ഷാക്കിബിനു സിംബാബ്‍വേ പരമ്പരയും നഷ്ടമാകും

പാക്കിസ്ഥാനെതിരെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നിന്ന് പരിക്ക് മൂലം വിട്ട് നിന്ന ഷാക്കിബ് അല്‍ ഹസന് ഫൈനലിനു പുറമേ സിംബാബ്‍വേ പരമ്പരയും നഷ്ടമാകുമെന്ന് ഉറപ്പായി. ഏറെക്കാലമായി തന്റെ കൈ വിരലിനേറ്റ പരിക്കിന്റെ ശസ്ത്രക്രിയ ബോര്‍ഡിന്റെ ആവശ്യപ്രകാരം താരം മാറ്റി വയ്ക്കുകയായിരുന്നു. നേരത്തെ ഏഷ്യ കപ്പിനു മുമ്പ് ശസ്ത്രക്രിയ നടത്തുവാന്‍ താരം തീരുമാനിച്ചുവെങ്കിലും ബംഗ്ലാദേശ് ബോര്‍ഡ് ചീഫ് നസ്മുള്‍ ഹസന്റെ ആവശ്യ പ്രകാരം അത് നീട്ടി വയ്ക്കുകയായിരുന്നു. പ്രത്യേക ആവശ്യ പ്രകാരം മാത്രമാണ് താരം ഏഷ്യ കപ്പില്‍ പങ്കെടുക്കുവാനും തീരുമാനിച്ചത്.

അതേ സമയം പരിക്ക് ഏറെ വഷളായതോടെ ഷാക്കിബിനു പാക്കിസ്ഥാനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ പങ്കെടുക്കാനായിരുന്നില്ല. താരം ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഫൈനലിലേക്ക് യോഗ്യത നേടിയ ബംഗ്ലാദേശിനു ഷാക്കിബ് ഇല്ലാതെ തന്നെ ഇന്ത്യയെ നേരിടേണ്ടി വരും. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 14 വരെ നടക്കുന്ന ബംഗ്ലാദേശിന്റെ നാട്ടിലെ സിംബാബ്‍വേ പരമ്പരയില്‍ താരം ഇനി കളിക്കുകയില്ലെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.

കുറഞ്ഞത് നാല് മുതല്‍ ആറ് ആഴ്ച വരെ താരം വിശ്രമത്തിലായിരിക്കുമെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വേദനയിലായിരുന്ന താരത്തിനെ മത്സര സജ്ജമാക്കുവാന്‍ ഫിസിയോയുടെ ശ്രമങ്ങളുണ്ടായിരുന്നുവെങ്കില്‍ വേദനയുടെ ഏറെ വര്‍ദ്ധിച്ചതിനാല്‍ ഷാക്കിബ് ഈ തീരുമാനം എടുക്കുകയായിരുന്നുവെന്നും ബോര്‍ഡ് അംഗം അറിയിച്ചു. ടൂര്‍ണ്ണമെന്റിലെ ആദ്യ നാല് മത്സരങ്ങളും താരം ഈ വേദന കടിച്ചമര്‍ത്തിയാണ് കളിച്ചതെന്നും ബിസിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വെളിപ്പെടുത്തി.

Exit mobile version