹീനിന്റെ ഇന്നിംഗ്സ്. മുൾട്ടാൻ സുൽത്താൻ ബൗളർമാർ ലാഹോർ ഖലന്ദർസ് ബാറ്റ്‌സ്മാൻമാരെ പിടിച്ചുനിർത്താൻ പാടുപെട്ടു, ഉസാമ മിർ ബൗളർമാരിൽ ഭേദപ്പെട്ടു നിന്നു. തന്റെ മൂന്ന് ഓവർ 3/24 എന്ന നിലയിൽ താരം അവസാനിപ്പിച്ചു. അൻവർ അലിയും ഇഹ്‌സാനുള്ളയും ഖുശ്ദിലും ഓരോ വിക്കറ്റും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബാബർ അസത്തിന്റെ പെഷവാർ പുറത്ത്, ഷഹീൻ അഫ്രീദിയുടെ ലാഹോർ ഫൈനലിൽ

പാകിസ്താൻ സൂപ്പർ ലീഗിൽ ഷഹീൻ അഫ്രീദിയുടെ ലാഹോർ ഖലന്ദേർസ് ഫൈനലിൽ. ഇന്ന് എലിമിനേറ്റർ 2 മത്സരത്തിൽ ബാബർ അസത്തിന്റെ പെഷവാർ സാൽമിയെ 4 വിക്കറ്റിനു തോൽപ്പിച്ച് ആണ് ലാഹോർ ഫൈനൽ ഉറപ്പിച്ചത്‌. പെഷവാർ ഉയർത്തിയ 172 റൺസ് എന്ന വിജയ ലക്ഷ്യം 18.5 ഓവറിലേക്ക് 6 വിക്കറ്റ് നഷ്ടത്തിൽ ലാഹോർ മറികടന്നു.

ലാഹോറിനായി മിർസ 42 പന്തിൽ നിന്ന് 54 റൺസുമായി ടോപ് സ്കോറർ ആയി. സാം ബില്ലിംഗ്സ് 28 റൺസുമായും റാസ റൺസുമായി തിളങ്ങി. 19 എക്സ്ട്രാ വഴങ്ങിയതാണ് പെഷവാറിന് വലിയ തിരിച്ചടിയായത്‌. ഫൈനലിൽ ഇനി നാളെ ലാഹോർ ഖലന്ദേഴ്സ് മുൾത്താൻ സുൽത്താൻസിബെ നേരിടും.

ഇന്ന് ആദ്യം വാറ്റു ചെയ്ത പെഷവാർ 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ പെഷവാർ സാൽമി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു‌. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാബർ അസം, ഏഴ് ബൗണ്ടറികൾ ഉൾപ്പെടെ 42 റൺസ് നേടി അവർക്ക് നല്ല തുടക്കം നൽകി. എങ്കിലും റാഷിദ് ഖാന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി ബാബർ കളം വിട്ടു.

54 പന്തിൽ 11 ബൗണ്ടറികളും രണ്ട് മാക്‌സിക്കുകളും ഉൾപ്പെടെ 85 റൺസ് നേടിയ മുഹമ്മദ് ഹാരിസിന്റെ തകർപ്പൻ പ്രകടനമാണ് പെഷവാർ സാൽമി ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ഭാനുക രാജപക്‌സെ 18 പന്തിൽ 25 റൺസ് നേടിയെങ്കിലും അവസാനം സ്കോറിംഗ് മന്ദഗതിയിൽ ആയത് പെഷവാറിനെ കൂറ്റൻ സ്കോറിൽ നിന്ന് അകറ്റി‌. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും റാഷിദ് ഖാനും ലാഹോർ ഖലൻഡേഴ്സിനായി ബൗളു കൊണ്ട് തിളങ്ങി.

Exit mobile version