ഓള്‍റൗണ്ട് മികവുമായി ഷാക്കിബ്, പരമ്പരയില്‍ ഒപ്പമെത്തി ബംഗ്ലാദേശ്

ഷാക്കിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവില്‍ 36 റണ്‍സിന്റെ ജയം സ്വന്തമാക്കി വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ഒപ്പമെത്തി ബംഗ്ലാദേശ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടുകയായിരുന്നു. ലിറ്റണ്‍ ദാസ്(60) ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ് അല്‍ ഹസനും(42*) മഹമ്മദുള്ളയും(43*) പുറത്താകാതെ നിന്ന് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചു. കൂടാതെ സൗമ്യ സര്‍ക്കാര്‍ 32 റണ്‍സ് നേടി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 19.2 ഓവറില്‍ 175 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. 50 റണ്‍സ് നേടിയ റോവ്മന്‍ പവലും 36 റണ്‍സ് നേടിയ ഷായി ഹോപുമാണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. 5 വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനാണ് വിന്‍ഡീസ് ചെയിസിംഗിനു തടയിട്ടത്. തന്റെ നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഷാക്കിബിന്റെ 5 വിക്കറ്റ് നേട്ടം.

ഓള്‍റൗണ്ട് മികവുമായി വിന്‍ഡീസ്, ടി20 ജയം 10.5 ഓവറില്‍

ഷെല്‍ഡണ്‍ കോട്രെല്‍ ബൗളിംഗിലും ഷായി ഹോപ് ബാറ്റിംഗിലും തിളങ്ങിയ മത്സരത്തില്‍ ആധികാരിക വിജയവുമായി ടി20 പരമ്പര ആരംഭിച്ച വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ 8 വിക്കറ്റ് വിജയം നേടിയ സന്ദര്‍ശകര്‍ 10.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്. ഷായി ഹോപ് 23 പന്തില്‍ 55 റണ്‍സ് നേടിയപ്പോള്‍ കീമോ പോള്‍(28*), നിക്കോളസ് പൂരന്‍(23*) എന്നിവര്‍ വിജയികള്‍ക്കായി പുറത്താകാതെ നിന്നു. 18 റണ്‍സ് നേടിയ എവിന്‍ ലൂയിസ് ആണ് പുറത്തായ മറ്റൊരു താരം. 6 സിക്സും 3 ഫോറുമടക്കമാണ് ഷായി ഹോപിന്റെ വെടിക്കെട്ട് പ്രകടനം. 16 പന്തില്‍ തന്റെ അര്‍ദ്ധ ശതകം ഹോപ് പൂര്‍ത്തിയാക്കിയിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 129 റണ്‍സിനു ഓള്‍ഔട്ട് ആക്കുവാന്‍ വിന്‍ഡീസിനു സാധിച്ചു. 19 ഓവറില്‍ അവസാനിച്ച ബംഗ്ലാദേശ് ഇന്നിംഗ്സില്‍ 61 റണ്‍സ് നേടി ഷാക്കിബ് അല് ഹസന്‍ ടോപ് സ്കോറര്‍ ആയി. ഷെല്‍ഡണ്‍ കോട്രെല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ കീമോ പോള്‍ രണ്ടും ഒഷെയ്‍ന്‍ തോമസ്, കാര്‍ലോസ് ബ്രാത്‍വെയ്റ്റ്, ഫാബിയന്‍ അല്ലെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ബംഗ്ലാദേശ് ടെസ്റ്റില്‍ ശരിയായ ദിശയില്‍: ഷാക്കിബ് അല്‍ ഹസന്‍

വമ്പന്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയിരുന്ന ടീമില്‍ നിന്ന് വമ്പന്‍ വിജയം നേടുന്ന ടീമായി മാറിയ ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ ശരിയായ ദിശയിലാണ് യാത്ര ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ട് ടീം നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലാദേശ് വിന്‍ഡീസില്‍ ചെന്ന് കൂറ്റന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷം മറുപടി പരമ്പരയില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് വിന്‍ഡീസിനെതിരെ 2-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കിയിരുന്നു.

വിന്‍ഡീസിലെ പ്രകടനത്തിനു ശേഷം ടീമിനു അതേ എതിരാളികളോട് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നായിരുന്നു പലരും കരുതിയതെന്ന് പറഞ്ഞ ഷാക്കിബ്, തങ്ങള്‍ക്ക് ഹോം ഗ്രൗണ്ട് ആനുകൂല്യം തീര്‍ച്ചയായും ഉണ്ടായിരുന്നുവെന്നും തുറന്നു പറഞ്ഞു. വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് തന്നെ തങ്ങള്‍ക്കൊരു ചരിത്ര നിമിഷമായിരുന്നുവെന്നാണ് ഷാക്കിബ് അഭിപ്രായപ്പെട്ടത്.

വിന്‍ഡീസിനെതിരെയുള്ള ഈ പരമ്പര ജയം സൂചിപ്പിക്കുന്നത് തങ്ങള്‍ ശരിയായ ദിശയിലാണെന്നതാണെന്നും ഷാക്കിബ് പറഞ്ഞു. ഈ വിജയം ഏറെ പ്രത്യേകതകളുള്ളതാണെന്നും ഷാക്കിബ് വ്യക്തമാക്കി.

ഏകദിനങ്ങള്‍ക്കായി തമീമും ഷാക്കിബും മടങ്ങിയെത്തുന്നു

ബംഗ്ലാദേശിന്റെ ഏകദിന ടീമുകളിലേക്ക് തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും മടങ്ങിയെത്തുന്നു. വിന്‍‍ഡീസിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണ് ഇന്ന് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ തമീം ഏറെ നാളായി കളത്തിനു പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ധാക്കയില്‍ ഡിസംബര്‍ 9നു ആരംഭിയ്ക്കും. 11, 14 തീയ്യതികളാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ബംഗ്ലാദേശ്: മഷ്റഫെ മൊര്‍തസ, തമീം ഇക്ബാല്‍ ഇമ്രുല്‍ കൈസ്, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, നസ്മുള്‍ ഇസ്ലാം അപു, മുഹമ്മദ് മിഥുന്‍, സൈഫ് ഉദ്ദിന്‍, അബു ഹൈദര്‍ റോണി, ആരിഫുള്‍ ഹക്ക്

508 റണ്‍സിനു ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, 136 റണ്‍സുമായി മഹമ്മദുള്ള

വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. 508 റണ്‍സാണ് ടീം ആദ്യ ഇന്നിംഗ്സില്‍ നേടിയത്. മഹമ്മദളുള്ളയുടെ 136 റണ്‍സിന്റെയും ഷാക്കിബ് അല്‍ ഹസന്‍(80), ലിറ്റണ്‍ ദാസ്(54) എന്നിവരുടെയും മികവിലാണ് രണ്ടാം ദിവസം ബാറ്റിംഗില്‍ ബംഗ്ലാദേശ് തിളങ്ങിയത്. ആദ്യ ദിവസം അരങ്ങേറ്റക്കാരന്‍ ഷദ്മാന്‍ ഇസ്ലാം 76 റണ്‍സുമായി മികച്ച് നിന്നിരുന്നു.

വിന്‍ഡീസിനായി ക്രെയിഗ് ബ്രാത്‍വൈറ്റ്, ജോമല്‍ വാരിക്കന്‍, ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച് എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

പടുകൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്

മഹമ്മദുള്ളയുടെ ശതകത്തിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ കൂടി നേടിയപ്പോള്‍ ബംഗ്ലാദേശ് രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 471/8 എന്ന നിലയിലാണ്. 111 റണ്‍സുമായി ബാറ്റ് ചെയ്യുന്ന മഹമ്മദുള്ളയ്ക്കൊപ്പം 26 റണ്‍സുമായി തൈജുള്‍ ഇസ്ലാമാണ് കൂട്ടായി ക്രീസിലുള്ളത്.

ാക്കിബ് 8 റണ്സ് നേടിയപ്പോള്‍ ലിറ്റണ്‍ ദാസ് 54 റണ്‍സ് നേടി.

അരങ്ങേറ്റം അവിസ്മരണീയമാക്കി ഷദ്മാന്‍ ഇസ്ലാം, ബംഗ്ലാദേശിനു ആദ്യ ദിവസം ഭേദപ്പെട്ട സ്കോര്‍

തന്റെ അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയ ഷദ്മാന്‍ ഇസ്ലാമിന്റെയും പുറത്താകാതെ നില്‍ക്കുന്ന നായകന്‍ ഷാക്കിബ് അല്‍ ഹസന്റെയും മികവില്‍ വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 259/5 എന്ന സ്കോറാണ് ആതിഥേയര്‍ നേടിയിട്ടുള്ളത്. ടീമിലെ ബാറ്റ്സ്മാന്മാരെല്ലാം ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.

ഷദ്മാന്‍ ഇസ്ലാം 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ് അല്‍ ഹസനും(55*) മഹമ്മദുള്ളയും(31*) ആണ് ക്രീസില്‍ നില്‍ക്കുന്നത്. മുഹമ്മദ് മിഥുനും മോമിനുള്‍ ഹക്കും 29 റണ്‍സ് നേടി പുറത്താകുകയായിരുന്നു. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ രണ്ടും കെമര്‍ റോച്ച്, ഷെര്‍മോണ്‍ ലൂയിസ്, റോഷ്ടണ്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബംഗ്ലാദേശ് 125നു പുറത്ത്, വിന്‍ഡീസ് തകര്‍ന്നടിഞ്ഞു

ചിറ്റഗോംഗ് ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ വിന്‍ഡീസ് പരാജയ ഭീതിയില്‍. മൂന്നാം ദിവസം ആദ്യ സെഷനില്‍ മാത്രം 9 വിക്കറ്റുകളാണ് വീണത്. ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ 204 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് 11/4 എന്ന നിലയിലാണ്. തൈജുല്‍ ഇസ്ലാമും ഷാക്കിബ് അല്‍ ഹസനും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

നേരത്തെ രണ്ടാം ഇന്നിംഗ്സ് 55/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് 70 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. 31 റണ്‍സ് നേടിയ മഹമ്മദുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. മെഹ്ദി ഹസന്‍ 18 റണ്‍സും മുഷ്ഫിക്കുര്‍ റഹിം 19 റണ്‍സും നേടി. വിന്‍ഡീസിനായി നാല് വിക്കറ്റുമായി ദേവേന്ദ്ര ബിഷൂ വിക്കറ്റ് നേട്ടത്തില്‍ മുന്നില്‍ നിന്നു. റോഷ്ടണ്‍ ചേസ് മൂന്നും ജോമല്‍ വാരിക്കന്‍ രണ്ടും വിക്കറ്റ് നേടി.

ആദ്യ ടെസ്റ്റ് കളിക്കേണമോ വേണ്ടയോ എന്ന് ഷാക്കിബ് തീരുമാനിക്കുക അവസാന നിമിഷം

വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് നായകന്‍ കളിക്കുമോ ഇല്ലയോ എന്നത് താരം അവസാന നിമിഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്ന് അഭിപ്രായപ്പെട്ട് ഷാക്കിബ് അല്‍ ഹസന്‍. തന്റെ തീരുമാനം ഇപ്പോള്‍ പറയാനാകില്ലെന്നും അതിനു അവസാന നിമിഷം വരെ കാത്തിരിക്കേണ്ടതായുണ്ടെന്നും ഷാക്കിബ് അഭിപ്രായപ്പെടുകയായിരുന്നു.

രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരിയലെ ആദ്യത്തേത് നവംബര്‍ 22നു ചിറ്റഗോംഗില്‍ ആരംഭിക്കാനിരിക്കെയാണ് താരത്തിന്റെ ഈ തീരുമാനം. താനിപ്പോള്‍ കളിക്കുക സംശയത്തിലാണെന്ന് പറഞ്ഞ ഷാക്കിബ് ഫിറ്റ്നെസ് ടെസ്റ്റ് പാസായിട്ടുണ്ടെന്നും അറിയിച്ചു.

ഷാക്കിബ് മടങ്ങിയെത്തുന്നു ബംഗ്ലാദേശിനെ നയിക്കാനായി

സിംബാബ്‍വേ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്ക് മൂലം വിട്ട് നിന്ന ഷാക്കിബ് അല്‍ ഹസന്‍ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് മടങ്ങിയെത്തി. ടീമിനെ ഷാക്കിബ് തന്നെ നയിക്കും. നവംബര്‍ 22നു ചിറ്റഗോംഗില്‍ ആരംഭിക്കുന്ന ടെസ്റ്റിലേക്കുള്ള 13 അംഗ സ്ക്വാഡിനെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യ കപ്പിനിടെ പരിക്ക് വഷളായി വിടവാങ്ങിയ താരം പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. പാക്കിസ്ഥാനെതിരെയുള്ള സൂപ്പര്‍ 4 മത്സരത്തിനു മുമ്പാണ് ഏഷ്യ കപ്പില്‍ നിന്ന് ഷാക്കിബ് മടങ്ങിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2017ല്‍ അവസാനമായി ടെസ്റ്റ് കളിച്ച സൗമ്യ സര്‍ക്കാര്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം ലിറ്റണ്‍ ദാസിനെ ടീമില്‍ നിന്ന് ഒഴിവാക്കി.

സ്ക്വാ‍ഡ്: ഷാക്കിബ് അല്‍ ഹസന്‍, സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ കൈസ്, മുഹമ്മദ് മിഥുന്‍, മോമിനുള്‍ ഹക്ക്, മുഷ്ഫിക്കുര്‍ റഹിം, ആരിഫുള്‍ ഹക്ക്, മഹമ്മദുള്ള, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, തൈജുല്‍ ഇസ്ലാം, സയ്യദ് ഖാലിദ് അഹമ്മദ്, നയീം ഹസന്‍

പരിക്ക് ഭേദമാകില്ലെന്ന ഭീതിയില്‍ ഷാക്കിബ് അല്‍ ഹസന്‍

തന്റെ വിരലിനേറ്റ പരിക്ക് ഇനിയൊരിക്കലും ഭേദമാകില്ലെന്ന ഭീതിയില്‍ ഷാക്കിബ് അല്‍ ഹസന്‍. പരിക്കേറ്റ് വിരല്‍ പഴയത് പോലെ ആകില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഷാക്കിബ് എന്നാല്‍ ശസ്ത്രക്രിയ തന്നെ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് എത്തിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. വിരലിനേറ്റ അണുബാധയാണ് ഏറ്റവും വലിയ ഭീഷണിയെന്നാണ് താരത്തിന്റെ അഭിപ്രായം.

അമേരിക്കയിലേക്ക് സെപ്റ്റംബര്‍ 27നു ശസ്ത്രക്രിയയ്ക്കായി പറക്കാനിരുന്ന ഷാക്കിബ് നാട്ടിലെത്തിയ ശേഷം അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. എന്നാല്‍ അത് കൈവിരലിലെ അണുബാധയെത്തുടര്‍ന്നുണ്ടായ ചലം നീക്ക ചെയ്യാനായിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിനെത്തുടര്‍ന്ന് പ്രധാന ശസ്ത്രക്രിയ വൈകുകയും മൂന്ന് മാസം വരെ താരം ക്രിക്കറ്റിനു പുറത്തിരിക്കേണ്ട അവസ്ഥയും വരികയായിരുന്നു.

മൂന്ന് നാല് ആഴ്ച കൂടി കഴിഞ്ഞ ശേഷം മാത്രമേ താരത്തിനു ഇനി വിരലിന്റെ ശസ്ത്രക്രിയയെക്കുറിച്ച് ചിന്തിക്കാനാകുള്ളു. അതേ സമയം അണുബാധ കൈക്കുഴ വരെ ബാധിച്ചിരുന്നുവെന്നാണ് അറിയുന്നത്.

ഷാക്കിബ് മൂന്ന് മാസത്തേക്ക് ക്രിക്കറ്റിനു പുറത്ത്

ഏഷ്യ കപ്പിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഷാക്കിബ് അല്‍ ഹസനു അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയ വേണ്ടി വരികയായാിരുന്നു. ഇപ്പോള്‍ ലഭിയ്ക്കുന്ന വിവര പ്രകാരം താരത്തിനു കുറഞ്ഞത് മൂന്ന് മാസമെങ്കിലും വിശ്രമം വേണമെന്നാണ് അറിയുന്നത്. ശസ്ത്രക്രിയ വൈകിയതാണ് നീണ്ട കാലയളവ് വിശ്രമത്തിനായി ആവശ്യമായി വരുന്ന സാഹചര്യം ഷാക്കിബിന്റെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോള്‍ അറിയുന്നത് താരത്തിന്റെ കൈയ്യിലെ പഴുപ്പ് നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ നടന്നതെന്നും അണുബാധ മാറിയ ശേഷം മാത്രമേ പരിക്കേറ്റ വിരലിന്മേലുള്ള ശസ്ത്രക്രിയ നടത്തുകയുള്ളുവെന്നും ഷാക്കിബ് പറഞ്ഞു.

പരിക്ക് വഷളായി അണുബാധയുണ്ടായതും കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നമാക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ബംഗ്ലാദേശ് താരത്തിന്റെ സ്ഥാനം ഇന്ന് പുറത്തിറങ്ങിയ ഏകദിന റാങ്കിംഗില്‍ നഷ്ടമായിരുന്നു. ശസ്ത്രക്രിയ കൂടുതല്‍ വൈകിയിരുന്നേല്‍ ഈ അണുബാധ കൈക്കുഴയയിലേക്കും ബാധിച്ചേനെയെന്നാണ് ഷാക്കിബ് വ്യക്തമാക്കിയത്. കുറഞ്ഞത് മൂന്നാഴ്ച കഴിഞ്ഞ് മാത്രമേ പ്രധാന ശസ്ത്രക്രിയയ്ക്ക് താരത്തിനു തയ്യാറാകാനാകൂ എന്നാണ് അറിയുന്നത്.

ഏറെ നാളായ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ഷാക്കിബിന്റെ ആവശ്യം ബോര്‍ഡാണ് വൈകിപ്പിച്ചത്. ഏഷ്യ കപ്പ് കൂടി കളിച്ച ശേഷം താരത്തിനോട് ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാനാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ബോര്‍ഡിന്റെ പിടിവാശി താരത്തിന്റെ കരിയര്‍ തന്നെ ഇല്ലാതാക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്.

Exit mobile version