Shakibkohlierasmus

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിലെ അമ്പയറിംഗിലെ പ്രശ്നങ്ങള്‍ ഐസിസിയെ പ്രതിഷേധം അറിയിക്കുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്ക്കെതിരെയുള്ള തങ്ങളുടെ ടീമിന്റെ അഞ്ച് റൺസ് തോൽവിയ്ക്ക് ശേഷം വിരാട് കോഹ്‍ലിയ്ക്കെതിരെ ഫേക്ക് ഫീൽഡിംഗ് ആരോപിച്ച് ബംഗ്ലാദേശ് താരം നൂറുള്‍ ഹസന്‍ എത്തിയിരുന്നു. മത്സരത്തിലെ അമ്പയര്‍മാരായ മറിയസ് എറാസ്മസും ക്രിസ് ബ്രൗണും ഇത് കണ്ടെത്തിയില്ലെന്ന് കാണിച്ച് ഐസിസിയിൽ പരാതിയായി ഈ വിഷയം ഉയര്‍ത്തുമെന്നാണ് ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ടിവിയിൽ ഇത് എല്ലാവരും കണ്ടതാണെന്നും മത്സരസമയത്തും മത്സരത്തിന് ശേഷവും ഇത് എറാസ്മസുമായി ഷാക്കിബ് ചര്‍ച്ച ചെയ്ത വിഷയം ആണെന്നും എന്നാൽ താന്‍ അത് കണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അതിനാൽ റിവ്യു എടുക്കാനാകില്ലെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാല്‍ യൂനുസ് വ്യക്തമാക്കിയത്.

നനഞ്ഞ ഫീൽഡിനെക്കുറിച്ചും ഷാക്കിബ് അമ്പയര്‍മാരോട് പറഞ്ഞിരുന്നുവെന്നും അതും അവര്‍ ചെവിക്കൊണ്ടില്ലെന്നാണ് ബംഗ്ലാദേശിന്റെ പ്രതികരണം. ഇന്ത്യയുടെ ഇന്നിംഗ്സിനിടെ കോഹ്‍ലി അമ്പയര്‍മാരോട് നോ ബോള്‍ ആവശ്യപ്പെട്ടതും ഷാക്കിബും കോഹ്‍ലിയും എറാസ്മസും തമ്മിൽ ചര്‍ച്ച നടത്തേണ്ട സാഹചര്യത്തിലേക്ക് കൊണ്ടുചെന്നിരുന്നു.

Exit mobile version