റാഫേൽ നദാൽ ഡേവിസ് കപ്പിൽ പരാജയപ്പെട്ടു!! ആരാധകർക്ക് നിരാശ

റാഫേൽ നദാൽ തന്റെ ‘അവസാന സിംഗിൾസ്’ മത്സരത്തിൽ പരാജയപ്പെട്ടു. ഇന്ന് ഡേവിസ് കപ്പിൽ നെതർലൻഡ്‌സിനെതിരായ സ്‌പെയിനിൻ്റെ ക്വാർട്ടർ പോരാട്ടത്തിനിടെ നേരിട്ടുള്ള സെറ്റുകൾക്ക് ബോട്ടിക് വാൻ ഡി സാൻഡ്‌സ്ചൽപ്പിനോട് റാഫേൽ നദാൽ തോറ്റു. ഇനി ഒരു കോമ്പറ്റിറ്റിവ് സിംഗിൾസ് മത്സരം നദാൽ കളിക്കുമോ എന്നത് സംശയമാണ്.

മലാഗയിലെ പലാസിയോ ഡിപോർട്ടെസ് മാർട്ടിൻ കാർപെനയിൽ നടന്ന മത്സരത്തിൽ ഡച്ച് താരം നദാലിനെ 6-4, 6-4 എന്ന സ്‌കോറിന് ആണ് പരാജയപ്പെടുത്തിയത്. സ്‌പാനിഷ് ഇതിഹാസത്തിൻ്റെ ഡേവിസ് കപ്പിലെ 29 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ഇത് വിരാമമിട്ടു. പാരീസ് ഒളിമ്പിക്‌സിന് ശേഷം മത്സരിച്ചിട്ടില്ലാത്ത നദാലിനെ, ഒരു മണിക്കൂറും 52 മിനിറ്റും കൊണ്ട് പരാജയപ്പെടുത്തൻ ഡച്ച് താരത്തിനായി.

ലോകമെമ്പാടുമുള്ള നദാൽ ആരാധകർ ഇതിഹാസ താരത്തിൻ്റെ കരിയറിലെ അവസാനത്തെ അധ്യായങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.

ടെന്നീസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു റാഫ നദാൽ!

ടെന്നീസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു ഇതിഹാസ ടെന്നീസ് താരം റാഫേൽ നദാൽ. ഈ സീസണിന് ഒടുവിൽ താൻ വിരമിക്കും എന്നു സാമൂഹിക മാധ്യമത്തിലൂടെ റാഫ നദാൽ തന്നെയാണ് പ്രഖ്യാപിച്ചത്. വികാരപരമായി കാണപ്പെട്ട നദാൽ നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് മത്സരങ്ങൾക്ക് ശേഷം ടെന്നീസ് റാക്കറ്റ് താഴെ വെക്കും എന്നാണ് പ്രഖ്യാപിച്ചത്. പലപ്പോഴും കരിയറിൽ പരിക്ക് വില്ലനായ നദാലിന് അവസാന കാലത്തും പരിക്ക് തന്നെയാണ് വില്ലൻ ആയി എത്തിയത്.

38 കാരനായ കളിമണ്ണ് മൈതാനത്തെ ഇതിഹാസ സ്പാനിഷ് താരം 14 ഫ്രഞ്ച് ഓപ്പൺ കിരീടം അടക്കം 22 തവണയാണ് ഗ്രാന്റ് സ്ലാം കിരീടം നേടിയത്. 2 തവണ വീതം വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ റാഫ 4 തവണ യു.എസ് ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്. 36 മാസ്റ്റേഴ്സ് കിരീടവും, 5 ഡേവിസ് കപ്പ് കിരീടവും, 2 തവണ ഒളിമ്പിക് സ്വർണ മെഡലും നേടിയ നദാൽ 5 വർഷം അവസാനം ലോക ഒന്നാം നമ്പറിലും ഇരുന്നിട്ടുണ്ട്. ലോക സ്പോർട്സ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാൾ ആയി പരിഗണിക്കുന്ന നദാലും റോജർ ഫെഡററും, നൊവാക് ജ്യോക്കോവിചും ആയുള്ള വൈര്യം ഒക്കെ ഇതിഹാസ സമാനമായത് ആയിരുന്നു.

ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിനുള്ള സ്പെയിൻ ടീമിൽ റാഫേൽ നദാലിനെ ഉൾപ്പെടുത്തി

നവംബറിൽ നടക്കാനിരിക്കുന്ന ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിനുള്ള സ്പെയിൻ ടീമിൽ റാഫേൽ നദാൽ ഇടംപിടിച്ചു. 38 കാരനായ മുൻ ലോക ഒന്നാം നമ്പർ താരം ലോക മൂന്നാം നമ്പർ താരം കാർലോസ് അൽകാരാസ്, റോബർട്ടോ ബൗട്ടിസ്റ്റ അഗട്ട്, പാബ്ലോ കരേനോ ബുസ്റ്റ, മാർസെൽ ഗ്രാനോല്ലേഴ്സ് എന്നിവരടങ്ങുന്ന ശക്തമായ നിരയിലേക്ക് ആണ് ചേരുന്നത്.

Rafa Nadal

2024 ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം നദാൽ ഒരു ഇവന്റിലും മത്സരിച്ചിട്ടില്ല, അവിടെ അദ്ദേഹം സിംഗിൾസിൽ നൊവാക് ജോക്കോവിച്ചിനോട് തോറ്റ് അൽകാരസിനൊപ്പമുള്ള ഡബിൾസ് ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ഫിറ്റ്നസ് ആശങ്കകൾ കാരണം യുഎസ് ഓപ്പണിൽ നിന്നും ലേവർ കപ്പിൽ നിന്നും അദ്ദേഹം പിന്മാറുകയും ചെയ്തിരുന്നു‌.

നവംബർ 19 മുതൽ 24 വരെ മലാഗയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്പെയിൻ നെതർലൻഡ്സിനെ നേരിടും.

നദാൽ യു എസ് ഓപ്പണിൽ നിന്ന് പിന്മാറി

ഓഗസ്റ്റ് 26 മുതൽ സെപ്തംബർ 8 വരെ ന്യൂയോർക്കിലെ ഫ്ലഷിംഗ് മെഡോസിൽ നടക്കുന്ന യുഎസ് ഓപ്പണിൽ നിന്ന് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ പിന്മാറി. തന്റെ പരിക്ക് മാനേജ് ചെയ്യുന്നതിനായാണ് ഈ പിന്മാറ്റം എന്ന് നദാൽ പറഞ്ഞു. സെപ്റ്റംബർ 20ന് ആരംഭിക്കുന്ന ലാവർ കപ്പിലൂടെ തിരികെ വരും എന്നും നദാൽ സ്ഥിരീകരിച്ചു.

“ഈ വർഷത്തെ യുഎസ് ഓപ്പണിൽ മത്സരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നു. ഇത്തവണ എൻ്റെ 100% നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അതാണ് പിന്മാറുന്നത്” നദാൽ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

പാരീസ് ഒളിമ്പിക്സിലാണ് റാഫേൽ നദാൽ അവസാനമായി കളിച്ചത്. ഈ വർഷം ഫ്രഞ്ച് ഓപ്പൺ മാത്രമാണ് നദാൽ സ്ലാമുകളിൽ കളിച്ചത്.

ജയിച്ചു കയറി നദാൽ! ഒളിമ്പിക്സ് രണ്ടാം റൗണ്ടിൽ നദാൽ, ജ്യോക്കോവിച് പോരാട്ടം

പാരീസ് ഒളിമ്പിക്സ് രണ്ടാം റൗണ്ടിൽ സ്വപ്ന പോരാട്ടത്തിന് വേദിയാകും. ഇതിഹാസ താരങ്ങൾ ആയ റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച് എന്നിവർ ആണ് രണ്ടാം റൗണ്ടിൽ നേർക്കുനേർ വരിക. സ്വപ്ന പോരാട്ടത്തിന് ആരാധകർ ആവേശത്തോടെ ആണ് കാത്തിരിക്കുന്നത്. ആദ്യ റൗണ്ടിൽ ഹംഗേറിയൻ താരം മാർട്ടൻ ഫുക്സോവിക്സിനെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് നദാൽ തോൽപ്പിച്ചത്. 2022 ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം നദാൽ പാരീസിൽ നേടുന്ന ആദ്യ ജയം ആണ് ഇത്.

Rafa Nadal

പലപ്പോഴും മത്സരത്തിൽ മികച്ച വെല്ലുവിളി ആണ് നദാൽ നേരിട്ടത്. ആദ്യ സെറ്റിൽ ഹംഗേറിയൻ താരത്തെ നദാൽ നിലം തൊടീച്ചില്ല. സെറ്റ് 6-1 നു നേടിയ നദാൽ താൻ മികവിൽ ആണ് എന്ന സൂചന നൽകി. എന്നാൽ രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ നദാലിന് മേൽ ആധിപത്യം നേടിയ മാർട്ടൻ ഒടുവിൽ സെറ്റ് 6-4 നു നീട്ടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ നിർണായക സർവീസ് ബ്രേക്ക് കണ്ടത്തിയ നദാൽ സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരം സ്വന്തമാക്കുക ആയിരുന്നു. 2 തവണ മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും തോൽവി ഒഴിവാക്കാൻ ഹംഗേറിയൻ താരത്തിന് ആയില്ല.

ബാറ്റ്മാനും റോബിനും! ആദ്യ റൗണ്ടിൽ ജയം കുറിച്ച് റാഫ നദാൽ, കാർലോസ് അൽകാരസ് സഖ്യം

പാരീസ് ഒളിമ്പിക്സിൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തിൽ ആദ്യ റൗണ്ടിൽ ജയം കുറിച്ച് റാഫേൽ നദാൽ, കാർലോസ് അൽകാരസ് സഖ്യം. ആറാം സീഡ് ആയ അർജന്റീനൻ സഖ്യം ആന്ദ്രസ് മോൽടനി, മാക്സിമോ ഗോൺസാലസ് സഖ്യത്തെ ആണ് അവർ ടെന്നീസ് പുരുഷ ഡബിൾസിൽ മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്പാനിഷ് ടീം ജയം കണ്ടത്. ഇതിഹാസ താരമായ നദാലിന് ഒപ്പം യുവ സൂപ്പർ താരം അൽകാരസ് ഇറങ്ങുന്ന മത്സരത്തിന് പാരീസിൽ നിറഞ്ഞ കാണികൾ ആയിരുന്നു കാഴ്ചക്കാർ ആയി ഉണ്ടായിരുന്നത്.

ആദ്യം തന്നെ സർവീസ് ബ്രേക്ക് കണ്ടെത്തി തുടങ്ങിയ സ്പാനിഷ് സഖ്യം പക്ഷെ ബ്രേക്ക് കൈവിടുന്നതും ഉടൻ തന്നെ കണ്ടു. അൽകാരസ് കുറച്ചു കൂടി പതുക്കെ താളം കണ്ടെത്തിയപ്പോൾ നദാൽ തുടക്കം മുതൽ മികച്ച ഫോമിൽ ആയിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ആധിപത്യം നേടിയ നദാൽ, അൽകാരസ് സഖ്യം പക്ഷെ രണ്ടാം സെറ്റിൽ പതറി. എന്നാൽ 3-0 ൽ നിന്നു തിരിച്ചു വന്ന അവർ അർജന്റീനൻ താരങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. തുടർന്ന് സെറ്റ് 6-4 നു നേടിയ അവർ മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. നദാൽ അൽകാരസ് സഖ്യത്തിലൂടെ സ്വർണം തന്നെയാവും സ്‌പെയിൻ ലക്ഷ്യം വെക്കുക. ഇന്ന് സിംഗിൾസ് രണ്ടാം റൗണ്ടിൽ അൽകാരസ് ഇതിനകം എത്തിയിരുന്നു. അതേസമയം നാളെയാണ് നദാലിന്റെ സിംഗിൾസ് മത്സരം.

വിംബിൾഡൺ കളിക്കാൻ നദാൽ ഇല്ല, ഒളിമ്പിക്സിൽ അൽകാരസിന് ഒപ്പം ഡബിൾസ് കളിക്കും

ഈ വർഷം വിംബിൾഡൺ കളിക്കാൻ താൻ ഇല്ലെന്നു പ്രഖ്യാപിച്ചു റാഫ നദാൽ. നിലവിൽ വരാൻ പോകുന്ന പാരീസ് ഒളിമ്പിക്സ് കളിക്കുക തനിക്ക് പ്രധാനമാണ് എന്നു പറഞ്ഞ നദാൽ അതിനു തയ്യാറാവുന്നതിനു ആയി ആണ് താൻ വിംബിൾഡണിൽ നിന്നു പിന്മാറുന്നത് എന്നു നദാൽ കൂട്ടിച്ചേർത്തു. സ്‌പെയിനിനു ആയി തന്റെ അവസാന ഒളിമ്പിക്സ് കളിക്കുക എന്നത് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ആണെന്ന് നദാൽ പറഞ്ഞു.

ഒളിമ്പിക്സിന് ഒരുങ്ങുന്നതിനാൽ തന്നെ ഇതിനു ഇടയിൽ ഗ്രാസ് സീസണിൽ കളിക്കുന്നത് തന്റെ തയ്യാറെടുപ്പിനെ ബാധിക്കും എന്നതും തന്റെ തീരുമാനത്തിന് പിന്നിൽ നദാൽ കാരണം ആയി പറഞ്ഞു. വിംബിൾഡൺ കളിക്കാത്തതിൽ സങ്കടം ഉണ്ടെന്നു പറഞ്ഞ നദാൽ പാരീസ് ഒളിമ്പിക്സിന് ഒരുങ്ങുന്നതിനു ആയി ബാസ്റ്റഡിൽ എ.ടി.പി ടൂർണമെന്റ് കളിക്കും എന്നും പറഞ്ഞു. 2008 ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണ മെഡൽ നേടിയ നദാൽ 2016 ൽ ഡബിൾസിലും സ്വർണ മെഡൽ നേടിയിരുന്നു. ഈ വർഷം ഒളിമ്പിക്സിൽ സിംഗിൾസിൽ മത്സരിക്കുന്ന നദാൽ പുരുഷ ഡബിൾസിൽ ലോക രണ്ടാം നമ്പറും നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ കാർലോസ് അൽകാരസും ആയി ആവും കളിക്കാൻ ഇറങ്ങുക.

‘പാരീസിൽ ഒളിമ്പിക്സ് കളിക്കാൻ തിരിച്ചെത്തും, ഇത് അവസാന ഫ്രഞ്ച് ഓപ്പൺ മത്സരം ആണെന്ന് ഉറപ്പില്ല’ – നദാൽ

ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് പരാജയത്തിന് പിറകെ വികാരീതനായി റാഫ നദാൽ. ഇത് തന്റെ അവസാന ഫ്രഞ്ച് ഓപ്പൺ മത്സരം ആണെന്ന് 100 ശതമാനം ഉറപ്പില്ലെന്നു പറഞ്ഞ 14 തവണത്തെ റോളണ്ട് ഗാരോസ് ചാമ്പ്യൻ അങ്ങനെ ആണെങ്കിൽ ഈ മത്സരം താൻ നന്നായി ആസ്വദിച്ചത് ആയി നദാൽ കൂട്ടിച്ചേർത്തു. ആരാധകർക്ക് നന്ദി പറഞ്ഞ താരം എന്നത്തേയും പോലെ അവർ അത്രമേൽ തനിക്ക് പ്രിയപ്പെട്ടത് ആണെന്നും കൂട്ടിച്ചേർത്തു.

മികച്ച മത്സരത്തിന് സാഷയെ അഭിനന്ദിച്ച നദാൽ താരം ജയം അർഹിച്ചത് ആയും കൂട്ടിച്ചേർത്തു. കഴിഞ്ഞ 2 വർഷം പരിക്ക് കാരണം ഭയങ്കര ബുദ്ധിമുട്ട് ആയതിനാൽ തന്നെ ഫ്രഞ്ച് ഓപ്പണിലേക്കുള്ള മടങ്ങിവരവ് സ്വപ്നം ആയിരുന്നു എന്നും നദാൽ പറഞ്ഞു. ഇനി ഒരു ഫ്രഞ്ച് ഓപ്പൺ കളിക്കും എന്നു ഉറപ്പില്ല എന്നു പറഞ്ഞ നദാൽ ഈ വർഷം ഒളിമ്പിക്സ് കളിക്കാൻ ഈ മൈതാനത്ത് തിരിച്ചെത്തും എന്നു പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ കുടുംബത്തിനും ടീമിനും ഫ്രഞ്ച് ഓപ്പൺ അധികൃതർക്കും നന്ദി പറഞ്ഞ നദാൽ ഒരിക്കൽ കൂടി കാണാം എന്ന പ്രതീക്ഷയോടെയാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. വളരെ വികാരീതനായി കാണപ്പെട്ട നദാൽ ഇടക്ക് കരയുന്നതും കാണാൻ ആയി, പ്രശസ്തർ ഒരുപാട് പേർ തിങ്ങിനിറഞ്ഞ റോളണ്ട് ഗാരോസ് വേദിയിൽ ആരാധകരും നദാലിന് ഒപ്പം കരയുന്നതിനും ലോകം സാക്ഷിയായി.

യുഗാന്ത്യം? റാഫ നദാൽ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത്

റോളണ്ട് ഗാരോസിൽ കളിമണ്ണ് കോർട്ടിലെ ദൈവം റാഫേൽ നദാലിന് ആദ്യ റൗണ്ടിൽ മടക്കം. ദീർഘകാലത്തെ പരിക്കിന്‌ ശേഷം ഫ്രഞ്ച് ഓപ്പൺ കളിക്കാൻ എത്തിയ റാഫ നദാൽ ആദ്യ റൗണ്ടിൽ നാലാം സീഡ് സാഷ സെരവിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയപ്പെട്ടത്. ആദ്യ സർവീസിൽ തന്നെ ബ്രേക്ക് വഴങ്ങി കളി തുടങ്ങിയ നദാൽ തന്റെ പഴയ പ്രതാപം ഇടക്ക് പുറത്ത് എടുക്കുന്നതും കണ്ടു. ജ്യോക്കോവിച്ചും, അൽകാരസും, സ്വിയെറ്റകും അടക്കം ടെന്നീസ് ലോകത്തിലെ പ്രമുഖർ എല്ലാം കളി കാണാൻ എത്തിയ മത്സരത്തിൽ മൂന്നു മണിക്കൂർ പോരാട്ടത്തിന് ഒടുവിൽ ആണ് നദാൽ കീഴടങ്ങിയത്. ആദ്യ സെറ്റിൽ 2 തവണ ബ്രേക്ക് വഴങ്ങിയ നദാൽ സെറ്റ് 6-3 നു കൈവിട്ടു.

എന്നാൽ രണ്ടാം സെറ്റിൽ കൂടുതൽ പൊരുതിയ നദാൽ സാഷയുടെ സർവീസ് ബ്രേക്ക് ചെയ്യുന്നതും കണ്ടു. എന്നാൽ ടൈബ്രേക്കറിലേക്ക് പോയ ഉഗ്രൻ സെറ്റിൽ പക്ഷെ 7-5 ടൈബ്രേക്കർ പിടിച്ച സാഷ സെറ്റ് 7-6 നു സ്വന്തം പേരിലാക്കി. മൂന്നാം സെറ്റിലും നദാലിന്റെ പോരാട്ടം കണ്ടെങ്കിലും ഒരിഞ്ചു വിട്ടു നൽകാൻ സാഷ തയ്യാറായില്ല. രണ്ടു തവണ നദാലിന്റെ സർവീസ് ഈ സെറ്റിലും ജർമ്മൻ താരം ബ്രേക്ക് ചെയ്തു. എന്നാൽ ഇടക്ക് രണ്ടു ബ്രേക്ക് പോയിന്റ് സൃഷ്ടിച്ചു നദാൽ തനിക്ക് ആയി ആർത്തു വിളിച്ച ആരാധകരെ ആവേശം കൊള്ളിച്ചെങ്കിലും സാഷ ഇത് മികച്ച കളിയിയിലൂടെ തിരിച്ചു പിടിച്ചു. ഒടുവിൽ സെറ്റ് 6-3 നു അടിയറവ് പറഞ്ഞ നദാൽ മത്സരത്തിൽ പരാജയം സമ്മതിച്ചു. 14 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ നദാൽ ഇത് ആദ്യമായാണ് ആദ്യ റൗണ്ടിൽ പുറത്ത് ആവുന്നത്. തന്റെ അവസാനത്തെ ഫ്രഞ്ച് ഓപ്പൺ മത്സരം ആവാം ഇത് എന്നു നേരത്തെ പറഞ്ഞ നദാലിനെ ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിൽ തോൽപ്പിക്കുന്ന വെറും മൂന്നാമത്തെ മാത്രം താരമായി സാഷ മാറി.

മോണ്ടി കാർലോ മാസ്റ്റേഴ്സിൽ നിന്ന് റാഫേൽ നദാൽ പിൻമാറി

മോണ്ടി കാർലോ മാസ്റ്റേഴ്സിൽ നിന്ന് റാഫേൽ നദാൽ പിൻമാറി, വ്യാഴാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നദാൽ തന്നെയാണ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ഈ സീസണിലെ കളിമണ്ണിൽ ആദ്യ എടിപി മാസ്റ്റേഴ്സ് 1000 ഇവൻ്റ് ആണ് മോണ്ടി കാർലോ മാസ്റ്റേഴ്സ്‌. ഏപ്രിൽ 7 മുതൽ 14 വരെ ആണ് ടൂർണമെന്റ് നടക്കുന്നത്.

“ഇത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള നിമിഷങ്ങളാണ്. നിർഭാഗ്യവശാൽ ഞാൻ മോണ്ടി കാർലോയിൽ കളിക്കാൻ പോകുന്നില്ല എന്ന് നിങ്ങളെ അറിയിക്കുന്നു. എൻ്റെ ശരീരം എന്നെ അനുവദിക്കുന്നില്ല” 11 തവണ ടൂർണമെൻ്റ് വിജയിച്ച നദാൽ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ നദാലിന് ഇടുപ്പിന് പരിക്കേറ്റിരുന്നു. ഇത് കാരണം സീസൺ മുഴുവൻ 37കാരൻ പുറത്തിരിക്കേണ്ടി വന്നു.

ഏറ്റവും പുതിയ എടിപി റാങ്കിങ്ങിൽ മുൻ ലോക ഒന്നാം നമ്പർ താരം നദാൽ 649-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

നദാൽ പിന്മാറി നഗാൽ ഇന്ത്യൻസ് വെൽസ് കളിക്കും

ഇന്ത്യൻ വെൽസ് മെയിൻ ഡ്രോയിൽ ഇന്ത്യൻ താരം സുമിത് നഗാൽ കളിക്കും. റാഫേൽ നദാൽ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം പിന്മാറിയതാണ് നഗാലിന് അവസരം കിട്ടാൻ കാരണമായത്‌. നഗാൽ ആദ്യ മത്സരത്തിൽ മുൻ ലോക മൂന്നാം നമ്പർ താരം മിലോസ് റാവോനിക്കിനെ ആകും നേരിടുക.

യോഗ്യതാ റൗണ്ടിൻ്റെ അവസാന റൗണ്ടിൽ നേരത്തെ നാഗൽ പരാജയപ്പെട്ടിരുന്നു. എന്നാൽ നദാലിന്റെ പിന്മാറ്റം കാരണം ഒഴിവു വന്ന സ്ഥാനം നഗാലിന് കൊടുക്കാൻ തീരുമാമനം ഉണ്ടായി. നേരത്തെ അലക്സി പോപ്പിറിൻ പിൻവാങ്ങിയപ്പോൾ റോഡിയോനോവ് നെയിൻ ഡ്രോയിൽ എത്തിയിരുന്നു.

നാഗലിൻ്റെ എടിപി മാസ്റ്റേഴ്സ് 1000 മെയിൻ ഡ്രോ അരങ്ങേറ്റമാകും ഇത്‌. മാർച്ച് 8, വെള്ളിയാഴ്ച, 7.30AM ISTക്ക് ആകും നഗാലിന്റ്ർ മത്സരം നടക്കുക. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ കളി സംപ്രേക്ഷണം ചെയ്യുകയും SonyLIV-ൽ ലൈവ് ആയി സ്ട്രീം ചെയ്യുകയും ചെയ്യും.

നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി

22 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. ബ്രിസ്‌ബേൻ ഇന്റർനാഷണലിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ഇടയിലേറ്റ പരിക്കാണ് നദാലിന് തിരിച്ചടിയായി. മസിൽ ഇഞ്ച്വറി മാറാൻ സമയമാകും എന്നും ഓസ്ട്രേലിയൻ ഓപ്പണ് അദ്ദേഹം ഉണ്ടാകില്ല എന്നും അദ്ദേഹത്തിന്റെ ക്യാമ്പ് അറിയിച്ചു.

ബ്രിസ്‌ബേൻ ഇന്റർനാഷണലിൽ ഓസ്‌ട്രേലിയയുടെ ജോർദാൻ തോംസണോട് ക്വാർട്ടർ ഫൈനലിൽ ആയിരുന്നു നദാലിന് പരിക്കേറ്റത്. പരിക്ക് ബാധിച്ചത് കൊണ്ട് തന്നെ ആ മത്സരം നദാൽ പരാജയപ്പെടുകയും ചെയ്തിരുന്നു. ജനുവരി 14ന് ആണ് ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. പരിക്ക് കാരണം അവസാന ഒരു വർഷത്തോളമായി നദാൽ കളത്തിന് പുറത്തായിരുന്നു.

Exit mobile version