സിന്നർ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി

റോഡ് ലാവർ അരീനയിൽ നടന്ന ഫൈനലിൽ അലക്സാണ്ടർ സ്വെരേവിനെ തോൽപ്പിച്ച സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കി. 6-3, 7-6(4), 6-3 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സിന്നറിന്റെ വിജയം.

മത്സരത്തിലുടനീളം ഇറ്റാലിയൻ താരം ആധിപത്യം പുലർത്തി. രണ്ടാം സെറ്റിൽ മാത്രമാണ് സിന്നർ ചെറിയ വെല്ലുവിളി നേരിട്ടത്. മെൽബണിൽ സിന്നറിന്റെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കിരീടം ആണിത്‌.

സിനിയാക്കോവ – ടൗൺസെൻഡ് സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ചാമ്പ്യൻസ്

റോഡ് ലാവർ അരീനയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ടോപ് സീഡുകളായ കാറ്റെറിന സിനിയാക്കോവയും ടെയ്‌ലർ ടൗൺസെൻഡും ഓസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസ് കിരീടം സ്വന്തമാക്കി. ജെലീന ഒസ്റ്റാപെങ്കോയെയും ഹ്‌സിയെ സു-വെയ്‌യെയും 6-2, 6-7(4), 6-3 എന്ന സ്‌കോറിനാണ് അവർ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ വർഷത്തെ വിംബിൾഡൺ വിജയത്തിന് ശേഷം, സിനിയാക്കോവയും ടൗൺസെൻഡും ജോഡിയായി നേടുന്ന രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കിരീടമാണിത്. ഡബിൾസിൽ ലോക ഒന്നാം നമ്പർ താരമായ സിനിയാക്കോവയ്ക്ക്, ഇത് അവരുടെ പത്താമത്തെ പ്രധാന കിരീടമാണ്.

സബലെങ്കയ്ക്ക് ത്രീ പീറ്റ് ഇല്ല!! മാഡിസൺ കീസ് ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കി

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ മാഡിസൺ കീസ് കിരീടം സ്വന്തമാക്കി. ത്രീ പീറ്റ് സ്വന്തമാക്കാൻ ഇറങ്ങിയ സബലെങ്കയെ 6-3, 2-6, 7-5 എന്ന സ്കോറിനാണ് കീസ് തോൽപ്പിച്ചത്. കീസിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്.

ആവേശകരമായ പോരാട്ടം ആണ് ഇന്ന് മാഡിസൺ കീസ് കാഴ്ചവെച്ചത്. ഇഗ സ്വിറ്റെകിനെ സെമിയിൽ തോൽപ്പിച്ച് എത്തിയ കീസ് ആദ്യ സെറ്റിൽ സബലെങ്കയെ ഞെട്ടിച്ചു. 6-3ന് അനായാസം സെറ്റ് സ്വന്തമാക്കി. എന്നാൽ തന്റെ താളം കണ്ടെത്തിയ സബലെങ്ക രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചു വന്നു. 6-2ന് സെറ്റ് സ്വന്തമാക്കി കളി ആവേശകരമായ മൂന്നാം സെറ്റിലേക്ക് എത്തിച്ചു.

മൂന്നാം സെറ്റിൽ രണ്ട് താരങ്ങളും ആദ്യ 11 ഗെയിമുകളും സെർവ് ബ്രേക്ക് ചെയ്യപ്പെടാതെ കൊണ്ടു പോയി. സ്കോർ 6-5. അവസാനം സബലെങ്കയുടെ സെർവ് ബ്രേക്ക് ചെയ്ത് 7-5ന് ഗെയിം സ്വന്തമാക്കി മാഡിസൺ കീസ് കിരീടത്തിൽ മുത്തമിട്ടു.

സിന്നർ വീണ്ടും ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

ലോക ഒന്നാം നമ്പർ താരം യാന്നിക് സിന്നർ തുടർച്ചയായ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി. ബെൻ ഷെൽട്ടനെ 7-6 (7-2), 6-2, 6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം ഫൈനലിൽ പ്രവേശിച്ചത്. റോഡ് ലേവർ അരീനയിൽ നടന്ന സെമി ഫൈനൽ രണ്ട് മണിക്കൂറും 36 മിനിറ്റും നീണ്ടുനിന്നു. ഫൈനലിൽ സിന്നർ ലോക രണ്ടാം നമ്പർ താരം അലക്സാണ്ടർ സ്വെരേവിനെ നേരിടും.

മെൽബൺ പാർക്കിൽ തുടർച്ചയായി സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ പുരുഷനായും 1994-95 ൽ പീറ്റ് സാംപ്രസിനുശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും സിന്നർ ഇന്ന് ചരിത്രം സൃഷ്ടിച്ചു.

ഓസ്‌ട്രേലിയൻ ഓപ്പൺ; മിക്‌സഡ് ഡബിൾസ് കിരീടം ഗാഡെക്കിയും പിയേഴ്‌സും സ്വന്തമാക്കി

2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ ഓസ്‌ട്രേലിയൻ ജോഡികളായ ഒലിവിയ ഗാഡെക്കിയും ജോൺ പിയേഴ്സും ചാമ്പ്യന്മാരായി. സഹ ഓസ്‌ട്രേലിയൻ താരങ്ങളായ കിംബർലി ബിറെലിനെയും ജോൺ-പാട്രിക് സ്മിത്തിനെയും 3-6, 6-4, 10-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് വിജയികളായത്‌.

ഈ വിജയത്തോടെ ഓപ്പൺ യുഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ മിക്‌സഡ് ഡബിൾസ് കിരീടം നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയൻ ജോഡിയായി അവർ മാറി. ഗാഡെക്കിയുടെ കന്നി ഗ്രാൻഡ്സ്ലാം മിക്സഡ് ഡബിൾസ് കിരീടമാണിത്, എന്നാൽ 2022 ലെ യുഎസ് ഓപ്പൺ നേടിയ പിയേഴ്സ് തന്റെ ശേഖരത്തിലേക്ക് ഒരു പുതിയ കിരീടം കൂടി ചേർത്തു.

പരിക്ക് വിനയായി!! ജോക്കോവിച്ച് പിന്മാറി, സ്വെരേവ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ നിന്ന് ജോക്കോവിച്ച് പിന്മാറി. അലക്സാണ്ടർ സ്വെരേവിനെതിരായ സെമിഫൈനൽ പോരാട്ടത്തിനിടെ പരിക്ക് കാരണം ജോക്കോവിച് റിട്ടയർ ചെയ്യുക ആയിരുന്നു. ഇതോടെ 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പണിലെ നൊവാക് ജോക്കോവിച്ചിന്റെ യാത്ര അവസാനിച്ചു. ആദ്യ സെറ്റ് 7-6 ന് തോറ്റതിന് പിന്നാലെ ആയിരുന്നു പിന്മാറ്റം.

ഇതോടെ, സ്വെരേവ് ഫൈനലിലേക്ക് മുന്നേറി. ബെൻ ഷെൽട്ടണും യാന്നിക് സിന്നറും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെ ആകും ഫൈനലിൽ അദ്ദേഹം ഇനി നേരിടുക. ഫൈനൽ ഞായറാഴ്ചയാണ് നടക്കുക നടക്കുകയുണ്ടായി.

ഇഗ സ്വിറ്റെക്കിനെ മറികടന്ന് മാഡിസൺ കീസ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ .

ലോക രണ്ടാം നമ്പർ താരം ഇഗ സ്വിറ്റെക്കിനെതിരെ ആവേശകരമായ വിജയം നേടി മാഡിസൺ കീസ് 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് പ്രവേശിച്ചു. റോഡ് ലേവർ അരീനയിൽ രണ്ട് മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്ന സെമിഫൈനൽ പോരാട്ടത്തിൽ 5-7, 6-1, 7-6 (10-8) എന്ന സ്കോറിന് ആണ് കീസ് വിജയിച്ചത്.

രണ്ട് കളിക്കാരുടെയും ഒന്നിലധികം സർവീസ് ബ്രേക്കുകൾ ഉണ്ടായിരുന്നിട്ടും ആദ്യ സെറ്റ് 7-5 ന് നേടി സ്വിയാറ്റെക് ശക്തമായി തുടങ്ങി. എന്നിരുന്നാലും, രണ്ടാം സെറ്റിൽ കീസ് ആധിപത്യം പുലർത്തി. 6-1 ന് ആണ് സെറ്റ് വിജയിച്ചത്.

ആവേശകരമായ അവസാന സെറ്റിൽ, സ്വിയാറ്റെക്കിന് ഒരു മാച്ച് പോയിന്റ് ലഭിച്ചെങ്കിലും അത് മുതലെടുക്കുന്നതിൽ പരാജയപ്പെട്ടു. ഒടുവിൽ 10-8 ന് ടൈ ബ്രേക്കറിൽ കീസ് വിജയിച്ചു.

ഫൈനലിൽ കീസ് ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ നേരിടും, നേരത്തെ പൗള ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സബലെങ്ക ഫൈനലിൽ എത്തിയത്.

ബഡോസയെ തോൽപ്പിച്ച് സബലെങ്ക തുടർച്ചയായ മൂന്നാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

ലോക ഒന്നാം നമ്പർ ബെലാറഷ്യൻ താരം സബലെങ്ക ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ഇന്ന് റോഡ് ലാവർ അരീനയിൽ 6-4, 6-2 എന്ന സ്കോറിന് ബഡോസയെ തോൽപ്പിച്ച് ആണ് സബലെങ്ക ഫൈനലിൽ എത്തിയത്. ഇഗ സ്വിയാറ്റെക്കിനെയോ അമേരിക്കയുടെ 19-ാം സീഡ് മാഡിസൺ കീസിനെയോ ആകും ഫൈനലിൽ സബലെങ്ക ഇനി നേരിടുക.

നിലവിലെ ചാമ്പ്യൻ അരിന സബലെങ്കയുടെ തുടർച്ചയായ മൂന്നാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ ആകും ഇത്. ഫൈനൽ ജയിച്ചാൽ ഈ നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ ഓപ്പണിൽ ത്രീപീറ്റ് അടിക്കുന്ന ആദ്യ താരമാകും സബലെഞ

1999-ൽ മാർട്ടിന ഹിംഗിസ് ആയിരുന്നു അവസാനമായി ഈ നേട്ടം കൈവരിച്ചത്. മാർഗരറ്റ് കോർട്ട്, ഇവോൺ ഗൂലാഗോംഗ്, സ്റ്റെഫി ഗ്രാഫ്, മോണിക്ക സെലസ് എന്നീ നാല് സ്ത്രീകൾ മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചത്.

സിന്നർ ഡി മിനോറിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ

ബുധനാഴ്ച റോഡ് ലാവർ അരീനയിൽ അലക്സ് ഡി മിനോറിനെ തോൽപ്പിച്ച് കൊണ്ട് സിന്നർ സെമി ഫൈനലിലേക്ക് മുന്നേറി. 6-3, 6-2, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻ ജാനിക് സിന്നർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.

നേരത്തെ ലോറെൻസോ സോനെഗോയെ പരാജയപ്പെടുത്തിയ അമേരിക്കൻ താരം ബെൻ ഷെൽട്ടൺ ആകും സെമിഫൈനൽ പോരാട്ടത്തിൽ സിന്നറിന്റെ എതിരാളി.

ഷെൽട്ടൺ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ

റോഡ് ലാവർ അരീനയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ലോറെൻസോ സോനെഗോയെ തോൽപ്പിച്ച് ഷെൽട്ടൺ സെമിയിലേക്ക് മുന്നേറി. 6-4, 7-5, 4-6, 7-6 (7/4) എന്ന സ്കോറിന് ആയിരുന്നു ജയം. ബെൻ ഷെൽട്ടന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ ആണിത്.

3 മണിക്കൂറും 50 മിനിറ്റും മത്സരം നീണ്ടു നിന്നു. ഇത് ഷെൽട്ടന്റെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം സെമിഫൈനലാണ്. മുമ്പ് 2023 ലെ യുഎസ് ഓപ്പൺ സെമിയിൽ എത്തിയിരുന്നു. അന്ന് നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടു. സെമിയിൽ ചാമ്പ്യൻ സിന്നറെയോ അലക്സ് ഡി മിനൗറിനെയോ നേരിടും.

അനായാസ വിജയവുമായി ഇഗ സ്വിറ്റെക് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് മുന്നേറി

റോഡ് ലാവർ അരീനയിൽ എമ്മ നവാരോയെ തോൽപ്പിച്ച് കൊണ്ട് ഇഗാ സ്വിറ്റെക് ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിലേക്ക് മുന്നേറി. 6-1, 6-2 എന്ന സ്കോറിന് ആയിരുന്നു ലോക രണ്ടാം നമ്പർ താരം ഇഗ സ്വിറ്റെകിന്റെ വിജയം. സെമിയിൽ, മാഡിസൺ കീസിനെ ആകും ഇഗ ഇനി നേരിടുക. മറ്റൊരു സെമിയിൽ ബഡോസയും സബലെങ്കയും ഏറ്റുമുട്ടും.

എലീന സ്വിറ്റോലിനയെ പരാജയപ്പെടുത്തി ആണ് കീസ് സെമിയിലേക്ക് മുന്നേറിയത്. ഒരു സെറ്റിന് പിറകിൽ നിന്ന ശേഷം 3-6, 6-3, 6-4 എന്ന സ്കോറിനായിരുന്നു വിജയം.

അൽകാരസിനെ തോൽപ്പിച്ച് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ

മൂന്നാം സീഡ് കാർലോസ് അൽകാരസിനെ തോൽപ്പിച്ച് ജോക്കോവിച് ഓസ്ട്രേലിയൻ ഓപ്പണിൽ സെമി ഫൈനലിലേക്ക് മുന്നേറി. 4-6, 6-4, 6-3, 6-4 എന്ന സ്‌കോറിന് ആണ് ജോക്കോവിച് അൽകാരസിനെ തോൽപ്പിച്ചത്‌. ജോക്കോവിചിന്റെ 50-ാം ഗ്രാൻഡ് സ്ലാം സെമിഫൈനൽ ആണിത്.

ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും, 24 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ജോക്കോവിച് ശക്തമായി തിരിച്ചുവന്നു. 3 മണിക്കൂറും 37 മിനിറ്റും ക്വാർട്ടർ ഫൈനൽ പോരാട്ടം നീണ്ടു നിന്നു. സെമിഫൈനലിൽ ജോക്കോവിച് അലക്സാണ്ടർ സ്വെരേവിനെ നേരിടും.

Exit mobile version