ആർ.ബി ലൈപ്സിഗിനെ തോൽപ്പിച്ചു സാവി അലോൺസോയുടെ ടീം തുടങ്ങി

പുതിയ ബുണ്ടസ് ലീഗ സീസണിൽ ജയത്തോടെ തുടങ്ങി സാവി അലോൺസോയുടെ ബയേർ ലെവർകുസൻ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ലെവർകുസൻ മത്സരത്തിൽ ജയം കണ്ടത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ലൈപ്സിഗിന് ആണ് നേരിയ മുൻതൂക്കം ഉണ്ടായിരുന്നത്. മത്സരത്തിൽ 24 മത്തെ മിനിറ്റിൽ വിക്ടർ ബോണിഫേസിന്റെ പാസിൽ നിന്നു ജെറമി ഫ്രിമ്പോങ് ആണ് ലെവർകുസന്റെ ആദ്യ ഗോൾ നേടിയത്. 35 മത്തെ മിനിറ്റിൽ യൊനാസ് ഹോഫ്മാന്റെ ക്രോസിൽ നിന്നു ജൊനാഥൻ താ ഹെഡറിലൂടെ ലെവർകുസനു രണ്ടാം ഗോളും നേടി നൽകി.

തുടർന്ന് നാലു മിനിറ്റിനുള്ളിൽ ഡേവിഡ് റോമിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഡാനി ഓൽമ ലൈപ്സിഗിന് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ഫ്രിമ്പോങ് നൽകിയ പാസിൽ നിന്നു ഗോൾ നേടിയ ഫ്ലോറിയൻ വിർറ്റ്സ് ലെവർകുസനു മൂന്നാം ഗോൾ നേടി നൽകി. 7 മിനിറ്റിനുള്ളിൽ ഒരു ഗോൾ മടക്കാൻ ലൈപ്സിഗിന് ആയി. മുഹമ്മദ് സിമാകന്റെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ലോയിസ് ഒപെണ്ടയാണ് അവരുടെ ഗോൾ നേടിയത്. തുടർന്ന് സമനിലക്ക് ആയുള്ള ലൈപ്സിഗ് ശ്രമങ്ങൾ പക്ഷെ ജയം കണ്ടില്ല. ആദ്യ മത്സരത്തിൽ വോൾവ്സ്ബർഗ്, സ്റ്റുഗാർട്ട്, ഫ്രയിബർഗ് ടീമുകൾ ജയം കണ്ടപ്പോൾ ഓഗ്സ്ബർഗ്, ഗ്ലബാക് മത്സരം 4-4 എന്ന സ്കോറിന് സമനിലയിൽ അവസാനിച്ചു.

ഒരു കിരീടത്തിനു ആയുള്ള ഹാരി കെയിന്റെ കാത്തിരിപ്പ് ജർമ്മനിയിലും തുടരും

തന്റെ കരിയറിൽ ആദ്യമായി ഒരു കിരീടം നേടാനുള്ള ഹാരി കെയിനിന്റെ സ്വപ്നം ഇനിയും നീളും. ഇന്നലെ ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണികും ആയി കരാർ പൂർത്തിയാക്കിയ താരം അവരുടെ ജർമ്മൻ സൂപ്പർ കപ്പ് ടീമിൽ പകരക്കാരനായി ഇടം പിടിക്കുക ആയിരുന്നു. എന്നാൽ മത്സരത്തിൽ ആർ.ബി ലൈപ്സിഗിനോട് എതിരില്ലാത്ത 3 ഗോളുകൾക്ക് ബയേൺ തോൽക്കുക ആയിരുന്നു. സ്പാനിഷ് താരം ഡാനി ഓൽമോയുടെ ഹാട്രിക് ആണ് ലൈപ്സിഗിനു കിരീടം നൽകിയത്.

മത്സരത്തിൽ മൂന്നാം മിനിറ്റിൽ ബെഞ്ചമിൻ ഹെൻറിക്സിന്റെ പാസിൽ നിന്നു ആദ്യ ഗോൾ നേടിയ ഓൽമോ 44 മത്തെ മിനിറ്റിൽ തിമോ വെർണറിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ മുൻതൂക്കം ഇരട്ടിയാക്കി. തുടർന്ന് 64 മത്തെ മിനിറ്റിൽ ആണ് പകരക്കാരനായി കെയിൻ ജർമ്മനിയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 68 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ഓൽമോ ബയേണിന്റെ പരാജയം പൂർത്തിയാക്കി. കരിയറിൽ ടോട്ടനത്തിനു ഒപ്പം ഒരു കിരീടവും നേടാനുള്ള ഭാഗ്യം ഇല്ലാതിരുന്ന കെയിനിന്റെ കിരീടത്തിനു ആയുള്ള കാത്തിരിപ്പ് ഇതോടെ ഇനിയും നീളും.

90 മില്യൺ യൂറോ, ജോസ്കോ ഗ്വാർഡിയോൾ ഇനി മാഞ്ചസ്റ്റർ സിറ്റി താരം

ആർ.ബി ലൈപ്സിഗിന്റെ യുവ ക്രൊയേഷ്യൻ പ്രതിരോധതാരം ജോസ്കോ ഗ്വാർഡിയോൾ ഇനി മാഞ്ചസ്റ്റർ സിറ്റി താരം. 90 മില്യൺ യൂറോ നൽകിയാണ് താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരങ്ങളിൽ ഒരാൾ ആയി ഗ്വാർഡിയോൾ മാറും.

90 മില്യൺ യൂറോയുടെ മുകളിൽ ആഡ് ഓണുകൾ ഒന്നും ഈ കരാറിൽ ഇല്ല. ജൂണിൽ തന്നെ യൂറോപ്യൻ ജേതാക്കളും ആയി ക്രൊയേഷ്യൻ താരം ദീർഘകാല കരാറിൽ ധാരണയിൽ എത്തിയത് ആയിരുന്നു. ഇന്ന് തന്നെ മാഞ്ചസ്റ്ററിൽ എത്തുന്ന താരം നാളെ മെഡിക്കലിന് വിധേയനാവും. തുടർന്ന് ഔദ്യോഗിക പ്രഖ്യാപനവും എത്തും.

ഒടുവിൽ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തുന്നു, ജോസ്കോ ഗ്വാർഡിയോൾ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

നാളുകൾ നീണ്ട വ്യക്തത ഇല്ലായ്മക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റിയും ആർ.ബി ലൈപ്സിഗും ക്രൊയേഷ്യൻ പ്രതിരോധതാരം ജോസ്കോ ഗ്വാർഡിയോളിന്റെ കാര്യത്തിൽ ധാരണയിൽ എത്തുന്നു. നേരത്തെ താരം സിറ്റിയിൽ മെഡിക്കൽ നടത്തി എന്ന വാർത്ത അടക്കം പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ ജർമ്മൻ ക്ലബ് നിഷേധിച്ചിരുന്നു. നിലവിൽ 90 മില്യൺ യൂറോയിൽ അധികം നൽകി ആവും താരത്തെ സിറ്റി സ്വന്തമാക്കുക എന്നാണ് റിപ്പോർട്ട്.

ട്രാൻസഫർ പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വില കൂടിയ പ്രതിരോധ താരമായി ഗ്വാർഡിയോൾ മാറും എന്നും ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ ക്രൊയേഷ്യൻ താരം വെള്ളിയാഴ്ച മാഞ്ചസ്റ്റർ സിറ്റിയിൽ മെഡിക്കൽ പൂർത്തിയാക്കും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. ട്രബിൾ നേടിയ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലും ടീം ശക്തമാക്കുക ആണ്. നേരത്തെ മറ്റൊരു ക്രൊയേഷ്യൻ താരം കൊവാചിചിനെയും സിറ്റി ടീമിൽ എത്തിച്ചിരുന്നു.

മാഞ്ചസ്റ്റർ സിറ്റി വിട്ട് കൊടുക്കാനില്ല, ജോസ്കോ ഗ്വാർഡിയോളിനെ സ്വന്തമാക്കി

ജർമ്മൻ ക്ലബ് ആർ.ബി ലൈപ്സിഗിന്റെ ക്രൊയേഷ്യൻ പ്രതിരോധതാരം ജോസ്കോ ഗ്വാർഡിയോളിനെ ടീമിൽ എത്തിച്ചു മാഞ്ചസ്റ്റർ സിറ്റി. ട്രബിൾ നേടിയ അവർ തങ്ങളുടെ പ്രതിരോധം ഇതോടെ ഒന്നു കൂടി ശക്തമാക്കി. ഒരു മാസം മുമ്പ് തന്നെ 21 കാരനായ താരവും ആയി സിറ്റി വ്യക്തിഗത കരാറിൽ എത്തിയിരുന്നു.

നിലവിൽ ലൈപ്സിഗും ആയി സിറ്റി ധാരണയിൽ എത്തി. 100 മില്യൺ യൂറോ എങ്കിലും താരത്തിന് ആയി ജർമ്മൻ ക്ലബ് പ്രതീക്ഷിക്കുന്നു എന്നു ആയിരുന്നു റിപ്പോർട്ട്. നിലവിൽ താരത്തിന്റെ വില വ്യക്തമല്ല. നിലവിൽ താരം മെഡിക്കൽ ആദ്യ ഘട്ടം പൂർത്തിയാക്കി. മെഡിക്കൽ പൂർണമായ ശേഷം ഉടൻ തന്നെ താരം സിറ്റിയിൽ കരാറും ഒപ്പ് വെക്കും.

സാവി സിമൻസ് ആർ.ബി ലൈപ്സിഗിൽ

പി.എസ്.ജിയുടെ യുവ ഡച്ച് താരം സാവി സിമൻസ് ആർ.ബി ലൈപ്സിഗിൽ ചേരും. ലോണിൽ ആണ് താരം ജർമ്മൻ ക്ലബിൽ എത്തുക. ഒരു വർഷത്തെ ലോണിന് ശേഷം താരം പി.എസ്.ജിയിൽ തിരിച്ചെത്തും.

നിലവിൽ ലൈപ്സിഗിൽ ഉള്ള താരം ഉടൻ മെഡിക്കലിന് ശേഷം ടീമിന് ഒപ്പം കരാർ ഒപ്പ് വെക്കും. കഴിഞ്ഞ സീസണിൽ പി.എസ്.വിയിൽ കളിച്ച താരത്തിന്റെ ബയ് ബാക്ക് ക്ലോസ് ആക്ടിവേറ്റ് ചെയ്ത പി.എസ്.ജി താരത്തെ കുറച്ച് ദിവസം മുമ്പാണ് ടീമിൽ തിരികെയെത്തിച്ചത്.

ഞെട്ടിച്ചു ലിവർപൂൾ, ഡൊമനിക് സൊബസ്ലായിയെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കി

മധ്യനിര പുനർ സംഘടിപ്പിക്കുന്നതിനു ഭാഗമായി അലക്സിസ് മകാലിസ്റ്ററിന് പിന്നാലെ ആർ.ബി ലൈപ്സിഗിന്റെ ഹംഗേറിയൻ താരം ഡൊമനിക് സൊബസ്ലായിയെ റിലീസ് ക്ലൗസ് നൽകി ടീമിൽ എത്തിച്ചു ലിവർപൂൾ. നേരത്തെ തന്നെ താരവും ആയി ലിവർപൂൾ വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു. ഇന്ന് തീരുന്ന 70 മില്യൺ യൂറോയുടെ റിലീസ് ക്ലൗസ് ലിവർപൂൾ ആക്ടിവേറ്റ് ചെയ്യുക ആയിരുന്നു.

ഇതിനു ഒരു മണിക്കൂർ മുമ്പ് ആർ.ബി ലൈപ്സിഗിനെ ലിവർപൂൾ കാര്യം അറിയിച്ചിരുന്നു. ലിവർപൂളിൽ പോകണം എന്ന താരത്തിന്റെ നിർബന്ധവും ഈ തീരുമാനത്തിന് പിറകിൽ ഉണ്ട്. ഈ ട്രാൻസ്ഫർ വിപണിയിൽ ലിവർപൂൾ നടത്തുന്ന ഏറ്റവും വലിയ നീക്കം ആണ് ഇത്. ഇനി മെഡിക്കൽ കൂടി കഴിഞ്ഞാൽ താരത്തിന്റെ നീക്കം ഔദ്യോഗികമായി പ്രഖ്യാപിക്കും. ക്ലോപ്പിന് വലിയ ശക്തിയാവും താരത്തിന്റെ വരവ് നൽകുക.

ഫാബിയോ കാർവലോ അടുത്ത സീസണിൽ ലെപ്സീഗിന് വേണ്ടി പന്തു തട്ടും

ലിവർപൂൾ താരം ഫാബിയോ കാർവലോ ലെപ്സീഗിലേക്ക് തന്നെ എന്നുറപ്പായി. താരത്തെ ഒരു വർഷത്തെ ലോണിലാണ് ലെപ്സീഗ് ടീമിലേക്ക് എത്തിക്കുന്നത്. എന്നാൽ ലോൺ കാലാവധിക്ക് ശേഷം താരത്തെ സ്വന്തമാക്കാൻ ജർമൻ ടീമിന് സാധിക്കില്ലെന്ന് ഫാബ്രിസിയോ റോമാനോ ചൂണ്ടിക്കാണിച്ചു. ഉടൻ ജർമനിയിലേക്ക് തിരിക്കുന്ന താരത്തിന്റെ വൈദ്യ പരിശോധനകൾക്ക് ശേഷം ടീമുകളുടെ ഔദ്യോഗിക പ്രഖ്യാപനം എത്തും.

നേരത്തെ കാർവലോയെ സ്വന്തമാക്കാൻ ആയിരുന്നു ലെപ്സീഗിന്റെ നീക്കം. എന്നാൽ ടീമിന്റെ ഓഫർ ലിവർപൂൾ തുടക്കത്തിൽ തന്നെ തള്ളി. താരത്തെ കൈവിടാൻ ഒരുക്കമല്ലെന്ന് തീർത്തു പറഞ്ഞ ലിവർപൂൾ, എന്നാൽ ലോൺ അടക്കമുള്ള മറ്റു സാധ്യതകൾ പരിഗണിക്കാം എന്നും സൂചിപ്പിച്ചു. ഫുൾഹാമിൽ നിന്നും എത്തിയ ശേഷം ആദ്യ ഘട്ടത്തിൽ അവസരങ്ങൾ ലഭിച്ചെങ്കിലും പിന്നീട് പലപ്പോഴും ബെഞ്ചിൽ തന്നെ ഒതുങ്ങേണ്ടി വന്നിരുന്നു കാർവലോക്ക്. ഇതോടെ താരവും കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയുള്ള ശ്രമത്തിൽ ആയിരുന്നു. പ്രീമിയർ ലീഗിൽ ആകെ പതിമൂന്ന് മത്സരങ്ങളിൽ മാത്രമാണ് കഴിഞ്ഞ സീസണിൽ കാർവലോക്ക് ബൂട്ടണിയാൻ സാധിച്ചത്. ഏതായാലും ലെപ്സീഗിൽ താരത്തിന്റെ പ്രകടനം കൂടിതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ആവും ലിവർപൂളും.

ആർ.ബി ലൈപ്സിഗിന്റെ ഹംഗേറിയൻ താരത്തെ ലക്ഷ്യമിട്ട് ലിവർപൂൾ

ജർമ്മൻ ക്ലബ് ആർ.ബി ലൈപ്സിഗിന്റെ ഹംഗേറിയൻ മുന്നേറ്റനിര താരം ഡൊമിനിക് സൊബോസ്ലായിക്ക് ആയി ലിവർപൂൾ രംഗത്ത്. നിലവിൽ താരവും ആയി ലിവർപൂൾ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ താരത്തിന് ആയി വലിയ തുക മുടക്കാൻ ലിവർപൂൾ തയ്യാറാവുമോ എന്ന കാര്യം വ്യക്തമല്ല. നിലവിൽ ലിവർപൂൾ യുവതാരം കാർവൽഹോ ലോണിൽ ലൈപ്സിഗിന് ആയി ആണ് അടുത്ത സീസണിൽ കളിക്കുക.

എന്നാൽ ഇതുമായി ലിവർപൂളിന്റെ ഡൊമിനികിൽ ഉള്ള താൽപ്പര്യത്തിനു ബന്ധമില്ല. 70 മില്യൺ യൂറോ ആണ് താരത്തിന്റെ റിലീസ് ക്ലൗസ്, എന്നാൽ ഇത് ജൂൺ 30 നു മുമ്പ് ടീമുകൾ ആക്ടിവേറ്റ് ചെയ്യണം. അതിനു ശേഷമാണ് ടീമുകൾ റിലീസ് ക്ലൗസ് എടുക്കുന്നത് എങ്കിൽ താരത്തെ അവർക്ക് ജനുവരിയിൽ മാത്രമെ സ്വന്തമാക്കാൻ ആവൂ. ജൂൺ 30 നു ശേഷം താരത്തിന്റെ വിലയുടെ കാര്യത്തിൽ ക്ലബുകൾക്ക് ലൈപ്സിഗും ആയി ചർച്ചകൾ നടത്താനും ആവും. എന്നാൽ നിലവിൽ ലിവർപൂൾ താരത്തിന്റെ റിലീസ് ക്ലൗസ് ആക്ടിവേറ്റ് ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല.

ഡാനി ഓൾമോ ലെപ്സീഗ് വിടില്ല, പുതിയ കരാറിൽ ഒപ്പിട്ടു

അടുത്ത സീസണോടെ ആർബി ലെപ്സീഗിൽ കരാർ അവസാനിക്കുന്ന സ്പാനിഷ് താരം ഡാനി ഓൾമോ ടീം വിടില്ലെന്ന് ഉറപ്പായി. താരം ടീമിനോടൊപ്പം പുതിയ കരാർ ഒപ്പിട്ടതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഇതോടെ 2027 വരെ താരത്തെ ടീമിൽ നിലനിർത്താൻ ലെപ്സിഗിനാകും. കരാറിനൊപ്പം അറുപത് മില്യൺ യൂറോ വരുന്ന റിലീസ് ക്ലോസും ടീം ചേർത്തിട്ടുണ്ട്. നേരത്തെ താരം ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഓൾമോയെ വീണ്ടും ടീമിൽ തന്നെ നിലനിർത്താൻ സാധിച്ചത് ലെപ്സിഗിന് നേട്ടമായി.

അടുത്ത വർഷത്തോടെ കരാർ അവസാനിക്കും എന്നതിനാൽ താരവുമായി പുതിയ കരാറിൽ എത്തേണ്ടത് ടീമിന് അനിവാര്യമായിരുന്നു. പ്രീമിയർ ലീഗ് ടീമുകൾ അടക്കം പിറകെ ഉള്ളപ്പോൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരം പുതിയ തട്ടകം തേടിയേക്കുമെന്ന് “ബിൽഡ്” അടക്കം റിപ്പോർട്ട് ചെയ്തു. നേരത്തെ ബാഴ്‍സയുമായും ചേർന്ന് ഓൾമോയുടെ ട്രാൻസ്ഫർ വാർത്തകൾ വന്നിരുന്നെങ്കിലും ആ നീക്കവും നടന്നില്ല. ക്രിസ്റ്റഫർ എൻങ്കുങ്കു അടക്കം ടീം വിടവേ, തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമായി ദീർഘകാല കരാറിൽ എത്താൻ സാധിച്ചത് ലെപ്സിഗിന് വലിയ ആശ്വാസം നൽകും. കൂടാതെ ഇരുപത്തിയഞ്ചുകാരന്റെ കൈമാറ്റം ആവശ്യമായി വന്നാൽ തന്നെ മികച്ച തുക നേടിയെടുക്കാം എന്നതും ടീം മുൻകൂട്ടി കാണുന്നു.

തിമോ വെർണർ ബുണ്ടസ് ലീഗയിൽ 100 ഗോളുകൾ തികച്ചു, ആർ.ബി ലൈപ്സിഗിന് ജയം

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഓഗസ്ബർഗിനെ 3-2 നു തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ് മൂന്നാം സ്ഥാനത്തേക്ക് കയറി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ഓഗ്സ്ബർഗ് മത്സരത്തിൽ മുന്നിലെത്തി. ലാഗോയുടെ പാസിൽ നിന്നു ആർണേ മെയിർ ആണ് അവരുടെ ഗോൾ നേടിയത്. എന്നാൽ പത്താം മിനിറ്റിൽ വെർണറിന്റെ പാസിൽ നിന്നു കെവിൻ കാമ്പിൽ ലൈപ്സിഗിന് ആയി സമനില ഗോൾ നേടി. 32 മത്തെ മിനിറ്റിൽ തിമോ വെർണർ ലൈപ്സിഗിന്റെ രണ്ടാം ഗോൾ നേടി.

ബെഞ്ചമിൻ ഹെൻറിക്സിന്റെ പാസിൽ നിന്നായിരുന്നു വെർണറിന്റെ ഗോൾ. 3 മിനിറ്റിനുള്ളിൽ വെർണറിന്റെ രണ്ടാം ഗോൾ പിറന്നു. കെവിൻ കാമ്പിലിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളി ഷോട്ടിലൂടെ വെർണർ ബുണ്ടസ് ലീഗയിലെ തന്റെ നൂറാം ഗോൾ നേടുക ആയിരുന്നു. രണ്ടാം പകുതിയിൽ റൂബൻ വർഗാസിന്റെ ഗോൾ ഓഗസ്ബർഗിനു പ്രതീക്ഷ നൽകിയെങ്കിലും ജയം ലൈപ്സിഗ് കൈവിട്ടില്ല. തോൽവിയോടെ 14 സ്ഥാനത്ത് ആണ് ഓഗസ്ബർഗ്.

ലെപ്സിഗിനെ മറികടക്കാൻ മാഞ്ചസ്റ്റർ സിറ്റി, ഇന്ററിന് ഭീഷണി ആവാൻ പോർട്ടോ

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ ആദ്യ പാദത്തിലെ തിരിച്ചടി മറികടക്കാൻ മാഞ്ചസ്റ്റർ സിറ്റിയും മുൻതൂക്കം നിലനിർത്താൻ ഇന്റർ മിലാനും ഇറങ്ങുമ്പോൾ, ക്വർട്ടർ പ്രതീക്ഷകൾ അസ്തമിക്കാതെ ലെപ്സിഗും എഫ്സി പോർട്ടോയും കളത്തിൽ എത്തും. ബുധനാഴ്ച പുലർച്ചെ 1.30 ന് മത്സരങ്ങൾക്ക് വിസിൽ മുഴങ്ങും.

മുൻപ് തോൽവി അറിഞ്ഞിട്ടുള്ള ലെപ്സിഗിന്റെ തട്ടകത്തിൽ ആദ്യ പാദത്തിൽ ജയം കൈവിട്ടെങ്കിലും സമനില നേടാൻ കഴിഞ്ഞ ആശ്വാസത്തിൽ ആവും മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബൂട്ട് കെട്ടി ഇറങ്ങുന്നത്. മെഹ്റസിന്റെ ഗോളിൽ ലീഡ് നേടിയെങ്കിലും ഗ്വാർഡിയോളിന്റെ ഗോളിൽ ലെപ്സിഗ് സമനില നേടി. നാളെ ടീം മുഴുവൻ പൂർണ സജ്ജരാണ് എന്നതാണ് സിറ്റിക്ക് നൽകുന്ന ഊർജം. ശേഷം നടന്ന ലീഗ് മത്സരങ്ങളിൽ എല്ലാം സമ്പൂർണ വിജയവുമായാണ് അവരുടെ വരവ്. ലെപ്സിഗ് ആവട്ടെ അവസാന മൂന്നിൽ രണ്ട് മത്സരങ്ങളും ജയിച്ചാണ് എത്തുന്നത്. വെർനർ, ഫോർസ്ബെർഗ് തുടങ്ങിവരും അവസാന മത്സരത്തിൽ ഗോൾ കണ്ടെത്തി. എങ്കിലും എൻകുങ്കു, അബ്‌ദു ഡിയാലോ, കീപ്പർ പീറ്റർ ഗുലാസി എന്നിവരുടെ സേവനം ടീമിന് ലഭിക്കില്ല. അവസാന തവണ ഇരു ടീമുകളും ഇതിഹാദിൽ ഏറ്റു മുട്ടിയപ്പോൾ ഗോൾ മഴ പെയ്ത മത്സരത്തിൽ 6-3 നാണ് സിറ്റി ജയിച്ചത്‌. അന്ന് ലെപ്സിഗിനായി എൻകുങ്കു ഹാട്രിക്കും നേടിയിരുന്നു.

സ്വന്തം തട്ടത്തിൽ ഇന്റർ മിലാനെ വരവേൽക്കുന്ന പോർട്ടോ പൊരുതാൻ ഉറച്ചു തന്നെ ആവും കളത്തിൽ എത്തുന്നത്. സാൻ സിറോയിൽ ഭൂരിഭാഗം സമയം ഇന്ററിനെ പിടിച്ചു കെട്ടാൻ സാധിച്ചിട്ടും അവസാന നിമിഷം ലുക്കാകു നേടിയ ഗോളിൽ പോർച്ചുഗീസ് ടീമിന് മത്സരം അടിയറവ് വെക്കേണ്ടി വന്നിരുന്നു. തങ്ങളുടെ സ്റ്റേഡിയത്തിൽ രണ്ടു ഗോൾ വ്യത്യാസത്തിൽ വിജയം നേടാൻ അവർ തന്ത്രങ്ങൾ മെനയുമെങ്കിലും ആദ്യ പാദത്തിൽ ഒട്ടാവിയോക്ക് ചുവപ്പ് കാർഡ് കണ്ടത് വലിയ തിരിച്ചടി ആണ്. ലീഗിൽ അവസാന രണ്ടു മത്സരങ്ങളിൽ ഓരോ തോൽവിയും ജയവും നേടിയാണ് പോർട്ടോ എത്തുന്നത്. ഇറ്റാലിയൻ ലീഗിൽ മികച്ച ഫോമിൽ കുതിക്കുകയായിരുന്ന ഇന്റർ എന്നാൽ കഴിഞ്ഞ മത്സരത്തിൽ സ്പെസിയയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരുന്നു. എങ്കിലും ലുക്കാകു സ്കോറിങ് തുടരുന്നതും, പ്രതിരോധം മികവിലേക്ക് ഉയരുകയും ചെയ്താൽ പോർട്ടോയെ അനായാസം മറികടക്കാൻ ഇന്ററിനാവും.

Exit mobile version