ഇത് തയ്യാറെടുപ്പുകളുടെ വിജയം, ആദ്യ മത്സരം ടൂര്‍ണ്ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നുവെന്ന് വിശ്വസിക്കുന്നു

തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടാനായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. നേരത്തെ അയര്‍ലണ്ടിലെത്തി അവിടെ വിജയിച്ചത് സാഹചര്യങ്ങളെ മനസ്സിലാക്കുവാന്‍ ടീമിനെ സഹായിച്ചുവെന്ന് പറഞ്ഞ മൊര്‍തസ് ആദ്യ മത്സരം എപ്പോളും ടൂര്‍ണ്ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നതാണെന്നും അത് ദക്ഷിണാഫ്രിക്ക പോലൊരു ടീമിനെതിരെ വിജയത്തോടെ തുടങ്ങാനായതില്‍ ടീമിനു വലിയ ആത്മവിശ്വാസം നല്‍കുമെന്നും മൊര്‍തസ പറഞ്ഞു.

നേരത്തെ ഒരു മത്സരത്തില്‍ ഉപയോഗിച്ച വിക്കറ്റെന്ന നിലയില്‍ ഈ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നതില്‍ പ്രശ്നമില്ലായിരുന്നുവെന്നതായിരുന്നു തന്റെ തോന്നലെന്ന് പറഞ്ഞ മര്‍തസ സൗമ്യ സര്‍ക്കാര്‍ നല്‍കിയ തുടക്കത്തെ പ്രശംസിച്ചു. മുഷ്ഫിക്കുറും ഷാക്കിബും നല്‍കിയ കൂട്ടുകെട്ടും അവസാന ഓവറുകളില്‍ മഹമ്മദുള്ളയും മൊസ്ദേക്ക് ഹൊസൈനും നടത്തിയ വെടിക്കെട്ടും ടീമിനെ തുണച്ചുവെന്ന് മൊര്‍തസ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവരെ എല്ലാവരെക്കാളും സൗമ്യ സര്‍ക്കാര്‍ നല്‍കിയ തുടക്കമാണ് ടീമിനു ഗുണം ചെയ്തതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മൊര്‍തസ പറഞ്ഞു.

Exit mobile version