ലോക ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഓരോ താരങ്ങള്‍ക്കും 40 ലക്ഷം വീതവും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും 25 ലക്ഷം രൂപയും ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

Indiau19champs

ഇന്നലെ ഇംഗ്ലണ്ടിനെ 189 റൺസിന് പുറത്താക്കിയ ശേഷം ആവേശകരമായ മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. രാജ് ബാവയുടെ ഓള്‍റൗണ്ട് പ്രകടനത്തിനൊപ്പം ഷൈഖ് റഷീദും നിശാന്ത് സിന്ധുവും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ഫൈനല്‍ കടമ്പ കടന്ന് ഇന്ത്യയെ ചാമ്പ്യന്മാരാക്കിയത്.

പ്രാഥമിക റൗണ്ടിൽ കോവിഡ് വെല്ലുവിളിയെ അതിജീവിച്ച് 11 പേര്‍ മാത്രം സ്ക്വാഡിൽ ലഭ്യമായത് പോലെയുള്ള പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചാണ് ഇന്ത്യയുടെ അപരാജിത കുതിപ്പ് ടൂര്‍ണ്ണമെന്റിൽ നടന്നത്. ടൂര്‍ണ്ണമെന്റിന്റെ 2020 പതിപ്പിലും ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ബംഗ്ലാദേശിനോട് തോല്‍വിയായിരുന്നു ഫലം. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ലോക കിരീടം നേടുന്നത്.

 

യോ ഇന്ത്യ!!! ലോക ചാമ്പ്യന്മാര്‍

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റ് വിജയവുമായി ഇന്ത്യ. 47.4 ഓവറിലാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. നിശാന്ത് സിന്ധു 50 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 5 പന്തിൽ 13 റൺസ് നേടി നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ച് ദിനേശ് ബാനയും വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. ഇത് അഞ്ചാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് വിജയിക്കുന്നത്.

190 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ അംഗ്കൃഷ് രഘുവംശിയെ നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ഒരു റൺസ് പോലും പിറന്നിരുന്നില്ല. പിന്നീട് വൈസ് ക്യാപ്റ്റന്‍ ഷൈഖ് റഷീദും ഹര്‍നൂര്‍ സിംഗും(21) ചേര്‍ന്ന് കരുതലോടെ രണ്ടാം വിക്കറ്റിൽ 49 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ഹര്‍നൂര്‍ പുറത്തായി.

ഷൈഖും യഷ് ധുല്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെ ഇന്ത്യയ്ക്ക് അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും നഷ്ടമായി. 95/2 എന്ന നിലയിൽ നിന്ന് 97/4 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ റഷീദ് 50 റൺസും യഷ് ധുൽ 17 റൺസുമാണ് നേടിയത്. ഇംഗ്ലണ്ട് ക്യാമ്പിൽ വിജയ പ്രതീക്ഷ വന്നുവെങ്കിലും അത് ഇല്ലാതാക്കി രാജ് ബാവ – നിഷാന്ത് സിന്ധു കൂട്ടുകെട്ട് നിര്‍ണ്ണായകമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മുന്നോട്ട് നയിച്ചു.

ഇരുവരും ചേര്‍ന്ന് ഇന്ത്യയെ അവസാന 8 ഓവറിൽ 30 റൺസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു. എന്നാൽ 67 റൺസ് കൂട്ടുകെട്ടിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 35 റൺസ് നേടിയ ബാവയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച ബൗളര്‍ ജോഷ്വ ബോയ്ഡന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

നിശാന്ത് സിന്ധു ഒരു വശത്ത് റൺസ് കണ്ടെത്തുമ്പോള്‍ മറുവശത്ത് വിക്കറ്റുമായി ഇംഗ്ലണ്ട് സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ലക്ഷ്യം 14 റൺസ് അകലെ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. 18 പന്തിൽ 12 റൺസ് വേണ്ടപ്പോള്‍ ഇന്ത്യയുടെ കൈയ്യിൽ 4 വിക്കറ്റായിരുന്നു ബാക്കി.

48ാം ഓവറിൽ നിഷാന്ത് സിന്ധു ഒരു ഫോറും ദിനേസ് ബാന ഒരു സിക്സും നേടിയപ്പോള്‍ ഇന്ത്യ വിജയത്തിന് ഒരു റൺസ് അകലെ എത്തി. സിക്സര്‍ പറത്തി ബാന ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി, ഇന്ത്യയ്ക്ക് കിരീടം നേടുവാന്‍ വേണ്ടത് 190 റൺസ്

അണ്ടര്‍ 19 ലോകകപ്പിൽ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്. ജെയിംസ് റൂവും ജെയിംസ് സെയില്‍സും ചേര്‍ന്ന് നേടിയ 93 റൺസാണ് 91/7 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ തുണച്ചത്. ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 189 റൺസ് ആണ് ഇംഗ്ലണ്ട് നേടിയത്.

റൂവിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കില്‍ വലിയ തകര്‍ച്ചയിലേക്ക് ഇംഗ്ലണ്ട് വീഴുമായിരുന്നു.  ഇന്ത്യയ്ക്കായി രാജ് ബാവ അഞ്ചും രവികുമാര്‍ 4 വിക്കറ്റും നേടി.

രണ്ടാം ഓവറിൽ തുടങ്ങിയ തകര്‍ച്ച 16.2 ഓവറിലെത്തിയപ്പോള്‍ 61/6 എന്ന നിലയിലേക്ക് എത്തി. പിന്നീട് ഏഴാം വിക്കറ്റിൽ അലക്സ് ഹോര്‍ട്ടണുമായി(10) ചേര്‍ന്ന് 30 റൺസ് നേടിയ റൂവ് ഇംഗ്ലണ്ടിനെ 91 റൺസിലേക്ക് എത്തിച്ചുവെങ്കിലും ഇംഗ്ലണ്ടിന് മുന്നിൽ വലിയ കടമ്പയായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്ന് ജെയിംസ് ദ്വയം ഇംഗ്ലണ്ടിനെ 184 റൺസിലേക്ക് എത്തിച്ചുവെങ്കിലും 95 റൺസിൽ റൂവിന് തന്റെ വിക്കറ്റ നഷ്ടമായി.

റൂവ് പുറത്തായി അധികം വൈകാതെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 44.5 ഓവറിലാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് അവസാനമായത്. ജെയിംസ് സെയിൽസ് 34 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ന് ഫൈനൽ പോരാട്ടം, കിരീടത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെയു ഇന്ത്യ ഓസ്ട്രേലിയയെും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. ഇന്ത്യന്‍ ടീമിൽ ആദ്യ റൗണ്ടിൽ കോവിഡ് പ്രതിസന്ധി തീര്‍ത്തുവെങ്കിലും അപരാജിതരായി ആണ് ടീം ഫൈനലിലേക്ക് എത്തിയത്. അയര്‍ലണ്ടിനെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിൽ 11 പേരെ ഇറക്കുവാന്‍ ഇന്ത്യ പ്രയാസപ്പെട്ടിരുന്നു. എന്നാലും 174 റൺസിന്റെ പടുകൂറ്റന്‍ വിജയം ആണ് ടീം നേടിയത്.

അതേ സമയം ഇംഗ്ലണ്ട് പ്രാഥമിക ഘട്ടത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ കടന്ന് കൂടുകയായിരുന്നു. ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം 15 റൺസിന്റെ വിജയം നേടിയാണ് ടീം ഫൈനലിലേക്ക് എത്തുന്നത്. അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യും ഇംഗ്ലണ്ടും ഏഴ് തവണ നേരിട്ടപ്പോള്‍ 5 തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

ഇതാദ്യമായാണ് ഇന്ത്യയും ഇംഗ്ലണ്ടും പക്ഷേ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യ 14 പതിപ്പിൽ എട്ട് ഫൈനലുകളിൽ നിന്ന് 4 കിരീടങ്ങളോടെ ഏറ്റവും അധികം തവണ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമാണ്.

ഓപ്പണര്‍മാരായ അംഗ്കൃഷ് രഘുവംശിയും ഹര്‍നൂര്‍ സിംഗും ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തുമ്പോള്‍ അവര്‍ പരാജയപ്പെടുന്ന പക്ഷം ക്യാപ്റ്റന്‍ യഷ് ധുല്ലും വൈസ് ക്യാപ്റ്റന്‍ ഷൈഖ് റഷീദും അവസരത്തിനൊത്തുയരാറുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള സെമി ഫൈനലില്‍ ഇത് ഏവര്‍ക്കും കാണുവാന്‍ സാധിച്ചതാണ്.

ബൗളിംഗിൽ രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കറും രവി കുമാറും വിക്കി ഒസ്ട്വാലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുന്നുണ്ട്. 12 വിക്കറ്റുമായി വിക്കിയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ.

അതേ സമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റ് ആണ് ടീമിന്റെ ബാറ്റിംഗ് നെടുംതൂണ്. 292 റൺസാണ് താരം ടൂര്‍ണ്ണമെന്റിൽ ഇതുവരെ നേടിയിട്ടുള്ളത്. 13 വിക്കറ്റ് നേടിയ ജോഷ്വ ബോയ്ഡന്‍ ആണ് വിക്കറ്റ് വേട്ടക്കാരി മുന്നിൽ. സ്പിന്നര്‍ രെഹാന്‍ അഹമ്മദും നിര്‍ണ്ണായക പ്രഹരങ്ങള്‍ എതിരാളികള്‍ക്ക് ഏല്പിക്കാറുണ്ട്.

1998ൽ ആണ് ഇംഗ്ലണ്ട് ഇതിനു മുമ്പ് ഫൈനലില് എത്തിയത്. അന്ന് അവര്‍ കിരീടം നേടുകയും ചെയ്തു. ഇത്തവണത്തേതുള്‍പ്പെടെ തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ തവണ ബംഗ്ലാദേശിനെതിരെ ഇന്ത്യ അപ്രതീക്ഷിത തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു.

മൂന്നാം സ്ഥാനം ഉറപ്പാക്കി ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാനെതിരെ 2 വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി അണ്ടര്‍ 19 ലോകകപ്പിന്റെ മൂന്നാം സ്ഥാനം നേടി ഓസ്ട്രേലിയ. നിവേതന്‍ രാധാകൃഷ്ണന്‍ 66 റൺസ് നേടിയപ്പോള്‍ കാംപെൽ കെല്ലാവേ 51 റൺസുമായി ടോപ് ഓര്‍ഡറിൽ തിളങ്ങിയപ്പോള്‍ അവസാന ഘട്ടത്തിൽ വിക്കറ്റുകള്‍ വീഴ്ത്തി മത്സരം കടുപ്പിക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ സാധിച്ചു.

8 വിക്കറ്റ് നഷ്ടത്തിൽ 49.1 ഓവറിലാണ് ഓസ്ട്രേലിയ വിജയം നേടിയത്. അഫ്ഗാനിസ്ഥാന് വേണ്ടി നാംഗേയാലിയ ഖരോട്ടേ മൂന്നും നൂര്‍ അഹമ്മദ്, ഷാഹിദുള്ള ഹസനി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

നിവേതന്‍ രാധാകൃഷ്ണന്‍!!! ഓസ്ട്രേലിയയ്ക്കായി അഫ്ഗാനിസ്ഥാനെ എറിഞ്ഞൊതുക്കിയ ഇന്ത്യക്കാരന്‍

അണ്ടര്‍ 19 ലോകകപ്പിൽ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ച് ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാന്‍ 201 റൺസ് മാത്രം നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത് ഇന്ത്യന്‍ വംശജനായ നിവേതന്‍ രാധാകൃഷ്ണനാണ്. തന്റെ പത്തോവര്‍ സ്പെല്ലിൽ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ താരം വെറും 31 റൺസ് വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

81 റൺസ് നേടിയ ഇജാസ് അഹമ്മദ് അഹമ്മദ്സായി ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറര്‍. മുഹമ്മദ് ഇഷാഖ്(34), സുലിമാന്‍ സാഫി(37) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ഓസ്ട്രേലിയയ്ക്കായി വില്യം സൽസ്മാനും മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ കൂപ്പര്‍ കോണ്ണോലി 2 വിക്കറ്റ് സ്വന്തമാക്കി.

2017, 18 വര്‍ഷങ്ങളിൽ തമിഴ്നാട് പ്രീമിയര്‍ ലീഗിൽ കളിച്ചിട്ടുള്ളയാളാണ് നിവേതന്‍. 2021ൽ ഡല്‍ഹി ക്യാപിറ്റൽസിന്റെ നെറ്റ് ബൗളറുമായിരുന്നു നിവേതന്‍.

ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനൽ കളിക്കുന്നത് ഇത് തുടര്‍ച്ചയായ 4ാം തവണ

ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത്.  കഴിഞ്ഞ തവണ ഇന്ത്യ ബംഗ്ലാദേശിനോട് ഫൈനലില്‍ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ ഇത്തവണ ഇന്ത്യ ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്.

2018ൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യയാണ് കിരീടം നേടിയത്. 2016ലെ പതിപ്പിലും ഇന്ത്യ ഫൈനലിലേക്ക് കടന്നപ്പോള്‍ വിന്‍ഡീസിനോട് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ 96 റൺസിന്റെ വിജയം ആണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്.

 

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും കസറി, അവസാന ഓവറിൽ 27 റൺസ്, ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ മികച്ച സ്കോര്‍

ഓസ്ട്രേലിയയ്ക്കെതിരെ അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. തുടക്കം പിഴച്ചുവെങ്കിലും ക്യാപ്റ്റന്‍ യഷ് ധുല്ലും വൈസ് ക്യാപ്റ്റന്‍ ഷൈക്ക് റഷീദും ചേര്‍ന്ന് നേടിയ 204 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.

അംഗ്കൃഷ് രഘുവംശിയെയും(6) ഹര്‍നൂര്‍ സിംഗിനെയും(16) നഷ്ടമായി ഇന്ത്യ ഒരു ഘട്ടത്തിൽ 37/2 എന്ന നിലയിലായിരുന്നു. അവസാന ഓവറുകള്‍ക്ക് മുമ്പ് യഷ് ധുല്ലും ഷൈക്ക് റഷീദും ഔട്ട് ആയത് ഇന്ത്യയുടെ സ്കോറിംഗിനെ ബാധിച്ചു.

യഷ് 110 റൺസും റഷീദ് 94 റൺസുമാണ് നേടിയത്. അടുത്തടുത്ത പന്തുകളിലാണ് ഇരുവരും പുറത്തായത്. റഷീദിനെ ജാക്ക് നിസ്ബെറ്റ് പുറത്താക്കിയപ്പോള്‍ ധുൽ റണ്ണൗട്ടാകുകയായിരുന്നു. ഹര്‍നൂര്‍ സിംഗിനെയും ജാക്ക് ആണ് പുറത്താക്കിയത്.

4 പന്തിൽ 20 റൺസ് നേടിയ ദിനേശ് ബാനയുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ ഇന്ത്യ 290 റൺസ് നേടി. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. അവസാന ഓവറിൽ 27 റൺസാണ് പിറന്നത്. നിഷാന്ത് സിന്ധു 12 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രാജവര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 13 റൺസ് നേടി പുറത്തായി.

പൊരുതി വീണ് അഫ്ഗാനിസ്ഥാന്‍, 15 റൺസ് വിജയവുമായി ഇംഗ്ലണ്ട് ഫൈനലിലേക്ക്

അണ്ടര്‍ 19 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വിജയം നേടി ഫൈനലുറപ്പാക്കി ഇംഗ്ലണ്ട്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47 ഓവറിൽ 231/6 എന്ന സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തിൽ 94/1 എന്ന ശക്തമായ നിലയിലായിരുന്നുവെങ്കിലും അവിടെ നിന്ന് 106/4 എന്ന നിലയിലേക്ക് വീണത് ടീമിന്റെ താളം തെറ്റിയ്ക്കുകയായിരുന്നു.

മഴ കാരണം 47 ഓവറുകള്‍ ആക്കി ചുരുക്കിയ മത്സരത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് മാത്രമാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. മത്സരത്തിൽ 15 റൺസ് വിജയവുമായി ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. 4 വിക്കറ്റ് നേടിയ രെഹാന്‍ അഹമ്മദ് ആണ് ഇംഗ്ലണ്ട് വിജയം ഒരുക്കിയത്. തോമസ് ആസ്പിന്‍വാൽ രണ്ട് വിക്കറ്റ് നേടി.

അല്ലാഹ് നൂര്‍ 60 റൺസുമായി അഫ്ഗാനിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് ഇഷാഖ്(43), അബ്ദുള്‍ ഹാദി(37*), ബിലാല്‍ അഹമ്മദ്(33), നൂര്‍ അഹമ്മദ്(25) എന്നിവരാണ് മറ്റു നിര്‍ണ്ണായക സംഭാവന നല്‍കിയവര്‍. ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തിയ നൂറും ഇഷാഖും അല്പം കൂടി വേഗത്തിൽ സ്കോര്‍ ചെയ്തിരുന്നേൽ ലോകകപ്പ് ഫൈനലില്‍ അഫ്ഗാന് അവസരം ലഭിച്ചേക്കാമായിരുന്നു.

അഫ്ഗാന്‍ വെല്ലുവിളി മറികടന്ന് 231റൺസ് നേടി ഇംഗ്ലണ്ട്

അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ അഫ്ഗാനിസ്ഥാനതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 231 റൺസ്. മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ഈ സ്കോര്‍ നേടിയത്. ടോപ് ഓര്‍ഡറിൽ ജോര്‍ജ്ജ് തോമസ്(50) അര്‍ദ്ധ ശതകം നേടിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ ഇംഗ്ലണ്ട് 92/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഒരു ഘട്ടത്തിൽ 200 കടക്കുവാന്‍ ഇംഗ്ലണ്ടിന് ആകുമോ എന്ന് തോന്നിപ്പിച്ചുവെങ്കിലും ഏഴാം വിക്കറ്റിൽ ജോര്‍ജ്ജ് ബെല്ലും – അലക്സ് ഹോര്‍ട്ടണും ചേര്‍ന്ന് നേടിയ 95 റൺസാണ് ടീമിനെ 231 റൺസിലേക്ക് എത്തിച്ചത്. ജോര്‍ജ്ജ് ബെൽ 56 റൺസും അലക്സ് ഹോര്‍ട്ടൺ 53 റൺസുമാണ് നേടിയത്. അലക്സ് 36 പന്തിൽ നിന്നാണ് തന്റെ മിന്നും പ്രകടനം പുറത്തെടുത്തത്. ഇരു താരങ്ങളും പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന് ഇംഗ്ലണ്ട്

അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനൽ ലൈനപ്പായി. ഇന്നലെ ബംഗ്ലാദേശിനെതിരെയുള്ള വിജയത്തോടെയാണ് സെമി ഫൈനൽ ലൈനപ്പ് പൂര്‍ത്തിയായത്. ഇന്ത്യ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെയും സെമി മത്സരങ്ങളിൽ നേരിടും. ഫെബ്രുവരി 1ന് ആദ്യ സെമിയിൽ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.

രണ്ടാം സെമി ഫെബ്രുവരി 2ന് ആണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് മത്സരം. ആന്റിഗ്വയിലാണ് ഇരു മത്സരങ്ങളും നടക്കുക. ആദ്യ സെമി സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലും രണ്ടാം സെമി കൂളിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടിലും നടക്കും.

ക്വാര്‍ട്ടറിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആധികാരിക വിജയം നേടിയപ്പോള്‍ ലോ സ്കോറിംഗ് ത്രില്ലറിൽ ശ്രീലങ്കയെ മറികടന്നാണ് അഫ്ഗാനിസ്ഥാന്‍ സെമി ഉറപ്പാക്കിയത്.

പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞാണ് ഓസീസ് ഇന്ത്യയ്ക്കെതിരെയുള്ള സെമി സ്ഥാനം നേടിയത്.

എളുപ്പമായിരുന്നില്ല പക്ഷേ മധുര പ്രതികാരം വീട്ടി ഇന്ത്യന്‍ യുവനിര

2020 ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയ്ക്ക് മധുര പ്രതികാരം വീട്ടി ഇന്ത്യ. ബംഗ്ലാദേശിനെ 111 റൺസിനൊതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. പിന്നീട് കരുതലോടെ അംഗ്കൃഷ് രഘുവംശിയും ഷൈഖ് റഷീദും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യയുടെ സ്കോറിംഗ് വളരെ പതിഞ്ഞ മട്ടിലായിരുന്നു.

രഘുവംശിയെ നഷ്ടമാകുമ്പോള്‍ രണ്ടാം വിക്കറ്റിൽ 70 റൺസാണ് ഇന്ത്യ നേടിയത്. 44 റൺസ് നേടിയ താരത്തിന് പിന്നാലെ 26 റൺസ് നേടിയ ഷെഖിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. അതിന് പിന്നാലെ സിദ്ധാര്‍ത്ഥ് യാദവിനെയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും ഇന്ത്യന്‍ നായകന്‍ യഷ് ധുൽ 20 റൺസുമായി ടീമിന്റെ വിജയം ഉറപ്പാക്കി.

30.5 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് വിജയം നേടിയപ്പോള്‍ ബംഗ്ലാദേശ് നിരയിൽ റിപൺ മൊണ്ടൽ നാല് വിക്കറ്റ് നേടി. കൗശൽ താംബേ സിക്സര്‍ നേടിയാണ് ഇന്ത്യയുടെ വിജയ റൺസ് നേടിയത്. താരം 11 റൺസുമായി യഷ് ധുലിനൊപ്പം പുറത്താകാതെ നിന്നു.

വിജയത്തോടെ സെമിയിലേക്ക് ഇന്ത്യ പ്രവേശിച്ചു. പാക്കിസ്ഥാനെ പരാജയപ്പെടുത്തി എത്തുന്ന ഓസ്ട്രേലിയയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികള്‍.

Exit mobile version