ഇന്ത്യയെ വീഴ്ത്താമായിരുന്നു, പക്ഷേ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് വിനയായി – ഷാക്കിബ് അൽ ഹസന്‍

ഇന്ത്യയ്ക്കെതിരെ ധാക്ക ടെസ്റ്റിൽ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റുകള്‍ നേടുമ്പോള്‍ ജയത്തിനായി ഇനിയും 71 റൺസ് ഇന്ത്യ നേടണമായിരുന്നു. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങിയപ്പോള്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെ പഴിയ്ക്കുകയാണ് ബംഗ്ലാദേശ് ഇപ്പോള്‍.

ക്യാച്ചുകള്‍ കൈവിട്ടതും സ്റ്റംപിംഗ് അവസരം നഷ്ടപ്പെടുത്തിയതും ആണ് ടീമിന് വിനയായതെന്നാണ് ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസന്‍ വ്യക്തമാക്കിയത്. അശ്വിന്റെ ക്യാച്ച് മോമിനുള്‍ ഹക്ക് നഷ്ടപ്പെടുത്തിയപ്പോള്‍ താരം പിന്നീട് 42 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യന്‍ വിജയം ഒരുക്കുകയായിരുന്നു.

തങ്ങള്‍ നഷ്ടപ്പെടുത്തുന്നത്ര അവസരങ്ങള്‍ മറ്റു ടീമുകള്‍ നഷ്ടപ്പെടുത്താറില്ലെന്നും അത് നിരാശ നൽകുന്ന കാര്യമാണെന്നും ഷാക്കിബ് സൂചിപ്പിച്ചു. ഈ അവസരങ്ങള്‍ മുതലാക്കിയിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 314ന് പകരം 250 റൺസിലൊതുങ്ങിയേനെ എന്നും ഷാക്കിബ് വ്യക്തമാക്കി.

ജോ റൂട്ട് രാജസ്ഥാനിലേക്ക്, ഷാക്കിബിനെ സ്വന്തമാക്കി കൊല്‍ക്കത്ത

അടിസ്ഥാന വിലയ്ക്ക് അന്താരാഷ്ട്ര താരങ്ങളായ ജോ റൂട്ടിനെയും ഷാക്കിബ് അൽ ഹസനെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും. റൂട്ടിന് ഒരു കോടിയും ഷാക്കിബിന് 1.5 കോടി രൂപയും ആയിരുന്നു അടിസ്ഥാന വില.

ലേലത്തിന്റെ ഏറ്റവും അവസാന ഘട്ടത്തിലാണ് ഇവരെ ഈ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്.

ലീഡ് വെറും 87 റൺസ്, ഇന്ത്യ 314 റൺസിന് ഓള്‍ഔട്ട്

ധാക്കയിൽ ഇന്ത്യയുടെ ഇന്നിംഗ്സ് 314 റൺസിൽ അവസാനിച്ചു. വെറും 87 റൺസാണ് ഇന്ത്യയുടെ കൈവശമുള്ള ലീഡ്. 93 റൺസുമായി ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 87 റൺസായിരുന്നു ശ്രേയസ്സ് അയ്യര്‍ നേടിയത്. ഇരുവരും തമ്മിൽ അഞ്ചാം വിക്കറ്റിൽ നേടിയ 159 റൺസാണ് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായത്.

ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാമും ഷാക്കിബ് അൽ ഹസനും 4 വീതം വിക്കറ്റാണ് നേടിയത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റൺസ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ നേടിയിട്ടുണ്ട്.

ധാക്കയിൽ ബംഗ്ലാദേശ് ബൗളിംഗിന് കരുത്തേകുവാന്‍ ഷാക്കിബും ഉണ്ടാകും – അലന്‍ ഡൊണാള്‍ഡ്

ഷാക്കിബ് അൽ ഹസന്‍ ധാക്കയിൽ ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ബൗളിംഗിനുണ്ടാകുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് കോച്ച് അലന്‍ ഡൊണാള്‍ഡ്. ചട്ടോഗ്രാമിൽ താരം വെറും 12 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനേറ്റ പരിക്ക് അലട്ടുന്നതിനാലായിരുന്നു താരം ബൗളിംഗ് നിയന്ത്രിച്ചത്.

രണ്ടാം മത്സരത്തിൽ ഷാക്കിബ് ബാറ്റ്സ്മാനായി മാത്രം കളിച്ചേക്കുമെന്നാണ് ടീം കോച്ച് റസ്സൽ ഡൊമിംഗോ ആദ്യ സൂചന നൽകിയത്. അതേ സമയം ഷാക്കിബിന് ബാക്കപ്പെന്ന നിലയിൽ ബംഗ്ലാദേശ് നസും അഹമ്മദിനെ ടീമിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ബംഗ്ലാദേശ് ആരാധകരുടെ എല്ലാ സംശയവും ദൂരീകരിച്ചാണ് അലന്‍ ഡൊണാള്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഷാക്കിബ് സെലക്ഷന് ലഭ്യമാണെന്നും ധാക്കയിൽ ബൗളിംഗിനും താരം ഉണ്ടാകുമെന്നാണ് ഷാക്കിബിനെക്കുറിച്ച് ഡൊണാള്‍ഡ് പറ‍‍ഞ്ഞത്.

ഷാക്കിബ് തിരിച്ചെത്തുന്നു, ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. തമീം ഇക്ബാൽ നയിക്കുന്ന ടീമിലേക്ക് ഷാക്കിബ് അൽ ഹസന്‍ മടങ്ങിയെത്തുന്നുണ്ട്. 16 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്, ഷൊറിഫുള്‍ ഇസ്ലാം, തൈജുള്‍ ഇസ്ലാം എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. ഷാക്കിബ് തിരികെ വന്നതിനാലാണ് മൊസ്ദേക്കിനെ ഡ്രോപ് ചെയ്തതെന്നാണ് സെലക്ടര്‍ മിന്‍ഹാജുൽ അബേദിന്‍ വ്യക്തമാക്കിയത്.

ബംഗ്ലാദേശ് : Tamim Iqbal (capt), Litton Das, Anamul Haque, Shakib Al Hasan, Mushfiqur Rahim, Afif Hossain, Yasir Ali, Mehidy Hasan, Mustafizur Rahman, Taskin Ahmed, Hasan Mahmud, Ebadot Hossain, Nasum Ahmed, Mahmudullah, Najmul Hossain Shanto and Nurul Hasan Sohan.

ഷാക്കിബിന്റെ പുറത്താകൽ അല്ല തോൽവിയ്ക്ക് കാരണം – നജ്മുള്‍ ഹൊസൈന്‍ ഷാന്റോ

ഷാക്കിബ് അൽ ഹസന്‍ പുറത്തായ സംശയകരമായ രീതിയല്ല ബംഗ്ലാദേശിന്റെ തോൽവിയ്ക്ക് കാരണമെന്നും ടീമിന്റെ ബാറ്റിംഗ് പരാജയപ്പെട്ടതാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തി സെമിയിൽ കടക്കുവാന്‍ ടീമിന് സാധിക്കാതെ വന്നതിന് കാരണം എന്നും പറഞ്ഞ് നജ്മുള്‍ ഹൊസൈന്‍ ഷാന്റോ.

ദക്ഷിണാഫ്രിക്കയെ നെതര്‍ലാണ്ട്സ് പരാജയപ്പെടുത്തിയതോടെ പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരത്തിലെ വിജയികള്‍ സെമിയിൽ കടക്കുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. 73/1 എന്ന നിലയിൽ ബംഗ്ലാദേശ് മികച്ച നിലയിലേക്ക് എത്തിയ ശേഷമാണ് സൗമ്യ സര്‍ക്കാരിനെയും ഷാക്കിബ് അൽ ഹസനെയും ടീമിന് നഷ്ടമായത്.

ഷദബ് ഖാന്‍ സൗമ്യ സര്‍ക്കാരിനെയും ഷാക്കിബ് അൽ ഹസനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ ഷാക്കിബിന്റെ എൽബിഡബ്ല്യു പുറത്താകൽ സംശയാസ്പദകരമായിരുന്നു. പന്ത് ബാറ്റിൽ കൊണ്ടുവെന്നോ അതോ ബാറ്റ് ഗ്രൗണ്ടിൽ തട്ടിയതിന്റെ സ്പൈക്കാണ് സ്നിക്കോമീറ്ററിൽ വന്നതെന്ന് നിര്‍ണ്ണയിക്കുവാന്‍ പ്രയാസമുണ്ടായിരുന്നുവെങ്കിലും തേര്‍ഡ് അമ്പയര്‍ താരത്തെ ഔട്ട് വിധിക്കുകയായിരുന്നു.

എന്നാൽ ഇത് അല്ല ടീമിന്റെ തോൽവിയ്ക്ക് കാരണം എന്നും ബാറ്റിംഗ് നിരയുടെ പരാജയം ആണ് ടീമിന് തിരിച്ചടിയായതെന്നും നജ്മുള്‍ വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിലെ അമ്പയറിംഗിലെ പ്രശ്നങ്ങള്‍ ഐസിസിയെ പ്രതിഷേധം അറിയിക്കുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്ക്കെതിരെയുള്ള തങ്ങളുടെ ടീമിന്റെ അഞ്ച് റൺസ് തോൽവിയ്ക്ക് ശേഷം വിരാട് കോഹ്‍ലിയ്ക്കെതിരെ ഫേക്ക് ഫീൽഡിംഗ് ആരോപിച്ച് ബംഗ്ലാദേശ് താരം നൂറുള്‍ ഹസന്‍ എത്തിയിരുന്നു. മത്സരത്തിലെ അമ്പയര്‍മാരായ മറിയസ് എറാസ്മസും ക്രിസ് ബ്രൗണും ഇത് കണ്ടെത്തിയില്ലെന്ന് കാണിച്ച് ഐസിസിയിൽ പരാതിയായി ഈ വിഷയം ഉയര്‍ത്തുമെന്നാണ് ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ടിവിയിൽ ഇത് എല്ലാവരും കണ്ടതാണെന്നും മത്സരസമയത്തും മത്സരത്തിന് ശേഷവും ഇത് എറാസ്മസുമായി ഷാക്കിബ് ചര്‍ച്ച ചെയ്ത വിഷയം ആണെന്നും എന്നാൽ താന്‍ അത് കണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അതിനാൽ റിവ്യു എടുക്കാനാകില്ലെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാല്‍ യൂനുസ് വ്യക്തമാക്കിയത്.

നനഞ്ഞ ഫീൽഡിനെക്കുറിച്ചും ഷാക്കിബ് അമ്പയര്‍മാരോട് പറഞ്ഞിരുന്നുവെന്നും അതും അവര്‍ ചെവിക്കൊണ്ടില്ലെന്നാണ് ബംഗ്ലാദേശിന്റെ പ്രതികരണം. ഇന്ത്യയുടെ ഇന്നിംഗ്സിനിടെ കോഹ്‍ലി അമ്പയര്‍മാരോട് നോ ബോള്‍ ആവശ്യപ്പെട്ടതും ഷാക്കിബും കോഹ്‍ലിയും എറാസ്മസും തമ്മിൽ ചര്‍ച്ച നടത്തേണ്ട സാഹചര്യത്തിലേക്ക് കൊണ്ടുചെന്നിരുന്നു.

ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ എന്നും സംഭവിക്കുന്നത് ഇന്നും സംഭവിച്ചു – ഷാക്കിബ് അൽ ഹസന്‍

ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ എന്നും സംഭവിക്കുന്ന കാര്യമാണ് ഇന്നും സംഭവിച്ചതെന്ന് പറഞ്ഞ് ഷാക്കിബ് അൽ ഹസന്‍. ഇന്ന് ഇന്ത്യയ്ക്കെതിരെ പൊരുതി നിന്ന ശേഷം അഞ്ച് റൺസ് തോൽവിയേറ്റ് വാങ്ങുകയായിരുന്നു ബംഗ്ലാദേശ്. ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്നും എന്നാൽ അവസാന കടമ്പ കടക്കുവാന്‍ ടീമിന് സാധിക്കുന്നില്ലെന്നും ഷാക്കിബ് വ്യക്തമാക്കി.

പവര്‍പ്ലേയിൽ ടീം ബാറ്റ് വീശിയ രീതി പ്രതീക്ഷ നൽകുന്നതായിരുന്നുവെന്നും ഷോര്‍ട്ട് ബൗണ്ടറികള്‍ ലക്ഷ്യം വെച്ച് ബാറ്റ് വീശിയാൽ വിജയം നേടാനാകുമെന്നായിരുന്നു ടീമിന്റെ കണക്ക്കൂട്ടൽ എന്നും ഷാക്കിബ് അൽ ഹസന്‍ വ്യക്തമാക്കി.

മികച്ചൊരു മത്സരമായിരുന്നു ഇന്നത്തേതെന്നും ഇരു ടീമുകളും അത് ആസ്വദിച്ചുവെന്നും തനിക്ക് പറയാനാകുമെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.

സമ്മര്‍ദ്ദത്തിലുള്ളത് ദക്ഷിണാഫ്രിക്ക – ഷാക്കിബ്

സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരം ഉപേക്ഷിച്ചത് മൂലം രണ്ട് പോയിന്റ് നേടുവാനുള്ള അവസരം നഷ്ടമായ ദക്ഷിണാഫ്രിക്കയായിരിക്കും ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ സമ്മര്‍ദ്ദത്തിലെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസന്‍.

ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ജീവന്‍ മരണ പോരാട്ടമാണെന്നും അതേ സമയം ഒരു വിജയം ഉള്ള ബംഗ്ലാദേശിന് അത്രമേൽ സമ്മര്‍ദ്ദം കാണില്ലെന്നും ഷാക്കിബ് വ്യക്തമാക്കി. ലോകോത്തര താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടെങ്കിലും പിച്ചിൽ നിന്ന് സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിയ്ക്കും എന്നത് തങ്ങള്‍ക്ക് കാര്യങ്ങള്‍ അനുകൂലം ആക്കുന്നുവെന്നും ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കി.

യു എ ഇ പരമ്പരയിൽ ഷാക്കിബ് കളിക്കില്ല

ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം ടി20 ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് എതിരായ പരമ്പരയിൽ കളിക്കില്ല. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന താരത്തെ അവിടെ കളിക്കാൻ അനുവദിക്കാൻ ആണ് ബംഗ്ലാദേശ് തീരുമാനിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് രണ്ട് ടി20 മത്സരങ്ങൾ ആണ് യു എ ഇയിൽ കളിക്കുക. സെപ്തംബർ 25, 27 തീയതികളിൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഈ പരമ്പരക്ക് ആയുള്ള ടീം ബംഗ്ലാദേശ് പ്രഖ്യാപിച്ചു. നൂറുൽ ഹസൻ ആകും ടീമിനെ നയിക്കുക.

നിലവിൽ വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ ഗയാന ആമസോണിന് വേണ്ടി കളിക്കുകയാണ് ഷാക്കിബ് അൽ ഹസന്

Bangladesh squad: Nurul Hasan (c), Sabbir Rahman, Mehidy Hasan Miraz, Afif Hossain, Mosaddek Hossain, Litton Das, Yasir Ali, Mustafizur Rahman, Mohammad Saifuddin, Taskin Ahmed, Ebadot Hossain, Hasan Mahmud, Najmul Hossain Shanto, Nasum Ahmed, Shoriful Islam, Soumya Sarkar, Rishad Hossain

ഓപ്പണിംഗിൽ മെഹ്‍ദിയെ ഇനിയും ബംഗ്ലാദേശ് പരിഗണിക്കും – ഷാക്കിബ് അൽ ഹസന്‍

ഏഷ്യ കപ്പിൽ നിന്ന് പുറത്തായെങ്കിലും ലിറ്റൺ ദാസിന് ഒരു ഓപ്പണിംഗ് പങ്കാളിയെ കണ്ടെത്തുകയെന്ന ദൗത്യത്തിനായി ബംഗ്ലാദേശ് പരീക്ഷണങ്ങള്‍ തുടരുമെന്ന് അറിയിച്ച് ഷാക്കിബ് അൽ ഹസന്‍. ഏഷ്യ കപ്പിൽ പരിക്ക് കാരണം ലിറ്റൺ ദാസ് കളിച്ചില്ലെങ്കിലും താരം മടങ്ങിയെത്തുമ്പോള്‍ ബംഗ്ലാദേശിനായി ഓപ്പണിംഗ് സ്ഥാനത്ത് പരിഗണിക്കപ്പെടുക ലിറ്റൺ ദാസിനെ തന്നെയായിരുന്നു.

താരത്തിന് ഒപ്പമാരെന്ന ചോദ്യമാണ് ബംഗ്ലാദേശിനെ അലട്ടുന്നത്. തമീം ഇക്ബാൽ ടി20യിൽ നിന്ന് വിരമിച്ച ശേഷം ഓപ്പണിംഗ് ബംഗ്ലാദേശിന് തലവേദന തന്നെയാണ്. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ കളിച്ച അനാമുള്‍ ഹക്കും മുഹമ്മദ് നൈയിമും പരാജയം ആയതോടെ ഇരുവര്‍ക്കും ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ്വസരം ലഭിച്ചില്ല.

ഇതോടെ ബംഗ്ലാദേശ് ഓള്‍റണ്ടര്‍ മെഹ്ദി ഹസന് ആണ് ഓപ്പണിംഗ് ദൗത്യം നൽകിയത്. മാര്‍ച്ച് 2020ൽ തമീം വിരമിച്ചതിന് ശേഷം 38 ടി20 മത്സരങ്ങളിൽ നിന്നായി 14 ഓപ്പണിംഗ് കോമ്പിനേഷനെ ആണ് ബംഗ്ലാദേശ് പരീക്ഷിച്ചത്.

ഈ മത്സരങ്ങളിൽ നൈയിമിനാണ് ഏറ്റവും കൂടുതൽ അവസരം ലഭിച്ചത്. മെഹ്ദി ഹസനെ ഓപ്പണറുടെ റോളിൽ ബംഗ്ലാദേശ് ഏറെക്കാലമായി ആലോചിക്കുന്ന പേരാണെന്നും താരത്തിന് ഇനിയും അവസരം നൽകുമെന്നാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസനും പറഞ്ഞത്.

സ്പിന്നര്‍ നോ ബോള്‍ എറിയുന്നത് കുറ്റകൃത്യം – ഷാക്കിബ് അൽ ഹസന്‍

ക്രിക്കറ്റിൽ സ്പിന്നര്‍ നോ ബോള്‍ എറിയുന്നത് വലിയ കുറ്റകൃത്യമായാണ് താന്‍ കാണുന്നതെന്ന് പറഞ്ഞ് ഷാക്കിബ് അൽ ഹസന്‍. ബംഗ്ലാദേശ് ശ്രീലങ്കയോട് ഏഷ്യ കപ്പിലെ മത്സരം തോറ്റ് പുറത്താകുകയായിരുന്നു.

അവസാന ഓവറിലാണ് അടിയറവ് പറഞ്ഞതെങ്കിലും മത്സരത്തില്‍ വിജയിക്കുവാനുള്ള അവസരം ബംഗ്ലാദേശ് തന്നെ കൈവിടുകയായിരുന്നു. 60 റൺസ് നേടിയ കുശൽ മെന്‍ഡിസിനെ മെഹ്ദി ഹസന്‍ നോ ബോള്‍ എറിഞ്ഞ് ജീവന്‍ ദാനം നൽകിയിരുന്നു.

ഇതിന് മുമ്പ് മെന്‍ഡിസിന്റെ സ്കോര്‍ വെറും 2 റൺസിലുള്ളപ്പോള്‍ ടാസ്കിന്‍ അഹമ്മദിന്റെ ഓവറിൽ താരം നൽകിയ അവസരം മുഷ്ഫിക്കുര്‍ റഹിം കൈവിടുകയായിരുന്നു. നോ ബോളുകള്‍ ഒരു ക്യാപ്റ്റനും ആഗ്രഹിക്കുന്ന ഒന്നല്ല എന്നാൽ അത് ഒരു സ്പിന്നര്‍ ആണ് ചെയ്യുന്നതെങ്കിൽ അത് കുറ്റകൃത്യമായി തന്നെ കാണണെന്നും ഷാക്കിബ് പറഞ്ഞു.

മത്സരത്തിൽ എട്ട് വൈഡുകളും 4 നോ ബോളുകളുമാണ് ബംഗ്ലാദേശ് എറിഞ്ഞത്. സ്പിന്നര്‍മാര്‍ നോ ബോളുകള്‍ എറിഞ്ഞതും തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ നിര്‍ണ്ണായക ഘട്ടങ്ങളിൽ ഔട്ട് ആയതുമാണ് മത്സരത്തിൽ വിനയായതെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.

Exit mobile version