തുടർ പരാജയങ്ങൾക്ക് അന്ത്യം, ലേവർ കപ്പ് കിരീടം ലോക ടീമിന്

ലേവർ കപ്പിൽ തുടർച്ചയായ നാലു വർഷവും ടീം യൂറോപ്പിന് മുന്നിൽ തോൽവി അറിഞ്ഞ ലോക ടീം അവസാനം കിരീടം കിരീടം ഉയർത്തി. ഇന്ന് ഇത് വരെ നടന്ന മൂന്നു മത്സരങ്ങളിലും ജയം കണ്ട ലോക ടീം കിരീടം ഉറപ്പിക്കുക ആയിരുന്നു. ആദ്യം നടന്ന ഡബിൾസിൽ ആന്റി മറെ, മറ്റെയോ ബരെറ്റിനി സഖ്യത്തെ ഫെലിക്‌സ് ആഗർ അലിയാസമെയെ, ജാക് സോക്ക് സഖ്യം 2-6, 6-3, 10-8 എന്ന സ്കോറിന് പരാജ്യപ്പെടുത്തുക ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിന് ഇറങ്ങിയ ഫെലിക്‌സ് സിംഗിൾസിൽ നൊവാക് ജ്യോക്കോവിചിനെ വീഴ്ത്തി ലോക ടീമിന് ആധിപത്യം സമ്മാനിച്ചു.

6-3 നു ആദ്യ സെറ്റ് നേടിയ ഫെലിക്‌സ് രണ്ടാം സെറ്റ് 7-6 നു ടൈബ്രേക്കറിൽ നേടി ജ്യോക്കോവിചിനെ കനേഡിയൻ താരം തോൽപ്പിക്കുക ആയിരുന്നു. തുടർന്ന് ഫ്രാൻസസ് ടിയെഫോ, സ്റ്റെഫാനോസ് സിറ്റിപാസ് മത്സരം ഇതോടെ ടീം യൂറോപ്പിന് നിർണായകമായി. ഈ മത്സരത്തിൽ അതുഗ്രൻ പോരാട്ടം ആണ് കാണാൻ ആയത്. ഗ്രീക്ക് താരം സിറ്റിപാസിനെ ആദ്യ സെറ്റ് 6-1 നു നഷ്ടമായ ശേഷം ആണ്‌ ടിയെഫോ തിരിച്ചു വന്നു ജയിച്ചത്. രണ്ടാം സെറ്റ് ടൈബ്രേക്കറിൽ നാലു മാച്ച് പോയിന്റുകൾ ആണ് ടിയെഫോ രക്ഷിച്ചത്.

ഒടുവിൽ 13-11 നു ടൈബ്രേക്കർ ജയിച്ച ടിയെഫോ സെറ്റ് സൂപ്പർ ടൈബ്രേക്കറിലേക്ക് നീട്ടി. തുടർച്ചയായി പന്ത്രണ്ടാം ടൈബ്രേക്കർ ആണ് അമേരിക്കൻ താരം ജയിച്ചത്. തുടർന്ന് സൂപ്പർ ടൈബ്രേക്കർ 10-8 നു ജയിച്ച ടിയെഫോ ലേവർ കപ്പ് കിരീടം ലോക ടീമിന് സമ്മാനിച്ചു. ഒരു മത്സരം ബാക്കി നിൽക്കെ 13-8 എന്ന സ്കോറിന് ആയിരുന്നു ലോക ടീമിന്റെ കിരീട നേട്ടം. കരിയറിലെ അവസാന ടൂർണമെന്റിൽ റോജർ ഫെഡറർക്ക് പരാജയത്തോടെ കളം വിടേണ്ടി വന്നെങ്കിലും ടൂർണമെന്റ് ഉടനീളം ഇതിഹാസതാരത്തിനുള്ള ട്രിബ്യൂട്ട് എന്ന നിലയിൽ ആവും ഓർമ്മിക്കപ്പെടുക.

കണ്ണീരടക്കാൻ പാട് പെട്ട് റോജർ ഫെഡറർ, കൂടെ കരഞ്ഞു നദാലും!അവസാന മത്സരത്തിൽ പരാജയത്തോടെ ഫെഡററുടെ വിടവാങ്ങൽ

ടെന്നീസ് കരിയറിലെ അവസാന മത്സരത്തിൽ റാഫേൽ നദാലിന് ഒപ്പം ലേവർ കപ്പിൽ ഡബിൾസ് കളിക്കാൻ ഇറങ്ങിയ റോജർ ഫെഡറർ പരാജയത്തോടെ തന്റെ കരിയറിന് അവസാനം കുറിച്ചു. അമേരിക്കൻ താരങ്ങൾ ആയ ജാക് സോക്ക്, ഫ്രാൻസസ് ടിയെഫോ എന്നിവർ അടങ്ങിയ ലോക ടീമിനോട് ആണ് ഫെഡറർ, നദാൽ സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തി സെറ്റ് ടീം യൂറോപ്പ് 6-4 നു സ്വന്തമാക്കി.

രണ്ടാം സെറ്റിൽ നദാലിന്റെ സർവീസ് എതിരാളികൾ ബ്രേക്ക് ചെയ്‌തെങ്കിലും തിരിച്ചു വന്നു ബ്രേക്ക് ചെയ്ത ടീം യൂറോപ്പ് സെറ്റ് ടൈബ്രേക്കിലേക്ക് നീട്ടി. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് 7-2 നു ലോക ടീം നേടി. തുടർന്ന് 10 പോയിന്റ് ടൈബ്രേക്കറിലേക്ക് കളി നീണ്ടു. പൊരുതി കളിച്ച ഫെഡറർ, നദാൽ സഖ്യം മാച്ച് പോയിന്റ് സൃഷ്ടിച്ചു എങ്കിലും ഫെഡററിന്റെ സർവീസിൽ അത് പക്ഷെ ടിയെഫോ രക്ഷിച്ചു. തുടർന്ന് 11-9 നു ലോക ടീം ജയം നേടുക ആയിരുന്നു.മത്സരത്തിൽ മനോഹര നിമിഷങ്ങൾ ആണ് പലപ്പോഴും ഫെഡററും നദാലും സൃഷ്ടിച്ചത്.

മത്സര ശേഷം കണ്ണീർ അടക്കാൻ പാട് പെടുന്ന ഫെഡററിനെ ആണ് കാണാൻ ആയത്. നദാലും ഫെഡറർക്ക് ഒപ്പം കണ്ണീർ വാർത്തു. ഫെഡററിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും അടക്കം നിറഞ്ഞ ഗാലറി അവസാന നിമിഷങ്ങളിൽ എണീറ്റു നിന്നാണ് താരത്തെ സ്വീകരിച്ചത്. മത്സരത്തിൽ പലപ്പോഴും തന്റെ പഴയ മികവ് ഫെഡറർ കാണിച്ചു. എന്നാൽ പലപ്പോഴും ശരീരം ടെന്നീസ് കളിക്കാൻ ഫെഡററെ അനുവദിക്കുന്നില്ല എന്നതും കാണാൻ ആയി. നിലവിൽ ലേവർ കപ്പിൽ ടീം യൂറോപ്പ് 2 ജയം നേടിയപ്പോൾ ലോക ടീമും 2 ജയം നേടിയിട്ടുണ്ട്. കണ്ണീർ അടക്കാൻ പാട് പെട്ട ഫെഡറർ കണ്ടിരുന്ന ആരാധകർക്കും കണ്ണീർ സമ്മാനിച്ചു.

ലേവർ കപ്പിന് ഇടയിൽ പ്രതിഷേധം, യൂറോപ്പിന് രണ്ടാം ജയം സമ്മാനിച്ചു സിറ്റിപാസ്

ലേവർ കപ്പ് രണ്ടാം മത്സരത്തിലും ജയം കണ്ടു ടീം യൂറോപ്പ്. അർജന്റീനൻ താരം ഡീഗോ ഷ്വാർട്സ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് ആണ് യൂറോപ്പിന് രണ്ടാം മത്സരത്തിലും ജയം സമ്മാനിച്ചത്. 6-2, 6-1 എന്ന ആധികാരിക സ്കോറിന് ആണ് ഗ്രീക്ക് താരം ജയിച്ചത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ സിറ്റിപാസ് 5 തവണ എതിരാളിയെ ബ്രേക്ക് ചെയ്തു.

എന്നാൽ പരിസ്ഥിതി പ്രവർത്തകൻ കളത്തിൽ പ്രതിഷേധവും ആയി എത്തിയത് കളിക്ക് ഇടയിൽ താരങ്ങളെ അമ്പരപ്പിച്ചു. ‘ബ്രിട്ടനിലെ സ്വാകാര്യ ജെറ്റ് വിമാനങ്ങൾ അവസാനിപ്പിക്കുക’ എന്നു എഴുതിയ ടി ഷർട്ട് അണിഞ്ഞു ഗ്രൗണ്ടിൽ എത്തിയ ആൾ സ്വന്തം കയ്യിൽ തീ വക്കുക ആയിരുന്നു. തുടർന്ന് അധികൃതർ ഇയാളെ കളത്തിൽ നിന്നു മാറ്റുക ആയിരുന്നു. ഇന്ന് അവസാന മത്സരത്തിൽ ആണ് ഫെഡറർ തന്റെ അവസാന മത്സരത്തിനു ആയി ഇറങ്ങുക.

ലേവർ കപ്പ്, ടീം യൂറോപ്പിന് ആദ്യ മത്സരത്തിൽ ജയം സമ്മാനിച്ചു കാസ്പർ റൂഡ്

ലേവർ കപ്പ് ആദ്യ മത്സരത്തിൽ ടീം യൂറോപ്പിന് ജയം സമ്മാനിച്ചു കാസ്പർ റൂഡ്. ലോക ടീമിന് ആയി ഇറങ്ങിയ അമേരിക്കൻ താരം ജാക് സോക്കിനെ ആണ് നോർവെ താരമായ റൂഡ് പരാജയപ്പെടുത്തിയത്. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ടൈബ്രേക്കറിൽ ആയിരുന്നു റൂഡിന്റെ ജയം. ആദ്യ സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തിയ റൂഡ് സെറ്റ് 6-4 നു സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ബ്രേക്ക് വഴങ്ങിയ ശേഷം ബ്രേക്ക് തിരിച്ചു പിടിച്ച സോക്ക് വീണ്ടും ഒരിക്കൽ കൂടി ബ്രേക്ക് നേടി സെറ്റ് 7-5 നു നേടി. 10 പോയിന്റ് ടൈബ്രേക്കറിൽ 3-0 പിന്നിൽ ആയ ശേഷം തുടർച്ചയായി 6 പോയിന്റുകൾ നേടി തിരിച്ചു വന്ന റൂഡ് 10-7 നു ടൈബ്രേക്കർ ജയിച്ചാണ് മത്സരം യൂറോപ്പിന് സമ്മാനിച്ചത്. കളത്തിലേക്ക് തന്റെ അവസാന മത്സരത്തിന് ആയി എത്തിയ റോജർ ഫെഡറർക്ക് ലണ്ടനിൽ നിറഞ്ഞ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകർ വലിയ സ്വീകരണം ആണ് നൽകിയത്.

അവസാന മത്സരത്തിൽ ഫെഡറർ നദാലിനൊപ്പം

ഫെഡറർ തന്റെ കരിയറിലെ അവസാന മത്സരത്തിൽ റാഫേൽ നദാലിനൊപ്പം ഇറങ്ങും. ലേവർ കപ്പിൽ നാളെ ഡബിളിസിൽ ആകും ടീം യൂറോപ്പിനായി നദാലും ഫെഡററും ഇറങ്ങുക. ഫിക്സ്ചർ ഇന്ന് സംഘാടകർ പുറത്തു വിട്ടു.

20 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ താരം ആയ ഫെഡറർ ലേവർ കപ്പിൽ സിംഗിൾസിൽ കളിക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. തന്റെ പ്രധാന എതിരാളിയായിരുന്ന നദാലിനെ ഒപ്പം ഇറങ്ങുന്നു എന്നത് ഒരു കാവ്യ നീതി ആകും.

കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ ഹ്യൂബർട്ട് ഹർകാച്ചിനോട് തോറ്റ ശേഷം ഫെഡറർ ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. അന്ന് മുതൽ താരം പരിക്കുമായി മല്ലിടുകയായിരുന്നു.

ലേവർ കപ്പിൽ സിംഗിൾസിൽ കളിക്കില്ല എന്ന സൂചനയുമായി ഫെഡറർ

സെപ്തംബർ 23 ന് ആരംഭിക്കുന്ന ലേവർ കപ്പിൽ സിംഗിൾസ് മത്സരങ്ങളിൽ ഫെഡറർ കളിക്കില്ല. തന്റെ അവസാന ടൂർണമെന്റിൽ ഡബിൾസിൽ മാത്രമാകും ഫെഡറർ ഇറങ്ങുക. തന്റെ അവസാന ടൂർണമെന്റിൽ സിംഗിൾസ് കളിക്കാൻ സാധ്യതയില്ലെന്ന് ഫെഡറർ തന്നെ സ്വിസ് മാധ്യമങ്ങളോട് പറഞ്ഞു.

ഞാൻ ഇവിടെ പരിശീലനത്തിൽ എത്ര നന്നായി കളിക്കുന്നുണ്ട്. എന്നാൽ വെള്ളിയാഴ്ച ഞാൻ ഡബിൾസ് മാത്രമേ കളിക്കൂ എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ബേസലിൽ സ്വിസ് ഇൻഡോർ കളിക്കുന്നതിൽ നിന്ന് പിന്മാറിയതും തനിക്ക് സിംഗിൾസ് കളിക്കാൻ‌ ആവാത്തത് കൊണ്ടായിരുന്നു. ഫെഡറർ മാധ്യമങ്ങളോട് പറഞ്ഞു.

റോജർ ഫെഡറർക്ക് വീണ്ടും നിരാശ, താരം ലേവർ കപ്പിൽ കളിച്ചേക്കില്ല

ടെന്നീസ് കളത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന ഇതിഹാസ താരം റോജർ ഫെഡറർക്ക് വീണ്ടും നിരാശ. നിലവിൽ പരിക്കിൽ നിന്നു മോചിതൻ ആയി ലേവർ കപ്പിൽ കളിക്കാൻ ഇറങ്ങും എന്നു കരുതിയ താരം ലേവർ കപ്പിൽ കളിക്കില്ല എന്നാണ് സൂചന.

ലണ്ടനിൽ വച്ചു നടക്കുന്ന ലേവർ കപ്പിൽ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച്, ആന്റി മറെ എന്നിവർ ഒരുമിച്ച് ടീം യൂറോപ്പിന് ആയി ഇറങ്ങും എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ശാരീരിക ക്ഷമത പൂർണമായും തിരിച്ചു പിടിക്കാൻ ആവാത്ത ഫെഡററുടെ ടെന്നീസ് കളത്തിലേക്കുള്ള തിരിച്ചു വരവ് ഇതോടെ വീണ്ടും വൈകും.

ലേവർ കപ്പിൽ ആദ്യദിനത്തിൽ ആധിപത്യം നേടി ടീം യൂറോപ്പ്

ലോക ടീമിന് എതിരായ ലേവർ കപ്പ് പോരാട്ടത്തിലെ ആദ്യ ദിനത്തിൽ 4 മത്സരങ്ങളിൽ 3 ലും ജയം കണ്ടു ടീം യൂറോപ്പ്. ഇതിഹാസതാരം ബോയിൻ ബോർഗ് നയിക്കുന്ന ടീം യൂറോപ്പിൽ റോജർ ഫെഡറർ, റാഫ നദാൽ തുടങ്ങി സൂപ്പർ സ്റ്റാറുകൾ അണിനിരക്കുമ്പോൾ പൊതുവെ യുവതാരങ്ങൾ ആണ് ലോക ടീമിൽ കൂടുതൽ. കളത്തിലെ ബോർഗിന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായ ജോൺ പാട്രിക്‌ മക്കൻറോ ആണ് ലോക ടീമിന്റെ നായകൻ. ആദ്യ മത്സരത്തിൽ യുവതാരവും ലോക ആറാം നമ്പറുമായ ഡൊമനിക് തീമിനെതിരെ വലിയ പോരാട്ടം ആണ് കാനഡയുടെ യുവതാരം ഡാനി ശപോവലോവ് പുറത്ത് എടുത്തത്. ഇരു താരങ്ങളും ഓരോ സെറ്റ് വീതം നേടിയ ശേഷം സൂപ്പർ ടൈബ്രേക്കറിലൂടെ ഫലം നിർണയിച്ച മത്സരത്തിൽ 3 മാച്ച് പോയിന്റുകൾ കനേഡിയൻ താരം നഷ്ടമാക്കി.

6-4,5-7,13-11 എന്ന സ്കോറിന് തീം ആദ്യ സിംഗിൾസ് മത്സരം ടീം യൂറോപ്പിന് സമ്മാനിച്ചു. രണ്ടാം മത്സരത്തിൽ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ 6-1,7-6 എന്ന സ്കോറിന് മറികടന്ന അമേരിക്കൻ താരം ജാക്ക് സോക്ക് ലോക ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. എന്നാൽ അടുത്ത സിംഗിൾസിൽ 21 വയസ്സുകാരുടെ പോരാട്ടത്തിൽ അമേരിക്കൻ താരം ഫ്രിട്സിനെ മറികടന്ന ഗ്രീക്ക് താരം സ്റ്റിസിപാസ് ലീഡ് തിരിച്ചു പിടിച്ചു. സൂപ്പർ ടൈബ്രേക്ക് കണ്ട വാശിയേറിയ മത്സരത്തിൽ 6-2, 1-6, 10-7 എന്ന സ്കോറിന് ആണ് സ്റ്റിസിപാസ് ജയം കണ്ടത്.

ആദ്യ ദിവസത്തെ അവസാനമത്സരം സ്വന്തം നാട്ടിൽ കളിക്കാൻ ഇറങ്ങിയ റോജർ ഫെഡറർ ഡബിൾസിൽ യുവതാരം അലക്‌സാണ്ടർ സെവർവ്വിനെ കൂട്ടുപിടിച്ച് നിർണായക ജയം ടീം യൂറോപ്പിനു സമ്മാനിക്കുന്നത് ആണ് പിന്നീട്‌ കണ്ടത്. 6-3, 7-5 എന്ന സ്കോറിന് ജാക്ക് സോക്ക്, ശപോവലോവ് സഖ്യത്തെ മറികടന്ന ഫെഡറർ, സെവർവ്വ് സഖ്യം കാണികളെ ആവേശത്തിലാക്കി. ലേവർ കപ്പിൽ ഇന്നത്തെ മത്സരങ്ങളിൽ ഫെഡററും നദാലും സിംഗിൾസ് കളിക്കാൻ ഇറങ്ങും. 4 മത്സരങ്ങൾ തന്നെയാണ് ഇന്നും നടക്കുക. ആദ്യ മത്സരത്തിൽ അലക്‌സാണ്ടർ സെവർവ്വ് ജോൺ ഇസ്‌നറെ നേരിടുമ്പോൾ കാണികൾ കാത്തിരിക്കുന്ന രണ്ടാം മത്സരത്തിൽ അപകടകാരിയായ ഓസ്‌ട്രേലിയൻ യുവതാരം നിക്ക് ക്യൂരിയോസ് ആണ് ജനീവയിൽ റോജർ ഫെഡററിന്റെ എതിരാളി. മൂന്നാം മത്സരത്തിൽ റാഫ നദാൽ കനേഡിയൻ താരം മിലോസ് റയോണികിനെ നേരിടും. അതിനുശേഷം നടക്കുന്ന ഡബിൾസ് മത്സരത്തിൽ നദാൽ സ്റ്റിസിപാസ് സഖ്യം ക്യൂരിയോസ് സോക്ക് സഖ്യത്തെയും നേരിടും. ആധിപത്യം തുടരാൻ ടീം യൂറോപ്പ് ഇറങ്ങുമ്പോൾ ക്യൂരിയോസ് തങ്ങളെ മത്സരത്തിൽ തിരികെ എത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് ലോക ടീം.

Exit mobile version