ഇഞ്ച്വറി സമയത്ത് ജയിച്ചു കയറി ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ജയം കണ്ടു
ബയേൺ മ്യൂണിക്. ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിന് എതിരായ പരാജയത്തിന് ശേഷം കളിക്കാൻ ഇറങ്ങിയ ബയേണിനെ സെന്റ് പൗളി തുടക്കത്തിൽ തന്നെ ഞെട്ടിച്ചു. ആറാം മിനിറ്റിൽ ആന്ദ്രസിന്റെ ഗോളിൽ ബയേൺ മത്സരത്തിൽ പിറകിൽ പോയി. തുടർന്ന് നിരന്തരം ആക്രമിക്കുന്ന ബയേണിനെ ആണ് മത്സരത്തിൽ കണ്ടത്. 44 മത്തെ മിനിറ്റിൽ ബയേണിന്റെ സമനില ഗോൾ പിറന്നു.

ലൂയിസ് ഡിയാസിന്റെ പാസിൽ നിന്നു റാഫേൽ ഗുരേയിരോ ആണ് അവരുടെ സമനില ഗോൾ നേടിയത്. തുടർന്നു വിജയഗോളിന് ആയുള്ള ബയേണിന്റെ ശ്രമങ്ങൾ 90 മിനിറ്റും കടന്നു. 93 മത്തെ മിനിറ്റിൽ ഒടുവിൽ കിമ്മിച്ചിന്റെ ക്രോസിൽ നിന്നു മികച്ച ഗോളിലൂടെ ലൂയിസ് ഡിയാസ് ബയേണിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. തുടർന്ന് സമനില ഗോളിനായി എതിർ ടീം ഗോൾ കീപ്പർ കയറി വന്നത് മുതലാക്കിയ നിക്കോളാസ് ജാക്സൻ 96 മത്തെ മിനിറ്റിൽ ബയേണിന്റെ 3-1 ന്റെ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗിൽ ഇപ്പോൾ ബഹുദൂരം മുന്നിലാണ് ബയേൺ.

ഹാട്രിക് അസിസ്റ്റ്! 2 ഗോളുകൾ! ഒലിസെ ആട്ടത്തിൽ വമ്പൻ ജയം കുറിച്ച് ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയ സമനിലയിൽ നിന്നു വിജയവഴിയിൽ തിരിച്ചെത്തി ബയേൺ മ്യൂണിക്. ഫ്രയ്ബർഗിന് എതിരെ ആദ്യ 17 മിനിറ്റിൽ രണ്ടു ഗോളിന് പിന്നിൽ പോയ ശേഷമാണ് ബയേൺ വമ്പൻ തിരിച്ചു വരവ് നടത്തി 6-2 ന്റെ വലിയ ജയം കുറിച്ചത്. ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിനെ നേരിടുന്നതിന് മുമ്പ് വലിയ ആത്മവിശ്വാസം ആവും ബയേണിനു ഈ ജയം നൽകുക. തുടക്കത്തിലെ ഞെട്ടലിന് ശേഷം ബയേണിന്റെ സമ്പൂർണ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്.

22 മത്തെ മിനിറ്റിൽ ലെനാർട്ട് കാർലിന്റെ ഗോളിന് അവസരം ഒരുക്കിയ മൈക്കിൾ ഒലിസെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബയേണിനു മത്സരത്തിൽ സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ഉപമകാനോയുടെ ഗോളിനും ഒലിസെ അവസരം ഒരുക്കി. തുടർന്ന് 60 മത്തെ മിനിറ്റിൽ ഹാരി കെയിൻ ഗോൾ നേടിയതോടെ ബയേൺ ജയം ഉറപ്പിച്ചു. 78 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ജാക്സന്റെ ഗോളിന് അവസരം ഒരുക്കി ഹാട്രിക് അസിസ്റ്റുകൾ നേടിയ ഒലിസെ 84 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ ബയേണിന്റെ വലിയ ജയവും പൂർത്തിയാക്കി. ലീഗിൽ എതിരാളികൾ ഇല്ലാതെ ബയേൺ കുതിക്കുകയാണ്.

ബയേൺ മ്യൂണിക്കിന്റെ വിജയകുതിപ്പിന് അന്ത്യം, യൂണിയൻ ബെർലിനോട് സമനില

സീസണിൽ റെക്കോർഡ് കുറിച്ച ബയേൺ മ്യൂണിക്കിന്റെ വിജയകുതിപ്പിന് അന്ത്യം. സീസണിൽ കളിച്ച 16 കളികളും ജയിച്ച അവരെ യൂണിയൻ ബെർലിൻ 2-2 എന്ന സ്കോറിന് സമനിലയിൽ പിടിക്കുക ആയിരുന്നു. ബെർലിനിൽ നടന്ന മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ബയേണിന്റെ ആധിപത്യം കണ്ടെങ്കിലും 27 മത്തെ മിനിറ്റിൽ അവർ സീസണിൽ ആദ്യമായി ബുണ്ടസ് ലീഗയിൽ ഒരു മത്സരത്തിൽ പിറകിൽ പോയി. ഡാനിലോ ഡോഹെകിയാണ് ബയേണിന്റെ വലയിൽ പന്ത് എത്തിച്ചത്.

എന്നാൽ 38 മത്തെ മിനിറ്റിൽ സ്റ്റാനിസിച്ചിന്റെ പാസിൽ നിന്നു അവിശ്വസനീയം ആയ ആങ്കിളിൽ നിന്നു ഗോൾ നേടിയ ലൂയിസ് ഡിയാസ് അവർക്ക് സമനില ഗോൾ നൽകി. രണ്ടാം പകുതിയിൽ 83 മത്തെ മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നു കിട്ടിയ അവസരത്തിൽ തന്റെ രണ്ടാം ഗോൾ നേടിയ ഡാനിലോ ഡോഹെകി ബയേണിനെ വീണ്ടും ഞെട്ടിച്ചു. പരാജയം മുന്നിൽ കണ്ട ബയേണിനെ പക്ഷെ ടോം ബിച്ചോഫിന്റെ ക്രോസിൽ നിന്നു 93 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഹാരി കെയിൻ രക്ഷിക്കുക ആയിരുന്നു. സീസണിൽ ലീഗിലെ 13 മത്തെ ഗോൾ ആയിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന് ഇത്. നിലവിൽ 10 മത്സരങ്ങൾക്ക് ശേഷം ലീഗിൽ 6 പോയിന്റ് മുന്നിൽ ഒന്നാമത് തുടരുകയാണ് ബയേൺ.

ബുണ്ടസ് ലീഗയിൽ ജയിച്ചു കയറി ബയേൺ, ഡോർട്ട്മുണ്ടിന് പരാജയം

ജർമ്മൻ ബുണ്ടസ് ലീഗയിൽ സെന്റ് പൗളിക്ക് എതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയം കണ്ടു ബയേൺ മ്യൂണിക്. ജമാൽ മുസിയാല 22 മത്തെ മിനിറ്റിൽ നേടിയ അതുഗ്രൻ ലോങ് റേഞ്ച് ഗോൾ ആണ് ബയേണിന് ജയം സമ്മാനിച്ചത്. ബയേണിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ അവർക്ക് തുടർന്ന് ഗോളുകൾ നേടാൻ ആയില്ല. നിലവിൽ ലീഗിൽ ഒന്നാമത് ആണ് ബയേൺ.

അതേസമയം ലീഗിലെ മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് മെയിൻസിനോട് 3-1 എന്ന സ്കോറിന് പരാജയപ്പെട്ടു. 27 മത്തെ മിനിറ്റിൽ എമറെ ചാനിനു ചുവപ്പ് കാർഡ് കണ്ടത് ആണ് ഡോർട്ട്മുണ്ടിനു തിരിച്ചടി ആയത്. മെയിൻസിന് ആയി ലീ ജൊ-സുങ്, ജൊനാഥൻ ബുർകാർട്ട്, പൗൾ നെബൽ എന്നിവർ ആണ് ഗോളുകൾ നേടിയത്. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്ത് ആണ് ഡോർട്ട്മുണ്ട്. നിലവിലെ ജേതാക്കൾ ആയ ബയേർ ലെവർകുസനെ ബോകം 1-1 എന്ന സ്കോറിന് സമനിലയിലും തളച്ചു.

ജയം തുടർന്നു ബയേൺ മ്യൂണിക് ബുണ്ടസ് ലീഗ തലപ്പത്ത്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ജയം തുടർന്നു ബയേൺ മ്യൂണിക്. നിലവിൽ 9 മത്സരങ്ങൾക്ക് ശേഷം ഒന്നാം സ്ഥാനത്തും അവർ തുടരുകയാണ്. ആറാം സ്ഥാനക്കാർ ആയ യൂണിയൻ ബെർലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ബയേൺ സ്വന്തം മൈതാനത്ത് തോൽപ്പിച്ചത്. എതിരാളിയെ കരുതി കൂട്ടി പരിക്ക് ഏൽപ്പിക്കുന്നു എന്ന വിമർശനങ്ങൾ നേരിടുന്നതിന് ഇടയിൽ ഇരട്ട ഗോളുകൾ നേടിയ ഹാരി കെയിൻ ആണ് ബയേണിന്റെ വിജയ ശിൽപ്പി.

14 മത്തെ മിനിറ്റിൽ മൈക്കിൾ ഒലീസെ നേടി നൽകിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹാരി കെയിൻ ബയേണിന് ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് 43 മത്തെ മിനിറ്റിൽ ഹാരി കെയിനിന്റെ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ കിങ്സ്ലി കോമാൻ ബയേണിനു രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ കോമാന്റെ പാസിൽ നിന്നു ഗോൾ നേടിയ ഹാരി കെയിൻ ബയേണിന്റെ ജയം പൂർത്തിയാക്കി. സീസണിൽ ഇത് വരെ 11 ഗോളുകളും 5 അസിസ്റ്റുകളും ആണ് കെയിൻ ലീഗിൽ മാത്രം നേടിയത്.

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനു പരാജയം

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനു പരാജയം. ചാമ്പ്യൻസ് ലീഗിൽ റയലിനോട് ഏറ്റ പരാജയം മറക്കാൻ ഇറങ്ങിയ ഡോർട്ട്മുണ്ടിനു ഓഗ്സ്ബർഗിന് എതിരെ മികച്ച തുടക്കം ആണ് ലഭിച്ചത്. നാലാം മിനിറ്റിൽ ഗുയിരാസിയുടെ പാസിൽ നിന്നു ഡോണിയൽ മാലൻ ആണ് അവർക്ക് മുൻതൂക്കം നൽകിയത്. 77 ശതമാനം സമയവും ഡോർട്ട്മുണ്ട് പന്ത് കൈവശം വെച്ച മത്സരത്തിൽ പക്ഷെ ഓഗ്സ്ബർഗ് തിരിച്ചു വന്നു.

25 മത്തെ മിനിറ്റിൽ ഓഗ്സ്ബർഗിന് സമനില നേടി നൽകിയ അലക്സിസ് ക്ലൗഡ് മോറിസ് രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ വിജയഗോളും കണ്ടെത്തി. 99 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡും കണ്ടു പകരക്കാരനായി ഇറങ്ങിയ കബാർ കൂടി പുറത്ത് പോയതോടെ ഡോർട്ട്മുണ്ടിന്റെ സമനില നേടാനുള്ള ശ്രമവും അവസാനിച്ചു. ലീഗിൽ മോശം തുടക്കം ലഭിച്ച ഡോർട്ട്മുണ്ട് നിലവിൽ 8 കളികളിൽ നിന്നു 13 പോയിന്റും ആയി ഏഴാം സ്ഥാനത്ത് ആണ്.

ജയത്തോടെ ആർ.ബി ലൈപ്സിഗ് ബുണ്ടസ് ലീഗയിൽ ഒന്നാമത്, ജയം കണ്ടു ലെവർകുസനും

ജർമ്മൻ ബുണ്ടസ് ലീഗയിൽ മെയിൻസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ് ലീഗിൽ ഒന്നാമത് എത്തി. ആദ്യ പകുതിയിൽ സാവി സിമൻസ്, വില്ലി ഓർബാൻ എന്നിവർ നേടിയ ഗോളുകൾക്ക് ആണ് ലൈപ്സിഗ് ജയം കണ്ടത്. ജയത്തോടെ 7 കളികളിൽ നിന്നു 17 പോയിന്റുകളും ആയി അവർ ലീഗിൽ ഒന്നാമത് എത്തി.

ലീഗിൽ നിലവിൽ രണ്ടാമത് ഉള്ള ഫ്രയ്ബർഗ് ഓഗ്സ്ബർഗിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആണ് മറ്റൊരു മത്സരത്തിൽ മറികടന്നത്. ഇന്ന് ഫ്രാങ്ക്ഫർട്ടിന് എതിരെ ജയം കുറിച്ച നിലവിലെ ജേതാക്കൾ ആയ ബയേർ ലെവർകുസൻ ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി. 9 മത്തെ മിനിറ്റിൽ വിക്ടർ ബോണിഫെസ് പെനാൽട്ടി പാഴാക്കിയ മത്സരത്തിൽ ഒമർ മർമൗഷിന്റെ പെനാൽട്ടിയിൽ ഫ്രാങ്ക്ഫർട്ട് ആണ് ആദ്യം മുന്നിൽ എത്തിയത്. എന്നാൽ റോബർട്ട് ആൻഡ്രിച്, വിക്ടർ ബോണിഫെസ് എന്നിവരുടെ ഗോളിൽ ലെവർകുസൻ ജയം കാണുക ആയിരുന്നു.

ഒമർ മർമൗഷ് തീ! ബയേണിനെ സമനിലയിൽ തളച്ചു ഫ്രാങ്ക്ഫർട്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്, ഫ്രാങ്ക്ഫർട്ട് മത്സരം ആവേശകരമായ സമനിലയിൽ. ഇരു ടീമുകളും 3 വീതം ഗോൾ നേടിയ മത്സരത്തിൽ ഫ്രാങ്ക്ഫർട്ടിന്റെ ഈജിപ്ത് മുന്നേറ്റനിര താരം ഒമർ മർമൗഷിന്റെ അഴിഞ്ഞാട്ടം ആണ് മത്സരത്തിൽ കാണാൻ ആയത്. 2 ഗോളുകളും 1 അസിസ്റ്റും നേടിയ ഒമർ ഇത് വരെ സീസണിൽ ലീഗിൽ 8 ഗോളുകളും 4 അസിസ്റ്റുകളും ആണ് നേടിയത്. മത്സരത്തിൽ 15 മത്തെ മിനിറ്റിൽ മുള്ളറിന്റെ പാസിൽ നിന്നു കിമ്മിന്റെ ഗോളിലൂടെ ബയേൺ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. 22 മത്തെ മിനിറ്റിൽ ഒമർ പക്ഷെ ബയേണിനെ ഞെട്ടിച്ചു.

35 മത്തെ മിനിറ്റിൽ ഹുഗോ എകിറ്റെകെയുടെ ഗോളിൽ ഫ്രാങ്ക്ഫർട്ട് മത്സരത്തിൽ മുന്നിൽ എത്തി. എന്നാൽ 3 മിനിറ്റിനുള്ളിൽ ഉപമകാന്യോയിലൂടെ ബയേൺ മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ഹാരി കെയിനിന്റെ പാസിൽ നിന്ന് ഗോൾ നേടിയ മൈക്കിൾ ഒലീസെ ബയേണിന് മത്സരത്തിൽ വീണ്ടും മുൻതൂക്കം നൽകി. മത്സരം ബയേൺ ജയിച്ചു എന്നുറപ്പിച്ച സമയത്ത് 94 മത്തെ മിനിറ്റിൽ എറിക് ജൂനിയറിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ സമനില കണ്ട ഒമർ ഫ്രാങ്ക്ഫർട്ടിന് സമനില സമ്മാനിക്കുക ആയിരുന്നു. ലീഗിൽ മറ്റൊരു മത്സരത്തിൽ ലൈപ്സിഗ് എതിരില്ലാത്ത ഒരു ഗോളിന് ജയം കണ്ടു. നിലവിൽ 6 മത്സരങ്ങൾക്ക് ശേഷം 14 പോയിന്റുകളും ആയി ബയേൺ ഒന്നാമതും അതേപോയിന്റും ആയി ലൈപ്സിഗ് രണ്ടാമതും ആണ്. 13 പോയിന്റും ആയി ഫ്രാങ്ക്ഫർട്ട് മൂന്നാം സ്ഥാനത്തും ആണ്.

ബയേർ ലെവർകുസൻ ബയേൺ മ്യൂണിക് സൂപ്പർ പോരാട്ടം സമനിലയിൽ

ജർമ്മൻ ബുണ്ടസ് ലീഗയിൽ നിലവിലെ ജേതാക്കൾ ആയ ബയേർ ലെവർകുസനും റെക്കോർഡ് ജേതാക്കൾ ആയ ബയേൺ മ്യൂണിക്കും തമ്മിലുള്ള സൂപ്പർ പോരാട്ടം 1-1 ന്റെ സമനിലയിൽ അവസാനിച്ചു. സ്വന്തം മൈതാനത്ത് ഇറങ്ങിയ ബയേണിന് ലെവർകുസനു എതിരെ ആധിപത്യം കാണിക്കാൻ ആയെങ്കിലും ജയിക്കാൻ ആയില്ല. മത്സരത്തിൽ ലെവർകുസൻ ആണ് ആദ്യം മുന്നിൽ എത്തിയത്.

31 മത്തെ മിനിറ്റിൽ ശാക്കയുടെ പാസിൽ നിന്നു റോബർട്ട് ആന്ദ്രിച് നേടിയ അതുഗ്രൻ ലോങ് റേഞ്ച് ഗോളിൽ ആണ് ലെവർകുസൻ മുന്നിൽ എത്തിയത്. എന്നാൽ 39 8 മിനിറ്റിനുള്ളിൽ അലക്സാണ്ടർ പവ്ലോവിചിന്റെ 25 വാര അകലെയുള്ള അതിമനോഹരമായ വോളിയിലൂടെ ബയേൺ മ്യൂണിക് സമനില പിടിച്ചു. രണ്ടാം പകുതിയിൽ വലിയ ആധിപത്യവും 11 ഷോട്ടുകളും ഉതിർത്തിട്ടും ബയേണിന് പക്ഷെ വിജയം കാണാൻ ആയില്ല. നിലവിൽ ലീഗിൽ ബയേൺ ഒന്നാമതും ലെവർകുസൻ മൂന്നാമതും ആണ്.

സ്റ്റുഗാർട്ടിനോട് തകർന്നടിഞ്ഞു ബൊറൂസിയ ഡോർട്ട്മുണ്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ സ്റ്റുഗാർട്ടിനോട് ഒന്നിനെതിരെ 5 ഗോളുകൾക്ക് വലിയ പരാജയം ഏറ്റു വാങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. ഡോർട്ട്മുണ്ടിനു മേൽ സ്വന്തം മൈതാനത്ത് വലിയ ആധിപത്യം പുലർത്തിയ സ്റ്റുഗാർട്ട് ആദ്യ പകുതിയിൽ ഡെന്നിസ് ഉണ്ടാവ്, എർമെദിൻ ഡെമിറോവിച് എന്നിവരുടെ ഗോളിന് മുന്നിൽ എത്തി. ഇരു ഗോളിനും മാക്‌സ്മില്യൻ ആണ് വഴി ഒരുക്കിയത്. രണ്ടാം പകുതിയിൽ കറസോറിന്റെ പാസിൽ നിന്നു എൻസോ മിലറ്റ് അവരുടെ മൂന്നാം ഗോളും നേടി.

തുടർന്ന് മുൻ സ്റ്റുഗാർട്ട് താരം ഗുയിരാസി ഒരു ഗോൾ മടക്കിയെങ്കിലും അത് ഒന്നും ഡോർട്ട്മുണ്ടിനു തിരിച്ചു വരാൻ ഉപകരിച്ചില്ല. എൻസോ മിലറ്റിന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായ എൽ ടോറെ സ്റ്റുഗാർട്ടിന് നാലാം ഗോളും സമ്മാനിച്ചു. തുടർന്ന് എൻസോ മിലറ്റിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ 90 മത്തെ മിനിറ്റിൽ നേടിയ ഡെന്നിസ് ഉണ്ടാവ് സ്റ്റുഗാർട്ട് ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ലീഗിൽ സ്റ്റുഗാർട്ട് ഏഴാമതും ഡോർട്ട്മുണ്ട് എട്ടാമതും ആണ്.

വീണ്ടും വമ്പൻ ജയവുമായി ബയേൺ മ്യൂണിക്

ചാമ്പ്യൻസ് ലീഗിലെ 9-2 ലെ വമ്പൻ ജയത്തിനു പിന്നാലെ ബുണ്ടസ് ലീഗയിൽ വെർഡർ ബ്രമനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു ബയേൺ മ്യൂണിക്. ബുണ്ടസ് ലീഗയിൽ പുതിയ പരിശീലകൻ വിൻസെന്റ് കൊമ്പനിക്ക് കീഴിൽ ഇത് വരെ 16 ഗോളുകൾ ആണ് നാലു മത്സരങ്ങളിൽ നിന്നു അവർ അടിച്ചു കൂട്ടിയത്. ലീഗിലും ഒന്നാം സ്ഥാനത്തും മറ്റാരുമല്ല. മത്സരത്തിൽ 23 മത്തെ മിനിറ്റിൽ ഹാരി കെയിനിന്റെ പാസിൽ നിന്നു മൈക്കിൾ ഒലീസെയാണ് ബയേണിന്റെ ആദ്യ ഗോൾ നേടിയത്. 32 മത്തെ മിനിറ്റിൽ ഒലീസെയുടെ പാസിൽ നിന്നു ജമാൽ മുസിയാല അവരുടെ രണ്ടാം ഗോളും സമ്മാനിച്ചു.

തുടർന്ന് രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ഹാരി കെയിനിന്റെ ഗോളിനും മൈക്കിൾ ഒലീസെ വഴി ഒരുക്കി. അതിനു ശേഷം 60 മത്തെ മിനിറ്റിൽ മൈക്കിൾ ഒലീസെ തന്റെ രണ്ടാം ഗോളും നേടി. മത്സരത്തിൽ രണ്ടു ഗോൾ നേടിയ ഒലീസെ രണ്ടു അസിസ്റ്റും നേടി. സീസണിൽ ഹാരി കെയിനു ഒപ്പം ഉഗ്രൻ ഫോമിലാണ് ഫ്രഞ്ച് യുവതാരം ഇപ്പോൾ. 65 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സെർജ് ഗനാബ്രിയാണ് ഹാരി കെയിനിന്റെ പാസിൽ നിന്നു ഗോൾ നേടി ബയേണിന്റെ വലിയ ജയം പൂർത്തിയാക്കിയത്.

ഹാളണ്ടിന്റെ റെക്കോർഡ് തകർത്തു ഹാരി കെയിൻ, വമ്പൻ ജയവുമായി ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ പുതിയ പരിശീലകൻ വിൻസെന്റ് കൊമ്പനിക്ക് കീഴിൽ തുടർച്ചയായ മൂന്നാം മത്സരവും ജയിച്ചു ബയേൺ മ്യൂണിക്. സ്ഥാനക്കയറ്റം നേടിവന്ന ഹോൾസ്റ്റെയിൻ കീലിനെ 6-1 തകർത്ത ബയേൺ ലീഗിൽ ഒന്നാം സ്ഥാനത്ത് ആണ് ഇപ്പോൾ. മത്സരത്തിൽ ഹാട്രിക് നേടിയ ഹാരി കെയിൻ വെറും 35 മത്സരങ്ങളിൽ നിന്നു 50 ബുണ്ടസ് ലീഗ ഗോളുകൾ എന്ന നേട്ടത്തിലും എത്തി. ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടിയ ഏർലിങ് ഹാളണ്ടിന്റെ(43 മത്സരങ്ങൾ) റെക്കോർഡ് ഇതോടെ കെയിൻ തകർത്തു.

മത്സരത്തിൽ ആദ്യ മിനിറ്റിൽ ജമാൽ മുസിയാലയുടെ ഗോളിന് വഴി ഒരുക്കിയ കെയിൻ ഏഴാം മിനിറ്റിലും 43 മത്തെ മിനിറ്റിലും തന്റെ ആദ്യ രണ്ടു ഗോളുകൾ നേടി. ഇടക്ക് നിക്കോളായി റെംബെർഗിന്റെ സെൽഫ്‌ ഗോൾ കൂടി വന്നതോടെ ബയേൺ ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ 65 മത്തെ മിനിറ്റിൽ ക്ലബിന് ആയി തന്റെ ആദ്യ ലീഗ് ഗോൾ നേടിയ മൈക്കിൾ ഒലീസെ മുൻതൂക്കം 5 ആക്കി മാറ്റി. 82 മത്തെ മിനിറ്റിൽ എതിരാളികൾ ഒരു ആശ്വാസ ഗോൾ നേടിയെങ്കിലും 91 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക്കും ടീമിന്റെ വമ്പൻ ജയവും ഹാരി കെയിൻ പൂർത്തിയാക്കുക ആയിരുന്നു.

Exit mobile version