വാക്സിൻ വീണ്ടും വിന!! ജോക്കോവിച് യു എസ് ഓപ്പണിൽ നിന്ന് പിന്മാറി

നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണിൽ കളിക്കില്ല എന്ന് ഉറപ്പായി. COVID-19-നെതിരെ വാക്സിനേഷൻ എടുത്തിട്ടില്ല എന്നതിനാൽ അമേരിക്കയിൽ പ്രവേശിക്കാൻ ജോക്കോവിചിനാകില്ല എന്ന് അധികൃതർ പറഞ്ഞിരുന്നും അതുകൊണ്ട് ഈ വർഷത്തെ അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതായി ജോക്കോവിച്ച് വ്യാഴാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. ഇവന്റിനുള്ള നറുക്കെടുപ്പ് വെളിപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആണ് ഈ പ്രഖ്യാപനം.

മറ്റു കളിക്കാർക്ക് ആശംസകൾ നേർന്ന ജോക്കോവിച് വീണ്ടും മത്സരിക്കാനുള്ള അവസരത്തിനായി കാത്തിരിക്കും എന്നും പറഞ്ഞു.

ജോക്കോവിച്ചിന്റെ മൂന്ന് സ്ലാം ട്രോഫികൾ വന്ന കളം ആണ് അമേരിക്ക. 2011, 2015, 2018 വർഷങ്ങളിൽ ആയിരുന്നു താരം യുഎസ് ഓപ്പൺ ചാമ്പ്യൻ ആയത്. തിങ്കളാഴ്ച ആരംഭിക്കുന്ന യു എസ് ഓപ്പണിൽ ജോക്കോവിചിന്റെ അഭാവം വലിയ രീതിയിൽ കാണാൻ ആകും.

സെർബിയയിൽ നിന്നുള്ള 35 കാരനായ ജോക്കോവിച്ച് 21 പ്രധാന ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള താരമാണ്. കഴിഞ്ഞ ജനുവരിയിൽ ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപ്പണും വാക്സിൻ കാരണം നഷ്‌ടമായിരുന്നു.

യു എസ് ഓപ്പൺ 2022, ട്രൂലി ഓപ്പൺ

ഇക്കൊല്ലത്തെ ടെന്നീസ് ഗ്രാൻഡ്സ്ലാമുകളിൽ ഏറ്റവും തുറന്ന സമീപനം ഉള്ള ടൂർണമെന്റായി മാറുകയാണ് യുഎസ് ഓപ്പൺ 2022. കോവിഡാനന്തര കാലഘട്ടത്തിലെ ഈ ടെന്നീസ് മേജർ, യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉരുണ്ട് കൂടിയ കാർമേഘങ്ങളിൽ നിന്ന് രക്ഷനേടിയ വാർത്തകൾ നേരത്തെ വന്നിരിന്നു.

അമേരിക്കൻ സെന്റർ ഫോർ ഡിസീസസിന്റെ പുതിയ കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപനമാണ് ആഗസ്റ്റ് 29ന് തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റിന് പുത്തൻ ഉണർവ്വ് നൽകിയിരിക്കുന്നത്. ഇനി വാക്സിൻ എടുക്കാത്തവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ വിലക്കുകളില്ല. വാക്സിൻ സ്റ്റാറ്റസ് കാരണം ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന നോവാക്കിന്‌ ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. ടൂർണമെന്റ് അധികാരികൾ ഇനിയും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, യുഎസിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ഇക്കൊല്ലത്തെ ഈ വിംബിൾഡൺ ചാമ്പ്യൻ. യുഎസിന് മുന്നോടിയായുള്ള മോൻട്രിയൽ, സിൻസിനാറ്റി തുടങ്ങിയ അമേരിക്കൻ ഉപഭൂഖണ്ഡത്തിലെ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും, നോവക്കിന്‌ ആത്മവിശ്വാസക്കുറവില്ല.

റഷ്യൻ താരങ്ങളെ വിലക്കില്ല എന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ കൊല്ലത്തെ ചാംപ്യനും, ലോക ഒന്നാം നമ്പർ താരവുമായ മെദ്വദേവ് പങ്കെടുക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞാഴ്ചത്തെ മോൻട്രിയൽ ടെന്നീസ് ടൂർണമെന്റിൽ കിരിയോസിനോട് തോറ്റത് മെദ്വദേവിന് തിരിച്ചടിയായി.

ഉദരത്തിലെ പേശികളിൽ ഉണ്ടായ പരിക്ക് മൂലം വിംബിൾഡൺ മുതൽ കളിയിൽ നിന്ന് മാറി നിന്നിരുന്ന നദാൽ യുഎസ് ഓപ്പണിൽ ഉണ്ടാകും എന്ന് തന്നെയാണ് സൂചനകൾ. ആഗസ്റ്റ് 16ന് ആരംഭിക്കുന്ന സിൻസിനാറ്റി മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ നദാൽ അമേരിക്കയിൽ എത്തിക്കഴിഞ്ഞു.

ആൻഡി മറെയും സിൻസിനാറ്റിയിൽ എത്തിക്കഴിഞ്ഞു. യുഎസ് ഓപ്പണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണിത്. എങ്കിലും ഒന്നാം റൗണ്ടിൽ എതിരാളിയായി വരുന്നത് സ്വിസ് താരം വാവ്രിങ്കയാണ് എന്നത് അമേരിക്കയിൽ ആൻഡിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നതിന്റെ സൂചനയാണ്.

ഫ്രഞ്ച് ഓപ്പൺ ടൂർണമെൻറിൽ വച്ചു പരിക്കേറ്റ് പുറത്തായ സ്വേരേവ് അമേരിക്കയിലേക്ക് പ്‌ളെയിൻ കയറാൻ തന്നെയാണ് ശ്രമം. തിരിച്ചു വരവിന് ഇതിലും പറ്റിയ ടൂർണമെന്റ് വേറെയില്ല എന്ന തീരുമാനത്തിലാണ് താരം.

ഇവരെയെല്ലാം കൂടാതെ സിസിപ്പാസ്, അൽക്കറാസ്, ബാറ്റിസ്റ്റ അഗുട്, സിന്നർ, റൂഡ്, ഹുർകസ്, നോറി, ഓഗർ അലിയാസിമേ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതുതലമുറ താരങ്ങളുടെ ഒരു പട തന്നെ ന്യൂയോർക്കിലെ ക്വീൻസ് പാർക്കിലെ ബില്ലീ ജീൻ കിംഗ്‌ ടെന്നീസ് സെന്ററിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ ഫൈനൽ കളിക്കാൻ തയ്യാറായി വരുന്നുണ്ട്. ഇപ്പഴും കളം നിറഞ്ഞു കളിക്കുന്ന വാവ്രിങ്ക, മോൻഫിൽസ്, ചിലിക്, തീം തുടങ്ങിയവരും ഉണ്ടാകും ന്യൂയോർക്കിൽ.

എങ്കിലും കാണികളുടെ ശ്രദ്ധ ഇക്കൊല്ലം ഓസ്‌ട്രേലിയൻ താരം നിക് കിരിയോസിലായിരിക്കും. കഴിഞ്ഞ കുറെ കൊല്ലങ്ങളായി കാണികളുടെ (കളിക്കാരുടെയും, ടെന്നീസ് അധികാരികളുടെയും) കണ്ണിലെ കരടായിരുന്ന നിക്ക് ഇന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയാണ്! ഈ ലൈവ് വയർ കളിക്കാരനെ കാണാൻ സ്റ്റേഡിയം നിറഞ്ഞു കവിയും എന്നു തന്നെയാണ് എല്ലാവരും ഇപ്പോൾ വിശ്വസിക്കുന്നത്. ഒമ്പതോളം ടൂർണമെന്റുകളിൽ വിജയിച്ചു വരുന്ന കിരിയോസ് മോൻട്രിയലിൽ ക്വാർട്ടറിൽ പുറത്തായത് തിരിച്ചടിയായി.

ഇക്കൊല്ലത്തെ അവസാന ഗ്രാൻഡ്സ്ലാമിൽ പക്ഷെ ഫെഡറർ ഉണ്ടാകില്ല എന്ന സങ്കടം ടെന്നീസ് ആരാധകർക്കുണ്ട്. ഒരു വിടവാങ്ങൽ കളി മാത്രമായിട്ടാണെങ്കിലും ഈ ചാമ്പ്യൻ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. 2021 വിംബിൾഡണ് ശേഷം മുട്ടിന് ഏറ്റ പരിക്ക് മൂലം സർജറി ചെയ്ത ഫെഡറർ ഇത് വരെ ടെന്നീസിലേക്ക് മടങ്ങിയിട്ടില്ല. കഴിഞ്ഞാഴ്ച്ച 41 വയസ്സ് തികഞ്ഞ ഈ വിശ്വചാമ്പ്യൻ ഗ്രാൻഡ്സ്ലാമിലേക്ക് തിരികെ വരുന്ന കാര്യത്തിൽ ടെന്നീസ് വിദഗ്ധർക്ക് ഭിന്നാഭിപ്രായമാണ്. യുഎസ് ഓപ്പൺ കഴിഞ്ഞു നടക്കാനിരിക്കുന്ന യൂറോപ് vs റെസ്റ്റ് ഓഫ് വേൾഡ് ടൂർണമെന്റായ ലേവർ കപ്പിലാകും ഫെഡറർ തിരിച്ചു വരിക എന്നൊരു ശ്രുതിയുണ്ട്.

ഇത്രയധികം ലോകതാരങ്ങൾ പങ്കെടുക്കുന്ന ഇത്തവണത്തെ യുഎസ് ഓപ്പൺ, ടെന്നീസിന്റെ പുതിയൊരു വസന്തകാലത്തിന്റെ തുടക്കമാകും എന്നു വിശ്വസിക്കാം. എല്ലാ കളിക്കാർക്കും കളിക്കാൻ അവസരം ലഭിക്കുന്ന ഈ ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ തുറന്ന സമീപനം, കളിയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിറുത്താൻ മറ്റ് കളികളുടെ അധികാരികൾക്കും പ്രചോദനമാകട്ടെ.

Story Highlight: Us open 2022 truly open

മുന്നൂറാം ഗ്രാന്റ് സ്‌ലാം ജയം കുറിച്ചു നൊവാക് ജ്യോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ 14 സീഡ് കനേഡിയൻ താരം മിലോസ് റയോണിക്കിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു നൊവാക് ജ്യോക്കോവിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഗ്രാന്റ് സ്‌ലാമിൽ ജ്യോക്കോവിച്ചിന്റെ മുന്നൂറാം ജയം ആയിരുന്നു ഇത്. പരസ്പരം കളിച്ച 12 മത്തെ മത്സരത്തിലും ജ്യോക്കോവിച്ചിനു മുന്നിൽ തോൽവി വഴങ്ങാൻ ആയിരുന്നു കനേഡിയൻ താരത്തിന്റെ വിധി. വലിയ സർവീസുകൾക്ക് പേരുകേട്ട റയോണിക്കിനെതിരെ തന്റെ മികച്ച റിട്ടേണുകൾ കൊണ്ട് ജ്യോക്കോവിച്ച് മത്സരം പിടിച്ചു. മത്സരത്തിൽ ജ്യോക്കോവിച്ച് 10 ഏസുകൾ ഉതിർത്തപ്പോൾ 26 ഏസുകൾ ആണ് റയോണിക് ഉതിർത്തത്. ആദ്യ സെറ്റിൽ ഇരു താരങ്ങളും സർവീസ് കൈവിടാൻ തയ്യാറാവാതിരുന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു ടൈബ്രേക്കറിൽ സെറ്റ് സ്വന്തമാക്കിയ ജ്യോക്കോവിച്ച് മത്സരത്തിൽ മുൻതൂക്കം കണ്ടത്തി.

രണ്ടാം സെറ്റിൽ മത്സരത്തിലെ ആദ്യ ബ്രൈക്ക് കണ്ടത്തിയ റയോണിക് സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റിൽ മത്സരത്തിലെ ആധിപത്യം പൂർണമായും തിരിച്ചു പിടിച്ച ജ്യോക്കോവിച്ച് മൂന്നാം സെറ്റിൽ ഇരട്ടബ്രൈക്കുകൾ കണ്ടത്തി സെറ്റ് 6-1 നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ നിർണായക സമയത്ത് ബ്രൈക്ക് പോയിന്റുകൾ കണ്ടത്തിയ ജ്യോക്കോവിച്ചിനെതിരെ 2 ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ റയോണിക്കിന്‌ ആയെങ്കിലും അവസാനം ബ്രൈക്ക് നേടിയ ജ്യോക്കോവിച്ച് സെറ്റ് 6-4 നു നേടി അവസാന എട്ടിലേക്ക് മുന്നേറി. തന്റെ ഒമ്പതാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിനു ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് ആയ ജർമ്മൻ യുവ താരം സാഷ സെരവ് ആണ് എതിരാളി. പൂർണമായും ശാരീരിക ക്ഷമത കൈവരിക്കാത്ത ജ്യോക്കോവിച്ച് കടുത്ത പരീക്ഷ ആയിരിക്കും സെരവിനു എതിരെ നേരിടുക.

എല്ലാവരോടും മാപ്പ് പറഞ്ഞു ജ്യോക്കോവിച്ച്, പിഴ വിധിച്ചു അധികൃതർ

യു.എസ് ഓപ്പണിലെ അസാധാരണമായ സംഭവങ്ങൾക്ക് മാപ്പ് പറഞ്ഞു ലോക ഒന്നാം നമ്പർ നൊവാക്‌ ജ്യോക്കോവിച്ച്. സ്പാനിഷ് താരം ബുസ്റ്റക്ക് എതിരെ നാലാം റൗണ്ട് മത്സരത്തിനിടെ അറിയാതെ ലൈൻ റഫറിയെ ബോൾ കൊണ്ട് അടിച്ചതിനു ആണ് ജ്യോക്കോവിച്ച് യു.എസ് ഓപ്പണിൽ നിന്നു അയോഗ്യനാക്കപ്പെട്ടത്. മത്സരശേഷം സാമൂഹിക മാധ്യമത്തിൽ ആണ് ജ്യോക്കോവിച്ച് എല്ലാവരോടും മാപ്പ് പറഞ്ഞു രംഗത്ത് എത്തിയത്. ഈ വിഷയം തനിക്ക് വലിയ സങ്കടം ഉണ്ടാക്കിയത് ആയി പറഞ്ഞ ജ്യോക്കോവിച്ച് താൻ ലൈൻ റഫറിയോട് അപ്പോൾ തന്നെ മാപ്പ് പറഞ്ഞത് ആയും വ്യക്തമാക്കി. അവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാവാത്തതിൽ ദൈവത്തോട് ജ്യോക്കോവിച്ച് നന്ദിയും പറഞ്ഞു.

അയോഗ്യനാക്കിയ നിരാശയിൽ നിന്നു താൻ തിരിച്ചു വരാൻ പരിശ്രമിക്കും എന്നു പറഞ്ഞ ജ്യോക്കോവിച്ച്, തനിക്ക് ഒരു കളിക്കാരൻ ആയിട്ടും ഒരു മനുഷ്യൻ ആയിട്ടും കൂടുതൽ മികച്ചത്‌ ആവാൻ ഇത് ഇരു പാഠം ആവുമെന്നും ലോക ഒന്നാം നമ്പർ കൂട്ടിച്ചേർത്തു. യു.എസ് ഓപ്പണിലെ എല്ലാവരോടും മാപ്പ് പറഞ്ഞ ജ്യോക്കോവിച്ച്, തനിക്കും കുടുംബത്തിനും ലഭിച്ച പിന്തുണക്ക് ആരാദകരോടും ജ്യോക്കോവിച്ച് മാപ്പും നന്ദിയും രേഖപ്പെടുത്തി. അതേസമയം ജ്യോക്കോവിച്ച് യു.എസ് ഓപ്പണിൽ നേടിയ എല്ലാ റാങ്കിങ് പോയിന്റുകളും നഷ്ടമാവും, കൂടാതെ 250,000 ഡോളർ പിഴയും ജ്യോക്കോവിച്ചിനു അധികൃതർ വിധിച്ചു.

യു.എസ് ഓപ്പണിൽ ബിഗ് 3 യെ മറികടക്കാൻ ആവുമോ ടെന്നീസ് യുവത്വത്തിന്?

കഴിഞ്ഞ വിംബിൾഡൺ തുടക്ക സമായത്തെക്കാൾ ഈ ചോദ്യം കുറച്ച് കൂടി ആത്മവിശ്വാസത്തോടെ ചോദിച്ചു തുടങ്ങിയിട്ടുണ്ട് ടെന്നീസ് ആരാധകർ. അതിനു പ്രധാനകാരണം ഹാർഡ് കോർട്ടിൽ സിൻസിനാറ്റി മാസ്റ്റേഴ്സിൽ അടക്കം യുവതാരങ്ങൾ നേടിയ ജയമാണ്. സിൻസിനാറ്റിയിൽ ഫൈനലിൽ എത്താൻ ബിഗ് 3 ഇല്ലാതിരുന്നത് തന്നെ ഇതിനു സൂചനയായി പലരും കാണുന്നു. എന്നാൽ ഗ്രാന്റ്‌ സ്‌ലാമിൽ ഫെഡറർ, ദ്യോക്കോവിച്ച്, നദാൽ ത്രിമൂർത്തികളെ മറികടന്നു കിരീടം നേടുക എന്നത് എത്രത്തോളം പ്രയാസമുള്ള കാര്യമാണെന്ന് ടെന്നീസ് ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേകിച്ച് കഴിഞ്ഞ 11 ഗ്രാൻറ്സ്‌ലാമുകൾ തങ്ങൾക്കിടയിൽ പങ്ക് വച്ച മൂന്നു പേരും ഏതാണ്ട് 3 വർഷമായി പുറത്ത് നിന്ന് ഒരുതാരം ഗ്രാന്റ്‌ സ്‌ലാം ജയിക്കാൻ അനുവദിച്ചിട്ടില്ല എന്നു കൂടി അറിയുമ്പോൾ യുവതാരങ്ങൾക്ക് മുന്നിലുള്ള കടമ്പ എത്രത്തോളം വലുതാണെന്ന് അറിയാൻ സാധിക്കും. നാളെ തുടങ്ങുന്ന വർഷത്തിലെ ഏറ്റവും അവസാനത്തെ ഗ്രാന്റ്‌ സ്‌ലാമിൽ പതിവ് കാഴ്ചകൾ ആകുമോ അല്ല പുതിയ ചാമ്പ്യൻ ഉദയം ചെയ്യുമോ എന്നു കാത്തിരുന്നു കാണാം.

ഒന്നാം സീഡും ലോകഒന്നാം നമ്പറുമായ നൊവാക് ദ്യോക്കോവിച്ചിനെ സംബന്ധിച്ച് ലഭിച്ച ക്വാട്ടർ അത്ര വെല്ലുവിളി നിറഞ്ഞതല്ല. സെമിഫൈനൽ പ്രേവേശനം ദ്യോക്കോവിച്ചിന് ഉറപ്പ് നൽകുമ്പോഴും ഈ കഴിഞ്ഞ സിൻസിനാറ്റി മാസ്റ്റേഴ്സിൽ ദ്യോക്കോവിച്ചിനെ അട്ടിമറിച്ച റഷ്യൻ യുവതാരവും ലോക അഞ്ചാം നമ്പർ താരവുമായ ഡാനിൽ മെദ്വദേവിനെ ക്വാട്ടർ ഫൈനലിൽ നേരിട്ടേക്കാം എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ഹാർഡ് കോർട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ദ്യോക്കോവിച്ച് ഈ വെല്ലുവിളി അനായാസം മറികടക്കാൻ ആണ് സാധ്യത. ഒന്നാം റൗണ്ടിൽ 76 റാങ്കുകാരൻ ആയ റോബർട്ടോ കാർബലേസ് ആണ് നൊവാക്കിന്റെ എതിരാളി. രണ്ടാം റൗണ്ടിൽ മുമ്പ് 2016 വിംബിൾഡനിൽ നൊവാക്കിനെ അട്ടിമറിച്ച അമേരിക്കൻ താരം സാം ക്യൂറെയും നാലാം റൗണ്ടിൽ 2016 യു.എസ് ഓപ്പൺ ഫൈനലിൽ നൊവാക്കിനെ തോൽപ്പിച്ച സ്റ്റാൻ വാവറിങ്കയും നൊവാക്കിനു എതിരാളികൾ ആയേക്കും. എന്നാൽ ഇപ്പോൾ പ്രായവും പരിക്കും അലട്ടുന്ന വാവറിങ്കയൊന്നും നൊവാക്കിന്‌ വലിയ വെല്ലുവിളി ആവില്ല. ആദ്യ റൗണ്ടിൽ 89 റാങ്കുകാരൻ ആയ പ്രണേഷ്‌ ഗുണഷേരനെ നേരിടുന്ന മെദ്വദേവിനു ക്വാട്ടർ ഫൈനലിൽ കടക്കാൻ മുമ്പിലുള്ള പ്രധാനവെല്ലുവിളി ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയാവും. എന്നാൽ മെദ്വദേവ് ദ്യോക്കോവിച്ച് ക്വാട്ടർ ഫൈനലിന് തന്നെയാണ് സാധ്യത കൂടുതൽ. സെമിഫൈനലിൽ റോജർ ഫെഡറർ ആയേക്കും ദ്യോക്കോവിച്ചിന്റെ എതിരാളി.

2008 നു ശേഷം യു.എസ് ഓപ്പൺ ജയിച്ചിട്ടില്ലാത്ത കഴിഞ്ഞ രണ്ട് പ്രാവശ്യവും നാലാം റൗണ്ടിൽ പുറത്തായ മൂന്നാം സീഡ് റോജർ ഫെഡറർക്ക് വിംബിൾഡനിലെ ദുസ്വപ്നത്തിൽ നിന്ന് കരകയറേണ്ടതുണ്ട്. ഫൈനലിൽ ദ്യോക്കോവിച്ചിന് മുന്നിൽ 2 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ കൈവിട്ടു തോറ്റ ഫെഡറർക്ക് യു.എസ് ഓപ്പണിൽ തിരിച്ചുവരേണ്ടതുണ്ട്. യുവ ഇന്ത്യൻ താരമാണ് ഫെഡററുടെ ആദ്യ റൗണ്ടിലെ എതിരാളി. ആദ്യ റൗണ്ടുകളിൽ ഫെഡറർക്കു വലിയ വെല്ലുവിളികൾ ഉണ്ടാകാൻ ഇടയില്ല. എന്നാൽ നാലാം റൗണ്ടിൽ അനുഭവസമ്പന്നനായ ഡേവിഡ് ഗോഫിൻ ആവും ഫെഡറർക്കു എതിരാളി. മികച്ച ഫോമിൽ ആണ് ഗോഫിൻ എന്നാൽ എന്നും ഗോഫിന് എതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഫെഡറർക്ക് ഗോഫിൻ വലിയ വെല്ലുവിളി ആവില്ലെന്ന് കരുതാം. എന്നാൽ ക്വാട്ടറിൽ കെയ്‌ നിഷികോരി ഫെഡറർക്ക് കനത്ത വെല്ലുവിളി ഉയർത്തിയേക്കും. ഈ വിംബിൾഡനിൽ നിഷിക്കോരിക്കു മേൽ ഫെഡറർ ജയം കണ്ടിരുന്നു. ഇതൊക്കെ അതിജീവിച്ചാൽ സെമിഫൈനലിൽ നൊവാക് ദ്യോക്കോവിച്ച് ആവും ഫെഡററെ കാത്തിരിക്കുക.

രണ്ടാം സീഡ് റാഫേൽ നദാലിനെ സംബന്ധിച്ചിടത്തോളം ടൂർണമെന്റിൽ ഉടനീളം ശാരീരികക്ഷമത നിലനിർത്തുക എന്നത് തന്നെയാവും വലിയ വെല്ലുവിളി. സിൻസിനാറ്റി മാസ്റ്റേഴ്സിൽ അടക്കം വിശ്രമം എടുത്ത നദാലിന് ഹാർഡ് കോർട്ടിൽ തന്റെ മികവ് തുടരാൻ ആവുമോ എന്നത് കണ്ടറിയണം. കഴിഞ്ഞ വർഷം ഫെഡററെ യു.എസ് ഓപ്പണിൽ അട്ടിമറിച്ച ജോൺ മിൽമാൻ ആണ് നദാലിന്റെ ആദ്യ റൗണ്ട് എതിരാളി. വലിയ സർവീസുകൾ കയ്യിലുള്ള മിൽമാൻ നദാലിന് വെല്ലുവിളിയാവാൻ സാധ്യതയില്ല. നാട്ടുകാരനും ഇടം കയ്യനുമായ ഫെർണാണ്ടോ വെർഡാസ്കോ മൂന്നാം റൗണ്ടിൽ നദാലിന് എതിരാളി ആയേക്കും. നാലാം റൗണ്ടിൽ മുമ്പ് നദാലിനെ തോല്പിച്ചിട്ടുള്ള മാരിൻ സിലിച്ച്, ജോൺ ഇസ്‌നർ എന്നിവരിൽ ഒരാൾ ആവും ഫ്രഞ്ച് താരത്തിന്റെ എതിരാളി. ക്വാട്ടറിൽ യുവതാരങ്ങളിൽ ഏറ്റവും പ്രതിഭാശാലിയായ അലക്‌സാണ്ടർ സെവർവ്വ് അല്ലെങ്കിൽ കാരൻ കാച്ചനോവ എന്നിവരിൽ ഒരാൾ ആവും നദാലിനെ നേരിടുക. ഈ വർഷം മോശം പ്രകടനം തുടർന്ന സെവർവ്വ് തന്റെ മികവിലേക്ക്‌ ഉയരുമോ എന്നു കണ്ടറിയണം. സെമിഫൈനലിൽ എത്തതാനുള്ള നദാലിന്റെ പ്രയാണം കറുപ്പമേറിയത് എന്നുറപ്പാണ്.

കളിമണ്ണിൽ മാത്രമല്ല തനിക്ക് മറ്റ് കോർട്ടുകളും വഴങ്ങും എന്നു തെളിയിക്കാൻ ആവും നാലാം സീഡ് ഡൊമനിക് തീം ഇപ്രാവശ്യത്തെ യു.എസ് ഓപ്പണിൽ കളിക്കാൻ ഇറങ്ങുക. എന്നാൽ തങ്ങളുടെ ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനൽ ലക്ഷ്യം വക്കുന്ന യുവതാരങ്ങളുടെ ഒരു സംഘത്തെ തന്നെ മറികടന്നാൽ മാത്രമേ തീമിനു സെമിഫൈനൽ എന്ന സ്വപ്നത്തിലേക്ക് എത്താൻ സാധിക്കൂ. മികച്ച പ്രതിഭകൾ ആയ ഗ്രീക്ക് താരം സെറ്റഫനോസ് സ്റ്റിസിപാസ്, ഫ്രഞ്ച് താരം ആഗൽ അലിയാസിമ, ആന്ദ്രയ് റൂബ്ലേവ്, കെയിൻ എഡ്മണ്ട്, ഡെന്നിസ് ഷാപോവാലോവ് എന്നിവർക്ക് ഒപ്പം ഓസ്‌ട്രേലിയൻ വികൃതി പയ്യൻ നിക്ക് ക്യൂരിയോസും സെമിഫൈനൽ ലക്ഷ്യം വക്കുന്നു. ക്യൂരിയോസ് എങ്ങനെ കളിക്കും എന്നു ക്യൂരിയോസിന് കൂടി പ്രവചിക്കാൻ ആവാത്തതിനാൽ ക്യൂരിയാസിന്റെ ഏതുമുഖം ആവും അമേരിക്ക കാണുക എന്നു കാത്തിരുന്നു കാണാം. എന്നാൽ യുവതാരങ്ങൾക്ക് ഇടയിൽ ഈ വിംബിൾഡൺ സെമിഫൈനൽ കളിച്ച 31 കാരനായ അനുഭവസമ്പന്നനായ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യൂറ്റിനെ എഴുതിതള്ളാൻ ആവില്ല. ഈ ക്വാട്ടറിൽ ആരു സെമിഫൈനൽ കളിക്കും എന്നു പ്രവചിക്കാൻ ആവില്ല. അഗ്യൂറ്റിനും തീമിനും തന്നെയാണ് സാധ്യത കൂടുതൽ. സെമിയിൽ റാഫേൽ നദാൽ ആവും എതിരാളിയായി വരാൻ സാധ്യതയേറെ. വീണ്ടും ബിഗ് 3 യുടെ ആവർത്തനമോ അല്ല പുതിയ ജേതാവോ അതിനുള്ള ഉത്തരം ഏതായാലും ന്യൂയോർക്ക് 2 ആഴ്ചകൾക്ക് അകം നൽകും.

വിംബിൾഡനെ ഭ്രാന്ത് പിടിപ്പിച്ച ഫൈനൽ, ഒടുവിൽ കിരീടമുയർത്തി യന്ത്രമനുഷ്യൻ

എന്തൊരു ഫൈനൽ ആയിരുന്നു അത്. ടെന്നീസ് ലോകം വായും പൊളിച്ച് നിന്ന ഫൈനൽ. 2008 ലെ റാഫാ നദാൽ റോജർ ഫെഡറർ ഫൈനൽ പോലെ കാണികളെ ഭ്രാന്ത് പിടിപ്പിച്ച ഫൈനൽ. മത്സരം ഈ വിംബിൾഡനിലെ മികച്ച താരങ്ങൾ തമ്മിലായിരുന്നു. ഒരു വശത്ത്‌ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ച് മറുവശത്ത് ആവട്ടെ ലോക മൂന്നാം നമ്പർ താരവും രണ്ടാം സീഡുമായ റോജർ ഫെഡറർ. രണ്ട് താരങ്ങളും ചരിത്രനേട്ടങ്ങൾക്ക് വേണ്ടി കൂടിയാണ് കളത്തിൽ ഇറങ്ങിയത്. ജയിച്ചാൽ തന്റെ 5 മത്തെ വിംബിൾഡനും 16 മത്തെ ഗ്രാന്റ്‌ സ്‌ലാമും നോവാക്കിന്‌ സ്വന്തം. ഒപ്പം 30 വയസ്സിന് ശേഷം വിംബിൾഡൺ കിരീടം നിലനിർത്തുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും സ്വന്തം. ആപുറത്ത് ആവട്ടെ തന്റെ 9 മത്തെ വിംബിൾഡനും 21 മത്തെ ഗ്രാന്റ്‌ സ്‌ലാമും തേടിയായിരുന്നു ഫെഡറർ ഇറങ്ങിയത്. ഒപ്പം ഓപ്പൺ യുഗത്തിൽ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രനേട്ടവും 37 കാരൻ ഫെഡററിന്റെ കയ്യെത്തും ദൂരത്ത്. പരസ്പരം ഏറ്റുമുട്ടിയതിൽ മുന്നിൽ സെർബിയൻ താരമായിരുന്നു. 48 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 26 തവണ നോവാക്കും 22 തവണ ഫെഡററും ജയിച്ചു. ഗ്രാന്റ് സ്‌ലാമുകളിൽ പരസ്പരം വന്നതിൽ 9 തവണ നൊവാക് ജയിച്ചപ്പോൾ 6 തവണ ഫെഡറർ ജയിച്ചു. മുമ്പ് 2 തവണ വിംബിൾഡൺ ഫൈനലിൽ അടക്കം ഫെഡററെ മറികടന്ന നൊവാക് 4 ഗ്രാന്റ്‌ സ്‌ലാം ഫൈനലുകളിൽ 3 ലും ജയം കണ്ടു.

ഇരു താരങ്ങളും നന്നായി സർവീസുകൾ ചെയ്യുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. ആദ്യമേ നൊവാക്കിന്റെ സർവീസ് ബ്രൈക്ക് ചെയ്യാൻ ലഭിച്ച അവസരം ഫെഡറർ കളഞ്ഞപ്പോൾ ഫെഡററിന്റെ മനോഹരമായ ഡ്രോപ്പ്‌ ഷോട്ടുകളും ഫോർഹാന്റ് വിന്നറുകളും കണ്ട ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ നിർണായക സമയത്തു പിഴവുകൾ വരുത്തിയ ഫെഡററെ മറികടന്ന നൊവാക് 58 മിനിട്ടുകൾക്ക് ശേഷം ആദ്യ സെറ്റ് തന്റെ പേരിലാക്കി. പുരുഷന്മാരുടെ ആദ്യ സെറ്റിന്റെ ദൈർഘ്യം മാത്രമേ ഇത്തവണത്തേ വനിത ഫൈനലിന് ഉണ്ടായുള്ളൂ എന്നതിൽ തന്നെ വരാനിരിക്കുന്ന മാരത്തോൺ പോരാട്ടത്തിന്റെ സൂചനയായി ആദ്യ സെറ്റ്. രണ്ടാം സെറ്റിൽ പക്ഷേ ആദ്യ സെറ്റിൽ നിന്ന് വിഭിന്നമായി മോശം കളി പുറത്തെടുത്ത ലോക ഒന്നാം നമ്പറുടെ ആദ്യ രണ്ട് സർവീസും ജയിച്ച ഫെഡറർ താൻ ഈ മത്സരത്തിൽ ഉണ്ടെന്നു വ്യക്തമാക്കി. വെറും 25 മിനിറ്റുകൾക്കുള്ളിൽ രണ്ടാം സെറ്റ് 6-1 സ്വന്തമാക്കിയ ഫെഡറർ മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചെത്തി. 3 തവണയാണ് രണ്ടാം സെറ്റിൽ നൊവാക്കിന്റെ സർവീസ് ഫെഡറർ ഭേദിച്ചത്.

അസാമാന്യ മികവോടെ ഇരു താരങ്ങളും പൊരുതിയ മൂന്നാം സെറ്റ് കടുത്തു. തന്റെ 5 സർവീസ് ബ്രൈക്ക് ചെയ്യാനുള്ള അവസരം ഫെഡറർക്ക് ലഭിച്ചത് അവിശ്വസനീയമായ രീതിയിൽ പ്രതിരോധിച്ച സെർബിയൻ താരം സ്വിസ് താരത്തിനായി ആർത്ത് വിളിച്ച സെന്റർ കോർട്ട് കാണികളുടെ വായ അടപ്പിച്ചു. വിട്ട് കൊടുക്കാൻ ഇരുവരും തയ്യാറാകാതിരുന്നപ്പോൾ മത്സരം 44 മിനിറ്റിനു ശേഷം വീണ്ടുമൊരു ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ ഇത്തവണയും ഫെഡറർ കളി മറന്നപ്പോൾ മൂന്നാം സെറ്റ് നൊവാക്കിനു സ്വന്തം. മത്സരം പുരോഗമിക്കുന്ന പോലെ തളർന്നു എന്നു തോന്നിപ്പിച്ച ഫെഡററിനെ എല്ലാ അർത്ഥതത്തിലും ബുദ്ധിമുട്ടിച്ചു ദ്യോക്കോവിച്ച്. എന്നാൽ നാലാം സെറ്റിൽ നൊവാക്കിന്റെ മൂന്നാം സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ തന്റെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

77 മത്തെ ഗ്രാന്റ്‌ സ്‌ലാം കളിക്കുന്ന റോജർ ഫെഡറർ ഒരിക്കൽ കൂടി ലോക ഒന്നാം നമ്പറിന്റെ സർവീസ് ഭേദിച്ച് നാലാം സെറ്റിൽ ആധിപത്യം നേടി. എന്നാൽ മത്സരത്തിൽ രണ്ടര മണിക്കൂറിനു ശേഷം ആദ്യമായി ഫെഡററിന്റെ സർവീസ് ഭേദിക്കാൻ അവസരമുണ്ടാക്കിയ നൊവാകിനെതിരെ 35 ഷോട്ടുകൾ നീണ്ട റാലിയിലൂടെ ഫെഡറർ ബ്രൈക്ക് പോയിന്റ് രക്ഷിച്ചെടുത്ത കാഴ്ച അവിശ്വസനീയമായിരുന്നു. എന്നാൽ ഒടുവിൽ ഫെഡററെ ബ്രൈക്ക് ചെയ്ത നൊവാക് നാലാം സെറ്റിൽ തിരിച്ചെത്തി. എന്നാൽ തന്റെ പ്രതിഭയിലെ വിസ്മയം റോജർ ഫെഡറർ ആവർത്തിച്ചപ്പോൾ 6-4 നു 40 മിനിറ്റു നീണ്ട നാലാം സെറ്റ് സ്വന്തമാക്കി ഫെഡറർ മത്സരം രണ്ട് സെറ്റ് വീതമാക്കി. വിംബിൾഡൺ ചരിത്രത്തിൽ ഒരിക്കൽ മാത്രമേ 5 സെറ്റ് പോരാട്ടത്തിൽ തൊട്ടിട്ടുള്ളൂ എന്ന റെക്കോർഡ് കയ്യിലുള്ള നൊവാക് ആണ് 5 സെറ്റിൽ സർവീസ് തുടങ്ങിയത്.

തന്റെ രണ്ടാം സെറ്റിൽ മൂന്ന് ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചെടുത്ത ഫെഡറർക്ക് പക്ഷെ പിഴവുകൾ ആവർത്തിച്ചപ്പോൾ അടുത്ത സർവീസ് അടിയറവ് പറയേണ്ടി വന്നു. മത്സരം ഇപ്പോൾ നൊവാക് നേടും എന്നിടത്ത് നിന്ന് തിരിച്ച് പിടിക്കുന്ന 37 കാരൻ ഫെഡററെ ആണ് പിന്നീട് സെന്റർ കോർട്ട് കണ്ടത്. നോവാക്കിനെ തിരിച്ച് ബ്രൈക്ക് ചെയ്ത ഫെഡറർ മത്സരം നീട്ടിയെടുത്തു. പിന്നീട്‌ ഇരുതാരങ്ങളും അസാമാന്യ മികവോടെ സർവീസുകൾ ഉതിർക്കാൻ തുടങ്ങിയപ്പോൾ മത്സരം 4 മണിക്കൂർ കടന്നു. അവസാനം നൊവാക്കിന്റെ 8 മത്തെ സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ തന്റെ 9 താമത്തെ വിംബിൾഡൺ കിരീടം ഒരു സർവീസ് അകലെയാക്കി. എന്നാൽ മത്സരം തോറ്റ് നൊവാക്കോ അവസരം മുതലാക്കാൻ ഫെഡറർക്കോ ആവാതിരുന്നപ്പോൾ മത്സരം ജയിക്കാനുള്ള കിരീടം ഉയർത്തതാനുള്ള രണ്ട് പോയിന്റുകൾ ആണ് ഫെഡറർ കളഞ്ഞു കുളിച്ചത്. 5 സെറ്റിൽ 16 എസുകൾ ഉതിർത്ത ഫെഡറർ സർവീസ് മറന്നപ്പോൾ നൊവാക് തിരിച്ച് ബ്രൈക്ക് ചെയ്തു മത്സരത്തിൽ ഒപ്പമെത്തി.

ഇരുവരും സർവീസ് ഗെയിം ഒന്നു കൂടി മികച്ചതാക്കിയപ്പോൾ മത്സരം വീണ്ടും കടുത്തു. എന്നാൽ നൊവാകിന്റെ അവസാന സർവീസ് ഗൈമിൽ കിട്ടിയ ബ്രൈക്ക് പോയിന്റുകൾ കൂടി ഫെഡറർ കൈവിട്ടപ്പോൾ ഭാഗ്യം ഫെഡറർക്ക് ഒപ്പമെല്ലെന്നു വ്യക്തമായി. വീണ്ടുമൊരിക്കൽ കൂടി 12 ഗൈമുകൾക്ക് ശേഷം 113 മിനിട്ടുകൾക്ക് ശേഷം ഏതാണ്ട് 2 മണിക്കൂർ പോരാട്ടത്തിനു ശേഷം മത്സരം മൂന്നാമത്തെ ടൈബ്രേക്കറിലേക്ക്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വിംബിൾഡൺ ഫൈനൽ വിജയിയെ നിർണയിക്കാൻ ടൈബ്രേക്കർ ഉപയോഗിക്കുന്നത്. ആദ്യ രണ്ട് ടൈബ്രേക്കറിൽ എന്ന പോലെ ഫെഡറർക്ക് പിഴച്ചപ്പോൾ 5 മണിക്കൂറിന് ശേഷം മാറിമാറിഞ്ഞ റോളർ കോസ്റ്റർ മത്സരവും വിംബിൾഡൺ കിരീടവും ടൈബ്രേക്കറിൽ നൊവാക് ദ്യോക്കോവിച്ചിനു സ്വന്തം. 30 വയസ്സിന് ശേഷം വിംബിൾഡൺ കിരീടം നിലനിർത്തിയ ആദ്യ താരമായ നൊവാക് തന്റെ 5 വിംബിൾഡൺ കിരീടവും(ഇതോടെ ബോർഗിന്റെ റെക്കോർഡിനൊപ്പം സെർബിയൻ താരം എത്തി) 16 ഗ്രാന്റ്‌ സ്‌ലാമും ഉയർത്തി. പലപ്പോഴും കളത്തിൽ ദേഷ്യവും നിരാശയും പ്രകടമാക്കിയ നൊവാക്‌ ജയം ആർഹിച്ചിരുന്നു. എന്നാൽ 37 മത്തെ വയസ്സിലും സമാനതകളില്ലാത്ത പോരാട്ടം പുറത്തെടുത്ത ഫെഡർക്കും ദ്യോക്കോവിച്ചിനും നിർത്താത്ത കയ്യടികളിലൂടെ എണീറ്റ് നിന്നാണ് വിംബിൾഡൺ കാണികൾ യാത്രയയപ്പ് നൽകിയത്. അവിസ്മരണീയം എന്നെ ഈ ഫൈനലിനെ വിശേഷിപ്പിക്കാൻ ആവൂ, വിംബിൾഡൺ ചരിത്രത്തിലെ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മഹത്തായ മത്സരങ്ങളിൽ ഒന്നായി ഇത് കണക്കാപ്പെടും എന്നുറപ്പാണ്.

നോവാക്കിന് ഏഴാം കിരീടം

ഓസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തിൽ റോജർ ഫെഡററേയും, റോയ് എമേഴ്‌സണേയും, ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ പീറ്റ് സംപ്രാസിനേയും ഓസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തോടെ ജോക്കോവിച്ച് മറികടന്നു. ഇന്നലത്തെ ഫൈനലിൽ നദാലിനെ 6-3,6-3,6-3 എന്ന ഏകപക്ഷീയമായ സ്കോറിന് നിലം പരിശാക്കിയായിരുന്നു നോവാക്കിന്റെ കിരീട നേട്ടം. കഴിഞ്ഞ 3 സ്ലാമുകളും നേടി എതിരാളികൾ ഇല്ലാതെയാണ് ജോക്കോവിച്ച് മുന്നേറുന്നത്.

കടുത്ത മത്സരം പ്രതീക്ഷിച്ച സകലരേയും നിരാശരാക്കുന്ന വിധത്തിലായിരുന്നു നോവാക്കിന്റെ പ്രകടനം. ഗ്രൗണ്ട് സ്ട്രോക്കുകളിലും സർവ്വുകളിലും മികച്ച് നിന്ന ജോക്കോവിച്ച് നദാലിന് മേലെ ആദ്യ ഗെയിം മുതലേ കരുത്ത് കാട്ടി. എതിരാളിക്ക് ഒരു സെറ്റ് പോലും നൽകാതെ ഫൈനൽ വരെ എത്തിയ നദാലിനെ തുടർച്ചയായി വേണ്ട സമയങ്ങളിലെല്ലാം ബ്രേക്ക് ചെയ്ത് തുടക്കം മുതലേ മത്സരത്തിന്റെ ഗതി നിശ്ചയിക്കാൻ ജോക്കോവിച്ചന്റെ ഗെയിം പ്ലാനിന് കഴിഞ്ഞു എന്നുവേണം പറയാൻ.

ഇതുപോലെ നദാൽ അടുത്ത കാലത്തൊന്നും തോറ്റിട്ടില്ലെന്നത് എത്രമാത്രം ആധിപത്യത്തോടെയാണ് നൊവാക്ക് കളിച്ചതെന്ന് വ്യക്തമാക്കും. ഈയൊരു ലെവലിൽ കളിക്കാൻ മറ്റെന്തെങ്കിലും കണ്ടെത്തണം എന്നാണ് നദാൽ മത്സരശേഷം പ്രതികരിച്ചത്.

ജോക്കോവിച്ച് ഒന്നാം റാങ്കിലേക്ക്

അബ്‌ഡോമൽ ഇഞ്ച്വറിയെ തുടർന്ന് നിലവിലെ ഒന്നാം സ്ഥാനക്കാരൻ റാഫേൽ നദാൽ പാരിസ് മാസ്റ്റേഴ്‌സിൽ നിന്ന് പിന്മാറിയതോടെ നൊവാക് ജോക്കോവിച്ച് ഒന്നാം റാങ്കിലേക്ക് എത്തുമെന്ന് ഉറപ്പായി. ടൂർണമെന്റിനായി പാരിസിൽ എത്തുകയും 2 ദിവസം പ്രാക്ട്ടീസ്‌ ചെയ്യുകയും ചെയ്ത ശേഷമാണ് നദാൽ പിന്മാറിയത്. സർവ്വ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദനയാണ് താരത്തെ പിന്മാറാൻ നിർബന്ധിതനാക്കിയത്.

ഇതോടെ സീസണിൽ 20 റാങ്കിൽ താഴെ നിന്ന് അതേ സീസണിൽ തന്നെ ഒന്നാം സ്ഥാനത്തേക്ക് എത്തുകയെന്ന റഷ്യയുടെ സാഫിന്റെ റെക്കോർഡിന് ഒപ്പം എത്താനും സെർബിയൻ താരത്തിനായി. യുഎസ് ഓപ്പണിൽ സെമി ഫൈനലിൽ പരിക്ക് മൂലം പിന്മാറിയ നദാൽ അതിനുശേഷം മത്സരങ്ങളിൽ കളിച്ചിട്ടില്ല.

ജോക്കോവിച്ച്, ഫെഡറർ ക്വാർട്ടറിൽ

ഷാങ്ഹായ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ പ്രവേശിച്ചു. മാർക്കോ ചെച്ചിനാറ്റോയെ നേരിറ്റുള്ള സെറ്റുകൾക്ക് തകർത്താണ് നൊവാക് അവസാന എട്ടിലേക്ക് മുന്നേറിയത്. സ്‌കോർ 6-4,6-0. ക്വാർട്ടറിൽ നൊവാക് ആന്ഡേഴ്സ്നെ നേരിടും. ഒന്നാം സീഡ് റോജർ ഫെഡറർ തുടർച്ചയായ രണ്ടാം മത്സരത്തിലും എതിരാളിക്ക് സെറ്റ് വഴങ്ങി ക്വാർട്ടർ ഉറപ്പാക്കി. ജപ്പാന്റെ നിഷിക്കോരിയാണ് ഫെഡററുടെ എതിരാളി. ആദ്യ സെറ്റിന് ശേഷം ഡെൽപോട്രോ പിന്മാറിയതിനാൽ കോറിച്ചും ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്.

അലക്‌സാണ്ടർ സ്വരേവ്, മാത്യു എബ്‌ഡൻ, കെയ്ൽ എഡ്മണ്ട് എന്നിവരും അവസാന എട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വർഷാവസാനത്തെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിന് മുന്നിലുള്ള നൊവാക് ജോക്കോവിച്ചിനും, റോജർ ഫെഡറർക്കും ഷാങ്ഹായ് കിരീടം ആവശ്യമാണ്. ഒന്നാം നമ്പർ താരം റാഫേൽ നദാൽ പരിക്ക് മൂലം ഈ ടൂർണമെന്റ് കളിക്കുന്നില്ല.

പൊരുതാതെ കീഴടങ്ങി ആന്‍ഡേര്‍സണ്‍, ജോക്കോവിച്ച് വിംബിള്‍ഡണ്‍ ചാമ്പ്യന്‍

മാരത്തണ്‍ മാച്ചുകള്‍ വിജയിച്ച് വിംബിള്‍ഡണ്‍ ഫൈനലിലേക്ക് എത്തിയ കെവിന്‍ ആന്‍ഡേര്‍സണ്‍ തന്റെ ഫോമിന്റെ നിഴലായി മാത്രം മാറിയ വിംബിള്‍ഡണ്‍ ഫൈനല്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കാവിച്ച്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ 6-2, 6-2, 7-6 എന്ന സ്കോറിനു നേരിട്ടുള്ള സെറ്റുകളിലാണ് വിജയം.

ആദ്യ രണ്ട് സെറ്റുകളില്‍ അനായാസം വിജയം ജോക്കോവിച്ച് സ്വന്തമാക്കിയപ്പോള്‍ കെവിന്‍ മൂന്നാം സെറ്റില്‍ പൊരുതിയെങ്കിലും ടൈബ്രേക്കറില്‍ സെറ്റും മത്സരവും നേടി ജോക്കര്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version