കണ്ണീരടക്കാൻ പാട് പെട്ട് റോജർ ഫെഡറർ, കൂടെ കരഞ്ഞു നദാലും!അവസാന മത്സരത്തിൽ പരാജയത്തോടെ ഫെഡററുടെ വിടവാങ്ങൽ

ടെന്നീസ് കരിയറിലെ അവസാന മത്സരത്തിൽ റാഫേൽ നദാലിന് ഒപ്പം ലേവർ കപ്പിൽ ഡബിൾസ് കളിക്കാൻ ഇറങ്ങിയ റോജർ ഫെഡറർ പരാജയത്തോടെ തന്റെ കരിയറിന് അവസാനം കുറിച്ചു. അമേരിക്കൻ താരങ്ങൾ ആയ ജാക് സോക്ക്, ഫ്രാൻസസ് ടിയെഫോ എന്നിവർ അടങ്ങിയ ലോക ടീമിനോട് ആണ് ഫെഡറർ, നദാൽ സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തി സെറ്റ് ടീം യൂറോപ്പ് 6-4 നു സ്വന്തമാക്കി.

രണ്ടാം സെറ്റിൽ നദാലിന്റെ സർവീസ് എതിരാളികൾ ബ്രേക്ക് ചെയ്‌തെങ്കിലും തിരിച്ചു വന്നു ബ്രേക്ക് ചെയ്ത ടീം യൂറോപ്പ് സെറ്റ് ടൈബ്രേക്കിലേക്ക് നീട്ടി. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് 7-2 നു ലോക ടീം നേടി. തുടർന്ന് 10 പോയിന്റ് ടൈബ്രേക്കറിലേക്ക് കളി നീണ്ടു. പൊരുതി കളിച്ച ഫെഡറർ, നദാൽ സഖ്യം മാച്ച് പോയിന്റ് സൃഷ്ടിച്ചു എങ്കിലും ഫെഡററിന്റെ സർവീസിൽ അത് പക്ഷെ ടിയെഫോ രക്ഷിച്ചു. തുടർന്ന് 11-9 നു ലോക ടീം ജയം നേടുക ആയിരുന്നു.മത്സരത്തിൽ മനോഹര നിമിഷങ്ങൾ ആണ് പലപ്പോഴും ഫെഡററും നദാലും സൃഷ്ടിച്ചത്.

മത്സര ശേഷം കണ്ണീർ അടക്കാൻ പാട് പെടുന്ന ഫെഡററിനെ ആണ് കാണാൻ ആയത്. നദാലും ഫെഡറർക്ക് ഒപ്പം കണ്ണീർ വാർത്തു. ഫെഡററിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും അടക്കം നിറഞ്ഞ ഗാലറി അവസാന നിമിഷങ്ങളിൽ എണീറ്റു നിന്നാണ് താരത്തെ സ്വീകരിച്ചത്. മത്സരത്തിൽ പലപ്പോഴും തന്റെ പഴയ മികവ് ഫെഡറർ കാണിച്ചു. എന്നാൽ പലപ്പോഴും ശരീരം ടെന്നീസ് കളിക്കാൻ ഫെഡററെ അനുവദിക്കുന്നില്ല എന്നതും കാണാൻ ആയി. നിലവിൽ ലേവർ കപ്പിൽ ടീം യൂറോപ്പ് 2 ജയം നേടിയപ്പോൾ ലോക ടീമും 2 ജയം നേടിയിട്ടുണ്ട്. കണ്ണീർ അടക്കാൻ പാട് പെട്ട ഫെഡറർ കണ്ടിരുന്ന ആരാധകർക്കും കണ്ണീർ സമ്മാനിച്ചു.

അവസാന മത്സരത്തിൽ ഫെഡറർ നദാലിനൊപ്പം

ഫെഡറർ തന്റെ കരിയറിലെ അവസാന മത്സരത്തിൽ റാഫേൽ നദാലിനൊപ്പം ഇറങ്ങും. ലേവർ കപ്പിൽ നാളെ ഡബിളിസിൽ ആകും ടീം യൂറോപ്പിനായി നദാലും ഫെഡററും ഇറങ്ങുക. ഫിക്സ്ചർ ഇന്ന് സംഘാടകർ പുറത്തു വിട്ടു.

20 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ താരം ആയ ഫെഡറർ ലേവർ കപ്പിൽ സിംഗിൾസിൽ കളിക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. തന്റെ പ്രധാന എതിരാളിയായിരുന്ന നദാലിനെ ഒപ്പം ഇറങ്ങുന്നു എന്നത് ഒരു കാവ്യ നീതി ആകും.

കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ ഹ്യൂബർട്ട് ഹർകാച്ചിനോട് തോറ്റ ശേഷം ഫെഡറർ ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. അന്ന് മുതൽ താരം പരിക്കുമായി മല്ലിടുകയായിരുന്നു.

‘ഇങ്ങനെ ഒരു ദിവസം ഒരിക്കലും വരരുത് എന്നു ആഗ്രഹിച്ചിരുന്നു, ഫെഡറർ വിരമിച്ചത് വ്യക്തിപരമായി സങ്കടകരമായ കാര്യം’ – നദാൽ

റോജർ ഫെഡററിന്റെ വിരമിക്കലിനു പിന്നാലെ വികാരപരമായ യാത്രകുറിപ്പ് എഴുതി താരത്തിന്റെ പ്രധാന എതിരാളിയും സുഹൃത്തും ആയ റാഫേൽ നദാൽ. പ്രിയ സുഹൃത്തും എതിരാളിയും ആയ ഫെഡറർ ഇങ്ങനെ ഒരു ദിനം ഒരിക്കലും വരാതിരുന്നു എങ്കിൽ എന്നു താൻ കരുതിയിരുന്നു എന്നാണ് നദാൽ കുറിച്ചത്. തനിക്ക് വ്യക്തിപരമായും കായിക രംഗത്തിനും ഇത് വളരെ സങ്കടകരമായ ദിനം ആണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഇതിനെ കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു എങ്കിലും ഒടുവിൽ ആ ദിനം എത്തിയെന്നും നദാൽ കൂട്ടിച്ചേർത്തു.

ഇത്രയും വർഷങ്ങൾ കളത്തിലും പുറത്തും ഫെഡററും ആയി ചിലവഴിച്ച അവിസ്മരണീയ നിമിഷങ്ങൾ തന്റെ ഭാഗ്യവും സന്തോഷവും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിലും തങ്ങൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നു കുറിച്ച നദാൽ ഇതിഹാസതാരങ്ങൾ ഭാവിയിൽ എന്തിനെങ്കിലും ഒരുമിക്കും എന്ന സൂചനയും തന്നു. ഭാവിയിൽ ഫെഡറർക്കും ഭാര്യ, കുട്ടികൾ എന്നിവർക്കും സകല സന്തോഷം ഉണ്ടാവട്ടെ എന്നും നദാൽ ആശംസിച്ചു. ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ നിമിഷങ്ങൾ ആയിരുന്നു ഫെഡറർ, നദാൽ പോരാട്ടങ്ങൾ. വലിയ എതിരാളി ആയിട്ടും എന്നും മികച്ച സുഹൃത്തുക്കൾ കൂടിയായിരുന്നു ഇത്.

യു.എസ് ഓപ്പൺ ജയത്തിനു പിന്നാലെ അൽകാരസിനെ അഭിനന്ദിച്ചു റാഫേൽ നദാൽ

യു.എസ് ഓപ്പൺ ജയത്തിനു പിന്നാലെ തന്റെ നാട്ടുകാരൻ ആയ കാർലോസ് അൽകാരസിനെ ഉടൻ അഭിനന്ദിച്ചു റാഫേൽ നദാൽ രംഗത്ത്. ട്വിട്ടറിൽ ആണ് താരത്തെ നദാൽ പ്രകീർത്തിച്ചത്. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടത്തിനും ലോക ഒന്നാം നമ്പർ ആയതിനും അൽകാരസിനെ നദാൽ പ്രകീർത്തിച്ചു.

ഉറപ്പായിട്ടും ഇതിൽ കൂടുതൽ കിരീടങ്ങൾ അൽകാരസ് നേടും എന്നു തനിക്ക് ഉറപ്പ് ഉണ്ടെന്നും നദാൽ പറഞ്ഞു. അൽകാരസിന്റെ മികച്ച വർഷത്തെ പൊൻതൂവൽ ആണ് ഈ കിരീടം എന്നും നദാൽ പറഞ്ഞു. ഫൈനലിൽ പരാജയപ്പെട്ട തന്റെ അക്കാദമി താരമായ കാസ്പർ റൂഡിനെ ആശ്വസിപ്പിക്കാനും നദാൽ മറന്നില്ല. റൂഡിൽ അഭിമാനിക്കുന്നത് ആയി പറഞ്ഞ നദാൽ മികച്ച ടൂർണമെന്റും സീസണും ആയി റൂഡിൽ നിന്നു ഉണ്ടായത് എന്നും പറഞ്ഞു. ഈ മികവ് റൂഡ് തുടരട്ടെ എന്നും നദാൽ കൂട്ടിച്ചേർത്തു.

ആർതർ ആഷെയിൽ അത്ഭുതം! യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ റാഫേൽ നദാലിനെ അട്ടിമറിച്ചു ഫ്രാൻസസ് ടിയഫോ!

10 വർഷത്തിന് ഇടയിൽ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ അമേരിക്കൻ പുരുഷ താരമായി ഫ്രാൻസസ് ടിയഫോ

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ കാണാതെ രണ്ടാം സീഡ് റാഫേൽ നദാൽ പുറത്ത്. 22 സീഡ് അമേരിക്കൻ താരം ഫ്രാൻസസ് ടിയഫോ ആണ് നദാലിനെ നാലു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. ഈ സീസണിൽ ഒരു ഗ്രാന്റ് സ്‌ലാം മത്സരത്തിൽ നദാൽ ഇത് ആദ്യമായാണ് തോൽക്കുന്നത്. കരിയറിൽ തന്റെ ഏറ്റവും വലിയ ജയം കുറിച്ച ടിയഫോ കരിയറിലെ ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 10 വർഷത്തിന് ഇടയിൽ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ അമേരിക്കൻ പുരുഷ താരം കൂടിയാണ് 24 കാരനായ ടിയഫോ. ആദ്യ സെറ്റിൽ തന്നെ മികവ് കാണിച്ച് തുടങ്ങിയ ടിയഫോ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു സ്വന്തം പേരിൽ കുറിച്ചു.

എന്നാൽ രണ്ടാം സെറ്റിൽ നദാൽ തിരിച്ചടിച്ചു. മത്സരത്തിൽ ആദ്യമായി അമേരിക്കൻ താരത്തിനെ ബ്രൈക്ക് ചെയ്ത നദാൽ സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പമെത്തി. ഏസുകൾ അടക്കം നന്നായി സർവ് ചെയ്ത ടിയഫോയുടെ സർവീസുകൾ നദാലിനു വലിയ വെല്ലുവിളി ആയി. മൂന്നാം സെറ്റിൽ നദാലിനെ ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്ത അമേരിക്കൻ താരം സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ ടിയഫോ ചെറിയ അവസരം നൽകിയപ്പോൾ നദാൽ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു 3-1 നു മുന്നിലെത്തി. എന്നാൽ തുടർന്നു സർവീസ് ഇരട്ടപ്പിഴവുകൾ അടക്കം ആവർത്തിച്ച നദാൽ തുടർച്ചയായി മൂന്നു തവണ സർവീസ് ബ്രൈക്ക് വഴങ്ങുന്നത് ആണ് കാണാൻ സാധിച്ചത്.

നന്നായി സർവീസും ചെയ്ത ടിയഫോ ഇതോടെ സെറ്റ് 6-3 നു നേടി അവിശ്വസനീയ ജയം പൂർത്തിയാക്കി. മത്സരത്തിൽ 18 ഏസുകൾ ആണ് അമേരിക്കൻ താരം ഉതിർത്തത്. 6 തവണ ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും മികച്ച സർവീസ് പലപ്പോഴും ടിയഫോയുടെ രക്ഷക്ക് എത്തി. അതേസമയം 9 ഏസുകൾ ഉതിർത്തു എങ്കിലും 9 തവണയാണ് നദാൽ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയത്. ഇതിന്റെ ഫലം കൂടിയായിരുന്നു നദാൽ വഴങ്ങിയ 5 ബ്രൈക്കുകളും. പരാജയത്തോടെ മൂന്നാം റാങ്കുകാരൻ ആയ നദാൽ ഈ വർഷം ഒന്നാം റാങ്കിൽ എത്തണം എങ്കിൽ കാർലോസ് അൽകാരസ്, കാസ്പർ റൂഡ് എന്നിവർ യു.എസ് ഓപ്പൺ ഫൈനൽ കാണാതെ പുറത്താവണം എന്ന സ്ഥിതിയാണ്. ഇന്നലെ ഒന്നാം സീഡ് ഡാനിൽ മെദ്വദേവും പുറത്ത് ആയിരുന്നു. ഇതോടെ 2000 ത്തിന് ശേഷം ആദ്യ രണ്ടു സീഡുകാരും അവസാന എട്ടിൽ എത്താത്ത ആദ്യ യു.എസ് ഓപ്പൺ കൂടിയായി ഇത് മാറി.

അതിശക്തം റാഫേൽ നദാൽ! അനായാസം ജയവുമായി യു.എസ് ഓപ്പൺ അവസാന പതിനാറിൽ

ആർതർ ആഷെ സ്റ്റേഡിയത്തിൽ അതുഗ്രൻ പ്രകടനവും ആയി രണ്ടാം സീഡ് റാഫേൽ നദാൽ യു.എസ് ഓപ്പൺ അവസാന പതിനാറിൽ. ഗ്രാന്റ് സ്‌ലാമുകളിൽ ഈ വർഷം 22 മത്തെ ജയം കുറിച്ച നദാൽ ഫ്രഞ്ച് താരവും സുഹൃത്തും ആയ റിച്ചാർഡ് ഗാസ്ഗറ്റിനെ കരിയറിൽ 18 മത്തെ തവണയും തോൽപ്പിച്ചു. ആദ്യ രണ്ടു സെറ്റുകളിൽ അവിശ്വസനീയ മികവ് കാണിച്ച നദാൽ 6-0, 6-1 എന്ന സ്കോറിന് മുന്നിലെത്തി. മൂന്നാം സെറ്റിൽ ഫ്രഞ്ച് താരം പൊരുതിയെങ്കിലും 7-5 നു സെറ്റ് കയ്യിലാക്കിയ നദാൽ നാലാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 7 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത നദാൽ ഒരൊറ്റ തവണയാണ് ബ്രൈക്ക് വഴങ്ങിയത്.

ആർതർ ആഷെയിൽ രാത്രിയിൽ നടക്കുന്ന മത്സരങ്ങളിൽ 30 മത്തെ ജയം ആണ് നദാൽ കുറിച്ചത്. അവസാന പതിനാറിൽ 22 സീഡ് അമേരിക്കൻ താരം ഫ്രാൻസസ് ടിയെഫോ ആണ് നദാലിന്റെ എതിരാളി. അമേരിക്കൻ യുവതാരം ബ്രാണ്ടൻ നകഷിമയെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു 11 സീഡ് ഇറ്റലിയുടെ യാനിക് സിന്നറും അവസാന പതിനാറിൽ എത്തി. നദാലിനു പിറകെ ഈ സീസണിൽ നാലു ഗ്രാന്റ് സ്‌ലാമുകളിലും നാലാം റൗണ്ടിൽ എത്തുന്ന രണ്ടാമത്തെ താരമാണ് സിന്നർ. 3-6, 6-4, 6-1, 6-2 എന്ന സ്കോറിന് ആണ് സിന്നർ ജയിച്ചത്.

26 സീഡ് ഇറ്റാലിയൻ താരം ലോറെൻസോ മുസെറ്റിയെ 6-4, 3-6, 6-2, 6-3 എന്ന സ്കോറിന് അട്ടിമറിച്ചു വരുന്ന ഇല്യ ഇവാഷ്കയാണ് സിന്നറിന്റെ നാലാം റൗണ്ടിലെ എതിരാളി. ലഭിച്ച ഏഴ് അവസരങ്ങളിലും മുസെറ്റിയുടെ സർവീസ് എതിരാളി ബ്രൈക്ക് ചെയ്തു. ഇരുപതാം സീഡ് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്ന 15 സീഡ് ക്രൊയേഷ്യൻ താരം മാരിൻ ചിലിചും അവസാന പതിനാറിൽ എത്തി. 7-6(13-11), 6-7(3-7), 6-2, 7-5 എന്ന സ്കോറിന് ആണ് 2014 യു.എസ് ഓപ്പൺ ജേതാവ് ജയം കണ്ടത്. മത്സരത്തിൽ 26 ഏസുകൾ ആണ് ചിലിച് ഉതിർത്തത്. അവസാന പതിനാറിൽ മൂന്നാം സീഡ് സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ ആണ് ചിലിചിന്റെ എതിരാളി. ഉഗ്രൻ മത്സരം ആവും ഇത്.

ജ്യോക്കോവിച്ച് ഇല്ലാത്ത യു.എസ് ഓപ്പൺ, യുവതലമുറയോട് പൊരുതാൻ റാഫേൽ നദാൽ | Report

യു.എസ് ഓപ്പൺ – ഡാനിൽ മെദ്വദേവ് ഒന്നാം സീഡ്, റാഫേൽ നദാൽ രണ്ടാം സീഡ്.

കൂടുതൽ ശക്തരായ യുവതലമുറയെ തോൽപ്പിച്ചു റാഫേൽ നദാൽ തന്റെ 23 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും അഞ്ചാം യു.എസ് ഓപ്പണും നേടുമോ എന്നത് തന്നെയാവും ഈ യു.എസ് ഓപ്പൺ ഉയർത്തുന്ന പ്രധാന ചോദ്യം. ഒരിക്കൽ കൂടി വാക്സിനേഷൻ എടുക്കില്ല എന്ന നിലപാട് നൊവാക് ജ്യോക്കോവിച്ചിന് വില്ലനായപ്പോൾ താരം ടൂർണമെന്റിൽ നിന്നു പിന്മാറി. അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി വാക്സിനേഷൻ എടുക്കാത്ത സെർബിയൻ താരത്തിന് നിഷേധിച്ച അധികൃതർ ടെന്നീസ് അധികൃതരുടെയും ആരാധകരുടെയും ആവശ്യത്തിന് ചെവി കൊടുത്തില്ല. ഹാർഡ് കോർട്ടിലെ ഏറ്റവും വലിയ ശക്തൻ ജ്യോക്കോവിച്ച് ഇല്ല എന്നത് തന്നെ നദാലിന് ആശ്വാസം പകരുന്ന വസ്തുതയാണ്.

യു.എസ് ഓപ്പൺ കിരീടം നേടാൻ ഏറ്റവും സാധ്യത ഉറപ്പായിട്ടും ഒന്നാം സീഡ്, നിലവിലെ ജേതാവ് ഡാനിൽ മെദ്വദേവിനു തന്നെയാണ്. റഷ്യൻ പതാകക്ക് കീഴിയിൽ ആയിരിക്കില്ല താരം കളിക്കുക എന്നു മാത്രം. ആദ്യ റൗണ്ടിൽ കോസ്ലോവ് ആണ് താരത്തിന്റെ എതിരാളി. നാലാം റൗണ്ടിൽ നിക് കിർഗിയോസ്, ക്വാർട്ടർ ഫൈനലിൽ നാട്ടുകാരൻ ആന്ദ്ര റൂബ്ലേവ്, ഫെലിക്‌സ് ആഗർ അലിയാസ്മെ എന്നിവർ ആവും സെമി വരെ മെദ്വദേവിനു വലിയ വെല്ലുവിളി ആവാൻ സാധ്യതയുള്ള എതിരാളികൾ. സെമിയിൽ സിൻസിനാറ്റി സെമിയിൽ തന്നെ തോൽപ്പിച്ച സ്റ്റെഫനോസ് സിറ്റിപാസ് ആയേക്കും മെദ്വദേവിന്റെ എതിരാളി. ഫൈനലിൽ നദാൽ, അൽകാരസ് എന്നിവരിൽ ഒരാൾക്ക് തന്നെയാണ് കൂടുതൽ സാധ്യത. അമേരിക്കയിൽ കിരീടം നിലനിർത്താൻ എതിരാളികൾക്ക് ഒപ്പം കാണികളെയും ഒരിക്കൽ കൂടി മെദ്വദേവ് മറികടക്കേണ്ടത് ഉണ്ട്.

നാലു തവണ ജേതാവ് ആയ നദാൽ ന്യൂയോർക്കിൽ രണ്ടാം സീഡ് ആണ്. വിംബിൾഡൺ സെമി കളിക്കാതെ പരിക്കേറ്റു പിന്മാറിയ നദാൽ തിരിച്ചു വരവിൽ സിൻസിനാറ്റിയിൽ ആദ്യ റൗണ്ടിൽ ചോരിചിനോട് തോറ്റു പുറത്ത് പോയിരുന്നു. ആദ്യ റൗണ്ടിൽ യോഗ്യത മത്സരം ജയിച്ചു വരുന്ന ഹിജിക്കാതയെ നേരിടുന്ന നദാലിന് നാലാം റൗണ്ടിൽ ഷ്വാർട്സ്മാൻ ക്വാർട്ടർ ഫൈനലിൽ റൂബ്ലേവ് എന്നിവർ മികച്ച വെല്ലുവിളി നൽകും. ഫൈനലിൽ എത്താൻ കാർലോസ് അൽകാരസ്, യാനിക് സിന്നർ എന്നീ യുവതാരങ്ങൾ എന്ന വലിയ വെല്ലുവിളിയും നദാലിന് ഉണ്ട്. ഫൈനലിൽ 2019 ലെ എതിരാളി മെദ്വദേവ്, സിറ്റിപാസ് എന്നിവരിൽ ഒരാൾ എതിരാളി ആയി വരാൻ തന്നെയാണ് കൂടുതൽ സാധ്യത. ശാരീരിക ക്ഷമത നദാൽ എത്രത്തോളം കൈവരിക്കും എന്നത് തന്നെയായിരിക്കും താരത്തിന്റെ വിധി എഴുതുന്ന പ്രധാന ഘടകം.

മൂന്നാം സീഡ് ആണ് യുവ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ ന്യൂയോർക്കിൽ. ആദ്യ മത്സരത്തിൽ ബേസിനെ നേരിടുന്ന അൽകാരസിന് കടുത്ത പോരാട്ടം ആണ് മുന്നിലുള്ളത്. മൂന്നാം റൗണ്ടിൽ സിൻസിനാറ്റി ജേതാവ് ആയ ബോർണ ചോറിച്, നാലാം റൗണ്ടിൽ മാരിൻ ചിലിച്, ക്വാർട്ടർ ഫൈനലിൽ വിംബിൾഡണിൽ തനിക്ക് വില്ലൻ ആയ യാനിക് സിന്നർ എന്നിവർ ആയിരിക്കും അൽകാരസിനെ കാത്തിരിക്കുന്ന എതിരാളികൾ. നാലാം സീഡ് ആയ സ്റ്റെഫനോസ് സിറ്റിപാസ് ആദ്യ റൗണ്ടിൽ യോഗ്യത നേടി വരുന്ന താരത്തെയാണ് നേരിടുക. മുൻ സെമിഫൈനലിസ്റ്റ് മറ്റെയോ ബരെറ്റിനിയെ നാലാം റൗണ്ടിൽ നേരിടേണ്ടി വന്നേക്കാം എന്നത് ഗ്രീക്ക് താരത്തിന് വലിയ വെല്ലുവിളിയാണ്. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് കാസ്പർ റൂഡ്, സെമിയിൽ ഒന്നാം സീഡ് മെദ്വദേവ്, ഫൈനലിൽ രണ്ടാം സീഡ് നദാൽ, മൂന്നാം സീഡ് അൽകാരസ് ഇങ്ങനെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്താൻ സിറ്റിപാസ് വലിയ വെല്ലുവിളി ആണ് അതിജീവിക്കേണ്ടത്.

പരിക്കിൽ നിന്നു മോചിതനായി എത്തുന്ന 2020 ലെ ചാമ്പ്യൻ ഡൊമനിക് തീം വൈൽഡ് കാർഡ് ആയി ടൂർണമെന്റ് കളിക്കും. ആദ്യ മത്സരത്തിൽ പന്ത്രണ്ടാം സീഡ് പാബ്ലോ കരെനോ ബുസ്റ്റയാണ് തീമിന്റെ എതിരാളി. ആന്റി മറെ, മുൻ ജേതാവ് സ്റ്റാൻ വാവറിങ്ക എന്നിവരും ടൂർണമെന്റിന് ഉണ്ട്. 25 സീഡ് ആയ സിൻസിനാറ്റി ജേതാവ് ബോർണ ചോറിച്ചിന് ആ മികവ് യു.എസ് ഓപ്പണിൽ തുടരാൻ ആവുമോ എന്നു കണ്ടറിയണം. 2020 ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം ആദ്യമായി സീഡ് ചെയ്യപ്പെട്ട നിക് കിർഗിയോസിന്റെ പ്രകടനം ആണ് ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രകടനം. 23 സീഡ് ആയ കിർഗിയോസ് നല്ല ഫോമിലും ആണ്. വിംബിൾഡൺ ഫൈനലിൽ എത്തിയ മികവ് താരം ആവർത്തിച്ചാൽ അത് ആരാധകർക്ക് വലിയ വിരുന്നു തന്നെയാവും സമ്മാനിക്കുക.

Story Highlight : US Open men’s draw and preview.

യു എസ് ഓപ്പൺ 2022, ട്രൂലി ഓപ്പൺ

ഇക്കൊല്ലത്തെ ടെന്നീസ് ഗ്രാൻഡ്സ്ലാമുകളിൽ ഏറ്റവും തുറന്ന സമീപനം ഉള്ള ടൂർണമെന്റായി മാറുകയാണ് യുഎസ് ഓപ്പൺ 2022. കോവിഡാനന്തര കാലഘട്ടത്തിലെ ഈ ടെന്നീസ് മേജർ, യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉരുണ്ട് കൂടിയ കാർമേഘങ്ങളിൽ നിന്ന് രക്ഷനേടിയ വാർത്തകൾ നേരത്തെ വന്നിരിന്നു.

അമേരിക്കൻ സെന്റർ ഫോർ ഡിസീസസിന്റെ പുതിയ കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപനമാണ് ആഗസ്റ്റ് 29ന് തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റിന് പുത്തൻ ഉണർവ്വ് നൽകിയിരിക്കുന്നത്. ഇനി വാക്സിൻ എടുക്കാത്തവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ വിലക്കുകളില്ല. വാക്സിൻ സ്റ്റാറ്റസ് കാരണം ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന നോവാക്കിന്‌ ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. ടൂർണമെന്റ് അധികാരികൾ ഇനിയും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, യുഎസിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ഇക്കൊല്ലത്തെ ഈ വിംബിൾഡൺ ചാമ്പ്യൻ. യുഎസിന് മുന്നോടിയായുള്ള മോൻട്രിയൽ, സിൻസിനാറ്റി തുടങ്ങിയ അമേരിക്കൻ ഉപഭൂഖണ്ഡത്തിലെ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും, നോവക്കിന്‌ ആത്മവിശ്വാസക്കുറവില്ല.

റഷ്യൻ താരങ്ങളെ വിലക്കില്ല എന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ കൊല്ലത്തെ ചാംപ്യനും, ലോക ഒന്നാം നമ്പർ താരവുമായ മെദ്വദേവ് പങ്കെടുക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞാഴ്ചത്തെ മോൻട്രിയൽ ടെന്നീസ് ടൂർണമെന്റിൽ കിരിയോസിനോട് തോറ്റത് മെദ്വദേവിന് തിരിച്ചടിയായി.

ഉദരത്തിലെ പേശികളിൽ ഉണ്ടായ പരിക്ക് മൂലം വിംബിൾഡൺ മുതൽ കളിയിൽ നിന്ന് മാറി നിന്നിരുന്ന നദാൽ യുഎസ് ഓപ്പണിൽ ഉണ്ടാകും എന്ന് തന്നെയാണ് സൂചനകൾ. ആഗസ്റ്റ് 16ന് ആരംഭിക്കുന്ന സിൻസിനാറ്റി മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ നദാൽ അമേരിക്കയിൽ എത്തിക്കഴിഞ്ഞു.

ആൻഡി മറെയും സിൻസിനാറ്റിയിൽ എത്തിക്കഴിഞ്ഞു. യുഎസ് ഓപ്പണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണിത്. എങ്കിലും ഒന്നാം റൗണ്ടിൽ എതിരാളിയായി വരുന്നത് സ്വിസ് താരം വാവ്രിങ്കയാണ് എന്നത് അമേരിക്കയിൽ ആൻഡിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നതിന്റെ സൂചനയാണ്.

ഫ്രഞ്ച് ഓപ്പൺ ടൂർണമെൻറിൽ വച്ചു പരിക്കേറ്റ് പുറത്തായ സ്വേരേവ് അമേരിക്കയിലേക്ക് പ്‌ളെയിൻ കയറാൻ തന്നെയാണ് ശ്രമം. തിരിച്ചു വരവിന് ഇതിലും പറ്റിയ ടൂർണമെന്റ് വേറെയില്ല എന്ന തീരുമാനത്തിലാണ് താരം.

ഇവരെയെല്ലാം കൂടാതെ സിസിപ്പാസ്, അൽക്കറാസ്, ബാറ്റിസ്റ്റ അഗുട്, സിന്നർ, റൂഡ്, ഹുർകസ്, നോറി, ഓഗർ അലിയാസിമേ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതുതലമുറ താരങ്ങളുടെ ഒരു പട തന്നെ ന്യൂയോർക്കിലെ ക്വീൻസ് പാർക്കിലെ ബില്ലീ ജീൻ കിംഗ്‌ ടെന്നീസ് സെന്ററിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ ഫൈനൽ കളിക്കാൻ തയ്യാറായി വരുന്നുണ്ട്. ഇപ്പഴും കളം നിറഞ്ഞു കളിക്കുന്ന വാവ്രിങ്ക, മോൻഫിൽസ്, ചിലിക്, തീം തുടങ്ങിയവരും ഉണ്ടാകും ന്യൂയോർക്കിൽ.

എങ്കിലും കാണികളുടെ ശ്രദ്ധ ഇക്കൊല്ലം ഓസ്‌ട്രേലിയൻ താരം നിക് കിരിയോസിലായിരിക്കും. കഴിഞ്ഞ കുറെ കൊല്ലങ്ങളായി കാണികളുടെ (കളിക്കാരുടെയും, ടെന്നീസ് അധികാരികളുടെയും) കണ്ണിലെ കരടായിരുന്ന നിക്ക് ഇന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയാണ്! ഈ ലൈവ് വയർ കളിക്കാരനെ കാണാൻ സ്റ്റേഡിയം നിറഞ്ഞു കവിയും എന്നു തന്നെയാണ് എല്ലാവരും ഇപ്പോൾ വിശ്വസിക്കുന്നത്. ഒമ്പതോളം ടൂർണമെന്റുകളിൽ വിജയിച്ചു വരുന്ന കിരിയോസ് മോൻട്രിയലിൽ ക്വാർട്ടറിൽ പുറത്തായത് തിരിച്ചടിയായി.

ഇക്കൊല്ലത്തെ അവസാന ഗ്രാൻഡ്സ്ലാമിൽ പക്ഷെ ഫെഡറർ ഉണ്ടാകില്ല എന്ന സങ്കടം ടെന്നീസ് ആരാധകർക്കുണ്ട്. ഒരു വിടവാങ്ങൽ കളി മാത്രമായിട്ടാണെങ്കിലും ഈ ചാമ്പ്യൻ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. 2021 വിംബിൾഡണ് ശേഷം മുട്ടിന് ഏറ്റ പരിക്ക് മൂലം സർജറി ചെയ്ത ഫെഡറർ ഇത് വരെ ടെന്നീസിലേക്ക് മടങ്ങിയിട്ടില്ല. കഴിഞ്ഞാഴ്ച്ച 41 വയസ്സ് തികഞ്ഞ ഈ വിശ്വചാമ്പ്യൻ ഗ്രാൻഡ്സ്ലാമിലേക്ക് തിരികെ വരുന്ന കാര്യത്തിൽ ടെന്നീസ് വിദഗ്ധർക്ക് ഭിന്നാഭിപ്രായമാണ്. യുഎസ് ഓപ്പൺ കഴിഞ്ഞു നടക്കാനിരിക്കുന്ന യൂറോപ് vs റെസ്റ്റ് ഓഫ് വേൾഡ് ടൂർണമെന്റായ ലേവർ കപ്പിലാകും ഫെഡറർ തിരിച്ചു വരിക എന്നൊരു ശ്രുതിയുണ്ട്.

ഇത്രയധികം ലോകതാരങ്ങൾ പങ്കെടുക്കുന്ന ഇത്തവണത്തെ യുഎസ് ഓപ്പൺ, ടെന്നീസിന്റെ പുതിയൊരു വസന്തകാലത്തിന്റെ തുടക്കമാകും എന്നു വിശ്വസിക്കാം. എല്ലാ കളിക്കാർക്കും കളിക്കാൻ അവസരം ലഭിക്കുന്ന ഈ ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ തുറന്ന സമീപനം, കളിയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിറുത്താൻ മറ്റ് കളികളുടെ അധികാരികൾക്കും പ്രചോദനമാകട്ടെ.

Story Highlight: Us open 2022 truly open

ടെന്നീസ് ചരിത്രത്തിൽ ഔട്ട്ഡോറിൽ ഏറ്റവും കൂടുതൽ ജയം കണ്ടത്തി നദാൽ, ഫെഡററിന്റെ റെക്കോർഡ് മറികടന്നു

ടെന്നീസ് ചരിത്രത്തിൽ ഓപ്പൺ യുഗത്തിൽ പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഔട്ട്ഡോർ മത്സരങ്ങൾ ജയിച്ച റെക്കോർഡ് സ്വന്തം പേരിലാക്കി റാഫേൽ നദാൽ. നിലവിൽ 954 ഔട്ട്ഡോർ മത്സരങ്ങളിൽ ആണ് നദാൽ ജയം കണ്ടത്. 953 ഔട്ട്ഡോർ മത്സരങ്ങളിൽ ജയം കണ്ട റോജർ ഫെഡററിന്റെ റെക്കോർഡ് ഇതോടെ നദാൽ മറികടന്നു. 53 മത്തെ എ.ടി.പി 1000 മാസ്റ്റേഴ്സ് ഫൈനലിൽ എത്തിയ നദാൽ തന്നെയാണ് ഏറ്റവും കൂടുതൽ 1000 മാസ്റ്റേഴ്സ് ഫൈനലിൽ എത്തുന്ന താരവും.

നേരത്തെ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ സ്വന്തമാക്കിയ താരം ആയും നദാൽ മാറിയിരുന്നു. ഈ വർഷം കളിച്ച 20 മത്സരങ്ങളിലും ജയം കാണാൻ നദാലിന് ആയിരുന്നു. ഔട്ട്ഡോർ മത്സരങ്ങളിൽ 824 ജയങ്ങൾ ഉള്ള നൊവാക് ജ്യോക്കോവിച്ച്, 814 ജയങ്ങൾ ഉള്ള ഗില്ലാർമോ വിലാസ്, 787 ജയങ്ങൾ ഉള്ള ജിമ്മി കോണോർസ്, 727 ജയങ്ങൾ ഉള്ള ഇവാൻ ലെന്റിൽ, 702 ജയങ്ങൾ ഉള്ള ആന്ദ്ര അഗാസി എന്നിവർ നദാലിന് പിറകിൽ ആണ്.

21 നു അരികിൽ! ബരെറ്റിനിയുടെ തിരിച്ചു വരവ് ശ്രമങ്ങൾ അതിജീവിച്ചു നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഇതിഹാസ താരവും ആറാം സീഡും ആയ റാഫേൽ നദാൽ. തന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പണും 21 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും ലക്ഷ്യം വക്കുന്ന നദാൽ ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനിയെ ആണ് സെമിയിൽ തോൽപ്പിച്ചത്. കരിയറിൽ ഇത് ആറാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ ആണ് നദാലിന് ഇത്. നാലു സെറ്റ് പോരാട്ടത്തിനു ഒടുവിൽ ആണ് നദാൽ ജയം കണ്ടത്. തീർത്തും ഏകപക്ഷീയമായ ആദ്യ രണ്ടു സെറ്റുകൾ ആണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റിൽ ബരെറ്റിനിയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു ആണ് നദാൽ തുടങ്ങിയത്. തുടർന്ന് സർവീസ് അനായാസം നിലനിർത്തിയ നദാൽ സെറ്റ് 6-3 നു സ്വന്തമാക്കി. ബരെറ്റിനിയുടെ ബാക് ഹാന്റിലെ പിഴവുകൾ നിരന്തരം മുതലെടുത്തു നദാൽ. രണ്ടാം സെറ്റിലും സമാനമായ കളിയാണ് കാണാൻ ആയത്. രണ്ടു തവണ ബരെറ്റിനിയുടെ സർവീസ് ബ്രൈക്ക് ചെയ്ത നദാൽ 6-2 നു രണ്ടാം സെറ്റും നേടി ഫൈനൽ ഒരു സെറ്റ് മാത്രം അകലെയാക്കി.

എന്നാൽ മൂന്നാം സെറ്റിൽ തികച്ചും വ്യത്യസ്തമായ ബരെറ്റിനിയെ ആണ് കാണാൻ ആയത്. കരിയറിൽ ആദ്യമായി നദാലിന്റെ സർവീസിൽ ബ്രൈക്ക് കണ്ടത്തിയ ഇറ്റാലിയൻ താരം തിരിച്ചു വരവിന്റെ സൂചനകൾ നൽകി. സെറ്റ് 6-3 നു നേടിയ താരം മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നിരന്തരം മികച്ച സർവീസ് ഗെയിമുകൾ ആണ് ബരെറ്റിനി പുറത്ത് എടുത്തത്. എന്നാൽ നാലാം സെറ്റിൽ ലഭിച്ച ചെറിയ അവസരം മുതലെടുത്ത നദാൽ ഇറ്റാലിയൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു മത്സരം ഒരു സർവീസ് മാത്രം അകലെയാക്കി. അനായാസം സർവീസ് നിലനിർത്തിയ നദാൽ 6-4 നു സെറ്റ് സ്വന്തമാക്കി തന്റെ ആറാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ ഉറപ്പിച്ചു. 14 ഏസുകൾ ഉതിർത്ത ബരെറ്റിനിയെ നാലു തവണയാണ് മത്സരത്തിൽ നദാൽ ബ്രൈക്ക് ചെയ്തത്. 21 മത്തെ ഗ്രാന്റ് സ്‌ലാം നേടി ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുക എന്ന റെക്കോർഡിന് നദാലിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കി. ഫൈനലിൽ രണ്ടാം സീഡ് മെദ്വദേവ് നാലാം സീഡ് സിറ്റിപാസ് എന്നിവർ തമ്മിലുള്ള മത്സര വിജയിയെ ആണ് നദാൽ നേരിടുക.

അനായാസ ജയവുമായി നദാൽ അവസാന എട്ടിൽ! ക്വാർട്ടർ ഫൈനലിൽ റഷ്യൻ പോരാട്ടവും

ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ പ്രതീക്ഷിച്ച പ്രകടനവും ആയി പ്രമുഖ താരങ്ങൾ. തന്റെ പഴയ എതിരാളിയായ ഇറ്റാലിയൻ താരവും 16 സീഡുമായ ഫാബിയോ ഫോഗ്നിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് രണ്ടാം സീഡ് ആയ റാഫേൽ നദാൽ അവസാന എട്ടിലേക്ക് മുന്നേറിയത്. ഫോഗ്നിയിൽ നിന്നു വലിയ പോരാട്ടം പ്രതീക്ഷിച്ച ആരാധകരെ നിരാശയാക്കിയ പ്രകടനം ആണ് ഇറ്റാലിയൻ താരത്തിൽ നിന്നുണ്ടായത്. 2 തവണ ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ സമ്പൂർണ ആധിപത്യം മത്സരത്തിൽ പുലർത്തിയ നദാൽ 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 6-3, 6-4, 6-2 എന്ന സ്കോറിന് ആരാണ് നദാൽ ജയം കണ്ടത്. തന്റെ 21 ഗ്രാന്റ് സ്‌ലാം ജയവും രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പണും ലക്ഷ്യം വക്കുന്ന നദാൽ ക്വാർട്ടർ ഫൈനലിൽ സിറ്റിപാസ്, ബരേറ്റിനി മത്സരവിജയിയെ ആണ് നേരിടുക.

അതേസമയം സമാനമായ പ്രകടനം ആണ് സീഡ് ചെയ്യാത്ത അമേരിക്കൻ താരം മകൻസി മക്ഡോനാൾഡിനു എതിരെ നാലാം സീഡ് ആയ റഷ്യൻ താരം ഡാനിൽ മെദ്വദേവിൽ നിന്നുണ്ടായത്. ഒരൊറ്റ ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത മെദ്വദേവ് 7 ഏസുകളും മത്സരത്തിൽ ഉതിർത്തു. 6-4, 6-2, 6-3 എന്ന സ്കോറിന് എതിരാളിയെ വീഴ്ത്തിയ മെദ്വദേവ് ആദ്യ ഗ്രാന്റ് സ്‌ലാമിലേക്ക് തനിക്ക് അധികം ദൂരമില്ല എന്നു കൂടി വ്യക്തമാക്കി. ക്വാർട്ടർ ഫൈനലിൽ റഷ്യക്കാരൻ തന്നെയായ യുവ താരം ആന്ദ്ര റൂബ്ലേവ് ആണ് മെദ്വദേവിന്റെ എതിരാളി. സീസണിൽ ഇത് വരെ തോൽക്കാത്ത ഏഴാം സീഡ് ആയ റൂബ്ലേവ് 24 സീഡ് കാസ്പർ റൂഡിനെ ആണ് നാലാം റൗണ്ടിൽ മറികടന്നത്. മത്സരത്തിൽ റൂബ്ലേവ് 6-2, 7-6 എന്ന സ്കോറിന് രണ്ടു സെറ്റുകൾക്ക് മുന്നിട്ട് നിൽക്കുമ്പോൾ റൂഡ് പരിക്കിനെ തുടർന്ന് മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലുള്ള റഷ്യൻ താരങ്ങൾ തമ്മിലുള്ള പോരാട്ടം തീപാറും എന്നുറപ്പാണ്.

വീണ്ടും അനായാസം നദാൽ! മൂന്നു ടൈബ്രേക്കറുകളും ജയിച്ച് ബരേറ്റിനി!

ഓസ്‌ട്രേലിയൻ ഓപ്പണിൽ അവസാന പതിനാറിലേക്ക് മുന്നേറി രണ്ടാം സീഡ് റാഫേൽ നദാൽ. മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു ഇടൻ കയ്യൻ ആയ ബ്രിട്ടീഷ് താരം കാമറൂൺ നോരിക്ക് പക്ഷെ ക്ലാസ് പ്രകടനം പുറത്തെടുത്ത നദാലിന് മുന്നിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടങ്ങേണ്ടി വന്നു. ഒരു ബ്രൈക്ക് കണ്ടത്തിയ നോരിക്ക് പക്ഷെ മോശം രണ്ടാം സർവീസുകൾ വിനയായപ്പോൾ 5 തവണയാണ് നദാൽ ബ്രിട്ടീഷ് താരത്തെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റിൽ നോരിയുടെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 7-5 നു നേടിയ നദാൽ രണ്ടാം സെറ്റ് 6-2 സ്വന്തമാക്കി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ ഒരു സെറ്റ് എങ്കിലും നേടാൻ ബ്രിട്ടീഷ് താരം പരിശ്രമിച്ചു എങ്കിലും നിർണായക ബ്രൈക്ക് കണ്ടത്തിയ നദാൽ സെറ്റ് 7-5 നു നേടി നാലാം റൗണ്ടിലേക്ക് മുന്നേറി. നാലാം റൗണ്ടിൽ ഇറ്റാലിയൻ താരവും 16 സീഡും ആയ ഫാബിയോ ഫോഗ്നിയാണ് നദാലിന്റെ എതിരാളി.

6-4, 6-3, 6-4 എന്ന സ്കോറിനാണ് ഫോഗ്നി 21 സീഡ് ആയ ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡിമിനോറിനെ ഇറ്റാലിയൻ താരം മറികടന്നത്. അനായാസം ജയം കാണുമെന്നു കരുതിയ ഫോഗ്നിക്ക് എതിരെ അവസാന സെറ്റിൽ 5-1 ൽ നിന്നു 2 മാച്ച് പോയിന്റുകൾ രക്ഷിച്ചു ഡിമിനോർ തിരിച്ചു വരാൻ ശ്രമിച്ചു എങ്കിലും വൈകിപ്പോയിരുന്നു. മുമ്പ്‌ നദാലിനെ തോൽപ്പിച്ച ഫോഗ്നി നദാലിന് വെല്ലുവിളി ഉയർത്താവുന്ന താരം തന്നെയാണ്. എങ്കിലും പരസ്പരം കളിച്ച 16 ൽ 12 എണ്ണത്തിലും നദാൽ ആണ് ജയം കണ്ടത്. 19 സീഡ് ആയ റഷ്യൻ താരം കാരൻ കാചനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന ഒമ്പതാം സീഡ് മറ്റയോ ബരേറ്റിനിയും അവസാന പതിനാറിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു എങ്കിലും കടുത്ത മത്സരം ആണ് ബരേറ്റിനി നേരിട്ടത്. മൂന്നു സെറ്റുകളും ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും മൂന്നിലും ജയം ഇറ്റാലിയൻ താരത്തിന് ഒപ്പം ആയിരുന്നു. ഇരു താരങ്ങളും 2 വീതം ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ ബരേറ്റിനി 18 ഏസുകളും കാചനോവ് 12 ഏസുകളും ആണ് ഉതിർത്തത്.

Exit mobile version