ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിലെ അമ്പയറിംഗിലെ പ്രശ്നങ്ങള്‍ ഐസിസിയെ പ്രതിഷേധം അറിയിക്കുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്ക്കെതിരെയുള്ള തങ്ങളുടെ ടീമിന്റെ അഞ്ച് റൺസ് തോൽവിയ്ക്ക് ശേഷം വിരാട് കോഹ്‍ലിയ്ക്കെതിരെ ഫേക്ക് ഫീൽഡിംഗ് ആരോപിച്ച് ബംഗ്ലാദേശ് താരം നൂറുള്‍ ഹസന്‍ എത്തിയിരുന്നു. മത്സരത്തിലെ അമ്പയര്‍മാരായ മറിയസ് എറാസ്മസും ക്രിസ് ബ്രൗണും ഇത് കണ്ടെത്തിയില്ലെന്ന് കാണിച്ച് ഐസിസിയിൽ പരാതിയായി ഈ വിഷയം ഉയര്‍ത്തുമെന്നാണ് ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ടിവിയിൽ ഇത് എല്ലാവരും കണ്ടതാണെന്നും മത്സരസമയത്തും മത്സരത്തിന് ശേഷവും ഇത് എറാസ്മസുമായി ഷാക്കിബ് ചര്‍ച്ച ചെയ്ത വിഷയം ആണെന്നും എന്നാൽ താന്‍ അത് കണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അതിനാൽ റിവ്യു എടുക്കാനാകില്ലെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാല്‍ യൂനുസ് വ്യക്തമാക്കിയത്.

നനഞ്ഞ ഫീൽഡിനെക്കുറിച്ചും ഷാക്കിബ് അമ്പയര്‍മാരോട് പറഞ്ഞിരുന്നുവെന്നും അതും അവര്‍ ചെവിക്കൊണ്ടില്ലെന്നാണ് ബംഗ്ലാദേശിന്റെ പ്രതികരണം. ഇന്ത്യയുടെ ഇന്നിംഗ്സിനിടെ കോഹ്‍ലി അമ്പയര്‍മാരോട് നോ ബോള്‍ ആവശ്യപ്പെട്ടതും ഷാക്കിബും കോഹ്‍ലിയും എറാസ്മസും തമ്മിൽ ചര്‍ച്ച നടത്തേണ്ട സാഹചര്യത്തിലേക്ക് കൊണ്ടുചെന്നിരുന്നു.

ലോകകപ്പ് ഫൈനലിനുള്ള ഒഫീഷ്യലുകളെ തീരുമാനിച്ചു

ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള 2019 ലോകകപ്പ് ഫൈനലിനുള്ള മാച്ച് ഒഫീഷ്യലുകളെ പ്രഖ്യാപിച്ചു. ഇന്നലെ രണ്ടാം സെമിയില്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ കുമാര്‍ ധര്‍മ്മസേനയും മറയസ് ഇറാസ്മസുമാണ് ലോകകപ്പ് ഫൈനലിന് അമ്പയര്‍മാരായി എത്തുക. കുമാര്‍ ധര്‍മ്മസേന ജേസണ്‍ റോയിയ്ക്കെതിരെ തെറ്റായ തീരുമാനം എടുത്തുവെങ്കിലും ധര്‍മ്മസേനയുടെ പൊതുവേയുള്ള മികച്ച അമ്പയറിംഗ് അനുഭവം അദ്ദേഹത്തിന് തുണയായി.

റോഡ് ടക്കര്‍ മൂന്നാം അമ്പയറും അലീം ദാര്‍ നാലാം അമ്പയറുമായി എത്തുമ്പോള്‍ രഞ്ജന്‍ മഡ്ഗുലേയാണ് മാച്ച് റഫറി.

ജേസണ്‍ റോയിയ്ക്ക് വിലക്കില്ല, പിഴ മാത്രം

ഇന്നലെ ഇംഗ്ലണ്ട് ഓസ്ട്രേലിയ സെമി ഫൈനല്‍ മത്സരത്തിനിടെ തെറ്റായ തീരുമാനത്തില്‍ തന്നെ പുറത്താക്കിയതിലെ അമര്‍ഷം മറച്ച് വയ്ക്കാതെ തീരുമാനം അനുസരിക്കാതെ നിന്ന ജേസണ്‍ റോയിയ്ക്കെതിരെ ഐസിസിയുടെ നടപടി. എന്നാല്‍ ഇംഗ്ലണ്ട് ഭയപ്പെട്ട രീതിയില്‍ താരത്തിനെ ഫൈനലില്‍ നിന്ന് വിലക്കുന്നില്ല പകരം 30% മാച്ച് ഫീസ് പിഴയായി ഈടാക്കുവാനാണ് ഐസിസിയുടെ തീരുമാനം. ഇത് കൂടാതെ രണ്ട് ഡിമെറിറ്റ് പോയിന്റും താരത്തിനുമേല്‍ ചുമത്തിയിട്ടുണ്ട്.

65 പന്തില്‍ 85 റണ്‍സ് നേടിയ റോയിയെ തെറ്റായ തീരുമാനത്തിലൂടെയാണ് കുമാര്‍ ധര്‍മ്മസേന ഔട്ട് വിധിച്ചതെന്ന് പിന്നീട് അള്‍ട്ര എഡ്ജില്‍ തെളിയുകയായിരുന്നു. വിധിയ്ക്കെതിരെ പ്രതിഷേധവുമായി നിലകൊണ്ട റോയിയോട് പിന്നീട് അമ്പയര്‍ മറയിസ് ഇറാസ്മസ് ഇടപെട്ടാണ് പുറത്ത് പോകുവാന്‍ ഇടയാക്കിയത്. ഇതിന് മുമ്പ് പുറത്തായ ജോണി ബൈര്‍സ്റ്റോ റിവ്യൂ ഉപയോഗിച്ചതിനാല്‍ തീരുമാനം പുനഃപരിശോധിക്കുവാന്‍ റോയിയ്ക്ക് സാധിച്ചതുമില്ല.

Exit mobile version