ഓസ്ട്രേലിയൻ ഓപ്പൺ ഒരുങ്ങവെ നദാലിന് പരിക്ക്

ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ റാഫേൽ നദാലിന് പരിക്ക്. ബ്രിസ്‌ബേൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ ജോർദാൻ തോംസണെ നേരിടുന്നതിന് ഇടയിലാണ് നദാലിന് പരിക്കേറ്റത്. നദാൽ മത്സരം പൂർത്തിയാക്കി എങ്കിലും പരാജയപ്പെട്ടു. പരിക്കിൽ നിന്ന് തിരിച്ചുവരികയായിരുന്ന നദാൽ ബ്രിസ്ബണിൽ ആദ്യ രണ്ട് റൗണ്ടുകളും നേരിട്ടിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചിരുന്നു. ഇന്ന് രണ്ട് മാച്ച് പോയിന്റ് ലഭിച്ചു എങ്കിലും അവസാനം നദാൽ പരാജയപ്പെടുകയായിരുന്നു.

37കാരനായ നദാൽ മൂന്നാം സെറ്റിനിടയിൽ ചികിത്സയ്ക്കായി കുറച്ച് മിനിറ്റ് കോർട്ട് വിട്ടതിനു ശേഷമാണ് കളി തുടർന്നത്. 7-5, 6-7 (6-8), 3-6 എന്ന സ്കോറിന് ആയിരുന്നു പരാജയം. മസിലിന്റെ പ്രശ്‌നമാകുമെന്നും ആശങ്ക വേണ്ട എന്നും മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ നദാൽ പറഞ്ഞു.

ജനുവരി 14-ന് ആണ് ഓസ്‌ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. “ഇത് പ്രധാനമല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അടുത്ത ആഴ്ച പരിശീലനം നടത്താനും മെൽബൺ കളിക്കാനും ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സത്യസന്ധമായി, എനിക്ക് ഇപ്പോൾ ഒന്നിനെക്കുറിച്ചും 100% ഉറപ്പില്ല.” നദാൽ പറഞ്ഞു.

നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽ തിരികെയെത്തും

റാഫേൽ നദാൽ തിരികെയെത്തുന്നു. ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നദാൽ കളിക്കുമെന്ന് ടൂർണമെന്റ് ഡയറക്ടർ ക്രെയ്ഗ് ടൈലി പറഞ്ഞു, 37കാരനായ മുൻ ലോക ഒന്നാം നമ്പർ താരം ഈ വർഷമാദ്യം ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം കളിച്ചിട്ടില്ല. 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സ്പാനിഷ് താരം, ഓസ്‌ട്രേലിയൻ ഓപ്പണിലെ രണ്ടാം റൗണ്ടിലെ മത്സരത്തിൽ ആണ് അവസാനം കളിച്ചത്.

ജൂണിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം അഞ്ച് മാസത്തോളം പുറത്തിരിക്കും എന്ന് അന്ന് വ്യക്തമാക്കിയിരുന്നു. റഫയുടെ അവസാന സീസൺ ആകും അടുത്തത് എന്നാണ് സൂചനകൾ. “റാഫ ഓസ്ട്രേലിയൻ ഓപ്പണിലൂട്ർ മടങ്ങിവരുമെന്ന് ഞങ്ങൾക്ക് വെളിപ്പെടുത്തുന്നു,” ടൈലി പറഞ്ഞു.

“നദാലിനോട് സംസാരിച്ചപ്പോൾ അവൻ മടങ്ങിവരുമെന്ന് സ്ഥിരീകരിച്ചു” അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയൻ താരം നിക്ക് കിരിയോസും ഓസ്ട്രേലിയൻ ഓപ്പണിൽ തിരികെയെത്താൻ സാധ്യതയുണ്ട്.

ഇരുപത്തിമൂന്നാം ഗ്രാന്റ് സ്ലാം കിരീടം നേടിയ ജ്യോക്കോവിചിനെ അഭിനന്ദിച്ചു നദാൽ

ഇരുപത്തിമൂന്നാം ഗ്രാന്റ് സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടവും നേടിയ നൊവാക് ജ്യോക്കോവിചിനെ അഭിനന്ദിച്ചു റാഫ നദാൽ. ഇത്രയും മഹത്തായ നേട്ടത്തിന് ജ്യോക്കോവിചിന് അഭിനന്ദനങ്ങൾ നേർന്നു നദാൽ.

കുറെ വർഷങ്ങൾക്ക് മുമ്പ് 23 ഗ്രാന്റ് സ്ലാം കിരീടങ്ങൾ എന്നത് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല എന്നു പറഞ്ഞ നദാൽ ഈ മഹത്തായ നേട്ടം കുടുംബവും ടീമും ആയി ആഘോഷിക്കണം എന്നും ആശംസിച്ചു.

റാഫേൽ നദാൽ ശസ്ത്രക്രിയക്ക് വിധേയനായി

റാഫേൽ നദാലിന് പരിക്കേറ്റ ഇടതുഭാഗത്തെ ഹിപ് ഫ്ലെക്‌സറിന് ആർത്രോസ്‌കോപ്പിക് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. 2005-ൽ അരങ്ങേറിയ ശേഷം ആദ്യമായാണ് ഫ്രഞ്ച് ഓപ്പൺ നദാലിന് നഷ്ടമാകുന്നത്‌. ബാഴ്‌സലോണയിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്‌‌.

ഓസ്‌ട്രേലിയൻ ഓപ്പണിലെ രണ്ടാം റൗണ്ടിൽ ആയിരുന്നു അവസാനം നദാൽ കളിച്ചത്‌. പരിക്കേറ്റതിനെ തുടർന്ന് ജനുവരി മുതൽ
അദ്ദേഹം പുറത്താണ്‌‌. 14 തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായിട്ടുള്ള താരമാണ്‌ നദാൽ. അടുത്ത വർഷത്തോടെ വിരമിക്കും എന്ന് പറഞ്ഞ നദാലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി, അടുത്ത വർഷം വിരമിക്കും എന്നും സൂചന

ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നു റാഫേൽ നദാൽ പിന്മാറി. 14 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ നദാൽ ഹിപ്പിന് ഏറ്റ പരിക്ക് കാരണം ആണ് ടൂർണമെന്റിൽ നിന്നു പിന്മാറിയത്. വരുന്ന മാസങ്ങളിൽ ടെന്നീസ് കളത്തിൽ തിരിച്ചെത്തുന്ന കാര്യം അസാധ്യം ആണെന്നും നദാൽ പറഞ്ഞു. 2004 നു ശേഷം ഇത് ആദ്യമായാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ കളിക്കാതെ ഇരിക്കുന്നത്.

പരിക്ക് കാരണം നദാൽ പിന്മാറുന്ന 13 മത്തെ ഗ്രാന്റ് സ്‌ലാം ആണ് ഇത്. എന്നു കളത്തിലേക്ക് തിരിച്ചു വരും എന്ന് അറിയാത്ത നദാൽ ഇതോടെ ലോക റാങ്കിംഗിൽ ആദ്യ നൂറിൽ നിന്നു പുറത്ത് ആവും. ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ അടുത്ത വർഷം തന്റെ കരിയറിലെ അവസാന വർഷം ആയേക്കും എന്ന സൂചനയും നദാൽ നൽകി. നിലവിൽ ഈ വർഷം അവസാനം ഡേവിസ് കപ്പിന്റെ സമയത്ത് തിരിച്ചു വരാൻ ആവും നദാൽ ശ്രമം. നദാലിന്റെ പിന്മാറ്റവും ജ്യോക്കോവിച്ച് അത്ര മികവിൽ ഇല്ലാത്തതും നിലവിലെ ഫ്രഞ്ച് ഓപ്പണിനെ വലിയ നിലക്ക് പ്രവചനാതീതമാക്കുന്നുണ്ട്.

നദാൽ മാഡ്രിഡ് മാസ്റ്റേഴ്സിൽ നിന്നും പിന്മാറി, ഫ്രഞ്ച് ഓപ്പൺ പ്രതീക്ഷകൾക്ക് തിരിച്ചടി

ഇടുപ്പിന് പരിക്കേറ്റ നദാൽ മാഡ്രിഡ് മാസ്റ്റേഴ്‌സ് ടൂർണമെന്റിലും പങ്കെടുക്കില്ല എന്ന് അറിയിച്ചു. ഇപ്പോഴും പരിക്ക് മാറിയില്ല എന്നും താനും തന്റെ ടീമും പരിക്ക് മാറാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും നദാൽ പറഞ്ഞു. അടുത്ത മാസം അവസാനം നടക്കുന്ന ഫ്രഞ്ച് ഓപ്പണായുള്ള നദാലിന്റെ തയ്യാറെടുപ്പുകൾക്കും ഈ വാർത്ത കനത്ത തിരിച്ചടിയായി.

ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ തോറ്റതിന് ശേഷം 36കാരനായ സ്പാനിഷ് താരം ഇതുവരെ കളിച്ചിട്ടില്ല. ഇന്ത്യൻ വെൽസിലെയും മിയാമിയിലെയും ടൂർണമെന്റുകളിൽ നിന്നും അദ്ദേഹം നേരത്തെ പിന്മാറിയിരുന്നു. കഴിഞ്ഞ വർഷം 14-ാമത് ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയതിന് ശേഷം നദാൽ ഫിറ്റ്നസ് പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്.

ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് നിലവിലെ ചാമ്പ്യൻ നദാൽ പുറത്ത്

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്താം എന്ന റാഫേൽ നദാൽ മോഹങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി. ടോപ്പ് സീഡ് ആയ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ തന്നെ പുറത്തായിരിക്കുകയാണ്. 22 തവണ മേജർ ചാമ്പ്യനായ നദാലിനെ മക്കെൻസി മക്‌ഡൊണാൾഡ് ആണ് പരാജയപ്പെടുത്തിയത്. 6-4, 6-4, 7-5 എന്നായിരുന്നു സ്കോർ. മത്സരത്തിനു മധ്യത്തിൽ നദാലിന് പരിക്കേറ്റതും മക്കെൻസിക്ക് സഹായകരമായി.

റാഫേൽ വേദന കൊണ്ട് കളി നിർത്തിവെക്കേണ്ടി വന്നെങ്കിലും കളി പൂർത്തിയാക്കാൻ തന്നെ നദാൽ തീരുമാനിക്കുകയായിരുന്നു. പരിക്ക് സഹിച്ച് കളിച്ച അവസാന സെറ്റ് ആവേശകരമായാണ് പര്യവസാനിച്ചത്. മക്കെൻസിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഇന്നത്തേത്‌. 31-ാം സീഡ് യോഷിഹിതോ നിഷിയോകയും ഡാലിബോർ സ്വ്‌ർസിനയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആകും മക്കെൻസി ഇനി നേരിടുക.

അർജന്റീന ഇപ്പോഴും ഫേവറിറ്റ്സ് ആണ്, അവർ തിരികെ ഫോമിലേക്ക് വരും എന്ന് നദാൽ

അർജന്റീനയെ ഒരു പരാജയം കൊണ്ട് ആരും എഴുതി തള്ളരുത് എന്ന് ടെന്നീസ് ഇതിഹാസം നദാൽ. അവർ ഒരു കളി തോറ്റു എന്നേ ഉള്ളൂ. ഇനി രണ്ടെണ്ണം ബാക്കിയുണ്ട്. ആ ടീമിനെ ബഹുമാനിക്കേണ്ടതുണ്ട്. അവർ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായാണ് ലോകകപ്പിലേക്ക് വന്നത്. അതും ചരിത്രത്തിലെ ഏറ്റവും മികച്ച അപരാജിത കുതിപ്പിൽ ഒന്നുമായിട്ട്. നദാൽ ഓർമ്മിപ്പിച്ചു.

ഈ ഒരു പരാജയം കൊണ്ട് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടും എന്ന് താൻ കരുതുന്നില്ല എന്നും അർജന്റീന വളരെ ദൂരം ഈ ലോകപ്പിൽ പോകാനുള്ള സാധ്യത ഉണ്ട്. അവർ ഇപ്പോഴും ഈ ലോകകപ്പ് ജയിക്കാൻ സാധ്യത ഉള്ള പ്രധാനി ആണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.

നദാൽ മെസ്സിയീട് തനിക്കുള്ള സ്നേഹത്തെ കുറിച്ചും സംസാരിച്ചു. ഒരു കായിക പ്രേമി എന്ന നിലയിൽ മെസ്സിയെ അഭിനന്ദിക്കാതിരിക്കാൻ ആകില്ല. അദ്ദേഹത്തിന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ അദ്ദേഹത്തെ ആസ്വദിക്കാൻ ലാലിഗയിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. അദ്ദേഹം ഞങ്ങൾക്ക് അത്ഭുത നിമിഷങ്ങൾ നൽകി, ഫുട്ബോളിന്റെയും കായിക ലോകത്തിന്റെയും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. നദാൽ കൂട്ടിച്ചേർത്തു.

ജ്യോക്കോവിച്ചും റൂഡും എ.ടി.പി ഫൈനൽസ് സെമിയിൽ,നദാൽ പുറത്ത്,ലോക ഒന്നാം നമ്പർ ആയി അൽകാരസ് തുടരും

എ.ടി.പി ഫൈനൽസ് സെമിഫൈനലിലേക്ക് ഗ്രീൻ ഗ്രൂപ്പിൽ നിന്നു മുന്നേറി മൂന്നാം സീഡ് കാസ്പർ റൂഡ്. എട്ടാം സീഡ് ആയ ടെയിലർ ഫ്രിറ്റ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചതോടെയാണ് റൂഡ് സെമിഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റ് 6-3 നു റൂഡ് നേടിയപ്പോൾ രണ്ടാം സെറ്റ് ഫ്രിറ്റ്സ് 6-4 നു നേടി. ഒടുവിൽ ടൈബ്രേക്കറിൽ ആണ് റൂഡ് മത്സരം ജയിച്ചത്. റൂഡ് ജയിച്ചതോടെ രണ്ടു കളിയും തോറ്റ നദാൽ എ.ടി.പി ഫൈനൽസിൽ നിന്ന് പുറത്തായി.

ഇതോടെ കാർലോസ് അൽകാരസ് 2022 ലോക ഒന്നാം നമ്പർ ആയി പൂർത്തിയാക്കും എന്നും ഉറപ്പായി. ലോക ഒന്നാം നമ്പർ ആയി ഒരു വർഷം അവസാനിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 19 കാരനായ അൽകാരസ് ഇതോടെ മാറി. അതേസമയം റെഡ് ഗ്രൂപ്പിൽ ആറാം സീഡ് ആന്ദ്ര റൂബ്ലേവിനെ 6-4,6-1 എന്ന സ്കോറിന് തകർത്താണ് ഏഴാം സീഡ് നൊവാക് ജ്യോക്കോവിച് സെമിഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത ജ്യോക്കോവിച് മൂന്നു തവണ എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു. ഇത് 11 മത്തെ തവണയാണ് ജ്യോക്കോവിച് എ.ടി.പി ഫൈനൽസ് സെമിയിൽ എത്തുന്നത്.

എ.ടി.പി ഫൈനൽസിൽ വീണ്ടും തോൽവി വഴങ്ങി നദാൽ, തുടർച്ചയായ നാലാം തോൽവി

എ.ടി.പി ഫൈനൽസിൽ ഗ്രീൻ ഗ്രൂപ്പിൽ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി റാഫേൽ നദാൽ. ഫ്രിറ്റ്സിനോട് ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ നദാൽ ഇന്ന് ഫെലിക്‌സ് ആഗർ അലിയസ്മെയോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽവി വഴങ്ങിയത്. മത്സരത്തിൽ ഒരു ഘട്ടത്തിലും ഫെലിക്‌സിന് മേൽ ആധിപത്യം നേടാൻ നദാലിന് ആയില്ല.

ഓരോ സെറ്റിലും ഓരോ ബ്രേക്ക് വീതം നേടിയ ഫെലിക്‌സ് 6-3,6-4 എന്ന സ്കോറിന് ആണ് ജയം കണ്ടത്. 15 ഏസുകൾ ആണ് മത്സരത്തിൽ അഞ്ചാം സീഡ് ആയ ഫെലിക്‌സ് ഉതിർത്തത്. എ.ടി.പി ഫൈനൽസിൽ തന്റെ കരിയറിലെ ആദ്യ ജയം കുറിച്ച ഫെലിക്‌സ് നദാലിനെ ഇത് ആദ്യമായാണ് തോൽപ്പിക്കുന്നത്. തോൽവിയോടെ വർഷാവസാനം ലോക ഒന്നാം നമ്പർ ആവാനുള്ള നദാലിന്റെ പ്രതീക്ഷ അവസാനിച്ചു. കരിയറിൽ ഇത് രണ്ടാം തവണയാണ് നദാൽ തുടർച്ചയായി നാലു മത്സരങ്ങൾ തോൽക്കുന്നത്.

എ.ടി.പി ഫൈനൽസിൽ ആദ്യ മത്സരത്തിൽ റാഫേൽ നദാലിനെ അട്ടിമറിച്ചു ടെയിലർ ഫ്രിറ്റ്സ്

തന്റെ കരിയറിലെ ആദ്യ എ.ടി.പി ഫൈനൽസ് മത്സരത്തിൽ സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ചു അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സ്. ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസ് ടൂർണമെന്റിൽ നിന്നു പിന്മാറിയതിനാൽ എട്ടാം സീഡ് ആയി പ്രവേശനം ലഭിച്ച ഫ്രിറ്റ്സ് നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു. ഗ്രീൻ ഗ്രൂപ്പിൽ 7-6, 6-1 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ യുവതാരത്തിന്റെ ജയം.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ ഫ്രിറ്റ്സ് രണ്ടാം സെറ്റിൽ രണ്ടു തവണ നദാലിന്റെ സർവീസ് ബ്രേക്ക് ചെയ്തു സെറ്റ് 6-1 നേടി മത്സരം സ്വന്തമാക്കി. വർഷാവസാനം ലോക ഒന്നാം നമ്പർ പിന്തുടരുന്ന നദാൽ മത്സരത്തിൽ നിലനിൽക്കാൻ പാട് പെടുന്നത് ആണ് കണ്ടത്. അതേസമയം ഗ്രീൻ ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ മൂന്നാം സീഡ് കാസ്പർ റൂഡ് അഞ്ചാം സീഡ് ഫെലിക്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ റൂഡ് രണ്ടാം സെറ്റ് 6-4 നു നേടിയാണ് ഗ്രൂപ്പിലെ ആദ്യ ജയം കുറിച്ചത്.

പാരീസ് മാസ്റ്റേഴ്സിൽ റാഫേൽ നദാൽ പുറത്ത്, വമ്പൻ അട്ടിമറിയുമായി ടോമി പൗൾ

എ.ടി.പി പാരീസ് 1000 മാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടു റാഫേൽ നദാൽ പുറത്ത്. രണ്ടാം സീഡ് ആയ നദാൽ അമേരിക്കൻ താരം ടോമി പൗളിന് മുന്നിലാണ് പരാജയം സമ്മതിച്ചത്. ആദ്യ സെറ്റിൽ ബ്രേക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നു സെറ്റ് 6-3 നു നേടിയ നദാൽ പക്ഷെ രണ്ടാം സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടു. മൂന്നാം സെറ്റിൽ നദാലിന് വലിയ അവസരം ഒന്നും നൽകാതെ 6-1 നു നേടിയ ടോമി പൗൾ മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു.

കരിയറിൽ ആദ്യമായി ആണ് ഇത്രയും വലിയ തിരിച്ചടി നദാൽ പാരീസ് മാസ്റ്റേഴ്സിൽ നേരിടുന്നത്. നേരത്തെ നാലാം സീഡ് ഡാനിൽ മെദ്വദേവും ടൂർണമെന്റിൽ നിന്നു പുറത്തായിരുന്നു. അതേസമയം ഒന്നാം സീഡ് കാർലോസ് അൽകാരസ്, രണ്ടാം സീഡ് കാസ്പർ റൂഡ്, ആറാം സീഡ് നൊവാക് ജ്യോക്കോവിച്, ആറാം സീഡ് ആന്ദ്ര റൂബ്ലേവ്, എട്ടാം സീഡ് ഫെലിക്‌സ് ആഗർ അലിയസ്മെ എന്നിവരും അവസാന പതിനാറിൽ എത്തിയിരുന്നു.

Exit mobile version