2027-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ചു; മാഡ്രിഡും വാർസോയും ആതിഥേയർ


2027-ലെ പുരുഷന്മാരുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ സ്റ്റേഡിയം വേദിയാകുമെന്ന് യുവേഫ സ്ഥിരീകരിച്ചു. അതേസമയം, വനിതാ ഫൈനൽ പോളണ്ടിലെ വാർസോയിലെ നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. തിരാനയിൽ നടന്ന യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

2019-ൽ ലിവർപൂളിന്റെ വിജയത്തിന് ശേഷം ഒരു ദശാബ്ദത്തിനിടെ ഇത് രണ്ടാം തവണയാണ് മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.
വരാനിരിക്കുന്ന മറ്റ് പ്രധാന മത്സരങ്ങളുടെ വേദികളും യുവേഫ പ്രഖ്യാപിച്ചു. 2026-ലെ പുരുഷന്മാരുടെ ഫൈനൽ ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിലും വനിതാ ഫൈനൽ ഓസ്ലോയിലെ ഉല്ലെവാൾ സ്റ്റേഡിയത്തിലും നടക്കും. ഓസ്ട്രിയയിലെ സാൽസ്ബർഗ് 2026-ലെ യുവേഫ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കും. യൂറോപ്പിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രമുഖ ഫുട്ബോൾ മത്സരങ്ങൾ വ്യാപിപ്പിക്കാനുള്ള യുവേഫയുടെ ശ്രമമാണ് ഈ പ്രഖ്യാപനങ്ങളിലൂടെ വ്യക്തമാകുന്നത്.

ഡെംബലെ വീണ്ടും തിളങ്ങി, ആദ്യ പാദം ജയിച്ച് പിഎസ്ജി

ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് ടൈയുടെ ആദ്യ പാദത്തിൽ പാരീസ് സെന്റ്-ജെർമെയ്ൻ ബ്രെസ്റ്റിനെതിരെ 3-0 ന് വിജയിച്ചു. ഔസ്മാൻ ഡെംബെലെ ഇരട്ട ഗോളുകൾ നേടി തന്റെ തകർപ്പൻ ഫോം തുടർന്നു. ആദ്യ പകുതിയുടെ മധ്യത്തിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് വിറ്റിഞ്ഞ ആദ്യ ഗോൾ നേടി. പകുതി സമയത്തിന് തൊട്ടുമുമ്പും പിന്നെ 66-ാം മിനിറ്റിലും ഗോൾ കൂടി നേടിയതോടെ പി എസ് ജി വിജയം ഉറപ്പിച്ചു.

ഡെംബെലെ ഈ സീസണിൽ ഇതുവരെ 23 ഗോളുകൾ നേടിയിട്ടുണ്ട്. അവസാന നാല് മത്സരങ്ങളിൽ നിന്ന് മാത്രമായി 10 ഗോളുകൾ അദ്ദേഹം നേടി. റൗണ്ട് ഒഫ് 16-ലേക്ക് മുന്നേറിയാൽ ലിവർപൂളിനെയോ ബാഴ്‌സലോണയെയോ ആകും പി എസ് ജി നേരിടുക.

സ്പാർട്ട പ്രാഗിനെ 5-0ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് റെക്കോർഡ് സ്വന്തമാക്കി

മാഞ്ചസ്റ്റർ സിറ്റി അവരുടെ യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സ്പാർട്ട പ്രാഗിനെതിരെ 5-0 ന് ഉജ്ജ്വല വിജയം നേടി. ചാമ്പ്യൻസ് ലീഗിലെ അവരുടെ അപരാജിത കുതിപ്പ് 26 മത്സരങ്ങളായി അവർ വർദ്ധിപ്പിച്ചു, ഇത് ഒരു പുതിയ റെക്കോർഡാണ്. മാനുവൽ അകാൻജിയുടെ അസിസ്റ്റിൽ നിന്ന് ഫിൽ ഫോഡൻ നേടിയ ഗോളിലൂടെ മൂന്നാം മിനിറ്റിൽ തന്നെ സിറ്റി ലീഡ് എടുത്തു.

എർലിംഗ് ഹാലൻഡ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി ചേർത്തു, 58-ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ബാക്ക്ഹീലും 68-ാം മിനിറ്റിൽ തൻ്റെ രണ്ടാം ഗോളും ഹാളണ്ട് നേടി.

64-ാം മിനിറ്റിൽ ജോൺ സ്റ്റോൺസ് ഹെഡ്ഡറിലൂടെ വലകുലുക്കി സ്കോർ 4-0. 88-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാത്യൂസ് നൂനസ് വിജയം പൂർത്തിയാക്കി. നൂബസ് നേരത്തെ രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു.

ഹാലാൻഡിൻ്റെ ബ്രേസ് അദ്ദേഹത്തിന്റെ സിറ്റിക്ക് വേണ്ടിയുള്ള ചാമ്പ്യൻസ് ലീഗിലെ 21ആം ഗോളായിരുന്നു. വെറും 23 മത്സരങ്ങളിൽ നിന്നാണ് 21 ചാമ്പ്യൻസ് ലീഗ് ഗോളുകൾ ഹാളണ്ട് നേടിയത്. ഇനി സിറ്റി സ്പോർട്ടിംഗിനെ നേരിടും. അതേസമയം സ്പാർട്ട പ്രാഗ് ബ്രെസ്റ്റിനെയും നേരിടും.

2007 നും 2009 നും ഇടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥാപിച്ച മത്സരത്തിലെ തുടർച്ചയായ തോൽവിയറിയാതെയുള്ള മുൻ റെക്കോർഡ് ആണ് സിറ്റി ഈ വിജയത്തോടെ തകർത്തത്. ‌

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് മുതൽ

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് രണ്ട് മത്സരങ്ങൾ ആണ് നടക്കുന്നത്. ഡെന്മാർക്കിൽ നടക്കുന്ന മത്സരത്തിൽ എഫ് സി കോപൻ ഹേഗൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യ പാദത്തിൽ സിറ്റിയെ തടയാൻ ആകും എന്ന പ്രതീക്ഷയിലാണ് കോപൻ ഹേഗൻ. എന്നാൽ മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ മികച്ച ഫോമിലാണ്.

തുടർച്ചയായ 10 വിജയങ്ങളുമായാണ് പെപ് ഗ്വാർഡിയോളയുടെ ടീം വരുന്നത്. എർലിംഗ് ഹാളണ്ട് കൂടെ തിരികെ എത്തിയതിനാൽ സിറ്റി ഇപ്പോൾ അവരുടെ പൂർണ്ണ കരുത്തിൽ എത്തിയിരിക്കുകയാണ്.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ലെപ്സിഗും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടും. ജർമ്മനിയിൽ വെച്ചാകും മത്സരം. ഈ സീസൺ അപാര ഫോമിൽ ആണ് റയൽ മാഡ്രിഡ്. എന്നാൽ അവർക്ക് ഒപ്പം അവരുടെ പ്രധാന താരമായ ജൂഡ് ബെല്ലിങ്ഹാം ഇന്ന് ഉണ്ടാകില്ല. രാത്രി 1.30നാണ് രണ്ട് മത്സരങ്ങളും നടക്കുക. കളി സോണി നെറ്റ്വർക്കിലും സോണി ലൈവിലും തത്സമയം കാണാം.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫിക്സ്ചർ ആയി

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ നറുക്ക് കഴിഞ്ഞു. എഫ്‌സി ബാഴ്‌സലോണ നാപോളി പോരാട്ടം ആണ് റൗണ്ട് ഓഫ് 16ലെ ഏറ്റവും വലിയ പോരാട്ടമായൊ പ്രഥമ ദൃഷ്ടിയിൽ വിലയിരുത്തപ്പെടുന്നത്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി കോപൻ ഹേഗനെ ആകും നേരിടുക. ആഴ്സണൽ പോർട്ടോയെയും നേരിടും.

റയൽ മാഡ്രിഡ് ജർമ്മബ് ക്ലബായ RB ലെയ്പ്സിഗിനെ നേരിടുമ്പോൾ ലാസിയോ ആകും ബയേൺ മ്യൂണിക്കിന്റെ എതിരാളികൾ. ഇന്റർ മിലാൻ അവരുടെ മുൻ താരം ഡീഗോ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. പിഎസ്ജി റയൽ സോസിഡാഡിനെ നേരിടുമ്പോൾ പിഎസ്‌വി ഐന്തോവൻ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും.

റൗണ്ട് ഓഫ് 16 പോരാട്ടങ്ങളുടെ ആദ്യ പാദങ്ങൾ ഫെബ്രുവരി 13, 14, 20, 21 തീയതികളിൽ നടക്കും. രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 5, 6, 10, 12 തീയതികളിലും നടക്കും.

UEFA Champions League Round of 16 Full draw:
FC Porto vs Arsenal

PSG vs Real Sociedad

PSV Eindhoven vs Borussia Dortmund

FC Copenhagen vs Manchester City

Napoli vs FC Barcelona

Inter Milan vs Atletico Madrid

Lazio vs Bayern Munich

RB Leipzig vs Real Madrid

ലീഡും അവസരങ്ങളും കളഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചാമ്പ്യൻസ് ലീഗിൽ നിരാശ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പ്രതീക്ഷകൾ അവസാനിക്കുകയാണ്. ഇന്ന് വിജയം അത്യാവശ്യമായിരുന്ന ഗലറ്റസറെക്ക് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങി. 3-3 എന്ന സമനില ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. ഒരു ഘട്ടത്തിൽ 3-1ന് മുന്നിൽ നിന്നിരുന്ന യുണൈറ്റഡിന് ഈ സമനില ഒരു പരാജയം പോലെ തന്നെ ആകും തോന്നിപ്പിക്കുക.

ഇന്ന് തുർക്കിയിൽ ഒരു ആവേശ പോരാട്ടം ആണ് കാണാൻ ആയത്‌. ഗാലറ്റസറെയെ വിറപ്പിച്ചു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ 18 മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 11ആം മിനുട്ടിൽ ബ്രൂണോയുടെ പാസ് സ്വീകരിച്ച ഗർനാചോയുടെ നല്ല ഫിനിഷ് ആയിരുന്നു യുണൈറ്റഡിന് ലീഡ് നൽകിയത്‌. അധികം വൈകാതെ ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ലോകോത്തര ഫിനിഷ് യുണൈറ്റഡിനെ 2-0ന് മുന്നിൽ എത്തിച്ചു.

കളി യുണൈറ്റഡ് കൊണ്ടുപോകും എന്ന് തോന്നിപ്പിച്ച സമയത്ത് ഒനാനയുടെ ഒരു അബദ്ധം ഗലറ്റസറെയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. സിയെചിന്റെ ഫ്രീകിക്കിന്റെ ഗതി ജഡ്ജ് ചെയ്യാൻ ഒനാനയ്ക്ക് ആയില്ല‌. ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ 55ആം മിനുട്ടിലെ മക്ടോമിനെയുടെ ഗോൾ യുണൈറ്റഡിനെ 3-1ന് മുന്നിൽ എത്തിച്ചു. വീണ്ടും രണ്ടു ഗോളിന്റെ ലീഡ്‌. ഒനാനയുടെ മറ്റൊരു അബദ്ധം തുർക്കി ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു‌. 62ആം മിനുട്ടിൽ സിയെചിന് മുന്നിലായിരുന്നു ഒനാന വീണ്ടും പരാജയപ്പെട്ടത്. സ്കോർ 2-3.

71ആം മിനുറ്റിൽ അക്റ്റുർ കാഗ്ലുവിന്റെ ഒരു ഗംഭീര സ്ട്രൈക്ക് ഒനാനയെ നിയർ പോസ്റ്റിൽ കീഴ്പ്പെടുത്തുക കൂടെ ചെയ്തതോടെ തുർക്കി ടീം സമനില കണ്ടെത്തി. സ്കോർ 3-3. വിജയം നിർബന്ധമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം വന്നില്ല. ഗോൾ എന്ന് ഉറപ്പിച്ച പല അവസരങ്ങളും യുണൈറ്റഡ് അറ്റാക്കിങ് താരങ്ങൾക്ക് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. അവസാനം അവർ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു..

ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗ്രൂപ്പിൽ ഇപ്പോഴും അവസാന സ്ഥാനത്ത് നിർത്തുകയാണ്‌. ഇനി അത്ഭുതം നടക്കേണ്ടി വരും യുണൈറ്റഡ് ഇനി നോക്കൗട്ട് റൗണ്ടിലേക്ക് എത്താൻ‌.

നാലാം വിജയം, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു

യുവേഫ ചാമ്പ്യൻസ് ലീഗിൽ നോക്കൗയ്റ്റ് റൗണ്ട് പ്രവേശനം ഉറപ്പിച്ച് റയൽ മാഡ്രിഡ്. ഇന്നലെ മാഡ്രിഡിൽ വച്ച് പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് ബ്രാഗയെ നേരിട്ട റയൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം, എങ്കിലും തുടക്കത്തിൽ തന്നെ സ്പോർട്ടിംഗ് ബ്രാഗയ്ക്ക് മുന്നിലെത്താനുള്ള അവസരം ഉണ്ടായിരുന്നു. ആറാം മിനിറ്റിൽ അവർക്ക് ലഭിച്ച പെനാൽറ്റി പക്ഷേ ലക്ഷ്യത്തിൽ എത്തിക്കാൻ അവരുടെ സ്പാനിഷ് താരം ആൽവാരോ ഡിയാലോക്ക് ആയില്ല.

പിന്നീട് മികച്ച രീതിയിൽ കളിച്ച റയൽ മാഡ്രിഡ് 28ആം മിനിറ്റിൽ ഇബ്രാഹിം ഡിയസിയുടെ ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 58ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിന്റെ ലീഡ് ഇരട്ടിയാക്കി. മൂന്നു മിനിറ്റുകൾ കഴിഞ്ഞ് റോഡ്രിഗോ കൂടെ ഗോൾ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു. വിനീഷ്യസ് ജൂനിയർ ആയിരുന്നു ഈ അസിസ്റ്റ് ഒരുക്കിയത്. ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് റയൽ മാഡ്രിഡിന് 12 പോയിന്റ് ആയി. ആകെ ഒരു വിജയം മാത്രമുള്ള ബ്രാഗയ്ക്ക് മൂന്നു പോയിൻറ് മാത്രമാണ് ഉള്ളത്.

റഫറിയും വിവാദ തീരുമാനങ്ങളും, മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗിൽ വീണ്ടും പരാജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷകൾ അസ്തമിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ഡെന്മാർക്ക് ക്ലബ്ബായ കോപ്പൻ ഹെഗനോട് പരാജയപ്പെട്ടു. വിവാദ റഫറിയിങ്ങിൽ മുങ്ങിപ്പോയ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് കോപ്പൻ ഹേഗൻ വിജയിച്ചത്. മികച്ച രീതിയിൽ കളി ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു.

രണ്ടാം മിനിറ്റിലും 23 മിനിറ്റിലും ഹൊയ്ലുണ്ട് ആണ് മഞ്ചസ്റ്റർ യുണൈറ്റഡ് ആയി ഗോളുകൾ നേടിയത്. താരത്തിന് ഇതോടെ ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ അഞ്ചു ഗോളുകളായി. മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിൽ ആധിപത്യം തുടരുന്ന സമയത്ത് 42ആം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് ചുവപ്പു കാർഡ് കണ്ടത് മത്സരത്തിന്റെ ഗതി മാറ്റി. ഇതിനു ശേഷം ആദ്യപകുതി അവസാനിക്കും മുമ്പ് തന്നെ കോപ്പൻഹേഗൻ തിരിച്ചടിച്ച് സമനില നേടി.

ആദ്യം എലീനസിയിലൂടെ ആയിരുന്നു കോപ്പൻ ഹേഗൻ ഗോൾ നേടിയത്. തൊട്ടു പിന്നാലെ ഒരു വിവാദ പെനാൽറ്റിയിലൂടെ അവർ വീണ്ടും ഗോൾ നേടി. ഈ പെനാൽറ്റി വിധിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ വേദനിപ്പിച്ചു. ഗോൺസാൽവസ് ആണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്‌. രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 69ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ വീണ്ടും ലീഡ് എടുത്തു. ബ്രൂണോ ഫെർണാണ്ടസ് ആണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്പോഴും ലീഡ് സൂക്ഷിക്കാൻ ആയില്ല. 73 മിനിറ്റിൽ ലെറഗർ കോപ്പൻ ഹേഗനെ വീണ്ടും സമനിലയിൽ എത്തിച്ചു.

87 മിനിറ്റിൽ ബാർഡിലൂടെ അവർ വിജയഗോഡും നേടി. കോപ്പൻഹന്റെ ഗോളിലെ ഒഫ്സൈഡ് സാധ്യതയും വിവാദത്തിൽ തന്നെ നിന്നു‌ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നാലു മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി നോക്കൗട്ട് റൗണ്ടിലേക്ക് എത്തുക പ്രയാസമായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാലു മത്സ്യങ്ങളിലും പെനാൽറ്റി വഴങ്ങി. ഇത് ആദ്യമായാണ് ഒരു ടീം ആദ്യ നാല് ഗ്രൂപ്പ് മത്സരങ്ങളിലും പെനാൽറ്റി വയങ്ങുന്നത്.

ഇത്തവണ ഫെർമിന്റെ ഊഴം; ചാമ്പ്യൻസ് ലീഗിൽ വിജയ കുതിപ്പ് തുടർന്ന് ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗിൽ തുടർ ജയങ്ങളുമായി ബാഴ്‌സലോണ മുന്നോട്ട്. ഗ്രൂപ് എച്ചിൽ നടന്ന മത്സരത്തിൽ ശക്തർ ഡോനെസ്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്‌സലോണ കീഴടക്കിയത്. ഫെർമിൻ ലോപ്പസും ഫെറാൻ ടോറസും ജേതാക്കൾക്കായി ലക്ഷ്യം കണ്ടു. സുദാകൊവ് ശക്തറിന്റെ ആശ്വാസ ഗോൾ നേടി. മൂന്നിൽ മൂന്ന് ജയവുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബാഴ്‌സലോണ. സമീപകാല മത്സരങ്ങളിൽ യുവതാരങ്ങളുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ജയിക്കുന്ന ബാഴ്‌സ ഇന്നും അതാവർത്തിച്ചു.

നിരവധി താരങ്ങൾ പരിക്കും സസ്‌പെൻഷനുമായി പുറത്തായതിനാൽ മുൻ നിരയിൽ ഫെറാനും ഫെലിക്സിനും ഒപ്പം ലമീനേയും മധ്യനിരയിൽ ഫെർമിൻ ലോപസിനെയും അണിനിരത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. ആദ്യ പകുതിയിൽ നേടിയ ഗോളുകളിൽ ഫെർമിന്റെ നീക്കങ്ങൾ നിർണായമാവുകയും ചെയ്തു. ഒരു ഗോൾ നേടിയ താരം മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ബോക്സിനുള്ളിൽ എതിർ താരങ്ങളെ മറികടന്ന് ഫെർമിൻ തൊടുത്ത ഷോട്ട് കീപ്പർ തടഞ്ഞു. ഫെലിക്സിന്റെ ത്രൂ ബോൾ ഫെറാൻ ടോറസിന് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. കാൻസലോയുടെ ഷോട്ടും കീപ്പർ തടഞ്ഞു. 28ആം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ഗുണ്ടോഗൻ ഉയർത്തി നൽകിയ പന്ത് നിയന്ത്രിച്ച് ഫെർമിൻ തൊടുത്ത ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി എങ്കിലും അവസരം മുതലെടുത്ത ഫെറാൻ ടോറസ് വല കുലുക്കി. ഓഫ്‌സൈഡ് കൊടി ഉയർന്നിരുന്നതിനാൽ വാർ ചെക്കിലൂടെയാണ് ഗോൾ അനുവദിച്ചത്. പിന്നീട് 36ആം മിനിറ്റിൽ ഫെർമിൻ തന്നെ ഗോൾ കണ്ടെത്തി. ഫെറാൻ ടോറസ് നൽകിയ പാസ് കൃത്യമായി ഓടിയെടുത്തു ബോക്സിന് തൊട്ടു പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് പോസ്റ്റിലിച്ചു വലയിലേക്ക് തന്നെ പതിച്ചു. 36ആം മിനിറ്റിൽ ആയിരുന്നു രണ്ടാം ഗോൾ പിറന്നത്.

രണ്ടാം പകുതിയും ബാഴ്‌സ മികച്ച രീതിയിൽ ആരംഭിച്ചു. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ആയില്ല. ഫെറാൻ ടോറസ് വല കുലുക്കിയത് ഓഫ്സൈഡ് വിധിച്ചു. ഫെർമിന്റെ ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. 62ആം മിനിറ്റിൽ മത്സരഗതിക്ക് എതിരായി സുദാകൊവ് ശക്തറിന് വേണ്ടി ലക്ഷ്യം കണ്ടു. ബാഴ്‌സക്ക് ലഭിച്ച അവസരം പാഴായപ്പോൾ ആരംഭിച്ച കൗണ്ടർ നീക്കത്തിൽ നിന്നും അസരോവിയുടെ പാസ് സ്വീകരിച്ചാണ് താരം ലക്ഷ്യം കണ്ടത്. ഇതോടെ ശക്തർ കൂടുതൽ ഊർജത്തോടെ മത്സരത്തിലേക്ക് തിരിച്ചു വന്നു. പലപ്പോഴും ബാഴ്‌സ ബോക്സിലേക്ക് എത്തിയ നീക്കങ്ങൾ പക്ഷെ അവർക്ക് ഫലവത്താക്കാൻ മാത്രം സാധിച്ചില്ല. സ്റ്റേപാനെങ്കോക്ക് ലഭിച്ച മികച്ചൊരു അവസരം ലക്ഷ്യം തെറ്റി അകന്നു. ഗുണ്ടോഗന്റെ തകർപ്പൻ ക്രോസിൽ നിന്നും യമാലിന്റെ ശ്രമം പിഴച്ചു. ഇതോടെ ബാഴ്‌സലോണ മത്സരം സ്വന്തമാക്കി.

യുസിഎൽ; സാൽസ്ബെർഗിനേയും മറികടന്ന് ഇന്റർ മിലാൻ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ ഇന്റർ മിലാന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആർബി സാൽസ്ബെർഗിനെയാണ് അവർ മറികടന്നത്. സാഞ്ചസ്, ചൽഹനൊഗ്ലു എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ സാൽസ്ബർഗിന് വേണ്ടി ഓസ്കാർ ഗ്ലോഖ്‌ ലക്ഷ്യം കണ്ടു. ഇതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറാനും ഇന്ററിനായി.

ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളെ തെല്ലും ഭയക്കാതെയാണ് സാൽസ്ബർഗ് തുടക്കം മുതൽ പന്ത് തട്ടിയത്. എന്നാൽ കൃത്യമായി ആധിപത്യം സ്ഥാപിച്ച് തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ററിനായി. നാലാം മിനിറ്റിൽ തന്നെ ഗ്ലോഖിന്റെ ഷോട്ട് സോമ്മർ കൈക്കലാക്കി. ചൽഹനൊഗ്ലുവിന്റെ പാസിൽ നിന്നും മർട്ടിനസിന്റെ ശ്രമവും പാഴായി. 19ആം മിനിറ്റിൽ ഇന്റർ ലീഡ് എടുത്തു. ബോക്സിനുള്ളിലേക്ക് ഫ്രറ്റെസി നൽകിയ ബോൾ മാർട്ടിനസിന് നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിലും ഓടിയെത്തിയ അലക്‌സി സാഞ്ചസ് വല കുലുക്കി. പിന്നീട് ചൽഹനൊഗ്ലുവിന്റെയും ഓഗുസ്റ്റോയുടെയും ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല. പവാർഡിന്റെ ഹെഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.

രണ്ടാം പകുതിയിൽ സാൽസ്ബെർഗ് സമനില ഗോളിനായി നീക്കം ആരംഭിച്ചു. ഡെഡിച്ചിന്റെ ഒരു ഷോട്ട് കീപ്പറുടെ കൈകളിൽ അവസാനിച്ചപ്പോൾ മറ്റൊരു ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്നു. 57ആം മിനിറ്റിൽ അവർ സമനില കണ്ടെത്തി. ഓസ്കാർ ഗ്ലുഖ്‌ തന്നെയാണ് ഗോൾ കണ്ടെത്തിയത്. പിറകെ ബോക്സിനുള്ളിൽ നിന്നും താരത്തിന്റെ മറ്റൊരു ഷോട്ട് സോമ്മർ തടുത്തു. 64ആം മിനിറ്റിൽ ഇന്റർ ലീഡ് വീണ്ടെടുത്തു. ഫ്രറ്റെസിയെ ബോസ്‌കിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചപ്പോൾ ഷോട്ട് എടുത്ത ചൽഹനൊഗ്ലുവിന് ഒട്ടും പിഴച്ചില്ല. ഡാർമിയന്റെ ക്രോസിൽ നിന്നും ഓഗുസ്റ്റോയുടെ ഹെഡർ കീപ്പർ തടഞ്ഞു. 81ആം മിനിറ്റിൽ ഫ്രറ്റെസിയുടെ പാസിൽ നിന്നും ബോസ്‌കിനുള്ളിൽ നിന്നും തകർപ്പൻ ഫിനിഷിങ്ങുമായി ലൗടാരോ മർട്ടിനസ് വല കുലുക്കിയെങ്കിലും ഫ്രറ്റെസി ഓഫ്സൈഡ് ആയതായി വാർ വിധിച്ചതോടെ ഗോൾ അനുവദിച്ചില്ല. പിന്നീടും ഇരു ഭാഗത്തും ഗോൾ വീഴാതെ നിന്നതോടെ മത്സരം ഇന്റർ സ്വന്തമാക്കി.

വീണ്ടും സൂപ്പർ സബ്ബ് ആയി ഫെറാൻ; പോർട്ടോയെ ഏക ഗോളിന് മറികടന്ന് ബാഴ്‌സലോണ

ഒരിക്കൽ കൂടി പകരക്കാരനായി എത്തി ഗോൾ കണ്ടെത്തിയ ഫെറാൻ ടോറസിന്റെ മികവിൽ എഫ്സി പോർട്ടോയെ കീഴടക്കി ബാഴ്‌സലോണ. ഇന്ന് പോർട്ടോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണ കാര്യമായി തന്നെ വിയർത്തെങ്കിലും ഫെറാൻ ടോറസിന്റെ ഗോളും കൂടാതെ പ്രതിരോധം പതിവ് പോലെ ഉറച്ചു നിന്നതും സാവിക്കും സംഘത്തിനും ആശ്വാസമായി. അവസാന നിമിഷം ഗവി ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പെരുമായാണ് ബാഴ്‌സ മത്സരം പൂർത്തിയാക്കിയത്. ഇതോടെ ഗ്രൂപ്പ് എച്ചിൽ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പോർട്ടോ രണ്ടാമതാണ്.

എതിർ തട്ടകത്തിൽ ബാഴ്‌സലോണ തുടക്കം മുതൽ ബുദ്ധിമുട്ടി. പോർട്ടോയുടെ കൗണ്ടർ നീക്കങ്ങൾ തുടക്കം മുതൽ ബാഴ്‌സ ബോക്സിലേക്ക് എത്തി. ഇത്തരമൊരു നീക്കം തടയാനുള്ള നീക്കത്തിനിടെ കാൻസലോ മഞ്ഞക്കാർഡും കണ്ടു. എസ്താക്വോയിലൂടെ പോർട്ടോ മത്സരത്തിലെ ആദ്യ ഷോട്ട് എടുത്തു. ലമീന്റെ നീകത്തിനൊടുവിൽ ഫെലിക്‌സിന്റെ ഷോട്ട് കീപ്പർ തട്ടിയകറ്റി. മത്സരം അരമണിക്കൂർ പിന്നിടുമ്പോൾ പരിക്കേറ്റ് ലെവെന്റോവ്സ്കി പിന്മാറി. പകരം ഫെറാൻ ടോറസ് കളത്തിൽ എത്തി. പോർട്ടോയുടെ മികച്ച നീക്കത്തിനൊടുവിൽ പോസ്റ്റിന് മുന്നിലേക്കായി വെന്റെൽ നൽകിയ പാസ് റ്റെർ സ്റ്റഗൻ കൈക്കലാക്കി. മത്സരം ഇഞ്ചുറി സമയത്തേക്ക് കടന്നപ്പോൾ ബാഴ്‌സലോണയുടെ ഗോൾ എത്തി. എതിർ പകുതിയുടെ മധ്യത്തിൽ നിന്നായി ബാരോയുടെ മിസ് പാസ് പിടിച്ചെടുത്ത ഗുണ്ടോഗൻ മുന്നോട്ടു കുതിച്ച ഫെറാന് പന്ത് കൈമാറി. താരം അനായാസം കീപ്പറേ മറികടന്ന് വല കുലുക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോർട്ടോ മുന്നേറ്റം ബാഴ്‌സ ബോക്സിലേക്ക് എത്തി. പോർട്ടോയുടെ അപകടമുയർത്തിയ കൗണ്ടറുകൾ അവസാന നിമിഷം തടഞ്ഞു കൊണ്ട് കുണ്ടേയും പിന്നീട് അരാഹുവോയും ബാഴ്‍സയെ കാത്തു. ബോക്സിനുള്ളിൽ തെരെമിയുടെ ഫ്രീ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഇവനിൽസൺന്റെ ക്രോസിൽ നിന്നും താരത്തിന് ലഭിച്ച മറ്റൊരു സുവർണാവസരവും ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. ദുർബലമായ ഷോട്ട് റ്റെർ സ്റ്റഗൻ അനായാസം കൈക്കലാക്കി. ഗലെനോയുടെ തകർപ്പൻ ഒരു ഷോട്ട് മുഴുനീള ഡൈവിലൂടെ റ്റെർ സ്റ്റഗൻ തടുത്തു. കാൻസലോയുടെ ഹാൻഡ് ബോളിൽ പോർട്ടോയുടെ പെനാൽറ്റിക്കായുള്ള അപ്പീൽ റഫറി അനുവധിച്ചെങ്കിലും വാർ ചെക്കിൽ പോർട്ടോ താരത്തിന്റെ ഹാൻഡ്ബോൾ ശ്രദ്ധയിൽപെട്ടതോടെ പിൻവലിച്ചു. തെരെമിയുടെ ഒന്നാന്തരം ഒരു ബൈ സൈക്കിൾ കിക്ക് വലയിൽ പതിച്ചെങ്കിലും ഓഫ്സൈഡ് കൊടി ഉയർന്നിരുന്നു. ഇഞ്ചുറി ടൈമിൽ കൗണ്ടറിൽ നിന്നും കാൻസലോയുടെ പാസ് തടഞ്ഞു കൊണ്ട് പോർട്ടോ പ്രതിരോധം ഉറച്ചു നിന്നു. രണ്ടാം മഞ്ഞക്കാർഡ് കണ്ട ഗവി പുറത്തു പോയി. കോൺസ്യസാവോയുടെ മികച്ചൊരു ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചു. അവസാന നിമിഷം ഫെറാൻ ടോറസിന്റെ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.

മാഞ്ചസ്റ്ററിൽ വീണ്ടും നാണംകെട്ട് യുണൈറ്റഡ്!! ഗലറ്റസറെക്ക് ഇംഗ്ലണ്ടിൽ ചരിത്രത്തിലെ ആദ്യ ജയം

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓൾഡ്ട്രഫോർഡിൽ ഒരു നാണൽകേട് കൂടെ. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ഗലറ്റസറെയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. 3-2 എന്ന സ്കോറിനായിരുന്നു തുർക്കി ക്ലബിന്റെ വിജയം. കസെമിറോയുടെ ചുവപ്പ് കാർഡും ഒനാനയുടെ പിഴവും മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി. ഹോം ഗ്രൗണ്ടിൽ യുണൈറ്റഡിന്റെ അവസാന നാലു മത്സരങ്ങൾക്ക് ഇടയിലെ മൂന്നാം പരാജയമാണിത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നല്ല രീതിയിൽ ആണ് മത്സരം ആരംഭിച്ചത്. ഹിയ്ലുണ്ടും റാഷ്ഫോർഡും തുടക്കം മുതൽ ഗലറ്റസറെ ഡിഫൻസിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു. 17ആം മിനുറ്റിൽ ഹൊയ്ലുണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. റാഷ്ഫോർഡിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആണ് ഹൊയ്ലുണ്ട് ഗോൾ കണ്ടെത്തിയത്. ഡാനിഷ് താരത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള രണ്ടാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്‌.

ഈ ലീഡ് പക്ഷെ കുറിച്ച് നേരമേ നീണ്ടു നിന്നുള്ളൂ. 23ആം മിനുട്ടിൽ വിൽഫ്രഡ് സാഹയിലൂടെ ഗലറ്റസറെ സമനില കണ്ടെത്തി. ഡാലോട്ടിന്റെ മോശം ഡിഫംഡിംഗ് ആണ് സാഹയ്ക്ക് ഗോൾ നൽകിയത്. സ്കോർ 1-1. ആദ്യ പകുതി ഈ സ്കോറിൽ തന്നെ അവസാനിച്ചു‌.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 59ആം മിനുട്ടിൽ ഹൊയ്ലുണ്ടിലൂടെ വീണ്ടും യുണൈറ്റഡ് വല കുലുക്കി എങ്കിലിം ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു‌. അധികം താമസിക്കാതെ ഹൊയ്ലുണ്ട് തന്നെ യുണൈറ്റഡിന് ലീഡ് നൽകി. 67ആം മിനുട്ടിൽ മൈതാന മധ്യത്തിൽ നിന്ന് ഒറ്റയ്ക്ക് ബോൾ എടുത്ത് കുതിച്ച ഹൊയ്ലുണ്ട് അനായസം ഫിനിഷും ചെയ്ത് യുണൈറ്റഡിനെ 2-1ന് മുന്നിൽ എത്തിച്ചു.

ഇത്തവണയും യുണൈറ്റഡിന്റെ ലീഡ് മിനുട്ടുകൾ മാത്രമെ നീണ്ടു നിന്നുള്ളൂ. 71ആം മിനുട്ടിൽ ഗലറ്റസറെ ഓൾഡ്ട്രാഫോർഡിൽ വീണ്ടും ഗോൾ നേടി. കരെം അത്കൊഗ്ലു ആണ് തുർക്കി ടീമിന് സമനില നൽകിയത്‌. സ്കോർ 2-2.

76ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഒനാനയുടെ പിഴവ് ഗലറ്റസറെക്ക് ഒരു ഗോൾ അവസരം നൽകി. അത് തടയാൻ ശ്രമിച്ച കസെമിറോ ഒരു പെനാൾട്ടി വഴങ്ങി. ഒപ്പം ചുവപ്പ് കാർഡും വാങ്ങി. എന്നാൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ഇക്കാർഡിക്ക് ആയില്ല. സ്കോർ 2-2ൽ തുടർന്നു.

പക്ഷെ ഇക്കാർഡി ആ മിസ്സിന് താമസിയാതെ പ്രായശ്ചിത്തം ചെയ്തു. 81ആം മിനുട്ടിൽ ഇക്കാർഡി ഒനാനയ്ക്ക് മുകളിലൂടെ ചിപ് ചെയ്ത് ഗലറ്റസറെയുടെ മൂന്നാം ഗോൾ നേടി. സ്കോർ 3-2. ഇത് അവരുടെ വിജയം ഉറപ്പിച്ചു. ഇംഗ്ലീഷ് മണ്ണിൽ ഗലറ്റസറെയുടെ ചരിത്രത്തിലെ ആദ്യ വിജയമായി ഇത് മാറി.

2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ പൂജ്യം പോയിന്റുമായി നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അവർ ആണ് ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ഉള്ളത്. ഗലറ്റസറെ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി.

Exit mobile version