20220906 035156

ആർതർ ആഷെയിൽ അത്ഭുതം! യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ റാഫേൽ നദാലിനെ അട്ടിമറിച്ചു ഫ്രാൻസസ് ടിയഫോ!

10 വർഷത്തിന് ഇടയിൽ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ അമേരിക്കൻ പുരുഷ താരമായി ഫ്രാൻസസ് ടിയഫോ

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ കാണാതെ രണ്ടാം സീഡ് റാഫേൽ നദാൽ പുറത്ത്. 22 സീഡ് അമേരിക്കൻ താരം ഫ്രാൻസസ് ടിയഫോ ആണ് നദാലിനെ നാലു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. ഈ സീസണിൽ ഒരു ഗ്രാന്റ് സ്‌ലാം മത്സരത്തിൽ നദാൽ ഇത് ആദ്യമായാണ് തോൽക്കുന്നത്. കരിയറിൽ തന്റെ ഏറ്റവും വലിയ ജയം കുറിച്ച ടിയഫോ കരിയറിലെ ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 10 വർഷത്തിന് ഇടയിൽ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ അമേരിക്കൻ പുരുഷ താരം കൂടിയാണ് 24 കാരനായ ടിയഫോ. ആദ്യ സെറ്റിൽ തന്നെ മികവ് കാണിച്ച് തുടങ്ങിയ ടിയഫോ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു സ്വന്തം പേരിൽ കുറിച്ചു.

എന്നാൽ രണ്ടാം സെറ്റിൽ നദാൽ തിരിച്ചടിച്ചു. മത്സരത്തിൽ ആദ്യമായി അമേരിക്കൻ താരത്തിനെ ബ്രൈക്ക് ചെയ്ത നദാൽ സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പമെത്തി. ഏസുകൾ അടക്കം നന്നായി സർവ് ചെയ്ത ടിയഫോയുടെ സർവീസുകൾ നദാലിനു വലിയ വെല്ലുവിളി ആയി. മൂന്നാം സെറ്റിൽ നദാലിനെ ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്ത അമേരിക്കൻ താരം സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ ടിയഫോ ചെറിയ അവസരം നൽകിയപ്പോൾ നദാൽ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു 3-1 നു മുന്നിലെത്തി. എന്നാൽ തുടർന്നു സർവീസ് ഇരട്ടപ്പിഴവുകൾ അടക്കം ആവർത്തിച്ച നദാൽ തുടർച്ചയായി മൂന്നു തവണ സർവീസ് ബ്രൈക്ക് വഴങ്ങുന്നത് ആണ് കാണാൻ സാധിച്ചത്.

നന്നായി സർവീസും ചെയ്ത ടിയഫോ ഇതോടെ സെറ്റ് 6-3 നു നേടി അവിശ്വസനീയ ജയം പൂർത്തിയാക്കി. മത്സരത്തിൽ 18 ഏസുകൾ ആണ് അമേരിക്കൻ താരം ഉതിർത്തത്. 6 തവണ ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും മികച്ച സർവീസ് പലപ്പോഴും ടിയഫോയുടെ രക്ഷക്ക് എത്തി. അതേസമയം 9 ഏസുകൾ ഉതിർത്തു എങ്കിലും 9 തവണയാണ് നദാൽ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയത്. ഇതിന്റെ ഫലം കൂടിയായിരുന്നു നദാൽ വഴങ്ങിയ 5 ബ്രൈക്കുകളും. പരാജയത്തോടെ മൂന്നാം റാങ്കുകാരൻ ആയ നദാൽ ഈ വർഷം ഒന്നാം റാങ്കിൽ എത്തണം എങ്കിൽ കാർലോസ് അൽകാരസ്, കാസ്പർ റൂഡ് എന്നിവർ യു.എസ് ഓപ്പൺ ഫൈനൽ കാണാതെ പുറത്താവണം എന്ന സ്ഥിതിയാണ്. ഇന്നലെ ഒന്നാം സീഡ് ഡാനിൽ മെദ്വദേവും പുറത്ത് ആയിരുന്നു. ഇതോടെ 2000 ത്തിന് ശേഷം ആദ്യ രണ്ടു സീഡുകാരും അവസാന എട്ടിൽ എത്താത്ത ആദ്യ യു.എസ് ഓപ്പൺ കൂടിയായി ഇത് മാറി.

Exit mobile version