ഡു പ്ലെസിയ്ക്ക് ശതകം, ദക്ഷിണാഫ്രിക്ക് മികച്ച സ്കോറിലേക്ക്

പാക്കിസ്ഥാനെതിരെ കേപ് ടൗണ്‍ ടെസ്റ്റില്‍ കൂറ്റന്‍ സ്കോറിലേക്ക് ആതിഥേയര്‍ നീങ്ങുന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 382 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ടെംബ ബാവുമ, ഫാഫ് ഡു പ്ലെസി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക 205 റണ്‍സ് ലീഡ് നേടിയിരിക്കുന്നത്. ഇന്ന് വീണ് നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തി ഷഹീന്‍ അഫ്രീദി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങി. രണ്ടാം ദിവസം അവസാനിക്കുന്നതിനു ഏതാനും ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ 103 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത് ടീമിനു തിരിച്ചടിയായി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 55 റണ്‍സുമയായി ക്വിന്റണ്‍ ഡിക്കോക്കും 6 റണ്‍സ് നേടി വെറോണ്‍ ഫിലാന്‍ഡറുമാണ് ക്രീസില്‍ നിലകൊള്ളുന്നത്.

ഒന്നാം ദിവസത്തെ സ്കോറായ 123/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ പ്രഹരം നല്‍കുവാന്‍ പാക്കിസ്ഥാനു സാധിച്ചിരുന്നു. മുഹമ്മദ് അബ്ബാസ് 24 റണ്‍സ് നേടിയ ഹാഷിം അംലയെ പുറത്താക്കിയ ശേഷം ത്യൂനിസ് ഡി ബ്രൂയിനിനെ(13) ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു.

അതിനു ശേഷം ദക്ഷിണാഫ്രിക്ക ശക്തമായ പിടി മത്സരത്തില്‍ മുറുക്കുന്നതാണ് കണ്ടത്. 166 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം ഡു പ്ലെസി-ടെംബ ബാവുമ കൂട്ടുകെട്ടിനെ ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു. 75 റണ്‍സാണ് ബാവുമ നേടിയത്.

Exit mobile version