വിംബിൾഡൺ ആദ്യ റൗണ്ടിൽ വീണു മെദ്വദേവും സിറ്റിപാസും

വിംബിൾഡൺ ആദ്യ ദിനത്തിൽ തന്നെ വമ്പൻ അട്ടിമറികൾ. സീസണിൽ മോശം ഫോമിലുള്ള റഷ്യൻ താരവും ഒമ്പതാം സീഡും ആയ ഡാനിൽ മെദ്വദേവ് സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ബെഞ്ചമിൻ ബോൻസിയോട് നാലു സെറ്റ് നീണ്ട മത്സരത്തിൽ തോറ്റു പുറത്തായി. 2 സെറ്റുകളിൽ ടൈബ്രേക്ക് കണ്ട മത്സരത്തിൽ 7-6, 3-6, 7-6, 6-2 എന്ന സ്കോറിന് ആണ് മുൻ ഗ്രാന്റ് സ്ലാം ജേതാവ് മത്സരം തോറ്റത്. 14 ഏസുകൾ ഉതിർത്ത താരം പക്ഷെ 12 ഇരട്ട സർവീസ് പിഴകൾ ആണ് വരുത്തിയത്.

കടുത്ത നിരാശ മത്സരത്തിന് ശേഷം താരത്തിന്റെ മുഖത്തിൽ കാണാൻ ഉണ്ടായിരുന്നു. അതേസമയം പരിക്കിൽ നിന്നു തിരിച്ചു വന്ന 24 സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസും ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു പുറത്തായി. സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം വലന്റിൻ റോയറിനോട് 6-3, 6-2 എന്ന സ്കോറിന് പിറകിൽ നിന്ന സിറ്റിപാസ് പരിക്ക് കാരണം മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു.

ഓസ്ട്രേലിയൻ ഓപ്പൺ 2025: സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ആദ്യ റൗണ്ടിൽ പുറത്തായി

രണ്ട് തവണ ഗ്രാൻഡ് സ്ലാം റണ്ണറപ്പായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് 2025 ലെ ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി. 20 കാരനായ അമേരിക്കൻ താരം അലക്‌സ് മൈക്കൽസനോട് നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ആണ് പരാജയപ്പെട്ടത്.

42-ാം റാങ്കുകാരനായ മിഷേൽസെൻ 7-5, 6-3, 2-6, 6-4 എന്ന സ്‌കോറിന് ആണ് വിജയിച്ചത്. ഒരു ഗ്രാൻഡ്സ്ലാമിലെ ടോപ്-20 കളിക്കാരനെതിരെയുള്ള അദ്ദേഹത്തിന്റെ ആദ്യ വിജയം ആണിത്. മൂന്നാം സെറ്റിൽ ഒരു ചെറിയ തിരിച്ചുവരവ് നടത്തി എങ്കിലും, അമേരിക്കയുടെ ആക്രമണാത്മക ഗെയിംപ്ലേയോട് പൊരുത്തപ്പെടുത്താൻ സിറ്റ്സിപാസ് പാടുപെട്ടു.

അതുഗ്രൻ! അൽകാരസ് ഫ്രഞ്ച് ഓപ്പൺ അവസാന എട്ടിൽ, ക്വാർട്ടർ ഫൈനലിൽ സിറ്റിപാസ് എതിരാളി

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. അതുഗ്രൻ പ്രകടനത്തിലൂടെ കനേഡിയൻ താരം 21 സീഡ് ഫീലിക്സിനെ 6-3, 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത അൽകാരസ് മത്സരത്തിൽ സമ്പൂർണ ആധിപത്യം ആണ് പുലർത്തിയത്. 6 തവണ എതിരാളിയുടെ സർവീസും താരം ഭേദിച്ചു. തുടർച്ചയായ മൂന്നാം തവണ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന അൽകാരസിന് ഇത് എട്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ കൂടിയാണ്.

ഇറ്റാലിയൻ താരം മറ്റെയോ അർനാൾഡിയെ 3-6, 7-6, 6-2, 6-2 എന്ന സ്കോറിന് തിരിച്ചു വന്നു മറികടന്ന ഒമ്പതാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് ആണ് അൽകാരസിന്റെ ക്വാർട്ടർ ഫൈനൽ എതിരാളി. ആദ്യ സെറ്റ് 3-6 നു കൈവിട്ട സിറ്റിപാസ് രണ്ടാം സെറ്റിൽ 3-5(15-40) പിറകിൽ നിന്ന ശേഷമാണ് മത്സരത്തിൽ തിരിച്ചു വന്നു ജയം കണ്ടത്. കരിയറിലെ എട്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ കളിക്കാൻ ഒരുങ്ങുന്ന സിറ്റിപാസിന് ഇത് ഫ്രഞ്ച് ഓപ്പണിലെ നാലാം ക്വാർട്ടർ ഫൈനൽ കൂടിയാണ്.

സിറ്റിപാസിനെ ഞെട്ടിച്ചു അമേരിക്കൻ താരം! ക്വാർട്ടർ ഫൈനലിൽ മെദ്വദേവ് എതിരാളി

അഞ്ചാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിനെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത 27 കാരനായ അമേരിക്കൻ താരം ക്രിസ്റ്റഫർ ഉബാങ്ക്സ്. 5 സെറ്റ് പോരാട്ടത്തിൽ ആണ് തന്റെ കരിയറിലെ ഏറ്റവും വലിയ ജയം കുറിച്ച അമേരിക്കൻ താരം വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു സിറ്റിപാസ് നേടിയപ്പോൾ ടൈബ്രേക്കറിലൂടെ നേടിയ ഉബാങ്ക്സ് മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റ് 6-3 നു നേടിയ സിറ്റിപാസ് മത്സരത്തിൽ ആധിപത്യം തിരിച്ചു പിടിച്ചു. എന്നാൽ നാലും അഞ്ചും സെറ്റുകൾ 6-4, 6-4 എന്ന സ്കോറിന് നേടിയ അമേരിക്കൻ താരം മത്സരം സ്വന്തം പേരിൽ കുറിച്ചു.

അവസാന രണ്ടു സെറ്റുകളിൽ നിർണായക ബ്രേക്ക് കണ്ടത്താൻ അമേരിക്കൻ താരത്തിന് ആയി. കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനൽ ആണ് ക്രിസ്റ്റഫർ ഉബാങ്ക്സിന് ഇത്. വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന മൂന്നാമത്തെ മാത്രം കറുത്ത വർഗ്ഗക്കാരൻ ആയ അമേരിക്കൻ താരം ആയി ക്രിസ്റ്റഫർ ഉബാങ്ക്സ് മാറി. കരിയറിൽ ആദ്യമായി ആണ് താരം ആദ്യ 5 റാങ്കിൽ ഉള്ള താരത്തെ തോല്പിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ മൂന്നാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവ് ആണ് അമേരിക്കൻ താരത്തിന്റെ എതിരാളി. ചെക് താരം ജിറിയെ മറികടന്നു ആണ് മെദ്വദേവ് ക്വാർട്ടറിൽ എത്തിയത്. 6-4, 6-2 എന്ന സ്കോറിന് മുന്നിട്ട് നിൽക്കുമ്പോൾ പരിക്കേറ്റ എതിരാളി മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു.

നാലു മണിക്കൂർ പോരാട്ടത്തിന് ഒടുവിൽ അൽകാരസ്, അനായാസം സിറ്റിപാസും അവസാന പതിനാറിൽ

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ് ഗാർഫിയ. 25 സീഡും ചിലി താരവും ആയ നിക്കോ ജാറിയെ ഏതാണ്ട് നാലു മണിക്കൂർ നീണ്ട നാലു സെറ്റ് പോരാട്ടത്തിൽ ആണ് അൽകാരസ് തോൽപ്പിച്ചത്. 6-3, 6-7, 6-3, 7-5 എന്ന സ്കോറിന് ആയിരുന്നു അൽകാരസിന്റെ ജയം. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത അൽകാരസ് 5 തവണ എതിരാളിയെ ബ്രേക്ക് ചെയ്തു.

നാലാം സെറ്റിൽ 3-0 നും 15-40 നും പിറകിൽ നിന്ന ശേഷം ബ്രേക്ക് പോയിന്റ് രക്ഷിച്ചാണ് അൽകാരസ് സെറ്റ് 7-5 നു ജയിച്ചു മത്സരം സ്വന്തം പേരിലാക്കിയത്. സെർബിയൻ താരം ലാസ്ലോയെ 6-4, 7-6, 6-4 എന്ന സ്കോറിന് തകർത്ത അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസ് അവസാന പതിനാറിലേക്ക് അനായാസം മുന്നേറി. മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത സിറ്റിപാസ് 3 തവണ എതിരാളിയെ ബ്രേക്ക് ചെയ്തു. അമേരിക്കൻ താരം ക്രിസ്റ്റഫർ എബാങ്ക്സും 16 സീഡ് ടോമി പോളിനെ 5 സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചു ചെക് താരം ജിറി ലെഹകയും അവസാന പതിനാറിലേക്ക് മുന്നേറി.

2 ദിവസത്തെ മാരത്തോൺ പോരാട്ടത്തിൽ മറെയെ തോൽപ്പിച്ചു സിറ്റിപാസ്,അനായാസം ജ്യോക്കോവിച്

വിംബിൾഡൺ പുരുഷ വിഭാഗത്തിൽ 2 ദിവസത്തെ ക്ലാസിക് പോരാട്ടത്തിന് ഒടുവിൽ ആന്റി മറെയെ മറികടന്നു അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസ് മൂന്നാം റൗണ്ടിൽ. അഞ്ചു സെറ്റ് പോരാട്ടത്തിൽ ഇന്നലെ 3 സെറ്റുകൾ കളിച്ചപ്പോൾ 2 സെറ്റുകൾ മറെ നേടിയിരുന്നു എന്നാൽ ഇന്ന് അവസാന 2 സെറ്റുകളും നേടി സിറ്റിപാസ് മത്സരം സ്വന്തം പേരിലാക്കി. 3 ടൈബ്രേക്കുകൾ കണ്ട പോരാട്ടത്തിൽ ഇരു താരങ്ങളും ഓരോ തവണ മാത്രമാണ് ബ്രേക്ക് വഴങ്ങിയത്. മറെ 13 ഏസുകൾ ഉതിർത്തപ്പോൾ സിറ്റിപാസ് 16 ഏസുകൾ ആണ് ഉതിർത്തത്.

7-6, 6-7, 6-4, 7-6, 6-4 എന്ന സ്കോറിന് ആണ് സിറ്റിപാസ് മത്സരം ജയിച്ചത്. സെന്റർ കോർട്ടിൽ നാട്ടുകാർക്ക് മുന്നിൽ അതുഗ്രൻ പോരാട്ടം തന്നെയാണ് ഇതിഹാസ താരം ആന്റി മറെ സമ്മാനിച്ചത്. അതേസമയം മൂന്നാം റൗണ്ടിൽ മുൻ ഗ്രാന്റ് സ്ലാം ജേതാവ് സ്റ്റാൻ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു രണ്ടാം സീഡ് നൊവാക് ജ്യോക്കോവിച് അവസാന പതിനാറിൽ എത്തി. ടൈബ്രേക്കറിൽ എത്തിയ അവസാന സെറ്റിൽ മാത്രമാണ് ജ്യോക്കോവിച് അൽപ്പം വെല്ലുവിളി നേരിട്ടത്. 6-3, 6-1, 7-6 എന്ന സ്കോറിന് ആയിരുന്നു നിലവിലെ ചാമ്പ്യന്റെ ജയം.

ബെൽജിയം താരം ഡേവിഡ് ഗോഫിനെ നാലു സെറ്റ് പോരാട്ടത്തിൽ 6-3, 6-7, 7-6, 6-2 എന്ന സ്കോറിന് മറികടന്നു ഏഴാം സീഡ് ആന്ദ്ര റൂബ്ലേവും അവസാന പതിനാറിൽ എത്തി. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ക്രിസ്റ്റഫർ ഉബാങ്ക്സിനോട് പരാജയപ്പെട്ട 12 സീഡും ബ്രിട്ടീഷ് ഒന്നാം നമ്പറും ആയ കാമറൂൺ നൂറി രണ്ടാം റൗണ്ടിൽ പുറത്തായി. കാസ്പർ റൂഡിനെ അട്ടിമറിച്ചു മൂന്നാം റൗണ്ടിൽ എത്തിയ മറ്റൊരു ബ്രിട്ടീഷ് താരം ലിയാം ബ്രോഡി 26 സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപവലോവിനോട് പരാജയപ്പെട്ടു വിംബിൾഡണിൽ നിന്നു പുറത്തായി.

ബാഴ്‌സലോണ ഓപ്പൺ കിരീടം നിലനിർത്തി കാർലോസ് അൽകാരസ്

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ ബാഴ്‌സലോണ ഓപ്പൺ കിരീടം നിലനിർത്തി കാർലോസ് അൽകാരസ് ഗാർഫിയ. ഒന്നാം സീഡ് ആയ അൽകാരസ് രണ്ടാം സീഡ് ആയ സിറ്റിപ്പാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് കിരീടം നിലനിർത്തിയത്. ഫ്രഞ്ച് ഓപ്പണിന് മുമ്പ് അൽകാരസിന് മികച്ച ഊർജ്ജം ആവും ഈ ജയം നൽകുക.

ആദ്യ സെറ്റ് 6-3 നു നേടിയ സ്പാനിഷ് താരം രണ്ടാം സെറ്റ് 6-4 നു നേടി കിരീടം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 3 ഏസുകൾ ഉതിർത്ത അൽകാരസ് ഒരിക്കൽ ബ്രേക്ക് വഴങ്ങിയെങ്കിലും ഗ്രീക്ക് താരത്തിന്റെ സർവീസ് മൂന്നു തവണയാണ് ബ്രേക്ക് ചെയ്തത്. കരിയറിൽ ഇത് ആദ്യമായാണ് അൽകാരസ് ഒരു കിരീടം നിലനിർത്തുന്നത്, മാഡ്രിഡ് മാസ്റ്റേഴ്സ് കിരീടം നിലനിർത്തുക ആവും താരത്തിന്റെ അടുത്ത ലക്ഷ്യം.

ബാഴ്സലോണ ഓപ്പൺ, അൽകാറസ് – സിറ്റ്സിപാസ് ഫൈനൽ

ബാഴ്സലോണ ഓപ്പൺ ഫൈനലിൽ അൽകാറസ് സിറ്റ്സിപാസിനെ നേരിടും. ശനിയാഴ്ച നടന്ന സെമി പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാറസ് 6-2, 6-2 എന്ന സ്‌കോറിന് ഡാൻ ഇവാൻസിനെ തോൽപ്പിച്ച് ആണ് സ്‌റ്റെഫാനോസ് സിറ്റ്‌സിപാസുമായി ഫൈനൽ ഉറപ്പിച്ചത്. നേരത്തെ ഗ്രീക്ക് രണ്ടാം സീഡ് ലോറെൻസോ മുസെറ്റിയെ 6-4, 5-7, 6-3 ന് പരാജയപ്പെടുത്തി ആയിരുന്നു സിറ്റ്സിപാസ് ഫൈനലിൽ എത്തിയത്.

കഴിഞ്ഞ വർഷം ബാഴ്‌സലോണയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മൂന്ന് സെറ്റുകൾക്ക് അൽകാറസ് ജയിച്ചിരുന്നു. ഇതുവരെ ഇരുവരും മൂന്ന് തവണ നേർക്കുനേർ വന്നപ്പോഴും അൽകാറസ് ആണ് ജയിച്ചത്.

സിറ്റ്സിപാസിന് ഇത് ബാഴ്സലോണ ഓപ്പണിലെ മൂന്നാം ഫൈനൽ ആണ്. 2018ലും 2021ലും ഫൈനലിക് സിറ്റ്സിപാസ് റാഫേൽ നദാലിനോട് പരാജയപ്പെട്ടിരുന്നു.

സ്റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലേക്ക്

ലോക നാലാം നമ്പർ സ്റ്റെഫാനോസ് സിറ്റ്സിപാസ് 2023 ഓസ്‌ട്രേലിയൻ ഓപ്പണിന്റെ പുരുഷ സിംഗിൾസ് ഫൈനലിലേക്ക് മുന്നേറി. ഇന്ന് മൂന്നാം സീഡ് റഷ്യയുടെ കാരെൻ ഖച്ചനോവിനെ 7-6 (7-2), 6-4, 6-7 (6-8), 6-3ന് പരാജയപ്പെടുത്തിയാണ് സിറ്റ്സിപാസ് ഫൈനലിലേക്ക് എത്തിയത്.

2019, 2021, 2022 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പണിൽ സെമി ഫൈനലിൽ വീണ സിറ്റ്സിപാസിന്റെ കന്നി ഫൈനലാണ് ഇത്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കളിച്ചതിന് ശേഷം ഗ്രാൻഡ്സ്ലാമിലെ തന്റെ രണ്ടാമത്തെ ഫൈനൽ കൂടിയാകും സിറ്റ്സിപാസിന് ഇത്.

21 സിംഗിൾസ് കിരീടങ്ങൾ നേടിയ നൊവാക് ജോക്കോവിച്ചും യുഎസ്എയുടെ ടോമി പോളും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും സിറ്റ്സിപാസ് ഫൈനലിൽ നേരിടുക.

സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ

ലോക നാലാം റാങ്കുകാരനായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് 6-3, 7-6(2), 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ജിറി ലെഹെക്കയെ പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം വർഷവും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിലെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഇത് നാലാം തവണയാണ്. സിറ്റ്സിപാസ് സെമി ഫൈനലിൽ എത്തുന്നത് (2019, 2021, 2022, 2023). ടൂർണമെന്റിലുടനീളം സിറ്റ്‌സിപാസ് മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീക്ക് താരം ക്വാർട്ടർ ഫൈനലിലും അതാവർത്തിച്ചു. ഒരു ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആദ്യ ഗ്രീക്ക് കളിക്കാരനാകാൻ ലക്ഷ്യമിടുന്ന സിറ്റ്സിപാസ് വെള്ളിയാഴ്ച നടക്കുന്ന സെമിഫൈനലിൽ കാരെൻ ഖച്ചനോവിനെ നേരിടും.

എ.ടി.പി ഫൈനൽസിൽ സിറ്റിപാസിനെ വീഴ്ത്തി ജ്യോക്കോവിച്,റൂബ്ലേവിനു മുന്നിൽ മെദ്വദേവ് വീണു

എ.ടി.പി ഫൈനൽസിൽ റെഡ് ഗ്രൂപ്പിൽ രണ്ടാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ വീഴ്ത്തി ഏഴാം സീഡ് നൊവാക് ജ്യോക്കോവിച്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജ്യോക്കോവിച്ചിന്റെ ജയം. ആദ്യ സെറ്റിൽ മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത സിറ്റിപാസിനെ ബ്രേക്ക് ചെയ്ത ജ്യോക്കോവിച് സെറ്റ് 6-4 നു സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജ്യോക്കോവിച് ഗ്രൂപ്പിലെ തന്റെ ആദ്യ ജയം കുറിക്കുക ആയിരുന്നു.

അതേസമയം ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ നാലാം സീഡ് ഡാനിൽ മെദ്വദേവിനെ ആറാം സീഡ് ആന്ദ്ര റൂബ്ലേവ് മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു. രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ 6-76(9-7), 6-3, 7-6(9-7) എന്ന സ്കോറിന് ആയിരുന്നു റൂബ്ലേവിന്റെ ജയം. ആദ്യ സെറ്റിൽ 7 സെറ്റ് പോയിന്റുകൾ രക്ഷിച്ചു സെറ്റ് നേടിയ മെദ്വദേവിനു എതിരെ തിരിച്ചു വന്നാണ് റൂബ്ലേവ് ജയിച്ചത്. മത്സരത്തിൽ 24 ഏസുകൾ ആണ് മെദ്വദേവ് ഉതിർത്തത്. അതുഗ്രൻ മത്സരം ആണ് റഷ്യൻ താരങ്ങളിൽ നിന്നു ഉണ്ടായത്.

ജ്യോക്കോവിച്ച് ഇല്ലാത്ത യു.എസ് ഓപ്പൺ, യുവതലമുറയോട് പൊരുതാൻ റാഫേൽ നദാൽ | Report

യു.എസ് ഓപ്പൺ – ഡാനിൽ മെദ്വദേവ് ഒന്നാം സീഡ്, റാഫേൽ നദാൽ രണ്ടാം സീഡ്.

കൂടുതൽ ശക്തരായ യുവതലമുറയെ തോൽപ്പിച്ചു റാഫേൽ നദാൽ തന്റെ 23 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും അഞ്ചാം യു.എസ് ഓപ്പണും നേടുമോ എന്നത് തന്നെയാവും ഈ യു.എസ് ഓപ്പൺ ഉയർത്തുന്ന പ്രധാന ചോദ്യം. ഒരിക്കൽ കൂടി വാക്സിനേഷൻ എടുക്കില്ല എന്ന നിലപാട് നൊവാക് ജ്യോക്കോവിച്ചിന് വില്ലനായപ്പോൾ താരം ടൂർണമെന്റിൽ നിന്നു പിന്മാറി. അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി വാക്സിനേഷൻ എടുക്കാത്ത സെർബിയൻ താരത്തിന് നിഷേധിച്ച അധികൃതർ ടെന്നീസ് അധികൃതരുടെയും ആരാധകരുടെയും ആവശ്യത്തിന് ചെവി കൊടുത്തില്ല. ഹാർഡ് കോർട്ടിലെ ഏറ്റവും വലിയ ശക്തൻ ജ്യോക്കോവിച്ച് ഇല്ല എന്നത് തന്നെ നദാലിന് ആശ്വാസം പകരുന്ന വസ്തുതയാണ്.

യു.എസ് ഓപ്പൺ കിരീടം നേടാൻ ഏറ്റവും സാധ്യത ഉറപ്പായിട്ടും ഒന്നാം സീഡ്, നിലവിലെ ജേതാവ് ഡാനിൽ മെദ്വദേവിനു തന്നെയാണ്. റഷ്യൻ പതാകക്ക് കീഴിയിൽ ആയിരിക്കില്ല താരം കളിക്കുക എന്നു മാത്രം. ആദ്യ റൗണ്ടിൽ കോസ്ലോവ് ആണ് താരത്തിന്റെ എതിരാളി. നാലാം റൗണ്ടിൽ നിക് കിർഗിയോസ്, ക്വാർട്ടർ ഫൈനലിൽ നാട്ടുകാരൻ ആന്ദ്ര റൂബ്ലേവ്, ഫെലിക്‌സ് ആഗർ അലിയാസ്മെ എന്നിവർ ആവും സെമി വരെ മെദ്വദേവിനു വലിയ വെല്ലുവിളി ആവാൻ സാധ്യതയുള്ള എതിരാളികൾ. സെമിയിൽ സിൻസിനാറ്റി സെമിയിൽ തന്നെ തോൽപ്പിച്ച സ്റ്റെഫനോസ് സിറ്റിപാസ് ആയേക്കും മെദ്വദേവിന്റെ എതിരാളി. ഫൈനലിൽ നദാൽ, അൽകാരസ് എന്നിവരിൽ ഒരാൾക്ക് തന്നെയാണ് കൂടുതൽ സാധ്യത. അമേരിക്കയിൽ കിരീടം നിലനിർത്താൻ എതിരാളികൾക്ക് ഒപ്പം കാണികളെയും ഒരിക്കൽ കൂടി മെദ്വദേവ് മറികടക്കേണ്ടത് ഉണ്ട്.

നാലു തവണ ജേതാവ് ആയ നദാൽ ന്യൂയോർക്കിൽ രണ്ടാം സീഡ് ആണ്. വിംബിൾഡൺ സെമി കളിക്കാതെ പരിക്കേറ്റു പിന്മാറിയ നദാൽ തിരിച്ചു വരവിൽ സിൻസിനാറ്റിയിൽ ആദ്യ റൗണ്ടിൽ ചോരിചിനോട് തോറ്റു പുറത്ത് പോയിരുന്നു. ആദ്യ റൗണ്ടിൽ യോഗ്യത മത്സരം ജയിച്ചു വരുന്ന ഹിജിക്കാതയെ നേരിടുന്ന നദാലിന് നാലാം റൗണ്ടിൽ ഷ്വാർട്സ്മാൻ ക്വാർട്ടർ ഫൈനലിൽ റൂബ്ലേവ് എന്നിവർ മികച്ച വെല്ലുവിളി നൽകും. ഫൈനലിൽ എത്താൻ കാർലോസ് അൽകാരസ്, യാനിക് സിന്നർ എന്നീ യുവതാരങ്ങൾ എന്ന വലിയ വെല്ലുവിളിയും നദാലിന് ഉണ്ട്. ഫൈനലിൽ 2019 ലെ എതിരാളി മെദ്വദേവ്, സിറ്റിപാസ് എന്നിവരിൽ ഒരാൾ എതിരാളി ആയി വരാൻ തന്നെയാണ് കൂടുതൽ സാധ്യത. ശാരീരിക ക്ഷമത നദാൽ എത്രത്തോളം കൈവരിക്കും എന്നത് തന്നെയായിരിക്കും താരത്തിന്റെ വിധി എഴുതുന്ന പ്രധാന ഘടകം.

മൂന്നാം സീഡ് ആണ് യുവ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ ന്യൂയോർക്കിൽ. ആദ്യ മത്സരത്തിൽ ബേസിനെ നേരിടുന്ന അൽകാരസിന് കടുത്ത പോരാട്ടം ആണ് മുന്നിലുള്ളത്. മൂന്നാം റൗണ്ടിൽ സിൻസിനാറ്റി ജേതാവ് ആയ ബോർണ ചോറിച്, നാലാം റൗണ്ടിൽ മാരിൻ ചിലിച്, ക്വാർട്ടർ ഫൈനലിൽ വിംബിൾഡണിൽ തനിക്ക് വില്ലൻ ആയ യാനിക് സിന്നർ എന്നിവർ ആയിരിക്കും അൽകാരസിനെ കാത്തിരിക്കുന്ന എതിരാളികൾ. നാലാം സീഡ് ആയ സ്റ്റെഫനോസ് സിറ്റിപാസ് ആദ്യ റൗണ്ടിൽ യോഗ്യത നേടി വരുന്ന താരത്തെയാണ് നേരിടുക. മുൻ സെമിഫൈനലിസ്റ്റ് മറ്റെയോ ബരെറ്റിനിയെ നാലാം റൗണ്ടിൽ നേരിടേണ്ടി വന്നേക്കാം എന്നത് ഗ്രീക്ക് താരത്തിന് വലിയ വെല്ലുവിളിയാണ്. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് കാസ്പർ റൂഡ്, സെമിയിൽ ഒന്നാം സീഡ് മെദ്വദേവ്, ഫൈനലിൽ രണ്ടാം സീഡ് നദാൽ, മൂന്നാം സീഡ് അൽകാരസ് ഇങ്ങനെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്താൻ സിറ്റിപാസ് വലിയ വെല്ലുവിളി ആണ് അതിജീവിക്കേണ്ടത്.

പരിക്കിൽ നിന്നു മോചിതനായി എത്തുന്ന 2020 ലെ ചാമ്പ്യൻ ഡൊമനിക് തീം വൈൽഡ് കാർഡ് ആയി ടൂർണമെന്റ് കളിക്കും. ആദ്യ മത്സരത്തിൽ പന്ത്രണ്ടാം സീഡ് പാബ്ലോ കരെനോ ബുസ്റ്റയാണ് തീമിന്റെ എതിരാളി. ആന്റി മറെ, മുൻ ജേതാവ് സ്റ്റാൻ വാവറിങ്ക എന്നിവരും ടൂർണമെന്റിന് ഉണ്ട്. 25 സീഡ് ആയ സിൻസിനാറ്റി ജേതാവ് ബോർണ ചോറിച്ചിന് ആ മികവ് യു.എസ് ഓപ്പണിൽ തുടരാൻ ആവുമോ എന്നു കണ്ടറിയണം. 2020 ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം ആദ്യമായി സീഡ് ചെയ്യപ്പെട്ട നിക് കിർഗിയോസിന്റെ പ്രകടനം ആണ് ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രകടനം. 23 സീഡ് ആയ കിർഗിയോസ് നല്ല ഫോമിലും ആണ്. വിംബിൾഡൺ ഫൈനലിൽ എത്തിയ മികവ് താരം ആവർത്തിച്ചാൽ അത് ആരാധകർക്ക് വലിയ വിരുന്നു തന്നെയാവും സമ്മാനിക്കുക.

Story Highlight : US Open men’s draw and preview.

Exit mobile version