നോവാക് ജോക്കോവിച്ച് കരിയറിലെ 101-ാം കിരീടം ഏഥൻസിൽ സ്വന്തമാക്കി


ലോക ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച് തന്റെ ഐതിഹാസിക കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ശനിയാഴ്ച നടന്ന ഏഥൻസ് ഓപ്പൺ ഫൈനലിൽ ഇറ്റലിയുടെ ലോറെൻസോ മുസെറ്റിയെ പരാജയപ്പെടുത്തിയാണ് 38-കാരനായ സെർബിയൻ താരം തന്റെ 101-ാമത് എടിപി കിരീടം നേടിയത്.

4-6, 6-3, 7-5 എന്ന സ്കോറിന് മൂന്ന് സെറ്റുകൾ നീണ്ട ആവേശകരമായ പോരാട്ടത്തിൽ, ജോക്കോവിച്ച് തന്റെ മനഃശക്തി ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. ഇതോടെ കരിയറിൽ 100-ൽ അധികം കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ മാത്രം പുരുഷ താരമായി അദ്ദേഹം മാറി.



നിലവിൽ 101 കരിയർ കിരീടങ്ങളുള്ള ജോക്കോവിച്ച്, ഏറ്റവും കൂടുതൽ എടിപി കിരീടങ്ങളുള്ള താരങ്ങളുടെ പട്ടികയിൽ റോജർ ഫെഡററുടെ (103 കിരീടങ്ങൾ) റെക്കോർഡിന് വെറും രണ്ട് കിരീടങ്ങൾ മാത്രം പിന്നിലാണ്. എക്കാലത്തെയും റെക്കോർഡ് ഇപ്പോഴും ജിമ്മി കോണേഴ്സിന്റെ (109 കിരീടങ്ങൾ) പേരിലാണ്.


കാർലോസ് അൽകാരസ് നോവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് യുഎസ് ഓപ്പൺ ഫൈനലിൽ


കാർലോസ് അൽകാരസ് നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് യു എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി. 22-കാരനായ സ്പാനിഷ് താരം 6-4, 7-6 (7/4), 6-2 എന്ന സ്കോറിന് ആണ് 38-കാരനായ ഇതിഹാസ താരത്തെ കീഴ്പ്പെടുത്തിയത്. ഇതോടെ, റെക്കോർഡ് 25-ആം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടാനുള്ള ജോക്കോവിച്ചിന്റെ സ്വപ്നം നീണ്ടു.

ഈ വിജയത്തോടെ അൽകാരസ് തന്റെ രണ്ടാം യുഎസ് ഓപ്പൺ ഫൈനലിലെത്തി. അതുകൂടാതെ ഹാർഡ് കോർട്ടിൽ ജോക്കോവിച്ചിനെതിരെ അൽകാരസിന്റെ ആദ്യ വിജയം കൂടിയാണിത്.
ആദ്യ ഗെയിം മുതൽ കളി നിയന്ത്രിച്ചത് അൽകാരസായിരുന്നു, തുടക്കത്തിൽ തന്നെ ജോക്കോവിച്ചിനെ ബ്രേക്ക് ചെയ്ത് താരം തന്റെ ആധിപത്യം ഉറപ്പിച്ചു. രണ്ടാം സെറ്റിൽ ജോക്കോവിച്ച് 3-0ന് മുന്നിലെത്തി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, സ്പാനിഷ് താരത്തിന്റെ ഊർജ്ജസ്വലത കളിയുടെ ഗതി മാറ്റി. തിരിച്ചെത്തിയ അൽകാരസ്, ടൈബ്രേക്ക് നേടി, ലീഡ് വിട്ടുകൊടുക്കാതെ പിടിച്ചുനിന്നു.


ഇനി എല്ലാവരുടെയും കണ്ണുകൾ, നിലവിലെ ചാമ്പ്യൻ യാനിക് സിന്നർ-ഉം അൽകാരസ്-ഉം ഫൈനലിൽ ഏറ്റുമുട്ടുമോ എന്ന അറിയാനുള്ള രണ്ടാം സെമി പോരാട്ടത്തിലേക്കാണ്. കനേഡിയൻ താരം ഫെലിക്സ് ഓഗർ-അലിയാസിമെയുമായാണ് സിന്നറിന്റെ സെമി പോരാട്ടം.

ജോക്കോവിച് യുഎസ് ഓപ്പൺ സെമിഫൈനലിൽ! ഇനി അൽകാരസിന് എതിരെ


യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ടെയ്ലർ ഫ്രിറ്റ്സിനെ നാല് സെറ്റുകൾക്ക് (6-3, 7-5, 3-6, 6-4) പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് സെമിഫൈനലിൽ പ്രവേശിച്ചു. 24 തവണ ഗ്രാൻഡ് സ്ലാം ജേതാവായ താരം ഇതോടെ ഈ സീസണിൽ നാല് പ്രധാന ടൂർണമെന്റിലും സെമി ഫൈനലിൽ എത്തി.


ഈ വിജയത്തോടെ ജോക്കോവിച്ച്- കാർലോസ് അൽകാരസ് സെമിഫൈനൽ പോരാട്ടത്തിനും കളമൊരുങ്ങി. തൻ്റെ അഞ്ചാമത്തെ യുഎസ് ഓപ്പൺ കിരീടമാണ് ലക്ഷ്യമിടുന്നത്. അൽകാരസിന് എതിരെ ഹാർഡ് കോർട്ടിൽ ജോക്കോവിചിന് മികച്ച റെക്കോർഡ് ആണ്. എന്നാൽ അൽകാരസ് ആകട്ടെ അവസാന 36 മത്സരങ്ങളിൽ 35ഉം ജയിച്ച് തന്റെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്.

വേദന അതിജീവിച്ചു ജയിച്ചു നൊവാക് ജ്യോക്കോവിച് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഏഴാം സീഡും 25 തവണ ഗ്രാന്റ് സ്ലാം ജേതാവും ആയ 38 കാരനായ നൊവാക് ജ്യോക്കോവിച്. മൂന്നാം റൗണ്ടിൽ ബാക്ക് പെയിൻ അതിജീവിച്ചു ആണ് താരം ജയം കണ്ടത്. ബ്രിട്ടീഷ് താൻ കാമറൂൺ നോറിയെ നാലു സെറ്റ് പോരാട്ടത്തിൽ 6-4, 6-7, 6-2, 6-3 എന്ന സ്കോറിന് ആണ് സെർബിയൻ താരം തോൽപ്പിച്ചത്. ജയത്തോടെ ഗ്രാന്റ് സ്ലാമുകളിൽ ഹാർഡ് കോർട്ടിൽ ഏറ്റവും കൂടുതൽ ജയങ്ങൾ നേടുന്ന താരമായി ജ്യോക്കോവിച് മാറി.

192 ജയങ്ങൾ ആണ് ഓസ്‌ട്രേലിയൻ ഓപ്പൺ, യു.എസ് ഓപ്പൺ എന്നിവയിൽ ആണ് ജ്യോക്കോവിച് നേടിയത്. അവസാന പതിനാറ് പോരാട്ടത്തിൽ സീഡ് ചെയ്യാത്ത ജർമ്മൻ താരം യാൻ-ലനാർഡ് സ്ട്രഫ്‌ ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. അതേസമയം സ്വിസ് താരം ജെറോമിനെ 7-6, 6-7, 6-4, 6-4 എന്ന സ്കോറിന് തോൽപ്പിച്ചു നാലാം സീഡ് അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സും യു.എസ് ഓപ്പൺ അവസാന പതിനാറിലേക്ക് മുന്നേറി.

വിരലിന് പരിക്കേറ്റിട്ടും ജോക്കോവിച് യു.എസ്. ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി


ന്യൂയോർക്ക്: ചരിത്രത്തിലെ 25-ാമത്തെ ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് യു.എസ്. ഓപ്പണിൽ ഇറങ്ങിയ സെർബിയൻ ഇതിഹാസം നോവാക് ഡ്യോക്കോവിച്ചിന് ആദ്യ മത്സരത്തിൽത്തന്നെ കടുത്ത പോരാട്ടം. കാലിലെ വിരലിനേറ്റ പരിക്കിനെ അവഗണിച്ചുകൊണ്ട്, 19 വയസ്സുകാരനായ അമേരിക്കൻ താരം ലേണർ ടിയനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 7-6 (7/3), 6-2) ജോക്കോവിച് കീഴടക്കി.


ആദ്യ സെറ്റിൽ ഡ്യോക്കോവിച്ചിന്റെ ആധിപത്യമായിരുന്നു കണ്ടത്. വെറും 20 മിനിറ്റുകൊണ്ട് ഡ്യോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ ലേണർ ടിയൻ ശക്തമായി തിരിച്ചുവന്നു. ടൈ-ബ്രേക്കറിലേക്ക് നീങ്ങിയ സെറ്റ്, നിർണായക നിമിഷങ്ങളിൽ പതറാതെ ഡ്യോക്കോവിച്ച് നേടി. തുടർന്ന്, കാലിലെ വിരലിലെ ബ്ലിസ്റ്ററിന് ചികിത്സ തേടിയ ശേഷം മൂന്നാം സെറ്റിൽ ഡ്യോക്കോവിച്ച് വീണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്ത് മത്സരം സ്വന്തമാക്കി.


രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം സാക്കറി സ്വജ്ദയെയാണ് ജോക്കോവിച് നേരിടുക.

ജ്യോക്കോവിച്ചിനെ തകർത്തു യാനിക് സിന്നർ വിംബിൾഡൺ ഫൈനലിൽ

ഏഴു തവണ വിംബിൾഡൺ ചാമ്പ്യൻ ആയ ആറാം സീഡ് നൊവാക് ജ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഒന്നാം സീഡ് യാനിക് സിന്നർ വിംബിൾഡൺ ഫൈനലിൽ. തുടർച്ചയായ അഞ്ചാം തവണയാണ് സിന്നർ ജ്യോക്കോവിച്ചിനെ തോൽപ്പിക്കുന്നത്. മുമ്പ് റാഫേൽ നദാൽ മാത്രമാണ് ഈ നേട്ടം കൈവരിച്ച ഏക താരം. ഫെഡറർ, നദാൽ, മറെ എന്നിവർക്ക് ശേഷം കളിമണ്ണ്, പുൽ മൈതാനം, ഹാർഡ് കോർട്ട് എന്നീ മൂന്നു സർഫസുകളിലും ജ്യോക്കോവിച്ചിനെ തോൽപ്പിക്കുന്ന താരവുമായി സിന്നർ മാറി.

2 മണിക്കൂർ താഴെ സമയം കൊണ്ട് 6-3, 6-3, 6-4 എന്ന സ്കോറിന് അനായാസം ആണ് ജ്യോക്കോവിച്ചിനെ സിന്നർ തകർത്തത്. കരിയറിലെ അഞ്ചാം ഗ്രാന്റ് സ്ലാം ഫൈനൽ ആണ് സിന്നറിന് ഇത്, 2025 യു.എസ് ഓപ്പൺ ഫൈനലിന് ശേഷം തുടർച്ചയായ നാലാം ഗ്രാന്റ് സ്ലാം ഫൈനലും. ഫൈനലിൽ രണ്ടാം സീഡും നിലവിലെ ചാമ്പ്യനും ആയ അൽകാരസ് ആണ് സിന്നറിന്റെ എതിരാളി. 2008 ൽ ഫെഡറർക്കും നദാലിനും ശേഷം ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനലുകളിൽ ഒരേ താരങ്ങൾ ആണ് ഏറ്റുമുട്ടുന്നത് എന്നതും ഈ ഫൈനലിന്റെ പ്രത്യേകതയാണ്. റോളണ്ട് ഗാരോസിൽ ഓപ്പൺ യുഗത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഫൈനലിൽ ഏതാണ്ട് അഞ്ചര മണിക്കൂറിനു ശേഷം അൽകാരാസിന്റെ തിരിച്ചു വരവിൽ വീണ സിന്നർ സ്പാനിഷ് താരത്തോട് ഇത്തവണ പ്രതികാരം ചെയ്യുമോ എന്നത് ആണ് ചോദ്യം.

ക്രിസ് എവർട്ടിന്റെ ഗ്രാൻഡ് സ്ലാം റെക്കോർഡിനൊപ്പമെത്തി ജോക്കോവിച്ച്


വിംബിൾഡൺ 2025-ൽ തന്റെ ചരിത്രപരമായ യാത്ര തുടർന്ന നോവാക് ജോക്കോവിച്ച് ടൂർണമെന്റിൽ 14-ആം തവണയും സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഓപ്പൺ എറയിൽ 52 ഗ്രാൻഡ് സ്ലാം സെമിഫൈനൽ പ്രവേശനമെന്ന ക്രിസ് എവർട്ടിന്റെ എക്കാലത്തെയും റെക്കോർഡിനൊപ്പമെത്തി. സെന്റർ കോർട്ടിൽ മൂന്ന് മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ടുനിന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇറ്റലിയുടെ ഫ്ലാവിയോ കോബോളിയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും, 6-7 (6-8), 6-2, 7-5, 6-4 എന്ന സ്കോറിന് ജോക്കോവിച് വിജയിച്ചു.


തുടക്കത്തിൽ ഒരു ബ്രേക്ക് നേടിയെങ്കിലും, കോബോളി ആദ്യ സെറ്റ് ടൈബ്രേക്കറിൽ നിന്ന് പിടിച്ചെടുത്ത് സെർബിയൻ താരത്തെ ഞെട്ടിച്ചു. എന്നാൽ ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ ജോക്കോവിച്ച് ശക്തമായി തിരിച്ചെത്തി. രണ്ടാം സെറ്റിൽ ഇരട്ട ബ്രേക്കുകളോടെ ആധിപത്യം സ്ഥാപിച്ച് മത്സരം സമനിലയിലാക്കി. നിർണായകമായ മൂന്നാം സെറ്റിൽ, ജോക്കോവിച്ച് വൈകി നേടിയ ഒരു പ്രധാന ബ്രേക്കിലൂടെ 7-5ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിലും അതേ മാതൃക ആവർത്തിച്ച അദ്ദേഹം 4-4ന് ബ്രേക്ക് നേടി സർവ് നിലനിർത്തി മത്സരം ഉറപ്പിച്ചു.


ഈ വിജയത്തോടെ, ലോക ഒന്നാം നമ്പർ താരം യാനിക്ക് സിന്നറുമായാകും ജോക്കോവിച്ച് സെമിഫൈനലിൽ കളിക്കുക.

നോവാക് ജോക്കോവിച്ച് 16-ാം തവണയും വിമ്പിൾഡൺ ക്വാർട്ടർ ഫൈനലിൽ


നോവാക് ജോക്കോവിച്ച്. ഓസ്‌ട്രേലിയയുടെ അലക്സ് ഡി മിനോറിനെ 1-6, 6-4, 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി 16-ാം തവണയും വിമ്പിൾഡൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മികച്ച തുടക്കമിട്ട ഡി മിനോർ ആദ്യ സെറ്റിൽ ആധിപത്യം സ്ഥാപിക്കുകയും രണ്ടാം സെറ്റിൽ 5-1ന് മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, മുൻപ് പലതവണ കണ്ടിട്ടുള്ളത് പോലെ, ജോക്കോവിച്ച് തന്റെ തനതായ പോരാട്ടവീര്യവും കൃത്യതയും കൊണ്ട് മത്സരത്തെ മാറ്റിമറിച്ചു.

രണ്ടാം സെറ്റ് സ്വന്തമാക്കാൻ അദ്ദേഹം തുടർച്ചയായി അഞ്ച് ഗെയിമുകൾ നേടി, മത്സരം പുരോഗമിക്കവേ പതിയെ തന്റെ ആധിപത്യം ഉറപ്പിച്ചു. 1-4 എന്ന നിലയിൽ നിന്ന് സെർബിയൻ താരം അവസാനത്തെ 15 പോയിന്റുകളിൽ 14 എണ്ണവും നേടി, എതിരാളിയുടെ താളവും മനോവീര്യവും പൂർണ്ണമായും തകർക്കുന്ന അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു അത്. വിമ്പിൾഡണിൽ ഇത് തുടർച്ചയായ എട്ടാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്, കൂടാതെ മൊത്തത്തിൽ 50-ാമത്തെ ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലുമാണ്.


വിംബിൾഡണിൽ നൂറാം ജയം കുറിച്ചു നൊവാക് ജ്യോക്കോവിച് അവസാന പതിനാറിൽ

നാട്ടുകാരനായ മിയോമിർ കെചനോവിചിനെ 6-3, 6-0, 6-4 എന്ന സ്കോറിന് തകർത്തു ആറാം സീഡും ഏഴു തവണ വിംബിൾഡൺ നൊവാക് ജ്യോക്കോവിച് അവസാന പതിനാറിൽ. വിംബിൾഡണിൽ സെർബിയൻ താരം ഇതോടെ 100 ജയങ്ങൾ പൂർത്തിയാക്കി. മാർട്ടീന നവരതിനോവ, റോജർ ഫെഡറർ എന്നിവർക്ക് ശേഷം ഓപ്പൺ യുഗത്തിൽ വിംബിൾഡണിൽ 100 ജയങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമാണ് ജ്യോക്കോവിച്. ഫ്രഞ്ച് ഓപ്പണിലും നൂറിൽ അധികം ജയങ്ങൾ ഉള്ള ജ്യോക്കോവിച് ഫെഡറർ കഴിഞ്ഞാൽ 2 ഗ്രാന്റ് സ്ലാമുകളിൽ 100 ൽ അധികം വിജയങ്ങൾ നേടുന്ന ഓപ്പൺ യുഗത്തിലെ രണ്ടാമത്തെ താരവുമാണ്. നാലു ഗ്രാന്റ് സ്ലാമുകളിലും 90 ൽ അധികം ജയങ്ങൾ സെർബിയൻ താരത്തിന് ഇപ്പോൾ ഉണ്ട്.

രണ്ടാം സെറ്റിൽ 6-0 നു സെറ്റ് നേടിയ ജ്യോക്കോവിച് 6-0 നു ഗ്രാന്റ് സ്ലാമുകളിൽ ഇത് 51 മത്തെ തവണയാണ് സെറ്റ് നേടുന്നത്. ഇതോടെ ഗ്രാന്റ് സ്ലാമുകളിൽ ഏറ്റവും കൂടുതൽ 6-0 നു സെറ്റ് നേടിയ താരവുമായി ജ്യോക്കോവിച്. കിരീടപോരാട്ടത്തിൽ ഈ പ്രായത്തിലും താൻ ഉണ്ടാവും എന്ന സൂചനയാണ് നിലവിൽ നൊവാക് നൽകുന്നത്. അനായാസ ജയത്തോടെ പത്താം സീഡ് അമേരിക്കയുടെ ബെൻ ഷെൽട്ടൻ, 11 സീഡ് ഓസ്‌ട്രേലിയയുടെ അലക്‌സ് ഡിമിനോർ, 19 സീഡ് ഗ്രിഗോർ ദിമിത്രോവ് എന്നിവരും വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി. അലക്‌സ് ഡിമിനോർ ആണ് അവസാന പതിനാറിൽ ജ്യോക്കോവിച്ചിന്റെ എതിരാളി. കഴിഞ്ഞ റൗണ്ടിൽ നാലാം സീഡിനെ ഞെട്ടിച്ച മാരിൻ സിലിച്ചും നാലു സെറ്റ് പോരാട്ടത്തിന് ഒടുവിൽ അവസാന പതിനാറിൽ എത്തി.

വിംബിൾഡൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ജോക്കോവിച്ച്


ചരിത്രപരമായ 25-ാമത്തെ ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടുള്ള തന്റെ യാത്രയിൽ, നോവാക് ജോക്കോവിച്ച് വിംബിൾഡൺ 2025-ന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നു. ബ്രിട്ടീഷ് വൈൽഡ്കാർഡ് താരം ഡാൻ എവാൻസിനെ 6-3, 6-2, 6-0 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ജോക്കോവിച്ച് തകർത്തു. ഒരു മണിക്കൂറും 47 മിനിറ്റും മാത്രമാണ് എടുത്തത്.


ഈ വർഷം ആറാം സീഡായ 38 വയസ്സുകാരൻ, അലക്സാണ്ടർ മുള്ളറിനെതിരായ ആദ്യ റൗണ്ട് വിജയത്തിൽ അലട്ടിയ വയറുവേദനയുടെ ഒരു ലക്ഷണവും ഇന്ന് കാണിച്ചില്ല.


ഈ വിജയത്തോടെ, മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളുടെ റെക്കോർഡ് മറികടക്കാനുള്ള തന്റെ സ്വപ്നം ജോക്കോവിച്ച് സജീവമാക്കി നിർത്തി. അതോടൊപ്പം റോജർ ഫെഡററുടെ എട്ട് വിംബിൾഡൺ കിരീടങ്ങൾ എന്ന നേട്ടത്തിനൊപ്പമെത്താനും അദ്ദേഹം ഒരുപടി കൂടി അടുത്തു.

ഫ്രഞ്ച് ഓപ്പൺ: സെമിയിൽ സിന്നർ-ജോക്കോവിച്ച് പോരാട്ടം


റോളണ്ട് ഗാരോസിൽ നടന്ന ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ അലക്സാണ്ടർ സ്വെരേവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി സെർബിയൻ ഇതിഹാസം നോവാക് ജോക്കോവിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു. 38 വയസ്സുകാരനായ ജോക്കോവിച്, മൂന്നാം സീഡായ സ്വെരേവിനെ 4-6, 6-3, 6-2, 6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ 51-ാമത് ഗ്രാൻഡ് സ്ലാം സെമി ഫൈനലാണ്, ഇത് ഒരു റെക്കോർഡ് നേട്ടമാണ്.


ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിചിന്റെ 101-ാമത് വിജയമാണിത്. കഴിഞ്ഞ വർഷം പാരീസ് ഗെയിംസിൽ ഒളിമ്പിക് സ്വർണ്ണം നേടിയത് ഇതേ വേദിയിൽ വെച്ചായിരുന്നു.
കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ സ്വെരേവ് ആദ്യ സെറ്റിൽ ജോക്കോവിച്ചിനെ ബ്രേക്ക് ചെയ്തുകൊണ്ട് മികച്ച തുടക്കമാണ് നടത്തിയത്. എന്നാൽ, പരിചയസമ്പന്നനായ ജോക്കോവിച് പിന്നീട് തിരികെ വന്നു. ഡ്രോപ്പ് ഷോട്ടുകൾ (മൊത്തം 35 എണ്ണം) ഉപയോഗിച്ച് സ്വെരേവിന്റെ താളം തെറ്റിച്ചു.



രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ജോക്കോവിച്ച് സ്വെരേവിനെ ബ്രേക്ക് ചെയ്യുകയും 4-1 ന് മുന്നിലെത്തുകയും ചെയ്തതാണ് മത്സരത്തിലെ വഴിത്തിരിവായത്. മൂന്ന് മണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തിന് ശേഷം തന്റെ അഞ്ചാമത്തെ മാച്ച് പോയിന്റിൽ മത്സരം അവസാനിപ്പിച്ചു.



സെമി ഫൈനലിൽ അദ്ദേഹം ഒന്നാം സീഡായ ജാനിക് സിന്നറിനെ നേരിടും. അലക്സാണ്ടർ ബുബ്ലിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് സിന്നർ നേരത്തെ സെമിയിൽ പ്രവേശിച്ചിരുന്നു.
ജോക്കോവിച് കിരീടം നേടുകയാണെങ്കിൽ, ടെന്നീസ് ചരിത്രത്തിൽ 25 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറും.

റോളണ്ട് ഗാരോസിൽ 100ആം വിജയം നേടി ജോക്കോവിച്ച്


നോവാക് ജോക്കോവിച്ച് 2025 ലെ ഫ്രഞ്ച് ഓപ്പണിൻ്റെ ക്വാർട്ടർ ഫൈനലിൽ അനായാസമായി പ്രവേശിച്ചു. ബ്രിട്ടൻ്റെ കാമറൂൺ നോറിയെ 6-2, 6-3, 6-2 എന്ന സ്കോറിന് തകർത്താണ് ജോക്കോവിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ റോളണ്ട് ഗാരോസിൽ 100 മത്സരങ്ങൾ വിജയിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ പുരുഷ താരമായി 38 കാരനായ സെർബിയൻ ഇതിഹാസം മാറി. റാഫേൽ നടാലാണ് (112) ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.


ഈ വിജയം ജോക്കോവിച്ചിൻ്റെ 25-ാം ഗ്രാൻഡ് സ്ലാം കിരീടം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരാൻ സഹായിക്കുക മാത്രമല്ല, മത്സര വിജയങ്ങളുടെ കാര്യത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിലെ തൻ്റെ 99 വിജയങ്ങളെ മറികടന്ന് റോളണ്ട് ഗാരോസിനെ ഏറ്റവും കൂടുതൽ വിജയം നേടിയ മേജറാക്കി മാറ്റുകയും ചെയ്തു (ഓസ്‌ട്രേലിയൻ ഓപ്പണിൽ 10 കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്).



ഇത് അദ്ദേഹത്തിൻ്റെ തുടർച്ചയായ 16-ാം ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലാണ്. 1971 ൽ 39 വയസ്സിൽ ഇസ്തവാൻ ഗുല്യാസ് എത്തിയതിന് ശേഷം അവസാന എട്ടിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം കൂടിയാണ് ജോക്കോവിച്ച്.


2025 സീസൺ അത്ര മികച്ചതായിരുന്നില്ലെങ്കിലും, തൻ്റെ 100-ാം ടൂർ-ലെവൽ ട്രോഫിയുമായിട്ടാണ് ജോക്കോവിച്ച് പാരീസിൽ എത്തിയത്. ടൂർണമെൻ്റിൽ ഇതുവരെ അദ്ദേഹം ഒരു സെറ്റ് പോലും നഷ്ടപ്പെടുത്തിയിട്ടില്ല – 12 സെറ്റുകൾ കളിച്ചു, 12 ലും വിജയിച്ചു.
ക്വാർട്ടർ ഫൈനലിൽ മൂന്നാം സീഡ് അലക്സാണ്ടർ സ്വെരേവിനെയാണ് അദ്ദേഹം അടുത്തതായി നേരിടുക.

Exit mobile version