വിലക്ക് കഴിഞ്ഞു, സ്റ്റീവ് സ്മിത്തിന് ഇനി ക്യാപ്റ്റനാവാം

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്നതിൽ നിന്ന് വിലക്ക് നേരിട്ടിരുന്ന ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ വിലക്ക് അവസാനിച്ചു. പന്ത് ചുരണ്ടൽ വിവാദ സമയത്ത് ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് രണ്ട് വർഷത്തേക്കാണ് ക്യാപ്റ്റൻസിയിൽ നിന്ന് അന്ന് വിലക്കേർപ്പെടുത്തിയിരുന്നത്. കൂടാതെ ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തെ വിലക്കും അന്ന് ഏർപ്പെടുത്തിയിരുന്നു. വിലക്ക് അവസാനിച്ചതോടെ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സ്റ്റീവ് സ്മിത്തിന് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനാവാം. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തിൽ ടെസ്റ്റിൽ ടിം പെയ്‌നും ഏകദിനത്തിൽ ആരോൺ ഫിഞ്ചുമായിരുന്നു ഓസ്ട്രേലിയയെ നയിച്ചത്.

പന്ത് ചുരണ്ടാൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്. കൂടാതെ മറ്റൊരു ഓസ്‌ട്രേലിയൻ താരമായ കാമറൂൺ ബാൻക്രോഫ്റ്റിന് 9 മാസമത്തെ വിലക്കുമാണ് അന്ന് ലഭിച്ചത്. ഡേവിഡ് വാർണർക്ക് ആജീവനാന്തം ക്യാപ്റ്റനാവുന്നതിൽ നിന്ന് വിലക്കും അന്ന് നൽകിയിരുന്നു. കൂടാതെ ഓസ്‌ട്രേലിയൻ ടീമിന്റെ പരിശീലകനായിരുന്ന ലെഹ്മാനും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ സി.ഇ.ഓയായിരുന്ന ജെയിംസ് സതെർലാൻഡിനും സ്ഥാനം നഷ്ടമായിരുന്നു.

വിരാട് കോഹ്‌ലി ഇനിയും ഒരുപാട് റെക്കോർഡുകൾ തകർക്കുമെന്ന് സ്റ്റീവ് സ്മിത്ത്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ക്രിക്കറ്റിൽ ഇനിയും ഒരുപാട് റെക്കോർഡുകൾ തകർക്കുമെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. വിരാട് കോഹ്‌ലി മികച്ച ബാറ്റ്സ്മാൻ ആണെന്നും താരത്തിന്റെ ബാറ്റിംഗ് റെക്കോർഡുകൾ അത് കാണിച്ചു തരുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും വിരാട് കോഹ്‌ലി മികച്ച താരമാണെന്നും കോഹ്‌ലി ഇനിയും ഒരുപാട് റെക്കോർഡുകൾ തകർക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. നിലവിൽ ഒരുപാടു റെക്കോർഡുകൾ വിരാട് കോഹ്‌ലി തകർത്തിട്ടുണ്ടെന്നും വരും വർഷങ്ങളിൽ വിരാട് കോഹ്‌ലി ഇനിയും കൂടുതൽ റെക്കോർഡുകൾ തകർക്കുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

വിരാട് കോഹ്‌ലിക്ക് എപ്പോഴും റൺസ് നേടാനുള്ള ആവേശമാണെന്നും ഓസ്ട്രേലിയക്കെതിരെ അദ്ദേഹം റൺസ് നേടാതിരിക്കട്ടെയെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ആധുനിക ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളായി അറിയപെടുന്നവരാണ് സ്റ്റീവ് സ്മിത്തും വിരാട് കോഹ്‌ലിയും.

നിക്കോളസ് പൂരന്‍ ഈ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് വരുമെന്ന് വിശ്വസിക്കുന്നു

ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുന്ന വിന്‍ഡീസിന്റെ നിക്കോളസ് പൂരന് പിന്തുണയുമായി സ്റ്റീവന്‍ സ്മിത്ത്. താരം തന്റെ ഈ തെറ്റ് തിരുത്തി ഇതില്‍ നിന്ന പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് വരുമെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്.

ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരമാണ് സ്റ്റീവ് സ്മിത്ത്.. കേപ് ടൗണില്‍ പന്തില്‍ സാന്‍ഡ് പേപ്പര്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് ഉരച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമായിരുന്നു.

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കും കുറ്റം ചെയ്ത ബാന്‍ക്രോഫ്ടിന് 9 മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്.

നിക്കോളസ് ഭാവിയുള്ള മികച്ച പ്രതിഭയുള്ള താരമാണ്. അദ്ദേഹം ഇത് മറന്ന് മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സ്റ്റീവ് സ്മിത്ത് പ്രത്യാശിച്ചു. താന്‍ പൂരനുമായി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ടെന്നും അവിശ്വസനീയമായ പ്രതിഭയാണ് പൂരനെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

ഓരോ ബോര്‍ഡും ഓരോ രീതിയിലുള്ളതാണ്, അവരുടെ നടപടികളും വ്യത്യസ്തമായിരിക്കും, പക്ഷേ താരങ്ങള്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കി അതാവര്‍ത്തിക്കാതെ തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് സ്മിത്ത് വ്യക്തമാക്കി. താനും പഴയ കാര്യം മറന്ന് മുന്നോട്ട് നീങ്ങി, അന്ന് അത് വളരെ കടുപ്പമേറിയ കാലമായിരുന്നു പക്ഷേ താന്‍ ഇന്നത്തെ കാര്യത്തെക്കുറിച്ചാണിപ്പോള്‍ ചിന്തിക്കുന്നതെന്നും സ്മിത്ത് വെളിപ്പെടുത്തി.

ആഷസിന് ശേഷമുള്ള ആദ്യ മത്സരത്തിൽ സ്മിത്ത് പൂജ്യത്തിന് പുറത്ത്

ആഷസ് പരമ്പരയിൽ മികച്ച ഫോമിൽ കളിച്ചതിന് ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്ത്. ഓസ്‌ട്രേലിയൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് നേരിട്ട തന്റെ അഞ്ചാമത്തെ പന്തിൽ പൂജ്യത്തിന് സ്റ്റീവ് സ്മിത്ത് പുറത്തായത്. ക്വീൻസ് ലാൻഡ് ബൗളർ കാമറോൺ ഗന്നോൻ ആണ് സ്റ്റീവ് സ്മിത്തിനെ റൺസ് ഒന്നും എടുക്കാതെ ഔട്ട് ആക്കിയത്. സ്ലിപ്പിൽ ജോ ബൺസിന് ക്യാച്ച് നൽകിയത് സ്മിത്ത് പുറത്തായത്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ന്യൂ സൗത്ത് വെയിൽസിന്റെ താരമാണ് സ്റ്റീവ് സ്മിത്ത്.

രണ്ട് വർഷത്തിന് ശേഷമാണ് സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് മത്സരത്തിൽ കളിക്കുന്നത്. ആഷസിൽ മികച്ച ഫോമിൽ കളിച്ച സ്മിത്ത് നാല് ടെസ്റ്റിൽ നിന്ന് 774 റൺസ് നേടിയിരുന്നു. പരമ്പരയിൽ രണ്ട് സെഞ്ചുറിയും ഒരു ഡബിൾ സെഞ്ചുറിയും സ്മിത്ത് നേടിയിരുന്നു. ആഷസിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്മിത്തിന് തന്നെയായിരുന്നു.

ടി20 ടീമിൽ തിരിച്ചെത്തി സ്റ്റീവ് സ്മിത്തും വാർണറും

ശ്രീലങ്കക്കെതിരെയും പാകിസ്ഥാനുമെതിരെയുമുള്ള ടി20 മത്സരങ്ങൾക്കുള്ള ടീമിൽ തിരിച്ചെത്തി സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും. 2016ന് ശേഷം ആദ്യമായാണ് സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയക്ക് വേണ്ടി ടി20 കളിയ്ക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 27ന് തുടങ്ങുന്ന പരമ്പരയിൽ ശ്രീലങ്ക മൂന്ന് ടി20 മത്സരങ്ങൾ കളിക്കും. അതിന് ശേഷമാണ് നിലവിൽ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാക്സിതാനെതിരെയുള്ള ഓസ്ട്രേലിയയുടെ ടി20 പരമ്പര.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ട് കഴിഞ്ഞ ആഷസിൽ ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത്. ആഷസിലെ 4 ടെസ്റ്റിൽ നിന്ന് സ്റ്റീവ് സ്മിത്ത് 774 റൺസ് നേടിയിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ ടി20 റൺസ് നേടിയ താരമാണ് വാർണർ. കഴിഞ്ഞ ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന വാർണർ 647 റൺസ് എടുത്തിരുന്നു.

അതെ സമയം ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ടീമിൽ നിന്ന് ഓൾ റൗണ്ടർ മർക്കസ് സ്റ്റോയ്‌നിസ് പുറത്തു പോയി. കൂടാതെ സ്പിൻ ബൗളർ നാഥാൻ ലിയോണ് പകരം ആഷ്ടൺ ടർണർ ടീമിൽ ഇടം നേടിയിട്ടുണ്ട്.

Australia: Aaron Finch (c), Ashton Agar, Alex Carey, Pat Cummins, Glenn Maxwell, Ben McDermott, Kane Richardson, Steve Smith, Billy Stanlake, Mitchell Starc, Ashton Turner, Andrew Tye, David Warner, Adam Zampa

ജോഫ്ര വേറിട്ട പ്രതിഭ – സ്റ്റീവ് സ്മിത്ത്

ജോഫ്ര ആര്‍ച്ചര്‍ വേറിട്ട പ്രതിഭയാണെന്നും ശോഭനമായ ഭാവിയാണ് താരത്തിനെ കാത്തിരിക്കുന്നതെന്നും പറഞ്ഞ് സ്റ്റീവ് സ്മിത്ത്. ആഷസ് പരമ്പരയിലെ താരമായി ബെന്‍ സ്റ്റോക്സിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കവേയാണ് സ്റ്റീവ് സ്മിത്ത് ജോഫ്രയെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഐപിഎലില്‍ താന്‍ ജോഫ്രയുടെ കഴിവ് കണ്ടതാണ്. ഇരുവരും രാജസ്ഥാന്‍ റോയല്‍സ് ടീമിലെ അംഗങ്ങളായിരുന്നുവെങ്കിലും നൈറ്റ്സില്‍ തന്നെ നേരിടാന്‍ സ്മിത്ത് വലിയ താല്പര്യമില്ലായിരുന്നുവെന്നാണ് ജോഫ്ര ആര്‍ച്ചര്‍ അവകാശപ്പെട്ടത്.

മികച്ചൊരു പരമ്പരയാണ് ഈ ആഷസില്‍ കണ്ടതെന്നും സ്മിത്ത് പറഞ്ഞു. ഇംഗ്ലണ്ടില്‍ തനിക്ക് മികച്ച ഫോമില്‍ കളിക്കാനായെന്നും അതില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും സ്മിത്ത് പറഞ്ഞു. സ്വയം വിശ്വസിക്കുകയാണ് ഏറ്റവും പ്രധാനമെന്നും ടീമിന് വേണ്ടി മികച്ച കളി പുറത്തെടുത്ത് വിജയങ്ങളില്‍ പങ്കാളിയാകാനായതില്‍ സന്തോഷമുണ്ടെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് സംഭവബഹുലമായ തുടക്കം, രണ്ടാം ദിവസത്തെ താരങ്ങളായി ജോഫ്രയും സ്റ്റീവന്‍ സ്മിത്തും

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 9 എന്ന നിലയിലാണ്. മത്സരത്തില്‍ 78 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുള്ളത്. ഹാസല്‍വുഡിന്റെ പന്തില്‍ അനായാസ ക്യാച്ച് മാര്‍ക്കസ് ഹാരിസ് കൈവിട്ടത് ജോ ഡെന്‍ലിയ്ക്ക് അക്കൗണ്ട് തുറക്കുവാന്‍ സഹായകരമാകുകയായിരുന്നു. അതേ ഓവറില്‍ അവസാന പന്തില്‍ റോറി ബേണ്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും റിവ്യൂവില്‍ താരം രക്ഷപ്പെടുകയായിരുന്നു.

ഇതോടെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി നാല് റണ്‍സുമായി റോറി ബേണ്‍സും 1 റണ്‍ നേടി ജോ ഡെന്‍ലിയുമാണ് ക്രീസിലുള്ളത്. ക്യാച്ച് കൈവിടുന്നതിനിടെ കൈവിരലിന് പരിക്കേറ്റ മാര്‍ക്കസ് ഹാരിസിന് ഇനി ബാറ്റ് ചെയ്യാനാകുമോ എന്നതാണ് ഓസീസ് ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്.

രണ്ടാം ദിവസത്തെ താരങ്ങളായത് 80 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 6 വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറുമാണ്. നാല് വിക്കറ്റ് നേടിയ സാം കറനും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

ജോഫ്രയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക് പ്രഹരങ്ങളേല്പിച്ച് സാം കറന്‍, ഏകനായ പോരാളിയായി സ്റ്റീവ് സ്മിത്ത്

ചുറ്റും വിക്കറ്റുകള്‍ വീഴുമ്പോളും തനിക്ക് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നല്‍കിയ അവസരം ഇരു കൈയ്യാല്‍ സ്വീകരിച്ച് ബാറ്റ് വീശി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് സ്റ്റീവന്‍ സ്മിത്ത്. ജോഫ്ര ആര്‍ച്ചറും സാം കറനും ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്തി മുന്നേറിയപ്പോളും ടീമിന് തലവേദനയായി സ്റ്റീവന്‍ സ്മിത്ത് നിലകൊള്ളുകയായിരുന്നു. സ്കോര്‍ 66ല്‍ നില്‍ക്കെ ജോ റൂട്ട് കൈവിട്ട അവസരത്തിന് ശേഷവും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ സ്മിത്ത് 16 റണ്‍സ് കൂടി നേടി 80 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ജോഫ്ര ആറും സാം കറന്‍ നാല് വിക്കറ്റും നേടിയപ്പോള്‍ 80 റണ്‍സ് നേടിയ സ്മിത്തിന്റെ വിക്കറ്റ് ക്രിസ് വോക്സിനായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ പിന്തുണ നല്‍കിയ മാര്‍നസ് ലാബൂഷാനെ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. ഒമ്പതാം വിക്കറ്റില്‍ നഥാന്‍ ലയണും പീറ്റര്‍ സിഡിലും ചേര്‍ന്ന് 37 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് നേടിയിരുന്നു.

25 റണ്‍സ് നേടിയ ലയണിനെ പുറത്താക്കിയാണ് ജോഫ്ര തന്റെ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. അധികം വൈകാതെ പീറ്റര്‍ സിഡിലിനെയും(18) പുറത്താക്കി ജോഫ്ര ഇന്നിംഗ്സിലെ തന്റെ ആറാം വിക്കറ്റ് നേടിയപ്പോള്‍ ഓസ്ട്രേലിയ 225 റണ്‍സിന് ഓള്‍ഔട്ട് ആയി. 69 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചുവെങ്കിലും ലീഡ് കുറച്ച് കൊണ്ടുവരാന്‍ ഓസ്ട്രേലിയയ്ക്കായത് വലിയ നേട്ടം തന്നെയാണ്.

സ്മിത്തിന്റെ ചിറകിലേറി ഓസ്ട്രേലിയ, നേടിയത് 147 റണ്‍സ്

ആഷസിലെ ഓവല്‍ ടെസ്റ്റില്‍ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 147/4 എന്ന നിലയില്‍. സ്റ്റീവ് സ്മിത്ത് 59 റണ്‍സുമായി ഓസ്ട്രേലിയുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുമ്പോള്‍ 12 റണ്‍സ് നേടി മിച്ചല്‍ മാര്‍ഷാണ് ക്രീസില്‍ ഒപ്പമുള്ളത്. 38 ഓവറുകള്‍ അവശേഷിക്കെ ഇംഗ്ലണ്ട് സ്കോറിന് 147 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ സ്ഥിതി ചെയ്യുന്നത്.

ലഞ്ചിന് ശേഷം മാര്‍നസ് ലാബൂഷാനെ(48), മാത്യു വെയിഡ്(19) എന്നിവരെ നഷ്ടമായപ്പോള്‍ സ്റ്റീവ് സ്മിത്ത് തന്റെ മികച്ച ഫോം തുടര്‍ന്നു. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാം കറനാണ് ഒരു വിക്കറ്റ് ലഭിച്ചത്.

“സ്റ്റീവ് സ്മിത്തിന്റെ പ്രകടനം മികച്ച വ്യക്തിഗത പ്രകടനമായി ചരിത്രത്തിൽ ഇടം നേടും”

ആഷസിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് പുറത്തെടുത്ത പ്രകടനം ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിൽ ഒന്നായി മാറുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും നിലവിൽ ഓസ്ട്രേലിയൻ ടീമിന്റെ മെന്ററുമായ സ്റ്റീവ് വോ. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിൽ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് ഈ ആഷസ് പരമ്പരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സ്മിത്ത് വളരെ അനായാസമാണ് റണ്ണുകൾ എടുക്കുന്നതെന്നും മറ്റുളവർ കളിക്കുന്നതിനേക്കാൾ ഒരു ലെവൽ മുകളിലാണ് സ്മിത്തിന്റെ പ്രകടനമെന്നും സ്റ്റീവ് വോ പറഞ്ഞു. അഞ്ച് ഇന്നിങ്സിൽ നിന്ന് 671 റൺസാണ് സ്റ്റീവ് സ്മിത്ത് ഈ പരമ്പരയിൽ നേടിയത്. ഒരു ഡബിൾ സെഞ്ചുറിയും രണ്ടു സെഞ്ചുറികളും ഈ പരമ്പരയിൽ നേടാനും സ്മിത്തിനായി. ഓസ്ട്രേലിയ വിജയിച്ച രണ്ട് ടെസ്റ്റുകളിലും നിർണായക പ്രകടനം പുറത്തെടുക്കാനും സ്മിത്തിനായിരുന്നു. സ്മിത്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയിരുന്നു.

ഇംഗ്ലണ്ടിൽ ആഷസ് ജയിക്കുകയെന്നത് തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന കാര്യമാണെന്ന് സ്റ്റീവ് സ്മിത്ത്

ഇംഗ്ലണ്ടിൽ വെച്ച് ആഷസ് കിരീടം നേടുകയെന്നത് തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന കാര്യമാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ആഷസ് ടെസ്റ്റിന്റെ നാലാം ടെസ്റ്റിന്റെ അവസാന സെഷനിൽ ഇംഗ്ലണ്ടിനെ 185 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയിരുന്നു.

ആദ്യ ഇന്നിങ്സിൽ 211 റൺസും രണ്ടാം ഇന്നിങ്സിൽ 82 റൺസും നേടിയ സ്റ്റീവ് സ്മിത്ത് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു. 2013ലും 2015ലും ഇംഗ്ലണ്ടിൽ വന്ന് ആഷസ് കിരീടം നേടാൻ ഓസ്ട്രേലിയ ശ്രമം നടത്തിയെങ്കിലും ആഷസ് നേടാൻ സാധിച്ചിരുന്നില്ല. ആഷസ് പരമ്പരയിലെ അടുത്ത ടെസ്റ്റും ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കാനാണ് ആഗ്രഹമെന്നും സ്മിത്ത് പറഞ്ഞു.

പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഒരു വർഷം ക്രിക്കറ്റിൽ നിന്ന് വിലക്കിയ സ്മിത്തിന്റെ തിരിച്ച് വരവിലെ ആദ്യ ടെസ്റ്റ് കൂടിയായിരുന്നു ഈ ആഷസ് പരമ്പര. ഈ പരമ്പരയിൽ 5 ഇന്നിംഗ്സ് മാത്രം കളിച്ച സ്മിത്ത് 671 റൺസ് നേടിയിരുന്നു.

മഴ വില്ലനായ ഒന്നാം ദിവസത്തെ താരങ്ങളായി സ്റ്റീവന്‍ സ്മിത്തും മാര്‍നസ് ലാബൂഷാനെയും

ആഷസിലെ നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ നേടാനായത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ്. മൂന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ ക്രെയിഗ് ഓവര്‍ട്ടണ്‍ തകര്‍ക്കുകയായിരുന്ന. 67 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയെയാണ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക നഷ്ടമായത്. എന്നാല്‍ 26 റണ്‍സ് കൂടി നേടി സ്റ്റീവ് സ്മിത്ത്-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് മഴ വില്ലനായി അവതരിച്ചത്.

ആദ്യ ദിവസം 44 ഓവറുകള്‍ മാത്രമാണ് നടന്നത്. സ്റ്റുവര്‍ട് ബ്രോഡിന്റെ പ്രഹരങ്ങളില്‍ ഓപ്പണര്‍മാരെ നഷ്ടമായ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 28/2 എന്ന നിലയിലായിരുന്നു. ഓസ്ട്രേലിയയ്ക്കായി 60 റണ്‍സുമായി സ്റ്റീവ് സ്മിത്തും 18 റണ്‍സ് നേടി ട്രാവിസ് ഹെഡുമാണ് ക്രീസില്‍ നിലകൊള്ളുന്നത്.

Exit mobile version