ടെന്നീസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു ഇതിഹാസ ടെന്നീസ് താരം റാഫേൽ നദാൽ. ഈ സീസണിന് ഒടുവിൽ താൻ വിരമിക്കും എന്നു സാമൂഹിക മാധ്യമത്തിലൂടെ റാഫ നദാൽ തന്നെയാണ് പ്രഖ്യാപിച്ചത്. വികാരപരമായി കാണപ്പെട്ട നദാൽ നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് മത്സരങ്ങൾക്ക് ശേഷം ടെന്നീസ് റാക്കറ്റ് താഴെ വെക്കും എന്നാണ് പ്രഖ്യാപിച്ചത്. പലപ്പോഴും കരിയറിൽ പരിക്ക് വില്ലനായ നദാലിന് അവസാന കാലത്തും പരിക്ക് തന്നെയാണ് വില്ലൻ ആയി എത്തിയത്.
38 കാരനായ കളിമണ്ണ് മൈതാനത്തെ ഇതിഹാസ സ്പാനിഷ് താരം 14 ഫ്രഞ്ച് ഓപ്പൺ കിരീടം അടക്കം 22 തവണയാണ് ഗ്രാന്റ് സ്ലാം കിരീടം നേടിയത്. 2 തവണ വീതം വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ റാഫ 4 തവണ യു.എസ് ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്. 36 മാസ്റ്റേഴ്സ് കിരീടവും, 5 ഡേവിസ് കപ്പ് കിരീടവും, 2 തവണ ഒളിമ്പിക് സ്വർണ മെഡലും നേടിയ നദാൽ 5 വർഷം അവസാനം ലോക ഒന്നാം നമ്പറിലും ഇരുന്നിട്ടുണ്ട്. ലോക സ്പോർട്സ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാൾ ആയി പരിഗണിക്കുന്ന നദാലും റോജർ ഫെഡററും, നൊവാക് ജ്യോക്കോവിചും ആയുള്ള വൈര്യം ഒക്കെ ഇതിഹാസ സമാനമായത് ആയിരുന്നു.
ടെന്നീസിൽ ഒരു പുരുഷ സിംഗിൾസ് താരം എന്തെല്ലാം നേടാൻ ഉണ്ടോ അതൊക്കെ നേടി ടെന്നീസ് പൂർത്തിയാക്കുക ആണ് നൊവാക് ജ്യോക്കോവിച് സെർബിയൻ ഇതിഹാസം. ടെന്നീസ് കളിക്കാൻ തുടങ്ങിയ അന്ന് മുതൽ റോജർ ഫെഡറർ, റാഫ നദാൽ വൈരം ആസ്വദിച്ചു രണ്ടായി നിന്ന ആരാധകർക്ക് മുന്നിൽ വില്ലൻ ആയി മാറിയ ജ്യോക്കോവിച് പക്ഷെ കരിയറിൽ 37 മത്തെ വയസ്സിൽ തന്റെ സമകാലികരെ എല്ലാ തലത്തിലും മറികടക്കുന്ന കാഴ്ചയാണ് കാണാൻ ആവുന്നത്. കളിക്കാൻ നിൽക്കുമ്പോൾ വിംബിൾഡണിൽ, ഓസ്‌ട്രേലിയൻ ഓപ്പണിൽ, യു.എസ് ഓപ്പണിൽ റോളണ്ട് ഗാരോസിൽ ഇന്നും ആരാധകർ എതിർ വശത്ത് കൂക്കി വിളിക്കുമ്പോഴും അതിനു ഒക്കെ വിജയങ്ങൾ കൊണ്ടും കിരീടങ്ങൾ കൊണ്ടും മാത്രം മറുപടി പറഞ്ഞു ജ്യോക്കോവിച് പറഞ്ഞു വെച്ചത് താൻ തന്നെയാണ് ഏറ്റവും വലിയ വില്ലൻ എന്നു തന്നെയാണ്.
ജ്യോക്കോവിച്
എല്ലാ ഗ്രാന്റ് സ്ലാം കിരീടങ്ങളും മൂന്നു വീതം നേടുന്ന ഏക താരമായ ജ്യോക്കോവിച് കരിയറിൽ 24 തവണയാണ് ഗ്രാന്റ് സ്ലാം കിരീടത്തിൽ മുത്തം വെച്ചത്. പുരുഷ ടെന്നീസിൽ അത്രയും ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടിയ മറ്റൊരു താരവും ഇല്ല. 7 തവണയാണ് എ.ടി.പി ടൂർ ഫൈനൽ കിരീടം സെർബിയൻ താരം നേടുന്നത്, അത്രയും തവണ ടൂർ ഫൈനൽ കിരീടം വേറെയൊരു താരവും ജയിച്ചിട്ടില്ല. 9 എ.ടി.പി 1000 മാസ്റ്റേഴ്സ് കിരീടവും രണ്ടു തവണയെങ്കിലും ജയിച്ച ലോകത്തിലെ ഏക താരവും ജ്യോക്കോവിച് അല്ലാതെ മറ്റാരും അല്ല. ഇത് വരെ ഒരു താരവും ഒരു തവണ പോലും കരിയർ ഗോൾഡൻ മാസ്റ്റേഴ്സ് എന്ന ഈ നേട്ടം കൈവരിച്ചിട്ടില്ല എന്നറിയുമ്പോൾ ആണ് ജ്യോക്കോവിച്ച് ഇത് രണ്ടു തവണ നേടിയിട്ടുണ്ട് എന്നതിന്റെ മഹത്വം അറിയുക. ഇതിനു പുറമെ സെർബിയയെ ഡേവിസ് കപ്പ് ജേതാക്കൾ ആക്കിയ ജ്യോക്കോവിച് നിലവിൽ ഒളിമ്പിക് സ്വർണം കൂടി നേടി പൂർത്തിയാക്കുന്നത് കരിയർ ഗോൾഡൻ സ്ലാമും, കരിയർ സൂപ്പർ സ്ലാമും എന്ന റെക്കോർഡ് കൂടിയാണ്. മൊത്തം കരിയറിൽ നേടിയ 99 കിരീടത്തിൽ 24 ഗ്രാന്റ് സ്ലാം കിരീടവും, 7 എ.ടി.പി ടൂർ ഫൈനൽസ് കിരീടവും, 40 എ.ടി.പി 1000 മാസ്റ്റേഴ്സ് കിരീടവും ഉണ്ട് എന്നിടത്ത് ജ്യോക്കോവിച്ചിന്റെ നേട്ടം കൂടുതൽ മധുരമുള്ളത് ആവുന്നു.
ജ്യോക്കോവിച്
നാലു ഗ്രാന്റ് സ്ലാം കിരീടവും ഒളിമ്പിക് സ്വർണ മെഡലും നേടിയ രണ്ടേ രണ്ടു പുരുഷ താരങ്ങൾ ആണ് ഇതിനു മുമ്പ് ഉണ്ടായിട്ടുള്ളത്, ഒന്നു ആന്ദ്ര അഗാസിയും മറ്റൊന്ന് റാഫേൽ നദാലും. എ.ടി.പി ഫൈനൽസ് കിരീടവും ഒളിമ്പിക് സ്വർണവും നാലു ഗ്രാന്റ് സ്ലാം കിരീടവും നേടി അഗാസിക്ക് ശേഷം കരിയർ സൂപ്പർ സ്ലാം നേടുന്ന താരവും ആയി ജ്യോക്കോവിച്. 428 ആഴ്ച ലോക ഒന്നാം നമ്പർ റാങ്കിൽ ഇരുന്ന ജ്യോക്കോവിച് ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ ആയ ലോക റെക്കോർഡിനും ഉടമയാണ്. 8 തവണ വർഷ അവസാന ഒന്നാം നമ്പർ പദവി എന്ന റെക്കോർഡും മറ്റാർക്കും അല്ല. ഫെഡററിന്റെ മനോഹാരിതയോ നദാലിന്റെ വന്യതയോ ഇല്ലെങ്കിലും അവരുടെ ആരാധകരുടെ അടുത്ത് ആരാധകർ ഇല്ലെങ്കിൽ നൊവാക് ജ്യോക്കോവിച് നേടിയെടുത്ത നേട്ടങ്ങൾ അവർ ആർക്കും നേടാൻ ആവാത്തത് തന്നെയാണ്. ലോകത്തിലെ എക്കാലത്തെയും മഹത്തായ ടെന്നീസ് താരം എന്ന അവകാശവാദത്തിൽ നിന്നു ലോകത്തിലെ എക്കാലത്തെയും മഹത്തായ കായിക താരം എന്ന അവകാശവാദം ആണ് നിലവിൽ ജ്യോക്കോവിച് ഉയർത്തുന്നത് എന്ന കാര്യത്തിൽ സംശയം ഇല്ല. ജ്യോക്കോവിച് ആരാധകർ അല്ലാത്തവർ പോലും ചിലപ്പോൾ ഇത്തരം ഒരു അവകാശവാദത്തിനു അർഹൻ ജ്യോക്കോവിച് ആണെന്ന് ചിലപ്പോൾ സമ്മതിച്ചു എന്നും വരാം, അതാണ് നൊവാക് ജ്യോക്കോവിച് ഉണ്ടാക്കിയെടുത്ത ഇതിഹാസ പദവി.
പാരീസ് ഒളിമ്പിക്സിൽ തന്നെക്കാൾ 16 വയസ്സ് കുറഞ്ഞ കാർലോസ് അൽകാരസിനെ തോൽപ്പിച്ചു നൊവാക് ജ്യോക്കോവിച് ഒളിമ്പിക് സ്വർണം എന്ന സ്വപ്നം പൂർത്തിയാക്കി. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെർബിയൻ താരം മത്സരത്തിൽ ജയം കണ്ടത്. ഇരു താരങ്ങളും അതുഗ്രൻ പോരാട്ടം കാണിച്ച മത്സരത്തിൽ ഇരു സെറ്റുകളും ടൈബ്രേക്കറിൽ ആണ് വിധി എഴുതിയത്. ഒളിമ്പിക്സ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായ 37 കാരനായ ജ്യോക്കോവിച്ചും ഏറ്റവും പ്രായം കുറഞ്ഞ താരമായ 21 കാരനായ അൽകാരസും അവിസ്മരണീയമായ പോരാട്ടം ആണ് സമ്മാനിച്ചത്. അവിശ്വസനീയം ആയ പോരാട്ടം ആണ് ആദ്യ സെറ്റിൽ ഇരു താരങ്ങളും നടത്തിയത്.
ജ്യോക്കോവിച്
ഒരു മണിക്കൂർ 34 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഇരു താരങ്ങളും സർവീസ് നിലനിർത്താൻ പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണാൻ ആയത്. അൽകാരസ് 5 ബ്രേക്ക് പോയിന്റുകൾ രക്ഷിച്ചപ്പോൾ ജ്യോക്കോവിച് 8 ബ്രേക്ക് പോയിന്റുകൾ ആണ് രക്ഷിച്ചത്. തന്റെ സർവീസിൽ സെറ്റ് പോയിന്റ് രക്ഷിച്ച അൽകാരസ്, സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ മിനി ബ്രേക്ക് കണ്ടത്തിയ ശേഷം തുടർച്ചയായി പോയിന്റുകൾ നേടി ജ്യോക്കോവിച് 7-3 ടൈബ്രേക്കർ നേടി ആദ്യ സെറ്റ് സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ ജ്യോക്കോവിച് തന്റെ സർവീസ് ഗെയിം മെച്ചപ്പെടുത്തിയപ്പോൾ അൽകാരസ് വിയർത്തു.
ജ്യോക്കോവിച്
തന്റെ അഞ്ചാം ഒളിമ്പിക്സിൽ സ്വർണം വിട്ടു കൊടുക്കില്ല എന്ന ഉറപ്പും ആയി പരിക്കും പ്രായവും മറികടന്നു ജ്യോക്കോവിച് കളിച്ചപ്പോൾ രണ്ടാം സെറ്റിലും ഇരു താരങ്ങളും സർവീസ് വിട്ടു കൊടുത്തില്ല. ഇടക്ക് അൽകാരസിന്റെ സർവീസിൽ വെല്ലുവിളി ഉയർത്താനും ജ്യോക്കോവിച്ചിനു ആയി. തുടർന്ന് രണ്ടാം സെറ്റിലും ടൈബ്രേക്കറിൽ തന്റെ മികവ് നിലനിർത്തിയ ജ്യോക്കോവിച് മിനി ബ്രേക്കുകൾ കണ്ടെത്തി 7-2 നു ടൈബ്രേക്കർ ജയിച്ചു ഒളിമ്പിക് സ്വർണം സ്വന്തം പേരിലാക്കി. ഒരു സെറ്റ് പോലും ടൂർണമെന്റിൽ കൈവിടാതെയാണ് ജ്യോക്കോവിച് ഒളിമ്പിക് സ്വർണം നേടുന്നത്. ടെന്നീസിൽ ഒളിമ്പിക് സ്വർണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇതോടെ ജ്യോക്കോവിച് മാറി. 24 ഗ്രാന്റ് സ്ലാം കിരീടം നേടിയ ജ്യോക്കോവിച് സ്റ്റെഫി ഗ്രാഫ്, സെറീന വില്യംസ്, റാഫ നദാൽ, ആന്ദ്ര അഗാസി എന്നിവർക്ക് ശേഷം ഗോൾഡൻ സ്ലാം നേടുന്ന അഞ്ചാമത്തെ താരവും ആയി. കണ്ണീരോടെയാണ് ജ്യോക്കോവിച് ജയം ആഘോഷിച്ചത്. വെള്ളിയിൽ തൃപ്തിപ്പെട്ടെങ്കിലും ഈ വർഷത്തെ ഏറ്റവും മികച്ച ടെന്നീസ് മത്സരം ആണ് സ്പാനിഷ് താരം അൽകാരസ് സമ്മാനിച്ചത്.
വനിത ടെന്നീസ് സിംഗിൾസ് സ്വർണം നേടി ചരിത്രം എഴുതി ചൈനീസ് താരം ക്വിൻവെൻ ചെങ്. ഇത് ആദ്യമായാണ് ഒരു പുരുഷ/വനിത ടെന്നീസ് താരം ചൈനക്ക് ആയി ഒളിമ്പിക് സ്വർണം നേടുന്നത്. ക്രൊയേഷ്യൻ താരം ഡോണ വെകിചിനെ ആണ് ഫൈനലിൽ ചൈനീസ് താരം തോൽപ്പിച്ചത്.
ഫൈനലിൽ ഏകപക്ഷീയമായ ജയം ആണ് ചെങ് നേടിയത്. ആദ്യ സെറ്റിൽ 6-2 നു ജയിച്ച ചെങ് രണ്ടാം സെറ്റ് 6-3 നു ആണ് ജയിച്ചത്. അതേപോലെ ആദ്യമായി ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന ക്രൊയേഷ്യൻ താരമാണ് വെകിച്. ചൈനയുടെ കായിക മികവ് ആണ് ടെന്നീസിലും നിലവിൽ കണ്ടത്. ഒളിമ്പിക് ടെന്നീസ് സ്വർണം നേടുന്ന ആദ്യ ഏഷ്യൻ താരമാണ് ചെങ്.
പാരീസ് ഒളിമ്പിക്സിൽ പുരുഷ സിംഗിൾസ് ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്. 37 വയസ്സും 74 ദിവസവും പ്രായമുള്ള ജ്യോക്കോവിച് ഇതോടെ ഒളിമ്പിക് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി. ഫൈനലിൽ 21 കാരനായ കാർലോസ് അൽകാരസ് ആണ് സെർബിയൻ താരത്തിന്റെ എതിരാളി. അവിസ്മരണീയമായ കരിയറിൽ ഇത് വരെ ലഭിക്കാത്ത ഒളിമ്പിക് സ്വർണം എന്ന ലക്ഷ്യം ആയിരിക്കും ആദ്യ ഒളിമ്പിക് ഫൈനലിൽ ജ്യോക്കോവിച് ലക്ഷ്യം വെക്കുക.
സെമിഫൈനലിൽ ഇറ്റാലിയൻ താരം ലോറൻസോ മുസേറ്റിയെ ആണ് ജ്യോക്കോവിച് തോൽപ്പിച്ചത്. ആദ്യ സെറ്റിൽ വെല്ലുവിളി ഉയർത്തിയെങ്കിലും ഇറ്റാലിയൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം സമ്മതിക്കുക ആയിരുന്നു. ആദ്യ സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം നേടുകയും സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. വെങ്കല മെഡൽ പോരാട്ടത്തിൽ മുസേറ്റി കനേഡിയൻ താരം ഫെലിക്സിനെ ആണ് നേരിടുക.
പരിക്കുകളോടും തന്നെക്കാൾ പ്രതിഭകൾ ആയ ഒരേകാലത്ത് ജീവിച്ച 3 ഇതിഹാസ താരങ്ങളോടും നടത്തിയ നിരന്തര പോരാട്ടങ്ങൾക്ക് ഒടുവിൽ കെട്ടിപ്പൊക്കിയ മനോഹരമായ ടെന്നീസ് കരിയറിന് ശേഷം ബ്രിട്ടീഷ് താരം ആന്റി മറെ ടെന്നീസിൽ നിന്നു വിരമിച്ചു. ഒളിമ്പിക്സ് പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ആന്റി മറെ, ഡാൻ ഇവാൻസ് സഖ്യം അമേരിക്കൻ സഖ്യമായ ടോമി പോൾ, ടെയിലർ ഫ്രിറ്റ്‌സ് ടീമിനോട് ഇന്നലെ 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് നേരത്തെ തന്നെ ഒളിമ്പിക്സ് കഴിഞ്ഞാൽ വിരമിക്കും എന്നു പ്രഖ്യാപിച്ച 37 കാരനായ ഇതിഹാസ താരത്തിന്റെ കരിയറിന് തിരശീല വീണത്. ‘ടെന്നീസ് ഒരിക്കൽ ഇഷ്ടം പോലുമായിരുന്നില്ല’ എന്ന തമാശ സന്ദേശം സോഷ്യൽ മീഡിയയിൽ എഴുതിയാണ് മറെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.
ട്വിറ്ററിൽ ‘താൻ ടെന്നീസ് കളിച്ചിരുന്നു’ എന്ന നിലക്ക് താരം ബയോയിലും മാറ്റം വരുത്തി. ഫെഡറർ, നദാൽ, ജ്യോക്കോവിച് യുഗത്തിൽ കളിച്ചതിനാൽ കിരീടങ്ങൾ കുറവാണ് എങ്കിലും ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ് മറെ, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നും പറയാം. ചിലപ്പോൾ ലോക ടെന്നീസിലെ തന്നെ ഏറ്റവും മികച്ച റീട്ടേണുകൾ കൈവശം ഉള്ള മറെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആണ്. 41 ആഴ്ച സിംഗിൾസിൽ ലോക ഒന്നാം നമ്പർ പദവിയിൽ ഇരുന്ന മറെ രണ്ടു വിംബിൾഡൺ കിരീടവും ഒരു യു.എസ് ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്. 5 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റ മറെ 8 തവണ ഗ്രാന്റ് സ്ലാം ഫൈനലുകളിൽ രണ്ടാം സ്ഥാനക്കാരൻ ആയിട്ടുണ്ട്.
2012 ൽ ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും ബ്രിട്ടന് സ്വർണ മെഡൽ നേടി നൽകിയ മറെ 2012 ൽ മിക്‌സഡ് ഡബിൾസിൽ വെള്ളിയും നേടി. 2016 ൽ എ.ടി.പി ടൂർ കിരീടം നേടിയ മറെ 2015 ൽ ബ്രിട്ടന് ഡേവിസ് കപ്പ് കിരീടം നേടി നൽകുന്നതിനും നിർണായക പങ്ക് വഹിച്ചു. ഏതാണ്ട് 1000 അടുത്തു മത്സരങ്ങളിൽ കളിച്ച മറെ കരിയറിൽ 46 കിരീടങ്ങൾ ആണ് നേടിയത്. ഓപ്പൺ യുഗത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയവരിൽ 15 സ്ഥാനം ആണ് മറെക്ക് ഉള്ളത്. അമ്മ ജൂഡി മറെയുടെ പരിശീലനത്തിന് കീഴിൽ സഹോദരൻ ജെയ്മി മറെക്ക് ഒപ്പം ടെന്നീസ് കളിച്ചു പഠിച്ച മറെ ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരമായി തന്നെയാണ് വളർന്നത്. 2013 ൽ 1936 നു ശേഷം വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് പുരുഷതാരമായ മറെ കളത്തിനു പുറത്ത് തന്റെ രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ കൊണ്ടും എന്നും ശ്രദ്ധേയമായ ആളാണ്. സമാന വേതനത്തിനു ആയി ഏറ്റവും കൂടുതൽ ശബ്ദം ഉയർത്തിയ മറെ ടെന്നീസിലെ ഏറ്റവും മാന്യമായ താരങ്ങളിൽ ഒരാൾ ആയിട്ട് കൂടിയാണ് അറിയപ്പെടുന്നത്.
പാരീസ് ഒളിമ്പിക്സിൽ ടെന്നീസ് വനിത സിംഗിൾസിൽ വമ്പൻ അട്ടിമറി. ഒന്നാം സീഡ് ആയ ലോക ഒന്നാം നമ്പർ പോളണ്ട് താരം ഇഗ സ്വിറ്റെകിനെ അട്ടിമറിച്ചു ചൈനീസ് താരം ക്വിൻവെൻ ചെങ് ഫൈനലിൽ. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്വർണം ലക്ഷ്യമിടുന്ന ചൈനീസ് താരത്തിന്റെ ജയം. തുടർച്ചയായ 6 കളികളിൽ ഇഗയോട് തോറ്റ ചൈനീസ് താരത്തിന്റെ ജയം അതിനാൽ തന്നെ മനോഹരമായി.
ആദ്യ സെറ്റിൽ 6-2 നു ആധിപത്യത്തോടെ ജയം കണ്ട ചൈനീസ് താരത്തിന് രണ്ടാം സെറ്റ് തുടക്കത്തിൽ ഇഗ ആധിപത്യം പുലർത്തി. എന്നാൽ 4-0 ൽ നിന്നു സെറ്റിൽ 4-4 നു തിരിച്ചെത്തിയ ചൈനീസ് താരം തുടർന്ന് സെറ്റ് 7-5 നു നേടി ചരിത്രം എഴുതുക ആയിരുന്നു. ഇത് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചൈനീസ്(പുരുഷ/വനിത) താരം ഒളിമ്പിക്സ് ഫൈനലിൽ എത്തുന്നത്. 2021 ഫ്രഞ്ച് ഓപ്പണിനു ശേഷം പാരീസിൽ ഇഗയുടെ ആദ്യ പരാജയം ആണ് ഇത്. ഫൈനലിൽ സ്ലൊവാക്യയുടെ അന്ന കരോളിന, ക്രൊയേഷ്യയുടെ ഡോണ വെകിച് മത്സരവിജയിയെ ആണ് ചെങ് നേരിടുക.
പാരീസ് ഒളിമ്പിക്സ് രണ്ടാം റൗണ്ടിൽ സ്വപ്ന പോരാട്ടത്തിന് വേദിയാകും. ഇതിഹാസ താരങ്ങൾ ആയ റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച് എന്നിവർ ആണ് രണ്ടാം റൗണ്ടിൽ നേർക്കുനേർ വരിക. സ്വപ്ന പോരാട്ടത്തിന് ആരാധകർ ആവേശത്തോടെ ആണ് കാത്തിരിക്കുന്നത്. ആദ്യ റൗണ്ടിൽ ഹംഗേറിയൻ താരം മാർട്ടൻ ഫുക്സോവിക്സിനെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് നദാൽ തോൽപ്പിച്ചത്. 2022 ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം നദാൽ പാരീസിൽ നേടുന്ന ആദ്യ ജയം ആണ് ഇത്.
Rafa Nadal
പലപ്പോഴും മത്സരത്തിൽ മികച്ച വെല്ലുവിളി ആണ് നദാൽ നേരിട്ടത്. ആദ്യ സെറ്റിൽ ഹംഗേറിയൻ താരത്തെ നദാൽ നിലം തൊടീച്ചില്ല. സെറ്റ് 6-1 നു നേടിയ നദാൽ താൻ മികവിൽ ആണ് എന്ന സൂചന നൽകി. എന്നാൽ രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ നദാലിന് മേൽ ആധിപത്യം നേടിയ മാർട്ടൻ ഒടുവിൽ സെറ്റ് 6-4 നു നീട്ടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ നിർണായക സർവീസ് ബ്രേക്ക് കണ്ടത്തിയ നദാൽ സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരം സ്വന്തമാക്കുക ആയിരുന്നു. 2 തവണ മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും തോൽവി ഒഴിവാക്കാൻ ഹംഗേറിയൻ താരത്തിന് ആയില്ല.
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏക ടെന്നീസ് സിംഗിൾസ് താരമായ സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. മികച്ച പോരാട്ടത്തിന് ഒടുവിൽ ആണ് ഇന്ത്യൻ താരം ആതിഥേയ താരമായ കോരന്റിൻ മൗറ്ററ്റിനോട് തോറ്റ് പുറത്ത് പോയത്. മൂന്നു സെറ്റ് മികച്ച പോരാട്ടം ആണ് കാണികൾ എതിരായിട്ടും നാഗൽ നടത്തിയത്.
ആദ്യ സെറ്റിൽ ഫ്രഞ്ച് താരത്തിന്റെ മികവ് ആണ് കാണാൻ ആയത്. സെറ്റ് താരം 6-2 എന്ന സ്കോറിന് സ്വന്തമാക്കി. എന്നാൽ രണ്ടാം റൗണ്ടിൽ നാഗൽ അതിനാണയത്തിൽ തിരിച്ചടിച്ചു. സെറ്റ് 6-2 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ അവസാനം 7-5 നു കീഴടങ്ങി പരാജയം സമ്മതിക്കാൻ മാത്രമെ ഇന്ത്യൻ നമ്പർ 1 താരത്തിന് സാധിച്ചുള്ളൂ.
പാരീസ് ഒളിമ്പിക്സിൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തിൽ ആദ്യ റൗണ്ടിൽ ജയം കുറിച്ച് റാഫേൽ നദാൽ, കാർലോസ് അൽകാരസ് സഖ്യം. ആറാം സീഡ് ആയ അർജന്റീനൻ സഖ്യം ആന്ദ്രസ് മോൽടനി, മാക്സിമോ ഗോൺസാലസ് സഖ്യത്തെ ആണ് അവർ ടെന്നീസ് പുരുഷ ഡബിൾസിൽ മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്പാനിഷ് ടീം ജയം കണ്ടത്. ഇതിഹാസ താരമായ നദാലിന് ഒപ്പം യുവ സൂപ്പർ താരം അൽകാരസ് ഇറങ്ങുന്ന മത്സരത്തിന് പാരീസിൽ നിറഞ്ഞ കാണികൾ ആയിരുന്നു കാഴ്ചക്കാർ ആയി ഉണ്ടായിരുന്നത്.
ആദ്യം തന്നെ സർവീസ് ബ്രേക്ക് കണ്ടെത്തി തുടങ്ങിയ സ്പാനിഷ് സഖ്യം പക്ഷെ ബ്രേക്ക് കൈവിടുന്നതും ഉടൻ തന്നെ കണ്ടു. അൽകാരസ് കുറച്ചു കൂടി പതുക്കെ താളം കണ്ടെത്തിയപ്പോൾ നദാൽ തുടക്കം മുതൽ മികച്ച ഫോമിൽ ആയിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ആധിപത്യം നേടിയ നദാൽ, അൽകാരസ് സഖ്യം പക്ഷെ രണ്ടാം സെറ്റിൽ പതറി. എന്നാൽ 3-0 ൽ നിന്നു തിരിച്ചു വന്ന അവർ അർജന്റീനൻ താരങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. തുടർന്ന് സെറ്റ് 6-4 നു നേടിയ അവർ മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. നദാൽ അൽകാരസ് സഖ്യത്തിലൂടെ സ്വർണം തന്നെയാവും സ്‌പെയിൻ ലക്ഷ്യം വെക്കുക. ഇന്ന് സിംഗിൾസ് രണ്ടാം റൗണ്ടിൽ അൽകാരസ് ഇതിനകം എത്തിയിരുന്നു. അതേസമയം നാളെയാണ് നദാലിന്റെ സിംഗിൾസ് മത്സരം.
പാരീസ് ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ അനായാസ ജയം കുറിച്ച് ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഓസ്‌ട്രേലിയൻ താരം മാത്യു എബ്‌ഡനു ഒരൊറ്റ ഗെയിം മാത്രം മത്സരത്തിൽ നൽകിയാണ് സെർബിയൻ താരം ജയം കണ്ടത്. ആദ്യ സെറ്റ് 6-0 നും രണ്ടാം സെറ്റ് 6-1 നും ആണ് ജ്യോക്കോവിച് ജയിച്ചത്. തന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിനു രണ്ടാം റൗണ്ടിൽ റാഫേൽ നദാൽ കളിമണ്ണ് മൈതാനത്ത് എതിരാളിയായി വരാൻ ആണ് സാധ്യത.
അതേസമയം ലെബനാൻ താരം ഹാദി ഹബീബിനെ 6-3, 6-1 എന്ന സ്കോറിന് മറികടന്ന നിലവിലെ വിംബിൾഡൺ ജേതാവും രണ്ടാം സീഡും ആയ കാർലോസ് അൽകാരസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഈ വർഷം ഒളിമ്പിക് സ്വർണം കൂടി ലക്ഷ്യം വെക്കുന്ന അൽകാരസ് അനായാസ ജയം ആണ് നേടിയത്. അതേസമയം വനിത വിഭാഗം ആദ്യ റൗണ്ടിൽ ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെക് റൊമാനിയൻ താരം ഇറിനെ കമേലിയയെ 6-2, 7-5 എന്ന സ്കോറിന് മറികടന്നു രണ്ടാം റൗണ്ടിൽ എത്തി.
ഏഷ്യന്‍ ഗെയിംസ് ടെന്നീസ് പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. ചൈനീസ് തായ്പേയുടെ ടീമിനോട് ഫൈനലില്‍ ഇന്ത്യന്‍ സഖ്യം 2-0ന് പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍ – സാകേത് മൈനേനി കൂട്ടുകെട്ട് 4-6, 4-6 എന്ന സ്കോറിനാണ് പിന്നിൽ പോയത്.
ചൈനീസ് തായ്പേയുടെ ജേസൺ ജുംഗ് സു യു സിയോ കൂട്ടുകെട്ടാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.