ശ്രീലങ്കയ്‌ക്കെതിരായ ടി20ഐ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ നിന്ന് നജ്മുൽ ഹൊസൈൻ ഷാന്റോയെ ഒഴിവാക്കി


ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20ഐ പരമ്പരയ്ക്കുള്ള 16 അംഗ ബംഗ്ലാദേശ് ടീമിൽ നിന്ന് മുൻ നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോയെ ഒഴിവാക്കി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടർന്നാണ് ഈ തീരുമാനം. അവസാന 20 ഇന്നിംഗ്‌സുകളിൽ ഷാന്റോയ്ക്ക് 50 റൺസ് പോലും നേടാനായിരുന്നില്ല.


ടി20ഐ പരമ്പര ജൂലൈ 10-ന് പല്ലേക്കെലെയിൽ ആരംഭിക്കും. തുടർന്ന് ദാംബുള്ളയിൽ (ജൂലൈ 13), കൊളംബോയിൽ (ജൂലൈ 16) മത്സരങ്ങൾ നടക്കും.


ഒരു വർഷത്തിലേറെയായി ടീമിന് പുറത്തായിരുന്ന ഓൾറൗണ്ടർ മുഹമ്മദ് സൈഫുദ്ദീൻ ടീമിൽ തിരിച്ചെത്തി. പേസർമാരായ ടസ്കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ എന്നിവരും ടീമിൽ ഇടംനേടി. സ്പിന്നർ നസും അഹമ്മദ് സ്ഥാനം നിലനിർത്തിയപ്പോൾ, സൗമ്യ സർക്കാർ, ഹസൻ മഹ്മൂദ്, തൻവിർ ഇസ്ലാം, നഹിദ് റാണ, ഖാലിദ് അഹമ്മദ് എന്നിവർ ഷാന്റോയ്‌ക്കൊപ്പം പുറത്തായി.


ശ്രീലങ്കയോട് ഒരു ഇന്നിംഗ്സ് തോൽവി വഴങ്ങിയതിന് പിന്നാലെ ബംഗ്ലാദേശിന്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ഷാന്റോ, തന്റെ തീരുമാനം ടീമിന്റെ മികച്ച താൽപ്പര്യങ്ങൾക്കാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ടി20ഐ ഫോം കുറച്ചുകാലമായി നിരീക്ഷണത്തിലായിരുന്നു – 2019-ൽ അരങ്ങേറിയതിന് ശേഷം 50 മത്സരങ്ങളിൽ നിന്ന് 987 റൺസ് മാത്രമാണ് ഷാന്റോ നേടിയത്, അതിൽ നാല് അർദ്ധ സെഞ്ച്വറികൾ മാത്രമാണുള്ളത്.
പരമ്പരയിൽ ലിറ്റൺ ദാസ് ടി20ഐ ക്യാപ്റ്റനായി തുടരും.


ശ്രീലങ്കയ്‌ക്കെതിരായ ബംഗ്ലാദേശ് ടി20ഐ ടീം:
ലിറ്റൺ ദാസ് (ക്യാപ്റ്റൻ), തൻസിദ് ഹസൻ തമീം, പർവേസ് ഹൊസൈൻ എമൺ, മുഹമ്മദ് നയീം ഷെയ്ഖ്, തൗഹിദ് ഹൃദോയ്, ജാക്കർ അലി അനിക്, ഷമീം ഹൊസൈൻ പട്വാരി, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹൊസൈൻ, ഷാക്ക് മഹ്ദി ഹസൻ, നസും അഹമ്മദ്, ടസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം, തൻസിം ഹസൻ സാക്കിബ്, മുഹമ്മദ് സൈഫുദ്ദീൻ.

ശ്രീലങ്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെ ബംഗ്ലാദേശ് ടെസ്റ്റ് നായകസ്ഥാനം ഷാന്റോ ഒഴിഞ്ഞു


ശ്രീലങ്കയോട് ടെസ്റ്റ് പരമ്പരയിൽ 1-0 ന് തോറ്റതിന് പിന്നാലെ, ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നജ്മുൽ ഹുസൈൻ ഷാന്റോ ഒഴിഞ്ഞു. ദേശീയ ടീമിന് സ്ഥിരത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. കൊളംബോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 78 റൺസിനും ദയനീയമായി തോറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്.


“എനിക്ക് ടെസ്റ്റ് ഫോർമാറ്റിൽ (ക്യാപ്റ്റനായി) തുടരാൻ ആഗ്രഹമില്ല. ഇത് വ്യക്തിപരമായ തീരുമാനമല്ല – ടീമിന്റെ നന്മയ്ക്ക് വേണ്ടിയാണ്. വ്യത്യസ്ത ഫോർമാറ്റുകളിൽ മൂന്ന് വ്യത്യസ്ത ക്യാപ്റ്റൻമാർ ടീമിന് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു.” മത്സരശേഷം മാധ്യമങ്ങളെ കണ്ട ഷാന്റോ പറഞ്ഞു


തന്റെ തീരുമാനം വികാരപരമോ നിരാശ മൂലമോ അല്ലെന്നും, ടീം ഘടനയിൽ കൂടുതൽ വ്യക്തതയും ശ്രദ്ധയും കൊണ്ടുവരാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഇത് ഉടലെടുത്തതെന്നും ഷാന്റോ വ്യക്തമാക്കി.

ബംഗ്ലാദേശ് ടി20 ക്യാപ്റ്റൻ സ്ഥാനം നജ്മുൽ ഹൊസൈൻ ഷാൻ്റോ രാജിവെച്ചു

നജ്മുൽ ഹൊസൈൻ ഷാൻ്റോ ബംഗ്ലാദേശിൻ്റെ ട്വൻ്റി 20 ഐ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറി. പക്ഷേ താരം ടെസ്റ്റിലും ഏകദിനത്തിലും ദേശീയ ടീമിനെ നയിക്കുന്നത് തുടരും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡൻ്റ് ഫാറൂഖ് അഹമ്മദ് ഷാൻ്റോയുടെ തീരുമാനം സ്ഥിരീകരിച്ചു. ടി20 മത്സരങ്ങൾ അടുത്ത് ഒന്നും ഇല്ലാത്തതിനാൽ പുതിയ ക്യാപ്റ്റനെ ഉടൻ നിയമിക്കേണ്ട ആവശ്യമില്ലെന്ന് ഫാറൂഖ് അഭിപ്രായപ്പെട്ടു.

2024 ഫെബ്രുവരിയിൽ ആയിരുന്നു ഷാന്റോ ടി20 ക്യാപ്റ്റൻ ആയത്. നവംബറിൽ പരിക്ക് മൂലം ഷാൻ്റോ ഇല്ലാതിരുന്നപ്പോൾ ടി20യിൽ ലിറ്റൺ ദാസിനു നേതൃത്വ ചുമതലകൾ കൈമാറിയിരുന്നു. ലിറ്റൺ വെസ്റ്റ് ഇൻഡീസിൽ ടി20 ടീമിനെ 3-0ന് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ലിറ്റൺ അടുത്ത ടി20 ക്യാപ്റ്റൻ ആകാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിൻ്റെ അടുത്ത ടി 20 പരമ്പര, മാർച്ചിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ്.

ബംഗ്ലാദേശ് മികച്ച രീതിയിൽ മുന്നോട്ട്, ലീഡ് 205 റൺസ്, ഷാന്റോയ്ക്ക് ശതകം

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ മികച്ച നിലയിൽ ബംഗ്ലാദേശ്. ടീം 212/3 എന്ന നിലയിലാണ് മൂന്നാം ദിവസം അവസാനിപ്പിച്ചത്. മത്സരത്തിൽ 205 റൺസ് ലീഡാണ് ബംഗ്ലാദേശിന്റെ കൈവശമുള്ളത്. തുടക്കത്തിൽ രണ്ട് വിക്കറ്റുകള്‍ 26 റൺസ് നേടുന്നതിനിടെ നഷ്ടമായെങ്കിലും പിന്നീട് നജ്മുള്‍ ഹൊസൈന്‍ ഷാന്റോ – മോമിനുള്‍ ഹക്ക് കൂട്ടുകെട്ട് ബംഗ്ലാദേശിന്റെ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു.

40 റൺസ് നേടിയ മോമിനുള്‍ ഹക്കിനെ നഷ്ടമാകുമ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 90 റൺസ് കൂട്ടിചേര്‍ത്തിരുന്നു. പിന്നീട് മുഷ്ഫിക്കുര്‍ റഹിം നജ്മുള്‍ ഹൊസൈന് കൂട്ടായി എത്തി ടീമിനെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 96 റൺസാണ് നേടിയത്.

നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 104 റൺസും മുഷ്ഫിക്കുര്‍ റഹിം 43 റൺസും നേടി ക്രീസിൽ നിൽക്കുന്നു.

ഷാന്റോയ്ക്കും ഷാക്കിബിനും ശതകം നഷ്ടം, ബംഗ്ലാദേശിന് 3 വിക്കറ്റ് വിജയം

ശ്രീലങ്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അസലങ്കയുടെ ശതകത്തിന്റെ മികവിൽ 279 റൺസ് നേടിയെങ്കിലും ലക്ഷ്യം ബംഗ്ലാദേശ് 41.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ – ഷാക്കിബ് അൽ ഹസന്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 169 റൺസ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ ആഞ്ചലോ മാത്യൂസ് ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കുകയായിരുന്നു.

ഷാക്കിബ് 82 റൺസ് നേടിയപ്പോള്‍ ഷാന്റോ 90 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും വിജയം തടുത്തുനിര്‍ത്തുവാന്‍ അവര്‍ക്കായില്ല.

ഷാക്കിബും നജ്മുള്‍ ഹൊസൈനും പുറത്തായ ശേഷം മഹമ്മുദുള്ള(22), തൗഹിദ് ഹൃദോയ്(15*) എന്നിവര്‍ നിര്‍ണ്ണായക റണ്ണുകള്‍ നേടി. തന്‍സിം ഹസന്‍ ഷാക്കിബ് 9 റൺസുമായി തൗഹിദിനൊപ്പം പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ദിൽഷന്‍ മധുഷങ്ക മൂന്നും മഹീഷ് തീക്ഷണ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ശതകങ്ങളുമായി മെഹ്ദിയും നജ്മുളും, ബംഗ്ലാദേശിന് മികച്ച സ്കോര്‍

ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 334 റൺസ് നേടി ബംഗ്ലാദേശ്. മെഹ്ദി ഹസന്‍, നജ്മുള്‍ ഹൊസൈന്‍ എന്നിവര്‍ നേടിയ ശതകങ്ങളുടെ മികവിലാണ് ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിയത്.

ഓപ്പണര്‍മാരായ മൊഹമ്മദ് നൈയിമും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്ന് പത്തോവറിൽ 60 റൺസ് ബംഗ്ലാദേശിന് നൽകിയെങ്കിലും നൈമിനെയും തൗഹിദ് ഹൃദോയിയെയും അടുത്തടുത്ത ഓവറുകളിൽ ബംഗ്ലാദേശിന് നഷ്ടമായത് ടീമിന് തിരിച്ചടിയായി. നൈയിം 28 റൺസ് നേടിയപ്പോള്‍ തൗഹിദ് ഡക്ക് ആയി പുറത്തായി.

63/2 എന്ന നിലയിൽ നിന്ന് മെഹ്ദി ഹസന്‍ മിറാസിന്റെയും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെയും ബാറ്റിംഗ് മികവാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 215 റൺസാണ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്. മെഹ്ദി ഹസന്‍ ആദ്യം ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അധികം വൈകാതെ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ശതകം പൂര്‍ത്തിയാക്കി.

മെഹ്ദി 112 റൺസുമായി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 104 റൺസ് നേടി റണ്ണൗട്ട് രൂപത്തിൽ പുറത്തായി. 15 പന്തിൽ 25 റൺസ് നേടി മുഷ്ഫിക്കുര്‍ റഹിമും അവസാന ഓവറുകളിൽ മികവ് പുലര്‍ത്തി. ഷാക്കിബ് അൽ ഹസന്‍ 18 പന്തിൽ പുറത്താകാതെ 32 റൺസും ഷമീം ഹൊസൈന്‍ 6 പന്തിൽ 11 റൺസും നേടി.  അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 30 റൺസാണ് നേടിയത്.

രണ്ടാം ഇന്നിംഗ്സിലും ഷാന്റോയ്ക്ക് ശതകം, ബംഗ്ലാദേശ് ലീഡ് അഞ്ഞൂറിനടുത്ത്

ധാക്കയിൽ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് 255/2 എന്ന നിലയിൽ. ടീമിന് 491 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. 112 റൺസുമായി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും 43 റൺസ് നേടി മോമിനുള്‍ ഹക്കുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് 64 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തിട്ടുള്ളത്.

71 റൺസ് നേടിയ സാക്കിര്‍ ഹസന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് ഇന്ന് നഷ്ടമായത്. താരം റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

നജ്മുള്‍ ഹൊസൈന്‍ ഷാന്റോയ്ക്ക് ശതകം, ബംഗ്ലാദേശ് 362/5 എന്ന നിലയിൽ

അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് മികച്ച സ്കോര്‍. ധാക്കയിലെ ഏക ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 362/5 എന്ന നിലയിലാണ്. രണ്ടാം വിക്കറ്റിൽ ഷാന്റോ – ജോയ് കൂട്ടുകെട്ട് നേടിയ 212 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ അടിത്തറ.

അതിന് ശേഷം വിക്കറ്റുകളുമായി അഫ്ഗാനിസ്ഥാന്‍ തിരിച്ചടിച്ചുവെങ്കിലും ആറാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് അതിശക്തമായ നിലയിലേക്ക് ബംഗ്ലാദേശിനെ നയിച്ചു. 41 റൺസ് നേടി മുഷ്ഫിക്കുര്‍ റഹിമും 43 റൺസ് നേടി മെഹ്ദി ഹസന്‍ മിറാസുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

72 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ ഇതുവരെ നേടിയിട്ടുള്ളത്.

ഏകദിനത്തിന് പിന്നാല ടി20യിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ്

ചന്ദിക ഹതുരുസിംഗേ ബംഗ്ലാദേശ് കോച്ചായി എത്തിയതോടെ വീണ്ടും അത്ഭുതങ്ങള്‍ കാട്ടി ബംഗ്ലാദേശ്. ഇംഗ്ലണ്ടിനെ ടി20യിലും പരാജയപ്പെടുത്തി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഇംഗ്ലണ്ടിനെ 156/6 എന്ന സ്കോറിൽ പിടിച്ചുകെട്ടിയ ശേഷം 4 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ വിജയം ബംഗ്ലാദേശ് ഉറപ്പാക്കുകയായിരുന്നു.

ഫലിപ്പ് സാള്‍ട്ട് – ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് പത്തോവറിൽ 80 റൺസ് നേടിയപ്പോള്‍ 38 റൺസ് നേടിയ സാള്‍ട്ട് പത്താം ഓവറിന്റെ അവസാന പന്തിൽ പുറത്തായി. പിന്നീട് ബാറ്റിംഗ് താളം കണ്ടെത്താനാകാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 67 റൺസ് നേടിയ ജോസ് ബട്‍ലറിന് അവസാന ഓവര്‍ വരെ ക്രീസിൽ നിൽക്കാനാകാതെ പോയതും ടീമിന് കാര്യങ്ങള്‍ പ്രയാസകരമാക്കി. 13 പന്തിൽ 20 റൺസ് നേടിയ ബെന്‍ ഡക്കറ്റിനൊഴികെ മറ്റാര്‍ക്കും രണ്ടക്ക സ്കോര്‍ പോലും നേടാനായില്ല.

ബംഗ്ലാദേശ് ബാറ്റിംഗിൽ 51 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ്(34*), റോണി താലൂക്ദാര്‍(21), തൗഹിദ് ഹൃദോയ്(24) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. 65 റൺസാണ് നജ്മുളും തൗഹിദും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്.

അഞ്ചാം വിക്കറ്റിൽ ഷാക്കിബ് – അഫിഫ് കൂട്ടുകെട്ട് 46 റൺസ് കൂട്ടുകെട്ട് നേടി ടീമിനെ 12 പന്ത് ബാക്കി നിൽക്കേ വിജയത്തിലേക്ക് നയിച്ചു. അഫിഫ് പുറത്താകാതെ 15 റൺസുമായി ക്രീസിലുണ്ടായിരുന്നു.

50 ഓവര്‍ പൂര്‍ത്തിയാക്കാനാകാതെ ബംഗ്ലാദേശ്, മധ്യനിരയുടെ മികവാര്‍ന്ന പ്രകടനത്തിന് ശേഷം തകര്‍ച്ച

ഒരു ഘട്ടത്തിൽ 153/3 എന്ന നിലയിൽ മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ ബംഗ്ലാദേശിനെ 48.5 ഓവറിൽ 246 റൺസിന് ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഷാക്കിബ് അൽ ഹസന്‍, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മുഷ്ഫിക്കുര്‍ റഹിം എന്നിവരുടെ പ്രകടനത്തിന് ശേഷം ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

ലിറ്റൺ ദാസിനെ ആദ്യ ഓവറിലും തമീം ഇക്ബാലിനെ മൂന്നാം ഓവറിലും പുറത്താക്കി സാം കറന്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. പിന്നീട് നജ്മുള്‍ ഹൊസൈന്‍ – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ട് 98 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തുവെങ്കിലും അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ നജ്മുള്‍ റണ്ണൗട്ടായി പുറത്താകുകയായിരുന്നു.

ഷാക്കിബും മുഷ്ഫിക്കുറും ചേര്‍ന്ന് 38 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ മുഷ്ഫിക്കുറിനെ ആദിൽ റഷീദ് മടക്കിയയച്ചു. പിന്നീട് മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും പിടിച്ച് നിന്ന ഷാക്കിബ് 9ാം വിക്കറ്റായാണ് പുറത്തായത്.

ഷാക്കിബ് 75 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഷ്ഫിക്കുര്‍ 70 റൺസും നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 53 റൺസും നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ആദിൽ റഷീദും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി.

ഷാക്കിബിന്റെ പുറത്താകൽ അല്ല തോൽവിയ്ക്ക് കാരണം – നജ്മുള്‍ ഹൊസൈന്‍ ഷാന്റോ

ഷാക്കിബ് അൽ ഹസന്‍ പുറത്തായ സംശയകരമായ രീതിയല്ല ബംഗ്ലാദേശിന്റെ തോൽവിയ്ക്ക് കാരണമെന്നും ടീമിന്റെ ബാറ്റിംഗ് പരാജയപ്പെട്ടതാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തി സെമിയിൽ കടക്കുവാന്‍ ടീമിന് സാധിക്കാതെ വന്നതിന് കാരണം എന്നും പറഞ്ഞ് നജ്മുള്‍ ഹൊസൈന്‍ ഷാന്റോ.

ദക്ഷിണാഫ്രിക്കയെ നെതര്‍ലാണ്ട്സ് പരാജയപ്പെടുത്തിയതോടെ പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരത്തിലെ വിജയികള്‍ സെമിയിൽ കടക്കുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. 73/1 എന്ന നിലയിൽ ബംഗ്ലാദേശ് മികച്ച നിലയിലേക്ക് എത്തിയ ശേഷമാണ് സൗമ്യ സര്‍ക്കാരിനെയും ഷാക്കിബ് അൽ ഹസനെയും ടീമിന് നഷ്ടമായത്.

ഷദബ് ഖാന്‍ സൗമ്യ സര്‍ക്കാരിനെയും ഷാക്കിബ് അൽ ഹസനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ ഷാക്കിബിന്റെ എൽബിഡബ്ല്യു പുറത്താകൽ സംശയാസ്പദകരമായിരുന്നു. പന്ത് ബാറ്റിൽ കൊണ്ടുവെന്നോ അതോ ബാറ്റ് ഗ്രൗണ്ടിൽ തട്ടിയതിന്റെ സ്പൈക്കാണ് സ്നിക്കോമീറ്ററിൽ വന്നതെന്ന് നിര്‍ണ്ണയിക്കുവാന്‍ പ്രയാസമുണ്ടായിരുന്നുവെങ്കിലും തേര്‍ഡ് അമ്പയര്‍ താരത്തെ ഔട്ട് വിധിക്കുകയായിരുന്നു.

എന്നാൽ ഇത് അല്ല ടീമിന്റെ തോൽവിയ്ക്ക് കാരണം എന്നും ബാറ്റിംഗ് നിരയുടെ പരാജയം ആണ് ടീമിന് തിരിച്ചടിയായതെന്നും നജ്മുള്‍ വ്യക്തമാക്കി.

ലീഡ് നേടുവാന്‍ ഇനിയും വേണം 43 റൺസ്, ബംഗ്ലാദേശിന് 6 വിക്കറ്റ് നഷ്ടം

സെയിന്റ് ലൂസിയയിൽ ബംഗ്ലാദേശിന്റെ നില പരുങ്ങലില്‍. രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് കാര്യമായ ചെറുത്ത് നില്പ് ഉയര്‍ത്തുവാനാകാതെ പോയപ്പോള്‍ 132/6 എന്ന നിലയിലാണ് ടീം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍.

ബംഗ്ലാദേശ് ഇപ്പോളും 42 റൺസ് പിന്നിലായാണ് നിലകൊള്ളുന്നത്. കെമര്‍ റോച്ച് മൂന്നും അൽസാരി ജോസഫ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ 42 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഇന്നിംഗ്സ് തോൽവി ഒഴിവാക്കി വീന്‍ഡീസിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ 4 വിക്കറ്റ് കൈവശമുള്ള ബംഗ്ലാദേശിന് സാധിക്കുമോ എന്നതാണ് നാലാം ദിവസത്തെ ആദ്യ സെഷനിൽ ഏവരും ഉറ്റു നോക്കുക. 16 റൺസുമായി നൂറുള്‍ ഹസനും റണ്ണൊന്നുമെടുക്കാതെ മെഹ്ദി ഹസനുമാണ് ക്രീസിലുള്ളത്.

Exit mobile version