ആന്റണി ദാസിന്റെ വെടിക്കെട്ടിനെ അതിജീവിച്ച് 6 റണ്‍സ് വിജയം നേടി ടൂട്ടി പാട്രിയറ്റ്സ്

മഴ കാരണം 13 ഓവര്‍ മാത്രമാക്കി ചുരുക്കിയ ഇന്നലത്തെ തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിന് 6 റണ്‍സിന്റെ ജയം. വി ജയദേവന്‍ രീതിയില്‍ ആണ് വിജയം തീരുമാനിക്കപ്പെട്ടത്. മഴ മൂലം വൈകി തുടങ്ങിയ മത്സരം 13 ഓവറാക്കി മാറ്റുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി 13 ഓവറില്‍ 155/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ലൈക്ക കോവൈ കിംഗ്സിന് മറുപടി ബാറ്റിംഗില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമേ നേടാനായുള്ളു.

21 പന്തില്‍ 44 റണ്‍സ് നേടിയ വി സുബ്രമണ്യ ശിവ, 11 പന്തില്‍ 31 റണ്‍സ് നേടിയ അക്ഷയ് ശ്രീനിവാസന്‍, അഭിഷേക്(20), 12 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന വസന്ത് ശരവണന്‍ എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോളാണ് 155/5 എന്ന സ്കോര്‍ പാട്രിയറ്റ്സ് നേടിയത്. കോവൈ കിംഗ്സിന് വേണ്ടി ആന്റണി ദാസ് മൂന്നും കൃഷ്ണമൂര്‍ത്തി വിഗ്നേഷ് രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോവൈയ്ക്ക് തുടക്കം മോശമായിരുന്നു. 13/3 എന്ന നിലയിലേക്ക് വീണ ടീമിന്റെ പ്രതീക്ഷയായി മാറിയത് ആന്റണി ദാസിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. 7 സിക്സ് ഉള്‍പ്പെടെ 26 പന്തില്‍ നിന്ന് താരം 63 റണ്‍സ് നേടിയാണ് ലക്ഷ്യത്തിന് അടുത്ത് വരെ ടീമിനെ എത്തിച്ചത്. അകില്‍ ശ്രീനാഥ് 32 റണ്‍സ് നേടി. അതിശയരാജ് ഡേവിഡ്സണ്‍, തമിള്‍ കുമരന്‍ എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

തോറ്റുവെങ്കിലും ആന്റണി ദാസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 63 റണ്‍സും മൂന്ന് വിക്കറ്റും നേടിയതാണ് താരത്തിന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിയ്ക്കുവാന്‍ കാരണം ആയത്.

അഭിനവ് മുകുന്ദിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സിന് 8 വിക്കറ്റ് വിജയം

കാഞ്ചി വീരന്‍സിനെതിരെ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി കോവൈ കിംഗ്സ്. ഇന്ന് നടന്ന ഏക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 15.2 ഓവറില്‍ മറികടന്നാണ് കോവൈ കിംഗ്സ് ഇന്ന് വിജയം കരസ്ഥമാക്കിയത്. ക്യാപ്റ്റന്‍ അഭിനവ് മുകുന്ദ് 44 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 70 റണ്‍സിനൊപ്പം ഷാരൂഖ് ഖാന്‍ 21 പന്തില്‍ 40 റണ്‍സ് നേടിയതും അനിരുദ്ധ് സീത റാം നേടിയ 22 റണ്‍സുമാണ് കോവൈ കിംഗ്സിന് തുണയായത്. കാഞ്ചി വീരന്‍സിന് വേണ്ടി രംഗരാജ് സുതീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സിന് വേണ്ടി സുരേഷ് ലോകേഷ്വര്‍ 41 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ 23 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ സഞ്ജയ് യാദവ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. ബാബ അപരാജിത്(25) റണ്‍സ് നേടിയപ്പോള്‍ 3 സിക്സ് അടക്കം 7 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ഫ്രാന്‍സിസ് റോകിന്‍സ് ആണ് ടീമിനെ 150 എന്ന സ്കോര്‍ നേടുവാന്‍ സഹായിച്ച പ്രധാന താരം.

കോവൈ കിംഗ്സിന് വേണ്ടി എസ് മണികണ്ഠന്‍ മൂന്നും ടി നടരാജന്‍ രണ്ട് വിക്കറ്റും നേടി.

ഇന്ന് രണ്ടാം ക്വാളിഫയര്‍, ഫൈനല്‍ സ്ഥാനം മോഹിച്ച് മധുരൈയും കോവൈയും

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ സ്ഥാനത്തിനായി ഇന്ന് മധുരൈ പാന്തേഴ്സും ലൈക്ക കോവൈ കിംഗ്സും തമ്മില്‍ പോര്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിലെ വിജയികള്‍ ഫൈനലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സുമായി ഏറ്റുമുട്ടുവാനുള്ള അവസരം ലഭിക്കും. ഒന്നാം ക്വാളിഫയറില്‍ മധുരൈയ്ക്കെതിരെ കൂറ്റന്‍ ജയം നേടിയാണ് ഡിണ്ടിഗല്‍ ഫൈനലില്‍ കടന്നത്. 75 റണ്‍സിന്റെ ജയമാണ് ഡിണ്ടിഗല്‍ സ്വന്തമാക്കിയത്.

എലിമിനേറ്ററില്‍ കുറഞ്ഞ സ്കോര്‍ കണ്ട മത്സരത്തില്‍ 24 റണ്‍സ് ജയം സ്വന്തമാക്കിയാണ് ലൈക്ക കോവൈ രണ്ടാം ക്വാളിഫയറിലേക്ക് എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലൈക്ക കോവൈ കിംഗ്സിനു രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത, കാരൈക്കുഡി പുറത്ത്

ബൗളര്‍മാര്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ പുറത്തായി കാരൈകുഡി കാളൈകള്‍. ജയത്തോടെ ലൈക്ക കോവൈ കിംഗ്സ് രണ്ടാം ക്വാളിഫയറിനു യോഗ്യത നേടി. മധുരൈ പാന്തേഴ്സ് ആണ് അവിടെ ടീമിന്റെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ലൈക്കയ്ക്ക് 137 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും ടീം 113 റണ്‍സിനു കാരൈകുഡി കാളൈകളെ പുറത്താക്കി 24 റണ്‍സ് ജയം സ്വന്തമാക്കുകയായിരുന്നു.

അര്‍ദ്ധ ശതകം നേടിയ നായകന്‍ അഭിനവ് മുകുന്ദ് ഒഴിക്കെ മറ്റു ബാറ്റ്സ്മാന്മാര്‍ക്കും തന്നെ 15നു മേലുള്ള സ്കോര്‍ കോവൈ കിംഗ്സിനു വേണ്ടി നേടാനായില്ല. അവസാന ഓവറുകളില്‍ കുറഞ്ഞ പന്തുകളില്‍ 10 റണ്‍സ് വീതം നേടി മിഥുന്‍, അജിത്ത് റാം എന്നിവരാണ് ടീമിനെ 8 വിക്കറ്റ് നഷ്ടത്തില്‍ 137 എന്ന സ്കോറിലേക്ക് എത്തിച്ചത്. രാജ്കുമാര്‍ നാല് വിക്കറ്റുകളുമായി കാരൈകുഡിയ്ക്ക് വേണ്ടി തിളങ്ങി. കിഷന്‍ കുമാര്‍ രണ്ട് വിക്കറ്റ് നേടി.

138 റണ്‍സെന്ന താരതമ്യേന അനായാസമായ ലക്ഷ്യം തേടിയിറങ്ങിയ കാരൈകുഡി എന്നാല്‍ 19.4 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 40 റണ്‍സ് നേടിയ മാന്‍ ബാഫ്ന ടോപ് സ്കോറര്‍ ആയപ്പോള്‍ കിഷന്‍ കുമാര്‍ 25 റണ്‍സ് നേടി. ടി നടരാജന്‍ 4 വിക്കറ്റും കൃഷ്ണമൂര്‍ത്തി വിഗ്നേഷ് 3 വിക്കറ്റും നേടി കാരൈകുഡിയുടെ സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫുകള്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും പ്ലേ ഓഫില്‍ കടന്നപ്പോള്‍ ലൈക്ക കോവൈ കിംഗ്സ് മൂന്നാം സ്ഥാനത്തും അവസാന മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും റണ്‍റേറ്റിന്റെ ബലത്തില്‍ കാരൈകുഡി കാളൈകളും പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും ഏറ്റും മുട്ടും. നാളെ എലിമിനേറ്ററില്‍ കോവൈ കിംഗ്സും കാരൈകുഡി കാളൈകളും ഏറ്റുമുട്ടും. ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും 10 വീതം പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഉറപ്പിക്കുകയായിരുന്നു. നാല് ടീമുകള്‍ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിന്നപ്പോള്‍ റണ്‍ റേറ്റിന്റെ ബലത്തില്‍ ലൈക്ക കോവൈ കിംഗ്സ് മൂന്നാമതും കാരൈകുഡി നാലാം സ്ഥാനവും നേടി.

ടൂട്ടി പാട്രിയറ്റ്സും റൂബി തൃച്ചി വാരിയേഴ്സുമാണ് എട്ട് പോയിന്റ് നേടിയ മറ്റു ടീമുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഔഷിക് ശ്രീനിവാസിന്റെ ബൗളിംഗ് മികവില്‍ കോവൈ കിംഗ്സിനെ വീഴ്ത്തി കാഞ്ചി വീരന്‍സ്

ലൈക്ക കോവൈ കിംഗ്സിനെ പരാജയപ്പെടുത്തി വിബി കാഞ്ചി വീരന്‍സ്. ബാറ്റ്സ്മാന്മാര്‍ കൈവിട്ട മത്സരത്തില്‍ ബൗളര്‍മാരുടെ പ്രകടനത്തിലാണ് വിജയം സ്വന്തമാക്കുവാന്‍ കാഞ്ചി വീരന്‍സിനായത്. 116 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത കാഞ്ച് വീരന്‍സ് നേടിയത്. 8 വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ മുന്നോട്ട് നയിച്ചത് ബാബ അപരാജിത് ആയിരുന്നു. 32 പന്തില്‍ 41 റണ്‍സുമായി താരം പുറത്താകാതെ നിന്നു. 29 റണ്‍സ് നേടി എസ് അരുണ്‍ ആണ് ടീമില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. കോവൈയ്ക്കായി അജിത്ത് റാം മൂന്ന് വിക്കറ്റ് നേടി. കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, മണികണ്ഠന്‍, നടരാജന്‍, പ്രശാന്ത് രാജേഷ്, ആന്റണി ദാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ കോവൈ കിംഗ്സിനു ഔഷിക് ശ്രീനിവാസും കൂട്ടരും ചേര്‍ന്ന് പിടിച്ച് കെട്ടുകയായിരുന്നു. 20 ഓവറില്‍ 102/9 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 14 റണ്‍സിന്റെ ജയം കാഞ്ചി വീരന്‍സ് സ്വന്തമാക്കി. 4 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടു നല്‍കിയ ഔഷിക് മൂന്ന് വിക്കറ്റാണ് നേടിയത്. ദിവാകര്‍ രണ്ട് വിക്കറ്റ് നേടി താരത്തിനു മികച്ച പിന്തുണ നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷാരൂഖ് ഖാന്‍ കളിയിലെ താരം, ജയം സ്വന്തമാക്കി ലൈക്ക കോവൈ കിംഗ്സ്

റൂബി തൃച്ചി വാരിയേഴ്സിനെ 8 വിക്കറ്റിനു കീഴടക്കി ലൈക്ക കോവൈ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ റണ്‍സ് അധികം പിറക്കാതിരുന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത തൃച്ചി വാരിയേഴ്സ് 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടിയപ്പോള്‍ 13.4 ഓവറില്‍ 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ട കോവൈ കിംഗ്സ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഷാരൂഖ് ഖാന്‍ ആണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത തൃച്ചിയ്ക്കായി 35 റണ്‍സ് നേടി സുരേഷ് കുമാര്‍ ടോപ് സ്കോറര്‍ ആയി. ഭരത് ശങ്കര്‍ 24 റണ്‍സും സോനു യാദവ് 21 റണ്‍സും നേടി. കോവൈ ബൗളര്‍മാരില്‍ അജിത് റാം, മണികണ്ഠന്‍ എന്നിവര്‍ രണ്ട് വിക്കറ്റും കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, ടി നടരാജന്‍, പ്രശാന്ത് രാജേഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

67 റണ്‍സ് നേടിയ ഷാരൂജ് ഖാനും പുറത്താകാതെ 42 റണ്‍സുമായി നിന്ന കോവൈ നായകന്‍ അഭിനവ് മുകുന്ദുമാണ് ടീമിന്റെ വിജയ ശില്പികളായത്. ഡി കുമരന്‍ തൃച്ചിയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

11 റണ്‍സ് ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്

ലൈക കോവൈ കിംഗ്സിനെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആവേശകരമായ വിജയമാണ് പാട്രിയറ്റ്സ് സ്വന്തമാക്കിയത്. അര്‍ദ്ധ ശതകം നേടിയ ടൂട്ടി ഓപ്പണര്‍ എസ് ദിനേശ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി പാട്രിയറ്റ്സ് 20 ഓവറില്‍ 182/7 എന്ന സ്കോറാണ് നേടിയത്. ദിനേശ് 59 റണ്‍സും കൗശിക് ഗാന്ധി 43 റണ്‍സും നേടുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് നേടി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ടൂട്ടി പാട്രിയറ്റ്സിനു നല്‍കിയത്. എന്നാല്‍ കൗശിക് ഗാന്ധിയെയും(25 പന്തില്‍ 43 റണ്‍സ്) സുബ്രമണ്യം ആനന്ദിനെയും തുടരെ നഷ്ടമായ ടീമിനെ അക്ഷയ് ശ്രീനിവാസന്‍(21 പന്തില്‍ 45)-ദിനേശ് കൂട്ടുകെട്ട് മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. രാജഗോപാല്‍ സതീഷ് 9 പന്തില്‍ 18 റണ്‍സുമായി അവസാന ഓവറില്‍ മികച്ച പ്രകടനം നടത്തി.

അവസാന ഓവറുകള്‍ തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ 200നു മുകളിലുള്ള സ്കോര്‍ എന്ന പാട്രിയറ്റ്സ് മോഹം സാധ്യമായില്ല. ടി നടരാജന്‍, അജിത് റാം, പ്രശാന്ത് രാജേഷ് എന്നിവര്‍ കോവൈയ്ക്കായി 2 വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോവൈ ബാറ്റ്സ്മാന്മാര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിക്കാതെ പോയതോടെ ലക്ഷ്യത്തിനു 11 റണ്‍സ് അകലെ വരെയെ ടീമിനു എത്തുവാന്‍ സാധിച്ചുള്ളു. അകില്‍ ശ്രീനാഥ് 35 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. ഷാരൂഖ് ഖാന്‍(23), അഭിനവ് മുകുന്ദ്(21), ആന്റണി ദാസ്(20), രവികുമാര്‍ രോഹിത്(25), പ്രശാന്ത് രാജേഷ്(21) എന്നിങ്ങനെ നിരവധി ബാറ്റ്സ്മാന്മാര്‍ ഇരുപതുകളില്‍ പുറത്തായതും ടീമിനു തിരിച്ചടിയായി.

പാട്രിയറ്റ്സിനു വേണ്ടി അതിശയരാജ് ഡേവിഡ്സണ്‍, ആകാശ് സുമ്ര എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമേ കോവൈയ്ക്ക് നേടാനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, കോവൈ കിംഗ്സിനെതിരെ 8 വിക്കറ്റ് വിജയം

ലൈക്ക കോവൈ കിംഗ്സ് നേടിയ 185/5 എന്ന സ്കോറിനെ 14 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ഡിണ്ടിഗല്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 2018 സീസണ്‍ ടിഎന്‍പിഎലിലെ 7ാം മത്സരത്തില്‍ ഓപ്പണര്‍ ഷാരൂഖ് ഖാന്റെയും അഖില്‍ ശ്രീനാഥിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയായിരുന്നു.

ഷാരൂഖ് ഖാന്‍ 54 പന്തില്‍ 7 ബൗണ്ടറിയും നാല് സിക്സും സഹിതം 86 റണ്‍സ് നേടുകയായിരുന്നു. അഖില്‍ ശ്രീനാഥ് 54 റണ്‍സുമായി പുറത്താകാതെ നിന്നു. രവികുമാര്‍ രോഹിത് 16 പന്തില്‍ 26 റണ്‍സും നേടി. ഡ്രാഗണ്‍സ് ബൗളര്‍മാരില്‍ ജഗന്നാഥന്‍ കൗശിക്, എന്‍ മുഹമ്മദ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഓപ്പണര്‍ എന്‍ ജഗദീഷന്‍, എന്‍എസ് ചതുര്‍വേദ് എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഡ്രാഗണ്‍സിനെ ആധികാരിക ജയത്തിലേക്ക് നയിച്ചത്. 36 പന്തില്‍ നിന്ന് 72 റണ്‍സാണ് ചതുര്‍വേദ് ഇന്നലെ അടിച്ച് കൂട്ടിയത്. 6 സിക്സും 5 ബൗണ്ടറിയുമടക്കമാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ജഗദീഷന്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ബാലചന്ദര്‍ അനിരുദ്ധ് 11 പന്തില്‍ 25 റണ്‍സുമായി ജഗദീഷനു മികച്ച പിന്തുണ നല്‍കി. 9 പന്തില്‍ 19 റണ്‍സ് നേടിയ ഹരി നിശാന്ത് ആണ് പുറത്തായ മറ്റൊരു താരം.

17.4 ഓവറില്‍ ആണ് 8 വിക്കറ്റ് ജയം ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, പ്രശാന്ത് രാജേഷ് എന്നിവര്‍ ഓരോ വിക്കറ്റ് കോവൈയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version