ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷാക്കിബ് അല്‍ ഹസനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അഫ്ഗാന്‍ താരം റഷീദ് ഖാന്‍. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഓള്‍റൗണ്ടറുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ബൗളിംഗ് പ്രകടനവും 87 റണ്‍സും നേടിയത് ആണ് താരത്തിനു മികച്ച മുന്നേറ്റം നടത്തുവാന്‍ സാധിച്ചത്.
ആറ് സ്ഥാനങ്ങളുടെ നേട്ടമാണ് റഷീദ് ഖാന്‍ സ്വന്തമാക്കിയത്. 353 റേറ്റിംഗ് പോയിന്റുള്ള റഷീദ് ഖാന്‍ 341 പോയിന്റുള്ള ഷാക്കിബ് അല്‍ ഹസനെയാണ് മറികടന്നത്. മൂന്നാം സ്ഥാനം അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയ്ക്കാണ്. 337 റേറ്റിംഗ് പോയിന്റാണ് താരത്തിനു സ്വന്തമായുള്ളത്. ന്യൂസിലാണ്ടിന്റെ മിച്ചല്‍ സാന്റനര്‍(317), പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസ്(306) എന്നിവരാണ് ആദ്യ 5 സ്ഥാനങ്ങളിലുള്ളത്.
ഏഷ്യ കപ്പിനിടെ ബംഗ്ലാദേശ് ടീമില്‍ നിന്ന് നാട്ടിലേക്ക് പരിക്ക് മൂലം മടങ്ങിയ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയയ്ക്കായി താരം അമേരിക്കയിലേക്ക് യാത്രയാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വേദന സഹിക്കാനാകാതെ താരത്തെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.
വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ഉടനടി താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് കരുതിയതെങ്കിലും ബിസിബിയുടെ നിര്‍ദ്ദേശപ്രകാരം ഏഷ്യ കപ്പിനു ശേഷം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരെയുള്ള സുപ്രധാന മത്സരത്തിനു തൊട്ടുമുമ്പ് താരത്തിന്റെ വേദന അസഹ്യമാകുകയും തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകില്ലെന്ന് മനസ്സിലായി നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
പാക്കിസ്ഥാനെതിരെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നിന്ന് പരിക്ക് മൂലം വിട്ട് നിന്ന ഷാക്കിബ് അല്‍ ഹസന് ഫൈനലിനു പുറമേ സിംബാബ്‍വേ പരമ്പരയും നഷ്ടമാകുമെന്ന് ഉറപ്പായി. ഏറെക്കാലമായി തന്റെ കൈ വിരലിനേറ്റ പരിക്കിന്റെ ശസ്ത്രക്രിയ ബോര്‍ഡിന്റെ ആവശ്യപ്രകാരം താരം മാറ്റി വയ്ക്കുകയായിരുന്നു. നേരത്തെ ഏഷ്യ കപ്പിനു മുമ്പ് ശസ്ത്രക്രിയ നടത്തുവാന്‍ താരം തീരുമാനിച്ചുവെങ്കിലും ബംഗ്ലാദേശ് ബോര്‍ഡ് ചീഫ് നസ്മുള്‍ ഹസന്റെ ആവശ്യ പ്രകാരം അത് നീട്ടി വയ്ക്കുകയായിരുന്നു. പ്രത്യേക ആവശ്യ പ്രകാരം മാത്രമാണ് താരം ഏഷ്യ കപ്പില്‍ പങ്കെടുക്കുവാനും തീരുമാനിച്ചത്.
അതേ സമയം പരിക്ക് ഏറെ വഷളായതോടെ ഷാക്കിബിനു പാക്കിസ്ഥാനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ പങ്കെടുക്കാനായിരുന്നില്ല. താരം ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഫൈനലിലേക്ക് യോഗ്യത നേടിയ ബംഗ്ലാദേശിനു ഷാക്കിബ് ഇല്ലാതെ തന്നെ ഇന്ത്യയെ നേരിടേണ്ടി വരും. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 14 വരെ നടക്കുന്ന ബംഗ്ലാദേശിന്റെ നാട്ടിലെ സിംബാബ്‍വേ പരമ്പരയില്‍ താരം ഇനി കളിക്കുകയില്ലെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.
കുറഞ്ഞത് നാല് മുതല്‍ ആറ് ആഴ്ച വരെ താരം വിശ്രമത്തിലായിരിക്കുമെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വേദനയിലായിരുന്ന താരത്തിനെ മത്സര സജ്ജമാക്കുവാന്‍ ഫിസിയോയുടെ ശ്രമങ്ങളുണ്ടായിരുന്നുവെങ്കില്‍ വേദനയുടെ ഏറെ വര്‍ദ്ധിച്ചതിനാല്‍ ഷാക്കിബ് ഈ തീരുമാനം എടുക്കുകയായിരുന്നുവെന്നും ബോര്‍ഡ് അംഗം അറിയിച്ചു. ടൂര്‍ണ്ണമെന്റിലെ ആദ്യ നാല് മത്സരങ്ങളും താരം ഈ വേദന കടിച്ചമര്‍ത്തിയാണ് കളിച്ചതെന്നും ബിസിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വെളിപ്പെടുത്തി.
ഏഷ്യ കപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിനെ 136 റണ്‍സിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 95 റണ്‍സിന്റെ ബലത്തില്‍ മത്സരം കീഴ്മേല്‍ മറിച്ച അഫ്ഗാനിസ്ഥാന്‍ ആ ആത്മവിശ്വാസം ബൗളിംഗിലേക്കും നീട്ടി. 43/4 എന്ന നിലയിലേക്ക് ബംഗ്ലാദേശിനെ തള്ളിയിട്ട അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും ബംഗ്ലാദേശിനു മേല്‍ക്കൈ നല്‍കിയില്ല. 42.1 ഓവറുകളില്‍ ബംഗ്ലാദേശ് 119 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
ഷാക്കിബ് അല്‍ ഹസന്‍ 32 റണ്‍സ് നേടി ടോപ് സ്കോററായി പുറത്തായപ്പോള്‍ മഹമ്മദുള്ള 27 റണ്‍സ് നേടി. 26 റണ്‍സുമായി മൊസ്ദൈക്ക് ഹുസൈന്‍ സൈക്കത്ത് പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാനു വേണ്ടി ഗുല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും റഹ്മത് ഷാ, മുഹമ്മദ് നബി, അഫ്താബ് അലം എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ബംഗ്ലാദേശിനെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ 255 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍255 റണ്‍സ് നേടുകയായിരുന്നു. ബംഗ്ലാദേശിനെതിരെ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ അഫ്ഗാന്‍ ബാറ്റിംഗ് നിര 160/7 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിന്റെ സ്കോര്‍ 200 കടത്തിയത്. 95 റണ്‍സാണ് കൂട്ടുകെട്ടില്‍ റഷീദ് ഖാനും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് നേടിയത്. റഷീദ് ഖാന്‍ 32 പന്തില്‍ നിന്ന് 57 റണ്‍സും നൈബ് 42 റണ്‍സും നേടി പുറത്താകാതെ നിന്നു.
ഹസ്മത്തുള്ള ഷഹീദിയുടെ അര്‍ദ്ധ ശതകവും(58) മുഹമ്മദ് ഷെഹ്സാദിന്റെ 37 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാന്‍ നിര പരാജയപ്പെടുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കുവാന്‍ ബംഗ്ലാദേശിനു സാധിച്ചുവെങ്കിലും അവസാന ഓവറുകളില്‍ ശക്തമായ തിരുച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്.
എട്ടാം വിക്കറ്റില്‍ 95 റണ്‍സ് നേടി ഗുല്‍ബാദിന്‍ നൈബ്-റഷീദ് ഖാന്‍ കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ബംഗ്ലാദേശിനു വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റും അബു ഹൈദര്‍ റോണി രണ്ടും വിക്കറ്റ് നേടി. റൂബല്‍ ഹൊസൈനാണ് ഒരു വിക്കറ്റ്.
ഷാക്കിബ് ഏഷ്യ കപ്പ് നഷ്ടപ്പെടുത്തുന്നതിനോട് തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് നസ്മുള്‍ ഹസന്‍ തന്റെ മുന്‍ നയത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നു. താരത്തിനു ശസ്ത്രക്രിയ അനിവാര്യമാണെങ്കിലും ഏഷ്യ കപ്പിനു പകരം സിംബാബ്‍വേ പരമ്പരയ്ക്കിടയ്ക്ക് ശസ്ത്രക്രിയ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു നേരത്തെ നസ്മുള്‍ ഹസന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തീരുമാനം ഷാക്കിബ് അല്‍ ഹസനു എടുക്കാമെന്നാണ് നസ്മുള്‍ പറയുന്നത്.
സെപ്റ്റംബര്‍ 15 മുതല്‍ 28 വരെയുള്ള ടൂര്‍ണ്ണമെന്റിനായുള്ള 31 അംഗ പ്രാഥമിക സ്ക്വാഡില്‍ ഷാക്കിബിനെയും ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഷാക്കിബ് താന്‍ പാതി ഫിറ്റായി കളിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ഏഷ്യ കപ്പിനു മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാനുമാണ് തന്റെ ആഗ്രഹമെന്നും ബംഗ്ലാദേശ് ഏകദിന നായകന്‍ അറിയിച്ചിരുന്നു.
ബംഗ്ലാദേശ് ടെസ്റ്റ്, ഏകദിന നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഏഷ്യ കപ്പില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യത കുറവ്. താരം തന്റെ പരിക്കേറ്റ വിരലിനു ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ തയ്യാറെടുക്കുന്നതിനാലാണ് ഇത്. ജനുവരിയില്‍ സിംബാബ്‍വേ, ശ്രീലങ്ക എന്നിവര്‍ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള ഫൈനലിനിടെയാണ് താരത്തിനു പരിക്കേറ്റത്.
അതിനു ശേഷം ശ്രീലങ്കയ്ക്കെതിരെ രണ്ട് ടെസ്റ്റ് പരമ്പരയും രണ്ട് ഏകദിനങ്ങളും താരത്തിനു നഷ്ടമായി. നിദാഹസ് ട്രോഫിയ്ക്കിടെയാണ് പിന്നീട് താരം തിരിച്ച് ടീമിലെത്തിയത്. ഇപ്പോള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനോട് ശസ്ത്രക്രിയ ആവശ്യപ്പെട്ടാല്‍ താരത്തിനു ഏഷ്യ കപ്പ് കളിക്കാനായേക്കില്ല.
വിന്‍ഡീസിനെതിരെ 12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്. ഇതോടെ ടി20 പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. തമീം ഇക്ബാല്‍(74), ഷാക്കിബ് അല്‍ ഹസന്‍(60) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 159/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.
ആന്‍ഡ്രേ ഫ്ലെച്ചര്‍(43), റോവ്മന്‍ പവല്‍(43) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ബൗളിംഗില്‍ ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, നസ്മുള്‍ ഇസ്ലാം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഷാക്കിബിനു രണ്ട് വിക്കറ്റ് ലഭിച്ചു.
സീനിയര്‍ താരങ്ങളായ തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും തിളങ്ങിയ ഫ്ലോറിഡയിലെ രണ്ടാം ടി20 മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ടോസ് നേടിയ വിന്‍ഡീസ് ബംഗ്ലാദേശിനോട് ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ടീം 171 റണ്‍സ് നേടിയത്. തുടക്കത്തില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശ് 4ാം വിക്കറ്റ് കൂട്ടുകെട്ടില്‍ തമീം ഇക്ബാല്‍ – ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട് നേടിയ 90 റണ്‍സിന്റെ ബലത്തില്‍ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു.
44 പന്തില്‍ നിന്ന് 74 റണ്‍സമാണ് തമീം ഇക്ബാല്‍ നേടിയത്. 6 ബൗണ്ടറിയും 4 സിക്സുമാണ് താരം നേടിയത്. ഷാക്കിബ് 38 പന്തില്‍ 60 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്തായി. മഹമ്മദുള്ള 13 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആഷ്‍ലി നഴ്സ്, കീമോ പോള്‍ എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വീതം വിക്കറ്റ് നേടി. ആന്‍ഡ്രേ റസ്സലിനാണ് ഒരു വിക്കറ്റ്.
വിന്‍ഡീസ് ടി20 പരമ്പരയ്ക്ക് ശേഷം ഷാക്കിബ് അല്‍ ഹസന്‍ തന്റെ കൈ വിരലിനേറ്റ പരിക്കിനു ശുശ്രൂഷയായി ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ച്. സിംബാബ്‍വേ, ശ്രീലങ്ക എന്നീ ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിലാണ് താരത്തിനു പരിക്കേറ്റത്. ഇപ്പോള്‍ വേദന സംഹാരികളുടെ ആശ്രയത്തിലാണ് പരിക്കിന്റെ വേദനയെ അതിജീവിച്ച് വിന്‍ഡീസ് പരമ്പരയില്‍ താരം കളിച്ച് വരുന്നത്.
നാട്ടില്‍ മടങ്ങിയെത്തിയ ഉടനെ സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബംഗ്ലാദേശ് ടീമിന്റെ മെഡിക്കല്‍ സംഘം അറിയിച്ചു. ശ്രീലങ്കയ്ക്കെതിരെ ജനുവരിയില്‍ ഫൈനലിനിടെയാണ് ഷാക്കിബിന്റെ ഇടം കൈയ്യില്‍ പരിക്കേറ്റത്. അതിനെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്നും നിദാഹസ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം വിട്ട് നിന്നിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയ ശേഷം ശസ്ത്രക്രിയയുടെ തീയ്യതി തീരുമാനിക്കും എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. സെപ്റ്റംബറിലെ ഏഷ്യ കപ്പും സിംബാബ്‍വേ, വിന്‍ഡീസ് എന്നിവരുമായുള്ള നാട്ടിലെ പരമ്പരയുമാണ് അടുത്തതായി ബംഗ്ലാദേശിന്റെ അന്താരാഷ്ട്ര ഫിക്സ്ച്ചറുകള്‍.
ആന്‍ഡ്രേ റസ്സലിനെ പോലെ പവര്‍ ഹിറ്റിംഗിനു പേരുകേട്ടൊരു താരം തന്റെ ടീമില്‍ ഇല്ലാതെ പോയതാണ് ആദ്യ ടി20യിലെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍. തന്റെ ടീമില്‍ ആന്‍ഡ്രേ റസ്സലിനെപ്പോലൊരു താരമുണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെയെന്നാണ് ആദ്യ മത്സരത്തിലെ തോല്‍വിയെക്കുറിച്ച് ഷാകിബ് പറഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒരു ഘടത്തില്‍ 11 ഓവറില്‍ 100/1 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ടീം പ്രതിരോധത്തിലായി. ആ സന്ദര്‍ഭത്തില്‍ റസ്സലിനെപ്പോലൊരു താരമുണ്ടെങ്കില്‍ മാത്രമേ തിരിച്ച് മികച്ച സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ സാധിക്കുകയുള്ളു. അതുപോലൊരു താരം ബംഗ്ലാദേശിനില്ലായെന്നത് തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.
അവസാന ഓവറില്‍ ജയിക്കാന്‍ 8 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിനു വേണ്ടി സെറ്റ് ബാറ്റ്സ്മാന്‍ മുഷ്ഫികുര്‍ റഹിം ക്രീസിലുണ്ടായിരുന്നുവെങ്കിലും അവസാന ഓവറില്‍ പിഴച്ച് ബംഗ്ലാദേശ്. ഓവറിന്റെ ആദ്യ പന്തില്‍ തന്നെ 68 റണ്‍സ് നേടിയ മുഷ്ഫികുറിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ജയം തന്റെ പക്ഷത്തേക്കാക്കുകയായിരുന്നു. തുടര്‍ന്ന് കൂറ്റനടികള്‍ക്ക് മറ്റുതാരങ്ങള്‍ക്ക് കഴിയാതെ വന്നപ്പോള്‍ വിന്‍ഡീസ് മൂന്ന് റണ്‍സിനു ജയം സ്വന്താക്കി. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ ഇരു ടീമുകളും പരമ്പരയില്‍ ഒരു മത്സരം വീതം ജയിച്ച് സമനിലയില്‍ നില്‍ക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ നിന്ന് 271 റണ്‍സാണ് നേടിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 93 പന്തില്‍ നിന്ന് നേടിയ 125 റണ്‍സിനൊപ്പം റോവ്മന്‍ പവല്‍ 44 റണ്‍സ് നേടി പിന്തുണ നല്‍കി. എന്നാല്‍ അവസാന ഓവറുകളില്‍ ബംഗ്ലാദേശ് ബൗളിംഗിനു മുന്നില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട വിന്‍ഡീസ് 49.3 ഓവറില്‍ 271 റണ്‍സിനു ഓള്‍ഔട്ട് ആയി.
മൂന്നാം വിക്കറ്റില്‍ ക്രീസിലെത്തിയ ഹെറ്റ്മ്യര്‍ അവസാന വിക്കറ്റായാണ് പുറത്തായത്. റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റും ഷാകിബ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മഷ്റഫേ മൊര്‍തസ, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
തമീം ഇക്ബാല്‍, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫികുര്‍ റഹിം, മുഹമ്മദുള്ള എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇവരുടെ സ്കോറുകള്‍ വലിയ സ്കോറിലേക്ക് നയിക്കാന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ടീം വിജയം കൈവിട്ടത്. മുഷ്ഫികുര്‍ റഹിം 68 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍(54), ഷാകിബ് അല്‍ ഹസന്‍(56) എന്നിവരും മികവ് പുലര്‍ത്തി. മഹമ്മദുള്ള 39 റണ്‍സ് നേടി.
വിന്‍ഡീസിനു വേണ്ടി ഓരോ വിക്കറ്റുമായി അല്‍സാരി ജോസഫ്, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, കീമോ പോള്‍, ദേവേന്ദ്ര ബിഷൂ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.