E4bmihc2ys6kqlbtgl7kyxpcne 1

ലെപ്സിഗിനെ മറികടക്കാൻ മാഞ്ചസ്റ്റർ സിറ്റി, ഇന്ററിന് ഭീഷണി ആവാൻ പോർട്ടോ

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ ആദ്യ പാദത്തിലെ തിരിച്ചടി മറികടക്കാൻ മാഞ്ചസ്റ്റർ സിറ്റിയും മുൻതൂക്കം നിലനിർത്താൻ ഇന്റർ മിലാനും ഇറങ്ങുമ്പോൾ, ക്വർട്ടർ പ്രതീക്ഷകൾ അസ്തമിക്കാതെ ലെപ്സിഗും എഫ്സി പോർട്ടോയും കളത്തിൽ എത്തും. ബുധനാഴ്ച പുലർച്ചെ 1.30 ന് മത്സരങ്ങൾക്ക് വിസിൽ മുഴങ്ങും.

മുൻപ് തോൽവി അറിഞ്ഞിട്ടുള്ള ലെപ്സിഗിന്റെ തട്ടകത്തിൽ ആദ്യ പാദത്തിൽ ജയം കൈവിട്ടെങ്കിലും സമനില നേടാൻ കഴിഞ്ഞ ആശ്വാസത്തിൽ ആവും മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബൂട്ട് കെട്ടി ഇറങ്ങുന്നത്. മെഹ്റസിന്റെ ഗോളിൽ ലീഡ് നേടിയെങ്കിലും ഗ്വാർഡിയോളിന്റെ ഗോളിൽ ലെപ്സിഗ് സമനില നേടി. നാളെ ടീം മുഴുവൻ പൂർണ സജ്ജരാണ് എന്നതാണ് സിറ്റിക്ക് നൽകുന്ന ഊർജം. ശേഷം നടന്ന ലീഗ് മത്സരങ്ങളിൽ എല്ലാം സമ്പൂർണ വിജയവുമായാണ് അവരുടെ വരവ്. ലെപ്സിഗ് ആവട്ടെ അവസാന മൂന്നിൽ രണ്ട് മത്സരങ്ങളും ജയിച്ചാണ് എത്തുന്നത്. വെർനർ, ഫോർസ്ബെർഗ് തുടങ്ങിവരും അവസാന മത്സരത്തിൽ ഗോൾ കണ്ടെത്തി. എങ്കിലും എൻകുങ്കു, അബ്‌ദു ഡിയാലോ, കീപ്പർ പീറ്റർ ഗുലാസി എന്നിവരുടെ സേവനം ടീമിന് ലഭിക്കില്ല. അവസാന തവണ ഇരു ടീമുകളും ഇതിഹാദിൽ ഏറ്റു മുട്ടിയപ്പോൾ ഗോൾ മഴ പെയ്ത മത്സരത്തിൽ 6-3 നാണ് സിറ്റി ജയിച്ചത്‌. അന്ന് ലെപ്സിഗിനായി എൻകുങ്കു ഹാട്രിക്കും നേടിയിരുന്നു.

സ്വന്തം തട്ടത്തിൽ ഇന്റർ മിലാനെ വരവേൽക്കുന്ന പോർട്ടോ പൊരുതാൻ ഉറച്ചു തന്നെ ആവും കളത്തിൽ എത്തുന്നത്. സാൻ സിറോയിൽ ഭൂരിഭാഗം സമയം ഇന്ററിനെ പിടിച്ചു കെട്ടാൻ സാധിച്ചിട്ടും അവസാന നിമിഷം ലുക്കാകു നേടിയ ഗോളിൽ പോർച്ചുഗീസ് ടീമിന് മത്സരം അടിയറവ് വെക്കേണ്ടി വന്നിരുന്നു. തങ്ങളുടെ സ്റ്റേഡിയത്തിൽ രണ്ടു ഗോൾ വ്യത്യാസത്തിൽ വിജയം നേടാൻ അവർ തന്ത്രങ്ങൾ മെനയുമെങ്കിലും ആദ്യ പാദത്തിൽ ഒട്ടാവിയോക്ക് ചുവപ്പ് കാർഡ് കണ്ടത് വലിയ തിരിച്ചടി ആണ്. ലീഗിൽ അവസാന രണ്ടു മത്സരങ്ങളിൽ ഓരോ തോൽവിയും ജയവും നേടിയാണ് പോർട്ടോ എത്തുന്നത്. ഇറ്റാലിയൻ ലീഗിൽ മികച്ച ഫോമിൽ കുതിക്കുകയായിരുന്ന ഇന്റർ എന്നാൽ കഴിഞ്ഞ മത്സരത്തിൽ സ്പെസിയയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരുന്നു. എങ്കിലും ലുക്കാകു സ്കോറിങ് തുടരുന്നതും, പ്രതിരോധം മികവിലേക്ക് ഉയരുകയും ചെയ്താൽ പോർട്ടോയെ അനായാസം മറികടക്കാൻ ഇന്ററിനാവും.

Exit mobile version